images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.15
ഒരു നേതാവിനെ എത്രവിധം തൂക്കിനോക്കാം

വാട്ടർലൂയുദ്ധം ഒരു കടങ്കഥയാണു്. തോറ്റുപോയവർക്കെന്നപോലെ ജയം കിട്ടിയവർക്കും അതു നിഗൂഢമത്രേ. നെപ്പോളിയനെസ്സംബന്ധിച്ചേടത്തോളം അതൊരു പരിഭ്രമമായിരുന്നു. ബ്ലൂഷേർ [34] അതിൽ വെടിയുണ്ടയല്ലാതെ മറ്റൊന്നും കാണുന്നില്ല. വെല്ലിങ്ടന്നു് അതിനെപ്പറ്റി യാതൊന്നും മനസ്സിലായിട്ടില്ല. വിവരണക്കൂറിപ്പുകൾ നോക്കുക. യുദ്ധവർത്തമാനപത്രങ്ങളൊക്കെ ഓരോന്നു പറയുന്നു, വ്യാഖ്യാനങ്ങളെല്ലാം വ്യംഗ്യമയങ്ങൾ. ചിലർ വിക്കുന്നു, മറ്റു ചിലർ കൊഞ്ഞുകയാണു്. വാട്ടർലൂയുദ്ധത്തെ ഴോമിനി [35] നാലു കാര്യങ്ങളാക്കി തിരിക്കുന്നു; മ്ഫളിങ്ങ് അതിനെ മൂന്നു മാറ്റങ്ങളായി വെട്ടിമുറിക്കുന്നു; ഷാറാ മാത്രം- ചില സംഗതികളിൽ ഞങ്ങൾ നേരെ വിപരീതാഭിപ്രായക്കാരാണെങ്കിലും അദ്ദേഹം മാത്രം- തന്റെ സാഹങ്കാരമായ നോട്ടത്താൽ വിധിയോടു മല്ലിടുന്ന മനുഷ്യബുദ്ധിയുടെ ആ അത്യാപത്തിന്റെ ആകൃതിവിശേഷങ്ങളെ കടന്നുപിടിച്ചിട്ടുണ്ടു്. മറ്റു ചരിത്രകാരന്മാർക്കെല്ലാം ഏതാണ്ടമ്പരപ്പു പറ്റിപ്പോകുന്നു; ആ അമ്പരപ്പിൽ അവർ നാലു പാടും തപ്പിനോക്കുന്നു. മിന്നൽപ്രകാശത്തോടുകൂടിയ ഒരു ദിവസമായിരുന്നു അതു്; അതേ, രാജാക്കന്മാരുടെ തല തികച്ചും തിരിഞ്ഞുപോകുമാറു്, എല്ലാ കോയ്മകളെയും തന്റെ പിന്നിൽ വലിച്ചുകൂട്ടിയ സൈനികരാജത്വത്തിന്റെ ഒരു പൊടിഞ്ഞു തകരൽ- ആയുധശക്തിയുടെ അധ:പതനം, യുദ്ധത്തിന്റെ അപജയം.

അമാനുഷികമായ ആവശ്യകതയാൽ മുദ്രവെക്കപ്പെട്ട ഈ സംഭവത്തിൽ മനുഷ്യൻ വേഷംകെട്ടിയാടിയിട്ടുള്ള ഭാഗം സാരമുള്ളതല്ല.

