images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.4
വാക്കുകൾക്കു യോജിച്ച പ്രവൃത്തികൾ

അദ്ദേഹത്തിന്റെ സംഭാഷണം ഇണക്കത്തോടുകൂടിയതും നേരം പോക്കുള്ളതുമായിരുന്നു. തന്നേയും അദ്ദേഹം വളരെക്കാലമായി ഒരുമിച്ചു താമസിക്കുന്ന ആ രണ്ടു വൃദ്ധ സ്ത്രീകളുടെ കൂട്ടത്തിലാക്കിയിരിക്കുന്നു. അദ്ദേഹം ചിരിക്കുമ്പോൾ ഒരു സ്കൂൾകുട്ടിയുടെ ചിരിയാണെന്നു തോന്നും. മദാം മഗ്ല്വാർ അദ്ദേഹത്തെ മഹാത്മാവെന്നാണ് വിളിക്കാറ്. ഒരു ദിവസം തന്റെ ചാരുകസാലയിൽനിന്നെണീറ്റ് ഒരു പുസ്തകമെടുക്കാൻ അദ്ദേഹം വായനശാലയിലേക്കു പോയി. അത് ഒരു മുകൾത്തട്ടിലായിരുന്നു. മെത്രാൻ ഏതാണ്ട് ഉയരം കുറഞ്ഞാളായതുകൊണ്ട്, അതെടുക്കാൻ കഴിഞ്ഞില്ല. ‘മദാം മഗ്ല്വാർ,’ അദ്ദേഹം പറഞ്ഞു. ‘ഒരു കസാല ഇങ്ങോട്ടെടുക്കൂ. എന്റെ മഹാത്മത ആ പുസ്തകത്തട്ടിലോളം എത്തുന്നില്ല.’

അദ്ദേഹത്തിന്റെ ഒരകന്ന ചാർച്ചക്കാരിയായ ലാ കോംതെസ്സ്’ [7] ദ് ലോ തന്റെ മൂന്നാൺമക്കൾക്കു വരാനിരിക്കുന്ന ഭാഗ്യത്തെപ്പറ്റി അദ്ദേഹത്തിന്റെ മുൻപിൽവെച്ചു സൗകര്യം കിട്ടുമ്പോഴെല്ലാം ഒന്നു കണക്കിട്ടു നോക്കാതെ വിടാറില്ല. ആ കോംതെസ്സിനു പലരും ചർച്ചക്കാരുണ്ട്; എല്ലാവരും വളരെ വയസ്സായി, ഏതാണ്ടു മരിക്കാനടുത്തിരിക്കുന്നു. അവർക്കെല്ലാവർക്കും ന്യായപ്രകാരമുള്ള അവകാശികളാണ് ലാ കോംതെറെ മൂന്നു മക്കൾ. ആ മൂന്നാൺമക്കളിൽ ഒടുവിലത്തെ ആൾക്ക് ഒരു മൂത്തമ്മായിയുടെ വക ഒരു ലക്ഷം ഫ്രാങ്കു് വരവുള്ള സ്വത്തു കിട്ടാനുണ്ട്; നടുവിലത്തെ മകൻ, അയാളുടെ അമ്മാമന്റെ മരണാനന്തരം ഒരു ഡ്യൂക്കാവാൻ നില്ക്കുകയാണ് [8] എല്ലാറ്റിലുംവെച്ചു മൂത്ത മകൻ അയാളുടെ മുത്തച്ഛന്നുള്ള പ്രഭുപട്ടത്തിന് ഉറ്റവകാശിയത്രേ. അമ്മമാർക്കു സാധാരണമായി പറയാനുള്ള നിർദ്ദോഷങ്ങളും ക്ഷന്തവ്യങ്ങളുമായ ഈ മേനിവാക്കുകളെല്ലാം മെത്രാൻ മിണ്ടാതിരുന്നു കേൾക്കയാണ് പതിവ്. ഒരു ദിവസം അദ്ദേഹം എന്തോ എന്നറിഞ്ഞില്ല, പതിവിലധികം വിചാരമഗ്നനായി കാണപ്പെട്ടു. ലാ കോംതെസ്സ് ഈവക അവകാശങ്ങളെപ്പറ്റിയും ഭാവിഭാഗ്യങ്ങളെപ്പറ്റിയും ഒരിക്കൽക്കൂടി വിസ്തരിക്കുകയായിരുന്നു. പെട്ടെന്ന് അക്ഷമയോടുകൂടി ആ സ്ത്രീ ചോദിച്ചു: ‘ഈശ്വരാ, എന്താ നിങ്ങൾ ഇങ്ങനെയിരുന്നാലോചിക്കുന്നത്?’

‘ഞാൻ ആലോചിക്കുകയാണ്.’ മെത്രാൻ പറഞ്ഞു. ‘വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഈ വാചകം’ എത്ര അർഥവത്ത്- ‘നിങ്ങൾക്ക് അവകാശംവഴിക്കു യാതൊന്നും കിട്ടാനില്ലാത്തത് ആരിൽനിന്നോ അയാളിൽ നിങ്ങളുടെ ആഗ്രഹങ്ങളെയെല്ലാം സമർപ്പിക്കുക.’

മറ്റൊരിക്കൽ നാട്ടുപുറത്തുള്ള ഒരു മാന്യൻ മരിച്ചിട്ടുള്ള അറിയിപ്പു വന്നു; അതിൽ ആ മരിച്ചാളുടെ പദവി വലുപ്പങ്ങളെ മാത്രമല്ല, അയാൾക്കുള്ള ചാർച്ചക്കാരുടെ സ്ഥാനമാനങ്ങളേയും ഗുണവിശേഷങ്ങളെയും കൂടി ഒരു ഭാഗം നിറയെ വിവരിച്ചിരുന്നു. അതു കണ്ട് അദ്ദേഹം പറഞ്ഞു: ‘എത്ര കരുത്തുള്ള ഒരു മുതുകാണ് മരണത്തിന്റേത്. അത് അസാധാരണമായ എന്തൊരു സ്ഥാനമാനച്ചുമടിനെ തൃണപ്രായം കടന്നേറ്റിക്കളഞ്ഞു; എന്നല്ല, ശവക്കല്ലറയെക്കൂടി ദുരഭിമാനത്തിന്റെ ചൊല്പടിയിൽ കൊണ്ടുനിർത്തണമെങ്കിൽ മനുഷ്യർക്ക് എത്ര മനോധർമം വേണം!’

