images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.3
ഒരു തലയോട്ടിനുള്ളിൽ ഒരു കൊടുങ്കാറ്റ്

മൊസ്സ്യു മദലിയെൻ വാസ്തവത്തിൽ ഴാങ് വാൽഴാങ്ങല്ലാതെ മറ്റാരുമല്ലെന്നു നിശ്ചയമായും ഇതിനു മുൻപുതന്നെ വായനക്കാർ കണ്ടുപിടിച്ചിരിക്കും.

ഈ മനസ്സാക്ഷിയുടെ ആഴത്തിലേക്ക് ഞങ്ങൾ ഇതിനുമുൻപേ സൂക്ഷിച്ചു നോക്കിയിട്ടുണ്ട്; ഒന്നുകൂടി അതിലേക്ക് നോക്കേണ്ട ഘട്ടം വന്നിരിക്കുന്നു. സംഭ്രമത്തോടും ഭയപ്പാടോടും കൂടാതെയല്ല ഞങ്ങൾ ഇതു ചെയ്യുന്നത്. ഇത്തരം നിരൂപണത്തേക്കാൾ ഭയങ്കരമായി യാതൊന്നും ഭൂമിയിലില്ല. അന്തഃകരണദൃഷ്ടിക്കു മനുഷ്യനിലുള്ളതിലധികം കണ്ണഞ്ചിക്കുന്ന പ്രകാശവും അന്ധകാരവും മറ്റൊരിടത്തും കാണാൻ കഴിയില്ല; അതിലധികം ഭയങ്കരമായും സമ്മിശ്രമായും അത്ഭുതകരമായും അപാരമായുമുള്ള മറ്റൊന്നിന്മേലും ഊന്നിനോക്കാൻ സാധിക്കുകയില്ല. സമുദ്രത്തെക്കാൾ മഹത്തരമായ ഒരു കാഴ്ചയുണ്ട് അത് ആത്മാവിന്‍റെ ഏററവും ആഴത്തിലുള്ള അന്തർഭാഗമാണ്.

മനുഷ്യന്റെ അന്തഃകരണത്തെക്കുറിച്ചുള്ള കാവ്യമുണ്ടാക്കുന്നത്—അത് ഒരൊറ്റാളെപ്പറ്റി മാത്രമുള്ളതായാലും മനുഷ്യരിൽവെച്ച് അതിനികൃഷ്ടനെസ്സംബന്ധിച്ചതായിരുന്നാലും കൂടി—എല്ലാ ഇതിഹാസങ്ങളേയും സർവോൽകൃഷ്ടവും സത്യപ്രതിപാദകവുമായ ഒരു മഹാകാവ്യത്തിൽ കൂട്ടിയിണക്കുകയായിരിക്കും. മായാമോഹങ്ങളുടേയും കാമവികാരങ്ങളുടേയും പ്രലോഭനങ്ങളുടേയും കൂടിയ തമോനിബിഡതയാണ് അന്തഃകരണം; മനോരാജ്യങ്ങളുടെ ചൂളപ്പുര; നമുക്കു ലജ്ജതോന്നിക്കുന്ന വിചാരങ്ങളുടെ മട; സത്യാഭാസങ്ങളുടെ ചെകുത്താൻസഭ; വികാരങ്ങളുടെ യുദ്ധക്കളം. ചില സമയങ്ങളിൽ, ആലോചനയിൽപ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്റെ കരുവാളിച്ച മുഖത്തെ വിട്ടുകടന്ന് ഒന്നു പിന്നോക്കം നോക്കുക, ആ ആത്മാവിലേക്ക് സൂക്ഷിച്ചുനോക്കുക, ആ അന്ധകാരത്തിലേക്ക് സൂക്ഷിച്ചു നോക്കുക—അവിടെ, ആ ബൃഹദ്ഭാഗത്തെ നിശബ്ദതയ്ക്കടിയിൽ ഹോമറുടെ കവിതയിൽ രേഖപ്പെട്ടിട്ടുള്ളവയോടൊത്ത രാക്ഷസയുദ്ധങ്ങളും, മിൽട്ടന്റെ കൃതികളിലെപ്പോലെ പിശാചുക്കളും ഭയങ്കരജന്തുക്കളും പ്രേതരൂപിസംഘങ്ങളും തമ്മിലുള്ള ഇടപ്പോരുകളും, ദാന്തെ പറയുന്നതുപോലുള്ള മനോരാജ്യസൃഷ്ടികളുടെ ആവർത്തനങ്ങളും നടക്കുന്നുണ്ടാവും. ഓരോ മനുഷ്യനും തന്നിൽ കൊണ്ടുനടക്കുന്നതും, തന്റെ ബുദ്ധിയുടെ ചാപല്യങ്ങളോടും ജീവിതത്തിലെ പ്രവൃത്തികളോടും എതിർവെച്ച് അയാൾ നിരാശതയോടുകൂടി അളന്നുനോക്കുന്നതുമായ ഈ അപാരത എന്തൊരു ഗംഭീരവസ്തുവാണ്!

കാഴ്ചയിൽ അപകടം പിടിച്ച ഒരു വാതിലിന്റെ മുൻപിൽ ഒരു ദിവസം ചെന്നുമുട്ടി ദാന്തെ ശങ്കിച്ചു നില്‍ക്കയുണ്ടായി. ഇതാ ഒന്നു ഞങ്ങളുടെ മുൻപിൽ; അതിന്റെ ഉമ്മറത്തെത്തി ഞങ്ങളും ശങ്കിക്കുന്നു. ഏതായാലും അകത്തു കടക്കുക തന്നെ.

ഴെർവെയ്ക്കുട്ടിയുമായുണ്ടായ സംഭവത്തിനുശേഷമുള്ള ഴാങ് വാൽഴാങ്ങിന്റെ കഥയിൽ വായനക്കാർക്ക് ഇപ്പോൾത്തന്നെ അറിവുള്ളതിനോട് അധികമൊന്നും ഞങ്ങൾക്ക് പറഞ്ഞുകൂട്ടാനില്ല. അതു മുതൽ, നമ്മൾ കണ്ടതിൻവണ്ണം, അയാൾ തികച്ചും വേറൊരാളായി. അയാളെ എങ്ങനെയാക്കണമെന്നാണോ: മെത്രാനാഗ്രഹിച്ചത്, അയാൾ അതായിക്കഴിഞ്ഞു. അതൊരു രൂപാന്തരപ്പെടലിലും അധികമായിരുന്നു; ഒരാത്മാന്തരപ്പെടൽ.

അയാൾക്കു മറഞ്ഞുകളയാൻ സാധിച്ചു; അയാൾ ഒരു സ്മാരകമായി മെത്രാന്‍റെ മെഴുതിരിക്കാൽ മാത്രം സൂക്ഷിച്ചു, ബാക്കി വെള്ളിസ്സാമാനമെല്ലാം വിറ്റു; പട്ടണത്തിൽനിന്നു പട്ടണത്തിലേക്കായി പതുങ്ങിനടന്നു, ഫ്രാൻസ് മുഴുവനും സഞ്ചരിച്ച് എം.പട്ടണത്തിലെത്തി; ഞങ്ങൾ പറഞ്ഞ യുക്തി ആലോചിച്ചുണ്ടാക്കി; ഞങ്ങൾ വിവരിച്ചവിധം അതു സാധിപ്പിച്ചു; പൊല്ലീസ്സുകാരുടെ പിടുത്തത്തെ പേടിക്കാനില്ലെന്ന നിലയിലും ആർക്കും അടുത്തുകൂടാത്ത മട്ടിലുമാവാൻ അയാൾക്കു സാധിച്ചു. അങ്ങനെ, അതുമുതല്‍ക്കു, പണ്ടു കഴിഞ്ഞതുകളെക്കൊണ്ടു കുണ്ഠിതപ്പെടുന്ന മനസ്സാക്ഷിയേയും അവസാനനത്തെപ്പകുതികൊണ്ടു നേരല്ലാതായിത്തീർന്ന ജീവിതത്തിലെ ആദ്യത്തെപ്പകുതിയേയും കാണുന്നതിൽ സുഖിതനായി, സമാധാനത്തോടും ധൈര്യത്തോടും ആശകളോടുംകൂടി, തന്റെ പേരിനെ മറയ്ക്കുകയും തന്റെ ജീവിതത്തെ പരിശുദ്ധമാക്കുകയും, മനുഷ്യരിൽനിന്നു വിടുകയും ഈശ്വരനോടടുക്കുകയും എന്ന രണ്ടു വിചാരം മാത്രമായി, അയാൾ എം.പട്ടണത്തിൽ സ്ഥിരതാമസമാക്കി.

ഈ രണ്ടു വിചാരങ്ങൾ അയാളുടെ മനസ്സിൽ അത്രമേൽ കൂടിപ്പിണഞ്ഞു. രണ്ടുംകൂടി ഒന്നായിത്തീർന്നിരുന്നു; രണ്ടും ഒരേവിധം ലയിപ്പിക്കുന്നതും ആജ്ഞ നടത്തിക്കുന്നതുമായിരുന്നു; അയാളുടെ എത്ര നിസ്സാരപ്രവൃത്തികളേയും അവ രണ്ടും ഒരേവിധം ഭരിച്ചുപോന്നു. സാധാരണമായി അവ അയാളുടെ ജീവിതസ്വഭാവത്തെ ക്രമപ്പെടുത്തുവാൻ കൂറുകൂടി; അവ അയാളെ നിഴലിലേക്കു തിരിച്ചു പിടിച്ചു; അയാളെ സാധുവും ദയാലുവുമാക്കി; ഒരേതരം കാര്യങ്ങൾ പ്രവർത്തിക്കുവാൻ അവ രണ്ടും അയാൾക്കുപദേശം കൊടുത്തു. എങ്കിലും; ചില സമയങ്ങളിൽ അവ ശണ്ഠകൂടിയിരുന്നു. അപ്പോൾ എം.പട്ടണക്കാരെല്ലാം മൊസ്സ്യു മദലിയെൻ എന്നു വിളിച്ചുവരുന്ന മനുഷ്യൻ, ഒന്നാമത്തേതിനെ രണ്ടാമത്തേതിനുവേണ്ടി, തന്റെ രക്ഷയെ തന്റെ മനോഗുണത്തിനുവേണ്ടി, ബലികൊടുപ്പാൻ മടിച്ചിരുന്നില്ല. അങ്ങനെ തന്റെ എല്ലാ കരുതലും തന്റെ എല്ലാവകതിരിവുമിരുന്നാലും അയാൾ മെത്രാന്റെ മെഴുതിരിക്കാലുകൾ സൂക്ഷിച്ചു; അദ്ദേഹത്തെച്ചൊല്ലി ദീക്ഷ കൈക്കൊണ്ടു; ആ വഴിക്കു പോകുന്ന എല്ലാ തെണ്ടിക്കുട്ടികളേയും വിളിച്ചു വർത്തമാനം ചോദിച്ചു; ഫെവറോളെയിലെ കുടുംബങ്ങളെപ്പറ്റി വിവരങ്ങൾ ശേഖരിച്ചു; അസ്വാസ്ഥ്യപ്പെടുത്തുന്നവയായ ഴാവേറുടെ കുത്തിക്കുത്തിപ്പറയലിരുന്നിട്ടും, ആ കിഴവനായ ഫൂഷൽ വാങ്ങിനെ രക്ഷിച്ചു. ഞങ്ങൾ പറഞ്ഞതുപോലെ, ജ്ഞാനികളും നീതിനിഷ്ഠരും പരിശുദ്ധജീവിതരുമായ അത്തരം സകലരേയും അനുകരിച്ച് അയാളും തന്റെ ഒന്നാമത്തെ മുറ തന്നെസ്സംബന്ധിച്ചതല്ലെന്നു ധരിച്ചിരുന്നുവോ എന്നു തോന്നി.

അതോടൊപ്പംതന്നെ, ഇതുപോലെയുള്ള മറ്റൊന്നും ഇതേവരെ അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിച്ചിട്ടില്ലെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.

ആരുടെ കഷ്ടപ്പാടുകളെയാണോ ഞങ്ങൾ വിവരിക്കുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യനെ ഭരിച്ചുപോന്ന രണ്ടു വിചാരങ്ങൾ ഇത്ര സഗൌരവമായ ഒരു ശണ്ഠയിൽ ഒരിക്കലും പെട്ടിട്ടില്ല. ഴാവേർ തന്റെ പ്രവൃത്തിമുറിയിലേക്കു വന്ന് ആദ്യത്തെവാക്കുകൾ പറഞ്ഞുകേട്ടപ്പോൾത്തന്നെ ഇതയാൾക്കു സമ്മിശ്രമായിട്ടെങ്കിലും നല്ലവണ്ണം ഉള്ളിൽക്കൊള്ളുമാറ് മനസ്സിലായി. അത്രയസംഖ്യം അടക്കുകൾക്കുള്ളിൽ കുഴിച്ചുമൂടി വെച്ചിട്ടുള്ള പേർ അത്ര അത്ഭുതകരമായ വിധം ഉച്ചരിക്കപ്പെട്ടപ്പോൾ, തന്റെ പ്രാരബ്ധകർമ്മത്തിന്റെ ആ അപകടംപിടിച്ച അസാധാരണമട്ടുകൊണ്ടു, ലഹരി പിടിച്ചിട്ടെന്നപോലെ, അയാൾ ഒന്നു മോഹാലസ്യപ്പെട്ടു; ആ മോഹാലസ്യത്തിലൂടെ, വലുതായ ക്ഷോഭങ്ങൾക്കുണ്ടാകുന്ന ആ ഒരു വിറ അയാൾക്കു തോന്നി. കൊടുങ്കാറ്റിന്റെ വരവിൽ ഒരു വൃക്ഷമെന്നപോലെ, ശത്രു സൈന്യാക്രമണത്തിൽ ഒരു യുദ്ധഭടനെന്നപോലെ അയാൾ ഒന്നു ചാഞ്ഞു. ഇടിവെട്ടുകൾകൊണ്ടും മിന്നൽപ്പിണരുകൾകൊണ്ടും നിറഞ്ഞ ഇരുൾപ്പാടുകൾ തന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി. ഴാവേർ പറയുന്നതും കേട്ടിരിക്കുമ്പോൾ, ഒന്നാമതായി അയാൾക്കു തോന്നിയത് അവിടെനിന്ന് ഓടിപ്പോകാനാണ്—പാഞ്ഞുചെന്നു കുറ്റക്കാരനെന്നു സമ്മതിക്കാൻ, ആ ഷാങ്മാത്തിയോവിനെ തടവിൽനിന്നു പിടിച്ചുനീക്കി ആ സ്ഥാനത്തു ചെന്നു നില്‍ക്കാൻ; ഇതു, ജീവനോടുകൂടിയിരിക്കുമ്പോൾ മാംസത്തിലെങ്ങും കൊത്തിവരയുന്നതുപോലെ, വേദനപ്രദവും മർമ്മഭേദകവുമായിരുന്നു. പിന്നീട് അത് പോയി! സ്വയം പറഞ്ഞു, നമുക്ക് കാണാം! നമുക്കു കാണാം” ഈ ആദ്യത്തെ സമര്യാദമായ പ്രകൃതിബോധത്തെ അയാൾ അമർത്തി; പരുഷത്തിനു മുൻപിൽ ചൂളി.

