images/hugo-16.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.8.3
മദർ ഇൻനൊസെന്ത്

ഏകദേശം ഒരു കാൽമണിക്കൂർ കഴിഞ്ഞു; മഠാഷ്യക്ഷ തിരിച്ചെത്തി, ആ കസാലയിൽ ഒരിക്കൽക്കൂടി ഇരുന്നു.

ആ രണ്ടുപേരും മറ്റെന്തോ കാര്യത്തിൽ മനസ്സു വെച്ചിരുന്നതുപോലെ തോന്നി അവിടെ നടന്ന സംഭാഷണത്തിന്റെ ഒരു സംക്ഷിപ്തക്കുറിപ്പു്. ഞങ്ങളെക്കൊണ്ടു കഴിയുന്ന വിധത്തിൽ, ഇവിടെ കൊടുക്കാം.

‘ഫാദർ ഫൂവാങ്ങ്!’

‘വന്ദ്യനായ മാതാവേ!’

‘ചെറുപള്ളി നിങ്ങൾക്കറിയാമോ?’

‘എനിക്കവിടെ ഒരു കൂടുണ്ടു്; അതിലിരുന്നു ഞാൻ പള്ളിയിൽ നടക്കുന്ന പ്രാർത്ഥന കേൾക്കാറുണ്ടു്.’

‘നിങ്ങളുടെ ജോലിയനുസരിച്ചു നിങ്ങൾ അവിടെ ഈശ്വരവന്ദനത്തിനു വന്നിട്ടുണ്ടു്?’

‘രണ്ടോ മൂന്നോ തവണ.’ ‘ഒരു കല്ലു പൊന്തിക്കാനുണ്ടു്.’ ‘കനമുള്ളതോ?’ ‘തിരുവത്താഴമേശയുടെ ഒരു വശത്തുള്ള കൽവിരിയിലെ ഒരു കല്ലു്.’ ‘നിലവറ മൂടുന്ന കല്ലോ?’ ‘അതേ.’ ‘അതെടുക്കാൻ രണ്ടുപേരുണ്ടാകുന്നതാണു് നല്ലതു്.’ ‘നല്ലവണ്ണം ഒരു പുരുഷന്റെ ശക്തിയുള്ള മദർ അസ്സെൻഷ്യൻ നിങ്ങളെ സഹായിക്കും.’

‘ഒരു സ്ത്രീ ഒരിക്കലും ഒരു പുരുഷനല്ല.’

‘നിങ്ങൾക്കു സഹായത്തിനു തരാൻ ഇവിടെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. ഓരോരുത്തരും കഴിയുന്നതു ചെയ്യുന്നു. സാങ്ങ്ബേർനാറെപ്പറ്റി മബിലോ [1] നാനൂറ്റെഴുപതു ലേഖനഗ്രന്ഥങ്ങൾ തരുമ്പോൾ, മെർലോനുസു് ഹോർസ്റ്റിയൂസ് [2] മുന്നൂറ്ററുപത്തേഴേ തരുന്നുള്ളൂ എന്നുവെച്ച് ഞാൻ മെർലോനുസു് ഹോർസ്റ്റിയൂസ്സിനെ പുച്ഛിക്കുന്നില്ല.’

‘ഞാനുമില്ല.’ ‘അവരവരുടെ ശക്തിക്കൊത്തു പ്രവർത്തിക്കുക, അതാണു് നന്മ, ഒരു സന്ന്യാസി മഠം ഒരു കപ്പൽപ്പണിസ്ഥമല്ല.’ ഒരു സ്ത്രീ ഒരു പുരുഷനുമല്ല. എന്റെ സഹോദരൻ നല്ല ശക്തിയുള്ളയാളാണു താനും!’ ‘അപ്പോൾ നിങ്ങൾക്ക് ഒരു വീണ്ടി കൊണ്ടുവരാമോ?’ ‘അത്തരം ഒരു വാതിലിനു് അത്തരം ഒരു താക്കോലേ പറ്റൂ.’ ‘കല്ലിന്മേൽ ഒരു വട്ടക്കണ്ണിയുണ്ടു്.’ ‘ഞാൻ അതിലൂടെ ഇരിമ്പഴിയോടിക്കും.’ ‘ആ കല്ലു് ഒരു തിരികുറ്റിമേൽ തിരിയും; അങ്ങനെയാണു് അതു വെച്ചിട്ടുള്ളതു്.’ ‘അതു നന്നായി. ഞാൻ ആ നിലവറ തുറക്കും.’ ‘ഗായകസംഘത്തിലെ നാലു മാതാക്കന്മാർ നിങ്ങളെ സഹായിക്കും.’ ‘എന്നിട്ടു, നിലവറ തുറന്നാൽ?’ ‘അതു വീണ്ടും അടയ്ക്കണം.’ ‘അത്രയേ വേണ്ടൂ?’ ‘പോരാ.’ ‘ഞാനെന്താണു് ചെയ്യേണ്ടതെന്നു കല്പിക്കൂ.’ ഫൂവാങ്ങ്, നിങ്ങളെ ഞങ്ങൾക്കു വിശ്വാസമാണു്.’ ‘നിങ്ങൾക്ക് എന്താവശ്യമുണ്ടോ അതു ചെയ്യനാണു് ഞാനിവിടെ.’ ‘യാതൊന്നും പുറത്തു പറയാതിരിക്കാനും.’ ‘അങ്ങനെ തന്നെ.’ ‘നിലവറ തുറന്നാൽ-’ ‘ഞാനതു വീണ്ടും അടയ്ക്കും.’

