images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.6
അദ്ദേഹത്തിന്നുവേണ്ടി ആർ വീടു കാത്തു എന്ന്

ഞങ്ങൾ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വാസസ്ഥലത്തിന് ഒരു കീഴ്‌നിലയും ഒരു മുകൾനിലയുമാണുള്ളത്; ചുവട്ടിലെ നിലയിൽ മൂന്നു മുറിയും മേലേ നിലയിൽ മൂന്നകങ്ങളും എല്ലാറ്റിനും മുകളിൽ ഒരു തട്ടിൻപുറവുമുണ്ടു്. വീട്ടിന്റെ പിൻഭാഗത്തു് ഒരു കാൽ ഏക്കർ വിസ്താരമുള്ള തോട്ടമാണ്. മുകളിലത്തെ നില ആ രണ്ടു സ്ത്രീകളും, ചുവട്ടിലത്തേതു മെത്രാനും ഉപയോഗിച്ചുവന്നു. തെരുവിലേക്കഭിമുഖമായി ഒന്നാമത്തെ മുറി മെത്രാന്റെ ഭക്ഷണസ്ഥലവും, രണ്ടാമത്തേത് അദ്ദേഹത്തിന്റെ കിടപ്പറയും, മൂന്നാമത്തേത് അദ്ദേഹത്തിന്റെ ഈശ്വരവന്ദനസ്ഥലവുമാണ്. ഈ വന്ദനമുറിയിൽനിന്നു കിടപ്പറയിലൂടെയും ആ കിടപ്പറയിൽ നിന്നു് ഭക്ഷണമുറിയിലൂടെയുമല്ലാതെ പുറത്തേക്കു വേറെ മാർഗമില്ല. ആ മുന്നറകളുടേയും അറ്റത്തു വന്ദനമുറിയിൽ, കട്ടിലുള്ള ഒരകം വേറെ തിരിച്ചിട്ടുണ്ട്. അതു അതിഥികളാരെങ്കിലും വന്നാൽ അവരുടെ ഉപയോഗത്തിന്നുള്ളതാണ്. വല്ല സ്വന്തം കാര്യത്തിനോ വല്ല പള്ളിവക ആവശ്യങ്ങൾക്കോ വരുന്ന നാട്ടുപുറത്തെ സഭാബോധകന്മാർക്ക് ആ സ്ഥലമാണ് കൊടുക്കാറ്. വീടുമായി പിന്നീട് കൂട്ടിച്ചേർത്തതും, തോട്ടത്തിലേക്ക് ഉന്തിനില്ക്കുന്നതുമായ ആസ്പത്രിവക മരുന്നുശാല ഇപ്പോൾ അടുക്കളയും കലവറയുമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഇതിനു പുറമെ, ആസ്പത്രി വക അടുക്കളയായിരുന്ന തോട്ടത്തിലെ സ്ഥലംകൊണ്ട് ഒരു തൊഴുത്തും ഉണ്ടാക്കിയിട്ടുണ്ട്; അതിൽ മെത്രാൻ രണ്ടു പശുക്കളെ നിർത്തിയിരുന്നു. അവയിൽനിന്നു കറന്നുകിട്ടിയ പാൽ, എത്രയായാലും ശരി, പകുതി അദ്ദേഹം ദിവസംതോറും രാവിലെ ആസ്പത്രിയിൽ കിടക്കുന്ന ദീനക്കാർക്കു കൊടുത്തയയ്ക്കും. അദ്ദേഹം പറയും: ഞാന്‍ എന്റെ വരി കൊടുക്കുന്നു.

അദ്ദേഹത്തിന്റെ കിടപ്പറ സാമാന്യം വലിയതാണ്; മഴക്കാലത്തു ചൂടുപിടിപ്പിക്കുവാൻ കുറച്ചു ഞെരുക്കമുള്ളതുമാണ്. ഡി.യിൽ വിറകിന്നു വലിയ വിലയായതുകൊണ്ട് തൊഴുത്തിൽ പലകയടിച്ച് ഒരു സ്ഥലം ഉണ്ടാക്കിക്കളയാമെന്ന് അദ്ദേഹത്തിനൊരു യുക്തി തോന്നി. വളരെ തണുപ്പുള്ള കാലങ്ങളിൽ അദ്ദേഹം വൈകുന്നേരമെല്ലാം അവിടെ കൂടും; അതിനെ തന്റെ വർഷകാലകേളീഗൃഹം എന്നാണ് അദ്ദേഹം വിളിക്കാറ്.