മെത്രാന്റെ ദിവ്യോപദേശത്തിന്നനുരൂപമായി, അത്രയുമധികം കാലത്തെ പശ്ചാത്താപത്തിനും സ്വാർഥനിഷേധത്തിനും യോജിക്കുമാറ് അഭിനന്ദനീയമായാരംഭിച്ച തപോവൃത്തിയുടെ നടുവിൽവെച്ച്, ഈ മനുഷ്യൻ അത്രമേൽ ഭയങ്കരമായൊരു വിചാരത്തിനു മുൻപിലും ഞൊടിനേരംപോലും കൂസാതെ ഒരേവിധം കാൽവെപ്പോടുകൂടിത്തന്നെ, അടിയിൽ സ്വർഗം കിടക്കുന്ന ആ വായ പൊളിച്ച അഗാധഗുഹയിലേക്കു നേരെ നടന്നു ചെന്നിരുന്നുവെങ്കിൽ, നിശ്ചയമായും, അതു ബഹുകൌതുകകരമായേനേ; ഉവ്വ്, അതു കൌതുകകരമായിരിക്കും; പക്ഷേ, അങ്ങനെയല്ല ഉണ്ടായത്. ഈ ആത്മാവിനുള്ളിൽ കഴിഞ്ഞ സംഗതികളെക്കുറിച്ചു ഞങ്ങൾ കണക്കു പറയണം; അതിലുണ്ടായതിനെപ്പറ്റി പറയുക മാത്രമേ ഞങ്ങളേക്കൊണ്ടു സാധിക്കൂ. ആദ്യത്തിൽ ആത്മരക്ഷയ്ക്കുള്ള പ്രകൃതിബോധം അയാളേയുംകൊണ്ടു നടന്നു; ഉത്തരക്ഷണത്തിൽ അയാൾ തന്റെ ആലോചനകളെയെല്ലാം ബദ്ധപ്പെട്ടു പിടിച്ചുകൂട്ടി; വികാരങ്ങളെ അമർത്തി; ഴാവേറുടെ സന്നിധാനത്തെപ്പറ്റി, ആ മഹത്തായ ആപത്തിനെക്കുറിച്ച് ആലോചിച്ചു; ഭയപ്പാടിനുള്ള സ്ഥൈര്യത്തോടുകൂടി എല്ലാ തീർപ്പുകളെയും നീട്ടിവെച്ചു; കർത്തവ്യമെന്നുള്ള വിചാരത്തെ കുടഞ്ഞുകളഞ്ഞ്, ഒരു യുദ്ധഭടൻ തന്റെ പരിച കടന്നെടുക്കുന്നതു പോലെ, അയാൾ തന്റെ ശാന്തതയെ വീണ്ടും അവലംബിച്ചു.

അന്നത്തെ ദിവസം മുഴുവനും അയാൾ ഈ നിലയിൽ നിന്നു—അകത്ത് ഒരു ചുഴലിക്കാറ്റ്, പുറത്ത് ഒരഗാധ ശാന്തത. “കേടുവരാതെ നിർത്താനുള്ള വിദ്യകൾ” എന്നു പറയാവുന്ന ഒന്നും അയാൾ നോക്കിയില്ല. അപ്പോഴും അയാളുടെ തലച്ചോറിനുള്ളിൽ സകലവും തമ്മിൽ കെട്ടിമറിഞ്ഞും ഉന്തിയും തള്ളിയും തന്നെയായിരുന്നു. ഒരൊറ്റ ആലോചനയുടെയെങ്കിലും സ്വരൂപം വ്യക്തമായിക്കാണാനും, ഒരു വല്ലാത്ത തല്ലുകൊണ്ടു എന്നല്ലാതെ തന്നെപ്പറ്റി മറ്റൊന്നും പറയാനും കഴിയാതാകത്തക്കവിധം അയാളുടെ മനഃശല്യം അത്രമേൽ വലുതായിരുന്നു.

പതിവുപോലെ, അയാൾ ഫൻതീന്റെ ദീനക്കിടയ്ക്കയുടെ അടുക്കലേക്കു ചെന്നു; പ്രകൃത്യാ ഉള്ള ഒരു ദയാശീലം നിമിത്തം അയാൾ, താൻ ആവിധം പ്രവർത്തിക്കേണ്ടതാണെന്നു സ്വയം പറഞ്ഞുകൊണ്ട്, അവിടെ കുറച്ചധികനേരം നിന്നു; എന്നല്ല, തനിക്കിവിടം വിടേണ്ടിവരുന്നപക്ഷം അവളെ നല്ലവണ്ണം നോക്കിക്കൊള്ളണമെന്ന് ആ കന്യകാമഠസ്ത്രീകളെ ഏല്‍പിക്കയും ചെയ്തു. ആറായിലേക്കു പോകേണ്ടിവന്നേക്കാമെന്നൊരു നേരിയ വിചാരം അയാൾക്കുണ്ടായിരുന്നു; അങ്ങനെ, ആ വഴിയാത്രയെപ്പറ്റി ലേശമെങ്കിലും തീർച്ചപ്പെടുത്തിക്കഴിയാതെ, തന്നെപ്പറ്റി സംശയിക്കുക എന്ന ആ ശബ്ദത്തിന്നേ വഴിയില്ലാത്ത സ്ഥിതിക്ക്, അവിടെ കഴിയുന്ന സംഭവങ്ങൾ കണ്ടറിയുന്നതിൽ അസാംഗത്യമൊന്നുമില്ലല്ലോ എന്നയാൾ വിചാരിച്ചു; ഏതെങ്കിലും ഇരിക്കട്ടെ എന്നുവെച്ച് അയാൾ സ്കോഫ്ളേറുടെ വണ്ടി ശട്ടംചെയ്തു.

ഒരു നല്ല രുചിയോടുകുടി അയാൾ ഭക്ഷണം കഴിച്ചു.

മടങ്ങി തന്റെ മുറിയിൽ എത്തിയിട്ടു, അയാൾ ഇരുന്നു മനോരാജ്യം വിചാരിച്ചു.

അയാൾ തന്റെ സ്ഥിതിയെ പരീക്ഷണം ചെയ്തു; അഭൂതപൂർവമായിക്കണ്ടു—തന്റെ മനോരാജ്യത്തിനിടയിൽ; വ്യാകുലതയുടെ അനിർവചനീയമായ ഏതോ പ്രേരണയാൽ, ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു വാതിൽസാക്ഷയിടത്തക്കവിധം അത്രമേൽ അഭൂതപൂർവം. വേറെ ചിലതുകൂടി കടന്നുവന്നെങ്കിലോ എന്നയാൾ പേടിച്ചു, സംഭാവൃതകളുടെ ആക്രമണത്തിൽനിന്ന് അയാൾ തന്നത്താൻ രക്ഷപ്പെടുത്തി നിർത്തുകയായിരുന്നു.

ഒരുനിമിഷംകൂടി കഴിഞ്ഞു. അയാൾ വിളക്കു കെടുത്തി; ആ വെളിച്ചം അയാളെ സംഭ്രമിപ്പിച്ചു.

അയാൾക്കു താൻ കാണപ്പെട്ടെങ്കിലോ എന്നു തോന്നി.

ആരാൽ?

കഷ്ടം! അയാൾക്ക് എന്തൊന്നിനെയാണോ വരാതെയാക്കേണ്ടത്, അതവിടെ എത്തിക്കഴിഞ്ഞിരിക്കുന്നു; ഏതൊന്നാണോ കാണാതിരിക്കേണ്ടത്, അത് അയാളുടെ മുഖത്തേക്കു തുറിച്ചുനോക്കുന്നു—അയാളുടെ മനസ്സാക്ഷി.

അയാളുടെ മനസ്സാക്ഷി; എന്നുവെച്ചാൽ, ഈശ്വരൻ.

എങ്കിലും, അയാൾ ആദ്യത്തിൽ തന്നെത്തന്നെ അന്ധാളിപ്പിച്ചു; രക്ഷയും ഏകാന്തതയും കിട്ടിയതായി അയാൾക്കു തോന്നി; സാക്ഷ നീങ്ങിയപ്പോൾ താൻ അലംഘനീയനാണെന്നു കരുതി; വിളക്കു കെടുത്തിയപ്പോൾ താൻ അദൃശ്യനായെന്നുറച്ചു. എന്നിട്ട് അയാൾ അവനവനെ കൈയിൽപ്പിടിച്ചു; കൈമുട്ടുകൾ മേശമേൽ കുത്തി തല കൈയിൽ ചായ്ച്ച്, ഇരുട്ടത്തിരുന്നു മനോരാജ്യം തുടങ്ങി:

“ഞാനിപ്പോൾ എവിടെയാണ്? സ്വപ്നം കാണുകയില്ലേ? എന്തേ ഞാൻ കേട്ടത്? ഞാൻ ആ ഴാവേറെ കണ്ടു എന്നതും എന്നോട് ആ നിലയിൽ സംസാരിച്ചു എന്നതും വാസ്തവത്തിൽ നേരാണോ? ആ ഷാങ്മാത്തിയോ ആരായിരിക്കാം? അപ്പോൾ അയാൾക്ക് എന്റെ ഛായയുണ്ട്; അതു വരുമോ? ഓർക്കു. ഇന്നലെ ഞാനെത്ര മനസ്സമാധാനത്തോടു കൂടിയായിരുന്നു; എന്തെങ്കിലുമൊന്നു സംശയിച്ചിരുന്നുവോ! ഇന്നലെ ഈ നേരത്തു ഞാൻ എന്തേ ചെയ്തിരുന്നത്? ഈ സംഭവത്തിൽ എന്താണുള്ളത്? എന്താവും അവസാനം? എന്തു ചെയ്യണം?”

അയാൾ സ്വയം ചെന്നുപെട്ടതായിക്കണ്ട മനോവേദന ഇതായിരുന്നു. ആലോചനകളെ വിടാതെ നിർത്തുവാൻ വേണ്ട ശക്തി അയാളുടെ തലച്ചോറിനില്ലാതായി; അവ കടൽത്തിരകളെപ്പോലെ കടന്നുപോകുന്നു; അവയെ പിടിച്ചുനിർത്താൻവേണ്ടി അയാൾ തന്റെ നെറ്റിത്തടത്തെ രണ്ടു കൈകൊണ്ടും അമർത്തി. അയാളുടെ മനഃശക്തിയേയും വിവേകത്തേയും കീഴ്മേൽ മറിച്ചതും അയാൾ തെളിവും തീർപ്പും ഉള്ളിൽനിന്നു പിഴുതെടുക്കുവാൻ ഉദ്ദേശിച്ചതുമായ ലഹളയിൽനിന്നു കഠിനദുഃഖമല്ലാതെ മറ്റൊന്നും പുറത്തേക്കു വന്നില്ല.

അയാളുടെ തലയ്ക്കു തീപ്പിടിച്ചിരിക്കുന്നു. അയാൾ ജനാലയുടെ അടുക്കൽച്ചെന്ന്, അത് മലർക്കെ ഉന്തിത്തുറന്നു. ആകാശത്തിൽ നക്ഷത്രങ്ങളില്ല. അയാൾ മടങ്ങി, മേശക്കരികിൽത്തന്നെ വന്നിരിപ്പായി.

ആദ്യത്തെ മണിക്കൂർ ഇങ്ങനെ കഴിഞ്ഞൂ.

എങ്കിലും അവ്യക്തങ്ങളായിരുന്ന നിഴല്‍പാടുകൾക്കു ക്രമേണ രൂപംവെക്കാനും അവ അയാളുടെ മനോരാജ്യത്തിൽ നിലക്കൊള്ളാനും തുടങ്ങി; പരമാർത്ഥതയ്ക്കുള്ള കണിശത്തോടുകൂടി, മുഴുവൻ സ്ഥിതിയെയല്ല, ഏതാനും ഭാഗങ്ങളെ അയാൾക്ക് ഒരുനോക്കു കാണാൻ കഴിഞ്ഞു. അപ്പോഴത്തെ സ്ഥിതി വിഷമവും അസാധാരണവുമായിരുന്നാലും അതു തികച്ചും തന്റെ കീഴിലാണെന്നുള്ള വാസ്തവം കണ്ടറിഞ്ഞുകൊണ്ട് അയാൾ ആരംഭിച്ചു.

ഇത് അയാളുടെ അമ്പരപ്പിനെ വർദ്ധിപ്പിക്കുക മാത്രം ചെയ്തു.

തന്റെ പ്രവൃത്തികൾക്കെല്ലാം താൻ നിശ്ചയിച്ചിട്ടുള്ള ആ സഗൌരവവും ധർമ്മപരവുമായ ഉദ്ദേശ്യത്തെ ബാധിക്കാതെ, അയാൾ അതേവരെയായി ചെയ്തിട്ടുള്ളതെല്ലാം കൂടിയാൽ തന്റെ പേരിനെ ഇട്ടുമൂടൂവാനുള്ള ഒരു കുഴിയാണ്. ഉറക്കം വരാത്ത രാത്രികളിൽ സ്വയം മനോരാജ്യം വിചാരിക്കുന്ന സമയത്തെല്ലാം അയാൾക്കു സർവോപരിയായ ഭയം തന്റെ പേർ എപ്പോഴെങ്കിലും പറഞ്ഞുകേൾക്കുമോ എന്നായിരുന്നു; അതോടുകൂടി തന്റെ കഥ കഴിയുമെന്ന് അയാൾ വിചാരിച്ചു; ആ പേർ വീണ്ടും വന്നു മുഖം കാണിക്കുന്ന ദിവസമെന്നോ അന്നു തന്റെ പുതുജീവിതം എന്നല്ല—ആർക്കറിയാം? തന്റെ പുതിയ ആത്മാവുകൂടിയും മറഞ്ഞുകളയുമെന്ന അയാൾക്കു തോന്നി. ഇങ്ങനെ വരാം എന്നു വിചാരിക്കുമ്പോൾത്തന്നെ അയാൾ വിറച്ചിരുന്നു, ആ സമയങ്ങളിൽ ആരെങ്കിലും അയാളോട് ആ പേർ ചെകിട്ടിൽ വന്നു മുഴങ്ങുന്ന ഒരു കാലം—ഴാങ് വാൽഴാങ് എന്ന ഭയങ്കര ശബ്ദം അന്ധകാരത്തിൽനിന്നു പെട്ടെന്നു പൊന്തിപ്പുറപ്പെട്ട അയാളുടെ മുൻപിൽ പ്രത്യക്ഷീഭവിക്കുന്ന ഒരു ഘട്ടം— അയാൾ ചുറ്റും വളർത്തിയുണ്ടാക്കുന്ന നിഗൂഡതയെ ചിന്നിപ്പറപ്പിക്കാൻ പോന്ന ആ അലംഘനീയ ദീപ്തി പെട്ടെന്നു തന്റെ തലയ്ക്കു മുകളിൽ മിന്നിക്കളയുന്ന ഒരു സന്ദർഭം—വന്നേക്കുമെന്നും; അപ്പോൾ, ആ പേർ അയാളെ ഭയപ്പെടുത്തുകയില്ലെന്നും, ആ പ്രകാശം കുറെക്കൂടി കനമുള്ള ഒരിരുട്ടിനെയുണ്ടാക്കുക മാത്രമേ ചെയ്യു എന്നും, ആ കീറിപ്പറിഞ്ഞ മൂടുപടം നിഗൂഡതയെ വലുതാക്കുകയേ ഉള്ളൂ എന്നും, ആ ഭൂകമ്പം അയാളുടെ കോട്ടയെ ഉറപ്പിക്കുമെന്നും, ആ മഹത്തായ സംഭവം അയാളെസ്സംബന്ധിച്ചേടത്തോളം—അയാൾക്കു ഗുണം അതാണെങ്കിൽ—അയാളുടെ സ്ഥിതിയെ ക്ഷണത്തിൽ കുറേക്കൂടി സ്വൈരവും കുറേക്കൂടി അലംഘനീയവുമാക്കിത്തീർക്കുവാൻ മാത്രം ഫലപ്പെടുമെന്നും എന്നല്ല, ഴാങ് വാൽഴാങ് എന്ന ആ പ്രേതവുമായുള്ള നേരിടലിൽനിന്നു സുശീലനും മാന്യനുമായ മൊസ്സ്യു മദലിയെൻ എന്ന പൌരൻ പൂർവാധികം ബഹുമതിയോടും സമാധാനത്തോടും അഭൂതപൂർവമായ പൂജ്യതയോടുംകൂടി പുറത്തു വന്നു കൊള്ളുമെന്നും—അതേ, ആരെങ്കിലും അയാളോട് ഈ വിധം പറഞ്ഞിരുന്നുവെന്കില്‍, അയാൾ തലയിളക്കുകയും ആ പറഞ്ഞതെല്ലാം ഒരു ഭ്രാന്തന്റെ വാക്കുകളാണെന്നു കരുതുകയും ചെയ്യും. എന്നാൽ, ഇതൊക്കെത്തന്നെയാണ് വാസ്തവത്തിൽ ഇപ്പോൾ വന്നുകൂടിയത്; അസംഭാവ്യതകളുടെ ആ മഹത്തായ സമുച്ചയം ഒരു വാസ്തവസംഗതിയായി; ഈ കഥയില്ലാത്ത മനസ്സങ്കല്‍പങ്ങൾക്കു സത്യാവസ്ഥകളായിത്തീരുവാൻ ഈശ്വരൻ അനുവാദം കൊടുത്തു.