സന്ദർഭംപോലെ ആളുകളെ പതുക്കെ കളിയാക്കുന്നതിന്നും അദ്ദേഹത്തിനു സവിശേഷമായ സാമർഥ്യമുണ്ട്. അതിലെല്ലാം മിക്കപ്പോഴും ഒരു ഗൗരവപ്പെട്ട അർഥം ഒളിച്ചുകിടക്കുന്നുണ്ടാവും; ഒരു നോൽമ്പുകാലത്തു ചെറുപ്പക്കാരനായ ഒരുപബോധകൻ ഡി.യിൽ വന്നു വലിയ പള്ളിയിൽവെച്ചു പ്രസംഗിച്ചു. അയാൾ ഒരുമാതിരി വാഗ്മിയാണ്. അയാളുടെ മതപ്രസംഗത്തിന്റെ വിഷയം ധർമശീലമായിരുന്നു. നരകം കൂടാതെ കഴിക്കുന്നതിനും–അതയാൾ കഴിയുന്നതും ഭയങ്കരമാക്കി വർണിച്ചു –സ്വർഗം സമ്പാദിക്കുന്നതിനുമായി–അതയാൾ അത്രമേൽ ചന്തമുള്ളതും കൊതി തോന്നിക്കുന്നതുമാക്കി കാണിച്ചു–സാധുക്കൾക്ക് ‘ധർമം’ കൊടുക്കണമെന്ന് അയാൾ ധനവാൻമാരോടു നിർബന്ധിച്ചു. അന്നത്തെ ശ്രോതാക്കളുടെ കൂട്ടത്തിൽ മൊസ്ത്യു ഗെബൊറാങ് എന്നു പേരായി, തൽക്കാലം കച്ചവടം അവസാനിപ്പിച്ചാളും ഏതാണ്ട് അതിപലിശക്കാരനുമായ ഒരു ധനികനുണ്ടായിരുന്നു; പരുക്കൻതുണിയും ചകലാസ്സും രോമംകൊണ്ടുള്ള നാടകളും ഉണ്ടാക്കി വിറ്റ് ഏകദേശം ഇരുപതു ലക്ഷത്തോളം അയാൾ സമ്പാദിച്ചിട്ടുണ്ട്. പാവമായ ഏതൊരു യാചകന്നും മൊസ്സ്യു ഗെബൊറാങ് ജീവകാലത്തിനുള്ളിൽ ഒരു കാശു കൊടുത്തിട്ടില്ല. ആ മതപ്രസംഗം കഴിഞ്ഞതിനുശേഷം അയാൾ ഞായറാഴ്ചതോറുംവലിയ പള്ളിയിലെ ഗോപുരത്തിൽവെച്ച് സാധുക്കളും വൃദ്ധകളുമായ യാചക സ്ത്രീകൾക്ക് ഓരോ സൂനാണ്യം [9] കൊടുക്കുന്നതായി കണ്ടുതുടങ്ങി. അതു മേടിക്കാൻ ആറുപേരുണ്ടായിരുന്നു. ഒരു ദിവസം അയാൾ ധർമം ചെയ്യുന്നതു മെത്രാൻ കണ്ടുമുട്ടി. അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി സഹോദരിയോടു പറഞ്ഞും: ‘അതാ. മൊസ്സ്യുഗെബൊറാങ് ഓരോ സുനാണ്യത്തിനുള്ള സ്വർഗം മേടിക്കുന്നു.’

ധർമം ആവശ്യപ്പെടുമ്പോൾ, ഇല്ലെന്നു കേട്ടാൽക്കൂടി അദ്ദേഹം കൂസാറില്ല; അങ്ങനെയുള്ള സന്ദർഭങ്ങളിൽ അദ്ദേഹം ആളുകളെ ഇരുത്തിയാലോചിപ്പിക്കുന്ന സമാധാനം പറയും. ഒരു ദിവസം പട്ടണത്തിലെ ഒരിരിപ്പുമുറിയിൽവെച്ച് അദ്ദേഹം പാവങ്ങൾക്കു കൊടുപ്പാൻ പണം യാചിക്കുകയായിരുന്നു. ആ കൂട്ടത്തിൽ ധനവാനും പിശുക്കനുമായ മാർക്കി [10] ദ് ഷാംപ്തെർസിയെ എന്ന ഒരു വയസ്സനുമുണ്ട്. അയാൾക്ക് ഒരേസമയത്ത് എണ്ണംപറഞ്ഞ രാജ്യഭക്തനും എണ്ണംപറഞ്ഞ രാജ്യദ്രോഹിയുമാവാൻ കഴിയും. അത്തരത്തിലുള്ള മനുഷ്യരും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. മെത്രാൻ അയാളുടെ അടുത്തെത്തിയപ്പോൾ കൈയിന്മേൽ തൊട്ടുപറഞ്ഞു, മൊസ്സ്യു മാർക്കി, നിങ്ങൾ എന്തെങ്കിലും എനിക്കു തരണം.’ മാർക്കി അങ്ങോട്ടു തിരിഞ്ഞു നീരസത്തിൽ പറഞ്ഞു, ‘എനിക്കുമുണ്ട് എന്റെ സ്വന്തമായി ചില സാധുക്കൾ. മോൺസിന്യേർ.’

‘അവരെ എനിക്കു തന്നേക്കു,’ മെത്രാൻ മറുപടി പറഞ്ഞു.