വെല്ലിങ്ടനിൽനിന്നും ബ്ലൂഷേറിൽനിന്നും വാട്ടർലൂയുദ്ധം എടുത്തുകളയുന്ന പക്ഷം, ഞങ്ങൾ ആ പ്രകാശമാനമായ ഇംഗ്ലണ്ടാകട്ടേ, ആ പ്രതാപവത്തായ ജർമനിയാകട്ടേ, വാട്ടർലൂ വാദപ്രതിവാദത്തിൽ പങ്കെടുക്കുന്നില്ല. പരിതാപകരങ്ങളായ വാൾപ്പയറ്റുകളെ കൂട്ടാതെ തന്നെ, ഓരോ രാഷ്ട്രീയസമുദായങ്ങളും മഹത്തരങ്ങളാണല്ലോ എന്നു നമുക്ക് ഈശ്വരനോടു നന്ദി പറയുക. ഇംഗ്ലണ്ടാകട്ടേ, ജർമനിയാകട്ടേ, ഫ്രാൻസാകട്ടേ, ഒരു വാൾപ്പിടിയിൽ ഒതുങ്ങിക്കൊണ്ടല്ല, വാട്ടർലൂ എന്നതു വാളൂകളൂടെ ഒരു കൂട്ടിമുട്ടൽ മാത്രമായിരിക്കുന്ന ഇക്കാലത്തു ബ്ലൂഷേർക്കു മുകളിലായി ജർമനിക്ക് ഷില്ലറുണ്ടു്; വെല്ലിങ്ടന്നു മുകളിൽ ഇംഗ്ലണ്ടിനു ബയറനും. നമ്മുടെ ഈ ശതാബ്ദത്തിനുള്ള സവിശേഷത, ഒരു പരപ്പാലോചനകളുടെ അഭൂതപൂർവമായ ആവിർഭാവമാണു്. ആ അരുണോദയത്തിൽ ഇംഗ്ലണ്ടിനും ജർമനിക്കും ഒരു സവിശേഷമായ പ്രകാശമുണ്ടു്. അതു രണ്ടും ഉൽകൃഷ്ടങ്ങൾതന്നെ, എന്തുകൊണ്ടു്? അവ ആലോചന ചെയ്യുന്നു. പരിഷ്കാരത്തിലേക്കുള്ള അവയുടെ വക വരികൊടുക്കലായ ആ ഉന്നതനിരപ്പു ജാത്യാ അവയിൽ അന്തർലീനമത്രേ; അതു് അവയിൽ നിന്നുതന്നെ ഉണ്ടാകുന്നതാണ്- അല്ലാതെ എന്തോ ഒരപ്രതീക്ഷിത സംഭവത്തിൽ നിന്നല്ല. പത്തൊമ്പതാംനൂറ്റാണ്ടിലേക്ക് ആ രണ്ടു രാജ്യങ്ങളുംകൂടി കൊണ്ടുവന്നിട്ടുള്ള അഭിവൃദ്ധിയുടെ ഉത്ഭ്വാസ്ഥാനം വാട്ടർലൂവല്ല. ഒരു ജയത്തിനുശേഷം ക്ഷണത്തിൽ വളർന്നുപൊന്തുക, വെറും അപരിഷ്കൃതജനങ്ങൾ മാത്രമാണു്. ഒരു കൊടുംങ്കാറ്റിൽ അലമറിക്കപ്പെട്ട വെള്ളച്ചാട്ടങ്ങളുടെ ക്ഷണികമായ അഹംഭാവമാണതു്. പരിഷ്കൃത ജനങ്ങൾ, വിശേഷിച്ചും നമ്മുടെ കാലത്തു്, ഒരു സൈന്യാധിപന്റെ നല്ല കാലംകൊണ്ടോ ചീത്തക്കാലംകൊണ്ടോ പൊന്തുകയും താഴുകയുമില്ല. മനുഷ്യജാതിക്കിടയിൽ അവർക്കുള്ള സഗൗരവത്വം ശണ്ഠയിടലിൽനിന്നു് കുറേക്കൂടി വലുതായ ഒന്നിൽനിന്നുണ്ടാകുന്നു. അവരുടെ മാന്യത, അവരുടെ പദവി, അവരുടെ അറിവു്, അവരുടെ അസാധാരണ ബുദ്ധി, ഇതൊന്നും ആ ചൂതുകളിക്കാർ-ധീരോദാത്തന്മാരും ലോകവിജയികളും- യുദ്ധങ്ങളാകുന്ന ഷോടതിയിൽ ഇടുന്ന ചില നറുക്കുകളല്ല; അഹോ, നമുക്കതിനു് ഈശ്വരനോടു് നന്ദി പറയുക! പലപ്പോഴും യുദ്ധത്തിൽ, തോല്മ പറ്റുന്നു; അഭിവൃദ്ധി കീഴടക്കപ്പെടുന്നു. ബഹുമതി കുറയുന്നു, സ്വാതന്ത്ര്യം വർദ്ധിക്കുന്നു. യുദ്ധഭേരി മിണ്ടാതാകുന്നു; ആലോചനാശക്തി സംസാരിക്കാൻ തുടങ്ങുന്നു. ആർ തോല്ക്കുന്നുവോ അവൻ ജയിക്കുന്നതായ ഒരു ചൂതുകളിയാണതു്. അതുകൊണ്ടു വാട്ടർലൂവിന്റെ രണ്ടുഭാഗത്തെപ്പറ്റിയും ഞങ്ങൾ മൂഖംനോക്കാതെ പറയട്ടെ, ആകസ്മികസംഭവത്തിനവകാശപ്പെട്ടതെന്തോ അതു് ആകസ്മികസംഭവത്തിനു കൊടുക്കുക; ഈശ്വരന്നവകാശപ്പെട്ടതെന്തോ അതീശ്വരനുന്നും. വാട്ടർലൂ എന്താണു്? ഒരു ജയമാണോ? അല്ല, ഷോടതിയിൽ സമ്മാനം കിട്ടുന്ന അക്കം.

ഷോടതിയിൽ സമ്മാനമുള്ള അക്കങ്ങളഞ്ചും യൂറോപ്പു കൈയിലാക്കി; ഫ്രാൻസ് സംഖ്യ എണ്ണിക്കൊടുത്തു-ഇത്രമാത്രം.

അവിടെ ഒരു സിംഹപ്രതിമ പ്രതിഷ്ഠിക്കപ്പെടാൻ അർഹതയില്ല.

