images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.2
മൊസ്സ്യു മിറിയേൽ മൊസ്സ്യു വെൽക്കമായിത്തീരുന്നത്

ഡി.യിലെ മെത്രാന്നുള്ള അരമന ആസ്പത്രിയുടെ അടുത്താണ്.

ആ അരമന 1712-ൽ ഡി.യിലെ മെത്രാനായിരുന്ന ആങ്റിപ്യൂഷേ–പാരീസ്സിലെ വിദ്വൽസമാജത്തിൽ അധ്യാത്മവിദ്യാപണ്ഡിതൻ–കഴിഞ്ഞ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു കല്ലുകൊണ്ടുണ്ടാക്കിച്ച കൗതുകകരമായ ഒരു വലിയ ഭവനമാണ്. ഈ കൊട്ടാരം കാഴ്ചയിൽത്തന്നെ അധികാരവലുപ്പമുള്ള പ്രമാണികൾക്കു താമസിക്കാൻ പറ്റിയ ഒരു സ്ഥലമായിരുന്നു. മെത്രാന്നുള്ള സ്വന്തം അകങ്ങൾ, ഇരിപ്പുമുറികൾ, അന്തരാളങ്ങൾ, വളരെ വലുപ്പമുള്ള പ്രധാനമുറ്റം, അതിനു ചുറ്റും പഴയ ഫ്ലോറൻസ് രാജ്യപരിഷ്കാരമനുസരിച്ചുള്ള സ്തംഭത്തോരണങ്ങളുടെ ചുവട്ടിലൂടെ നീണ്ടുകിടക്കുന്ന വഴികൾ, പടർന്നുപിടിച്ച കൂറ്റൻമരങ്ങളാൽ നിറയപ്പെട്ട തോട്ടങ്ങൾ–ഇങ്ങനെ അതിനെസ്സംബന്ധിച്ചുള്ള ഏതു ഭാഗത്തിനുമുണ്ടായിരുന്നു ഒരു സവിശേഷ പ്രൗഢി. ചുവട്ടിലെ നിലയിൽ തോട്ടത്തിലേക്കഭിമുഖമായി, വളരെ നീണ്ട് അന്തസ്സിയന്ന ഭക്ഷണമുറിയിൽവെച്ചു മൊസ്സ്യു ആങ്റി പ്യൂഷേ 1714 ജൂലായ് 29-ാം നു പ്രധാനമെത്രാനായ ഷാർൾ ബ്രുലാർ ദ് ഷാങ്ലി; ദാബ്രൂങ്ങിലെ രാജകുമാരൻ; ഗ്രാസ്സിലെ മെത്രാനായ ആൻത്വാങ്ങ് ദ് മേഗ്രിനി; ഫ്രാൻസിലെ സന്ന്യാസിമഠാധിപമുഖ്യൻ; ലെറിങ്ങിലുള്ള സാങ്തോണോറെ പള്ളിയിലെ സഭാധിപതിയായ ഫിലിപ്പ് ദ് വൊങ്തോം; വാങ്സിയിലെ പ്രഭുവും മെത്രാനുമായ ഫ്രാൻസ്വാദ് ബെർത്തോങ്ങ് ദ് ക്രിയ്യോങ്ങ്; ഗ്ലാന്ദെവിലെ പ്രഭുവും മെത്രാനുമായ സേസർ ദ് സബ്രാങ്ങ് ദ് ഫോർക്കൽ ക്വിയേ; സെനെയിലെ പ്രഭുവും ഈശ്വരവന്ദനസ്ഥലത്തിലെ പുരോഹിതനും, രാജാവിനു പതിവുകാരനായ മതാചാര്യനും മെത്രാനുമായ ഴാങ്ങ് സോണാങ്ങ് എന്നീ ഉയർന്ന സ്ഥാനികൾക്കെല്ലാം അതാത് പദവിവലുപ്പത്തോടുകൂടെ ഒരു വലിയ വിരുന്നുസൽക്കാരം കഴിക്കയുണ്ടായി. ഈ ഏഴു വന്ദ്യ പുരുഷന്മാരുടെയും ഛായാപടങ്ങളാൽ ആ സ്ഥലം സവിശേഷമായി അലങ്കരിക്കപ്പെടുന്നു. എന്നല്ല, 1714 ജൂലായി 29-ാംനു യാകുന്ന ആ സ്മരണീയദിവസത്തെ അവിടെയുള്ള ഒരു വെളുത്ത വെണ്ണക്കൽമേശമേൽ തങ്കലിപികളെക്കൊണ്ട് കൊത്തിയിട്ടുമുണ്ട്.