അയാളുടെ മനോരാജ്യം അധികമധികം സുവ്യക്തമായിത്തുടങ്ങി. പിന്നെയും പിന്നെയും അയാൾക്കു തന്റെ സ്ഥിതി മനസ്സിലായിവന്നു.

അനിർവചനീയമായ സ്വപ്നത്തിൽനിന്നു താൻ അപ്പോൾ കഷ്ടിച്ചുണർന്നതേയുള്ളു എന്നും, അർദ്ധരാത്രിസമയത്തു നിവർന്നും വിറകൊണ്ടും സകലത്തിന്മേലും വെറുതെ പിടികൂടിയും, പാതാളത്തിന്റെ വെറും വക്കത്ത് ഒരു കടുംതൂക്കത്തിലൂടെ താൻ ഉരസിവീഴുന്നതായിക്കണ്ടു എന്നും അയാൾക്കു തോന്നി. ആ ഇരുട്ടത്ത് അയാൾ, ഒരപരിചിതനെ—താനാണെന്നുവെച്ച് വിധിയാൽ തെറ്റിപ്പിടികൂടപ്പെട്ടവനും, ആ ഇരുൾക്കുഴിയിലേക്കു തന്റെ പകരമായി പിടിച്ചുതള്ളപ്പെടുന്നവനുമായി മുൻപു കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ—വ്യക്തമായി കണ്ടു; ആ ഇരുൾക്കുഴിയുടെ വായ ഒരിക്കൽക്കൂടി അടയുന്നതിന്നു താനോ അല്ലെങ്കിൽ ആ മറ്റേ ആളോ, അതിൽ വീണേ കഴിയു; സംഗതികളെ അവയുടെ വഴിക്കു നടന്നോട്ടെ എന്നുവെക്കുക മാത്രമേ അയാൾ ചെയ്യേണ്ടതുള്ളു.

വെളിച്ചം പൂർണമായി; ഇതയാൾ സ്വയം സമ്മതിച്ചു; തണ്ടുവലിശിക്ഷസ്ഥലത്തുള്ള തന്റെ സ്ഥാനം ഒഴിവാണ്; എന്തുതന്നെ ചെയ്താലും ശരി, അതപ്പോഴും തന്നെ കാത്തുനില്‍ക്കുന്നു; ഴെർവെയ്ക്കുട്ടിയോടു ചെയ്ത മോഷണമാണ് തന്നെ അങ്ങോട്ടു തിരികെ കൊണ്ടുപോയത്; ആ ഒഴിവുസ്ഥലം താൻ ചെന്നു നിറയ്ക്കുന്നതുവരെ, തന്നെയും കാത്തുനില്‍ക്കുകയും, തന്നെ അങ്ങോട്ടു വലിക്കുകയും ചെയ്യും; ഇതിനു മാറ്റമില്ല, ഇതു തലയിലെഴുത്താണ്. പിന്നീട് അയാൾ തന്നത്താൻ പറഞ്ഞു, ഇപ്പോൾ തനിക്കു പകരം ഒരാളുണ്ടായിട്ടുണ്ട്; ഷാങ്മാത്തിയോ എന്നൊരാൾക്ക് ആ നിർഭാഗ്യം വന്നുപെട്ടിട്ടുണ്ടെന്നു തോന്നുന്നു; ഷാങ്മാത്തിയോ എന്ന പേരിൽ തണ്ടുവലിശിക്ഷസ്ഥലത്തും മൊസ്സ്യു മദലിയെൻ എന്ന പേരിൽ സമുദായത്തിനിടയിലും ഹാജർ കൊടുത്താൽ പിന്നെ തന്നെസ്സംബന്ധിച്ചേടത്തോളം അയാൾക്കൊന്നും പേടിക്കാനില്ല—ഒന്നു മാത്രം; ശവക്കല്ലറയുടേതെന്നപോലെ, ഒരിക്കൽ വന്നുവീണാൽ പിന്നെ ഒരുകാലത്തും നീങ്ങിപ്പോകാത്തതായ ആ അവമാനക്കല്ലിനെ ആളുകൾ ഷാങ്മാത്തിയോവിന്റെ തലയ്ക്കുവെച്ചു മുദ്രയിടുന്നത് അയാൾ തടയാതിരിക്കണം.

ഇതെല്ലാം അത്രമേൽ അസാധാരണവും അത്രമേൽ ശക്തിയുള്ളതുമായിരുന്നു; അതിനാൽ, പെട്ടെന്ന് അയാളുടെ മനസ്സിൽ ഏതൊരു മനുഷ്യനും ജീവകാലത്തിനിടയിൽ ഏറിയാൽ രണ്ടോ മുന്നോ തവണമാത്രം ഉണ്ടാകാവുന്ന ആ ഒരനിർവചനീയമായ ചലനം—കാപട്യവും ആഹ്ലാദവും നിരാശതയുമടങ്ങിയതായി, ആന്തരമായ ചിരിയുടെ ഒരു പൊട്ടിപ്പുറപ്പെടൽ എന്നു പറയപ്പെടാവുന്ന ആ ഹൃദയാന്തരത്തിലെ സംശയാത്മകമായ സകലത്തെയും ഇളക്കിപ്പൊന്തിക്കുന്ന ഒരുതരം അന്തഃകരണ മഹാക്ഷോഭം— അയാൾക്കുണ്ടായി.

അയാൾ ബദ്ധപ്പെട്ടു വീണ്ടും വിളക്കു കൊളുത്തി.

“ആട്ടെ, ഇനി?” അയാൾ തന്നത്താൻ പറഞ്ഞു: “എന്തിനെയാണ് ഞാൻ ഭയപ്പെടുന്നത്? ഇതിലെല്ലാം എനിക്കാലോചിക്കാൻ എന്താണ്? എനിക്കു പേടിക്കാനില്ല. ഒക്കെക്കഴിഞ്ഞു. എന്റെ കഴിഞ്ഞകാലത്തിന് എന്നെ വന്നാക്രമിക്കുവാൻ അല്‍പമൊന്നു തുറന്ന ഒറ്റ വാതിലേ ഉള്ളു; അതാ ആ വാതില്‍ക്കൽ എന്നെന്നേക്കുമായി ചുമർ വെച്ചു മുട്ടിച്ചു! അത്രയും കാലമായി എന്നെ ബുദ്ധിമുട്ടിച്ചിരുന്ന ആ ഴാവേർ; എന്നെ ഊഹിച്ചറിഞ്ഞിട്ടുണ്ടെന്നു തോന്നിയിരുന്നതും, വാസ്തവത്തിൽ—എന്റെ ഈശ്വര!—എന്നെ ഊഹിച്ചറിഞ്ഞിട്ടുള്ളതും, എന്നെ എവിടേയും പിന്തുടർന്നിരുന്നതുമായ ആ ഭയങ്കര തിര്യക്‍പ്രകൃതി; എപ്പോഴും എന്റെ നേരെ ഉന്നംവെച്ചിരുന്ന ആ വല്ലാത്തൊരു നായാട്ടുനായ—വഴിതന്നെ തെറ്റി, നോക്കിപ്പോന്ന ചവിട്ടടി തീരെ വിട്ടു മറ്റൊരിടത്തേക്കു തിരിഞ്ഞു; ഇനിമേൽ അയാൾ സംശയിക്കുകയില്ല; എന്നെ ബുദ്ധിമുട്ടിക്കാതിരിക്കും; അയാൾക്കു തന്റെ ഴാങ് വാൽഴാങ്ങിനെ കിട്ടി. ആർക്കറിയാം? ഒരുസമയം അയാൾ പട്ടണത്തിൽനിന്നേ വിട്ടുപോയെന്നു വരാം! ഇതെല്ലാം എന്റെ യാതൊരു സഹായവും കൂടാതെ ഉണ്ടായിത്തീർന്നിട്ടുള്ളതാണ്; ഞാനിതിൽ ഒരു ഭാഗത്തുമില്ല! ഹാ! ഹാ! അപ്പോൾ എവിടെയാണ് ഇതിൽ നിർഭാഗ്യം? എനിക്കൊരു കഷ്ടപ്പാടു വന്നു എന്നുവെച്ച്, ആളുകൾ എന്നെ കാണാൻ വിചാരിക്കും! ആകപ്പാടെ, ഇതിൽ ആർക്കെങ്കിലും ദോഷം തട്ടുന്നുണ്ടെങ്കിൽ, അത് ഒട്ടും തന്നെ എന്റെ കുറ്റമല്ല; ഈശ്വരവിധിയാണ് ഇതെല്ലാം ചെയ്തത്; ഇങ്ങനെയൊക്കെ വരണമെന്നാണ് വിധിക്കാഗ്രഹം, സംശയമില്ലല്ലോ. ഈശ്വരവിധി ക്രമപ്പെടുത്തിയതിനെ മാറ്റിമറിക്കാൻ എനിക്കധികാരമുണ്ടോ? എനിക്കെന്താണ് ഇപ്പോളാവശ്യം? ഞാൻ എന്തിനു വേണ്ടാതെ ചെന്നു തലയിടുന്ന? ഇതിൽ എനിക്കൊന്നുമില്ല. എന്ത്! എനിക്കു തൃപ്തിയാവുന്നില്ല; ഇനി ഇതിലേറെ എന്തുവേണം? അത്രയേറെ കൊല്ലമായി ഞാൻ എത്തിച്ചേരുവാൻ ആഗ്രഹിച്ചുപോന്ന ആ പ്രസ്ഥാനം, എന്റെ രാത്രികാലങ്ങളിലെ സ്വപ്നവിഷയം, ഈശ്വരനോടുള്ള എന്റെ പ്രാർത്ഥന എനിക്കിപ്പോൾ കിട്ടിക്കഴിഞ്ഞു; ഈശ്വരനാണ് ഇങ്ങനെയാക്കിയത്; ഈശ്വരേച്ഛക്കെതിരായി യാതൊന്നും എനിക്കു പ്രവർത്തിക്കാൻ വയ്യാ; അപ്പോൾ ഈശ്വരന്ന് എന്തേ ഇങ്ങനെ തോന്നാൻ? ഞാൻ തുടങ്ങിവെച്ചതു മുഴുവനാവാൻ; ഞാൻ ഒരു നന്മ ചെയ്യുന്നതിന്; ഞാൻ ഒരു ദിവസം മറ്റുള്ളവർക്കു മഹത്തും പ്രോത്സാഹകവുമായ ഒരു ദൃഷ്ടാന്തമായിത്തീരാൻ; ഒടുവിൽ ഇങ്ങനെയും പറയാം, ഞാൻ ചെയ്തിട്ടുള്ള തപസ്സിനും ഞാനവലംബിച്ചിട്ടുള്ള സദ്വൃത്തിക്കും പിന്നിലായി കുറച്ചു സമയം നിൽപ്പുണ്ട്, കുറച്ചുമുൻപ് ആ വിശിഷ്ടനായ മതാചാര്യന്റെ വീട്ടിൽ ചെല്ലുന്നതിനും അദ്ദേഹത്തോട് ഉപദേശം ചോദിക്കുന്നതിനും എനിക്കു ഭയം തോന്നിയത് എന്തുകൊണ്ടാണെന്നു വാസ്തവത്തിൽ മനസ്സിലാവുന്നില്ല; ശരിക്ക് ഇതാവും അദ്ദേഹം എന്നോടു പറയുക; തീർച്ചപ്പെട്ടുകഴിഞ്ഞു; ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ; കാരുണൃസ്വരൂപനായ ഈശ്വരൻ അവിടുത്തെ ഇഷ്ടംപോലെ പ്രവർത്തിക്കട്ടെ!”

അന്തഃകരണത്തിന്റെ അഗാധതകളിൽവെച്ച് അയാൾ, തനിക്കുള്ളതായ ഇരുൾക്കുഴിയുടെ മീതെ ചാഞ്ഞുകൊണ്ട്, ഈവിധം തന്നത്താൻ സംസാരിച്ചു; പിന്നെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു മുറിയിൽ ലാത്താൻ തുടങ്ങി; “ആട്ടെ,” അയാൾ പറഞ്ഞു, ഇനി അതിനെപ്പറ്റി ഒന്നും ആലോചിക്കാതിരിക്കുക; ഞാനുറച്ചു!” പക്ഷേ, അയാൾക്ക് ഒരു സന്തോഷവും തോന്നിയില്ല.

നേരേമറിച്ച്,

സമുദ്രത്തെ വീണ്ടും കരയ്ക്കലേക്കു വരാതാക്കുന്നതിലധികമായി, ആർക്കും വിചാരത്തെ ഒരാലോചനയെസ്സുംബന്ധിച്ചു വീണ്ടും ഉണ്ടാകാതെയാക്കാൻ സാധിക്കില്ല; സമുദ്രയാത്രക്കാരൻ അതിനെ വേലിയേറ്റം എന്നു വിളിക്കുന്നു; കുറ്റക്കാരൻ അതിനെ പശ്ചാത്താപം എന്നു വിളിക്കുന്നു; ഈശ്വരൻ സമുദ്രത്തെ പൊന്തിപ്പിക്കുന്നതുപോലെ ആത്മാവിനെക്കൊണ്ടും ചെയ്യിക്കുന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതോടുകൂടി, അയാൾ എന്തുതന്നെ ചെയ്തിട്ടും, താൻതന്നെ വക്താവും ശ്രോതാവുമായി—പറയാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ പറഞ്ഞും, കേൾക്കാതെ കഴിക്കാനാഗ്രഹിക്കുന്നതിനെ ശ്രദ്ധിച്ചുകേട്ടും, രണ്ടായിരം കൊല്ലങ്ങൾക്കുമുൻപ് മറ്റൊരു ദണ്ഡിതനോടു “മുമ്പോട്ടു നടക്ക്” എന്നു പറഞ്ഞതുപോലെ, “തന്നോട് ആലോചിക്കുക” എന്നു പറയുന്ന ആ നിഗൂഡ ശക്തിക്കു കീഴ്പ്പെട്ടും വീണ്ടും അയാൾ തന്റെ ദുഃഖമയസംഭാഷണം ആരംഭിച്ചു.

ഇവിടുന്നങ്ങോട്ടു കടക്കുന്നതിനുമുൻപായി, ഞങ്ങൾ പറയുന്നതിനെ നല്ലവണ്ണം മനസ്സിലാക്കിക്കുവാൻവേണ്ടി, ഒരു കാര്യം ഇവിടെ നിഷ്കർഷിക്കട്ടെ.