അത്രമാത്രമല്ല, ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളവയിൽവച്ച് ഏറ്റവും അത്ഭുതകരമായ ഒരു യുദ്ധമാണു് വാട്ടർലൂ. നെപ്പോളിയനും വെല്ലിങ്ടനും. ഇവർ ശത്രുക്കളല്ല; ഇവർ വിപര്യായങ്ങളാണു്; വിരോധാലങ്കാരങ്ങളിൽ അത്യധികം ഉത്സുകനായ ഈശ്വരൻ ഇതിലധികം വിസ്മയനീയമായ ഒരു വൈപരീത്യപരിശോധനയിൽഇതിലധികം അസാധാരണമായ ഒരു താരതമ്യവിവേചനത്തിൽ- ഏർപ്പെട്ടിട്ടില്ല. ഒരു ഭാഗത്തു സൂക്ഷ്മത, ദീർഘദൃഷ്ടി, ക്ഷേത്രഗണിതം, കാര്യബോധം, ഉറച്ച പിൻവാങ്ങൽ, വാശിയേറിയ കൂസലില്ലായ്മയോടുകൂടി കരുതിവെച്ച പിൻബലം, അക്ഷോഭ്യമായ ഒരു വ്യവസ്ഥ, ചുവടുനോക്കുന്നതായ യുദ്ധനൈപുണ്യം, പട്ടാളത്തിന്റെ നിലയ്ക്കിളക്കം തട്ടിക്കാതെ നിർത്തുന്ന സേനാവിന്യസനസാമർഥ്യം, നിയമത്തെ അനുസരിച്ചു ചെയ്യുന്ന കൂട്ടക്കൊല, ക്രമപ്പെടുത്തിയ യുദ്ധം, കൈയിൽത്തന്നെ ഘടികാരം, ആകസ്മികസംഭവത്തിനു യാതൊന്നും ഒഴിച്ചിടായ്ക, പണ്ടത്തെ ഇതിഹാസങ്ങളിൽ വർണിക്കപ്പെട്ട ധൈര്യം, തികഞ്ഞ കണിശം; മറ്റേ ഭാഗത്തു സഹജജ്ഞാനം, മുന്നറിവു്, യുദ്ധസംബന്ധിയായ വിഷമത, അമാനുഷമായ ജന്മവാസന, ഒരു തീപ്പറക്കുന്ന നോട്ടം, ഒരു കഴികിനെപ്പോലെ സൂക്ഷിച്ചു നോക്കുന്നതും മിന്നലുപോലെ ചെന്നുകൊള്ളുന്നതുമായ എന്തോ ഒരനിർവചനീയവസ്തു, അഹമ്മതിയോടുകൂടിയ സാഹസത്തിൽ ഒരു വല്ലാത്ത സാമർഥ്യം, അഗാധതരമായ ഒരാത്മാവിന്റെ എല്ലാ നിഗൂഢഭാഗങ്ങളും, വിധിയുമായുള്ള കൂട്ടുകെട്ട്-അതേ, പുഴയേയും മൈതാനത്തേയും കാട്ടുപ്രദേശത്തേയും കുന്നുകളേയും വിളിച്ചുവരുത്തി നിർബന്ധിച്ച് തന്നിഷ്ടം പ്രവർത്തിപ്പിക്കൽ, യുദ്ധക്കളത്തിൽക്കൂടിയും തോന്നിയതു കാണിക്കാൻ മാത്രം പോന്ന സ്വേച്ഛാധികാരിത്വം; യുദ്ധസാമർഥ്യപരമായ പ്രകൃതിശാസ്ത്രത്തോടു കൂടിച്ചേർന്ന- അതിനെ ഉയർത്തുന്നതും എന്നാൽ കലക്കിത്തീർക്കുന്നതുമായ- ഒരു ദൈവയോഗവിശ്വാസം. യുദ്ധത്തിന്റെ ബറീം ആയിരുന്നു വെല്ലിങ്ടൻ; നെപ്പോളിയനാകട്ടേ അതിന്റെ മൈക്കേൽ ഏൻജെലോവും. ഈ സന്ദർഭത്തിൽ ഗണിതവിദ്യ അതിബുദ്ധിയെ കീഴ്പെടുത്തി. രണ്ടു ഭാഗക്കാരും ഓരോരുത്തരെ കാത്തിരുന്നു. ശരിക്കു കണക്കു കൂട്ടിയതാരോ അയാൾ ജയിച്ചു. നെപ്പോളിയൻ ഗ്രൂഷിയെ കാത്തിരുന്നു; അയാൾ വന്നില്ല. വെല്ലിങ്ടൻ ബ്ളൂഷേരുടെ വരവു കാത്തു; അയാൾ വന്നു.