ആസ്പത്രി ഉയരം കുറഞ്ഞ് ഇടുങ്ങിയ ഒരു ചെറിയ എടുപ്പാണ്; അതിന്നടുക്കെയായി ഒരു ചെറിയ തോട്ടമുണ്ട്.

വന്നതിന്റെ മൂന്നാംദിവസം മെത്രാൻ ആസ്പത്രി സന്ദർശിച്ചു. അവിടെനിന്നു പോരുമ്പോൾ അദ്ദേഹം അതിന്റെ ഡയറക്ടരോട് തന്റെ വാസസ്ഥലത്തു വന്നു കാണുന്നതിനു സൗകര്യപ്പെടുത്തിയാൽ കൊള്ളാമെന്നപേക്ഷിച്ചു.

അദ്ദേഹം ഡയറക്ടരോട് ചോദിച്ചു: ‘മൊസ്സ്യു ഡയറക്ടർ, അവിടെ നിങ്ങൾക്ക് ഇപ്പോൾ എത്ര ദീനക്കാരുണ്ട്, ആകെ?’

‘ഇരുപത്താറ്, മോൺസിന്യേർ.’

‘അതുതന്നെയാണ് ഞാൻ എണ്ണിയത്,’ മെത്രാൻ പറഞ്ഞു.

‘കിടയ്ക്കകളെല്ലാം,’ ഡയറക്ടർ തുടർന്നു പറഞ്ഞു, ‘തമ്മിൽ വല്ലാതെ കൂടിയിരിക്കുന്നു.’

‘അതുതന്നെയാണ് ഞാൻ നോക്കിയത്.’

‘തളങ്ങളെല്ലാം വെറും മുറികൾപോലെയേ ഉള്ളൂ; കാറ്റിന്നു ഗതാഗതം ചെയ്വാൻ നന്നേ ഞെരുക്കം.’

‘എനിക്കും തോന്നി അത്.’

‘പിന്നെ വെയിലിന്റെ നാളം കാണുമ്പോൾ. ദീനം മാറിയവർക്കു തോട്ടത്തിൽ ചെന്നിരിക്കുവാനാണെങ്കിൽ, അതു വളരെ ചെറിയത്.’

‘അതുതന്നെയാണ് ഞാൻ വിചാരിച്ചത്.’

‘പകർച്ചവ്യാധി നടപ്പുള്ള കാലങ്ങളിൽ – ഈ കൊല്ലം ഇവിടെ പകർച്ചപ്പനിപിടിച്ചു; രണ്ടുകൊല്ലം മുൻപ് സ്വേദജ്വരം വന്നു; ഓരോരിക്കലും നൂറുനൂറു ദീനക്കാരുണ്ടായിരുന്നു – എന്തു ചെയ്യണമെന്ന് ഞങ്ങൾക്കു നിശ്ചയമില്ല.’

‘അതാണ് ഞാനാലോചിച്ചത്.’

‘മോൺസിന്യേർ, എന്തുകാട്ടണമെന്നു പറയൂ.’ ഡയറക്ടർ പറഞ്ഞു, ’അങ്ങോട്ടു കഴിച്ചുകൂട്ടണം.’

ഈ സംസാരം ചുവട്ടിലെ നിലയിലുള്ള മുറിയിൽവെച്ചാണുണ്ടായത്.

