images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.6
ഒരു കാവൽക്കാരനെ കണ്ടെത്തിയതിന്റെ ഫലം

മരിയുസു് പോയതെങ്ങോട്ടായിരുന്നു എന്നു കുറച്ചു കഴിയുമ്പോഴേക്കു വെളിപ്പെടും.

മരിയുസു് അവിടെ ഉണ്ടായിരുന്നില്ല. മൂന്നു ദിവസം പിന്നീടു് അയാൾ പാരിസ്സിൽ എത്തി; നേരേ നിയമവിദ്യാലയം വക ഗ്രന്ഥശാലയിൽ ചെന്നു മൊനിത്യെ പത്രത്തിന്റെ പഴയ ലക്കങ്ങൾ അന്വേഷിച്ചു.

അയാൾ മൊനിത്യെ വായിച്ചുനോക്കി; പ്രജാഭരണകാലത്തേയും ചക്രവർത്തിഭരണകാലത്തേയും പറ്റിയുള്ള എല്ലാ ചരിത്രങ്ങളും, എല്ലാ ചരിത്രക്കുറിപ്പുകളും, എല്ലാ പത്രങ്ങളും, വിവരണക്കുറിപ്പുകളും, രാജശാസനങ്ങളും അയാൾ പഠിച്ചു; എല്ലാം അയാൾ അകത്താക്കി. സൈന്യചരിത്രത്തെപ്പറ്റിയുള്ള വിവരണക്കുറിപ്പുകളിൽ അച്ഛന്റെ പേർ ആദ്യമായി കണ്ടെത്തിയതു് ഒരാഴ്ചയായി അയാൾ പനി പിടിച്ചു കിടപ്പിലായിരുന്നപ്പോളാണു്. യോർഷ് പൊങ്മേർസി കീഴിൽ പണിയെടുത്തിരുന്ന മേലുദ്യോഗസ്ഥന്മാരെയെല്ലാം അയാൾ പോയി കണ്ടു; കൂട്ടത്തിൽ കോന്തു് എഛി.നേയും അയാൾ രണ്ടാമതു കാണാൻ ചെന്നപ്പോൾ മൊസ്സ്യു മബെ കേർണലിന്റെ വെർനോങ്ങിലത്തെ താമസത്തെപ്പറ്റിയും നിഗൂഢസ്ഥിതിയെപ്പറ്റിയും പുഷ്പങ്ങളെപ്പറ്റിയും പറഞ്ഞുകൊടുത്തു. അസാധാരണനും സുശീലനും വിശിഷ്ടനുമായ ആ മനുഷ്യനെപ്പറ്റി-തന്റെ അച്ഛനായ ആ സിംഹമേഷത്തെക്കുറിച്ചു-സകല വിവരവും മരിയുസ്സിനു കിട്ടി.

എല്ലായ്പ്പോഴും ഈ കാര്യങ്ങളെപ്പറ്റി ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്തു സമയം മുഴുവനും പോയതുകൊണ്ടു്, അയാൾക്ക് ഗിൽനോർമാൻകാരെ കാണാൻതന്നെ ഇടകിട്ടിയിരുന്നില്ല. അയാൾ ഭക്ഷണസമയത്തു് അവിടെയുണ്ടാവും; പിന്നെ അവർ അയാളെ തിരയുകയായി; ഒരിടത്തും കാണുകയില്ല ഗിൽനോർമാൻ പുഞ്ചിരികൊണ്ടു; ‘ഹാ! ഹാ! പെൺകുട്ടികൾക്കു പറ്റിയ പ്രായമാണു് അവന്നിപ്പോൾ!’ ചിലപ്പോൾ ആ വയസ്സൻ തുടർന്നു പറയും; ‘ഗ്രഹപ്പിഴേ! ഞാൻ വിചാരിച്ചതു് ഒരു നേരംപോക്കു മാത്രമായിരിക്കുമെന്നാണു്. കുറച്ച് ഉള്ളിൽത്തട്ടിയ കാര്യമാണെന്നു തോന്നുന്നു!’

ഉള്ളിൽത്തട്ടിയ കാര്യംതന്നെയാണു്, വാസ്തവം, മരിയുസു് അച്ഛനെ മനസ്സുകൊണ്ടു പൂജിക്കാൻ തുടങ്ങി.

ഇതിനിടയ്ക്ക് അയാളുടെ ആലോചനകളെല്ലാം അഭൂതപൂർവമായ തിരിച്ചൽ തിരിഞ്ഞു. ഈ മാറ്റം പല ദിക്കിലും പല പ്രാവശ്യവും ചെന്നു തട്ടി. ഇതു് ഇന്നുള്ള പലരുടേയും മനോഗതിയുടെ ചരിത്രമായതുകൊണ്ടു്, ഈ മാറ്റത്തിന്റെ ഓരോ ഭാഗവും വെവ്വേറെ എടുത്തുപറയുന്നതു പ്രയോജനകരമാണെന്നു ഞങ്ങൾ വിചാരിക്കുന്നു.

അയാളുടെ കണ്ണെത്തിയതായ ആ ചരിത്രം അയാളെ നടുങ്ങിച്ചു.

ആദ്യമായി അയാൾ അമ്പരക്കുകയാണുണ്ടായതു്.