പണ്ടത്തെ യുദ്ധരീതി ചെയ്തു പകരംവീട്ടലാണു് വെല്ലിങ്ടൻ. ആദ്യകാലത്തു നെപ്പോളിയൻ ഇറ്റലിയിൽ വെച്ച് അദ്ദേഹത്തോടെതിരിട്ടു, തികച്ചും മണ്ണു കപ്പിച്ചു. വൃദ്ധനായ കൂമൻ, കുട്ടിയായ കഴുകിനു മുൻപിൽ പുറംതിരിഞ്ഞു പറപറന്നു. പഴയ യുദ്ധച്ചടങ്ങിനു് ഇടികൊണ്ടതുപോലെയായി; എന്നു മാത്രമല്ല, തല താണു. ആ ഇരുപത്താറു വയസ്സുള്ള കോർസിക്കക്കാരൻ ആരാണു്? സകലവും തനിക്കു പ്രതിക്കുലമായി, തനിക്കനുകൂലമായി യാതൊന്നുമില്ലാതെ, ഭക്ഷണസാധനങ്ങളില്ലാതെ, വെടിമരുന്നില്ലാതെ, പീരങ്കികളില്ലാതെ, പാദരക്ഷകളില്ലാതെ, ഏതാണ്ടു സൈന്യംകൂടിയില്ലാതെ, അസംഖ്യം ആളുകളോടു് ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഭടന്മാരെ വെച്ചുകൊണ്ടു്, ഒന്നിച്ചുകൂടിയ യൂറോപ്പിനു മുഴുവനും നേരെ നിർദ്ദാക്ഷിണ്യമായി തന്നെത്തന്നെ വലിച്ചെറിയുകയും തികച്ചും അസാധ്യമായ സ്ഥലത്തു് എങ്ങനെയോ കടന്നുകേറി ജയം നേടുകയും ചെയ്ത ആ മഹാനായ ശുദ്ധമന്തൻ എന്തു സൂചിപ്പിച്ചു? ഒരിക്കൽ ശ്വാസം കഴിക്കാൻകൂടി നില്ക്കാതെ, അതേ നിലയ്ക്കുള്ള ചില യുദ്ധഭടന്മാരെയും കൈയിൽവെച്ച്, ഒന്നു കഴിഞ്ഞൊന്നായി, ജർമൻചക്രവർത്തിയുടെ അഞ്ചു സൈന്യവകുപ്പുകളെ തടവിലാക്കിവിട്ട ആ ഇടിമുഴങ്ങുന്ന ശാസനകളോടുകൂടിയ തടവുപുള്ളി എവിടെനിന്നുദിച്ചു? ഒരു വിജ്ഞാനസൂര്യന്റെ ധിക്കാരത്തോടുകൂടിയ ഈ യുദ്ധത്തെപ്പയറ്ററിയാത്തവൻ ആരാണു്? യുദ്ധസമ്പ്രദായം പഠിപ്പിക്കുന്ന സർവകലാശാല അയാൾക്കു ഭ്രഷ്ടു് കല്പിച്ചു; അതൊടുകൂടി അതിന്റെ തറ പുഴുങ്ങി; പണ്ടത്തെ ‘സീസർ’ യുദ്ധസമ്പ്രദായത്തിനു പുതിയതിനോടുണ്ടായ എന്തെന്നില്ലാത്ത ദ്വേഷം അതിൽനിന്നാണ്- അതേ, സാധാരണമായ വാളിനു തീപ്പറക്കുന്ന വാളിനോടുള്ള ദ്വേഷം; ഭണ്ഡാരത്തിനു ബുദ്ധിശക്തിയുടെ നേരെയുള്ളതു്. 1815 ജൂൺ 18-ആം തിയ്യതി നാൾ ആ കൊടും പക പകരം ചോദിച്ചു; ലോഡി, [36] മോൺട് ബെല്ലോ, [36] മോൺടിനോട് [36] മാൻച്വ, [36] ആർക്കോള [36] എന്നീ യുദ്ധങ്ങൾക്കു ചുവട്ടിൽ അതെഴുതിയിട്ടു. ‘വാട്ടർലൂ.’ അധികജനങ്ങൾക്കും രുചികരമായ ഇടത്തരക്കാരുടെ ജയം. ഈ കപടനാട്യത്തിനു് ഈശ്വരാജ്ഞ അനുവാദം കൊടുത്തു. തന്റെ അധ:പതനത്തിൽ നെപ്പോളിയൻ ചെറിയ വേംസറെ പിന്നേയും മുൻപിൽ കണ്ടു.

വാസ്തവം നോക്കിയാൽ വേംസറെ കിട്ടുവാൻ വെല്ലിങ്ടന്റെ തലമുടിയൊന്നു വെളുപ്പിച്ചാൽ മതി.

ഒന്നാംതരത്തിലുള്ള ഒരു യുദ്ധം രണ്ടാംതരത്തിലുള്ള ഒരു സേനാപതി ജയിച്ചതാണു് വാട്ടർലൂ.