മെത്രാൻ ഒരു നിമിഷനേരത്തേക്ക് ഒന്നും മിണ്ടിയില്ല; പെട്ടെന്ന് അദ്ദേഹം ഡയറക്ടറുടെ നേരെ നോക്കി. അദ്ദേഹം ചോദിച്ചു: ‘മൊസ്സ്യു, ഈ സ്ഥലത്ത് എത്ര പേരെകിടത്തണമെന്നു നിങ്ങൾ വിചാരിക്കുന്നു?’

‘ഇവിടത്തെ ഭക്ഷണമുറിയിലോ?’ ആ അമ്പരന്നുപോയ ഡയറക്ടർ കുറച്ചുറക്കെ ചോദിച്ചു.

മെത്രാൻ ആ അകം മുഴുവനും ഒന്നു നോക്കിക്കണ്ടു; അദ്ദേഹം കണ്ണുകൊണ്ട് അളക്കുകയും കണക്കുനോക്കുകയും ചെയ്യുന്നതായി തോന്നി. ‘ആകെ ഇതിൽ ഇരുപതു കിടയ്ക്കയിടാം.’ തന്നോടുതന്നെ എന്നപോലെ അദ്ദേഹം പറഞ്ഞു. ഉടനെ കുറച്ചുറക്കെ: ‘മൊസ്സ്യു ഡയറക്ടർ, ഞാൻ നിങ്ങളോടൊന്നു. പ്രത്യക്ഷത്തിൽത്തന്നെ ഇതിൽ എന്തോ ഒരബദ്ധമുണ്ട്. നിങ്ങൾ ആകെ മുപ്പത്താറുപേരുണ്ട്, അഞ്ചോ ആറോ ചെറിയ മുറികളിൽ. ഞങ്ങൾ ഇവിടെ മൂന്നുപേരേ ഉള്ളൂ; അറുപതുപേർക്കുള്ള സ്ഥലമുണ്ട്. ഞാൻ പറയുന്നു, ഇതിൽ എന്തോ ഒരു തെറ്റുണ്ട്. നിങ്ങൾക്കുള്ളത് എന്റെ വീടാണ്; എന്റെ വീടു് നിങ്ങളുടേതും. എന്റെ വീടു് എനിക്കുതിരിച്ചുതന്നേക്കു; നിങ്ങൾക്ക് ഇവിടെ താമസിക്കാം.’

പിറ്റേദിവസം മുപ്പത്താറു രോഗികൾ മെത്രാന്റെ അരമനയിൽ കിടപ്പാക്കി; മെത്രാൻ ആസ്പത്രിയിലും താമസമായി.

കുടുംബം മുഴുവനും ഭരണപരിവർത്തനകാലത്തു നശിച്ചുപോയതുകൊണ്ടു മൊസ്സ്യു മിറിയേലിനു സ്വത്തൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരിക്കു കൊല്ലത്തിൽ അഞ്ഞൂറു ഫ്രാങ്ക് വരവുണ്ട്; അതുകൊണ്ട് ആ സ്ത്രീയുടെ ചെലവ് കഴിഞ്ഞുകൂടിയിരുന്നു. മൊസ്സ്യു മിറിയേലിനു മെത്രാന്റെ നിലയിൽ പതിനയ്യായിരം ഫ്രാങ്ക് കൊല്ലത്തിൽ ശമ്പളം വരും. ആസ്പത്രിയിൽ താമസമാക്കിയ ദിവസംതന്നെ, മൊസ്സ്യു മിറിയേൽ ആ സംഖ്യയ്ക്കു മുഴുവൻ എന്നന്നേക്കുമായുള്ള ഒരു ചെലവുപട്ടിക തയ്യാറാക്കി. അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതിവെച്ച ആ കുറിപ്പ് ഞങ്ങൾ ഇവിടെ പകർത്തുന്നു.

എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥക്കുറിപ്പ്:

  1. പള്ളിവക ചെറിയ വിദ്യാലയത്തിലേക്ക്: 1500 ഫ്രാങ്ക്
  2. മിഷ്യനറി സംഘത്തിലേക്ക്: 100 ഫ്രാങ്ക്
  3. മോങ്ദിദിയെയിലെ ലാസറിസ്റ്റ് സംഘത്തിലേക്ക്: 100 ഫ്രാങ്ക്
  4. പാരീസ്സറിലെ വിദേശീയമിഷ്യൻവക സ്ഥാപനങ്ങളിലേക്ക്: 200 ഫ്രാങ്ക്
  5. ‘പരിശുദ്ധാത്മാ’ സഭയിലേക്ക്: 180 ഫ്രാങ്ക്
  6. പാലസ്തീനിലെ മതസംബന്ധികളായ സ്ഥാപനങ്ങളിലേക്ക്: 100 ഫ്രാങ്ക്
  7. ധർമപ്രസവാസ്പത്രി സംഘത്തിലേക്ക്: 300 ഫ്രാങ്ക്
  8. ആർളിലേതിനു പുറംചെലവ്: 50 ഫ്രാങ്ക്
  9. ജെയിലിൽ കിടക്കുന്ന കടക്കാരുടെ സുഖത്തിനും അവരെ വിടുവിക്കുന്നതിനും: 500 ഫ്രാങ്ക്
  10. കടംമൂലം ജെയിലിൽക്കിടക്കുന്ന കുടുംബങ്ങളുടെ പിതാക്കന്മാരെ വിടുവിക്കുവാൻ: 1000 ഫ്രാങ്ക്
  11. ഇടവകയിൽപ്പെട്ട സാധുക്കളായ അധ്യാപകന്മാർക്കു ശമ്പളത്തിനു പുറമെ കൊടുപ്പാൻ: 2000 ഫ്രാങ്ക്
  12. മേലേ ആൽപ്സിലുള്ള പൊതുജനങ്ങളുടെ ധനശേഖരത്തിലേക്ക്: 1000 ഫ്രാങ്ക്
  13. സാധുക്കളായ പെൺകുട്ടികളെ ധർമമായി പഠിപ്പിക്കാൻ ഡി.യിലും മനോസ്കിലും സിസ്തറോണിലുമുള്ള മാന്യസ്ത്രീസംഘത്തിലേക്ക്: 1000 ഫ്രാങ്ക്
  14. സാധുക്കൾക്ക്: 6000 ഫ്രാങ്ക്
  15. എന്റെ സ്വന്തം ചെലവിന്: 1000 ഫ്രാങ്ക്
  16. ആകെ: 15000 ഫ്രാങ്ക്

ഡി. യിലെ മെത്രാനായിരുന്ന കാലത്തൊന്നും മൊസ്സ്യു മിറിയേൽ ഈ കണക്കിനു ഭേദം വരുത്തിയിട്ടില്ല. ഈ കുറിപ്പിനു മുകളിൽക്കണ്ടപോലെ, അദ്ദേഹം ഇതിന് എന്റെ കുടുംബച്ചെലവുകളുടെ വ്യവസ്ഥ എന്നു നാമകരണം ചെയ്തു.

ഈ നിശ്ചയം മദാംവ്വസേല്ല് ബപ്തിസ്തീൻ ഏറ്റവും താഴ്മയോടുകൂടി സമ്മതിച്ചു. ആ പുണ്യവതി ഡി. യിലെ മെത്രാനെ, ഒരേസമയത്തു, തന്റെ സഹോദരനായും, മെത്രാനായും കരുതിപ്പോന്നു – ദേഹത്തെസ്സംബന്ധിച്ചേടത്തോളം തന്റെ സുഹൃത്ത്; പള്ളിയെ സംബന്ധിച്ചേടത്തോളം തന്റെ ഗുരു. അദ്ദേഹത്തെ അവൾ സ്നേഹിക്കുകയും പൂജിക്കുകയും മാത്രം ചെയ്തുപോന്നു, അദ്ദേഹം എന്തുപറഞ്ഞാലും അവൾ അതു സവിനയം സമ്മതിക്കും; അദ്ദേഹം എന്തു പ്രവർത്തിച്ചാലും അവൾ അതിനു യോജിക്കും. അവരുടെ രണ്ടുപേരുടേയും ഏകഭൃത്യ, മദാം മഗ്ല്വാർ. അല്പമൊന്നു പിറുപിറുത്തു നോക്കാറുണ്ട്. മെത്രാനവർകൾ തന്റെ സ്വന്തം ചെലവിന് ആയിരം ഫ്രാങ്കാണു് നീക്കിവെച്ചിട്ടുള്ളതെന്ന് ഓർമിക്കണം. അതു മദാവ്വസേല്ല്