ഒരു ദിവസം അദ്ദേഹം വലിയ പള്ളിയിൽവെച്ച് ഇങ്ങനെ ഒരു മതപ്രസംഗം ചെയ്തു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരേ, നല്ലവരായ എന്റെ സുഹൃജ്ജനങ്ങളേ, ഫ്രാൻസുരാജ്യത്തു പുറത്തേക്കു മുമ്മൂന്നു പഴുതുകൾ മാത്രമുള്ള പതിമൂന്നുലക്ഷത്തിരുപതിനായിരം കൃഷീവലഗൃഹങ്ങളുണ്ട്; ഒരു വാതിലും ഒരു കിളിവാതിലുമായി രണ്ടു പഴുതുകൾ മാത്രമുള്ള പതിനെട്ടു ലക്ഷത്തിപ്പതിനേഴായിരം ചെറ്റക്കുടികളുണ്ട്; ഇവയ്ക്കു പുറമേ, വാതിൽ എന്ന ഒരേ ഒരു പഴുതുമാത്രമുള്ള മൂന്നുലക്ഷത്തി നാല്പത്താറായിരം വഞ്ചിക്കൂടുകളുണ്ട്. വയസ്സായ തള്ളമാരും ചെറിയ കുട്ടികളുമുള്ള സാധുകുടുംബങ്ങളെ ഈവക സ്ഥലങ്ങളിൽ ഒന്നു പിടിച്ചിടുക; പനികളും പകർച്ചരോഗങ്ങളും വന്നുകൂടുന്നതു കാണാം. കഷ്ടം! ഈശ്വരൻ മനുഷ്യർക്കായി ശുദ്ധവായു തരുന്നു; നിയമം അതിനെ അവർക്കു വിലയ്ക്കുവില്ക്കുന്നു. ഞാൻ നിയമത്തെ ദുഷിക്കുകയല്ല; ഈശ്വരനെ സ്തുതിക്കുകയാണ്. ഇസിയേറിലും വാറിലും ആൽപ്സ് പർവതത്തിന്റെ താഴെ, മീതെ എന്ന രണ്ടു ഭാഗങ്ങളിലുമുള്ള പാവങ്ങളായ കൃഷിക്കാർക്ക് ഒറ്റച്ചക്രക്കൈവണ്ടികൾ കൂടി ഇല്ല; അവർ നിലത്തിലേക്കുള്ള വളം മനുഷ്യരുടെ മുതുകത്തേറ്റിക്കൊണ്ടു പോകുന്നു; അവർക്കു മെഴുതിരിയില്ല; അവർ കുറയുള്ള മരക്കൊള്ളികളും കീലിൽ മുക്കിയ കയറ്റുകഷ്ണങ്ങളും കത്തിക്കുന്നു, ദോഫിനെയിലെ കുന്നിൻപുറങ്ങളിൽ ഏതിടത്തുമുള്ള സ്ഥിതി ഇതാണ്. അവർ ആറുമാസത്തേക്കുള്ള അപ്പം ഒരിക്കൽ ചുട്ടുവെക്കുന്നു; ചാണകവരടികൊണ്ടാണ് അവരതു വേവിച്ചെടുക്കുന്നത്. മഴക്കാലങ്ങളിൽ അവർ അപ്പം മഴുകൊണ്ടു മുറിക്കുന്നു. എന്നിട്ടു തിന്നാവുന്നവിധം പതംവന്നുകിട്ടുവാൻ ഇരുപത്തിനാലു മണിക്കുറുനേരം അതു വെള്ളത്തിലിടുന്നു. എന്റെ സഹോദരന്മാരേ, നിങ്ങൾ ദയ വിചാരിക്കുവിൻ! നിങ്ങളുടെ നാലുഭാഗത്തും കഴിയുന്ന കഷ്ടപ്പാടുകൾ വിചാരിച്ചു നോക്കുവിൻ!

അദ്ദേഹം അതാതുദിക്കിൽ നടപ്പുള്ള ഭാഷകളെല്ലാം എളുപ്പത്തിൽ മനസ്സിലാക്കി. ഇതുകാരണം, ആളുകൾക്കെല്ലാം അദ്ദേഹത്തിന്റെ മേൽ അത്യന്തം സന്തോഷം തോന്നി. എല്ലാവരോടും അടുത്തു പെരുമാറുവാൻ ഇതദ്ദേഹത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. പുൽമേഞ്ഞ കുടിലുകളും മലംപ്രദേശങ്ങളും എല്ലാം അദ്ദേഹത്തിനു വീടുപോലെയാണ്. ഏറ്റവും ആഭാസമായ ഭാഷാശൈലിയിൽ ഏറ്റവും ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങൾ പറഞ്ഞുകൊടുക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. എല്ലാ ഭാഷയിലും സംസാരിക്കാമായിരുന്നതുകൊണ്ട്, എല്ലാവരുടെ മനസ്സിലും അദ്ദേഹത്തിനു ചെല്ലാൻ കഴിഞ്ഞു.

എന്നല്ല, പരിഷ്കൃതർക്കും താഴ്‌ന്നവർഗക്കാർക്കും അദ്ദേഹം ഒരുതരത്തിലായിരുന്നു. ഒന്നിനേയും അദ്ദേഹം വേഗത്തിൽ–അതായത് അതിനെസ്സംബന്ധിച്ചുള്ള എല്ലാ വിവരവും മനസ്സിലാക്കാതെ–കടന്നു കുറ്റപ്പെടുത്തുകയില്ല. അദ്ദേഹം പറയും, ‘തെറ്റുകൾ നടന്നുപോയ വഴി പരീക്ഷിക്കണം.’

ഒരു പുഞ്ചിരിയോടുകൂടി താൻതന്നെ പറയാറുള്ളതുപോലെ, അദ്ദേഹം ഒരു രാജിവെച്ച പാപിയായതുകൊണ്ടു, തപോനിഷ്ഠയ്ക്ക് കാണാറുള്ള ചീറ്റലുകളൊന്നും അദ്ദേഹത്തിന്നില്ലായിരുന്നു. എല്ലാം ധാരാളം വ്യക്തതയോടുകൂടിയും, സദ്വൃത്തന്മാരുടെ ആ ഒരു ഭയങ്കരമായ കണ്ണുരുട്ടലില്ലാതെയും അദ്ദേഹം പറയാറുള്ള ഒരു തത്ത്വസിദ്ധാന്തത്തിന്റെ ചുരുക്കം ഇതാണ്:

‘മനുഷ്യന് അവന്റെ മേൽ അവന്റെ ദേഹവുമുണ്ട്. അത് അവന്നുള്ള ഭാരവും അവന്റെ പ്രലോഭനസാധനവുമാണ്. അതിനെ അവൻ കൂടെ വലിച്ചുകൊണ്ടുപോകുന്നു; അതിന്റെ ആവശ്യങ്ങൾക്ക് അവൻ വഴങ്ങിക്കൊടുക്കുന്നു. അവന്ന് അതിനെ കാക്കണം; കീഴിൽ നിർത്തണം; ശിക്ഷിക്കണം; ഒടുവിലത്തെ കൈയായിമാത്രംം. അവന്നതിനെ അനുസരിക്കണം. ഈ അനുസരണത്തിൽക്കൂടിയും എന്തെങ്കിലും തെറ്റുണ്ടായിരിക്കാം; പക്ഷേ, ആ ചെയ്യപ്പെടുന്ന തെറ്റുക്ഷമിക്കത്തക്കതാണ്. അതൊരു വീഴ്ചതന്നെ; പക്ഷേ ആ വീഴ്ച കാൽമുട്ടിന്മേലത്രേ–അത് ഈശ്വര വന്ദനത്തിൽ ചെന്നവസാനിക്കാം.