‘പക്ഷേ, അതിനുമുമ്പ്-’ ‘എന്തു വേണം?’ ‘ഒരു സാധനം അതിലിറക്കണം.’ ഒരു നിശബ്ദത വ്യാപിച്ചു. ശങ്കയെ കാണിക്കുന്നതായ ചുവട്ടിലെ ചുണ്ടിന്റെ ഒരു പിളുത്തൽ കഴിഞ്ഞു. മതാധ്യക്ഷ പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്!’ ‘വന്ദ്യയായ മാതാവേ!’ ‘ഇന്നു രാവിലെ ഒരു മഠനായിക മരിച്ചു എന്നു് നിങ്ങൾക്കറിയാമല്ലോ?’ ‘ഇല്ല.’ ‘നിങ്ങൾ മണിയടി കേട്ടില്ലേ!’ ‘തോട്ടത്തിന്റെ ആ മുക്കിലേക്കു യാതൊന്നും കേൾക്കില്ല.’ ‘നേരു്?’ ‘എന്നെ വിളിക്കുന്നതു് കേട്ടറിയാൻതന്നെ ഞെരുക്കം.’ ‘അവർ രാവിലെ മരിച്ചു.’ ‘പിന്നെ, ഇന്നു രാവിലത്തെ കാറ്റു് എന്റെ ഭാഗത്തേക്കല്ലതാനും.’ ‘മദർ ക്രൂസിഫിക്ഷ്യനാണതു്, ഒരു പുണ്യവതി.’ മഠാധ്യക്ഷ സംസാരം നിർത്തി; പ്രാർത്ഥിക്കുന്നതുപോലെ ചുണ്ടനക്കി. പിന്നേയും പറഞ്ഞു: ‘മൂന്നു കൊല്ലം മുമ്പു് മദാം ദു് ബെത്തൂർ. മനഃസ്വാതന്ത്ര്യനിഷേധവാദത്തിൽ ചേർന്നവൾ, മദർ ക്രൂസിഫിക്ഷ്യൻ ഈശ്വരവന്ദനം ചെയ്യുന്നതു് കണ്ടതുകൊണ്ടുമാത്രം മതനിഷ്ഠയുള്ളവളായിത്തീർന്നു.’ ‘ഓ! ശരി, ഇപ്പോൾ ഞാൻ മണിയടി കേട്ടു.’ ‘മഠനായികമാർ ആ പുണ്യവതിയെ ശവമുറിയിലേക്കു കൊണ്ടുപോയി; അതു പള്ളിക്കു തൊട്ടതാണു്.’ ‘എനിക്കറിയാം.’ ‘നിങ്ങൾക്കല്ലാതെ മറ്റൊരു പുരുഷന്നും ആ മുറിയിലേക്കു കടക്കാൻ വയ്യാ. പാടില്ല. അതു നോക്കണം. ശവമുറിയിലേക്ക് ഒരു പുരുഷൻ കടന്നുചെല്ലുന്നതു കണ്ടാൽ നന്നായി.’ ‘അതിലധികം പ്രാവശ്യം!’ ‘ഏ?’ ‘അതിലധികം പ്രാവശ്യം!’ ‘എന്താണു് നിങ്ങൾ പറയുന്നതു?’ ‘അതിലധികം പ്രാവശ്യം എന്നു്.’ ‘എന്തിലധികം പ്രാവശ്യം?’ ‘വന്ദ്യയായ മാതാവേ, എന്തിലധികം പ്രാവശ്യമെന്നു് ഞാൻ പറഞ്ഞില്ലേ; അതിലധികം പ്രാവശ്യം എന്നാണു് പറഞ്ഞതു്.’ ‘എനിക്കു നിങ്ങൾ പറയുന്നതു് മനസ്സിലാവുന്നില്ല. എന്തിനാണു് അതിലധികം പ്രാവശ്യമെന്നു പറഞ്ഞതു?’ ‘ഇവിടുന്നു പറയുംപോലെ പറയാൻ.’ ‘പക്ഷേ, ‘അതിലധികം പ്രാവശ്യ’മെന്നു ഞാൻ പറഞ്ഞില്ലല്ലോ.’ ആ സമയത്തു് ഒമ്പതു മണിയടിച്ചു. ‘രാവിലെ ഒമ്പതു മണിസ്സമയത്തും മറ്റെല്ലാസ്സമയത്തും തിരുവത്താഴസ്ഥലത്തുള്ള വിശുദ്ധകർമം സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ,’ മഠാധ്യക്ഷ പറഞ്ഞു.

‘തഥാസ്തു,’ ഫൂഷൽവാങ്ങ് പറഞ്ഞു.

മണിയടിച്ചതു നല്ല മുഹൂർത്തത്തിനാണു്. അതു് ‘അതിലധികം പ്രാവശ്യത്തെ നിർത്തിക്കളഞ്ഞു. അതുണ്ടായില്ലെങ്കിൽ മതാധ്യക്ഷയും ഫൂഷൽവാങ്ങുംകൂടി ആ നൂൽക്കൈ ഒരിക്കലും ചുറ്റഴിക്കുമായിരുന്നില്ല. ഫൂഷൽവാങ്ങ് തന്റെ നെറ്റിത്തടം അടിച്ചുവാരി.

മഠാധ്യക്ഷ മറ്റെന്തോ ഒന്നുകൂടി ഉള്ളിൽവെച്ചു മന്ത്രിച്ചു-പരിശുദ്ധജപമായിരിക്കാം; എന്നിട്ടു വീണ്ടും തുടങ്ങി: ‘ജീവിച്ചിരിക്കുമ്പോൾ മദർ ക്രൂസിഫിക്ഷ്യൻ പലരേയും ‘മാർഗംകൂടി’ച്ചു; മരിച്ചതിനുശേഷം പല അത്ഭുതകർമങ്ങളും അവർ ചെയ്യും.’

‘ഉവ്വു്,ചെയ്യും!’ വഴിയിലേക്കു മടങ്ങിച്ചെന്നും മേലാൽ തെറ്റിവെക്കില്ലെന്നുറപ്പിച്ചും ഫൂഷൽവാങ്ങ് മറുപടി പറഞ്ഞു.

‘ഫാദർ ഫൂവാങ്ങ്, മദർ ക്രൂസിഫിക്ഷ്യനെ കിട്ടിയതു സംഘത്തിന്റെ ഭാഗ്യമാണു്. കർദിനാൽ ദു് ബെരൂലെപ്പോലെ പ്രാർത്ഥന ചെയ്യുന്നതിനിടയ്ക്ക്, ഈ ത്യാഗങ്ങൾ ചെയ്യപ്പെട്ടു എന്ന വാക്കുകൾ ഉച്ചരിക്കുന്നതോടുകൂടി, തങ്ങളുടെ ആത്മാക്കളെ ഈശ്വരനിലേക്ക് ഊതിച്ചേർക്കുവാനുള്ള യോഗം എല്ലാവർക്കും കിട്ടുകയില്ല. തീർച്ചയാണു്. എങ്കിലും. അത്ര വലിയ ഭാഗ്യമില്ലെങ്കിലും, മദർ ക്രൂസിഫിക്ഷ്യന്റെ മരണവും വളരെ വൈശിഷ്ട്യമുള്ളൊന്നായിരുന്നു. ഒടുവിലത്തെ നിമിഷം വരെ തന്റേടം വിട്ടിരുന്നില്ല. അവർ ഞങ്ങളോടു സംസാരിച്ചു; എന്നിട്ടു ദൈവദൂതമാരോടു സംസാരിച്ചു. ഞങ്ങൾക്കുള്ള ഒടുവിലത്തെ ആജ്ഞകൾ തന്നു. നിങ്ങൾക്കു കുറേക്കൂടി വിശ്വാസമുണ്ടായിരുന്നുവെങ്കിൽ, അവരുടെ ചെറുമുറിയിൽ കടക്കാൻ നിങ്ങൾക്കു സാധിച്ചിരുന്നുവെങ്കിൽ, ആ നിലം തൊട്ടതുകൊണ്ടു മാത്രം നിങ്ങളുടെ കാലിന്റെ തകരാറു് അവർ ഭേദപ്പെടുത്തിയേനേ. അവർ പുഞ്ചിരിയിട്ടു് ഈശ്വരനിൽ അവർ വീണ്ടും ഉയിർത്തെഴുന്നേല്ക്കുകയാണെന്നു ഞങ്ങൾക്കു തോന്നി. ആ മരണത്തിൽ സ്വർഗത്തെസ്സംബന്ധിച്ച എന്തോ ഒന്നുണ്ടായിരുന്നു.’