അതേവരെ പ്രജാഭരണം, സാമ്രാജ്യഭരണം, പൈശാചികശബ്ദങ്ങൾ മാത്രമായിരുന്നു. പ്രജാഭരണം, സന്ധ്യാപ്രകാശത്തിലുള്ള ഒരു തൂക്കുമരം; സാമ്രാജ്യഭരണം, രാത്രിയിലെ ഒരു വാൾ. അതാ, അയാൾ അങ്ങോട്ടൊന്നു നോക്കി; നിഴല്പാടുകളെക്കൊണ്ടു നിറഞ്ഞ ഒരു നരകക്കുണ്ടുമാത്രം കരുതിയിരുന്നേടത്തു് അയാൾ, ഭയവും സന്തോഷവും ഇടകലർന്ന ഒരുതരം അഭൂതപൂർവമായ അത്ഭുതത്തോടുകൂടി, നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതും-മീർബോ, വെർഞ്യോ [1], സാങ്-ഴുസ്ത് [2], റോബെപിയെർ, ദെമു-ലെങ് [3] ദന്തോങ്-ഒരു സൂര്യൻ ഉദിച്ചുനില്ക്കുന്നതും-നെപ്പോളിയൻ-കണ്ടെത്തി. അയാൾ നിന്നിരുന്നതു് എവിടെയാണെന്നു നിശ്ചയമില്ലാതായി. അയാൾ ആ മിന്നിത്തിളങ്ങുന്ന പ്രകാശങ്ങൾക്കു മുൻപിൽ അന്ധനായി, പിന്നോക്കം വാങ്ങി. കുറച്ചുകുറച്ചായി തന്റെ അമ്പരപ്പു നീങ്ങിയതോടുകൂടി, അയാൾക്ക് ആ പ്രകാശധോരണി പരിചയപ്പെട്ടു; ആ പരാക്രമവിശേഷങ്ങളെ അയാൾ തലചുറ്റിപ്പോകാതെ നോക്കിക്കണ്ടു; ഭയപ്പെട്ടുപോകാതെ ആ പ്രധാനപുരുഷന്മാരെ പരിശോധിച്ചു; പ്രജാഭരണവും സാമ്രാജ്യഭരണവും അയാളുടെ മനോദൃഷ്ടിക്കു മുൻപിൽ, ഒരു ദൂരക്കാഴ്ചയിൽ, മിന്നിക്കൊണ്ടുദിച്ചു; രണ്ടു മഹത്തായ വാസ്തവസ്ഥിതിക്കുള്ളിൽ ഇനം ചേർന്നു് ആ അതാതു സംഭവങ്ങളും ആളുകളും നിരന്നുനില്ക്കുന്നതു് അയാൾ കണ്ടു-പൊതുജനങ്ങൾക്ക് വീണ്ടും കിട്ടിയ സാമുദായികാവകാശങ്ങളുടെ രാജത്വാധികാരനിലയ്ക്കു പ്രജാഭരണം, യൂറോപ്പിൽ മുഴുവനും വ്യാപിച്ചുറച്ച ഫ്രഞ്ച് സിദ്ധാന്തത്തിന്റെ രാജത്വാധികാര നിലയ്ക്കു സാമ്രാജ്യഭരണം; ഭരണപരിവർത്തനത്തിനുള്ളിൽനിന്നു ജനസമുദായത്തിന്റെ മഹത്തായ സ്വരൂപവും, സാമ്രാജ്യഭരണത്തിൽനിന്നു ഫ്രാൻസിന്റെ ഉൽക്കൃഷ്ടരൂപവും പുറത്തേക്കു കടക്കുന്നതു് അയാൾ കണ്ടു. ഇതെല്ലാം ഗുണത്തിനുണ്ടായതാണെന്നു് അയാളുടെ മനസ്സാക്ഷി സിദ്ധാന്തിച്ചു. ഇതിന്നുള്ളിൽ നിന്നു്, ഈ ആദ്യത്തെ അത്യധികം കൃത്രിമമായ അയാളുടെ വിലയിടലിനുള്ളിൽ, അയാളുടെ അമ്പരന്ന സ്ഥിതി എന്തിനെയെല്ലാമാണു് തള്ളിക്കളഞ്ഞതെന്നു് ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമുണ്ടെന്നു ഞങ്ങൾ വിചാരിക്കുന്നില്ല: മുൻപോട്ടു നടക്കുന്ന ഒരു മനസ്സിന്റെ സമ്പ്രദായമാണു് ഞങ്ങൾ രേഖപ്പെടുത്തുന്നതു്. ഒരു പടിയിൽനിന്നുതന്നെ ഉൽഗതി കിട്ടിക്കഴികയില്ല. മുൻപു കഴിഞ്ഞതിനേയും ഇനിവരാനുള്ളതിനേയും പറ്റി ഒരടിയായി ഇങ്ങനെയൊന്നു പറഞ്ഞുവെച്ചു ഞങ്ങൾ മുന്നോട്ടു നടക്കട്ടെ.

ആ നിമിഷംവരെ, അയാൾ തന്റെ അച്ഛനെപ്പറ്റിയുള്ളതിൽ ഒട്ടുമധികം തന്റെ രാജ്യത്തെപ്പറ്റിയും മനസ്സിലാക്കുകയുണ്ടായിട്ടില്ലെന്നു പിന്നീടു കണ്ടുപിടിച്ചു. അയാൾ ആ രണ്ടും മനസ്സിലാക്കിയിരുന്നില്ല; മനഃപൂർവം ഉണ്ടായിരുന്ന ഒരന്ധകാരം അയാളുടെ കണ്ണുകൾക്കു കാഴ്ചയില്ലാതാക്കിയിരുന്നു. ഇപ്പോൾ അയാൾ കണ്ടു; ഒരു ഭാഗംകൊണ്ടു് അയാൾ അഭിനന്ദിച്ചു! മറ്റേ ഭാഗംകൊണ്ടു പൂജിച്ചു.