ഈ വർഷകാലകേളീഗൃഹത്തിൽ, ഭക്ഷണശാലയിലെന്നപോലെ വെള്ളമരം കൊണ്ടുള്ള ഒരു ചതുരമേശയും വയ്ക്കോൽമെടച്ചിലുള്ള നാലു കസാലകളുമല്ലാതെ വേറെ സാമാനങ്ങളില്ല. ഇവയ്ക്കുപുറമേ, ഇളംചുവപ്പു നിറത്തിലുള്ള നീർച്ചായം തേച്ച ഒരു മേശത്തട്ടുകൂടി ഭക്ഷണമുറിയെ അലങ്കരിക്കുന്നുണ്ട്. അതേവിധം വെളുത്ത വിരിപ്പുകൊണ്ടും കൃത്രിമക്കസവുനാടകൊണ്ടും വേണ്ടവിധം ഭംഗിപിടിപ്പിച്ച മേശത്തട്ടിനാൽ മെത്രാൻ ഒരു ‘തിരുവത്താഴമേശ’ ഉണ്ടാക്കിത്തീർത്തതു വന്ദനമുറിയേയും സവിശേഷം മോടിപ്പെടുത്തുന്നു.

പാപബോധം വന്ന ഡി.യിലെ ധനവാന്മാരും ഭക്തകളായ സ്ത്രീകളുംകൂടി മെത്രാന്റെ വന്ദനമുറിയിലേക്ക് ഒരു പുതിയ തിരുവത്താഴമേശ ഉണ്ടാക്കിക്കുവാൻ ഒന്നിലധികം പ്രാവശ്യം പണം പിരിച്ചു; ആ ഓരോ സമയത്തും പിരിഞ്ഞുകിട്ടിയ തുക വാങ്ങി അദ്ദേഹം സാധുക്കൾക്കു ദാനം ചെയ്തു. അദ്ദേഹം പറയും: ‘സമാധാനം വന്ന് ഈശ്വരനെ സ്തുതിക്കുന്ന ഒരു പാവത്തിന്റെ ആത്മാവാണ് ഏറ്റവുമധികം ഭംഗിയുള്ള തിരുവത്താഴമേശ.’

വന്ദനമുറിയിൽ വയ്ക്കോൽമെടച്ചിലുള്ള രണ്ടു പീഠമുണ്ട്; അതുപോലെ വയ്ക്കോൽകൊണ്ടുള്ള ഒരു ചാരുകസാല കിടപ്പറയിലുമുണ്ട്. സംഗതിവശാൽ ചിലപ്പോൾ പൊല്ലീസ്സുമേലധികാരിയോ, പട്ടാള മേലധ്യക്ഷനോ പട്ടാളത്തിലെ മറ്റുയർന്ന ഉദ്യോഗസ്ഥന്മാരോ, അടുത്തുള്ള വേദാധ്യയനശാലയിലെ അധ്യേതാക്കളോ ആയി ഏഴോ എട്ടോ പേർ ഒന്നിച്ച് അതിഥികളായി വന്നാൽ, വർഷകാലകേളീഗൃഹത്തിലുള്ള കസാലകളും, വന്ദനമുറിയിലുള്ള പീഠങ്ങളും, കിടപ്പറയിലെ ചാരുകസാലയും എല്ലാം അവിടവിടെനിന്ന് എടുത്തുകൊണ്ടുവരണം. അങ്ങനെ അതിഥികളുടെ ആവശ്യത്തിനു പതിനൊന്നോളം ഇരിപ്പിടങ്ങൾ എല്ലാംകൂടി ഉണ്ടാക്കിത്തീർക്കാം. ഓരോ പുതിയ വിരുന്നുകാരനുവേണ്ടി ഓരോ മുറി ഒഴിക്കും.

ചില സമയത്തു പന്ത്രണ്ടു പേരുണ്ടായി എന്നു വരാം; എന്നാൽ മഴക്കാലമാണെങ്കിൽ പുകക്കുഴലിന്നരികെ ചെന്നുനിന്നും, വേനല്ക്കാലമാണെങ്കിൽ തോട്ടത്തിൽ ലാത്തിയും, മെത്രാൻ തത്ക്കാലത്തെ കുഴപ്പം കൂടാതെ കഴിക്കും.