മഠാധ്യക്ഷ എന്തോ ഒരീശ്വരപ്രാർത്ഥന ചൊല്ലിത്തീർക്കുകയാണെന്നു ഫൂഷൽ വാങ്ങ് വിചാരിച്ചു. ‘തഥാസ്തു.’ അയാൾ പറഞ്ഞു. ‘ഫാദർ ഫൂവാങ്ങ്, മരിക്കുന്നവരുടെ ആഗ്രഹമെന്തോ അതു സാധിപ്പിക്കണം.’ മഠാധ്യക്ഷ തന്റെ ജപമാലയിലെ കുറേ മണികൾ എണ്ണിക്കഴിച്ചു. ഫൂഷൽവാങ്ങ് മിണ്ടാതെ നിന്നു.

അവൾ വീണ്ടും തുടങ്ങി: ‘നമ്മുടെ നാഥനെ അനുകരിക്കുന്നതിൽ യത്നിക്കുന്നവരും മതാചാര്യജീവിതത്തിലെ ചുമതലകളിൽ മാത്രം ഏർപ്പെട്ടു കഴിയുന്നവരും അത്ഭുതങ്ങളായ സിദ്ധികളുള്ളവരുമായ പലരോടും ഞാൻ ചോദിച്ചു നോക്കിയിട്ടുണ്ടു്’ ‘ഇവിടെ തോട്ടത്തിലെക്കാളധികം വ്യക്തമായി മണിയടി കേൾക്കാം.’ ‘എന്നല്ല, അവർ ഒരു മൃതവനിതയാണെന്നു വെച്ചാൽ പോരാ, അവർ ഋഷിത്വത്തിൽ ചേർന്നു.’ ‘ഇവിടുത്തെപ്പോലെ.’ ‘ഏഴാമൻ പിയുസ്സായ പോപ്പു് തിരുമനസ്സിലെ ഉത്തരവുപ്രകാരം, അവർ ഇരുപതു കൊല്ലമായി ശവമഞ്ചത്തിൽ കിടന്നുറങ്ങുന്നു-’ ‘എന്നുവെച്ചാൽ, ചക്ര-ബോനാപ്പാർത്തിനെ പട്ടാഭിഷേകം ചെയ്ത അദ്ദേഹം.’

സമർത്ഥനായ ഫൂഷൽവാങ്ങിന്റെ മുഖത്തുനിന്നു് ഈ വാക്കു പുറപ്പെട്ടതു് അത്ര നന്നായില്ല. ഭാഗ്യത്തിനു, സ്വന്തം മനോരാജ്യങ്ങളിൽ തികച്ചും മുങ്ങിയിരുന്നതു കൊണ്ടു മഠാധ്യക്ഷ അതു കേൾക്കുകയുണ്ടായില്ല. അവൾ തുടർന്നു: ‘ഫാദർ ഫൂവാങ്ങ്.’

‘വന്ദ്യനായ മാതാവേ?’

‘കമ്പദേശായിലെ പ്രധാനമെത്രാനായ ദിദൊരുസ്സു് തന്റെ ശവകുടീരത്തിന്മേൽ ഈ ഒരൊറ്റ വാക്കു കൊത്തിയിടണമെന്നാവശ്യപ്പെട്ടു: അകരുസ്സ്-ഭൂമിയിലെ ഒരു പുഴു എന്നർത്ഥം; ഇതു ചെയ്തു. വാസ്തവമാണോ?’ ‘അതേ, വാസ്തവം.’ ‘ആക്വിലയിലെ സഭാപതിയായ മഹാത്മാ മെസ്സാകനെ തൂക്കുമരത്തിനു ചുവട്ടിൽ സംസ്കരിക്കപ്പെടണമെന്നാവശ്യപ്പെട്ടു; അതു പ്രകാരം ചെയ്തു.’ ‘അതു വാസ്തവമാണു്.’ ‘ടൈബർനദി ചെന്നു സമുദ്രത്തിൽ ചേരുന്നേടമായ പോറിലെ മെത്രാനായ തെരെൻഷിയുസ്സു് തന്റെ ശവകുടീരത്തിന്മേൽ, അതിന്നടുക്കലൂടെ കടന്നുപോകുന്നവർ അതിന്മേൽ തുപ്പിക്കൊള്ളുമെന്നുവെച്ചു, പിതൃഹത്യക്കാരുടെ സംസ്കാരസ്ഥലത്തു വെക്കാറുള്ള അടയാളം കൊത്തിയിടണമെന്നപേക്ഷിക്കുകയുണ്ടായി. അതുപ്രകാരം ചെയ്തു. മരിക്കുന്നവരുടെ ആവശ്യം നിറവേറ്റിയേ കഴിയൂ.’ ‘അങ്ങനെതന്നെ.’ ‘ഫ്രാൻസിൽ റോഷ്-അബെയ് പ്രദേശത്തിനടുത്തു ജനിച്ച വെർനാർ ഗ്വിദോനിയുടെ ശരീരം അദ്ദേഹത്തിന്റെ ആജ്ഞപോലെ, കാസ്തിലിലെ രാജാവു പാടില്ലെന്നു മുടക്കിയിട്ടുംകൂടി. അദ്ദേഹം സ്പെയിനിൽ ത്വീയിലെ മെത്രാനായിരുന്നുവെങ്കിലും, ലിമോഷിൽ ദോമിനിക്കക്കാരുടെ പള്ളിയിൽ കൊണ്ടുപോയി മറവു ചെയ്തു. ഇതില്ലെന്നു സാധിക്കാൻ കഴിയുമോ? ‘കഴിയില്ല.’ ‘ആ വാസ്തവസംഭവത്തിനു പ്ലന്തവിതു് ദു് ല ഫോസു് സാക്ഷിയാണു്.’

പിന്നെയും നിശ്ശബ്ദമായി ജപമാലയിലെ പല മണികളും എണ്ണിക്കഴിഞ്ഞു. മഠാധ്യക്ഷ വീണ്ടും തുടങ്ങി: ‘ഫാദർ ഫൂവാങ്ങ്, മദർ ക്രൂസിഫിക്ഷ്യൻ ഇരുപതു കൊല്ലമായി കിടന്നുറങ്ങിപ്പോന്ന ആ ശവമഞ്ചത്തിൽത്തന്നെ സംസ്കരിക്കപ്പെടും.’ ‘അതു വേണ്ടതാണു്.’ ‘അതവരുടെ ഉറക്കത്തിന്റെ ഒരു തുടർച്ചയാണു്.’ ‘അപ്പോൾ, ആ ശവമഞ്ചം ഞാൻ ആണി തറയ്ക്കണം.’ ‘അതേ.’ ‘ശവംമറവുകാരന്റെ മഞ്ചം നാം ഉപേക്ഷിക്കുക?’ ‘അതുതന്നെ.’ ‘ഞാൻ എന്നും ഈ വന്ദ്യമായ സംഘത്തിന്റെ ചൊല്പടിക്കാണു്.’ ‘ഗായകസംഘത്തിലെ നാലു മാതാക്കന്മാരും നിങ്ങളെ സഹായിക്കും.’ ‘ശവമഞ്ചത്തിനു് ആണി തറയ്ക്കാനോ? എനിക്കാവശ്യമില്ല.’ ‘അല്ല, ശവമഞ്ചം കീഴ്പോട്ടിറക്കാൻ.’ ‘എവിടെ?’ ‘നിലവറയിലേക്ക്.’ ‘ഏതു നിലവറ?’ ‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ളതു്.’

ഫൂഷൽവാങ്ങ് ഞെട്ടി.

‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയോ?’