താന്താങ്ങളോടായി മനുഷ്യർ സംസാരിക്കാറുണ്ടെന്നുള്ളത് തീർച്ചയാണ്; അത് ചെയ്തിട്ടില്ലാത്ത ഒരുത്തനുമില്ല. ഒരു മനുഷ്യന്റെ ഉള്ളിൽവെച്ചു വിചാരത്തിൽനിന്നു മനസ്സാക്ഷിയിലേക്കു ചെല്ലുകയും മനസ്സാക്ഷിയിൽനിന്നു വിചാരത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോഴത്തെക്കാളധികം, ഒരിക്കലും വാക്ക് ഒരു വിശിഷ്ടമായ അത്ഭുതകരവസ്തുവാകുന്നില്ലെന്നും പറയാവുന്നതാണ്; ഈ ഒരർത്ഥത്തിൽ മാത്രമാണ്, അയാൾ പറഞ്ഞു, അയാൾ ഉച്ചത്തിൽ പറഞ്ഞു എന്നീ വാക്കുകളെ ഈ അധ്യായത്തിൽ പലപ്പോഴും ഉപയോഗിച്ചുകാണുമ്പോൾ മനസ്സിലാക്കേണ്ടത്, പുറമേയുള്ള നിശബ്ദതയ്ക്കു ഭംഗം വരുത്താതെ ഒരാൾ തന്നോടു തന്നെ പറയുകയും സംസാരിക്കുകയും ഉച്ചത്തിൽ ഉരിയാടുകയും ചെയ്യുന്നു; ഒരു വലിയ ലഹളയുണ്ടായിരിക്കും! വായയൊഴിച്ചു നമ്മെ സംബന്ധിച്ച സകലവും സംസാരിക്കുന്നുണ്ടാവും. കാണാത്തതുകൊണ്ടും തൊട്ടറിയാത്തതുകൊണ്ടും ആത്മാവിലെ വാസ്തവസംഗതികളുടെ വാസ്തവത്വം കുറയുന്നില്ല.

അങ്ങനെ താനെവിടെയാണ് നില്‍ക്കുന്നതെന്ന് അയാൾ തന്നോടുതന്നെ ചോദിച്ചു. ആ “ഉറച്ചുകഴിഞ്ഞ തീർപ്പി’നെപ്പറ്റി അയാൾ വിചാരണ ചെയ്തു. ഇപ്പോൾത്തന്നെ ഉള്ളിൽ ഏർപ്പെടുത്തിവെച്ചതെല്ലാം പൈശാചികമാണെന്ന്; ഓരോന്നും അതിന്റെ വഴിക്കു നടക്കട്ടെ, കാരുണ്യസ്വരൂപനായ ഈശ്വരൻ അവിടുത്തെ ഇഷ്ടം പോലെ പ്രവർത്തിക്കട്ടെ’ എന്നു വെക്കുന്നത് ശുദ്ധമേ നിഷ്ഠൂരതയാണെന്ന്: വിധിയുടേയും മനുഷ്യരുടേതുമായ ഈ അബദ്ധപ്രവൃത്തിയെ തടഞ്ഞുനിർത്താതെ ഫലപ്പെടുവാൻ സമ്മതിക്കുന്നതു, തന്റെ മൌനംകൊണ്ട് അവനവനെ അതിനു കടം കൊടുക്കുന്നത്, ചുരുക്കിപ്പറഞ്ഞാൽ ഒന്നും ചെയ്യാതിരിക്കുന്നതു, സർവവും ചെയ്തുപോകയാണെന്ന്; ഇതു, കാപടൃമയമായ നീചത്വത്തിന്റെ അങ്ങേ അറ്റമാണെന്ന്; ഇതു നീചവും നികൃഷ്ടവും നിഷ്ഠൂരവും ഭീരുത്വമയവും അധമോചിതവുമായ ഒരു കുറ്റമാണെന്ന് അയാൾ സ്വയം സമ്മതിച്ചു!

എട്ടു കൊല്ലത്തിനുള്ളിൽ ആ ഭാഗ്യംകെട്ട മനുഷ്യൻ ഒന്നാമതായി ദുഷ്ടവിചാരത്തിന്റേയും ദുഷ്ടപ്രവൃത്തിയുടേയും കയ്പുരസം അനുഭവിച്ചു.

അതിനെ അയാൾ വെറുപ്പോടുകൂടി തുപ്പിക്കളഞ്ഞു.

അയാൾ പിന്നേയും തന്നോടുതന്നെ ചോദ്യം തുടങ്ങി. എന്റെ ഉദ്ദേശ്യം സാധിച്ചു” എന്നു പറഞ്ഞപ്പോൾ എന്തർത്ഥമാണ് കരുതിയതെന്ന് അയാൾ ദയയില്ലാതെ ചോദിച്ചു; തന്റെ ജീവിതത്തിനു വാസ്തവത്തിൽ ഒരുദ്ദേശ്യമുണ്ടെന്ന് അയാൾ തന്നത്താൻ തീർത്തുപറഞ്ഞു; പക്ഷേ, എന്താണ് ഉദ്ദേശ്യം? അയാളുടെ പേരിനെ മറച്ചുവെക്കുകയോ? പൊല്ലീസ്സുകാരെ തോൽപിക്കുകയോ? ഇത്ര സാരമില്ലാത്ത ഒന്നിനുവേണ്ടിയാണോ അയാൾ ഈ ചെയ്തതൊക്കെ പ്രവർത്തിച്ചത്? മഹത്തരമായ മറ്റൊരുദ്ദേശ്യമില്ലേ, വാസ്തവമായിട്ടുള്ള ഒന്ന്— ദേഹത്തെയല്ല, ആത്മാവിനെ രക്ഷിക്കുക; ഒരിക്കൽക്കൂടി സത്യവാനും സുശീലനുമാവുക; ഒരുത്തമ മനുഷ്യനാവുക? എല്ലാറ്റിലും മീതെയായി അതല്ലേ, ആ ഒന്നുമാത്രമല്ലേ, അയാൾ എപ്പോഴും ആഗ്രഹിച്ചിരുന്നതും, മെത്രാന്‍ അയാളോടു ചെയ്വാൻ ആജ്ഞാപിച്ചിട്ടുള്ളതും—കഴിഞ്ഞതിനു മുൻപിൽ വാതിലടയ്ക്കുക? പക്ഷേ, അതയാൾ അടയ്ക്കുന്നില്ല! ജഗദീശ്വര, ഒരു നികൃഷ്ടകർമ്മം ചെയ്ത് അത് അയാൾ വീണ്ടും തുറക്കുകയാണ് ചെയ്യുന്നത്! ഒരിക്കൽക്കൂടി അയാൾ കള്ളനായിത്തീരുന്നു. കള്ളന്മാരിൽവെച്ച് ഏറ്റവും അറയ്ക്കത്തക്ക കള്ളൻ! അയാൾ മറ്റൊരുത്തന്റെ ആയുസ്സിനെ, ജീവിതത്തെ, സമാധാനത്തെ, പകൽവെളിച്ചത്തുള്ള സ്ഥാനത്തെ തട്ടിപ്പറിക്കുന്നു. അയാൾ ഒരു കൊലപാതകിയായിത്തീരുന്നു. ഒരു ഭാഗ്യംകെട്ട മനുഷ്യനെ അയാൾ പിടിച്ചുകൊല്ലുന്നു—മാനസികമായി കൊലചെയ്യുന്നു. അയാൾ ആ മനുഷ്യനിൽ ഭയങ്കരമായ കൊല്ലാക്കൊല നടത്തുന്നു—തണ്ടുവലിശിക്ഷ എന്നു വിളിക്കപ്പെടുന്ന ആ വെളിച്ചത്തുവെച്ചുള്ള കൊല. നേരെ മറിച്ചു, ദുഃഖകരമായ ഒരബദ്ധംകൊണ്ട വീണുപോയ ആ മനുഷ്യനെ രക്ഷിക്കാൻവേണ്ടി താൻ തന്നെ ചെന്നു ഹാജരാവുക. തന്റെ സ്വന്തം പേരിനെ വീണ്ടും കൈക്കൊള്ളുക, ധർമ്മപ്രകാരം, ഒരിക്കൽക്കൂടി ഴാങ് വാൽഴാങ് എന്ന തടവുപുള്ളിയാവുക ഇതു വാസ്തവം നോക്കിയാൽ അയാളുടെ ഉയിർത്തെഴുന്നേല്‍ക്കലി’നെ സാധിക്കുകയാണ്; അപ്പോള്‍ത്തന്നെ വിട്ടുപോന്ന നരകത്തിന്‍റെ വാതില്‍ അയാള്‍ എന്നെന്നേക്കുമായി അടയ്ക്കുകയാണ്: കാഴ്ചയില്‍ അവിടെച്ചെന്നു വീഴുന്നതു, യഥാർഥത്തിൽ, അതില്‍നിന്ന് വിട്ടുപോരുകയാണ്. ഇതു ചെയ്യണം! ഈ പറഞ്ഞതെല്ലാം ചെയ്ട്ടില്ലെന്കില്‍ അയാൾ യാതൊന്നും ചെയ്തിട്ടില്ല, അയാളുടെ ജീവിതം മുഴുവൻ നിഷ്ഫലമായി അയാള്‍ ചെയ്ത പ്രായശ്ചിത്തമെല്ലാം വെറുതേ, പ്രയോജനമെന്ത്?” എന്ന ചോദ്യത്തിന്റെ ആവശ്യം ഇനിയില്ല,മെത്രാന്‍ അവിടെയുണ്ടെന്നും; സ്വർഗാരോഹണം ചെയ്തതുകൊണ്ട് കുറേക്കൂടി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടെന്നും; മെത്രാന്‍ തന്റെ നേരെ ഉറപ്പിച്ചു നോക്കുന്നുണ്ടെന്നും, തന്റെ മനോഗുണങ്ങളൊക്കെയിരുന്നാലും, മെയർ മദലിയെൻ മെത്രാന്നു നിന്ദ്യനാവുമെന്നും, തടവുപുള്ളിയായ ഴാങ് വാൽഴാങ് അദ്ദേഹത്തിന്റെ കണ്ണിൽ ഉത്തമനും പരിശുദ്ധനുമായിരിക്കുമെന്നും; മനുഷ്യർ തന്റെ മുഖംമൂടിമാത്രമേ കാണുന്നുള്ളു, മെത്രാൻ തന്റെ മുഖം കാണുന്നുണ്ടെന്നും; മനുഷ്യർ തന്റെ ജീവിതം മാത്രമേ കാണുന്നുള്ളൂ. മെത്രാന്‍ മനസ്സാക്ഷിയെ കാണുന്നുണ്ടെന്നും അയാൾക്കുറപ്പുതോന്നി; അതിനാൽ അയാൾ ആറായിലെക്കു പോണം; ശരിയല്ലാത്ത ഴാങ് വാൽഴാങ്ങിനെ വിടുവിക്കണം; ശരിയായവനെപ്പറ്റി അറിവുകൊടുക്കണം. അഹോ! അത് ആത്മത്യാഗങ്ങളിൽവെച്ച് ഏറ്റവും ഉൽകൃഷ്ടമാണ്; വിജയങ്ങളിൽവെച്ച് ഏറ്റവും രൂക്ഷതരം; ഒടുവിലത്തെക്കൈ; പക്ഷേ, അതു ചെയ്തേ കഴിയു, വ്യസനകരമായ കർമ്മഗതി ഈശ്വരന്റെ കണ്ണിൽ മാത്രമേ അയാൾ പാവനത്വത്തിൽ പ്രവേശിക്കുന്നുള്ളു; മനുഷ്യരെസ്സുംബന്ധിച്ചേടത്തോളം അയാൾ അവമാനത്തിലേക്കു മടങ്ങുകയാണ്.

“അപ്പോൾ,’ അയാൾ പറഞ്ഞു: ’നമുക്ക് ഇങ്ങനെ തീർച്ചപ്പെടുത്തുക; നമുക്കു നമ്മുടെ ധര്‍മ്മം പ്രവർത്തിക്കുക; ഈ മനുഷ്യനെ നമുക്കു രക്ഷിക്കുക.” ഉറക്കെപ്പറയുകയാണെന്നറിയാതെ, ഈ വാക്കുകൾ അയാൾ ഉറക്കെപ്പറഞ്ഞു.

അയാൾ തന്റെ പുസ്തകങ്ങളെടുത്തു, പരീക്ഷണം ചെയ്തു, അതാതിടത്തടക്കി. പാവങ്ങളും കുഴക്കിൽപ്പെട്ടവരുമായ കച്ചവടക്കാരെസ്സംബന്ധിച്ച കണക്കുകൾ അയാൾ തിയ്യിലേക്കെറിഞ്ഞു. അയാൾ ഒരു കത്തെഴുതി, അടച്ചു മുദ്രവെച്ചു; ആ മുറിയിൽ ആരെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, അയാൾക്ക് ആ ലക്കോട്ടിന്റെ പുറത്തു, മൊസ്സ്യു ലഫിത്ത്, ബാങ്കുകാരൻ, റ്യൂ ദാര്‍ത്ത്വ, പാരിസ്സ് എന്ന മേൽവിലാസം വായിക്കാമായിരുന്നു. പലേ ബാങ്കുനോട്ടുകളും തിരഞ്ഞെടുപ്പിനു പോയ ആ കൊല്ലത്തിൽത്തന്നെ താൻ ഉപയോഗപ്പെടുത്തിയ യാത്രാനുവാദപത്രവും അടങ്ങിയ പോക്കറ്റുപുസ്തകം അയാൾ എഴുത്തുപെട്ടിയിൽനിന്നു വലിച്ചെടുത്തു.

ഈ പലേ പ്രവൃത്തികളും ചെയ്തുതീർക്കുമ്പോൾ—അതിനിടയിൽ ആവിധം ഗൌരവപ്പെട്ട വിചാരം ചെന്നിരുന്നു—അയാളെ ആരെങ്കിലും കണ്ടിരുന്നുവെങ്കിൽ കാണുന്നാൾക്ക് അയാളുടെ ഉള്ളിൽക്കഴിയുന്ന സംഗതികളെപ്പറ്റി യാതൊരു സംശയവും തോന്നുമായിരുന്നില്ല. ഇടയ്ക്ക് അയാളുടെ ചുണ്ടുകൾ അനങ്ങിയിരുന്നു എന്നു മാത്രം; മറ്റു ചിലപ്പോൾ തലയുയർത്തി ചുമരിന്മേൽ ഒരു ഭാഗത്തേക്കു, തനിക്കു വിവരിച്ചുകിട്ടുകയോ വിചാരണചെയ്തു മനസ്സിലാവുകയോ വേണ്ടതായ എന്തോ ഒന്ന് അവിടെയുള്ളതുപോലെ, അയാൾ സുക്ഷിച്ചു നോക്കിയിരുന്നു. മൊസ്സ്യു ലഫിത്തിനുള്ള എഴുത്തെഴുതിക്കഴിഞ്ഞപ്പോൾ, അതു, നോട്ടുപുസ്തകത്തോടുകൂടെ, അയാൾ കുപ്പായക്കീശയിലിട്ടു; ഒരിക്കൽക്കൂടി ലാത്തൽ തുടങ്ങി. അയാളുടെ മനോരാജ്യം അതിന്റെ മാർഗത്തിൽനിന്ന് അനങ്ങിയില്ല. അയാളുടെ മുറ വ്യക്തമായി. പ്രകാശമാനങ്ങളായ അക്ഷരങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളത് അപ്പോഴും കാണാനുണ്ട്; നോട്ടം തിരിയുന്നതനുസരിച്ച് ആ എഴുത്തും സ്ഥാനം മാറിയിരുന്നു:

“പോവു. ആ പേർ പറയു! കുറ്റക്കാരനെന്നു സമ്മതിക്കൂ.”