വന്ദനമുറിയുടെ ഒരറ്റം തിരിച്ചുണ്ടാക്കിയ അറയിൽ ഒരു കസാലകൂടി ഇനിയുണ്ട്. അതിന്റെ വയ്ക്കോൽമെടച്ചിൽ പകുതി പോയിരിക്കുന്നു; എന്നല്ല, അതിന്നുകാൽ മൂന്നേ ഉള്ളു; അതുകൊണ്ട് ചുമരിനോടു ചേർത്തിട്ടാൽ മാത്രമേ അതുപയോഗിക്കാറാവൂ. മദാംവ്വസേല്ല് ബപ്തിസ്തീന്റെ മുറിയിലും മരംകൊണ്ടുള്ള ഒരു കൂറ്റൻ ചാരുകസാല കിടപ്പുണ്ട്. അതു പണ്ടു തങ്കപ്പൂച്ചുള്ളതും പുറംപട്ടിനാൽ പൊതിയപ്പെട്ടതുമായിരുന്നു. എന്നാൽ കോണിപ്പഴുതു വളരെ ഇടുങ്ങിയതാകയാൽ, ജനാലയിലൂടെ കടത്തിയിട്ടു വേണ്ടിവന്നു അതു മുകളിലെ മുറിയിലെത്തിക്കുവാൻ; അതുകൊണ്ടു അതിനെ ആവശ്യത്തിന് അങ്ങുമിങ്ങും കൊണ്ടുചെല്ലാവുന്ന വീട്ടുസാമാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിക്കൂടാ.

പനിനീർച്ചെടികൊണ്ടുള്ള ചിത്രപ്പണികളാൽ മോടിപ്പിടിപ്പിക്കപ്പെട്ടതും മഞ്ഞനിറത്തിലുള്ള മേത്തരം പട്ടുകൊണ്ടുണ്ടാക്കിയതും അരയന്നക്കഴുത്തിന്റെ ഛായയിൽ ചേലവീട്ടികൊണ്ടു കടയപ്പെട്ടതുമായ ഒരു കൂട്ട് ഇരിപ്പുമുറിസ്സാമാനങ്ങളും ഒരു സോഫയും മേടിക്കണമെന്നായിരുന്നു മദാംവ്വസേല്ല് ബപ്തിസ്തീന്റെ ഒരു വലിയ ആഗ്രഹം. പക്ഷേ, അതിനു ചുരുങ്ങിയത് ഒരഞ്ഞൂറ് ഫ്രാങ്ക്: വേണം. അഞ്ചുകൊല്ലം കരുതിപ്പിടിച്ചു നോക്കിയിട്ട് ഈ ആവശ്യത്തിലേക്കു നാല്പത്തിരണ്ടു ഫ്രാങ്കും പത്തു സൂവും മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞുള്ളു എന്നു കണ്ടപ്പോൾ, ആ ഉദ്ദേശ്യം വേണ്ടെന്നുവെച്ചു കാര്യം അവസാനിപ്പിച്ചു. അല്ലെങ്കിൽ ആർക്കാണ് തന്റെ മനോരാജ്യം മുഴുവനും സാധിച്ചിട്ടുള്ളത്? മെത്രാന്റെ കിടപ്പറ വിവരിക്കുന്നതുപോലെ എളുപ്പമുള്ള പണി വേറെയില്ല. തോട്ടത്തിലേക്കഭിമുഖമായി ഒരു ചില്ലുവാതിലുണ്ട്. അതിന്റെ എതിർഭാഗത്തായിട്ടാണ് കട്ടിൽ –പച്ചച്ചകലാസ്സുകൊണ്ടു മേൽക്കെട്ടിയുള്ള ഒരാസ്പത്രിക്കട്ടിൽ; ആ കട്ടിലിന്റെ അടുക്കൽ, ഒരു മറശ്ശീലയ്ക്കു പിന്നിലായി, ചമയൽസ്സാമാനങ്ങൾ വെച്ചിരിക്കുന്നു –ഒരു പരിഷ്കാരിയുടെ മോടിയും അന്തസ്സുമുള്ള സമ്പ്രദായം മുഴുവനും വിട്ടുപോയിട്ടില്ലെന്ന് അവ സൂചിപ്പിച്ചുകളയുന്നു. അവിടെനിന്നു പുകക്കുഴലിന്നടുത്തായി ഒരു വാതിൽ വന്ദനമുറിയിലേക്കും ബുക്കളമാറിയുടെ അടുത്തായി മറ്റൊരു വാതിൽ ഭക്ഷണമുറിയിലേക്കുമുണ്ട്. ആ അളമാറി, പുസ്തകങ്ങൾനിറഞ്ഞു ചില്ലുവാതിലുള്ള ഒരു വലിയ ചുമർക്കൂടാണ്; പുകക്കുഴൽ മരംകൊണ്ടുണ്ടാക്കിയതും വെണ്ണക്കല്ലാണെന്നു തോന്നിക്കുന്നവിധം ചായമിട്ടിട്ടുള്ളതുമാണ്–അതിൽ ഏതുസമയത്തും തീയ്യില്ലാതിരിക്കയാണ് പതിവ്. പുകക്കുഴലിൽ പുഷ്പങ്ങൾ ചൂടിയ രണ്ടു പുഷ്പകലശങ്ങളാൽ അലംകൃതങ്ങളും മുൻകാലത്തു വെള്ളിത്തകിടുകളാൽ പൊതിയപ്പെട്ടവയുമായ കുഴൽപ്പണികളോടുകുടിയ രണ്ട് ഇരുമ്പുവിറകുതാങ്ങികളുണ്ട്–ഒരുതരം സഭാധ്യക്ഷസംബന്ധിയായ ധാടി. ആ പുകക്കുഴലിനുമീതെ, ചായംപൊയ്പോയ ഒരു മരച്ചട്ടക്കൂട്ടിനുള്ളിൽ, പിഞ്ഞിയ കറുപ്പു വില്ലീസ്സിൽ പതിച്ചതും വെള്ളിപ്പണി തേഞ്ഞുപോയതുമായ ഒരു ചെമ്പുകുരിശു തൂക്കിയിട്ടിരിക്കുന്നു; ചില്ലുവാതിലിന്നടുത്തായി പാറിപ്പരത്തിയിട്ട പലേ കടലാസ്സുകളേയും ഒന്നിലധികം കൂറ്റൻ പുസ്തകങ്ങളേയും ചുമന്നുനിൽക്കുന്ന ഒരു വലിയ മേശയും അതിന്മേൽ ഒരു മഷിക്കുപ്പിയുമുണ്ട്; ആ മേശയ്ക്കുമുമ്പിൽ ഒരു വയ്ക്കോൽച്ചാരുകസാല കിടക്കുന്നു; കട്ടിലിനു മുൻവശത്തു വന്ദനമുറിയിൽനിന്നുകടംവാങ്ങിച്ച ഒരു പീഠവുമുണ്ട്.