വാട്ടർലൂ യുദ്ധത്തിൽ അഭിനന്ദനീയമായിട്ടുള്ളതു് ഇംഗ്ലണ്ടാണു്: ഇംഗ്ലീഷ് സൈഥര്യം: ഇംഗ്ലീഷ് ദൃഢത, ഇംഗ്ലീഷ് ധൈര്യം; അവിടെയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ ശ്രേഷ്ഠവസ്തു- ഞങ്ങൾ ആ രാജ്യത്തെ മുഷിപ്പിക്കുകയല്ല-ഇംഗ്ലണ്ടു് തന്നെയായിരുന്നു. ഇംഗ്ലണ്ടിന്റെ സൈന്യാധിപനല്ല; ഇംഗ്ലണ്ടിന്റെ സൈന്യം.

തന്റെ സൈന്യം 1815 ജൂൺ 18-ാം തിയ്യതി യുദ്ധം ചെയ്ത ആ സൈന്യം ‘ഒരറയ്ക്കത്ത സൈന്യ’മായിരുന്നു എന്നു വെല്ലിങ്ടൻ ലോർഡ് ബാത്തർസ്റ്റിന്നുള്ള ഒരു കത്തിൽ, എന്തെന്നില്ലാത്ത കൃതഘ്നതയോടുകൂടി പറഞ്ഞുകളഞ്ഞു. വാട്ടർലൂവിലെ ഉഴവുചാലുകൾക്കു ചുവട്ടിൽ കുഴിച്ചുമൂടപ്പെട്ട ആ ദു:ഖമയമായ മനുഷ്യാസ്ഥിസങ്കലനം അതിനെപ്പറ്റി എന്തു വിചാരിക്കുന്നു?

വെല്ലിങ്ടന്റെ കാര്യത്തിൽ ഇംഗ്ലണ്ടു് വേണ്ടതിലധികം വിനയം കാണിച്ചു. വെല്ലിങ്ടനെ അത്രമേൽ വലുതാക്കുന്നതു് ഇംഗ്ലണ്ടിനെ ചെറുതാക്കുകയാണു്. മറ്റു പലരുമുള്ളതുപോലെ ഒരു യുദ്ധവീരൻ വെല്ലിങ്ടനും എന്നേ ഉള്ളൂ. ആ സ്കോച്ച് ഭടന്മാർ, ആ അശ്വാരൂഢമായ രക്ഷിസംഘം, ആ മെയ്റ്റു് ലാൻഡിന്റേയും മിച്ചലിന്റേയും സൈന്യവകുപ്പുകൾ, ആ പ്യാക്കിന്റേയും കെംറ്റിന്റേയും കാലാളുകൾ, ആ പോൺസൺബിയുടേയും സോമർസെറ്റിന്റേയും കുതിരപ്പട്ടാളം. വെടിയുണ്ടകൾ മഴപോലെ വന്നുചൊരിയുമ്പോൾ അതിനുള്ളിലിരുന്നു പണ്ടത്തെ യുദ്ധഗാനങ്ങൾ പാടിയ ആ സ്കോട്ട്ലാണ്ടിലെ നാട്ടുപുറത്തുകാർ, ആ റ്റെലാൻഡിന്റെ പട്ടാളങ്ങൾ, ഒരു തോക്കെടുത്തു ചൂണ്ടേണ്ടതെങ്ങനെയെന്നറിഞ്ഞുകൂടാതെ എസ്ലിങ്ങിന്റേയും റിവോളിയുടേയും പഴയ ഭടസംഘങ്ങളോടു മാറിട്ടുനിന്ന ആ വെറും ബാലന്മാർ- ഇതൊക്കെയാണു് മഹത്തരം. വെല്ലിങ്ടൻ നല്ല ഉറപ്പുള്ളാളാണു്; അതിലാണു് അദ്ദേഹത്തിന്റെ ഗുണമിരിക്കുന്നതു്; അതിനെ ഞങ്ങൾ കുരയ്ക്കണമെന്നു വിചാരിക്കുന്നില്ല; പക്ഷേ, അദ്ദേഹത്തിന്റെ കാലാളൂകളിലും കുതിരപ്പടയാളികളിലും വെച്ച് എത്ര നിസ്സാരവും അദ്ദേഹത്തെപ്പോലെതന്നെ ഉറച്ചുനില്ക്കുമായിരുന്നു. ഇരിമ്പൻഭടനും ‘ഇരിമ്പൻഡ്യൂക്കി’ നെപ്പോലെത്തന്നെ വിലയുള്ളൊന്നാണു്. ഞങ്ങളെസ്സംബന്ധിച്ചാണെങ്കിൽ, ഞങ്ങൾ ബഹുമാനിക്കുകയെല്ലാം ഇംഗ്ലീഷ് ഭടനെയാണ്ഇംഗ്ലീഷ് സൈന്യത്തെ, ഇംഗ്ലീഷ് ജനസംഘത്തെ. ജയസ്മാരകം പ്രതിഷ്ഠിക്കുകയാണെങ്കിൽ, അതു് ഇംഗ്ലണ്ടിന്നാണു് വേണ്ടതു്. വാട്ടർലൂവിലുള്ള ജയസ്തംഭത്തിനു മുകളിൽ ഒരു മനുഷ്യന്റെ രൂപത്തിനു പകരം ഒരു രാജ്യക്കാരുടെ പ്രതിമയാണു് ഉയരത്തിൽ കൊത്തിവെച്ചിരുന്നതെങ്കിൽ, കുറേക്കൂടി ഉചിതമായേനേ.