അയാളുടെ ഹൃദയം കുണ്ഠിതംകൊണ്ടും പശ്ചാത്താപംകൊണ്ടും നിറഞ്ഞു; തന്റെ ആത്മാവിലുള്ളതെല്ലാം ശവക്കല്ലറയോടു മാത്രമേ പറഞ്ഞുതീർക്കാൻ സാധിക്കു എന്നയാൾ ആലോചിച്ചു. ഹാ! അയാളുടെ അച്ഛൻ അപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, അപ്പോഴും അദ്ദേഹം തന്റെ പക്കൽത്തന്നെയുണ്ടായിരുന്നുവെങ്കിൽ, കരുണയോടുകൂടിയ നല്ലവനായ ഈശ്വരൻ അപ്പോഴും അദ്ദേഹത്തെ ജീവനുള്ളവരുടെ കൂട്ടത്തിൽത്തന്നെ നിർത്തിയിരുന്നുവെങ്കിൽ, അയാൾ എത്ര ജാഗ്രതയോടുകൂടി ഓടിച്ചെന്നു്, അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ പാഞ്ഞുചെന്നു് അച്ഛനോടു് ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞേനേ; ‘അച്ഛാ! ഇതാ ഞാൻ! ഇതു ഞാനാണു്; എന്റെ ഹൃദയവും അച്ഛന്റേതുപോലെതന്നെയാണ്! ഞാൻ അച്ഛന്റെ മകനാണ്!’ എങ്ങനെയൊക്കെ അയാൾ ആ വെള്ളത്തലയെ പിടിച്ചുപൂട്ടുകയും, അദ്ദേഹത്തിന്റെ തലരോമങ്ങളെ കണ്ണുനീരിൽ കുളിപ്പിക്കുകയും, കലകളെ സൂക്ഷിച്ചു നോക്കിക്കാണുകയും, ഉടുപ്പിനെ ആരാധിക്കുകയും, കാലുകളെ ചുംബിക്കുകയും ചെയ്യുമായിരുന്നു! ഹാ! എന്തിനാണു് അയാളുടെ അച്ഛൻ അത്രയും കാലേക്കൂട്ടി, ശരിക്കുള്ള സമയം വരുന്നതിനു മുൻപു്, മകന്റെ സ്നേഹം തനിക്കു കൈവരുന്നതിനു മുൻപുതന്നെ, മരിച്ചുപോയതു? മരിയുസ്സിനു ഹൃദയത്തിൽ ഒരു നില്ക്കാത്ത തേങ്ങലുണ്ടായിരുന്നു; അതു് ഓരോ നിമിഷവും അയാളോടു് ഉച്ചത്തിൽ പറഞ്ഞു: ‘കഷ്ടം!’ അതോടൊപ്പംതന്നെ അയാൾ പൂർവാധികം വാസ്തവത്തിൽ സഗൗരവസ്വഭാവനും, കുറേക്കൂടി യഥാർഥമായി കളിവിട്ടവനും, തന്റെ ആലോചനയിലും വിശ്വാസത്തിലും കുറേക്കൂടി സ്ഥിരതയുള്ളവനുമായിത്തീർന്നു. ഓരോ നിമിഷത്തിലും, അയാളുടെ ആലോചനയെ മുഴുമിപ്പിക്കുന്നതിനു വാസ്തവാവസ്ഥയുടെ കാഴ്ചകൾ അയാളെ പ്രാപിച്ചു. അയാളുടെ ഉള്ളിൽ ഒരാന്തരവളർച്ച കൂടിവരുന്നതുപോലെ തോന്നി. പ്രകൃത്യനുകൂലമായ ഒരുതരം വികാസനം അയാൾക്കനുഭവപ്പെട്ടു; അതയാൾ മുൻപു കണ്ടിട്ടില്ലാത്ത രണ്ടെണ്ണത്തെ അയാൾക്കു സമ്പാദിച്ചുകൊടുത്തു-അച്ഛനേയും രാജ്യത്തേയും.

താക്കോലുണ്ടെങ്കിൽ എന്തും തുറക്കാവുന്നവിധം, താൻ വെറുത്തിരുന്നതെന്തിനേയും അയാൾ കണ്ടറിയുകയായി; അയാൾക്ക് ദ്വേഷമുണ്ടായിരുന്നതെന്തിനോടോ അതിന്റെ അന്തർഭാഗത്തു് അയാൾ കടന്നു; എന്തിനെയെല്ലാം പുച്ഛിക്കുവാനാണോ തന്നെ പഠിപ്പിച്ചുപോന്നിരുന്നതു് ആ മഹത്തരങ്ങളായ സംഗതികളേയും. ആരെയെല്ലാം ശപിക്കുവാനാണോ തന്നെ ആളുകൾ അഭ്യസിപ്പിച്ചിരുന്നതു് ആ മഹാന്മാരേയും സംബന്ധിച്ചുള്ള ദിവ്യവും ദൈവികവും ലൗകികവുമായ ആന്തരാർഥത്തെ അതേമുതൽ അയാൾ വ്യക്തമായി നോക്കിയറിഞ്ഞു. മുൻപുണ്ടായിരുന്ന അഭിപ്രായങ്ങളെപ്പറ്റി-തലേദിവസത്തേതാണെങ്കിലും അവ അത്രയുമധികം പുരാതനങ്ങളായി അയാൾക്കു തോന്നി-ആലോചിച്ചപ്പോൾ അയാൾക്കു ദ്വേഷ്യം തോന്നി; എങ്കിലും അയാൾ പുഞ്ചിരിക്കൊണ്ടു.