കട്ടിലിന്റെ രണ്ടു ഭാഗത്തുമായി അണ്ഡാകൃതിയിൽ ചട്ടക്കൂടുകളോടുകൂടിയ രണ്ടു ഛായാപടങ്ങൾ തൂക്കിയിരിക്കുന്നു. ആ രൂപങ്ങളുടെ പാർശ്വഭാഗത്ത് ഒരു പുള്ളിക്കുത്തുമില്ലാത്ത തുണിയിന്മേൽ തങ്കമഷികൊണ്ടു ചെറുതായി എഴുതിയിട്ടുള്ള പേരുകൾകൊണ്ട്, അവയിൽ ഒരു ഛായ സാങ് ക്ലോദിലെ മെത്രാനായ ഷാലിയോ മഠാധിപതിയുടെയും മറ്റേത് ഷാർത്ര് ഇടവകയിൽപ്പെട്ട സീത്തിയോ ആശ്രമത്തിലെ ഗ്രാങ്ഷാങ് മഠാധിപതിയും ആഗ്ദിലെ ഉപാധ്യക്ഷനുമായ തൂത്തോ മഠാധിപന്റേയുമാണെന്നു കാണാം. ആസ്പത്രിയിലെ രോഗികൾ പോയി. മെത്രാൻ ആ മുറിയിൽ ആദ്യമായി വന്നപ്പോൾ, ഈ രണ്ടു ചിത്രങ്ങളും അവിടെ ഉണ്ട്; അദ്ദേഹം അവയെ അനക്കിയില്ല. അവർ മതാചാര്യന്മാരാണ്; ഒരുസമയം, അവർ ആസ്പത്രിസ്ഥാപനത്തിൽ ധനസഹായം ചെയ്തവരുമായിരിക്കാം–അവരെ ബഹുമാനിക്കുവാനുള്ള രണ്ടു കാരണങ്ങൾ. ഈ രണ്ടു പേരെക്കുറിച്ചും അദ്ദേഹത്തിന്നുണ്ടായിരുന്ന അറിവ് ഇത്രമാത്രം–ഇവരെ ഒരേ ദിവസം 1785 ഏപ്രിൽ 27-ാംനു യാണ് രാജാവ് അതാതുദ്യോഗത്തിൽ നിയമിച്ചത്. പൊടി തുടയ്ക്കുവാൻവേണ്ടി മദാം മഗ്ല്വാർ ഈ രണ്ടു ഛായാപടങ്ങളും താഴത്തേക്കെടുത്തപ്പോൾ, ഗ്രാങ്–ഷാങ് മഠാധിപതിയുടെ ഛായാപടത്തിനു പിന്നിൽ, നാലു പറ്റിട്ടുറപ്പിച്ചിട്ടുള്ളതും പഴക്കം കൊണ്ട് മഞ്ഞനിറം കയറിയതുമായ ഒരു ചതുരക്കടലാസ്സുകഷ്ണത്തിൽ വെളുത്ത മഷികൊണ്ടുണ്ടായിരുന്ന എഴുത്തിൽനിന്നാണ് മെത്രാൻ ഈ വിവരങ്ങൾ കണ്ടുപിടിച്ചത്.