ഈമാതിരിയിൽത്തേതന്നെ, കാണാവുന്ന രൂപത്തിൽ മുൻപിലൂടെ നടക്കുന്നുണ്ടായാലത്തെ വിധം, അതേവരെ, തന്റെ ആത്മാവിനെ ഭരിച്ചുപോന്നിരുന്ന ആ രണ്ടു വിചാരങ്ങളേയും അയാൾ കണ്ടു—പേരിനെ മറച്ചുവെക്കലും, ജീവിതത്തെ പരിശുദ്ധമാക്കലും. ഒന്നാമതായി അവയെ അയാൾ സ്പഷ്ടമായി കണ്ടു. അവ തമ്മിലുള്ള അകൽച്ചയും അയാൾ കണ്ടു. ആ രണ്ടു വിചാരങ്ങളിൽ ഒന്ന് അവശ്യം നല്ലതാണെന്നും, മറ്റേത് ഒരു സമയം ചീത്തയായേക്കാമെന്നും; ഒന്നാമത്തേത് ആത്മഭക്തിയും, മറ്റേത് ആത്മവ്യക്തിയുമാണെന്നും; ഒന്ന് എന്റെ അയല്‍പ്പക്കകാരി എന്നും മറ്റേതു ഞാൻ തന്നെ എന്നും പറഞ്ഞിരുന്നു എന്നും; ഒന്നു വെളിച്ചത്തിൽനിന്നും മറ്റേത് ഇരുട്ടിൽനിന്നുമാണ് പുറപ്പെട്ടിരുന്നതെന്നുമുള്ള വാസ്തവം അയാൾ കണ്ടറിഞ്ഞു.

അവ പരസ്പരം ശത്രുക്കളായിരുന്നു. രണ്ടും തമ്മിൽ ശണ്ഠകൂടുന്നതായി അയാൾ കണ്ടു. അതിലധികമാലോചിക്കുന്തോറും, ആത്മാവിൻ മുൻപിൽ അവയ്ക്കും വലുപ്പംവെച്ചു. ഇപ്പോൾ അവ ആകാശം മുട്ടിയിരിക്കുന്നു; എന്നല്ല, അയാളുടെ ഉള്ളിൽ, ഞങ്ങൾ കുറച്ചു മുൻപെ പറയുകയുണ്ടായ ആ അപാരതയിൽ, അന്ധകാരത്തിന്റേയും പ്രകാശങ്ങളുടേയും ഇടയിൽ, ഒരു ദേവിയും ഒരു രാക്ഷസനും തമ്മിൽ മല്ലിടുന്നതായി കാണുന്നുണ്ടെന്ന് അയാൾക്കു തോന്നി. അയാൾ ഭയത്തിൽ മുങ്ങി: പക്ഷേ, ആ നല്ല വിചാരമാണ് ജയിക്കുന്നതെന്ന് അയാൾക്കു തോന്നി.

മനസ്സാക്ഷിയുടേയും ഈശ്വരവിധിയുടേയും രണ്ടാമത്തെ നിശ്ചയ ഗഡുവിന്റെ വക്കത്ത് എത്തിയിരിക്കുന്നു എന്ന് അയാൾക്കുറപ്പായി; അയാളുടെ പുതുജീവിതത്തിലെ ആദ്യഭാഗത്തെ മെത്രാൻ അടയാളപ്പെടുത്തി; രണ്ടാമത്തെ ഭാഗം ഷാങ്മാത്തിയോവും അടയാളപ്പെടുത്തി. മഹത്തായ ഗഡുവിനുശേഷം മഹത്തായ പരീക്ഷ.

ഒരു നിമിഷനേരത്തേക്കു കുറഞ്ഞുനിന്ന പരിഭ്രമം, പതുക്കെപ്പതുക്കെ അയാളെ വീണ്ടും പിടികൂടി. ഒരായിരം വിചാരങ്ങൾ അയാളുടെ മനസ്സിലൂടെ പാഞ്ഞു; പക്ഷേ, അവ അയാളുടെ ദൃഡഃനിശ്ചയം വീണ്ടും വീണ്ടും ഉറപ്പിക്കുകതന്നെ ചെയ്തു. പക്ഷേ, താൻ കാര്യങ്ങളെ വേണ്ടതിലധികം ശക്തിവെപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു നിമിഷനേരം അയാൾ വിചാരിച്ചു; ആകപ്പാടെ ആ ഷാങ്മാത്തിയോവിനെപ്പറ്റി അത്ര വിചാരിക്കാനില്ലായിരിക്കുമോ? വാസ്തവത്തിൽ ആ മനുഷ്യൻ കളവുകുറ്റം പ്രവർത്തിച്ചിരിക്കുമോ?

അയാൾ സ്വയം മറുപടി പറഞ്ഞു; “നേരായിട്ടും ഈ മനുഷ്യൻ കുറച്ച് ആപ്പിൾ പഴങ്ങൾ കട്ടിട്ടുണ്ടെങ്കിൽ, അതിന്റെ അർഥം ഒരു മാസത്തെ തടവാണ്. അതിൽ നിന്നു തണ്ടുവലിശിക്ഷയിലേക്കു ദൂരം വളരെയുണ്ട്. എന്നാൽ, ആർക്കറിയാം? അയാൾ കട്ടുവോ? അതു തെളിഞ്ഞിട്ടുണ്ടോ? ഴാങ് വാൽഴാങ് എന്ന പേർ ആ മനുഷ്യനെ മോഹാലസ്യപ്പെടുത്തുന്നു; അതുകൊണ്ട് തെളിവുകൾ കൂടാതെ കഴിഞ്ഞിരിക്കാമെന്നു തോന്നുന്നു; ഗവർമ്മേണ്ടു വക്കീൽമാർ ചെയ്യാറുള്ളതെല്ലാം ഇങ്ങനെയല്ലേ? ഒരു തടവുപുള്ളിയാണെന്നറിയപ്പെട്ടതുകൊണ്ട്, അയാൾ കള്ളനാവണമെന്നൂഹിച്ചു.”

ഉത്തരക്ഷണത്തിൽ, താനാണ് ഴാങ് വാൽഴാങ് എന്നു താൻതന്നെ ചെന്നറിയിച്ചാൽ ആ പ്രവൃത്തിയിലുള്ള ധീരതയും, കഴിഞ്ഞ ഏഴു കൊല്ലമായിട്ടുള്ള തന്റെ പരിശുദ്ധജീവിതവും, രാജ്യത്തിനു താൻ ചെയ്തിട്ടുള്ള നന്മയും ഒരു സമയം ആലോചിച്ചേക്കാമെന്നും, അതുകാരണം ഭരണാധികാരികൾ തനിക്കു മാപ്പുതന്നേക്കാമെന്നും അയാൾക്കു തോന്നി.

പക്ഷേ, ഈ തോന്നൽ വളരെ വേഗത്തിൽ മറഞ്ഞു; ഴെർവെയ്ക്കുട്ടിയുടെ കൈയിൽ നിന്നു നാല്‍പതു സു നാണ്യം കട്ടതുകൊണ്ട്, ഒരു ശിക്ഷയ്ക്കു ശേഷം രണ്ടാമതും കുറ്റം ചെയ്തവന്റെ നില വന്നുപെട്ടിരിക്കുന്നു എന്നും, ആ കാര്യം നിശ്ചമായും പുറത്തുവരുമെന്നും, നിയമത്തിന്റെ ദൃഡഃനിശ്ചയമനുസരിച്ചു താൻ ജീവപര്യന്തം നാടുകടത്തപ്പെടുമെന്നും ഓർമ്മ വന്ന് അയാൾ ഒരു നീരസമയമായ പുഞ്ചിരിയിട്ടു.

എല്ലാ മായാമോഹങ്ങളിൽനിന്നും അയാൾ പിന്തിരിഞ്ഞു, തന്നെ കഴിയുന്നത്ര ലൌകികവിചാരങ്ങളിൽനിന്നു വേർപെടുത്തി, ശക്തിയും സമാധാനവും മറ്റിടങ്ങളിൽ അന്വേഷിച്ചു. തന്റെ മുറ പ്രവർത്തിച്ചേ കഴിയൂ എന്നും; സ്വധർമ്മത്തിൽനിന്നൊഴിഞ്ഞു നിന്നാലുണ്ടാകുന്നതിലധികം ഭാഗ്യക്കേട് അതിനെ പ്രവർത്തിച്ചതു കൊണ്ടു തനിക്കു നേരിടുകയില്ലെന്നും, ഓരോന്നും അതാതിന്റെ വഴിക്കു നടക്കട്ടെ എന്നുവെച്ചിരുന്നാൽ, എം. പട്ടണത്തിൽത്തന്നെ കഴിഞ്ഞുകൂടുക എന്നുവെച്ചാൽ, തന്റെ ബഹുമതിയും, തന്റെ നല്ല പേരും, തന്റെ ധർമസ്ഥാപനങ്ങളും, തന്റെ സമ്പത്തും, തന്റെ പ്രമാണിത്തവും, തന്നോടു കാണിക്കപ്പെടുന്ന ഭക്തിയും ആദരവും, തന്റെ മനോഗുണവും എല്ലാം ഒരു ദുഷ്വൃത്തികൊണ്ടു വറുത്തിട്ടതായിരിക്കുമെന്നും അയാൾ സ്വയം പറഞ്ഞു. ഈ നിഷ്ഠൂരവസ്തുവായി ചേർന്നുകിടക്കുമ്പോൾ ആ പരിശുദ്ധവസ്തുക്കളുടെയെല്ലാം രുചി എന്തായിരിക്കും? എന്നാൽ, തന്റെ ആത്മത്യാഗം ചെയ്തു സാധിക്കുന്നപക്ഷം, തണ്ടുവലിശിക്ഷയോടും, പാറാവതിർത്തിയോടും ഇരുമ്പുകണ്ഠാഭരണത്തോടും പച്ചത്തൊപ്പിയോടും ഇളവില്ലാത്ത ദേഹാധ്വാനത്തോടും അനുകമ്പയില്ലാത്ത അവമാനത്തോടും ഒരു ദിവ്യബോധം കൂടിക്കലര്‍ന്നിരിക്കും.

ഒടുവിൽ, അതങ്ങനെത്തന്നെ വേണമെന്നും, തന്റെ ശിരോരേഖ അതാണെന്നും, ഈശ്വരൻ ഏർപ്പെടുത്തിവെച്ചതിനെ മാറ്റിമറിക്കാൻ തനിക്കധികാരമില്ലെന്നും, എങ്ങനെയായാലും, പുറത്തു സൌശീല്യവും അകത്ത് അശുദ്ധിയുമായിട്ടോ അതോ അകത്തു പരിശുദ്ധിയും പുറമെ അവമാനവുമായിട്ടോ കഴിയേണ്ടതെന്നു താൻതന്നെ തീർച്ചപ്പെടു ത്തേണ്ടതാണെന്നും അയാൾ സ്വയം പറഞ്ഞു.

ഈ പരിതാപകരങ്ങളായ വിചാരങ്ങളുടെ കിളർന്നുപൊങ്ങൽ അയാളുടെ ധൈര്യത്തെ കുറയ്ക്കുകയുണ്ടായില്ലെങ്കിലും, അയാളുടെ തലച്ചോർ തളര്‍ന്നു പോയി. എത്രതന്നെ തന്നത്താൻ മനസ്സിരുത്തിയെങ്കിലും അയാൾ മറ്റു സംഗതികളെപ്പറ്റി, ഉദാസീനങ്ങളായ മറ്റോരൊന്നിനെപ്പറ്റി, ചിന്തിക്കാൻ തുടങ്ങി.

രണ്ടു ചെന്നികളിലുമുള്ള ഞരമ്പുകൾ കലശലായി മിടിച്ചു; അയാൾ അപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അർദ്ധരാത്രി ആദ്യം പള്ളിയിൽ നിന്നും പിന്നീട് ടൌൺഹാളിൽനിന്നും ശബ്ദിച്ചു; രണ്ടു മണികളുടെയും പന്ത്രണ്ടു വീതമുള്ള അടി അയാൾ എണ്ണി; രണ്ടിന്റേയും ഒച്ചയ്ക്കുള്ള വ്യത്യാസം അയാൾ തട്ടിച്ചുനോക്കി; കുറച്ചു ദിവസം മുൻപ് ഒരിരുമ്പുസാമാനവ്യാപാരിയുടെ കച്ചവടസ്ഥലത്തു വില്‍പാൻ വെച്ചിരുന്നതും, ആന്ത്വാങ്—അൽബാങ് ദ് റൊമാങ് വീൽ എന്നു പേരെഴുതിയിട്ടുള്ളതുമായ ഒരു പഴയ നാഴികമണി ഈ ഘട്ടത്തിൽ അയാൾ ഓർമിച്ചു.

അയാൾ ആകെ തണുത്തിരിക്കുന്നു; അയാൾ അല്‍പം തിയ്യിട്ടു; ജനാലയടയ്ക്കുന്ന കാര്യം അയാൾക്കോർമയില്ല.

ഇതിനിടയ്ക്ക് അയാൾ പിന്നേയും തന്റെ മയക്കത്തിൽ പെട്ടു; അർദ്ധരാത്രി എന്നു മണിയടിക്കുന്നതിനു മുൻപ് താൻ ആലോചിച്ചിരുന്ന വിഷയം എന്താണെന്നോർമവരാൻ അയാൾതന്നെ കിണയേണ്ടിവന്നു; ഒടുവിൽ അതു സാധിച്ചു.

“ഹാ! ശരി,” അയാൾ സ്വയം പറഞ്ഞു, കുറ്റക്കാരൻ ഞാനാണെന്നറിവു കൊടുക്കാൻ നിശ്ചയിച്ചു.”

ഉടനെ, പെട്ടെന്ന് അയാൾ ഫൻതീനെക്കുറിച്ചാലോചിച്ചു.

“നില്‍ക്കണേ!” അയാൾ പറഞ്ഞു, അപ്പോൾ ആ സാധുസ്ത്രീയുടെ കഥ?”

ഇവിടെ ഒരു പുതിയ ഗഡു രംഗത്തുവന്നു.

മനോരാജ്യത്തിനിടയിൽ പെട്ടെന്നു പ്രവേശിച്ചതുകൊണ്ടു, ഫൻതീൻ ഒരപ്രതീക്ഷിതമായ പ്രകാശനാളത്തിന്റെ ഫലം കാണിച്ചു; അയാളുടെ ചുറ്റുമുണ്ടായിരുന്ന സകലവും രൂപഭേദപ്പെടുന്നതായി തോന്നി. അയാൾ ഉച്ചത്തിൽ പറഞ്ഞു:

