images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.3
നാലും നാലും

നാല്പത്തഞ്ചു കൊല്ലം മുൻപ് വിദ്യാർഥികളുടേയും ‘വേശി പ്പെണ്ണുങ്ങളുടേയും കൂടി നാട്ടുപുറത്തേക്കുള്ള വിനോദയാത്ര എന്തുമാതിരിയായിരുന്നു എന്ന് ഇപ്പോൾ ഒരാൾക്കാലോചിച്ചുണ്ടാക്കാൻ ഞെരുക്കമുണ്ട്. പാരിസ്സിന്റെ അയൽപ്രദേശങ്ങളെല്ലാം തീരെ മാറിപ്പോയി; പാരിസ്സിന്നു ചുറ്റുപുറങ്ങളിലുള്ള സാധാരണ ജീവിതത്തിന്റെ മുഖാകൃതി കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽവെച്ചു കേവലം ഭേദപെട്ടു; കുയിലുണ്ടായിരുന്നതെവിടെയോ അവിടെ ഇപ്പോൾ തീവണ്ടിയായി; കേവഞ്ചിയുണ്ടായിരുന്നേടത്ത് ഇപ്പോൾ തീബോട്ടായി; സാങ് ക്ലൊദ് സ്ഥലത്തെപ്പറ്റി അന്നു സംസാരിച്ചിരുന്ന പോലെ, ഇപ്പോൾ ആളുകൾ ഫെക്കാംപിനെപ്പറ്റി പറയുന്നു. 1862-ലുള്ള പാരിസ്സ്, ഫ്രാൻസ് രാജ്യം മുഴുവൻ അയൽപ്രദേശമായിത്തീർന്നിട്ടുള്ള ഒരു നഗരമാണ്.

അക്കാലത്തു നാട്ടുപ്രദേശങ്ങളിലുണ്ടായിരുന്ന എല്ലാ കോമാളിത്തങ്ങളിലും ആ നാലു ദമ്പതിമാർ മനഃപൂർവം ചുറ്റിയടിച്ചു. ഒഴിവുകാലം ആരംഭിക്കുകയായി; അന്ന് ഒരു തെളിവുള്ള നല്ല ദിവസമായിരുന്നു. തലേദിവസം ആ നാലു യുവതികളിൽവെച്ച് എഴുതുവാൻ ശീലമുള്ള ഒരേ ഒരുവൾ, ഫേവറിറ്റ്, എല്ലാവരുടേയും പ്രാതിനിധ്യത്തോടുകൂടി തൊലോമിയെക്ക് ഇങ്ങനെ എഴുതിയയച്ചു: ‘സുഖത്തിൽനിന്നു പുറത്തേക്കു കടക്കുവാൻ ഒരു കൊള്ളാവുന്ന സമയം.’ അതുകൊണ്ടാണ് അവർ രാവിലെ അഞ്ചു മണിക്കുതന്നെ ഉണർന്നെണീറ്റത്. എന്നിട്ട് ഒരു സവാരിവണ്ടിയിൽ അവർ സാങ് ക്ലൊദിലേക്കു പോയി; വരണ്ട നീർച്ചാട്ടം നോക്കിക്കണ്ടു പറഞ്ഞു: ‘വെള്ളമുള്ളപ്പോൾ ഇതു വളരെ ഭംഗിയുള്ളതായിരിക്കണം’ അവർ തെത്ത്—ന്വാറിൽ പോയി പ്രാതൽ കഴിച്ചു; ആ വിശിഷ്ടമായ നീർച്ചാട്ടത്തിന്റെ അടുത്തുള്ള അഞ്ചുമരക്കാവിൽ വെച്ച് അവർ മോതിരമെറിഞ്ഞ കളി കളിച്ചു; അവർ ഡയോജിനിസ്സിന്റെ [7] ദീപസ്തംഭമാടത്തിൽ കയറി; പോങ് ദ് സ്രെവിലുള്ള ചട്ടിയുരുട്ടിക്കളിസ്ഥലത്തുപോയി. മധുരപലഹാരങ്ങൾക്കുവേണ്ടി ഭാഗ്യപരീക്ഷ ചെയ്തു; പ്യുത്തോവിൽ പോയി പൂച്ചെണ്ടു കെട്ടിയുണ്ടാക്കി; നുയിയിൽനിന്ന് ഓടക്കുഴൽ വാങ്ങി. എല്ലായിടത്തുനിന്നും ഏപ്പിൾപ്പഴം വെച്ച അട മേടിച്ചു തിന്നു; തികച്ചും പരമാനന്ദിച്ചു.