ബപ്തിസ്തീന്നു കൊല്ലത്തിലുള്ള വരവും കൂടിയാൽ ആകെ ആയിരത്തഞ്ഞൂറു ഫ്രാങ്കായി; ഈ ആയിരത്തഞ്ഞൂറു ഫ്രാങ്കുകൊണ്ട് ആ രണ്ടു വൃദ്ധകളും ആ വൃദ്ധനും ദിവസം കഴിച്ചു.

എന്നല്ല, ഗ്രാമത്തിലെ ഒരു മതാചാര്യൻ വന്നാൽ അയാളെ സൽക്കരിക്കലും മെത്രാൻ ഇതുകൊണ്ട് കഴിച്ചിരുന്നു – മദാം മഗ്ല്വാരുടെ പിശുക്കിപ്പിടിച്ച ചെലവിടലിനും ഗൃഹഭരണത്തിൽ മദാംവ്വസേല്ല് ബപ്തിസ്തീന്റെ ബുദ്ധിപൂർവമായ മേൽനോട്ടത്തിനും നാം നന്ദിപറയുക.

ഡി.യിൽ വന്നിട്ട് ഏകദേശം മൂന്നുമാസം കഴിഞ്ഞ് ഒരു ദിവസം മെത്രാൻ പറഞ്ഞു: ‘ഇപ്പോൾ എല്ലാംകൂടി എനിക്ക് ബഹു ഇടക്കെട്ട്!’

‘എനിക്കും തോന്നുന്നുണ്ട്!” മദാം മഗ്ല്വാർ കുറച്ചുറക്കെ പറഞ്ഞു, ‘പട്ടണത്തിലുള്ള വണ്ടിക്കൂലിക്കും പുറംപ്രദേശങ്ങളിലേക്കുള്ള വഴിച്ചെലവിനും ആവശ്യമായ ബത്ത ഭരണാധികാരത്തിൽനിന്നു തരാൻ ബാധ്യതയുള്ളതുകൂടി ഇവിടന്നു ചോദിച്ചിട്ടില്ല. മുമ്പുള്ള കാലത്തെല്ലാം മെത്രാന്മാർ അതു ചെയ്ക പതിവുണ്ട്.

‘നില്ക്കൂ!’ മെത്രാൻ ഉച്ചത്തിൽ പറഞ്ഞു. ‘മദാം മഗ്ല്വാർ, നിങ്ങൾ പറയുന്നതു വളരെ ശരിയാണ്.’

അതുപ്രകാരം അദ്ദേഹം ആവശ്യപ്പെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ ആ കാര്യം പൊതുസഭയിൽ ആലോചനയ്ക്കെത്തി; താഴെക്കാണുന്ന തലവാചകത്തിൽ, കൊല്ലത്തിൽ മുവ്വായിരം ഫ്രാങ്ക് അനുവദിക്കപ്പെട്ടതായ ഒരു കല്പന അദ്ദേഹത്തിന്നു കിട്ടി – വണ്ടിച്ചെലവിനും തപാൽച്ചെലവിനും നാട്ടുപുറത്തേക്കുള്ള യാത്രാച്ചെലവിനുംകൂടി മെത്രാനവർകൾക്കു ബത്ത.