അദ്ദേഹത്തിന്റെ ജനാലയ്ക്കൽ പരുത്തു രോമത്തുണികൊണ്ടുള്ള ഒരു പഴയതരം മറയുണ്ട്; ഒടുവിൽ അത് അത്രയും പഴയതായി; പുതിയതൊന്നു മേടിക്കാതെ കഴിക്കാൻവേണ്ടി മദാം മഗ്ല്വാറിന് അതിന്റെ ഒത്തനടുവിൽ ഒരു ചേർപ്പുണ്ടാക്കേണ്ടിവന്നു. ഈ ചേർപ്പ് ഒരു കുരിശിന്റെ ആകൃതിയിലായിത്തീർന്നു. മെത്രാൻ പലപ്പോഴും അതിനെപ്പറ്റി പറയും, ‘എന്തു ഭംഗിയുള്ള ഒന്ന്!’

ആ വീട്ടിലുള്ള എല്ലാ അകങ്ങളും, കീഴ്‌നിലയിലുള്ളവയും മുകൾ നിലയിലുള്ളവയും ഒരുപോലെ, കുമ്മായമിട്ടവയാണ്–പാളയങ്ങളിലും ആസ്പത്രികളിലുമുള്ള ഒരു പരിഷ്കാരമാണത്.

ഏതായാലും കുറേക്കാലം കഴിഞ്ഞതിനുശേഷം, മദാംവ്വസേല്ല ബപ്തിസ്തീന്റെ മുറിയിൽ, ചളികളഞ്ഞ കടലാസ്സിന്റെ അടിയിൽ, ചില ചിത്രങ്ങളുള്ളതായി–അതിനി നമുക്കു വഴിയേ കാണാം–മദാമഗ്ല്വേർ കണ്ടുപിടിച്ചു. ആസ്പത്രിയാവുന്നതിനും മുമ്പ് ഈ സ്ഥലം നഗരവാസികളുടെ ആലോചനാസഭയായിരുന്നു. അന്നത്തെയാണ് ആ അലങ്കാരങ്ങൾ. അറകളിൽ നിലത്തെല്ലാം ചുകന്ന ഇഷ്ടിക പതിപ്പിച്ചിട്ടുണ്ടു്; ആഴ്ചയിൽ ഒരു തവണ അതു കഴുകി വെടുപ്പാക്കും; എല്ലാ കട്ടിളകളുടേയും മുമ്പിൽ വയ്ക്കോൽപ്പായയുമുണ്ടായിരുന്നു. ആകപ്പാടെ ആ രണ്ടു സ്ത്രീകളുടെ മേൽനോട്ടത്തിലുള്ള ആ സ്ഥലം, തറമുതൽ മോന്താഴംവരെ, ഒരുപോലെ വൃത്തിയിൽ കിടന്നിരുന്നു. ഈ ഒരു മോടി മാത്രമേ മെത്രാൻ സമ്മതിച്ചിരുന്നുള്ളു. അദ്ദേഹം പറയും,‘ഇതുകൊണ്ടു സാധുക്കൾക്ക് നഷ്ടമില്ല.’

ഏതായാലും തന്റെ പഴയ സ്വത്തുക്കളിൽനിന്നും ആറു വെള്ളിക്കത്തികളും മുള്ളുകളും ഒരു സൂപ്പുകയിലും അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്നു എന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പരുപരുത്ത വെള്ളമേശത്തുണിയുടെ മുകളിൽ കിടന്നു തിളങ്ങുമ്പോൾ മദാം മഗ്ല്വാർ ദിവസംപ്രതി അവയെ ആഹ്ലാദപൂർവം നോക്കിക്കാണും. ഡി.യിലെ മെത്രാനെ ഞങ്ങൾ ശരിയായി വിവരിച്ചുകാണിക്കുകയായതുകൊണ്ടു്, അദ്ദേഹം ഒന്നിലധികം പ്രാവശ്യം ഇങ്ങനെ പറഞ്ഞിട്ടുള്ളതു ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു– ’വെള്ളിത്തളികയിൽനിന്നു ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കാൻ പ്രയാസമായിക്കാണുന്നു.’

ഈ വെള്ളിപ്പാത്രങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് ഒരു മൂത്തമ്മായിയുടെ വകയായി കിട്ടിയതും കട്ടിവെള്ളിയുമായ രണ്ടു വലിയ മെഴുതിരിക്കാൽകൂടി ചേർക്കേണ്ടതുണ്ട്. ഈ മെഴുതിരിക്കാലുകൾ ഓരോന്നിലും ഈരണ്ടു മെഴുതിരികൾ വെക്കാം; സാധാരണയായി മെത്രാന്റെ പുകക്കുഴൽത്തട്ടിന്മേൽ അവയുണ്ടായിരിക്കും; ഭക്ഷണത്തിനു വേറെ ആരെങ്കിലുമുള്ള ദിവസം മദാം മഗ്ല്വാർ ആ മെഴുതിരിക്കാലുകൾ രണ്ടും ഈരണ്ടു മെഴുതിരിയും കൊളുത്തി മേശപ്പുറത്തു വെക്കും.