“ഹാ! പക്ഷേ, ഇതുവരെ ഞാൻ എന്നെയല്ലാതെ മറ്റാരെപ്പറ്റിയും ആലോചിച്ചില്ല; ഒന്നും മിണ്ടാതെയിരിക്കുകയോ അല്ലെങ്കിൽ എന്നെ കുറ്റപ്പെടുത്തുകയോ, എന്റെ ദേഹത്തെ മറച്ചുവെക്കുകയോ അല്ലെങ്കിൽ ആത്മാവിനെ രക്ഷിക്കുകയോ, നികൃഷ്ടനും ബഹുമാനിതനുമായ ഒരു വിധികർത്താവായിരിക്കുകയോ അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ടവനും വന്ദിക്കപ്പെടേണ്ടവനുമായ ഒരു തടവുപുള്ളിയാവുകയോ, ഇതെന്തും എനിക്കഴകാണ്; അതൊക്കെ ഞാനാണ്, എപ്പോഴും ഞാൻ മാത്രം. ഞാനല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, എന്റെ ജഗദീശ്വര! ഇതെല്ലാം അഹംഭാവമത്രേ. അഹംഭാവത്തിന്റെ പല രൂപാന്തരങ്ങൾ; പക്ഷേ, അതെന്തായാലും, എല്ലാം അഹംഭാവംതന്നെ. മറ്റുള്ളവരെപ്പറ്റി ഞാൻ കുറച്ചാലോചിച്ചാൽ എന്താണ്? അത്യുൽകൃഷ്ടമായ വിശുദ്ധത മറ്റുള്ളവരെപ്പറ്റി ആലോചിക്കുന്നതാണ്; ആട്ടെ, നമുക്കു കാര്യമൊന്നു പരിശോധിക്കുക. ഞാന്‍ എന്നതൊഴിച്ചാൽ, ഞാൻ എന്നതു മാച്ചാൽ, ഞാൻ എന്നതു മറന്നാൽ, പിന്നത്തെ ഇതിന്റെയൊക്കെ ഫലം എന്താണ്? ഞാൻ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാൽ എന്താണ്? എന്നെ പിടികൂടും; ഈ ഷാങ്മത്തിയോവിനെ വിട്ടയയ്ക്കും; വീണ്ടും എന്നെ തണ്ടുവലിശിക്ഷസ്ഥലത്തുതന്നെയാക്കും; അതു ശരി—പിന്നെ? ഇവിടത്തെ കഥ എന്താണ്? ഹാ! ഇതാ ഇവിടെ ഒരു രാജ്യം, ഒരു പട്ടണം; ഇവിടെ വ്യവസായശാലകളുണ്ട്, ഒരു കൈത്തൊഴിലുണ്ട്, പുരുഷന്മാരും സ്ത്രീകളുമായ പ്രവൃത്തിക്കാരുണ്ട്, വയസ്സായ മുത്തച്ഛന്മാരുണ്ട്, കുട്ടികളുണ്ട്, പാവങ്ങളുണ്ട്! ഇതെല്ലാം ഞാനുണ്ടാക്കി; ഇവർക്കെല്ലാം ദിവസവൃത്തിക്കു ഞാനുണ്ടാക്കിക്കൊടുക്കുന്നു; തിയ്യു പുകയുന്ന പുകക്കുഴൽ എവിടെയുണ്ടോ അവിടെയെല്ലാം അടുപ്പിൽ വിറകുകൊള്ളിയും പാത്രത്തിൽ മാംസവും ഞാനാണ് വെച്ചിട്ടുള്ളത്; സ്വസ്ഥതയെ, ഉണർച്ചയെ, വിശ്വാസത്തെ, ഞാനുണ്ടാക്കി; എനിക്കു മുൻപ് യാതൊന്നുമില്ല; നാട്ടുപുറം മുഴുവനും ഞാൻ പൊന്തിച്ചു. ശക്തി പിടിപ്പിച്ചു. ജീവൻ വെപ്പിച്ചു. ഫലസമൃദ്ധമാക്കി, ഉണർച്ച കയറ്റി, ധനപുഷ്ടമാക്കി; ഞാനില്ലാതാവട്ടെ, ജീവൻ പോയി! ഞാൻ മാറിനില്‍ക്കട്ടെ, സകലവും ചത്തു; പിന്നെ ആ സ്ത്രീ, അത്രയധികം ദുഃഖിച്ചവളും അധഃപതിച്ചിട്ടുകൂടി അത്രയധികം മനോഗുണമുള്ളവളുമായ ആ സ്ത്രീ; അവളുടെ കഷ്ടപ്പാടുകൾക്കു മുഴുവൻ, അറിയാതെയെന്കിലും, ഞാനാണ് കാരണം: എന്നല്ല, ഞാൻ തിരഞ്ഞുപിടിക്കുവാൻ കരുതിയിട്ടുതും, ഞാന്‍ കൊണ്ടുവന്നു തന്നുകൊള്ളാമെന്ന് അമ്മയോടേറ്റിട്ടുള്ളതുമായ ആ കുട്ടി; ഞാൻ അവളോടു പ്രവർത്തിച്ചിട്ടുള്ള തെറ്റിനു പ്രായശ്ചിത്തമായി, അവൾക്കു സര്‍വവും ചെയ്തുകൊടുക്കുവാൻ ഞാൻ കടപെട്ടവനല്ലെ? ഞാൻ മാറികഴിഞ്ഞാൽ പിന്നത്തെ കഥ എന്താണു്? തള്ള മരിക്കും; കുട്ടി അതിന്റെ പാട്ടിൽ കഴിയും—ഇതാണ്, ഞാൻ ചെന്നു കുറ്റക്കാരനെന്നു സമ്മതിച്ചാൽ, പിന്നീടു വരാൻ പോകുന്നത്, ഞാൻ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കിൽ? ശരി, ഞാൻ ചെന്നു കുറ്റക്കാരനെന്നു പറഞ്ഞില്ലെങ്കിലുള്ള കഥ ആലോചിക്കുക.”

ഈ ചോദ്യം ചോദിച്ചിട്ടു, അയാൾ മിണ്ടാതെ നിന്നു; ഒരു നിമിഷനേരത്തേക്ക് അയാൾ സംശയിക്കുകയും ശങ്കിക്കുകയും ചെയ്യുന്നതുപോലെ തോന്നി; പക്ഷേ, ആ നില അധികനേരത്തേക്ക് നിന്നില്ല; അയാൾ അവധാനത്തോടുകൂടി സ്വയം മറുപടി പറഞ്ഞു;

’ശരി, ഈ മനുഷ്യൻ തണ്ടുവലിശിക്ഷയിലേക്ക് പോവുകയാണ്. വാസ്തവം; പക്ഷേ, ഗ്രഹപ്പിഴേ! അയാൾ എന്തു കട്ടു! കട്ടിട്ടില്ലെന്നു ഞാൻ പറഞ്ഞുനോക്കിയിട്ടു പ്രയോജനമില്ല; അതയാൾ ചെയ്തു! ഞാൻ ഇവിടെ കൂടുന്നു; ഞാൻ കഴിഞ്ഞുപോകുന്നു; പത്തു കൊല്ലംകൊണ്ട് ഞാൻ പത്തു ലക്ഷം സമ്പാദിക്കുന്നു; അതു ഞാൻ രാജ്യത്തെല്ലാം വിതറുന്നു; എനിക്കായിട്ട് ഒന്നുമില്ല; അതുകൊണ്ട് എനിക്കെന്താണ്? എനിക്കു വേണ്ടിയല്ല ഞാനതു ചെയ്യുന്നത്; സർവരുടേയും ക്ഷേമം അഭിവൃദ്ധിപ്പെട്ടേ വരുന്നു; കൈത്തൊഴിലുകൾ പുറപ്പെടുന്നു, ശക്തിവെക്കുന്നു; വ്യവസായശാലകളും കച്ചവടസ്ഥലങ്ങളും പെരുകുന്നു; കുടുംബങ്ങൾ, ഒരു നൂറു കുടുംബങ്ങൾ, ഒരായിരം കുടുംബങ്ങൾ, സുഖിക്കുന്നു; ജില്ലയിലെങ്ങും ജനസംഖ്യ കൂടുന്നു; മുൻപു കൃഷിസ്ഥലങ്ങൾ മാത്രമായിരുന്നേടത്തു ഗ്രാമങ്ങളുണ്ടാകുന്നു; ഒന്നുമില്ലാതിരുന്നേടങ്ങളൊക്കെ കൃഷിസ്ഥലങ്ങളാകുന്നു; കഷ്ടപ്പാട് ഇല്ലാതാവുന്നു—കഷ്ടപ്പാടോടുകൂടി വ്യഭിചാരം, ദുർന്നടപ്പ്, കളവ്, കൊലപാതകം, ഒക്കെ; എല്ലാ ദുഃസ്വഭാവങ്ങളും മറയുന്നു. എല്ലാ ദുഷ്പ്രവൃത്തികളും; എന്നല്ല, ഈ സാധുവായ അമ്മ മകളെ വളര്‍ത്തിപ്പോരുന്നു; അതാ ഒരു രാജ്യം മുഴുവനും സമ്പത്സമൃദ്ധവും സദാചാരപരവുമായിത്തീരുന്നു. ഹാ! ഞാനൊരു വിഡ്ഡിയാണ്! എനിക്കു കഥയില്ല? കുറ്റക്കാരനെന്നു ചെന്നു സമ്മതിക്കുന്നതിനെപ്പറ്റി എന്തേ ഞാൻ പറഞ്ഞിരുന്നത്? ഞാൻ ശരിക്കു മനസ്സുവെക്കണം; ആലോചന കൂടാതെ യാതൊന്നിലും ചെന്നു മറയരുത്. എന്ത്! മഹാനും മര്യാദക്കാരനുമായി അഭിനയിക്കുന്നത് എനിക്കിഷ്ടമായതുകൊണ്ട്—ആകപ്പാടെ, ഇതൊരു വിചിത്രകഥാഭിനയമാണ്— എന്നെയല്ലാതെ മറ്റാരെയുംപറ്റി വിചാരിക്കരുതാത്തതുകൊണ്ടു—നോക്കു യുക്തി!—ഒരു സമയം അല്‍പം വലുതാക്കിക്കൂട്ടിയ ഒരു ശിക്ഷയിൽനിന്ന്, അടിയിൽ നോക്കിയാൽ ഒരു കള്ളനെ, ആരുമറിയാത്ത ഓരോന്നിനും കൊള്ളരുതാത്ത കുള്ളനെ, രക്ഷിക്കാൻവേണ്ടി ഒരു നാട്ടുപുറം മുഴുവനും നശിക്കണം പോൽ! ഒരു സാധുസ്ത്രീ ആസ്പത്രിയില്‍ കിടന്നു ചാവണം! ഒരു സാധുപ്പെൺകുട്ടി തെരുവിൽക്കിടന്നു, നായ്ക്കളെപ്പോലെ, ചാവണം. ഹാ, ഇതൊരിക്കലും പാടില്ല! എന്നല്ല ഒരിക്കൽക്കൂടി അമ്മയ്ക്കു തന്റെ കുട്ടിയെ കാണാൻ പറ്റാതെ, കുട്ടിക്ക് അമ്മയുണ്ടെന്നുതന്നെ ഏതാണ്ട് അറിയാൻ സംഗതി വരാതെ; ഇതൊക്കെ ആപ്പിൾപ്പഴം കട്ട ഒരു തന്തത്തെമ്മാടിക്ക്, ഇതിനില്ലെങ്കിൽ മറ്റൊന്നിനു നിശ്ചയമായും തണ്ടുവലിശിക്ഷസ്ഥലത്ത് എത്തേണ്ടവനായ ഒരുവന്ന്, വേണ്ടിയും; ഒരപരാധിയെ രക്ഷപ്പെടുത്തി, നിരപരാധരെ ബലി കൊടുക്കുക; ഏറിയാൽ കുറച്ചുകാലവുംകൂടി മാത്രം ജീവിച്ചിരുന്നേക്കാവുന്നവനും സ്വന്തം ചെറ്റക്കുടിലിലാകുമ്പോഴത്തേക്കാൾ ഒട്ടുമധികം തണ്ടുവലിശിക്ഷസ്ഥലത്തായതുകൊണ്ടു ദുഃഖിക്കാൻ വഴിയില്ലാത്തവനുമായ ഒരു കിഴവൻതെണ്ടിയെ രക്ഷപ്പെടുത്തി, അമ്മമാരും ഭാര്യമാരും കുട്ടികളുമുള്ള ഒരു രാജ്യത്തെ മുഴുവനും ബലികൊടുക്കുക—ഒന്നാന്തരം വിചാരം, സംശയമില്ല. ഞാനല്ലാതെ മറ്റാരും തുണയ്ക്കില്ലാത്ത ആ സാധു കൊസെത്ത്, ആ തെനാർദിയെർമാരുടെ ഗുഹയിൽ അവളിപ്പോൾ കിടന്നു തണുത്തിട്ടു നീലിച്ചിടുണ്ടാവും, തീർച്ചയാണ്; ആ കൂട്ടർ അറുദുഷ്ടർ; എന്നിട്ട് ഈ എല്ലാ പാവങ്ങളോടും എനിക്കുള്ള കർത്തവ്യത്തെ ഞാൻ വകവെക്കാതിരിക്കാനാണ് ഭാവിച്ചത്; അതേ ഞാൻ കുറ്റക്കാരനെന്നു ചെന്നുപറയാൻ പുറപ്പെട്ടു; ആ! ആ പറയാൻ കൊള്ളരുതാത്ത വിഡ്ഡിത്തം ഞാൻ ചെയ്യാൻ തുടങ്ങിയതാണ്! നമുക്കു അങ്ങേ അറ്റത്തെ സ്ഥിതി എന്താവും എന്നു നോക്കുക; ഈ കാര്യത്തിൽ എന്റെ പക്കൽ ഒരു തെറ്റുണ്ടെന്നുതന്നെ വെക്കുക, ഒരിക്കൽ എന്റെ മനസ്സാക്ഷി എന്നെ ഇതിനു ശകാരിക്കും എന്നുതന്നെ തീർച്ചയാക്കുക—മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഞാൻ എന്റെ മേൽമാത്രം തൂങ്ങിനില്‍ക്കുന്ന ആ ശകാരങ്ങളെ സഹിക്കണം! ഈ ദുഷ്കർമം എന്റെ ആത്മാവിനെ മാത്രമേ തകരാറാക്കു; ഇതിലാണ് ആത്മത്യാഗം. ഇതാണ് പുണ്യകർമം.”

അയാൾ എണീറ്റു, വീണ്ടും ലാത്താൻ തുടങ്ങി; ഇത്തവണ അയാൾക്കു തൃപ്തിയായതുപോലെ തോന്നി.

ഭൂമിയിൽ ഇരുട്ടുകൂടിയ പ്രദേശങ്ങളിൽ മാത്രമേ വൈരക്കല്ലുകൾ കാണുന്നുള്ളു; ആലോചനയുടെ ആഴങ്ങളിൽ മാത്രമേ സത്യത്തെ കാണുകയുള്ളൂ. ഈ ആഴങ്ങളിലേക്ക് ഇറങ്ങിയതിനുശേഷം, ഈ നിഴല്‍പാടുകളിൽ വെച്ച് ഏറ്റവും ഇരുട്ടടഞ്ഞേടത്തു വളരെ നേരം തപ്പിനടന്നതിനുശേഷം, ഒടുവിൽ ആ വൈരക്കല്ലുകളിൽ ഒന്ന്, ആ സത്യങ്ങളിൽ ഒന്ന്, തനിക്കു കിട്ടി എന്നും, അതു താൻ ഇപ്പോൾ കൈയിൽപ്പിടിച്ചിട്ടുണ്ടെന്നും, അതിനെ സൂക്ഷിച്ചുനോക്കുന്തോറും കണ്ണഞ്ചിപ്പോകുന്നു എന്നും അയാൾക്കു തോന്നി.

“അതേ,” അയാൾ വിചാരിച്ചു, “ഇതു ശരിയാണ്; ഞാൻ നേർവഴിക്കാണ്; കാര്യം കൈയിലായി; ഞാൻ ഒന്നിനെ മുറുക്കിപ്പിടിച്ച് അവസാനിപ്പിക്കണം; എന്റെ തീർപ്പായി; ഓരോന്നും അതിന്റെ വരുംവഴിക്ക് നടക്കട്ടെ; നമുക്ക് ഇനി ശങ്കിക്കാതിരിക്കുക; നമുക്കു പിന്നോക്കം വെക്കാതിരിക്കുക; ഇത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്. എന്റെ കാര്യത്തിനല്ല; ഞാൻ മദലിയെനാണ്. മദലിയെനായിത്തന്നെ കഴിക്കും. ഴാങ് വാൽഴാങ്ങായിട്ടുള്ള മനുഷ്യൻ കഷ്ടപ്പെടട്ടെ. ഞാൻ ഇനി അവനല്ലാതായി; ആ മനുഷ്യനെ ഞാനറിയുകയില്ല; എനിക്കു യാതൊന്നും അറിയില്ല; ഈ സമയത്ത് ആരോ ഒരാൾ ഴാങ് വാൽഴാങ്ങായിട്ടുണ്ടെന്നു വരുന്നു; അവൻതന്നെ അവന്റെ കാര്യം നോക്കട്ടെ; അതെന്നെ സംബന്ധിക്കുന്നില്ല; ഇരുട്ടിൽ മുകളിലൂടെ ദൂരത്തേക്ക് പറന്നിരുന്ന ഒരപകടം പിടിച്ച പേരാണത്; അതിനിടയക്ക് അതു നിന്ന് ഒരു തലയിലേക്ക് ഇറങ്ങുകയാണെങ്കിൽ, അതാത്തലയുടെ ഗ്രഹപ്പിഴ!”