‘ഒരു ഋഷിയാവുക എന്നത് വ്യത്യസ്തതയാണ്; ഒരു സത്യവാനാവുകയാണ് നിയമം. തെറ്റു പ്രവർത്തിക്കുക, അധഃപതിക്കുക, വേണമെങ്കിൽ പാപം ചെയ്യുക; പക്ഷേ, നിങ്ങൾ സത്യവാനായിരിക്കണം.’

‘കഴിയുന്നതും കുറച്ചു പാപം ചെയ്യുക–ഇതാണ് മനുഷ്യന്നുള്ള നിയമം. പാപം തന്നെ ചെയ്യില്ല എന്നുള്ളതു ദേവന്മാരുടെ മനോരാജ്യമാകുന്നു. ഭൗതികമായ സകലവും പാപത്തിന്നധീനമാണ്. പാപം എന്നത് ഒരു കേന്ദ്രാകർഷണമത്രേ.’

ഓരോരുത്തനും ഉറക്കെ കടന്നു സംസാരിച്ചു ലഹളയുണ്ടാക്കുകയും വേഗത്തിൽ ശുണ്ഠിയെടുത്തു കലശൽകൂട്ടുകയും ചെയ്യുന്നതുകണ്ടാൽ, ‘ഹോ! ഹോ!’ അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി പറയും; ’നോക്കുമ്പോൾ, ഇതാണ് ലോകം മുഴുവനും പ്രവർത്തിക്കുന്ന ഒരു വലിയ അപരാധം. ഇവയെല്ലാം പേടിച്ചു ഭ്രാന്തുപിടിച്ചുപോയ ഓരോ കള്ളനാട്യങ്ങളാണ്; വലിയ ബദ്ധപ്പാടോടുകൂടി എന്തോ ചിലതു പറഞ്ഞു നോക്കിക്കൊണ്ട് അവ കടന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു.’

മനുഷ്യസമുദായത്തിന്റെ എല്ലാ ചുമതലയും തങ്ങിനിൽക്കുന്ന സ്ത്രീകളിലും സാധുക്കളിലും അദ്ദേഹം ക്ഷമാശീലനാണ്. അദ്ദേഹം ഒരിക്കൽ പറഞ്ഞും: ‘സ്ത്രീകളുടേയും കുട്ടികളുടേയും ശക്തിയില്ലാത്തവരുടേയും ദരിദ്രരുടേയും അക്ഷരജ്ഞാനമില്ലാത്തവരുടേയും തെറ്റുകൾ വാസ്തവത്തിൽ, ഭർത്താക്കന്മാർക്കും അച്ഛന്മാർക്കും എജമാനന്മാർക്കും ശക്തന്മാർക്കും ധനവാന്മാർക്കും അറിവുള്ളവർക്കുമുള്ള തെറ്റുകളാണ്.’

പിന്നേയും അദ്ദേഹം പറഞ്ഞു: ‘അറിവില്ലാത്തവരെ കഴിയുന്നേടത്തോളം കാര്യങ്ങൾ ഗ്രഹിപ്പിക്കുക: പ്രതിഫലമില്ലാതെ പഠിപ്പിച്ചുകൊടുക്കാത്തതു സമുദായത്തിന്റെ പക്കൽ തെറ്റാണ്. അതുണ്ടാക്കിവെക്കുന്ന അന്ധകാരത്തിന് അതുതന്നെയാണ് ഉത്തരവാദി. ജീവാത്മാവു തികച്ചും നിഴലുകളാൽ നിറയപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അതു പാപം ചെയ്തുപോകുന്നു. പാപം ചെയ്തവനല്ല തെറ്റുകാരൻ; ആ നിഴലുണ്ടാക്കിയവനാണ്.’

അതാതു സംഗതികളെ പരീക്ഷണം ചെയ്തു തീർച്ചപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് ഒരു സവിശേഷസമ്പ്രദായം ഉള്ളതായിക്കാണാം; അദ്ദേഹം അതു വേദപുസ്തകത്തിൽനിന്നു മനസ്സിലാക്കിയതല്ലേ എന്നു ഞാൻ സംശയിക്കുന്നു.

തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു വിചാരണയ്ക്കു വരാനടുത്ത ഒരു ക്രിമിനൽക്കേസ്സിനെപ്പറ്റി ഒരു ദിവസം പട്ടണത്തിലെ ഒരിരിപ്പുമുറിയിൽവെച്ചു സംസാരിക്കുന്നത് അദ്ദേഹം കേട്ടു. ഒരു ഗതികെട്ട മനുഷ്യൻ, കഴിഞ്ഞുകൂടുവാൻ ഒരു മാർഗവുമില്ലെന്നായപ്പോൾ, ഒരു സ്ത്രീയുടെ മേലും അവളിൽ അയാൾക്കുണ്ടായിട്ടുള്ള ഒരു കുട്ടിയുടെ മേലുമുള്ള പ്രേമം കാരണം, കള്ളനാണ്യമുണ്ടാക്കാൻ ശ്രമിച്ചു. അക്കാലത്തും കള്ളനാണ്യമുണ്ടാക്കിയാലത്തെ ശിക്ഷ മരണമായിരുന്നു. അയാൾ ഉണ്ടാക്കിയ ഒന്നാമത്തെ നാണ്യം ചെലവാക്കാൻ നോക്കുന്നേടത്തുവെച്ച് ആ സ്ത്രീയെ പൊല്ലീസ്സുകാർ പിടികൂടി, അവൾ പിടിക്കപ്പെട്ടു. എന്നാൽ യാതൊരു തെളിവും അവളിൽനിന്നുണ്ടായില്ല. അവൾക്കു മാത്രമേ അവളുടെ കാമുകനെ കുറ്റപ്പെടുത്താൻ സാധിക്കൂ. അവളുടെ സമ്മതംകൊണ്ടു മാത്രമേ; അയാൾ കൊല്ലപ്പെടുകയുള്ളൂ. അവൾ അതു ചെയ്തില്ല; പൊല്ലീസ്സുകാർ നിർബന്ധിച്ചു. എന്തായിട്ടും അവൾ ഇല്ലെന്നു ശാഠ്യംപിടിച്ചുനിന്നു. അപ്പോൾ ഗവൺമെന്റുവക്കീലിന് ഒരു സൂത്രം തോന്നി. ആ കാമുകൻ അവളുടെ നേരേ എന്തോ വിശ്വാസപാതകം പ്രവർത്തിച്ചിട്ടുണ്ടെന്ന് അയാൾ ഒരു കഥ കെട്ടിയുണ്ടാക്കി. അങ്ങനെ ഉപായത്തിൽ ഉണ്ടാക്കിത്തീർത്ത ചില എഴുത്തുകളുടെ കഷ്ണം കാണിച്ചുകൊടുത്ത്, അവൾക്ക് ഒരെതിരാളിയുണ്ടെന്നും ആ കാമുകൻ അവളെ വഞ്ചിക്കുകയാണ് അതേവരെ ചെയ്തിരുന്നതെന്നും ആ സ്ത്രീയെ അയാൾ ഒരുവിധം ബോധപ്പെടുത്തി. ഉടനെ സാപത്ന്യംകൊണ്ടു ശുണ്ഠിയെടുത്ത് അവൾ തന്റെ കാമുകനെ കുറ്റപ്പെടുത്തി: വാസ്തവമെല്ലാം പുറത്താക്കി; സകലവും തെളിയിച്ചു കൊടുത്തു.