പക്ഷേ, ഈ മഹത്തായ ഇംഗ്ലണ്ടു് ഞങ്ങൾ ഇവിടെ പറയുന്നതു കേട്ടാൽ ശുണ്ഠിയെടുക്കും. ഇംഗ്ലണ്ടിനു സ്വന്തമായുള്ള 1688-ഉം [37] നമ്മുടേതായ 1789-ഉം [38] ഇരുന്നിട്ടും, ഇന്നു പ്രഭുത്വബഹുമാനമാകുന്ന ആ മായ വിട്ടുപോയിട്ടില്ല. വംശപാരമ്പര്യത്തിലും പൗരോഹിത്യാധികാരത്തിലും അതു വിശ്വസിക്കുന്നു. ശക്തിയിലും മാന്യതയിലും മറ്റാരാലും കവച്ചുവെക്കപ്പെടാത്ത ഈ രാജ്യക്കാർ, ഒരു രാജ്യക്കാരായിട്ടില്ല; ഒരു രാഷ്ട്രീയസമുദായക്കാരായിട്ടാണു് തങ്ങളെ കരുതുന്നതു്. ഒരു രാജ്യക്കാർ എന്ന നിലയിൽ അവർ സ്വമനസ്സോടെ, കീഴ്‌വണങ്ങുകയും തങ്ങളുടെ ഏജമാനനായി ഒരു പ്രഭുവിനെ സ്വീകരിക്കുകയുകയും ചെയ്യുന്നു. ഒരു തൊഴിലാളി എന്ന നിലയിൽ, സ്വയം പുച്ഛിക്കപ്പെടുവാൻ ഇംഗ്ലണ്ടു് സമ്മതിക്കുന്നു; ഒരു പടയാളി എന്ന നിലയിൽ, സ്വയം മുക്കാലിന്മേൽ കെട്ടിയിട്ടടിക്കപ്പെടുവാൻ അതു സമ്മതിക്കുന്നു.

ഇൻകെർമാനിലെ യുദ്ധത്തിൽ സൈന്യത്തെ മുഴുവനും രക്ഷിച്ചതായിക്കാണുന്ന ഒരു ‘സർജ്ജന്റി’ന്റെ പേർ, പ്രധാനോദ്യോഗസ്ഥനിൽനിന്നു താഴെയുള്ള ആരെയും യുദ്ധവീരന്റെ നിലയിൽ വിവരണക്കുറിപ്പിൽ ചേർക്കുവാൻ ഇംഗ്ലണ്ടിലെ സൈനികപ്രഭുത്വം അനുവദിച്ചിട്ടില്ലാത്തതുകൊണ്ടു്, എടുത്തുപറയുവാൻ ലോർഡ് റാഗ്ലിന്നു നിവൃത്തിയില്ലാതെപോയതു് ഇവിടെ സ്മരണീയമാണു്.

വാട്ടർലൂപോലെയുള്ള ഒരു യുദ്ധത്തിൽ ഞങ്ങൾ മറ്റെല്ലാറ്റിലുംവെച്ചധികം അഭിനന്ദിക്കുന്നതു് യദൃച്ഛാസംഭവത്തിന്റെ അത്ഭുതകരമായ ഒരു സാമർഥ്യമാണു്. രാത്രി ഒരു മഴ, ഹൂഗോമോങ്ങിലെ മതിൽ, ഒഹെങ്ങിലെ കുണ്ടുവഴി, പീരങ്കിയൊച്ച കേൾക്കാതെപോയ ഗ്രൂഷി, നെപ്പോളിയന്റെ വഴി അദ്ദേഹത്തെ വഞ്ചിച്ചതു, ബ്ല്യൂളോവിന്റെ വഴികാട്ടി അയാളെ സഹായിച്ചത്- ഈ അത്യാപത്തു് മുഴുവനും എത്ര ഭംഗിയിൽ വരുത്തിക്കൂട്ടിയിരിക്കുന്നു!

എല്ലാംകൂടി, ഞങ്ങൾ തുറന്നുപറയട്ടെ, വാട്ടർലൂവിലുണ്ടായതു് ഒരു യുദ്ധത്തെക്കാളധികം ഒരു കൂട്ടക്കൊലയാണു്.