‘തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ളതു്.’

‘പക്ഷേ-’

‘നിങ്ങൾ ഇരുമ്പഴിയുണ്ടാക്കണം.’

‘വേണം, പക്ഷേ-’

‘വട്ടക്കണ്ണിയിൽ ഇരിമ്പഴിയിട്ടു നിങ്ങൾ കല്ലു പൊന്തിക്കണം.’

‘പക്ഷേ-’

‘മരിച്ചവരുടെ ആവശ്യം നടത്തണം. ചെറുപള്ളിയിലെ തിരുവത്താഴമേശയ്ക്കു ചുവട്ടിലുള്ള നിലവറയിൽ സംസ്കരിക്കപ്പെടുക, നികൃഷ്ടമായ ഭൂമിയിലേക്കു പോകാതിരിക്കുക. ജീവിച്ചിരുക്കുമ്പോൾ താൻ പ്രാർത്ഥന കഴിച്ചുപോന്നിട്ടുള്ള സ്ഥലത്തുതന്നെ മരിച്ചിട്ടും ഉണ്ടായിരിക്കുക—മദർ ക്രൂസിഫിക്ഷ്യന്റെ മരിക്കുമ്പോഴത്തെ ആഗ്രഹം ഇതായിരുന്നു. ഇതവർ ഞങ്ങളോടു് ചെയ്യാനാവശ്യപ്പെട്ടു; എന്നുവെച്ചാൽ, ഞങ്ങളോടു കല്പിച്ചു.’

‘പക്ഷേ, അതു പാടില്ലല്ലോ.’

‘മനുഷ്യൻ പാടില്ലെന്നുവെച്ചു; ചെയ്യണമെന്നു് ഈശ്വരനും.’

‘അതറിഞ്ഞുപോയാലത്തെ സ്ഥിതിയെന്താണു്?’

‘ഞങ്ങൾക്കു നിങ്ങളെ വിശ്വാസമാണു്.’

‘ഹോ! ഞാൻ നിങ്ങളുടെ ചുമരുകളിലെ ഒരു കല്ലാണു്.’

‘യോഗം കൂടി. ഞാൻ ഇപ്പോൾതന്നെ പോയി അഭിപ്രായം ചോദിച്ചവരും ഇപ്പോഴും ഇരുന്നാലോചിക്കുന്നവരുമായ മഠനായികമാർ തീർച്ചപ്പെടുത്തിയതു മദർ ക്രൂസിഫിക്ഷ്യൻ, അവരുടെ ആഗ്രഹപ്രകാരം സ്വന്തം ശവമഞ്ചത്തിൽ, തിരുവത്താഴമേശയ്ക്കു ചുവട്ടിൽ സംസ്കരിക്കണപ്പെടണമെന്നു തന്നെയാണു്. ആലോചിച്ചു നോക്കൂ, ഫാദർ ഫൂവാങ്ങ്. അവർ അവിടെനിന്നു് അത്ഭുതകർമങ്ങൾ നടത്തിത്തുടങ്ങിയാലോ! സംഘത്തിനു് എന്തു ഭാഗ്യമായി! അത്ഭുതകർമ്മങ്ങൾ പുറപ്പെടാറുള്ളതു സംസ്കാരസ്ഥലങ്ങളിൽനിന്നാണു്.’

‘പക്ഷേ, നഗരശുചീകരണക്കാരുടെ ആൾ-’

‘ശവക്കല്ലറയുടെ കാര്യത്തിൽ രണ്ടാമൻ സാങ്ങ്-ബെന്വാ കൊൻസ്താൻതീൻ പൊഗൊനത്തൂസ്സോടു് എതിർനിന്നു.’

‘പക്ഷേ, പൊല്ലീസ്സുകാർ-’

‘കൊൻസ്താൻഷിയുസ്സിന്റെ [3] സാമ്രാജ്യത്തിൻകീഴിൽ പഴയ ഫ്രാൻസിൽ കടന്ന ജർമൻ രാജക്കന്മാർ ഏഴു പേരിൽ ഒരളായ ഷൊനൊദ്മെർ സന്ന്യാസിനിമാർക്കു മതത്തിൽ, അതായതു് തിരുവത്താഴമേശയ്ക്കു ചുവട്ടിൽ, സംസ്കരിക്കപ്പെടുന്നതിലുള്ള അധികാരത്തെ സമ്മതിക്കയാണു് ചെയ്തതു്.

‘പക്ഷേ, പൊലീസു് സൈന്യത്തിൽനിന്നു് ഇൻസ്പെക്ടർ-’

‘കുരുശിനു മുമ്പിൽ ലോകം സാരമില്ല. കർതൂഷ്യാൻകാരുടെ പതിനൊന്നാമത്തെ സേനാപതിയായ മർതെങ്ങ് സംഘത്തിനു് ഈ മുദ്രാവാചകം കൊടുത്തു; ലോകം മാറിമറിയുമ്പോൾ കുരിശു നിലനില്ക്കുന്നു.’ [4]

‘തഥാസ്തു, ലാറ്റിൻഭാഷയിൽ എന്തു കേട്ടാലും ആ ഗ്രഹപ്പിഴയിൽനിന്നു് എപ്പോഴും ഈ ഒരു വിദ്യകൊണ്ടു യാതൊരു പരിഭ്രമവും കൂടാതെ രക്ഷപ്പെട്ടു പേരാറുള്ള ഫൂഷൽവങ്ങ് പറഞ്ഞു.

വളരെക്കാലമായി മിണ്ടാതിരുന്നിട്ടുള്ള ഒരാൾക്ക് ഇന്നവിധമുള്ള ശ്രോതാക്കളെത്തന്നെ കിട്ടിയേ മതിയാവൂ എന്നില്ല. അനവധി പൂർവപക്ഷങ്ങളും പലേ അനുമാനങ്ങളും ദേഹത്തിൽ വെച്ചുപിടിപ്പിച്ചുകൊണ്ടു താർക്കികൻ ഗിംനസ്തൊരാസു് തടവിൽനിന്നു വിട്ടുപോന്ന ദിവസം ആദ്യമായി കണ്ടുമുട്ടിയ ഒരു മരത്തിനു മുൻപിൽച്ചെന്നു നിന്നു കേമമായി ഒരു പ്രസംഗം പ്രസംഗിക്കുകയും അതിനെ സമ്മതിപ്പിക്കുവൻ വളരെ അധ്വാനിക്കുകയുമുണ്ടായി. മിണ്ടാൻ പടില്ലെന്നുള്ള നിർബന്ധത്തെ പതിവായനുസരിച്ചുനില്ക്കുന്നവളും തന്റെ കലവറ മുഴുവനും നിറഞ്ഞുവഴിയാൻ തുടങ്ങിയിട്ടുള്ളവളുമായ മഠാധ്യക്ഷ എഴുന്നേറ്റു, വരമ്പു പൊട്ടിപ്പോയ ഒരണക്കെട്ടിന്റെ വായാടിത്തത്തോടുകൂടി കുറച്ചുച്ചത്തിൽ തുടങ്ങി;