അയാൾ അടുപ്പിൻതിണ്ണയ്ക്കു മുകളിൽ തുങ്ങിക്കിടക്കുന്ന ആ ചെറിയ മുഖക്കണ്ണാടിയിൽ നോക്കി, പറഞ്ഞു: “നില്‍ക്കണേ। ഒന്നു തീർച്ചപ്പെടുത്തിയപ്പോള്‍ത്തന്നെ എനിക്കാശ്വാസമായി; ഞാനിപ്പോൾ തീരെ ആൾ മാറി.”

അയാൾ കുറച്ചുകൂടി മുൻപോട്ടു നടന്നു. എന്നിട്ട് അവിടെ നിന്നു.

“അതേ!” അയാൾ പറഞ്ഞു, ’ഒരിക്കൽ തീർച്ചപ്പെടുത്തിക്കഴിഞ്ഞ നിശ്ചയത്തിൽനിന്ന് എന്തുതന്നെയുണ്ടായാലും അതിനു മുൻപിൽ ഞാൻ ചൂളിപ്പോകരുത്; എന്നെ ഴാങ് വാൽഴാങ്ങോടു കൂട്ടിക്കെട്ടുന്ന ചരടുകൾ ഇനിയുമുണ്ട്. അവയെപൊട്ടിച്ചുകളയണം; ഇതേ മുറിയിൽത്തന്നെ എന്റെ കള്ളി വെളിച്ചത്താക്കുന്ന വസ്തുക്കൾ, എനിക്കെതിരായി സാക്ഷി പറയാവുന്ന ചില മിണ്ടാസ്സാമാനങ്ങള്‍, കിടപ്പുണ്ട്; അവയൊന്നും ഇവിടെയില്ലെന്നാവണം.”

അയാൾ കുപ്പായക്കീശയിൽ തപ്പി, പണസ്സഞ്ചി വലിച്ചെടുത്തു. തുറന്നു. ഒരു ചെറിയ താക്കോൽ പുറത്തേക്കെടുത്തു; ചുമർക്കടലാസ്സു മൂടിയിരുന്ന ചിത്രപടങ്ങളുടെ തീരെ മങ്ങിയ നിറപ്പകിട്ടിനുള്ളിൽ അത്രമേൽ മറയപ്പെട്ടതുകൊണ്ടു കാണാൻ പ്രയാസമായിരുന്ന ഒരു പൂട്ടിൽ ആ താക്കോൽ ഇറക്കി; ഒരു ഗൂഡദ്വാരം കാണാറായി. ചുമരും അടുപ്പുതിണ്ണയും കൂടിയുള്ള ത്രികോണത്തിൽ പണിചെയ്തിട്ടുള്ള ഒരുതരം ഉപായച്ചുമരളമാറി;, ഈ ഒളിവുസ്ഥലത്തു കുറെ കീറസ്സാമാനങ്ങളുണ്ട്—നീലച്ചുപരുത്തിത്തുണികൊണ്ടുള്ള ഒരുൾക്കുപ്പായവും, ഒരു കൂട്ടു പഴയകാലുറയും, ഒരു പഴകിയ പട്ടാളമാറാപ്പും, രണ്ടുഭാഗത്തും ഇരുമ്പുകെട്ടുള്ള ഒരു പൊന്തൻമുള്ളുവടിയും. 1815 ഒക്ടോബർ മാസത്തിൽ ഡി. പട്ടണത്തിലൂടെ കടന്നുപോയ സമയത്ത് ഴാങ് വാൽഴാങ്ങിനെ കണ്ടിട്ടുള്ളവർ ഈ ദാരിദ്ര്യം പിടിച്ച സാമാനങ്ങളെല്ലാം എളുപ്പത്തിൽ കണ്ടറിയും.

ആദ്യത്തെ തുടക്കത്തെ ഓർമപ്പെടുത്തിപ്പോരാൻവേണ്ടി വെള്ളിമെഴുതിരിക്കാലുകളോടൊപ്പം ഇവയും അയാൾ സൂക്ഷിച്ചിരുന്നു; തണ്ടുവലിശിക്ഷസ്ഥലത്തുനിന്നു പോന്നപ്പോഴത്തെ സാമാനങ്ങളെല്ലാം അയാൾ മറച്ചുവെക്കുകയും, മെത്രാന്റെ കൈയിൽനിന്നു കിട്ടിയ മെഴുതിരിക്കാലുകളെ കാണാൻ സമ്മതിക്കുകയും ചെയ്യുന്നു.

സാക്ഷ മുറുക്കിയിട്ടിട്ടുണ്ടെങ്കിൽ വാതിൽ താനേ തുറന്നുപോയാലോ എന്നു ശങ്കിച്ചിട്ടെന്നപോലെ, അയാൾ അങ്ങോട്ട് ഉപായത്തിൽ ഒന്നു നോക്കി; എന്നിട്ടു പെട്ടെന്നും വേഗത്തിലും ആ സാധനങ്ങളെല്ലാം കടന്നെടുത്ത് അത്രയധികം കൊല്ലങ്ങളോളമായി ആവിധം സനിഷ്കർഷമായും ആവിധം ആപല്‍ക്കരമായും സൂക്ഷിച്ചുപോന്ന അതുകളിൽ ഒന്നു കണ്ണോടിക്കുകകൂടി ചെയ്യാതെ, ആ കീറസ്സാമാനങ്ങളും പൊന്തൻവടിയും പട്ടാളമാറാപ്പും എല്ലാം തിയ്യിലേക്ക് ഒരേറുകൊടുത്തു.

അയാൾ വീണ്ടും ആ ഉപായച്ചുമരളുമാറി അടച്ചു; അതിന്റെ ഉള്ളിൽ ഒന്നും ഇല്ലാതായി. അപ്പോഴത്തെ സ്ഥിതിക്ക് ഇനി അനാവശ്യമാണെങ്കിലും, കുറേക്കൂടി നിഷ്കർഷിച്ച മുൻപിലേക്ക് ഉന്തിനീക്കിയ ഒരു കനത്ത സാമാനംകൊണ്ട് അയാൾ വാതിൽ മറച്ചു.

കുറച്ചു നിമിഷങ്ങൾക്കുശേഷം, ആ മുറിയും എതിർഭാഗത്തെ ചുമരും ചുകന്നു ഭയങ്കരമായ ഒരിളകുന്ന വെളിച്ചംകൊണ്ടു പ്രകാശിച്ചു. എല്ലാറ്റിലും തീപ്പിടിച്ചു; മുള്ളുള്ള പൊന്തൻവടി പൊട്ടിച്ചിതറി, തീപ്പൊരി അറയുടെ നടുവിലേക്കു തെറിച്ചു.

ഉള്ളിലുള്ള കീറസ്സാമാനങ്ങളോടുകൂടി പട്ടാളമാറാപ്പു കത്തിയമർന്നപ്പോൾ, വെണ്ണീറിനുള്ളിൽ ഒരു തിളങ്ങുന്ന സാധനം കാണപ്പെട്ടു. കുനിഞ്ഞുനോക്കിയാൽ, അതൊരു നാണ്യമാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം—ആ തെണ്ടിക്കുട്ടിയുടെ പക്കൽനിന്നു കട്ടെടുത്ത നാല്‍പതു സു നാണ്യമായിരുന്നു അത്, സംശയമില്ല.

അയാൾ ആ തിയ്യിലേക്കു നോക്കിയില്ല; അതേ കാൽവെപ്പോടുകൂടിത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പെട്ടെന്ന് അയാളുടെ ദൃഷ്ടി ആ രണ്ടു വെള്ളിമെഴുതിരിക്കാലുകളിൽ പതിഞ്ഞു; തിയ്യിൽനിന്നുള്ള വെളിച്ചത്തിൽ അവ അടുപ്പിൻതിണ്ണമേൽ ഇരുന്നു പതുക്കെ മിന്നി.

“നില്‍ക്കണേ!’ അയാൾ വിചാരിച്ചു. ’ഴാങ് വാൽഴാങ് മുഴുവനും അതാ, ഇനിയും അവയിൽ. അവയേയും നശിപ്പിക്കണം.”

അയാൾ ആ രണ്ടു മെഴുതിരിക്കാലുകളും കടന്നെടുത്തു.

ആ രണ്ടെണ്ണത്തിനേയും കണ്ടാലറിയാത്ത ഭാഷയിലാക്കിത്തീർക്കാനും ഒരു ലോഹവടിയായി രുപഭേദപ്പെടുത്താനും അടുപ്പിൽ അപ്പോഴും തിയ്യുണ്ടായിരുന്നു.

അയാൾ അടുപ്പിനരികിൽ കുനിഞ്ഞുനിന്ന് ഒരു നിമിഷനേരം തീക്കാഞ്ഞു. അയാൾക്കു ശരിക്കും ഒരു സുഖം തോന്നി. ’ചൂട് എന്തു രസമുള്ളതാണ് അയാൾ പറഞ്ഞു.

എരിയുന്ന കല്‍ക്കരിക്കഷ്ണങ്ങളെ ആ മെഴുതിരിക്കാലുകളിൽ ഒന്നുകൊണ്ട് അയാൾ കുത്തിയിളക്കി.

ഒരു നിമിഷംകൂടി കഴിഞ്ഞാൽ മതി. അവ രണ്ടും തിയ്യിലായി.

ആ സമയത്തു തന്റെ ഉള്ളിൽനിന്ന് ഒരു ശബ്ദം ഉറക്കെ വിളിക്കുന്നതു കേട്ടു എന്നു തോന്നി; ’ഴാങ് വാൽഴാങ്! ഴാങ് വാൽഴാങ്!”

അയാളുടെ തലമുടി നിവർന്നുനിന്നു: ഭയങ്കരമായ ഒന്നിനെ മനസ്സുവെച്ചു കേൾക്കുന്ന ഒരാളുടെ മട്ടിലായി ആ മനുഷ്യൻ.

“അതേ, അതുതന്നെ! കഴിഞ്ഞു!” ആ ശബ്ദം ഉച്ചരിച്ചു: “നിങ്ങൾ ചെയ്വാൻ വിചാരിച്ചതു മുഴുമിപ്പിക്കു! ഈ മെഴുതിരിക്കാലുകളെയും നശിപ്പിച്ചേയ്ക്കൂ! ഈ സ്മാരകത്തെ ഭസ്മമാക്കുക! മെത്രാനെ മറന്നുകളയുക! എല്ലാം മറന്നേക്കു. ഈ ഷാങ്മാത്തിയോവിനെ നശിപ്പിക്കു! അതേ, അതു ചെയ്യു! അതു വേണ്ടതാണ്! നിങ്ങളെ വെച്ചു പുകഴ്ത്തിക്കൊള്ളൂ! അപ്പോൾ അതുറച്ചു, തീർച്ചപ്പെടുത്തി, നിശ്ചയിച്ചു, ഏർപ്പാടായി: താനെന്തു ചെയ്യണമെന്നാണ് പറയുന്നതെന്നറിഞ്ഞുകൂടാത്ത ഒരു കിഴവൻ. ഒരുസമയം യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു പാവം, തന്റെ ഭാഗ്യക്ഷയം നിങ്ങളുടെ നാമധേയത്തിൽക്കിടക്കുന്ന ഒരു നിരപരാധൻ, ഒരു കുറ്റം പോലെ നിങ്ങളുടെ പേർ തന്റെ തലയിൽ അമർന്നിരിക്കുന്ന, നിങ്ങളാവാൻ പോകുന്ന, ശിക്ഷിക്കപ്പെടാൻ പോകുന്ന, നിരാശതയിലും ബുദ്ധിമുട്ടിലുമായി കാലം പോക്കാനുള്ള ഒരുവൻ. ഇതു വേണ്ടതാണ്. നിങ്ങൾ സത്യവാനായിരിക്കുക; മൊസ്സ്യു മെയറായി കഴിയുക; പട്ടണത്തെ സമ്പന്നമാക്കുക; ഗതിയില്ലാത്തവരെ പുലര്‍ത്തുക; അനാഥശിശുക്കളെ വളർത്തുക; സുഖിയും സുശീലനും ബഹുമാനിതനുമായി ജീവിക്കുക; എന്നാൽ ഈ സമയത്ത്, നിങ്ങൾ ആഹ്ലാദത്തോടും സ്വാതന്ത്ര്യത്തോടുംകൂടി കഴിയുമ്പോൾ, ഒരു മനുഷ്യൻ നിങ്ങൾക്കുള്ള ചുകപ്പുടുപ്പു ധരിക്കുന്നുണ്ടാവും; നിങ്ങളുടെ പേർ വഹിച്ച് അവമാനത്തിൽ കിടക്കുന്നുണ്ടാവും; നിങ്ങൾക്കുള്ള ചങ്ങല വലിച്ചുകൊണ്ടു തണ്ടുവലിശിക്ഷയിൽ കഴിയുന്നുണ്ടാവും. അതേ, അപ്പോൾ വളരെ നല്ല ഏർപ്പാടായി, ഹാ, ദുഷ്ട!”

അയാളുടെ നെറ്റിത്തടത്തിൽനിന്നു വിയർപ്പൊഴുകി. അയാൾ ആ മെഴുതിരിക്കാലുകളുടെ മേൽ ’കണ്ണുനട്ടും’ കൊണ്ടു നോക്കി. പക്ഷേ, അയാളുടെ ഉള്ളിൽ വെച്ചു സംസാരിച്ച ശബ്ദം നിർത്തിയിട്ടില്ല. ആ ശബ്ദം തുടർന്നു; ’ഴാങ് വാൽഴാങ്, നിങ്ങളുടെ ചുറ്റും പല ശബ്ദങ്ങളുണ്ടാവും; അവ വലിയ ഒച്ചപ്പാടുണ്ടാക്കും; അവ വളരെ ഉച്ചത്തിൽ സംസാരിക്കും; അവ നിങ്ങളെ അനുഗ്രഹിക്കും. എന്നാൽ ഒരു ശബ്ദം മാത്രമുണ്ടാവും ആരും കേൾക്കാത്തതായിട്ട്. അത് നിങ്ങളെ ഇരുട്ടത്തു വെച്ചു ശപിക്കും. ശരി! ഹേ, നികൃഷ്ടമനുഷ്യാ, കേൾക്കു; ആ എല്ലാ അനുഗ്രഹവാക്കുകളും സ്വർഗത്തിൽ എത്തുന്നതിനുമുമ്പേ പിന്നോക്കം മാറും. ശാപം മാത്രം ഈശ്വരന്റെ അടുക്കലേക്ക് കയറിച്ചെല്ലും.”

ആദ്യത്തിൽ ശക്തി കുറഞ്ഞിരുന്നതും അന്തഃകരണത്തിന്റെ ഏറ്റവും നിഗൂഡങ്ങളായ അടിത്തട്ടുകളിൽനിന്നു പൊന്തിയിരുന്നതുമായ ഈ ശബ്ദം ക്രമത്തിൽ ഭയങ്കരവും ഞെട്ടിത്തെറിപ്പിക്കുന്നതുമായിത്തീർന്നു; അതയാളുടെ ചെകിടിൽത്തന്നെ കേൾക്കാറായി. അതു തന്നിൽനിന്നു വേർപെടുകയും തനിക്കു പുറമെ നിന്നു സംസാരിക്കുകയും ചെയ്യുന്നതായി അയാൾക്കു തോന്നി. ഒടുവിലത്തെ വാക്കുകൾ അത്രയും സ്പഷ്ടമായി കേട്ടു എന്ന് അയാൾ വിചാരിച്ചു ഒരുതരം ഭയപ്പാടോടുകൂടി ചുറ്റും നോക്കി.

ഇവിടെ ആരെങ്കിലുമുണ്ടോ?” എന്തെന്നില്ലാത്ത അമ്പരപ്പിൽ അയാൾ ഉറക്കെ കല്‍പിച്ചുചോദിച്ചു.