അച്ഛനെ യഥാസ്ഥാനം നിർത്തിയതോടുകൂടി, അയാൾ ശരിക്കു നെപ്പോളിയനെ യഥാസ്ഥാനം നിർത്തുവാൻ പുറപ്പെട്ടു.

പക്ഷേ, ആ ഒടുവിൽ പറഞ്ഞതു് അത്ര എളുപ്പത്തിൽ സാധിച്ചില്ലെന്നു ഞങ്ങൾ സമ്മതിക്കുന്നു.

പിഞ്ചുകുട്ടിയായിരുന്ന മുതൽ ബോനാപ്പാർത്തിനെപ്പറ്റി 1814-ലെ പ്രധാനകക്ഷിക്കാർക്കുള്ള അഭിപ്രായങ്ങളിൽ മുങ്ങുവാൻ തുടങ്ങിയിരിക്കുന്നു. അങ്ങനെ രാജത്വപുനഃസ്ഥാപനത്തിലുള്ള എല്ലാ പക്ഷഭേദങ്ങളും എല്ലാ സ്വാർഥങ്ങളും എല്ലാ ആന്തരവാസനകളുംകൂടി നെപ്പോളിയന്റെ മുഖാകൃതിയെ മാറ്റാൻ ശ്രമിച്ചു. അവ അദ്ദേഹത്തെ റോബെപിയറെക്കാളധികം ശപിച്ചു. രാജ്യത്തിന്റെ ക്ഷീണത്തേയും അമ്മമാരുടെ ദ്വേഷത്തേയും പിടിച്ച് അതു ബഹുസാമർഥ്യത്തോടുകൂടി സ്വകാര്യസിദ്ധിക്കു തിരിച്ചു. ബോനാപ്പാർത്തു് ഏതാണ്ടു് ഒരു കെട്ടുകഥയിലെ രാക്ഷസനായിത്തീർന്നു! ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളവിധം കുട്ടികളുടെ ആലോചനപോലെയിരിക്കുന്ന പൊതുജനങ്ങളുടെ ആലോചനയിൽ എഴുതിവെക്കുവാൻ പാകത്തിൽ അദ്ദേഹത്തെ 1814-ലെ പ്രധാനകക്ഷി, ഗംഭീരമെങ്കിലും ഭയങ്കരമായതിൽനിന്നു തുടങ്ങി ഭയങ്കരവും ബീഭത്സവുമായിത്തീരുന്നതുവരെ, തിബെരിയുസ്സിൽനിന്ന് [4] ഇമ്പാച്ചിവരെ ഉള്ള എല്ലാത്തരം ഭയങ്കരമോന്തകളും അദ്ദേഹത്തിന്റെ മുഖത്തു വെച്ചുകെട്ടിക്കുവാൻ തുനിഞ്ഞു. അങ്ങനെ, ബോനാപ്പാർത്തിനെപ്പറ്റി സംസാരിക്കുമ്പോൾ, വേണമെങ്കിൽ ഒരാൾക്കു തേങ്ങുകയോ പൊട്ടിച്ചിരികൊണ്ടു കവിൾ വീർപ്പിക്കുകയോ ചെയ്യാമെന്നായി-ഒന്നുമാത്രം, ദ്വേഷം അടിയിലുണ്ടായിരിക്കണം. ആ മനുഷ്യനെപ്പറ്റി-അങ്ങനെയാണു് നെപ്പോളിയൻ അന്നു വിളിക്കപ്പെട്ടിരുന്നത്-വേറെ യാതൊരു വിചാരവും മരിയുസ്സിന്റെ ഉള്ളിലുണ്ടായിരുന്നില്ല. ഈ അഭിപ്രായങ്ങൾ അയാളുടെ ഉള്ളിലുള്ള അതിസ്ഥൈര്യവുമായി കൂടിച്ചേർന്നു. നെപ്പോളിയനെ വെറുക്കുന്ന ഒരു താന്തോന്നിയായ ചെറുമനുഷ്യൻ അയാളുടെ ഉള്ളിലുണ്ടായി.

ചരിത്രം വായിച്ചതോടുകൂടി, നെപ്പോളിയനെ പഠിച്ചറിഞ്ഞതോടുകൂടി-വിശേഷിച്ചും ചരിത്രത്തിനുപയോഗിക്കാനുള്ള രേഖകളിൽനിന്നും സാമഗ്രികളിൽ നിന്നും-അദ്ദേഹത്തെ മരിയുസ്സിൽനിന്നു മറച്ചിരുന്ന മൂടുപടം ക്രമത്തിൽ പിഞ്ഞിപ്പൊളിഞ്ഞു. എന്തോ മഹത്തായ ഒന്നിനെ അയാൾ ഒരു നോക്കു കണ്ടു; മറ്റെല്ലാവരുടേയും മട്ടിൽ നെപ്പോളിയന്റെ കാര്യത്തിലും താൻ ആ നിമിഷംവരെ വഞ്ചിതനായിരുന്നു എന്നു് അയാൾക്ക് ശങ്ക തുടങ്ങി; ഓരോ ദിവസവും അയാളുടെ കാഴ്ചയ്ക്കു വ്യക്തത കൂടി; അങ്ങനെ, ആദ്യത്തിൽ ഏതാണ്ടു പശ്ചാത്താപത്തോടുകൂടിയും പിന്നീടു ലഹരി പിടിച്ചും എന്തോ ഒരനുല്ലംഘ്യമായ വശീകരണശക്തിയാൽ ആകൃഷ്ടനായിട്ടെന്നപോലെയും അയാൾ സാവധാനമായി പടിപടിയായി - ആദ്യം ഇരുണ്ട പടികൾ, പിന്നെ മങ്ങിയ വെളിച്ചത്തോടുകൂടിയവ, ഒടുവിൽ ഉൽകൃഷ്ടങ്ങളും പ്രകാശമാനങ്ങളുമായ ശുഷ്കാന്തിയുടെ ഉയർന്ന പടികൾ എന്നിങ്ങനെ-അയാൾ കയറിച്ചെന്നു.