കൂട്ടിൽനിന്നു പുറത്തായ കിളികളെപ്പോലെ ആ നാലു പെൺകുട്ടികൾ ആടിക്കുഴയുകയും വെടി പറയുകയും ചെയ്തു. അതു കേവലം ഒരു സന്തോഷമൂർച്ഛയായിരുന്നു. ഇടയ്ക്കിടയ്ക്ക് അവർ ആ യുവാക്കന്മാർക്കു ചില്ലറത്തല്ലുകൾ സമ്മാനിച്ചു. ജീവിതത്തിന്റെ തുടക്കത്തിലുള്ള ആഹ്ലാദലഹരി! ഓമനിക്കേണ്ടവയായ കൊല്ലങ്ങൾ! പായുന്ന അമ്പിൻകൂട്ടത്തിന്റെ ചിറകുകൾ! ഹാ! നിങ്ങൾ ആരുതന്നെയായാലും ശരി, നിങ്ങൾ ഓർമിക്കുന്നില്ലേ-നിങ്ങളുടെ പിന്നാലെവരുന്ന ആ ഓമനശ്ശിരസ്സിന്നു വേണ്ടി, ചില്ലകൾ വകഞ്ഞുപിടിച്ചുകൊണ്ട്, കുറ്റിക്കാട്ടിലൂടെ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടോ? ആസകലം മഴയത്തുനനഞ്ഞു, നിങ്ങളുടെ കൈ പിടിച്ചുകൊണ്ടും, ‘ആയി എന്റെ പുതിയ പാപ്പാസ്സുകൾ! അവ ഇനി എന്തിനു കൊള്ളും?’ എന്നു പിറുപിറുത്തുകൊണ്ടുമുള്ള ഒരു പ്രാണപ്രിയ കൂടെയുമായി, നിങ്ങൾ ചിരിച്ചുകൊണ്ടു കുന്നിൻമുകളിൽനിന്ന് ഉരസിയിറങ്ങിയിട്ടുണ്ടോ?

പുറപ്പെട്ട സമയത്ത്, അധികാരവും വാത്സല്യവും കാണിക്കുന്ന ഒരു സ്വരവിശേഷത്തോടുകൂടി, പുഴുക്കൾ വഴിയിലെങ്ങും അരിച്ചരിച്ചു പോകുന്നുണ്ട്-കുട്ടികൾ കേട്ടോളൂ, മഴ വരും എന്നർഥം’ എന്നു ഫേവറിറ്റ് പറയുകയുണ്ടായെങ്കിലും, ഈ നേരംപോക്കുകാരുടെ കാര്യത്തിൽ ആഹ്ലാദകരമായ ഒരു തടസ്സം മഴചാറൽ, ഉണ്ടായില്ലെന്നു ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവെക്കുന്നു.