ഈ സംഗതി നാട്ടുപ്രമാണികളുടെ ഇടയിൽ ഒരു വലിയ നിലവിളി ഉണ്ടാക്കിത്തീർത്തു. പണ്ട് ജനപ്രതിനിധിഭരണത്തെ പിൻതാങ്ങിയ ആ ‘അഞ്ഞൂറ്റുവർക്കൂട്ട’ത്തിൽ പെട്ടിരുന്നാലും ഇപ്പോൾ ഡി. പട്ടണത്തിനടുത്തു ഗംഭീരമായ ഒരാപ്പീസ് കൈവശം വെച്ചുവരുന്ന ദേഹവുമായ സാമ്രാജ്യത്തിലെ ഒരു പ്രധാനാലോചനസഭാംഗം, ഈശ്വരാരാധന വകുപ്പിന്റെ മേലധ്യക്ഷനായ മൊസ്സ്യു ബീഗോദ് പ്രിയാമെന്യുവിനു ഗൂഢമായി വല്ലാതെ ശുണ്ഠിപിടിച്ച ഒരു കത്തെഴുതി; അതിൽനിന്നു വിശ്വാസയോഗ്യമായ ഈ ഭാഗം ഞങ്ങൾ എടുത്തുകാണിക്കാം:

‘വണ്ടിക്കുള്ള ചെലവോ? നാലായിരത്തിൽത്താഴെ ആളുകൾ താമസിച്ചുവരുന്ന ഒരു ചെറുപട്ടണത്തിൽ അതുകൊണ്ട് എന്തു ചെയ്വാൻ പോകുന്നു? യാത്രച്ചെലവോ? ഒന്നാമത് ഈവക യാത്രകൾകൊണ്ടുള്ള ആവശ്യമെന്താണ്? പിന്നെ, ഈ മലംപ്രദേശങ്ങളിൽ എങ്ങനെ യാത്ര ചെയ്യും? നിരത്തുകളില്ല. കുതിരപ്പുറത്തല്ലാതെ ഇവിടെ ആരും സഞ്ചരിക്കുക പതിവില്ല. ദ്യൂറാൻസിനും ഷാത്തോ ആർനൂവിനും മധ്യത്തിലുള്ള പാലത്തിനുകൂടി ഒരേറുകാളയെ താങ്ങാൻ വയ്യ. ഈ മതാചാര്യന്മാർ മുഴുവനും ഇങ്ങനെ ദുരപിടിച്ചവരും കൊതിയന്മാരുമാണ്. ഈ മനുഷ്യൻ ആദ്യം വന്നപ്പോൾ ഒരു കൊള്ളാവുന്ന മതാചാര്യന്റെ മട്ടൊക്കെ നടിച്ചു. ഇപ്പോൾ അയാളും മറ്റുള്ളവരുടെ കൂട്ടത്തിലായി. അയാൾക്കു സവാരിവണ്ടി വേണം; അയാൾക്കും പണ്ടത്തെ മെത്രാന്മാരെപ്പോലെ ധാടികളൊക്കെ വേണം; ഹാ! ഈ മതാചാര്യന്മാരെക്കൊണ്ടുള്ള കുഴക്ക്! ഇതൊന്നും നേരെയാവില്ല; ഞാൻ പറയുന്നു, ഈ കരിന്തൊപ്പിയിട്ട പമ്പരക്കള്ളന്മാരെ നമ്മുടെ ഇടയിൽനിന്നു ചക്രവർത്തിതന്നെ ആട്ടിപ്പുറത്താക്കിത്തരുന്നതുവരെ, ഒരുകാലത്തും നേരെയാവില്ല, കടന്നുപോട്ടെ പോപ്പി! (റോമിലെ സ്ഥിതി കുറേ കുഴപ്പത്തിലാവാൻ തുടങ്ങിയിരിക്കുന്നു.) എന്റെ കാര്യം പറകയാണെങ്കിൽ, എനിക്ക് ചക്രവർത്തി മാത്രമേ വേണ്ടൂ…’