ഒരു ദിവസം രാത്രി, മുകളിലത്തെ നിലയിലുള്ള തന്റെ ചെറുമുറിയിൽ അയാൾ തനിച്ചിരിക്കയായിരുന്നു. അയാളുടെ വിളക്കു കത്തുന്നുണ്ടു്; തുറന്ന ജനാലയ്ക്കടുത്തുള്ള മേശമേൽ കൈമുട്ടു കുത്തി അയാൾ ഇരുന്നു വായിക്കുകയാണു്. ദിഗന്തരത്തിൽനിന്നു് എല്ലാത്തരം മനോരാജ്യങ്ങളും വന്നു് അയാളുടെ വിചാരങ്ങളുമായികൂടിക്കലരുന്നുണ്ടു്. എന്തൊരു കൂടിക്കാഴ്ചയാണു് രാത്രി! എവിടുന്നാണു് ഉണ്ടാകുന്നതെന്നറിഞ്ഞുകൂടാതെ ചില ചെറുശബ്ദങ്ങൾ കേൾക്കാം; ഭൂമിയേക്കാൾ ആയിരത്തിരുനൂറിരട്ടി വലിപ്പമുള്ള വ്യാഴനക്ഷത്രം ഒരു തീക്കൊള്ളിപോലെ മിന്നുന്നതു കാണാം; ആകാശം കറുത്തിരിക്കുന്നു; നക്ഷത്രങ്ങൾ മിന്നുന്നു; ഭയങ്കരം.

സൈന്യപ്രവൃത്തികളെ രേഖപ്പെടുത്തുന്ന വിവരണക്കുറിപ്പുകൾ, യുദ്ധഭൂമിയിൽ വെച്ചെഴുതിയവയായ പരാക്രമപ്പാട്ടുകൾ, അയാൾ വായിച്ചു പഠിക്കുകയാണു്; അവയ്ക്കിടയിൽ ഇടയ്ക്കിടയ്ക്ക്, അയാൾ അച്ഛന്റെ പേർ കാണും; ചക്രവർത്തിയുടെ പേർ എപ്പോഴും; ആ മഹത്തായ സാമ്രാജ്യഭരണകാലം മുഴുവനും അയാളുടെ മുൻപിൽ പ്രത്യക്ഷമായി; ഒരു കോൾക്കയറ്റം അയാളുടെ ഉള്ളിൽ തള്ളിപ്പൊങ്ങുന്നതുപോലെ തോന്നി; ചിലപ്പോൾ ഒരു ശ്വാസംപോലെ അച്ഛൻ അടുത്തു വരുന്നതായും എന്തോ ചെകിട്ടിൽ മന്ത്രിക്കുന്നതായും അയാൾക്കു തോന്നുന്നു; അയാൾ ക്രമത്തിൽ ഒരപൂർവസ്ഥിതിയിലായിത്തീർന്നു; ചെണ്ട കൊട്ടും പീരങ്കിയൊച്ചയും, കുഴൽവിളികളും, പട്ടാളക്കാരുടെ താളത്തിനൊത്ത കാൽവെപ്പും, ദൂരത്തുനിന്നു താന്ന ഒച്ചയിൽ കുതിരപ്പട്ടാളത്തിന്റെ പാച്ചിലും കേൾക്കാനുണ്ടെന്നു് അയാൾ വിചാരിച്ചു; ഇടയ്ക്കിടയ്ക്ക് അയാളുടെ നോട്ടം ആകാശത്തേക്കു പൊങ്ങുകയും ദിഗന്തരത്തിന്റെ അളവറ്റ അഗാധതകളിൽ മിന്നിത്തിളങ്ങുന്ന ആ മഹത്തരങ്ങളായ തേജഃപുഞ്ജങ്ങളെ അയാൾ നോക്കിക്കാണുകയും ചെയ്യും; ഉടനെ ആ നോട്ടം ഒരിക്കൽക്കൂടി ആ പുസ്തകത്തിൽത്തന്നെ പതിയും; അവിടെ വേറെ ചില മഹത്തരവസ്തുക്കൾ കൂടിമറിഞ്ഞു നടന്നുപോകുന്നതായി അയാൾ കാണും. അയാളുടെ ഹൃദയം ഉള്ളിലിരുന്നു ചുങ്ങിച്ചുരുങ്ങി. അയാൾ എന്തോ ഒരാവേശത്തിലായി, വിറച്ചു, കിതച്ചു, പെട്ടെന്നു്, എന്താലോചനയാണുണ്ടായതെന്നും എന്തൊരു പ്രേരണയെയാണനുസരിക്കുന്നതെന്നും അറിയാതെ, അയാൾ ചാടിയെണീറ്റു, രണ്ടു കൈയും ജനാലയുടെ അപ്പുറത്തേക്കു നീട്ടി, ആ മങ്ങലിന്റെ നിശ്ശബ്ദതയുടെ, അപാരമായ അന്ധകാരത്തിന്റെ, ശാശ്വതമായ വിപുലതയുടെ, ഉള്ളിലേക്കു സൂക്ഷിച്ചുനോക്കി ഉച്ചത്തിൽ പറഞ്ഞു: ‘ചക്രവർത്തി ജയിക്കട്ടെ!’