ആ മനുഷ്യൻ കുടുങ്ങി. അയാളുടേയും അയാളുടെ കൂട്ടുകാരിയുടേയും കാര്യം താമസിയാതെ വിചാരണയ്ക്കു വരും. അവിടെ കൂടിയിട്ടുള്ളവർ ഈ കഥ പറയുകയായിരുന്നു. ഓരോരുത്തനും ആ വക്കീലിന്റെ സാമർഥ്യം അഭിനന്ദിച്ചു. സപത്നീ മത്സരം ഉണ്ടാക്കിത്തീർത്ത്, അതുകൊണ്ടുണ്ടായ ദേഷ്യത്തിൽ വാസ്തവം പുറത്തു വരുത്തി, നീതിന്യായത്തെ അയാൾ രക്ഷിച്ചു. മെത്രാൻ ഈ സംസാരമെല്ലാം മിണ്ടാതിരുന്നു കേട്ടു. അവർ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം ചോദിച്ചു, ‘എവിടെയാണ് അയാളേയും ആ സ്ത്രീയേയും വിചാരണചെയ്യുന്നത്?’

‘സെഷ്യൻകോടതിയിൽ.’

അദ്ദേഹം തുടർന്നു പറഞ്ഞു: ‘ആട്ടെ; ആ ഗവർമെണ്ടുവക്കീലിനെയോ, എവിടെ വിചാരണചെയ്യും?’

ഡി.യിൽ ഒരു വ്യസനകരമായ സംഭവം നടന്നു. ഒരുത്തനെ കൊലപാതകക്കുറ്റത്തിനു മരണശിക്ഷയ്ക്കു വിധിച്ചു. അയാൾ ഒരു സാധുവാണ്; ശരിക്കു പഠിപ്പുള്ളവനല്ല, തീരെ പഠിപ്പില്ലാത്തവനുമല്ല; ചന്തസ്ഥലങ്ങളിൽ കോമാളിവേഷം കെട്ടുകയും, ഓരോ ചില്ലറപ്പുസ്തകങ്ങൾ എഴുതി വില്ക്കുകയുമാണ് പ്രവൃത്തി. അയാളുടെ കേസ്സുവിചാരണ രാജ്യത്തെല്ലാം വലിയ ഒച്ചപ്പാടുണ്ടാക്കി. ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണ്ട ദിവസം വൈകുന്നേരം ജയിലിലെ പതിവു മതപ്രബോധകൻ ദീനത്തിലായി. ആ കുറ്റക്കാരനെ തുക്കിക്കൊല്ലുന്നതിനു മുൻപ് അയാൾക്കു വേണ്ട ഉപദേശം കൊടുക്കാൻ ഒരു മതാചാര്യൻ വേണം.

സഭാബോധകനോടാവശ്യപ്പെട്ടു. അയാൾ ചെല്ലാൻ കൂട്ടാക്കിയില്ല. ഇങ്ങനെ മറുപടി പറഞ്ഞയച്ചു എന്നു തോന്നുന്നു; ‘എന്റെ പ്രവൃത്തി അതല്ല. ആ രസമില്ലാത്ത കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. ആ കോമാളിവേഷക്കാരനെ എനിക്കു കാണേണ്ടതില്ല; എനിക്കും നല്ല സുഖമില്ല; എന്നല്ല, അതെന്റെ പ്രവൃത്തിയല്ല.’ ഈ വിവരം മെത്രാന്നറിവു കൊടുത്തു. അദ്ദേഹം പറഞ്ഞു: സഭാബോധകനവർകൾ പറയുന്നതു ശരിയാണ്; അത് അദ്ദേഹത്തിന്റെ പ്രവൃത്തിയല്ല; എന്റെ പ്രവൃത്തിയാണ്.