സേനകളെ ഉറപ്പിച്ചുനിർത്തിയിട്ടുള്ള യുദ്ധങ്ങളിലെല്ലാംവെച്ച്, അത്രയുമസംഖ്യം പോരാളികൾക്കുകൂടി അത്രയും കുറച്ചു സ്ഥലം ഉപയോഗപ്പെടുത്തിയിട്ടുള്ള ഒന്നേ ഒന്നു വാട്ടർലൂവാണു്. നെപ്പോളിയൻ മുക്കാൽക്കാതമേ എടുത്തിരുന്നുള്ളൂ; വെല്ലിങ്ടൻ അരക്കാതം; ഓരോ ഭാഗത്തു് എഴുപത്തീരായിരം പോരാളികളും. ഈ ഇടതൂർമയിൽനിന്നാണു് കൂട്ടക്കൊല പുറപ്പെട്ടതു്.

താഴെ കാണുന്ന കണക്കു തിട്ടപ്പെടുത്തിയിരിക്കുന്നു-ആൾനഷ്ടം; ഓസ്കർലിത്സു് യുദ്ധത്തിൽ, ഫ്രാൻസുകാർക്കു നൂറ്റുക്കു പതിന്നാലു്; റഷ്യക്കാർക്കു നൂറ്റുക്കു മുപ്പതു്; ആസ്ട്രിയക്കാർക്കു നൂറ്റുക്കു നാല്പത്തിനാലു്. വാഗ്രാം [39] യുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു പതിമ്മൂന്നു്; ആസ്ത്രിയക്കാർക്കു നൂറ്റുക്കു പതിന്നാലു്; മോസ്കോവായുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു മുപ്പത്തേഴു്; റഷ്യക്കാർക്ക് നാല്പത്തിനാലു്. ബോട്സൻ [40] യുദ്ധത്തിൽ ഫ്രാൻസുകാർക്കു നൂറ്റുക്കു പതിമ്മൂന്നു്; റഷ്യക്കാർക്കും പ്രഷ്യക്കാർക്കുംകൂടി നൂറ്റുക്കു പതിന്നാലു്. വാട്ടർലൂവിൽ, ഫ്രാൻസുകാർക്കു നൂറ്റുക്ക് അമ്പത്താറു്. എതിർഭാഗക്കാർക്കു മുപ്പത്തൊന്നു്. വാട്ടർലൂവിൽ ആകെ, നൂറ്റുക്കു നാല്പത്തൊന്നു്; ആകെ ഒരു ലക്ഷത്തിനാല്പത്തിനാലായിരം പോരാളികൾ; അറുപതിനായിരം പേർ മരിച്ചു.

ഇന്നാകട്ടെ, ഭൂമിയുടെ ശാന്തത, മനുഷ്യന്നുള്ള ഉദാസീനമായ സഹായ്യം, വാട്ടർലൂയുദ്ധസ്ഥലത്തു കാണപ്പെടുന്നു; അതു മറ്റെല്ലാ മൈതാനങ്ങളുടേയും മട്ടിലിരിക്കുന്നു.

അത്രമാത്രമല്ല, രാത്രിസമയത്തു് ഒരുതരം മനോരാജ്യക്കാരായ മൂടൽമഞ്ഞ് ആ വെളിമ്പറമ്പിൽനിന്നു പുറപ്പെടും; അതിലെ ഒരു പാനഥൻ സഞ്ചരിക്കുന്നു എങ്കിൽ, അയാൾ ചെവിയോർത്തുനോക്കുന്നു എങ്കിൽ, അയാൾ സൂക്ഷിച്ചുനോക്കുന്നു എങ്കിൽ, അപായകരമായ ഫിലിപ്പിയിലെ മൈതാനത്തി [41] വേർജി [42] എന്നപോലെ അയാൾ മനസ്സുകൊണ്ടു സ്വപ്നം കാണുന്നു എങ്കിൽ, അവിടെ വെച്ചുന്റായ അത്യാപത്തിനെസ്സംബന്ധിച്ച് ഒരു മന:ക്ഷോഭം അയാളെ കടന്നു ബാധിച്ചുപോകും. ആ ഭയങ്കരമായ 1815 ജൂൺ 15-ആം തിയ്യതി വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു; കൃത്രിമമായ ആ ജയസ്മാരകമെന്നു് അതാ, അന്തർദ്ധാനം ചെയൂന്നു; സിംഹപ്രതിമ വായുമണ്ഡലത്തിൽ ലയിക്കുന്നു; യുദ്ധഭൂമി അതിന്റെ വാസ്തവസ്ഥിതി കൈക്കൊള്ളുന്നു; കാലാൾപ്പടകളുടെ അണിനിരപ്പുകൾ മൈതാനത്തിൽ ഓളംമറിയുന്നു; ഭയങ്കരങ്ങളായ കുതിരക്കുളമ്പടികൾ ചക്രവാളന്തത്തെ ചവിട്ടിക്കടക്കുന്നു; ആ ഭയപ്പെട്ടുപോയ മനോരാജ്യക്കാരൻ വാളുകളുടെ മിന്നിച്ചയും കുന്തങ്ങളുടെ തിളക്കവും തിയ്യുണ്ടകളുടെ പാളിച്ചയും ഇടിമുഴക്കങ്ങളുടെ വമ്പിച്ച സങ്കലനവും കണ്ണുകൊണ്ടു കാണുന്നു; ഒരു ശവക്കല്ലറയുടെ അഗാധഭാഗങ്ങളിലെ മരണത്തിന്റെ ചിലമ്പിച്ച, യുദ്ധപ്രേതത്തിന്റെ അസ്പഷ്ടമായ നിലവിളി എന്നുതന്നെ പറയട്ടെ, അയാൾ കേൾക്കുന്നു; ആ നിഴലുകളൊക്കെ പടയാളികളാണു്. ആ വെളിച്ചങ്ങളൊക്കെ കവചധാരിഭടന്മാരാണു്; ആ അസ്ഥികൂടം നെപ്പോളിയൻ, മറ്റേ അസ്ഥികൂടം വെല്ലിങ്ടൻ; ഇതൊന്നും ഇപ്പോളില്ല. എങ്കിലും അവ കൂട്ടിമുട്ടുകയും അപ്പോഴും ശണ്ഠയിടുകയും ചെയ്യുന്നു; എന്നല്ല, മലമ്പിളർപ്പുകളെല്ലാം രക്തവർണമാകുന്നു; മരങ്ങൾ നിന്നു തുള്ളിത്തുടങ്ങുന്നു; മേഘങ്ങലിലും നിഴലുകളിലുംകൂടി ലഹളതന്നെ; ആ ഭയങ്കരങ്ങളായ കുന്നുകൾ, ഹൂഗോമോങ്ങ്, മോൺസാങ്ങ്ഴാങ്ങ്, ഫ്രീമോങ്ങ്, പാപ്പിലത്തു്, പ്ലാൻസ്ന്വാ എല്ലാം തമ്മിൽത്തമ്മിൽ കൊന്നുകളയാൻ ഏർപ്പെട്ട പലേ പ്രേതമയങ്ങളായ കൊടുങ്കാറ്റുകളെക്കൊണ്ടു സമ്മിശ്രമായവിധം മുടിചൂടി നില്ക്കുകയാണെന്നു തോന്നിപ്പോകുന്നു.