ആ നിമിഷത്തോടുകൂടി സകലവും തീർന്നു; കോർസിക്കയിലെ രാക്ഷസൻ-രാജ്യാപഹാരി-പ്രജാപീഡകൻ-സ്വന്തം സഹോദരിമാരുടെ കാമുകനായ തൽമയിൽനിന്നു [5] പാഠങ്ങൾ പഠിച്ച നർത്തകൻ-പിശാച്-വിഷം കൊടുക്കുന്നവൻ-നരി-ബോനാപ്പാർത്ത്-ഇതൊക്കെത്തന്നെ മറഞ്ഞുകഴിഞ്ഞു; അയാളുടെ മനസ്സിൽ അസ്പഷ്ടവും പ്രകാശമാനവുമായ ഒരു തേജസ്സു മാത്രമായി, ആ തേജസ്സിനുള്ളിൽ, ആർക്കും അടുത്തെത്താൻ കഴിയാത്ത ഉയരത്തിൽ, ചക്രവർത്തിയുടെ വിളർത്തതും വെണ്ണക്കല്ലുകൊണ്ടുള്ളതുമായ സ്വരൂപം മിന്നിത്തിളങ്ങി. അച്ഛന്നാകട്ടേ, ചക്രവർത്തി ബഹുമാന്യനും ആർക്കുവേണ്ടി സർവരും ജീവനെക്കൂടി ഉപേക്ഷിച്ചുകളയുമോ ആവിധം അത്രയും ആരാധ്യനുമായ ഒരു സൈന്യനേതാവു മാത്രമായിരുന്നു; മരിയുസ്സിന്റെ കണ്ണിൽ അദ്ദേഹം കുറേക്കൂടി മേല്പോട്ടു കയറി. ഭൂമണ്ഡലം മുഴുവനും കീഴടക്കുവാൻവേണ്ടി, പണ്ടത്തെ റോമൻജനസംഘത്തിനുശേഷമുണ്ടായ ഫ്രഞ്ചു ജനസംഘത്തിന്റെ പ്രവർത്തകനുംകൂടിയായിത്തീർന്നു. അദ്ദേഹം ഒരു നാശത്തിന്റെ മഹാനായ നിർമാതാവും. ഷാർൽമാന്റേയും പതിനൊന്നാമൻ ലൂയിയുടേയും നാലാമൻ ആങ്റിയുടേയും റിഷെല്യുവിന്റെയും പതിന്നാലാമൻ ലൂയിയുടേയും പൊതുജനരക്ഷയ്ക്കുള്ള സംഘത്തിന്റേയും പിൻതുടർച്ചക്കാരനുമായി-അദ്ദേഹത്തിനു നിശ്ചയമായും ചില കളങ്കങ്ങളുണ്ടു്, തെറ്റുകളുണ്ടു്, മനുഷ്യനായ സ്ഥിതിക്കു കുറ്റങ്ങൾതന്നെയുമുണ്ടു്; എന്നാൽ ആ തെറ്റുകളിൽ അദ്ദേഹം ഉൽകൃഷ്ടനും, കളങ്കങ്ങൾക്കിടയിൽ പ്രകാശമാനനും, കുറ്റങ്ങൾക്കുള്ളിൽ ശക്തനുമായിരുന്നു.

എല്ലാ ജനസമുദായങ്ങളെക്കൊണ്ടും നിർബന്ധിച്ചു, ഫ്രാൻസിനെ ‘മഹത്തായ ജനസമുദായം’ എന്നു പറയിക്കുവാൻ ഈശ്വരനാൽ അനുഗ്രഹിക്കപ്പെട്ടു ജനിച്ച ഒരാളായിരുന്നു നെപ്പോളിയൻ. പോരാ, അദ്ദേഹം അതിലും മീതെയാണ്-യൂറോപ്പുരാജ്യത്തെ മുഴുവനും താൻ കൈയിൽ പിടിച്ച വാൾകൊണ്ടും, ഭൂമണ്ഡലത്തെ മുഴുവനുംതന്നെ താൻ വെളിപ്പെടുത്തിയ പ്രകാശംകൊണ്ടും കീഴടക്കുവാൻ ജനിച്ച ഫ്രാൻസിന്റെ അവതാരമൂർത്തി. ഏതു കാലത്തും ഫ്രാൻസിന്റെ അതിർത്തിയിൽ ഉദിച്ചുപൊങ്ങുന്നതും ഭാവിയെ കാത്തുരക്ഷിക്കുന്നതുമായ ആ കണ്ണഞ്ചിക്കുന്ന സ്വരൂപത്തെ മരിയുസു് ബോനാപ്പാർത്തിൽ കണ്ടു. സ്വേച്ഛാധികാരി, എങ്കിലും സർവത്തേയും കല്പിച്ചു നടത്തുന്നവൻ; ഒരു പ്രജാഭരണത്തിൽനിന്നുണ്ടായവനും ഭരണപരിവർത്തനത്തിന്റെ ആകെത്തുകയായിരിക്കുന്നവനുമായ ഒരു സ്വേച്ഛാധികാരി. യേശുക്രിസ്തു ഈശ്വരമനുഷ്യനായതുപോലെ നെപ്പോളിയൻ അയാളുടെ കണ്ണിനു പൊതുജനമനുഷ്യനായി.