‘എനിക്ക് എന്റെ വലതുവശത്തുള്ള സാങ്ങ്-ബെന്വാവും ഇടത്തുവശത്തു ബേർനാറുമുണ്ടു്. ബേർനാർ ആരായിരുന്നു? ക്ലെർവോവിലെ ആദ്യത്തെ സഭാധ്യക്ഷൻ. ബെർഗൺദിയിലെ ഫോങ്ങ്താങ്ങ് ഭാഗ്യമേറിയതുതന്നെ; അവിടെയാണു് അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛന്നു തെസ്ലെങ്ങ് എന്നായിരുന്നു പേർ; അമ്മയ്ക്ക് അലെത്തെന്നും, ക്ലെർവോവിൽവെച്ചവസാനിക്കാൻവേണ്ടി അദ്ദേഹം സിത്തിയോവിൽനിന്നു തുടങ്ങി; ഷലൊങ്ങ്-സൂർ-സ്വൊങ്ങില്വു് മെത്രാനാണു് അദ്ദേഹത്തിനു സ്ഥാനം കൊടുത്തതു്; അദ്ദേഹത്തിനു കീഴിൽ എഴുന്നൂറു മഠപ്രവേശാർത്ഥിനിമാരുണ്ടായിരുന്നു; നൂറ്ററുപതു മഠങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1140-ൽ സാങ്ങിൽവെച്ചു കൂടിയ സഭയിൽ അബെലാറേയും ഫിയർ ദു് ബ്വിയേയും ശിഷ്യൻ ആങ്ങ്റിയേയും അപ്പോസ്തൊലിക് എന്നു പേരായ ഒരു പാപിയേയും അദ്ദേഹം വാദത്തിൽ തോല്പിച്ചു; ആർനൊദു് ബ്രെഷിയയെ തല കുത്തിച്ചു; യഹൂദന്മാരെ കൊലപ്പെടുത്തിയ റൂലിലെ മതാചാര്യന്നു നേർക്കു മിന്നൽ ചാട്ടി; 1148-ൽ രീമിൽവെച്ചു കൂടിയ സഭയ്ക്ക് അധ്യക്ഷയും സ്വീകരിച്ചു; പ്വാതിയേറിലെ മെത്രാനായ ഗിൽബർ ദു് പോരയയെ ശിക്ഷിപ്പിച്ചു; എയെ ദു് ലെത്വാലിനെ ശിക്ഷിപ്പിച്ചു; രാജാകന്മാരുടെ തർക്കം തീർത്തു; ലൂയിരാജാവിനു മനഃസംസ്കാരമുണ്ടാക്കി; പോപ്പു് മൂന്നാമൻ ഴൂഴാങ്ങിനു് ഉപദേശം കൊടുത്തുപോന്നു; പള്ളിക്കാര്യം നടത്തി; കുരിശുയുദ്ധത്തെപ്പറ്റി പ്രസംഗിച്ചു; ജീവകാലത്തിനുള്ളിൽ ഇരുനൂറ്റമ്പതു് അത്ഭുതകർമ്മങ്ങൾ നടത്തി, ഒരു ദിവസത്തിൽ മുപ്പത്തൊമ്പതെണ്ണം കാണിച്ചു. സാങ്ങ്-ബെന്വാ ആരായിരുന്നു? അദ്ദേഹം മൊങ്ങ്—കസെങ്ങിലെ പത്രയാർക്കീസായിരുന്നു, സാങ്ങ്തെതു് ക്ലോസ്ടേൽ ആശ്രമത്തിന്റെ രണ്ടാമത്തെ പ്രതിഷ്ഠാപകൻ; പടിഞ്ഞാറൻ പ്രദേശങ്ങളിലെ സഭാപതി. അദ്ദേഹത്തിന്റെ സംഘത്തിൽനിന്നു നാല്പതു പോപ്പുമാരും, ഇരുനൂറു കർദിനാൽമാരും, അമ്പതു പത്രിയർക്കീസ്സുമാരും, ആയിരത്തറുനൂറു പ്രധാന മെത്രാന്മാരും, നാലായിരത്തറുനൂറു മെത്രാന്മാരും, നാലു ചക്രവർത്തിമാരും, പന്ത്രണ്ടു ചക്രവർത്തിനിമാരും, നാല്പത്താറു രാജാക്കന്മാരും നാല്പത്തൊന്നു രാജ്ഞിമാരും മുവ്വായിരത്തറുനൂറു മെത്രാന്മാരും ഋഷിമാരും ഉണ്ടായിട്ടുണ്ടു്; ആയിരത്തിനാനൂറു കൊല്ലമായി അതു നിലനിന്നു വരുന്നു. ഒരു ഭാഗത്തു ബേർനാർ, മറ്റെ ഭാഗത്തു നഗരശുചീകരണവകുപ്പിലെ ഉദ്യോഗസ്ഥൻ! ഒരു ഭാഗത്തു സാങ്ങ്-ബെന്വാവും, മറ്റേ ഭാഗത്തു പൊതുവഴി പരിശോധകനും! രാജ്യഭരണം, നിരത്തു പരിശോധിക്കുന്നവർ, ശ്മശാന കാര്യഭാരവാഹി, നിയമങ്ങൾ, ഭരണസമ്പ്രദായം ഇവയെപ്പറ്റിയെല്ലാം ഞങ്ങൾക്കെന്തറിയാം? ഞങ്ങളെക്കൊണ്ടു കാട്ടുന്ന മട്ടു് ഏതു വെറും വഴിപോക്കന്നുപോലും കണ്ടാലു് ശുണ്ഠി വരും. യേശുക്രിസ്തുവിനു ഞങ്ങളുടെ മണ്ണുമൂടി കൊടുക്കുവാൻ ഞങ്ങൾക്കധികാരമില്ല. നിങ്ങളുടെ നഗരശുചീകരണ വകുപ്പു് ഭരണപരിവർത്തനകാലത്തിന്റെ ഒരു കണ്ടുപിടിത്തമാണു്. പൊലീസ്സു് സൈന്യത്തിനു് ഈശ്വരൻ കീഴ്‌നില്ക്കണം. ഇതാണു് കാലം. മിണ്ടാതിരിക്കൂ, ഫൂവാങ്ങ്!’

ഈ ധാരാസ്നാനത്തിൽ ഫൂഷൽവാങ്ങ് ഞെളിഞ്ഞുപിരിഞ്ഞു. മഠാധ്യക്ഷ തുടർന്നു:

‘സന്ന്യാസിമഠത്തിനു ശ്മശാനത്തിന്മേലുള്ള അധികാരം ആരും സംശയിക്കുകയില്ല. മതഭ്രാന്തന്മാരും പാപികളും മാത്രമേ അതിനെ വിസംവദിക്കൂ. നമ്മൾ ജീവിച്ചിരിക്കുന്നതു് സകലവും കീഴുമേൽ മറിഞ്ഞ ഒരു കാലത്താണു്. അറിഞ്ഞേ കഴിയൂ എന്നുള്ളതൊന്നും നമുക്കറിഞ്ഞുകൂടാ; അറിയാൻ പാടില്ലെന്നുള്ളതെല്ലാം നമുക്കറിയാം. മൂഢത്വവും ദൈവദൂഷകത്വവുമാണു് നമുക്കുള്ളതു്. വലിയ മഹർഷിയായ ബേർനാറേയും പതിമ്മൂന്നാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കൊള്ളാവുന്ന മതാചാര്യനായ സ്വാങ്ങ്-ബെന്വാവേയും വേർതിരിച്ചറിയാത്ത ആളുകൾ ഇന്നുണ്ടു്. വേറെ ചിലർ പതിനാറാമൻ ലൂയിയുടെ തൂക്കുമരത്തിലെ മരണവും യേശുക്രിസ്തുവിന്റെ കുരിശാരോഹണവും തമ്മിൽ കൂട്ടിച്ചേർക്കാൻ മാത്രം ഈശ്വരനിന്ദക്കാരാണു്. പതിനാറാമൻ ലൂയി ഒരു രാജാവു മാത്രമാണു്. നമുക്ക് ഈശ്വരനെ പേടിക്കുക. വേണ്ടതെന്നും വേണ്ടാത്തതെന്നും ഇല്ലാതായി. വോൾത്തെയറുടെ പേർ എല്ലാവർക്കുമറിയാം; സെസർ ദു് ബൂവിനെ ആർക്കും അറിഞ്ഞുകൂടാ. എന്തായാലും സെസർ ദു് ബൂ ഒരു പുണ്യവാനും വോൾത്തെയർ ഒരു പാപിയുമായിരുന്നു. ബെരുലിനു ശേഷം സ്ഥാനാരോഹണം ചെയ്തതു ഷാർൽ ദു് ഗോദ്രാങ്ങാണെന്നും, ഗോദ്രാങ്ങിനു ശേഷം ഫ്രാങ്ങ്സ്വാ ബൂർഴ്‌വാങ്ങാണെന്നും, ബൂർഴ്‌വാങ്ങിനു ശേഷം ഫ്രാൻസ്വാഴാങ്ങ്—ഫ്രാങ്ങ്സ്വാനൊലിനു ശേഷം ഫാദർ സാങ്ങ്മെത്തെങ്ങാണെന്നും, കർദ്ദിനൽ ദു് പെരിഗോറായ ഒടുവിലത്തെ പ്രധാന മെത്രാനെന്നറിഞ്ഞുകൂടാ. ഫാദർ കൊതൊങ്ങിന്റെ പേർ പ്രസിദ്ധമാണു്. അതു്, പ്രാർത്ഥനമുറി ക്ഷണത്തിൽ പണി തീർപ്പിക്കുവാൻ യത്നിച്ച മൂന്നുപേരിൽ ഒരാൾ അദ്ദേഹമാണെന്നുള്ളതുകൊണ്ടല്ല; ‘ഫ്യൂജിനോട്ടു് രാജാവായ ഹെന്ദ്രി നാലാമന്നു് ഒരാണയിടാനുള്ള സാമഗ്രികൾ ശേഖരിച്ചുകൊടുത്തു എന്നതുകൊണ്ടാണു്. ലൗകികന്മാരുടെ കണ്ണിനു സാങ്ങ്ഫ്രാങ്ങ്സ്വാ ദു് സാൽ നല്ലാളായതു്, അദ്ദേഹം കളിയിൽ വഞ്ചന ചെയ്തിരുന്നു എന്നതുകൊണ്ടാണു്. എന്നല്ല, മതത്തിനോടു് ആളുകൾ ശണ്ഠയിടുന്നു. എന്തുകൊണ്ടു്? കൊള്ളരുതാത്ത മതാചാര്യന്മാരുള്ളതുകൊണ്ടു്, ഗപ്പിലെ മെത്രാനായ സഴിത്തെർ അംബ്രൂവിലെ മെത്രാനായ സലോങ്ങിന്റെ സഹോദരനായതുകൊണ്ടും രണ്ടുപേരും മൊമ്മോലിനെ പിൻതുടർന്നതുകൊണ്ടും കാര്യത്തിലേക്ക് അതിനെന്തു സംബന്ധമാണു്? അതുകൊണ്ടു മർതെങ്ങ് ദു് തൂർ ഋഷിയല്ലാതാവുകയും അദേഹം തന്റെ പുറംകുപ്പായത്തിൽനിന്നു് പകുതി ഒരു യാചകനു കൊടുത്തതു് ഇല്ലാതാകുകയും ചെയ്യുന്നുണ്ടോ? ആളുകൾ ഋഷികളെ ഉപദ്രവിക്കുന്നു. ആളുകൾ സത്യത്തിനു മുൻപിൽ കണ്ണുചിമ്മുന്നു. ഇരുട്ടായിരിക്കുന്നു എല്ലായിടത്തും. കണ്ണു കാണാത്ത ജന്തുക്കളാണു് ഏറ്റവും ക്രൗര്യമേറിയ ജന്തുക്കൾ. നരകം വാസ്തവമാണെന്നു് ആരും വിചാരിക്കുന്നില്ല. ഹാ! ആളുകൾ എന്തു ദുഷ്ടന്മാരാണു്. രാജാവിന്റെ കല്പനപ്രകാരം എന്നുവെച്ചാൽ ഭരണപരിവർത്തനത്തിന്റെ കല്പന പ്രകാരമെന്നായിരിക്കുന്നു ഇന്നത്തെ അർത്ഥം. ജീവിച്ചിരിക്കുന്നവരോടൊ മരിച്ചവരോടൊ ചെയ്യേണ്ടതിന്നതെന്നു് ഒരാൾക്കും അറിവില്ലാതായി. പരിശുദ്ധമായ മരണം പാടില്ലെന്നു വെച്ചിരിക്കുന്നു. ശവസംസ്കാരം രാജ്യഭരണസംബന്ധിയായ ഒരു കാര്യമാണു്. ഭയങ്കരംതന്നെ, മരിച്ചവരെസ്സംബന്ധിച്ച് രാജപ്രതിനിധിക്കുള്ള അധികാരത്തേയും ചക്രവർത്തിക്കുള്ള മേന്മയേയും എതിർത്തും നിരസിച്ചും രണ്ടാമൻ ലിയോ രണ്ടു കത്തുകൾ, ഒന്നു പിയെർനൊത്തെർക്കും മറ്റൊന്നു വിസിഗോത്ത്കാരുടെ രാജാവിന്നും അയയ്ക്കുകയുണ്ടായി. ഷലൊവിലെ മെത്രാനായ ഗോത്തിയെ ഈ കാര്യത്തിൽ ബർഗൺദിയിലെ ഡ്യുക്കായ ഒത്തോവോടു് എതിർത്തു നിന്നു. പണ്ടത്തെ ഭരണാധികാരികൾ അദ്ദേഹത്തോടു യോജിച്ചു. മുൻകാലങ്ങളിൽ മതാചാര്യസംഘത്തിനു രാജ്യഭരണവിഷയത്തിലും അധികാരമുണ്ടായിരുന്നു. സംഘാധ്യക്ഷനായ സിത്തിയോ സഭാധിപതി ബർഗൺദിയിലെ രാജ്യഭരണാധികാരിസഭയിൽ ജന്മാവകാശംവഴിക്ക് ഒരംഗമായിരുന്നു. ഞങ്ങളുടെ ഇടയിൽനിന്നു മരിച്ചവരെക്കൊണ്ടു ഞങ്ങൾ ഞങ്ങൾക്കു തോന്നിയതു ചെയ്യുന്നു.സാങ്ങു്-ബെന്വാവിന്റെ ദേഹംതന്നെ. അദ്ദേഹം ക്രിസ്താബ്ദം 543-ൽ മാർച്ച് മാസം 2-ആം തീയതി ശനിയായ്ച ഇറ്റലിയിൽ മൊങ്ങ്-കസെങ്ങിൽവെച്ചാണു് മരിച്ചതെങ്കിലും, ഫ്രാൻസിൽ ഫ്ളെരിയിലെ സന്ന്യാസിമഠത്തിലല്ലേ? ഇതൊക്കെ നിസ്തർക്കമാണു്. എനിക്കു വേദസങ്കീർത്തന ഗായകന്മാരോടു വെറുപ്പാണു്; എനിക്കു മഠാധിപന്മാരോടു ദ്വേഷ്യമാണു്; എനിക്കു മതദ്രോഹികളോടു് വല്ലാത്ത ശുണ്ഠിയാണു്; ഈ പറഞ്ഞതെങ്കിലും അല്ലെന്നു സിദ്ധാന്തിക്കുന്നവരുണ്ടെങ്കിൽ അവരെ ഞാൻ ഈ എല്ലാവരെക്കാളുമധികം വെറുക്കും. അർനുവിയോ, ഗബ്രിൽ ബൂസ്ലെങ്ങ്, ത്രിതെമുസ്സു്, മൊരാലിക്, ദൊംലുക് ദു് ഷെരി എന്നിവരുടെ ഗ്രന്ഥങ്ങൾ മാത്രം വായിച്ചൽ മതി.’