നേരേമറിച്ച്, ഈ കാര്യം മദാം മഗ്ല്വാറെ ഒട്ടു രസിപ്പിച്ചു. ‘നല്ലത്,’ അവൾ മദാംവ്വസേല്ല് ബപ്തിസ്തീനോട് പറഞ്ഞു, ‘അവിടുന്ന് ആദ്യം മറ്റുള്ളവരുടെ കാര്യം തുടങ്ങിവെച്ചു; അതൊക്കെക്കഴിഞ്ഞു. സ്വന്തംകാര്യത്തിന്മേൽത്തന്നെ പിടിച്ചു. അദ്ദേഹം തന്റെ ധർമച്ചെലവുകൾക്കൊക്കെ തോതിട്ടുകഴിഞ്ഞു. ഇപ്പോൾ നമുക്ക് മുവ്വായിരം ഫ്രാങ്ക് കൈയിൽകിട്ടി! ഒടുക്കം!’

അന്ന് വൈകുന്നേരംതന്നെ മെത്രാൻ തന്റെ സഹോദരിയുടെ കൈയിൽ ഇങ്ങനെ ഒരു സവിശേഷക്കുറിപ്പ് എഴുതിക്കൊടുത്തു:

സവാരിവണ്ടിക്കും യാത്രയ്ക്കുംകൂടി ചെലവ്

  1. ആസ്പത്രിയിലുള്ള രോഗികൾക്ക് മാംസസൂപ്പിന്ന്: 1500 ഫ്രാങ്ക്
  2. ഐയിയിലെ ധർമപ്രസവാസ്പത്രിയോഗത്തിലേക്ക്: 250 ഫ്രാങ്ക്
  3. ദ്രാഗ്വീങ്യാങ്ങിലെ ധർമപ്രസവാസ്പത്രിയോഗത്തിലേക്ക്: 250ഫ്രാങ്ക്
  4. കണ്ടുകിട്ടിയ അനാഥക്കുട്ടികൾക്ക്: 500 ഫ്രാങ്ക്
  5. അച്ഛനമ്മമാരില്ലാത്ത സാധുക്കുട്ടികൾക്ക്: 500 ഫ്രാങ്ക്
  6. ആകെ: 3000 ഫ്രാങ്ക്

ഇങ്ങനെയായിരുന്നു മൊസ്സ്യു മിറിയേലിന്റെ ഒരു കൊല്ലത്തെ വരവുചെലവു കണക്ക്.

സഭാധ്യക്ഷ സ്ഥാനത്തേക്കുണ്ടാകുന്ന യാദൃച്ഛികമായ പുറംവരവ്, വിവാഹ പ്രായശ്ചിത്തങ്ങൾ, ധർമവ്യവസ്ഥകൾ, ഗൂഢമായുള്ള സ്നാനസംസ്കാരങ്ങൾ, മതപ്രസംഗങ്ങൾ മുതലായവയുടെ പീസ്സ് – ഇതെല്ലാം താൻ സാധുക്കൾക്ക് പങ്കിട്ടു കൊടുത്തിരുന്നതുകൊണ്ടു, മെത്രാൻ ധനവാന്മാരുടെ പക്കൽനിന്ന് ഒട്ടും ദയവില്ലാതെ പിശകി മേടിച്ചിരുന്നു.

കുറച്ചുകഴിഞ്ഞപ്പോഴെയ്ക്ക് ധർമവിഷയത്തിലേക്കുള്ള വഴിപാടുപണം മീതെയ്ക്കുമീതെ വന്നു ചാടുകയായി. പണമുള്ളവരും പണമില്ലാത്തവരും മൊസ്സ്യുമിറിയേലിന്റെ വാതില്ക്കലുണ്ടു – ഇല്ലാത്തവർ ധർമം കിട്ടുന്നതിന്; ഉള്ളവർ അതു വന്നേൽപിക്കുന്നതിന്ന്. കഷ്ടിച്ച് ഒരു കൊല്ലക്കാലംകൊണ്ട് എല്ലാ പൊതുജനോപകാരികളുടെ പണപ്പെട്ടിയും, കഷ്ടത്തിൽപ്പെട്ട സകലരുടേയും പണസ്സഞ്ചിയും, മെത്രാനാണെന്നുവന്നു. അനവധി പണം അദ്ദേഹത്തിന്റെ ഉള്ളംകൈകളിൽ വന്നു, പോയി; പക്ഷേ, എന്തായിട്ടും, അദ്ദേഹത്തിന്റെ ജീവിതരീതിക്കു വല്ലമാറ്റവും വരുകയോ, അത്യാവശ്യം നിത്യവൃത്തിക്കു വേണ്ടതല്ലാതെ അദ്ദേഹത്തിന്ന് ഒരു പൈപോലും ചെലവുകൂടുകയോ ഉണ്ടായില്ല.