ഒരു മതത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന എല്ലാവരേയുംപോലെ, അയാളേയും അയാളുടെ ‘മാർഗംകൂടൽ’ ലഹരി പിടിപ്പിച്ചു; അയാൾ ആ ഒരു പക്ഷത്തിലേക്കു, തിരിഞ്ഞുനോക്കാതെ, ‘മുതലക്കൂപ്പുകുത്തി;’ അയാൾ കുറേകൂടി അടിയിലേക്കു പോയി. അയാളുടെ സ്വഭാവം അങ്ങിനെയാണു്; ഒരിക്കൽ കീഴ്പോട്ടിറങ്ങൻ തുടങ്ങിയാൽപ്പിന്നെ, ഇടയ്ക്കുവെച്ചു നില്ക്കുക അയാളെസ്സംബന്ധിച്ചേടത്തോളം അസാധ്യമാണു്. യുദ്ധസംബന്ധിയായ ഒരു മതഭ്രാന്തു് അയാളെ ബാധിച്ചു; അതു് ആലോചനയോടുള്ള ശുഷ്കാന്തിയുമായി ഉള്ളിൽവെച്ചു കെട്ടിമറിഞ്ഞു. അതിബുദ്ധിയോടും കെട്ടിമറിച്ചലോടുംകൂടി കൈയൂക്കിനെ അടുപ്പിക്കയാണു് താൻ ചെയ്യുന്നതെന്ന്-എന്നുവെച്ചാൽ, തന്റെ പ്രതിമാപൂജനത്തിന്റെ രണ്ടു കള്ളറകൾക്കുള്ളിൽ ഒരു ഭാഗത്തു ദിവ്യത്വത്തേയും മറ്റേ ഭാഗത്തു മൃഗത്വത്തേയുമാണു് പ്രതിഷ്ഠിക്കുന്നതെന്നു് അയാൾ-മനസ്സിലാക്കിയില്ല. അങ്ങിനെയല്ലെന്നു തന്നെ തെറ്റിദ്ധരിപ്പിക്കുവാൻ അയാൾ പലവിധത്തിലും ശ്രമിച്ചു. അയാൾ എല്ലാം സമ്മതിച്ചു. സത്യസ്ഥിതിയിലേക്കു പോകുമ്പോൾ അബദ്ധത്തെ കണ്ടുമുട്ടലുണ്ടു്. സർവത്തേയും ഒരടിയായി കൈയിലെടുക്കുന്ന ഒരു ശക്തികൂടിയ അതിഭക്തി അയാളുടെ എല്ലാ പ്രവൃത്തികളിലും കാണാം. അയാൾ നടക്കാൻ തുടങ്ങിയ പുതുവഴിയിൽ, നെപ്പോളിയന്റെ മാഹാത്മ്യത്തെ അളക്കുന്നതുപോലെ പഴയ ഭരണരീതിയുടെ തെറ്റുകളേയും വിചാരണ ചെയ്യുന്നതിൽ, ഊക്കു കുറയ്ക്കുന്ന ഭാഗങ്ങളെ അയാൾ നിസ്സാരമാക്കി.

എന്തായാലും, ഒരു വല്ലാത്ത കാൽവെപ്പുവെച്ചു. ഏകച്ഛത്രാധിപത്യത്തിന്റെ അധഃപതനത്തെ ആദ്യം കണ്ടെത്തിയേടത്തു് അയാൾ ഇപ്പോൾ ഫ്രാൻസിന്റെ അവതാരം കാണുകയായി. അയാളുടെ ദിക്സ്ഥിതിനിർണയം ഒന്നു മറിഞ്ഞു. ആദ്യത്തിൽ കിഴക്കായിരുന്ന ഭാഗം ഇപ്പോൾ പടിഞ്ഞാറായി. അയാൾ നിന്നേടത്തുനിന്നു് ഒരു നേരേ തിരിഞ്ഞു.

ഈ പരിവർത്തനങ്ങളെല്ലാം നടന്നതു് അയാളുടെ ഉള്ളിൽവെച്ചാണു്; കുടുംബക്കാർ ഇതിന്റെ ഒരു ശകലമെങ്കിലും മനസ്സിലാക്കിയില്ല.

ഈ നിഗൂഢമായ പ്രസവവേദനയ്ക്കിടയിൽ, പഴയ രാജകുടുംബത്തെ അയാൾ തികച്ചും വലിച്ചെറിഞ്ഞ ഉടനെ, പ്രഭൂവിനേയും മതനിഷ്ഠനേയും രാജകക്ഷിയേയും അയാൾ ദൂരത്തേക്കിട്ടതോടുകൂടി, അയാൾ തികച്ചും ഒരു ഭരണപരിവർത്തനകക്ഷിയായപ്പോൾ, ഉള്ളിൽത്തട്ടിയ പ്രജാധിപത്യക്കാരനും പ്രജാഭരണ കക്ഷിയുമായിക്കഴിഞ്ഞപ്പോൾ, ഒരു കൊത്തുപണിക്കാരന്റെ വീട്ടിൽ ചെന്നു്, ബാറൺ മരിയുസു് പൊങ്മേർസി എന്നു രേഖപ്പെടുത്തിയ നൂറു കാർഡ് തയ്യാറാക്കിക്കിട്ടുവാൻ ഏർപ്പാടുചെയ്തു.