മെത്രാന്റെ സ്വന്തം കിടപ്പറയിൽ, കട്ടിലിന്റെ തലയ്ക്കലായി, ഒരു ചെറിയ ചുമർക്കൂടുണ്ട്; ആറു വെള്ളിക്കത്തികളും മുള്ളുകളും വലിയ സൂപ്പുകയിലും. മദാം മഗ്ണ്രാർ ദിവസംപ്രതി രാത്രി ആ ചുമർക്കൂട്ടിൽ വെച്ചു പൂട്ടും. പക്ഷേ, ഒന്നുകൂടി പറയേണ്ടതുണ്ട്– താക്കോൽ അതിൽനിന്നൂരാറില്ല.

ഞങ്ങൾ മുൻപേ പറഞ്ഞ ആ വൃത്തിയില്ലാത്ത എടുപ്പുകളാൽ ഏതാണ്ടു വൈകൃതപ്പെട്ട തോട്ടത്തിൽ ഒരു കുളത്തിന്റെ കരയിൽനിന്നു പുറപ്പെട്ട നാലു നടവഴികൾ കുരിശിൻ ഛായയിലായി കാണാം. മറ്റൊരു വഴി വെളുത്ത മതിലിന്റെ ഒരു കരപോലെ തോട്ടത്തിന്റെ നാലു പുറത്തേക്കും ചെല്ലുന്നു. ഈ നടവഴികളുടെ പിന്നിലായി നാലു വക്കത്തും കല്പടവുകളുള്ള നാലു ചതുരക്കള്ളികളുണ്ട്; മൂന്നിലും മദാം മഗ്ല്വാർ ഓരോ കായ്കനികൾ കുത്തിയിട്ടിരിക്കുന്നു; നാലാമത്തേതിൽ മെത്രാൻ കുറെ പൂച്ചെടികളും നട്ടിട്ടുണ്ട്; അവിടവിടെ ചില ഫലവൃക്ഷങ്ങളും നില്ക്കുന്നു, ഒരുമാതിരി മൃദുലമായ ഈർഷ്യയോടുകൂടി മദാം മഗ്ല്വാർ ഒരിക്കൽ അഭിപ്രായപ്പെട്ടു; ‘എന്തും ഒരാവശ്യത്തിലേക്കാക്കണമെന്നു നിർബന്ധമുള്ള ഇവിടുന്ന് ഏതായാലും ഉപയോഗമില്ലാത്ത ഒരു സ്ഥലംവെച്ചുവരുന്നുണ്ട്. പൂച്ചെണ്ടുകളുണ്ടാക്കുന്നതിനേക്കാൾ നല്ലതു പച്ചടിക്കുള്ള സാധനം വെച്ചുപിടിപ്പിക്കുകയാണ്.’

‘മദാം മഗ്ല്വാർ,’ മെത്രാൻ മറുപടി പറഞ്ഞു, ‘നിങ്ങൾക്കു തെറ്റിപ്പോയി. ഉപയോഗമുള്ളവയെക്കൊണ്ടെന്നപോലെ ഭംഗിയുള്ളവയെക്കൊണ്ടും ഉപയോഗമുണ്ട്.’ കുറച്ചു കഴിഞ്ഞ് അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഒരു സമയം അതിലധികമുണ്ട്.’