ഒരു പൊറുതിയില്ലാത്ത ഓമനത്തമുണ്ടായിരുന്നു ആ നാലുപേർക്കും, അന്നു പ്രസിദ്ധനായിരുന്ന ഒരു പടുവൃദ്ധൻ മാന്യകവി, മൊസ്സ്റ്യുല് ഷെവലിയെ ദ്ലബുയി, സാങ് ക്ലൊദിലെ മരത്തോപ്പിലൂടെ ലാത്തുന്നതിനിടയ്ക്കു രാവിലെ ഏകദേശം പത്തുമണിയോടുകൂടി, അതിലെ അവർ കടന്നുപോകുന്നതു കണ്ടു; അദ്ദേഹം അവരുടെ സൗഭാഗ്യവിശേഷങ്ങളെപ്പറ്റി വിചാരിച്ചു കുറച്ചുച്ചത്തിൽ പറഞ്ഞു: ആവു, എന്താണിതു കഥ.’ ബ്ലാഷ്വേല്ലിന്റെ സഖിയായ ഫേവറിറ്റ്, ഇരുപത്തിമൂന്നു വയസ്സായ ആ ഒരുവൾ, ആ മുത്തശ്ശി, മുമ്പിൽക്കടന്നു പച്ചച്ച കൂറ്റൻ മരക്കൊമ്പുകളുടെ താഴത്തൂടെ പാഞ്ഞുകളിച്ചു; കുഴികൾ ചാടിക്കടന്നു; ചെടിപ്പടർപ്പുകൾക്കുമീതെ ഭ്രാന്തുപിടിച്ചപോലെ അന്തസ്സിൽ നടന്നു; ചെറുപ്പക്കാരിയായ വനദേവതയെപ്പോലെ അവൾ ഈ ഉത്സവവിശേഷത്തിന്റെ ആധ്യക്ഷ്യം വഹിച്ചു. തങ്ങൾ ഒരുമിച്ചാകുമ്പോൾ രണ്ടുപേരുടേയും സൗന്ദര്യം വർദ്ധിക്കുകയും രണ്ടുപേരുടേയും ഓമനത്തം തികയുകയും ചെയ്യുന്ന, അങ്ങനെയൊരു വിധം സൗഭാഗ്യവതികളായി ഈശ്വരവിധിയാൽ സൃഷ്ടിക്കപ്പെട്ട സെഫീനും ദാലിയയുമാവട്ടെ, സൗഹാർദ്ദത്തേക്കാളധികം തേവിടിശ്ശിത്തംകൊണ്ടുള്ള ഒരു ബോധവിശേഷംകൊണ്ട്, ഒരിക്കലും അന്യോന്യം വിട്ടുപിരിഞ്ഞില്ല. അവർ തമ്മിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷ് നിലകളെടുത്തു; ആദ്യത്തെ സ്മാരകമുദ്രകൾ പ്രത്യക്ഷീഭവിക്കാൻ തുടങ്ങിയിരിക്കുന്നു-കുറച്ചു കഴിഞ്ഞപ്പോൾ പുരുഷന്മാരിൽ ബയറൺ [8] ത്തം ഉദിച്ചുതുടങ്ങിയതു പോലെ, സ്ത്രീളിൽ കുണ്ഠിതഭാവം വന്നുകൂടുകയായി; എന്നല്ല പെണ്ണുങ്ങളുടെയെല്ലാം തലമുടി വ്യസനപൂർവം തൂങ്ങിക്കിടക്കാൻ തുടങ്ങി. സെഫീനും ദാലിയയും തങ്ങളുടെ തലമുടി ചുരുൾ ചുരുളാക്കിയിട്ടു. തങ്ങളുടെ അധ്യാപകന്മാരെപ്പറ്റി ഗുണദോഷവിചാരം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ലിതോളിനേയും ഫാമോയിനും മൊസ്സ്യു ദെൽവാങ് കൂറിന്നും [9] മൊസ്സ്യു ബ്ലാൻദോ [10] വിന്നുമുള്ള വ്യത്യാസത്തെ ഫൻതീന്നു വിവരിച്ചുകൊടുത്തു.