മഠാധ്യക്ഷ ഒന്നു ശ്വാസം കഴിച്ചു; എന്നിട്ടു ഫൂഷൽവാങ്ങിന്റെ നേരെ നോക്കി.

‘ഫാദർ ഫൂവാങ്ങ്, തീർച്ചപ്പെട്ടില്ലേ?’

‘തീർച്ചയായി.’

‘ഞാൻ നിങ്ങളെ വിശ്വസിക്കട്ടേ?’

‘ഞാൻ കല്പനപ്രകാരം ചെയ്യാം.’

‘ശരി.’

‘ഞാൻ കന്യകാമഠത്തിനു തികച്ചും ചൊല്പടിയിലുള്ളവാനാണു്.’

‘അതറിയാം. നിങ്ങൾ ശവമഞ്ചമടയ്ക്കും. സഹോദരിമാർ അതിനെ ചെറുപള്ളിയിലേക്കു കൊണ്ടുപോവും. മരിച്ചവരെക്കുറിച്ചുള്ള പ്രാർത്ഥന അവിടെവെച്ചു ചൊല്ലും. എന്നിട്ടു ഞങ്ങൾ മഠത്തിലേക്കു മടങ്ങിപ്പോരും. പതിനൊന്നു മണികഴിഞ്ഞു പാതിരയാവുന്നതിനിടയ്ക്കു നിങ്ങൾ ഇരുമ്പഴിയുംകൊണ്ടും വരണം. എല്ലാം വളരെ ഗൂഢമായി കഴിയണം. ഗായകസംഘത്തിലെ നാലു മാതാക്കന്മാരും മദർ അസ്സെൻഷ്യനും നിങ്ങളും മാത്രമേ അവിടെയുണ്ടാവൂ.’

‘വാതില്ക്കലുള്ള സഹോദരിയോ?’

‘അവൾ തിരിഞ്ഞുനോക്കില്ല.’

‘പക്ഷേ, കേൾക്കുമല്ലോ.’

‘അവൾ ചെവിയോർക്കില്ല. പിന്നെ സന്ന്യാസിമഠം അറിയുന്നതു പുറമേയുള്ളവർ മനസ്സിലാക്കുകയില്ല.’

കുറച്ചിട ആരും മിണ്ടിയില്ല. മഠാധ്യക്ഷ തുടർന്നു പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ മണി അഴിച്ചുവെക്കണം. നിങ്ങൾ വന്നിട്ടുണ്ടെന്നു വാതില്ക്കലുള്ള സഹോദരി അറിയണമെന്നില്ല.’ ‘അപ്പോൾ?’ ‘എന്താണു്?’

‘മരിച്ചവരെ പരിശോധിക്കാൻ വരുന്ന വൈദ്യൻ എത്തിക്കഴിഞ്ഞുവോ?’ ‘അയാൾ ഇന്നു നാലു മണിക്കു വരും. വൈദ്യനോടു വരാൻ പറയുന്ന മണിയടി കഴിഞ്ഞു, അപ്പോൾ നിങ്ങൾ മണിയടിയൊന്നും മനസ്സിലാക്കുന്നില്ല?’ ‘ഞാൻ എന്റെ മണിയടിയെ വിട്ടു മറ്റൊന്നിനെപ്പറ്റിയും മനസ്സിരുത്താറില്ല.’ ‘അതു നന്നു്.’ ‘ചുരുങ്ങിയതു് ആറടി നീളമുള്ള ഒരിമ്പഴി വേണ്ടിവരും.’ ‘അതെവിടെനിന്നു കിട്ടും?’ ‘ജനാലയഴികൾക്കു ദുർഭിക്ഷമില്ലാത്തേടത്തു്, ഇരിമ്പുവടിക്കും ഞെരുക്കമില്ല തോട്ടത്തിന്റെ അറ്റത്തു, പഴയ ഇരിമ്പുകഷ്ണങ്ങൾ എന്റെ പക്കൽ ധാരളമുണ്ടു്.’ ‘പാതിരയ്ക്ക് ഏകദേശം മുക്കാൽ മണിക്കൂർ മുമ്പു്; മറക്കരുതു്.’ ‘അപ്പോൾ?’ ‘എന്താണു്?’ ‘ഇനി ഇങ്ങനെ വല്ല ആവശ്യങ്ങളും വേണ്ടിവരുമ്പോൾ, എന്റെ സഹോദരൻ അതിനു പറ്റിയ ആളാണു്. ഒന്നാന്തരം തുർക്കിക്കാരൻ!’ ‘നിങ്ങൾ അതു ക്ഷണത്തിൽ കഴിക്കണം.’ ‘എനിക്കു വേഗം വയ്യാ. ഞാൻ ദേഹസുഖമില്ലാത്തവനാണു്. അതുകൊണ്ടാണു്. എനിക്കു തുണക്കാരൻ വേണം. എന്റെ കാലിനു മുടന്തലുണ്ടു്.’ ‘മുടന്തൽ ഒരു ദോഷമല്ല; അതൊരു സമയം ഭാഗ്യമാണെന്നു വരാം. പോപ്പിനു വിരോധിയായ ഗ്രിഗറിയോടു യുദ്ധം ചെയ്ത ബെന്വാ എട്ടാമനെ വീണ്ടും സ്ഥാനത്തിരുത്തിയ ഏഴാമൻ ആങ്ങ്റി ചക്രവർത്തിക്കു രണ്ടു വിശേഷപ്പേരുണ്ടായിരുന്നു. ഋഷിയെന്നും കാൽമുടന്തനെന്നും.’

‘രണ്ടു പുറങ്കുപ്പായം നല്ലതാണു്.’ ഫൂഷൽവാങ്ങ് പിറുപിറുത്തു; അയാൾക്കു കേട്ടു കേട്ടു വാസ്തവത്തിൽ ഏതാണ്ടു മുഷിഞ്ഞിരുന്നു.