മൂന്നോ നാലോ തടങ്ങളുള്ള ഈ സ്ഥലത്തു, പുസ്തകങ്ങളുടെ ഇടയിലെന്നപോലെ; മെത്രാൻ മിക്കസമയത്തും ഉണ്ടായിരിക്കും. കത്തിരിച്ചും കയ്ക്കോട്ടുകിളച്ചും, അവിടവിടെ ചെറിയ കുഴികൾ തോണ്ടി അവയിൽ ഓരോ വിത്തുകളിട്ടും അദ്ദേഹം ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും. ഒരു തോട്ടപ്പണിക്കാരൻ ഗ്രഹിച്ചേക്കാവുന്ന വിധം, അദ്ദേഹം ചെറുപ്രാണികളോടു വിരോധം കാണിക്കാറില്ല. എന്നല്ല, സസ്യശാസ്ത്രത്തിൽ തനിക്കു വലിയ അറിവുണ്ടെന്ന് അദ്ദേഹത്തിന് അഭിമാനമില്ലായിരുന്നു; വർഗങ്ങളുടെ കാര്യത്തിലും യോജിപ്പുകളുടെ കാര്യത്തിലും അദ്ദേഹത്തിനു ശ്രദ്ധയില്ല. തൂർങ്ങിഫോറിന്റെ [20] സമ്പ്രദായവും സാധാരണ നാട്ടുനടപ്പുമാവുമ്പോൾ നല്ലതേതാണെന്നു തീർച്ചപ്പെടുത്താൻ അദ്ദേഹം. യാതൊരു ശ്രമവും ചെയ്തിട്ടില്ല; മുളകളും വിത്തുകളുമായുള്ള ശണ്ഠയിൽ അദ്ദേഹം ഒരു ചേരിയും പിടിച്ചിട്ടില്ല. എന്നല്ല ഴൂസ്സിയോവും [21] ലിന്നേറവു [22] മായുള്ള തർക്കത്തിലും അദ്ദേഹത്തിനു പക്ഷമില്ല. അദ്ദേഹം ചെടികളെപ്പറ്റി പഠിച്ചില്ല; പുഷ്പങ്ങളെ സ്നേഹിച്ചു. അറിവുള്ളവരിൽ അദ്ദേഹത്തിനു വളരെ ബഹുമാനമുണ്ട്, അറിവില്ലാത്തവരിൽ അതിലേറെ ബഹുമാനമാണ്; ഈ രണ്ടു ബഹുമാനത്തിനും കുറവുവരുത്താതെ. അദ്ദേഹം, തകരംകൊണ്ടുണ്ടാക്കി പച്ചച്ചായമിട്ടിട്ടുള്ള നനപ്പാത്രത്തിൽ വെള്ളമെടുത്തു, വേനലക്കാലത്തു ദിവസംപ്രതി വൈകുന്നേരം തന്റെ പൂച്ചെടിത്തടങ്ങൾ നിറയെ നനയ്ക്കും.

വീട്ടിലാകെ പൂട്ടാവുന്ന ഒരു വാതിലില്ല. ഞങ്ങൾ പറഞ്ഞപോലെ, പള്ളിമുറ്റത്തേക്കഭിമുഖമായുള്ള ഭക്ഷണമുറിയിലെ വാതിൽ ഒരു ജയിൽവാതിൽപോലെ, പൂട്ടുകൾകൊണ്ടും സാക്ഷകൾകൊണ്ടും അലംകൃതമായിരുന്നു. മെത്രാൻ ആ ഇരുമ്പുപണികളെല്ലാം പൊളിച്ചുകളഞ്ഞു. രാത്രിയാവട്ടേ പകലാവട്ടേ, ഒരു നീക്കിടുന്നതു കൂടാതെ, ഈ വാതിൽ ഒരിക്കലും പൂട്ടാറില്ല. വഴിയിലൂടെ പോകുന്ന ഏതൊരാൾക്കും, ഏതു സമയത്തും അതൊന്ന് ഉന്തുകയേ വേണ്ടു. ഈ വാതിൽ ഒരിക്കലും പൂട്ടിയിടാത്തതിനെപ്പറ്റി ആദ്യകാലത്ത് ആ രണ്ടു സ്ത്രീകൾക്കും സുഖമില്ലായിരുന്നു; പക്ഷേ ഡി.യിലെ മെത്രാൻ അവരോടു പറഞ്ഞു; ‘നിങ്ങൾക്കു വേണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ മുറികൾ സാക്ഷയിട്ടുകൊൾക.’ കുറേ കഴിഞ്ഞപ്പോൾ അവരും അദ്ദേഹത്തിന്റെ ധൈര്യത്തിൽ പങ്കുകൊണ്ടു; അല്ലെങ്കിൽ പങ്കുകൊണ്ടതുപോലെ പ്രവർത്തിക്കാൻ തുടങ്ങി. മദാം മഗ്ല്വാർമാത്രം ഇടയ്ക്കിടയ്ക്ക് ഓരോ പേടിപറയും. മെത്രാനെ സംബന്ധിച്ചേടത്തോളമാണെങ്കിൽ ഒരു വേദപുസ്തകത്തിനുള്ളിൽ ഒരേടിന്റെ വക്കത്ത് അദ്ദേഹം എഴുതിയിരുന്ന മൂന്നുവരികളിൽനിന്ന് അദ്ദേഹത്തിന്റെ ആലോചന ഇന്നതായിരുന്നു എന്നു കാണാം–അല്ലെങ്കിൽ അതു സൂചിപ്പിച്ചിരുന്നു; ‘ഇതാണ് വ്യത്യാസം–ഒരു വൈദ്യന്റെ വീട്ടുവാതിൽ ഒരിക്കലും അടച്ചിടരുത്; ഒരു മതാചാര്യന്റേത് എപ്പോഴും തുറന്നുകിടക്കണം.’