ഇന്ത്യൻസാൽവയുടെ ഛായയിലുള്ളതും വക്കത്ത് ഒറ്റക്കരയുള്ളതുമായ ഫേവറിറ്റിന്റെ വസ്ത്രത്തെ ഞായറാഴ്ചതോറും കൈയിന്മേലിട്ടു നടക്കാൻവേണ്ടി സ്പഷ്ടമായി സൃഷ്ടിക്കപ്പെട്ടവനാണ് ബ്ലാഷ്വേല്ല് എന്നു തോന്നി.

ആ യോഗത്തിനു കിരീടംവെച്ചുകൊണ്ടു തൊലോമിയെ പിൻതുടർന്നു. അയാൾക്ക് ബഹു ആഹ്ലാദം; എന്നാൽ മറ്റുള്ളവരിൽ അധികാരം നടത്തുന്ന ഒരുമട്ട് അയാളിൽ പ്രകാശിച്ചു; അയാളുടെ തമാശകളിൽ ഒരാജ്ഞയുണ്ടായിരുന്നു; ചെമ്പുകമ്പിമെടച്ചിലുള്ള ചുമൽപ്പട്ടകളോടുകൂടിയവയും കാക്കിത്തുണികൊണ്ടു് ‘ആനക്കാൽ‘പ്പരിഷ്കാരത്തിലുണ്ടാക്കിയവയുമായ കാലുറകൾ മാത്രമായിരുന്നു അയാളുടെ പ്രധാന ഭൂഷണം; ഇരുനൂറു ഫാങ്കു വിലയ്ക്കുള്ള ഒരു ചൂരൽ കൈയിലുണ്ട്; എന്നല്ല, അയാളെസ്സംബന്ധിച്ചതെന്തും ഒരു പുതുമാതിരിയായതുകൊണ്ടു, ചുരുട്ട് എന്നു പറയപ്പെടുന്ന ഒരത്ഭുതസാധനം വായിലുമുണ്ടായിരുന്നു. അയാൾക്ക് ഒന്നുമില്ല വലിയ സാരം; അയാൾ ചുരുട്ടുവലിച്ചു.

‘ആ തൊലോമിയെ ഒരു വല്ലാത്ത മനുഷ്യനാണു്!’ മറ്റുള്ളവർ ഭക്തിയോടുകൂടി പറഞ്ഞു, ‘എന്തു കാലുറ! എന്തു പ്രസരിപ്പ്!’