‘അപ്പോൾ, എനിക്കാലോചിച്ചിട്ടു്, ഒരു മണിക്കൂർ നല്ലവണ്ണം വേണമെന്നു തോന്നുന്നു; അതത്ര അധികമല്ല. പതിന്നൊന്നു മണിക്കു പ്രധാനമായിട്ടുള്ള തിരുവത്താഴമേശയ്കടുത്തു് ഇരിമ്പുവടിയുംകൊണ്ടു് നിങ്ങൾ തയ്യാറാവണം, പാതിരയായാൽ പ്രാർത്ഥനയാരംഭിക്കും.’ അതിനു് ഒരു കാൽമണിക്കൂർ മുൻപു് സകലവും ശരിപ്പെടുത്തണം.

‘എനിക്കു സംഘത്തോടുള്ള ഭക്തി കാണിപ്പാൻ ഞാൻ എന്തുതന്നെയും ചെയ്യും. ഇവയാണു് എനിക്കുള്ള ആജ്ഞകൾ. ഞാനാണു് ശവമഞ്ചം ആണിയിടേണ്ടതു്. ശരിക്കു പതിനൊന്നുമണിസ്സമയത്തു ഞാൻ ചെറുപള്ളിയിലുണ്ടാവനം. ഗായകസംഘത്തിലെ നാലു മാതാക്കന്മാരും അവിടെയുണ്ടായിരിക്കും. മദർ അസ്സെൻഷ്യൻ അവിടെ ഉണ്ടാവും. രണ്ടു പുരുഷന്മാരായിരുന്നു ഭേദം. ആട്ടെ, തരക്കേടില്ല! ഞാൻ എന്റെ വീണ്ടി കൊണ്ടുവരാം. ഞങ്ങൾ നിലവറ തുറക്കും. ശവമഞ്ചം താഴത്തിറക്കും. വീണ്ടും നിലവറയടയ്ക്കും. അതു കഴിഞ്ഞാൽപ്പിന്നെ അതിന്റെ അടയാളമൊന്നും അവിടെയുണ്ടാവില്ല. ഭരണാധികാരികൾക്കു സംശയമൊന്നും കിട്ടില്ല. അപ്പോൾ എല്ലാം ഏർപ്പാടായിക്കഴിഞ്ഞു?’ ‘ഇല്ല!’ ‘ഇനിയെന്താണു് ബാക്കി?’ ‘ഒഴിഞ്ഞ ശവമഞ്ചം ബാക്കിയുണ്ടു്.’ ഇതു കുറച്ചിടയ്ക്ക് ആരേയും മിണ്ടാതാക്കി. ഫൂഷൽവാങ്ങ് ധ്യാനിച്ചു. മഠാധ്യക്ഷ ധ്യാനിച്ചു.

‘ഫാദർ ഫൂവാങ്ങ്, ആ ശവമഞ്ചത്തെക്കൊണ്ടു് എന്തുവേണം?’ ‘അതു ഭൂമിയുടെ അടിയിലാക്കണം.’ ‘ഒഴിഞ്ഞോ?’ പിന്നെയും നിശ്ശബ്ദത. ഒരസ്വാസ്ഥ്യകരമായ വിഷയത്തെ തള്ളിക്കളയുമ്പോൾ ചെയ്യുന്ന അത്തരം ആംഗ്യം ഫൂഷൽവാങ്ങ് തന്റേ ഇടത്തേ കൈകൊണ്ടു കാണിച്ചു.

‘പള്ളിക്കുമ്മറത്തുവെച്ചു ഞാനാണു് ശവമഞ്ചം ആണിയിടേണ്ടതു്; മറ്റാരും അങ്ങോട്ടു കടന്നുവരാൻ നിവൃത്തിയില്ല; ഞാൻ അതിന്റെ മീതെ സംസ്കാരത്തുണിയിട്ടു മൂടും.’ ‘ഉവ്വു്, പക്ഷേ, ശവവണ്ടിയിൽ കേറ്റുമ്പോഴും പിന്നീടു് കുഴിയിലേക്കിറക്കുമ്പോഴും ശവമഞ്ചമെടുക്കുന്നവർ തീർച്ചയായും അതിലൊന്നുമില്ലെന്നു മനസ്സിലാക്കും.’ ‘എട, ചെകു-!’ ഫൂഷൽവാങ്ങ് ഉറക്കെപ്പറഞ്ഞുപോയി. മഠാധ്യക്ഷ കുരിശടയാളമിടാൻ ആരംഭിച്ചു; അവൾ തോട്ടക്കാരനു നേരെ സൂക്ഷിച്ചുനോക്കി. ‘-ത്താനേ എന്ന അവശേഷം അയാളുടെ തൊണ്ടയിൽ തറച്ചു നിന്നു. താൻ ആണയിട്ടുപോയി എന്നതു് അവൾ മറന്നുകളയാൻവേണ്ടി, അയാൾ ക്ഷണത്തിൽ ഒരു സൂത്രം ചെയ്തു. ‘ഞാൻ അതിന്നുള്ളിൽ മണ്ണു നിറയ്ക്കും. ശവമുണ്ടെന്നാലത്തെ ഫലം അതുകൊണ്ടുണ്ടാവും.’ ‘ശരിതന്നെ. മണ്ണും മനുഷ്യനും ഒന്നാണു്. അപ്പോൾ ആ ഒഴിഞ്ഞ ശവമഞ്ചത്തിന്റെ കാര്യം നിങ്ങളേറ്റൂ?’ ‘അതു ഞാൻ നേരെയാക്കിക്കൊള്ളാം.’ അതേവരെ ക്ഷോഭിച്ചതും നിറംകെട്ടതുമായിരുന്ന മഠാധ്യക്ഷയുടെ മുഖഭാവം ഒരിക്കൽക്കൂടി സഗൗരവമായി. പ്രമാണിത്തമേറിയ ഒരാൾ കീഴിലുള്ള ഒരാളെ പറഞ്ഞയയ്ക്കുമ്പോൾ കാണിക്കാറുള്ള ആംഗ്യം അവൾ കാട്ടി. ഫൂഷൽവാങ്ങ് വാതില്ക്കലേക്കു നടന്നു. പുറത്തേക്കു കടക്കുന്നതിനുമുൻപായി മഠാധ്യക്ഷ പതുക്കെ പറഞ്ഞു: ‘ഫാദർ ഫൂവാങ്ങ്, എനിക്കു നിങ്ങളെപ്പറ്റി സന്തോഷമുണ്ടു്; ശവസംസ്കാരം കഴിഞ്ഞു നാളെ നിങ്ങളുടെ സഹോദരനെ ഇങ്ങോട്ടു കൊണ്ടുവരാം, അയാൾ മകളേയും കൊണ്ടുപോന്നാട്ടെ.’

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ച് ചരിത്രകാരനും വെനെദിക്തു് കക്ഷിക്കാരനായ സന്ന്യാസിയും.

[2] അത്ര പ്രസിദ്ധനല്ല.

[3] റോമൻ ചക്രവർത്തി.

[4] മൂലത്തിൽ ഈ വാചകം ലാറ്റിനിലാണ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.