പിന്നീട് ഒരു പൊട്ടന്റെ മാതിരിയിലുള്ള ചിരിയോടുകൂടി, അയാൾ തുടർന്നു പറഞ്ഞു; ഞാനെന്തു വിഡ്ഡിയാണ്! ആരും ഉണ്ടാവാൻ വയ്യാ!”

ആരോ ഉണ്ടായിരുന്നു; പക്ഷേ, അവിടെ ഉണ്ടായിരുന്ന ആൾ, മനുഷ്യദൃഷ്ടിക്കു കാണാൻ വയ്യാത്തവരിൽപ്പെട്ടിരുന്നു.

അയാൾ ആ മെഴുതിരിക്കാലുകൾ അടുപ്പിൻതിണ്ണയിൽ വെച്ചു; എന്നിട്ടു തന്റെ രസമില്ലാത്തതും വ്യസനമയവുമായ ലാത്തൽ വീണ്ടും തുടങ്ങി. ഇതു ചുവട്ടിൽ കിടന്നുറങ്ങുന്ന മനുഷ്യന്റെ സ്വപ്നത്തെ തകരാറാക്കി. അയാളെ ഞെട്ടിത്തെറിപ്പിച്ചു.

ഈ അങ്ങോട്ടുമിങ്ങോട്ടുമുള്ള ദൃഡഃമായ നടത്തം അയാളെ ആശ്വസിപ്പിക്കുകയും അപ്പോൾത്തന്നെ അയാളെ ലഹരി പിടിപ്പിക്കുകയും ചെയ്തു; ചിലപ്പോൾ, ചില വിശിഷ്ടസന്ദർഭങ്ങളിൽ, സ്ഥലം മാറുന്നതുകൊണ്ട് കണ്ടെത്തിയേയ്ക്കാവുന്ന സകലത്തോടും ഉപദേശം ചോദിക്കാൻവേണ്ടി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുപോലെ തോന്നും. കുറച്ചു നിമിഷങ്ങൾകൂടി കഴിഞ്ഞപ്പോൾ താനെവിടെയാണെന്ന് അയാൾക്കു നിശ്ചയമില്ലാതായി.

വഴിക്കുവഴിയെ ചെന്നുകൂടിയ രണ്ടു നിശ്ചയങ്ങളുടെ മുൻപിലും ഒരേവിധമായ ഭയപ്പാടോടുകൂടി അയാൾ ചൂളി. അയാൾക്ക് ഉപദേശം കൊടുത്തുപോന്നിരുന്ന രണ്ടു യുക്തിയും ഒരേമാതിരി ആപൽക്കരമായി തോന്നി, എന്തൊരാപത്ത്! അയാൾക്കു പകരമായി ഷാങ്മാത്തിയോവിനെ പിടിച്ചു എന്നത് എന്തൊരു ദശാപരിപാകം; ആദ്യത്തിൽ അയാളുടെ നിലയെ ഉറപ്പിക്കാൻവേണ്ടി ഈശ്വരൻ ഏർപ്പെടുത്തിയതായി തോന്നിയ ആ വിദ്യകൊണ്ടുതന്നെ അയാൾ അപകടത്തിലാവുക!

അയാൾ ഭാവിയെപ്പറ്റി ആലോചിച്ചുനോക്കിയ ചില സമയമുണ്ട്. കുറ്റക്കാരനെന്നു—ജഗദീശ്വര! താൻ ചെന്നു സമ്മതിക്കുക! പിടിക്കാൻ അവനവനെ കൊണ്ടുക്കൊടുക്കുക! തനിക്കുപേക്ഷിക്കേണ്ടിവരുന്നവയോടെല്ലാം, ഒരിക്കൽക്കൂടി തനിക്കു കൈക്കൊള്ളേണ്ടിവരുന്നവയോടെല്ലാം, അയാൾ അപാരമായ നിരാശതയോടുകൂടി നേരിട്ടു. അത്രമേൽ നല്ലതും പരിശുദ്ധവും ശോഭനവുമായ ജീവിതത്തോട്, സകലരുടേയും ബഹുമതിയോട്, മാന്യതയോട്, സ്വാതന്ത്രത്തോട്, അയാൾക്കു യാത്ര പറയേണ്ടിവരും. താൻ ഇനി ഒരിക്കലും വയൽപ്രദേശങ്ങളിൽ ലാത്തുകയില്ല; മെയ്മാസത്തിൽ പക്ഷികൾ പാട്ടുപാടുന്നത് ഇനി ഒരിക്കലും താൻ കേൾക്കുകയില്ല; ചെറുകുട്ടികളുടെ കൈയിൽ ഇനി ഒരിക്കലും താൻ പണം വെച്ചുകൊടുക്കുകയില്ല; തന്റെ മേൽ പതിയുന്ന നന്ദിയുടേയും സ്നേഹത്തിന്റേയും നോട്ടങ്ങൾക്കുള്ള മാധുര്യം താനിനി അനുഭവിക്കുകയില്ല; താനുണ്ടാക്കിച്ച ആ വീട്, ആ ചെറിയ മുറി, താൻ വെടിയേണ്ടിയിരിക്കുന്നു; ആ സമയത്തു സകലവും അയാൾക്കു കൌതുകകരമായിത്തോന്നി. ആ പുസ്തകങ്ങൾ ഇനി ഒരിക്കലും ഞാൻ വായിക്കില്ല; വെള്ളമരം കൊണ്ടുള്ള ചെറുമേശമേൽവെച്ചു ഇനി ഒരിക്കലും താൻ എഴുതുകയില്ല; തന്റെ കിഴവിയായ വാതിൽക്കാവല്‍ക്കാരി, തനിക്കാകെയുള്ള ഭൃത്യ, രാവിലെനേരം തനിക്ക് ഇനി ഒരിക്കലും കാപ്പി കൊണ്ടുവന്നു തരില്ല. ജഗദീശ്വര! അതിന്നു പകരം തടവുപുള്ളികളുടെ കൂട്ടം, ഇരിമ്പുകണ്ഠാഭരണം, ചുകപ്പു മാർക്കുപ്പായം, കാലിന്റെ ഞെരിയാണിയിൽ ചങ്ങല, ക്ഷീണം, കുണ്ടറ, ചാക്കുകിടക്ക, താൻ അത്രമേൽ നല്ലവണ്ണം അറിഞ്ഞിട്ടുള്ള ആ സങ്കടങ്ങളൊക്കെ— തന്റെ ആ പ്രായത്തിൽ ആ നിലക്കെല്ലാം ആയിത്തീർന്നതിനുശേഷം! വീണ്ടും ചെറുപ്പമായാൽ മതിയായിരുന്നു! പക്ഷേ, തന്റെ വാർദ്ധക്യദശയിൽ, തോന്നിയവരെല്ലാം നീ’ എന്നു വിളിക്കുന്നതു കേൾക്കുക; തടവുപുള്ളിക്കാവലാൾ വന്നു ദേഹം പരിശോധിക്കുക; തണ്ടുവലശിിക്ഷസ്ഥലത്തുള്ള സർജ്ജന്റുദ്യോഗസ്ഥന്റെ വീക്കുകൾ കൊള്ളുക; നഗ്നങ്ങളായ കാലടികളിൽ ഇരുമ്പുകെട്ടുള്ള പാപ്പാസ്സിടുക; തടവുപുള്ളികളുള്ളേടങ്ങളിൽ പതിവായി വരുന്ന ’ബീറ്റു’ പരിശോധനക്കാരന്റെ ചുറ്റികയ്ക്കു വൈകുന്നേരവും രാവിലെയും കാൽ നീട്ടിക്കൊടുക്കേണ്ടിവരുക; “അതാ ആ കാണുന്ന മനുഷ്യനാണ് മുൻപ് എം. പട്ടണത്തിലെ മെയറായിരുന്ന പേരുകേട്ട ഴാങ് വാൽഴാങ്’ എന്നു പറഞ്ഞുകൊടുക്കപ്പെടുന്ന അപരിചിതന്മാരുടെ ഉൽക്കണ്ഠയ്ക്കു വഴങ്ങിക്കൊടുക്കുക; രാത്രി വിയർത്തൊലിച്ചു. ക്ഷീണംകൊണ്ടു പരവശരായി, തങ്ങളുടെ പച്ചത്തൊപ്പികൾ കണ്ണിലേക്കിറക്കിവെച്ച് ഈരണ്ടുപേരായി സർജ്ജന്റുദ്യോഗസ്ഥന്റെ കൊരടാവിനു ചുവട്ടിലൂടെ തണ്ടുവലിശിക്ഷസ്ഥലത്തേക്കുള്ള കോണിപ്പടി കയറുക. അഹോ, എന്തു കഷ്ടപ്പാട്! അപ്പോൾ ഈശ്വരവിധി, ഒരു ബുദ്ധിയുള്ള സത്ത്വത്തെപ്പോലെ, അത്രമേൽ പകയുള്ളതാവാമോ? മനുഷ്യഹൃദയത്തെപ്പോലെ, അത്ര പൈശാചികമായിത്തീരാമോ?

എന്നതൊക്കെത്തന്നെ ചെയ്താലും ശരി, തന്റെ മനോരാജൃത്തിന്നു മുഴുവനും അടിയിൽക്കിടക്കുന്ന ആ ഹൃദയഭേദകമായ വൈഷമ്യത്തിൽ, എപ്പോഴും അയാൾ പിന്നോക്കം വീണുകൊണ്ടേയിരിക്കുന്നു; “സ്വർഗത്തിൽ താമസിച്ച് ഒരു പിശാചാവുകയോ? നരകത്തിലേക്കു മടങ്ങിച്ചെന്ന് ഒരു ദേവനാവുകയോ?”

എന്താണ് ചെയ്യേണ്ടത്? ജഗദീശ്വരാ! എന്താണ് ചെയ്യേണ്ടത്?

അത്രമേൽ ബുദ്ധിമുട്ടി വിട്ടുപോന്ന ആ അതിവേദന പിന്നേയും അയാളുടെ ഉള്ളിൽ ഉച്ഛൃംഖലമായി. ഒരിക്കൽക്കൂടി അയാളുടെ വിചാരങ്ങൾ സമ്മിശ്രങ്ങളാവാൻ തുടങ്ങി; നിരാശതയുടെ വിശേഷതയായ ആ ഒരമ്പരപ്പിനേയും അന്ധാളിത്തത്തേയും അവ വീണ്ടും കൈക്കൊണ്ടു. പണ്ടെന്നോ കേട്ടിട്ടുള്ള ഒരു പാട്ടിന്റെ രണ്ടു ചരണങ്ങളോടുകൂടി റൊമാങ് വിൽ എന്ന പേർ ഇളവില്ലാതെ അയാളുടെ മനസ്സിൽ ആവർത്തിക്കപ്പെട്ടു. ഏപ്രിൽ മാസത്തിൽ ’ലീലാക്’ ചെടി പറിക്കുവാൻ വേണ്ടി ചെറുപ്പക്കാരായ കാമിനീകാമുകന്മാർ പോകാറുള്ളതായി പാരിസ്സിനു തൊട്ട ഒരു ചെറുതോപ്പാണ് റൊമാങ് വിൽ എന്നയാൾ വിചാരിച്ചു.

അയാൾ ഉള്ളിലും പുറമേയും ഒരുപോലെ ചാഞ്ചാടി. തനിച്ചു “പിച്ച’ നടക്കുവാൻ അനുവാദം കിട്ടിയ ഒരു ചെറുകുട്ടിയെപ്പോലെ അയാൾ നടന്നു.

ഇടയ്ക്കിടയ്ക്ക്, ക്ഷീണത്തോടു മല്ലിടുന്നതോടുകൂടി, തന്റെ മനസ്സിനെ വീണ്ടും സ്വസ്ഥമാക്കുവാൻ അയാൾ ശ്രമിച്ചുനോക്കും; ഒടുവിലത്തെ പ്രാവശ്യം. രണ്ടിലൊന്നു തീർച്ചപ്പെടുത്തുവാനായി, ക്ഷീണംകൊണ്ട് താൻ ഒരുവിധം നെഞ്ഞടച്ചുവീണുകിടക്കുന്ന ആ ഒരു സംശയത്തെപ്പറ്റി അയാൾ സ്വയം ചോദിപ്പാൻ ശ്രമിച്ചു; കുറ്റക്കാരനെന്നു താൻ സമ്മതിക്കേണ്ടതാണോ? താൻ ഒന്നും മിണ്ടാതിരിക്കയാണോ വേണ്ടത്? അയാൾക്കു യാതൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല. അയാളുടെ മനോരാജ്യത്താൽ കുറിക്കപ്പെട്ട എല്ലാ യുക്തിവിചാരങ്ങളുടേയും മങ്ങിയ മാർഗങ്ങൾ വിറയ്ക്കുകയും ഓരോന്നായി പുകയ്ക്കുള്ളിൽ മറയുകയും ചെയ്തു. ഏതുതന്നെ ചെയ്വാൻ തീർച്ചപ്പെടുത്തിയാലും ശരി, തന്റെ ഉള്ളിലുള്ള എന്തോ ഒന്ന് നശിക്കണമെന്നും, അതവശ്യം കൂടിയേകഴിയൂ എന്നും, ആ വാസ്തവം അറിയാതെ കഴിക്കാൻ നിവൃത്തിയില്ലെന്നും മാത്രം അയാൾക്കുറപ്പു തോന്നി; ഇടത്തുവശത്തൂടെയെന്നപോലെ വലത്തുഭാഗത്തുടെയും ഒരു ശ്മശാനത്തിലേക്കാണ് താൻ പ്രവേശിക്കുന്നതെന്ന്, ഒരു മരണവേദനയിലൂടെയാണ്—തന്റെ ഭാഗ്യത്തിന്റെ മരണവേദനയോ അല്ലെങ്കിൽ തന്റെ മനോഗുണത്തിന്റെ മരണവേദനയോ രണ്ടിൽ ഒന്നിലൂടെയാണ്—താൻ നടക്കുന്നതെന്നു മാത്രം അയാൾക്ക് ഉറപ്പ് തോന്നി.

കഷ്ടം! വീണ്ടും തന്റെ മനശ്ചാഞ്ചല്യം മുഴുവൻ അയാളെ കടന്നു ബാധിച്ചു. പ്രാരംഭത്തിൽ നിന്നിരുന്നേടത്തുനിന്ന് ഒരടിയും അയാൾ മുൻപോട്ടു വെച്ചിട്ടില്ല.

ഈ ഭാഗ്യംകെട്ട ആത്മാവ് ഇങ്ങനെ തന്റെ കഠിനദുഃഖത്തിൽ കിടന്നു പിടഞ്ഞു. ഈ നിർഭാഗ്യനായ മനുഷ്യന്റെ കാലത്തിനു പതിനെട്ടു നൂറ്റാണ്ടുമുൻപ്, എല്ലാ പരിശുദ്ധികളും മനുഷ്യസമുദായത്തിന്റെ എല്ലാ കഷ്ടപ്പാടുകളും ഏകോപിച്ചിരുന്ന ആ അത്ഭുതകരമായ ചൈതന്യസ്വരൂപവും, അപാരതയുടെ കൊടുങ്കാറ്റത്ത് “ഒലീവ്” മരക്കൊമ്പുകൾ നിന്നു വിറക്കെ, ഇരുട്ട് ഇറ്റിറ്റുകൊണ്ടുള്ളതും എങ്ങെങ്ങും നക്ഷത്രങ്ങളാൽ മിന്നിവെക്കപ്പെട്ട അഗാധതകൾക്കുള്ളിൽ നിഴൽ പാടുകളെക്കൊണ്ട് വഴിഞ്ഞൊഴുകുന്നതുമായ ആ ഭയങ്കരപാനപാത്രത്തെ തന്റെ കൈകൊണ്ട് വളരെക്കാലം തട്ടിയിട്ടുണ്ട്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.