‘ഫൻതീനെപ്പറ്റിയാണെങ്കിൽ, അവളെ കാണുന്നത് ഒരു സന്തോഷമാണ്. അവളുടെ ചന്തമുള്ള പല്ലുകൾക്ക് ഈശ്വരന്റെ കൈയിൽനിന്നു പ്രത്യക്ഷത്തിൽ ഒരുദ്യോഗം കിട്ടിയിട്ടുണ്ട്—ചിരിക്കുക. വയ്ക്കോൽത്തുന്നലോടും നീണ്ട വെള്ളനാടകളോടും കുടിയ തന്റെ ചെറുതൊപ്പി തലയിൽ വെക്കുന്നതിനെക്കാളധികം കൈയിൽ വെക്കുന്നതായിരുന്നു അവൾക്കിഷ്ടം. ചുരുളാൻ നില്ക്കുന്നതും എളുപ്പത്തിൽ ചുരുളുന്നതും ഇടയ്ക്കിടയ്ക്കൊക്കെ പിടിച്ചു കെട്ടിയിടേണ്ടിവരുന്നതുമായ അവളുടെ ചെമ്പിച്ച തഴച്ചുള്ള തലമുടി, അലരിവൃക്ഷങ്ങൾക്കു ചുവട്ടിൽ ഗാലത്തി [11] യുടെ ഓടിപ്പോകൽ കാട്ടാൻവേണ്ടി ഉണ്ടാക്കപ്പെട്ടതോ എന്നു തോന്നി. പനിനീർപ്പൂപോലുള്ള അവളുടെ ചുണ്ടുകൾ ആരെയും മയക്കിപ്പോകുന്നവിധം കൊഞ്ചിക്കൊണ്ടിരുന്നു. എറിഗോണിലെ പഴയ മുഖാവരണങ്ങൾക്കുള്ളതുപോലെ, വിഷയസുഖേച്ഛയെ കാണിച്ചുകൊണ്ടു മേല്പോട്ടു കയറിയിരുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റങ്ങൾക്ക് അധികപ്രസംഗികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭാവവിശേഷി ഉണ്ടായിരുന്നു. പക്ഷേ, വരട്ടെ എന്നു പറയുന്നവിധം, അവളുടെ നീണ്ടുരുണ്ട കണ്ണിമകൾ മുഖത്തിന്റെ കീഴ്ഭാഗത്തുള്ള ആഹ്ലാദശീലത്തിനുമേലെ സൂക്ഷ്മതയോടെ ചാഞ്ഞു കിടക്കുന്നു. അവളുടെ ഉടുപ്പിലാസകലം, അനിർവാച്യമായ യോജിപ്പും ആകർഷകത്വവും കാണിക്കുന്ന എന്തോ ഒന്നുണ്ട്. ഇളനീലവർണത്തിൽ പരുത്തിപ്പട്ടുതുണികൊണ്ടുള്ള മേലുടുപ്പും; കുറച്ചു ചുകപ്പോടുകൂടി തവിട്ടുനിറത്തിലുള്ളവയും, വെളുത്തു നേർത്തു തുറസ്സായ കീഴ്ക്കാലുറകളുടെ മീതെ പട്ടുനാടക്കെട്ടുകൊണ്ട് x എന്നെഴുതിയുണ്ടാക്കിയവയും, മുട്ടോളം കയറിനിൽക്കുന്നവയുമായ ഒരുതരം പപ്പാസ്സുകളും; മാർസിയൈപ്പട്ടണത്തിൽ പുതുതായുണ്ടാക്കുന്നതായി, കിങ്സ് അവൊ എന്ന രണ്ടു വാക്കുകൾ കൂടിച്ചേർന്നതും, വെയിൽ, ഉച്ച എന്നെല്ലാം അർഥം വരുന്നതുമായ കാങ്ങെസൗ എന്ന പേരിൽ അറിയപ്പെടുന്ന അത്തരം ഒരു കറുങ്കുപ്പായവുമാണ് അവൾ ധരിച്ചിരുന്നത് ഞങ്ങൾ പറഞ്ഞുവെച്ചതുപോലെ, ഭീരുത്വം കുറഞ്ഞവരായ മറ്റു മൂന്നുപേർ യാതൊരാച്ഛാദനവും കൂടാതെ കഴുത്തു കിഴിഞ്ഞ ഉടുപ്പുകളാണിട്ടിരുന്നത്-പുഷ്പങ്ങളണിഞ്ഞ തൊപ്പികളുടെ ചുവട്ടിലാവുമ്പോൾ, വേനല്ക്കാലത്ത്, അവയ്ക്കു കാഴ്ചയിൽ നല്ല അന്തസ്സും ഭംഗിയുമുണ്ട്; എന്നാൽ ഈ അധികപ്രസംഗം കൂടിയ ചമയൽസ്സാമാനങ്ങൾക്കടുത്താവുമ്പോൾ, ചെമ്പിച്ച തലമുടിക്കാരിയായ ഫൻതീന്റെ ഈ കറുങ്കുപ്പായം, അതിന്റെ സ്വച്ഛതയോടും, അതിന്റെ അവിവേകിതയോടും, അതിന്റെ മന:സ്വഭാവത്തോടുംകൂടി, മറയ്ക്കുകയും വെളിപ്പെടുത്തുകയും ഒരേസമയത്തു ചെയ്തുകൊണ്ട്, ഈശ്വരൻ അനുഗ്രഹിച്ചരുളിയ ഹൃദയാകർഷകമായ ഒരൌചിത്യവിശേഷമായി തോന്നപ്പെട്ടു; കടൽനീലിമയുള്ള കണ്ണോടുകൂടിയ വിക്കൊംതെസ്സ് ദ് സെത്ത് ആധ്യക്ഷ്യം വഹിക്കുന്ന ആ പ്രസിദ്ധമായ അനുരാഗവിവേചനസഭ, പരിപൂർണമായ വിനയം ആർക്കാണെന്നുള്ള വിചാരണയിൽ, പക്ഷേ, തേവിടിശ്ലിത്തത്തിനുള്ള സമ്മാനം ഈ കറുങ്കുപ്പായത്തിനു കൊടുക്കുകയില്ലേ എന്നും സംശയമുണ്ട്. ഏറ്റവും കുലീനത്വമുള്ളതായിരിക്കും ചിലപ്പോൾ ഏറ്റവും അറിവുകൂടിയത്. ഇങ്ങനെ കാണാറുണ്ട്.