എന്നല്ല, നേരേമറിച്ചാണ്; മേല്പോട്ടു നോക്കുമ്പോൾ കാണുന്ന സഹോദരത്വത്തേക്കാൾ കീഴ്പോട്ടു നോക്കിയാൽ കാണുന്ന കഷ്ടപ്പാടുകൾ എപ്പോഴും അധികമായതുകൊണ്ട് കിട്ടുന്നതിന്നു മുൻപുതന്നെ, എന്നു പറയട്ടെ. അദ്ദേഹം സകലവും ചെലവിട്ടുവന്നു. വരണ്ട ഭൂമിയിലെ വെള്ളംപോലെ, എത്ര പണമെങ്കിലും കിട്ടിക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ കൈയിലൊന്നുമില്ല. ഉടനെത്തന്നെ അദ്ദേഹം കൈ കമിഴ്ത്തും.

മെത്രാന്മാരുടെ കല്പനകളിലും, ഇടവകപ്പട്ടക്കാർക്കയയ്ക്കുന്ന കത്തുകളിലും അവരവരുടെ സ്ഥാനമാനങ്ങൾ കാണിക്കുന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടു, നാട്ടുപുറത്തുള്ള പാവങ്ങൾ, സ്വന്തം പേർ, വംശത്തിന്റെ പേർ. അച്ഛന്റെ പേർ എന്നിങ്ങനെ തങ്ങളുടെ മെത്രാന്നുള്ള പേരുകളുടെ കൂട്ടത്തിൽനിന്നു.

സ്നേഹജന്യമായ ഒരു ബുദ്ധിവിശേഷത്താൽ, തങ്ങൾക്കർഥം തോന്നുന്ന ഒരുപേർ തിരഞ്ഞെടുത്തു; അവർ അദ്ദേഹത്തെ മൊസ്സ്യു ബിയാങ് വെന്യു (വെല്ക്കം = സ്വാഗതം) എന്നല്ലാതെ ഒരിക്കലും വിളിച്ചിരുന്നില്ല. ഞങ്ങളും അവരെ പിന്തുടരാൻ വിചാരിക്കുന്നു; അദ്ദേഹത്തെ പേരു വിളിക്കേണ്ടിവരുമ്പോഴെല്ലാം ഞങ്ങളും ആ പേർതന്നെ ഉപയോഗിക്കും. വിശേഷിച്ച്, ഈ പേർ വിളിക്കുന്നത് അദ്ദേഹത്തിന്നിഷ്ടവുമായിരുന്നു.

‘എനിക്ക് ഈ പേർ ഇഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു. ‘മോൺസിന്യേർ എന്നു വിളിക്കുന്നതുകൊണ്ടുള്ള ദോഷം ബിയാങ് വെന്യു എന്നതുകൊണ്ട് തീർന്നു പോവുന്നു.’

ഞങ്ങൾ ഈ എഴുത്തുകാണിക്കുന്ന ഛായാപടം സംഭാവ്യമാണെന്നു ഞങ്ങൾ അവകാശം പറയുന്നില്ല; ഇത് ആരുടേയാണോ ആ ആളുടെ ഛായ ഇതിന്നു നല്ല പോലെ പതിഞ്ഞിട്ടുണ്ടെന്നുമാത്രം ഞങ്ങൾ പറയുന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.