വൈദ്യശാസ്ത്രതത്ത്വജ്ഞാനം എന്ന മറ്റൊരു പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ വേറൊരു കുറിപ്പ് എഴുതിക്കാണുന്നു: ‘ഞാനും അവരെപ്പോലെത്തന്നെ ഒരു വൈദ്യനല്ലേ? എനിക്കും എന്റെ രോഗികളുണ്ട്; അതുപോലെത്തന്നെ, ഞാൻ ‘എന്റെ ഭാഗ്യഹീനന്മാർ’ എന്നു വിളിക്കുന്ന ചിലർ എനിക്കുമുണ്ട്.’

പിന്നേയും അദ്ദേഹം എഴുതിയിരിക്കുന്നു; ‘നിങ്ങളെ ശരണംപ്രാപിക്കുന്നവരുടെ പേർ എന്താണെന്ന് അന്വേഷിക്കരുത്; മറ്റൊരാളുടെ സാഹായം വേണ്ടിവരുന്നവനാരോ അവൻതന്നെയാണ് തന്റെ പേരുകൊണ്ടു ബുദ്ധിമുട്ടുന്നവൻ.’

ഒരിക്കൽ സംഗതിവശാൽ ഒരു മാന്യനായ സഭാബോധകൻ–കുളുബ്രുവിലെയോ പോംപിയറിയിലെയോ എന്നെനിക്കു നല്ല നിശ്ചയമില്ല–വാതിൽ രാവുംപകലും അടയ്ക്കാതെ, അകത്തേക്കു കടക്കണമെന്നു തോന്നുന്ന ആർക്കും ഇഷ്ടം പോലെ തുറന്നുകടക്കാവുന്നവിധം ഇടുന്നത് ഒരാലോചനക്കുറവല്ലേ എന്നും. ചുരുക്കിപ്പറകയാണെങ്കിൽ, ഇത്രയും നോട്ടമില്ലാതെ കിടക്കുന്ന വീട്ടിൽ വല്ല അപകടവും ഉണ്ടായിത്തീരാൻ സംഗതിയില്ലേ എന്നും–ഒരു സമയം മദാം മഗ്ലാറിന്റെ ഉപദേശപ്രകാരമാവാം-അദ്ദേഹത്തോടു ചോദിച്ചു. മെത്രാൻ, അല്പം ഗൗരവത്തോടുകൂടി, അയാളുടെ ചുമലിൽ കൈവെച്ചു പറഞ്ഞു; ഈശ്വരൻ കാക്കാത്ത പക്ഷം. വെറുതെയാണു് കാവൽക്കാർ അതിനു മെനക്കെടുന്നത്.

പിന്നെ അദ്ദേഹം വേറെ ചിലതിനെപ്പറ്റി പറഞ്ഞു.

അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയാറുണ്ട്: ‘ഒരു പട്ടാളത്തിലെ മേലുദ്യോഗസ്ഥന്റെ ധീരതപോലെ മതാചാര്യന്റെ ധീരത ഒന്നുണ്ട്’– ‘പക്ഷേ ഒന്നുമാത്രം,’ അദ്ദേഹം തുടർന്നു പറഞ്ഞു: ‘ഞങ്ങളുടേതു കുറേക്കൂടി ശാന്തമാണ്.’

കുറിപ്പുകൾ

[20] ഫ്രാൻസിലെ പ്രസിദ്ധികേട്ട ഒരു സസ്യശാസ്ത്രജ്ഞൻ. പതിനേഴാം നൂറ്റാണ്ടിന്റെ ഒടുവിൽ ജീവിച്ചിരുന്ന ഇദ്ദേഹം അതേവരെയുണ്ടായിരുന്ന എല്ലാ സിദ്ധാന്തങ്ങളെയും കവച്ചുവച്ചു. ഇദ്ദേഹം ചെടികളെ വർഗ്ഗംതിരിച്ച് കുഴിച്ചിടണമെന്നു് വാദിച്ചു.

[21] ഫ്രാൻസിലെ ഒരു പ്രസ്ഥാനത്തിൽപ്പെട്ട സസ്യശാസ്ത്രജ്ഞന്മാരുടെ മുഴുവൻ പേര്. ഇവർ ചെടികൾ നടുന്നതു പ്രകൃത്യാ ഉള്ള ഒരു സവിശേഷനിയമമനുസരിച്ചു് കൂട്ടിച്ചേർത്തുവേണമെന്നു കണ്ടുപിടിച്ചു.

[22] ഇദ്ദേഹം സ്വീഡൻകാരനാണു്. സസ്യശാസ്ത്രജ്ഞന്മാരിൽ ഇദ്ദേഹം ഇന്നും ആദരണീയൻതന്നെ ചെടികൾ ഇന്നയിന്നവിധം തരംതിരിച്ചു നടണമെന്നു് സിദ്ധാന്തിച്ചു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.