ഉടനെ അദ്ദേഹം ജയിലിലേക്കു പോയി; ആ ‘കോമാളിവേഷക്കാരൻ’ ഇരിക്കുന്ന തുറുങ്കിലേക്കു കടന്നു; അയാളെ വിളിച്ചു; അയാളുടെ കൈ പിടിച്ചു; അയാളോടു സംസാരിച്ചു. അന്നത്തെ ദിവസം മുഴുവനും, ഊണും ഉറക്കവും മറന്നു് ആ ശിക്ഷിക്കപ്പെട്ടവന്റെ ആത്മാവിനുവേണ്ടി ഈശ്വരനോടു പ്രാർഥിച്ചുകൊണ്ടും, അദ്ദേഹം അവിടെ ഇരുന്നു. ഏറ്റവും വിലപ്പെട്ടവയും അതിനാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നവയുമായ തത്ത്വങ്ങൾ അദ്ദേഹം അയാൾക്കു പറഞ്ഞുകൊടുത്തു. അദ്ദേഹം ആ മനുഷ്യന്റെ അച്ഛനും സഹോദരനും സുഹൃത്തുമായി; അനുഗ്രഹിക്കാൻ വേണ്ടി മാത്രം മെത്രാനുമായി. അദ്ദേഹം അയാളെ സകലവും പഠിപ്പിച്ചു; അയാളെ ധൈര്യപ്പെടുത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു, അയാൾ നിരാശതകൊണ്ടു മരണത്തിന്റെ വക്കോളം എത്തിയിരുന്നു. മരണം എന്നത് അത്യഗാധമായ ഒരന്ധകാരകുണ്ഡമായി അയാൾക്കു തോന്നി. അതിന്റെ ദുഃഖകരമായ വക്കത്തു വിറച്ചുകൊണ്ടു ചെന്നുനിന്നപ്പോൾ അയാൾ ഭയപ്പെട്ടു പിൻവാങ്ങി. അതിനെ തീരെ അവഗണിക്കാതിരിക്കാൻ വേണ്ടിടത്തോളം അറിവില്ലായ്മ അയാൾക്കില്ല. അയാൾക്കുണ്ടായ മരണ ശിക്ഷാവിധി–അത് അയാൾക്കു സഹിക്കാൻ വയ്യായിരുന്നു–നാം ജീവിതമെന്നു വിളിക്കുന്ന ആ എന്തോ ചിലതുകൊണ്ടുള്ള ചുമരിന്മേൽ അവിടവിടെ ചില തുളകൾ തുളച്ചു. ആ അപകടം പിടിച്ച പഴുതുകളിലൂടേ അയാൾ പരലോകത്തേക്കു ഇടവിടാതെ സൂക്ഷിച്ചുനോക്കി; വെറും ഇരുട്ടുമാത്രമേ കണ്ടുള്ളു. മെത്രാൻ അയാൾക്കു വെളിച്ചം കാണിച്ചുകൊടുത്തു.

പിറ്റേ ദിവസം ആളുകൾ ആ ഭാഗ്യംകെട്ട മനുഷ്യനെ കൂട്ടിക്കൊണ്ടുപോവാൻ വന്നപ്പോഴും മെത്രാൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അയാളെ പിൻതുടർന്നു; ചങ്ങലകൊണ്ടു കെട്ടപ്പെട്ട ആ തടവുപുള്ളിയോടു തൊട്ടടുത്തു, തന്റെ നിലയങ്കിയോടും ചുമലിൽ സ്ഥാനചിഹ്നമായ കുരിശോടുംകൂടി അദ്ദേഹം അവിടെയുള്ള ആൾക്കൂട്ടത്തിൽ കാണപ്പെട്ടു.

അദ്ദേഹവും ആ കൊലപാതകിയുടെ കൂടെ കട്ടവണ്ടി കയറി; അവർ രണ്ടു പേരും ഒരുമിച്ചു ശിരച്ഛേദനയന്ത്രത്തിൽ കയറി. തലേ ദിവസം അത്രയും മുഖം കരിഞ്ഞും ഉശിരുകെട്ടുമിരുന്ന ആ പാവം അന്നു കാഴ്ചയിൽ സുപ്രസന്നനായിരുന്നു. തന്റെ ആത്മാവിന്നു മാപ്പുകിട്ടി എന്ന് അയാൾക്കു ബോധം വന്നു. അയാൾ എല്ലാ ആശകളും ഈശ്വരനിൽ സമർപ്പിച്ചു. മെത്രാൻ അയാളെ ആലിംഗനം ചെയ്തു; പിൻകഴുത്തിൽ കത്തി വീഴുന്ന സമയത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘മനുഷ്യൻ കൊല്ലുന്നതാരെയോ അവനെ ഈശ്വരൻ ജീവിപ്പിക്കുന്നു; സ്വന്തം സഹോദരന്മാർ ആരെ ഉപേക്ഷിക്കുന്നുവോ, അവൻ ഒരിക്കൽക്കൂടി തന്റെ അച്ഛനെ കാണുന്നു. ഈശ്വരനെ ധ്യാനിക്കുക; നിന്തിരുവടിയെ വിശ്വസിക്കുക; ജീവിതത്തിൽ പ്രവേശിക്കുക; അച്ഛൻ അവിടെയുണ്ട്.’ അദ്ദേഹം ആ വധസ്ഥലത്തുനിന്നു താഴെ ഇറങ്ങിയപ്പോൾ, കാണുന്നവർ ചൂളിക്കൊണ്ടു വഴി മാറത്തക്കവിധം, അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു ഭാവഭേദമുണ്ടായിരുന്നു. അതിലുള്ള നിറക്കുറവോ അതോ പ്രശാന്തതയോ ഏതാണധികം ബഹുമാനിക്കേണ്ടതെന്ന് അവർക്കു നിശ്ചയമില്ലാതായി. ഒരു പുഞ്ചിരിയോടുകൂടി എന്റെ അരമന എന്നു വിളിക്കാറുള്ള ആ ചെറുവീട്ടിൽ മടങ്ങിയെത്തി, അദ്ദേഹം സഹോദരിയോടു പറഞ്ഞു: ഞാന്‍ ഇന്നു മെത്രാന്റെ കർമം നടത്തി.

ഏറ്റവും വൈശിഷ്ട്യമുള്ളതാണ് മനസ്സിലാക്കുവാൻ ഏറ്റവും പ്രയാസമായിട്ടുള്ളത്; മെത്രാന്റെ ഈ പ്രവൃത്തിയെപ്പറ്റി സംസാരിക്കുമ്പോൾ, ‘ഇതെല്ലാം നാട്യമാണ്’ എന്നഭിപ്രായപ്പെടുവാൻ ചില പരിഷ്കാരികളുണ്ടായി.

ഏതായാലും ഈ ഒരഭിപ്രായം പട്ടണത്തിലെ ഇരിപ്പുമുറികളിൽമാത്രം കിടന്നു തിരിഞ്ഞതേ ഉള്ളു. ദൈവികങ്ങളായ കർമങ്ങളിൽ യാതൊരു തമാശയും കാണാറില്ലാത്ത പൊതുജനങ്ങൾക്ക് അതുള്ളിൽക്കൊള്ളുകയും അവർ അദ്ദേഹത്തെ വാസ്തവമായി ബഹുമാനിക്കുകയും ചെയ്തു.

മെത്രാനാണെങ്കിൽ, ആ ശിരച്ഛേദനയന്ത്രം കണ്ടതു മനസ്സിൽ വല്ലാതെതട്ടി; ആ വ്രണം അദ്ദേഹത്തിന് ആശ്വാസപ്പെട്ടുകിട്ടുവാൻ വളരെക്കാലം കഴിയേണ്ടിവന്നു.