കുറിപ്പുകൾ

[34] ഒരു യുദ്ധം അവസാനിക്കൽ, ഒരു കാര്യം മുഴിമിക്കൽ, അബദ്ധപ്രവൃത്തികളെ ശരിയാക്കൽ, നാളെയ്ക്ക് അത്ഭുതപൂർവ്വങ്ങളായ ജയങ്ങലെ ഉറപ്പിക്കൽ- ഒരു നിമിഷത്തുണ്ടായ ആ പരിഭ്രമം ഇതെല്ലാം തകരാറാക്കി-നെപ്പോളിയൻ (Dietles de Sainte Heldne) പറഞ്ഞിരിക്കുന്നു.

[35] ഒരു ഫ്രഞ്ച് സേനാപതി. ഇദ്ദേഹം ചരിത്രകാരനും യുദ്ധസംബന്ധിയായ പല ഗ്രന്ഥങ്ങൾ എഴുതിയ ആളുമാണു്. ‘യുദ്ധകല’ എന്ന പുസ്തകം അതിപ്രസിദ്ധം.

[36] നെപ്പോളിയന്നു ശത്രുക്കളുടെ മേൽ പരിപൂർണ്ണ ജയം കിട്ടിയ യുദ്ധങ്ങൾ.

[37] ഇംഗ്ലണ്ടിലെ പൊതുജനങ്ങൾക്ക് ഇന്നുള്ള എല്ലാ അധികാരങ്ങളും മുളയിട്ടതു് ഈ കൊല്ലത്തിലാണു്. അവിടത്തെ രാജ്യഭരണ ചരിത്രത്തിൽ 1688 എന്നെന്നും സ്മരണീയമത്രേ.

[38] ഫ്രാൻസിലെ ഭരണപരിവർത്തനം 1769-ലാണു് ആരംച്ചതു്.

[39] ആസ്ട്രിയയിലെ ഒരു കുഗ്രാമമായ ഇവിടെവെച്ചു നെപ്പോളിയൻ 1739-ൽ ആസ്ത്രിയക്കാരെ തോല്പിച്ചു വിട്ടു.

[40] ജർമ്മനിയിലെ ഈ പട്ടണത്തിൽവെച്ചു ഫ്രാൻസു് റഷ്യയേയും പ്രഷ്യയെയും പരാജയപ്പെടുത്തി: 1813.

[41] ഇവിടെവച്ചാണു് ക്രിസ്ത്വാബ്ദത്തിനു 42 കൊല്ലം മിമ്പു് ഓഗസ്റ്റസ്സും ആന്റണിയുംകൂടി ബ്രൂട്ടസ്സിനൃയും കാസ്സിയസ്സിനേയും തോല്പിച്ചതു്.

[42] റോമിൽ ഉണ്ടായിരുന്ന മഹാകവി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.