പ്രകാശമാനമായ മുഖം, നല്ല നീലനിറവും കനത്ത പോളകളുമുള്ള കണ്ണുകളോടുകൂടി കൌതുകകരമായ ആകൃതിവിശേഷം. ചെറുതായി കമാനാകൃതിയിലുള്ള കാലടി, അഴകുള്ള മണിബന്ധങ്ങളും ഞെരിയാണികളും, ആകാശച്ഛായയിൽ അവിടവിടെ പടർന്നുപിടിച്ച ഞരമ്പുകളെ കാണുമാറാക്കുന്ന വെളുത്ത ദേഹവർണം, ആഹ്ലാദം, ഇളയതും പുതിയതും തെളിവുള്ളതുമായ കവിൾത്തടം, പുഷ്ടിയുള്ള മുൻകഴുത്ത്, ശക്തിയുള്ളതും ക്ഷണത്തിൽ വളയുന്നതുമായ കണ്ഠനാളം, പട്ടുടുപ്പിലൂടെ കാണപ്പെടുന്ന ആ ഒരു മനസ്സുമയക്കുന്ന ഓമനക്കുഴി നടുവിലുള്ളവയും കൂത്തൂ [12] ഭംഗിപ്പെടുത്തിയതുപോലെ അത്രയും സുഭഗാകൃതിയോടു കൂടിയവയുമായ ചുമലുകൾ, മനോരാജ്യംകൊണ്ടു പതംവന്ന ഒരു സന്തോഷ ശീലം, കൊത്തിവെച്ച പ്രതിമയുടെ അന്തസ്സും ഭംഗിയും-ഇങ്ങനെയായിരുന്നു ഫൻതീൻ; സ്ത്രീജനോചിതങ്ങളായ ഈ ആഭരണങ്ങളുടേയും പട്ടുനാടകളുടേയും ഉള്ളിൽ ഒരു വിഗ്രഹവും ആ വിഗ്രഹത്തിനകത്ത് ഒരു ജീവനുമുണ്ടെന്ന് ആർക്കും ഊഹിക്കാൻ കഴിയും.

ഫൻതീൻ സുന്ദരിയായിരുന്നു-ആ കഥ വേണ്ടതിലധികം അവൾ അറിഞ്ഞിട്ടുമില്ല. അപൂർവമായി മാത്രം കാണപ്പെടുന്ന ആ മനോരാജ്യക്കാർ, ഒന്നും മിണ്ടാതെ എന്തിനേയും പരിപൂർണതയോട് ഒപ്പിച്ചുനോക്കുന്ന ആ സൌന്ദര്യപൂജകന്മാർ, ഈ ചെറിയ കൂലിപ്പണിക്കാരിയിൽ, നാഗരികത്വത്തോടുകൂടിയ അന്തസ്സിന്റെ സ്വച്ഛതയ്ക്കുള്ളിലൂടെ, പണ്ടത്തെ പരിപാവനമായ ലാവണൃഗുണത്തെ ഒരുനോക്കു കണ്ടുപിടിക്കുവാനും മതി. ഈ അജ്ഞാതത്വത്തിന്റെ-തമോനിബിഡതയുടെ-സന്താനത്തിൽ തികഞ്ഞ തറവാടിത്തമുണ്ടായിരുന്നു. അവൾ രണ്ടുവിധത്തിൽ സുന്ദരിയാണ്—രീതികൊണ്ടും പൊരുത്തംകൊണ്ടും. രീതി സർവ്വോത്കൃഷ്ടതയുടെ രൂപമാണ്; പൊരുത്തം അതിന്റെ ചേഷ്ടയും.