വാസ്തവത്തിൽ, അതാതു ഭാഗങ്ങളെല്ലാം എടുത്തു ഘടിപ്പിച്ചു ശരിയാക്കിയ ഒരു ശിരച്ഛേദനയന്ത്രത്തിൽ, തികച്ചും തല ചുറ്റിക്കുന്ന എന്തോ ഒന്നുണ്ട്. സ്വന്തം കണ്ണുകൊണ്ട് അങ്ങനെയൊരു സാധനം കാണുന്നതുവരെ, മരണ ശിക്ഷയെ ഒരുവിധം തുച്ഛമായി കരുതുന്നവരുണ്ടാവാം; വേണമെന്നോ വേണ്ടെന്നോവിധി കൽപിക്കുവാൻ സംശയിക്കുന്ന ആളും ഉണ്ടായേക്കും. പക്ഷേ, അതൊരാൾ കണ്ടെത്തിപ്പോയാൽ അപ്പോഴത്തെ ക്ഷോഭം ചില്ലറയല്ല; രണ്ടിലൊന്നു തീർച്ചപ്പെടുത്തുവാൻ–അത് വേണ്ടതാണെന്നോ വേണ്ടാത്തതാണെന്നോ തീർച്ചപ്പെടുത്തുവാൻ–അയാൾ മയിസ്തറെ [11] പ്പോലെ നിർബദ്ധനായിപ്പോകുന്നു. ചിലർ അതിനെ കൊണ്ടാടുന്നു, മറ്റുള്ളവർ ബിക്കാറിയയെപ്പോലെ അതിനെ ശപിക്കുന്നു. ശിരച്ഛേദനയന്ത്രം ശിക്ഷാനിയമത്തിന്റെ ഉറച്ച കട്ടിയാണ്. അതിനെ പ്രതിക്രിയ എന്നു പറയുന്നു. നിഷ്പക്ഷമായ നില അതിന്നില്ല; അതു നിങ്ങളേയും നിഷ്പക്ഷമായി നില്ക്കാൻ സമ്മതിക്കില്ല. അതു കാണുന്ന മനുഷ്യന്ന് അത്രമേൽ അപൂർവവും അസാധാരണവുമായ ഒരു വിറ വന്നുപോകുന്നു. ഈ തല ചെത്തുന്ന കത്തിയുടെ ചുറ്റുമായി എല്ലാ സാമുദായികസംശയങ്ങളും തങ്ങളുടെ ചോദ്യചിഹ്നത്തെ കുഴിച്ചുനാട്ടുന്നു. തൂക്കുമരം ഒരു ഭൂതമാണ്. തൂക്കുമരം ഒരുകഷ്ണം ആശാരിപ്പണിയല്ല; തൂക്കുമരം ഒരു യന്ത്രമല്ല; മരംകൊണ്ടും ഇരിമ്പുകൊണ്ടും ചങ്ങലകൊണ്ടും കെട്ടിയുണ്ടാക്കിയ ഒരു ചൈതന്യമറ്റ യന്ത്രക്കഷ്ണമല്ല തൂക്കുമരം.

അതൊരു ജീവനുള്ള സത്ത്വമാണെന്നു തോന്നുന്നു–എന്താണ് അതിന്റെ നീരസമായ പ്രവൃത്തി എന്നെനിക്കറിഞ്ഞുകൂടാ; ആ ആശാരി പണിക്കഷ്ണം നോക്കിക്കാണുന്നുണ്ടെന്ന്–അതേ, ആ യന്ത്രം കേൾക്കുന്നുണ്ടെന്ന്–ആ സൂത്രപ്പണി കാര്യങ്ങളെ മനസ്സിലാക്കുന്നുണ്ടെന്ന്–ആ മരക്കഷ്ണത്തിന്ന്, ആ ഇരുമ്പിൻതുണ്ടത്തിന്ന്. ആ ചങ്ങലക്കൂട്ടത്തിന്ന് ബുദ്ധിയുണ്ടെന്ന്–വേണമെങ്കിൽ പറയാം. അതിന്റെ സന്നിധാനം ആത്മാവിനുണ്ടാക്കിത്തീർക്കുന്ന ഭയങ്കരമായ മനോരാജ്യത്തിൽ തൂക്കുമരം ഒരു ഘോരവേഷമായി കാണപ്പെടുന്നു; അവിടെ നടക്കുന്ന സംഗതികളിൽ അതു പങ്കുകൊള്ളുന്നപോലെ തോന്നും; മരണശിക്ഷ നടത്തുന്നവന്റെ കൂട്ടുകാരനാണ് തുക്കുമരം; അതു വിഴുങ്ങുന്നു, അതു മാംസം കടിച്ചു തിന്നുന്നു. അതു രക്തം വാറ്റിക്കുടിക്കുന്നു. വിധികർത്താവും ആശാരിയുംകൂടി കെട്ടിയുണ്ടാക്കിയ ഒരു രാക്ഷസനാണ് തൂക്കുമരം–അതേൽപിച്ചുവിട്ട ദുർമൃതികൾ മുഴുവനുംകൊണ്ടു നിറഞ്ഞ ഒരു ഭയങ്കര ചൈതന്യത്തോടുകൂടി ഉയിർക്കൊള്ളുന്നതുപോലുള്ള ഒരു പ്രേതരൂപം.