ഫൻതീൻ ആഹ്ലാദമാണെന്നു ഞങ്ങൾ പറഞ്ഞിട്ടുണ്ട്; അവൾ വിനയവുമായിരുന്നു.

സനിഷ്കർഷമായി അവളെ നോക്കിപ്പഠിച്ചിട്ടുള്ള ഒരു സുക്ഷ്മദർശിയുടെ കണ്ണിന്, അന്നത്തെ കാലത്തുള്ള പരിഷ്കാരലഹരിയുടേയും, ആ പ്രായത്തിന്റേയും, അവളുടെ അനുരാഗസംഗതിയുടേയുമെല്ലാം ഉള്ളിലായി അവളിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്നതെന്തോ, അത് അടക്കത്തിന്റേയും ഒതുക്കത്തിന്റേയും അപ്രതിഹതമായ ഒരു ദീപ്തിവിശേഷമായിരുന്നു. ഒന്നമ്പരന്നപോലെയായിരുന്നു അവൾ. ഈ അതിസ്വച്ഛമായ അമ്പരപ്പാണ് സൈക്കിനേയും [13] വീനസ്സിനേയും [14] തമ്മിൽ വേർതിരിക്കുന്ന ആ നേരിയ വ്യത്യാസരേഖ. ആ ഒരു സ്വർണസുചികൊണ്ടു് പാവനമായ അഗ്നികുണ്ഡത്തിലെ ചാരക്കട്ടകളെ നീക്കിക്കൊണ്ടിരിക്കുന്ന ആ കന്യകയായ ചാരിത്ര്യദേവതയുടെ നീണ്ടുവെളുത്ത ഭംഗിയുള്ള കൈവിരലുകളാണ് ഫൻതീന്നുള്ളത്. നമുക്ക് ഇനി മനസ്സിലാക്കുവാൻ വേണ്ടതിലധികം സൌകര്യം കിട്ടുന്നതിൻവിധം, തൊലോമിയെ ആവശ്യപ്പെടുന്നതൊന്നും അവളെക്കൊണ്ടു കൊടുക്കാതെ കഴിക്കാൻ വയ്യായിരുന്നു എങ്കിലും, ഉറക്കത്തിൽ അവളുടെ മുഖം അത്യുൽകൃഷ്ടമായ ചാരിത്ര്യശുദ്ധികൊണ്ടു വിളങ്ങിക്കാണപ്പെട്ടു; ചില സമയങ്ങളിൽ പെട്ടെന്ന് ഒരുതരം സഗൗരവവും ഏതാണ്ടു കഠിനവുമായ ഒരു മഹത്ത്വം അവളിലെങ്ങും കടന്നുവ്യാപിക്കും. ആഹ്ലാദശീലം ക്ഷണത്തിൽ നിലച്ചുപോവുകയും മധ്യേ ഇടയൊന്നുമില്ലാതെ പൊടുന്നനെ ഉത്സാഹമെല്ലാം മാറി മനോരാജ്യം വന്നുകൂടുകയും ചെയ്യുന്നതിനെക്കാൾ അത്ഭുതകരവും അമ്പരപ്പിക്കുന്നതുമായി മറ്റൊന്നില്ല. പെട്ടെന്നു കടന്നു ബാധിക്കുന്നതും എന്തെന്നില്ലാത്ത ശക്തിയിലും കനത്തിലും വന്നുകൂടുന്നതുമായ ഈ ഗൗരവം ഒരു ദേവതയുടെ ധിക്കാരത്തോടു കിടപിടിക്കുന്നു. അവളുടെ നെറ്റിത്തടം, അവളുടെ മുക്ക്, അവളുടെ കവിൾത്തടം—ഇതുകൾ, അതാതിന്റെ പരിണാമത്തിനുള്ള സമത്വത്തിൽനിന്നു തീരെ ഭേദപ്പെട്ടതായി ആകൃതിക്ക് ആകപ്പാടെയുള്ള യോജിപ്പിനെ വെളിപ്പെടുത്തിയിരുന്നു-മുഖത്തിന്റെ കൌതുകകരമായ ഒരിണക്കം ഇതുകൊണ്ടാണുണ്ടാകുന്നത്; മൂക്കിന്റെ അടിസ്ഥലത്തേയും മുകളിലത്തെ ചുണ്ടിനേയും തമ്മിൽ വേർതിരിക്കുന്ന ആ സ്വാഭാവികമായ അകൽച്ചയിൽ ദൃശ്യവും അത്രമേൽ ഹൃദയാകർഷകവുമായ ആ മടക്ക്—ഐക്കോണിയയിലെ ദിവ്യരത്നങ്ങളുടെ കൂട്ടത്തിൽ ഒരു ഡയാനയെ [15] കണ്ടുമുട്ടിയപ്പോൾ, ബാർ-ബൊറോസ്സിനെക്കൊണ്ട് [16] അവളിൽ അനുരാഗം തോന്നിച്ച ചാരിത്ര്യത്തിന്റെ ആ ഒരു ഗൂഢിചിഹ്നം —അവൾക്കുണ്ടായിരുന്നു. അനുരാഗം ഒരു തെറ്റാണ്; അങ്ങനെയാവട്ടെ. ഫൻതീൻ ആ തെറ്റിനു വളരെ മുകളിൽ പൊന്തിക്കിടക്കുന്ന നിർദ്ദോഷതയായിരുന്നു.