അതിനാൽ അതു കണ്ടതുകൊണ്ടുള്ള ക്ഷോഭം കഠിനവും ഭയങ്കരവുമായിരുന്നു; മരണശിക്ഷ നടന്നതിന്റെ പിറ്റേ ദിവസവും തുടർന്നു കുറേ അധിക ദിവസത്തോളവും മെത്രാൻ ഒരു മൃതശരീരംപോലെ കാണപ്പെട്ടു. ശവസംസ്കാരാവസരത്തിലെ ആ ഏതാണ്ടു കലശലായ ശാന്തത മാറി; സാമുദായികമായ നീതിന്യായത്തിന്റെ പ്രേതം അദ്ദേഹത്തെ കഷ്ടപ്പെടുത്തി. എല്ലാ പ്രവൃത്തികളും കഴിഞ്ഞു, സംതൃപ്തിമയമായ പ്രസന്നതയോടുകുടി മടങ്ങിവരാറുള്ള അദ്ദേഹം, തന്നെത്തന്നെ അധിക്ഷേപിക്കുന്നതുപോലെ തോന്നപ്പെട്ടു. ചിലപ്പോൾ അദ്ദേഹം തന്നോടുതന്നെ സംസാരിക്കും; ദുഃഖമയങ്ങളായ ആത്മഗതങ്ങളെ അദ്ദേഹം താഴ്‌ന്ന സ്വരത്തിൽ വിക്കിവിക്കിപ്പറയും. അദ്ദേഹത്തിന്റെ സഹോദരി ഒരു ദിവസം വൈകുന്നേരം കേട്ടതും ഓർമവെച്ചുതുമായ അതിലെ ഒരു ഭാഗം ഇതാണ്: ‘അത് അത്രയും പൈശാചികമായ ഒന്നാണെന്നു ഞാൻ വിചാരിച്ചില്ല. മാനുഷികനിയമങ്ങളെ കാണാതാകത്തക്കവിധം ദൈവികനിയമത്തിൽ മുങ്ങിപ്പോകുന്നത് തെറ്റാണ്. മരണം ഈശ്വരനു മാത്രം അവകാശപ്പെട്ടതാകുന്നു. ആ അജ്ഞാതമായ സാധനത്തിൽ മനുഷ്യർ എന്തധികാരത്തിന്മേൽ ചെന്നു കൈവെക്കുന്നു?’

കാലക്രമംകൊണ്ട് ഈ ധാരണകൾക്കു ശക്തി കുറഞ്ഞു; ഒരു സമയം അവ പോയ്പോകതന്നെ ചെയ്തു; ഏതായാലും അതിൽപ്പിന്നെ വധസ്ഥലങ്ങളിലൂടെ പോവാതിരിക്കാൻ മെത്രാൻ കരുതുന്നതായി കാണപ്പെട്ടു.

ദീനത്തിൽ കിടക്കുന്നവരുടേയും മരിക്കാനടുത്തവരുടേയും അടുക്കലേക്ക് ഏതർദ്ധരാത്രിക്കായാലും മെത്രാനെ വിളിക്കാം. തന്റെ ഏറ്റവും മുഖ്യമായ ചുമതലയും തനിക്കുള്ള ഏറ്റവും മഹത്തായ പ്രവൃത്തിയും അവിടെയാണെന്നുള്ള വാസ്തവം അദ്ദേഹം വിസ്മരിച്ചില്ല. വൈധവ്യം വന്നും അഗാധതയിൽപ്പെട്ടുമുള്ള കുടുംബങ്ങൾ അദ്ദേഹത്തെ വിളിക്കേണ്ട; സ്വന്തം മനസ്സാലേ അദ്ദേഹം അവിടെ ചെല്ലും. പ്രേമഭാജനമായ ഭാര്യ മരിച്ചുപോയ ഗൃഹസ്ഥന്റേയും കുട്ടി കഴിഞ്ഞു കരയുന്ന അമ്മയുടേയും അരികെ എത്ര നേരമെങ്കിലും ഒരക്ഷരംപോലും മിണ്ടാതിരിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെ സംസാരിക്കാതിരിക്കേണ്ടത് എപ്പോൾ എന്നറിയാവുന്നതുപോലെ, സംസാരിക്കേണ്ടതെപ്പോൾ എന്നും അദ്ദേഹത്തിനറിയാം. ഹാ! സമാധാനപ്പെടുത്തുന്നതിൽ എന്തു സമർഥൻ! വിസ്മൃതികൊണ്ടു ദുഃഖത്തെ മറയ്ക്കുവാനല്ല അദ്ദേഹം നോക്കാറ്; അതിനെ പ്രത്യാശകൊണ്ടു വലുതാക്കി ഗൗരവപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹം പറയുന്നു; ‘മരിച്ചവരെപ്പറ്റി വിചാരിക്കുന്നതിൽ നിങ്ങൾ മനസ്സിരുത്തണം. നശിച്ചുപോകുന്ന ഭാഗത്തെക്കുറിച്ചു ചിന്തിക്കരുത്. ഇടവിടാതെ സൂക്ഷിച്ചുനോക്കുക. മരിച്ചുപോയ പ്രേമഭാജനങ്ങൾക്കുള്ള ശാശ്വതമായ തേജസ്സിനെ സ്വർഗത്തിന്റെ അന്തർഭാഗത്തു നിങ്ങൾ കണ്ടെത്തും’ വിശ്വാസം ഗുണകരമാണെന്ന് അദ്ദേഹത്തിന്നറിയാം. അദ്ദേഹം സുഖപരിത്യാഗിയെ ചൂണ്ടിക്കാണിച്ചു നിരാശയിൽപ്പെട്ട മനുഷ്യനെ സമാധാനിപ്പിച്ചാശ്വസിപ്പിക്കുവാൻ നോക്കും; ആകാശത്തേക്കു സൂക്ഷിച്ചുനോക്കുന്ന ദുഃഖത്തെ കാണിച്ചുകൊടുത്തു ശവക്കല്ലറയിലേക്കു താഴ്‌ന്നു സുക്ഷിച്ചുനോക്കുന്ന ദുഃഖത്തെ മാറ്റാൻ ശ്രമിക്കും.

കുറിപ്പുകൾ

[7] കൗണ്ടിന്റെ ഭാര്യ കൗണ്ടസ്സ് ഫ്രഞ്ചിൽ കോംതെസ്സ്.

[8] രാജാവുകഴിഞ്ഞാൽ പദവിവലുപ്പംകൊണ്ടു ശ്രേഷ്ഠൻ ഡ്യൂക്കാണു്.

[9] നാലു പൈ വിലയ്ക്കുള്ള ഒരു ഫ്രഞ്ചു് ചെമ്പുനാണ്യം.

[10] ഡ്യൂക്കിനു നേരെ താഴെയുള്ള പ്രഭുവിനെ മാർക്ക്വിസ്റ്റ്, ഫ്രഞ്ചിൽ മാർക്കി, എന്നു പറയുന്നു.

[11] ഇദ്ദേഹം ഫ്രാൻസിലെ പ്രസിദ്ധനായ ഒരെഴുത്തുകാരനും തത്ത്വജ്ഞാനിയുമാണു്. രാജ്യഭരണപരിവർത്തനങ്ങളിൽ ഇദ്ദേഹം രാജകക്ഷിയിലായിരുന്നു. ആ കക്ഷിക്കാർക്കനുകൂലമായി പല പുസ്തകവും എഴുതിയിട്ടുണ്ടു്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.