കുറിപ്പുകൾ

[7] പ്രസിദ്ധനായ ഗ്രീസ്സിലെ ഒരു തത്ത്വജ്ഞാനി ഇദ്ദേഹം മഹാനായ അലെക്സാണ്ടറുടെ സമകാലീനനാണ് അലെക്സാണ്ടറല്ലെങ്കിൽ തനിക്കു പിന്നെ ഡയോജിനിസ്സാവാനാണ് ആഗ്രഹമെന്നുള്ള ചക്രവർത്തിയുടെ വാക്കു പ്രസിദ്ധമാണു്.

[8] ഇംഗ്ലണ്ടിലെ ഒരു മഹാകവി.

[9] ഒരു പ്രസിദ്ധനായ ഫ്രഞ്ച് നിയമജ്ഞൻ പാരിസ്റ്റ് സർവ്വകലാശാലയിലെ ഉദ്യോഗസ്ഥൻ.

[10] ഒരു വിദ്യാലയാധ്യക്ഷൻ.

[11] ജലദേവതമാരിൽ ഒരുവൾ.

[12] ഫ്രാൻസിലെ ഒരു പ്രസിദ്ധനായ കൊത്തുപണിക്കാരൻ.

[13] ഗ്രീസിലെ പുരാണകഥയനുസരിച്ച് അസാധാരണ സൗന്ദര്യമുളള ഒരു രാജകുമാരി കാമദേവന്റെ പ്രാണപ്രിയ.

[14] റോംകാരുടെ ഇതിഹാസപ്രകാരം സൗന്ദര്യത്തിന്റെയും അനുരാഗത്തിന്റെയും അധിദേവത.

[15] ഇറ്റലിയിലെ പ്രകാശദേവത.

[16] ഒരു പൌരാണിക കഥാപാത്രം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.