ഇതു് അയാളുടെ മനസ്സിനുണ്ടായിത്തീർന്ന മാറ്റത്തിന്റെ-സർവവും അച്ഛന്റെ ചുറ്റുഭാഗത്തും ചേർന്നടങ്ങിക്കൂടുന്നതായ ആ ഒരു മാറ്റത്തിന്റെ-ശരിക്കുള്ള ഫലം മാത്രമായിരുന്നു.

ഒന്നുമാത്രം; അയാൾക്ക് ആരേയും പരിചയമില്ലാത്തതുകൊണ്ടും തന്റെ കാർഡ് യാതൊരു പടിക്കാവല്ക്കാരന്റേയും പക്കൽ കൊടുത്തേല്പിക്കാൻ കഴിയാഞ്ഞതുകൊണ്ടും അയാൾ അതു കീശയിൽത്തന്നെ ഇട്ടു.

പ്രകൃത്യാതന്നെ മറ്റൊരു ഫലംകൂടി ഇതിൽനിന്നുണ്ടായി; അച്ഛന്റെ അടുക്കലേക്ക് അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണയോടും ഇരുപത്തഞ്ചു കൊല്ലമായി കേർണൽ എന്തൊന്നിനുവേണ്ടി യുദ്ധം ചെയ്തുപോന്നുവോ അതിനോടും അധികമധികം അടുത്തതോടുകൂടി, അയാൾ മുത്തച്ഛനിൽനിന്നു് അത്രയുമധികം വാങ്ങിയകന്നു. മൊസ്സ്യു ഗിൽനോർമാന്റെ ശുണ്ഠികൂടിയ സ്വഭാവം അയാൾക്കത്ര രസിച്ചിരുന്നില്ലെന്നു ഞങ്ങൾ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ടു്. ആ രണ്ടുപേരുടേയും നടുക്ക് ഗൗരവശീലനായ ചെറുപ്പക്കാരന്റേയും അല്പരസക്കാരനായ കിഴവന്റേയും എല്ലാ യോജിപ്പികേടുകളും മുൻപുതന്നെ സ്ഥലം പിടിച്ചിരുന്നു. ഗെറോന്തിന്റെ [6] ആഹ്ലാദം വേർതരുടെ [7] വ്യസനശീലത്തിനു പരിക്കേല്പിക്കുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നു. രണ്ടുപേരുടേയും രാജ്യഭരണസംബന്ധികളായ അഭിപ്രായങ്ങളും ആലോചനകളും യോജിച്ചിരുന്ന കാലത്തു മരിയുസു് മൊസ്സ്യു ഗിൽനോർമാനെ ഒരു പാലത്തിന്മേൽവെച്ചെന്നപോലെ കണ്ടെത്തിയിരുന്നു. ആ പാലം ഇടിഞ്ഞുവീണപ്പോൾ അവിടെ ഒരു മഹാഗുഹയായി. എന്നല്ല, എല്ലാറ്റിനും പുറമെ, കഥയില്ലാത്ത ചില ഉദ്ദേശ്യങ്ങളാൽ മൊസ്സ്യു ഗിൽനോർമാനാണു് തന്നെ കേർണലിൽ നിന്നു നിർദ്ദയം അകറ്റിക്കളഞ്ഞതും, ആവിധം അച്ഛന്നു മകനും മകന്നു് അച്ഛനുമില്ലെന്നാക്കിയതും എന്നാലോചിച്ചപ്പോൾ മുത്തച്ഛനോടു തികച്ചും എതിർനില്ക്കാൻ മരിയുസ്സിനുള്ളിൽ എന്തെന്നില്ലാത്ത ചില പ്രേരണകൾ തള്ളിവന്നു.

അച്ഛനോടുള്ള അനുകമ്പയുടെ ശക്തികൊണ്ടു് മരിയുസു് മുത്തച്ഛനെ വെറുത്തു എന്ന നില ഏതാണ്ടായി.

എന്തായാലും ഞങ്ങൾ മുൻപുതന്നെ പറഞ്ഞതുപോലെ ഇതൊന്നും അയാൾ പുറത്തു കാട്ടിയില്ല. അയാൾ അധികമധികം സന്തോഷരഹിതനായി എന്നുമാത്രം. മിണ്ടാതിരുന്ന ഭക്ഷണം കഴിക്കും; മിക്കപ്പോഴും വീട്ടിലില്ലാതിരിക്കും. അതിനെപ്പറ്റി വലിയമ്മ ശകാരിച്ചാൽ, അയാൾ, സൗമ്യമട്ടിൽ തനിക്കു പഠിക്കാൻ പലതുമുണ്ടെന്നും, അധ്യാപകപ്രസംഗങ്ങൾക്കു പോകേണ്ടതുണ്ടെന്നും പരീക്ഷാകാലമാണെന്നും മറ്റും ഓരോ ഒഴിവു പറയും. അബദ്ധം വരാൻ നിവൃത്തിയില്ലാത്തവിധം താൻ കണ്ടുപിടിച്ച ഈ രോഗനിദാനത്തിൽനിന്നു മുത്തച്ഛൻ ഒരിക്കലും പിൻവാങ്ങിയില്ല: ‘അനുരാഗത്തിൽപ്പെട്ടു! എനിക്കറിയാമൊക്കെ.’

ഇടയ്ക്കിടയ്ക്കു മരിയുസ്സിനെ കാണാതാവും.

‘എവിടെയ്ക്കാണു് മരിയുസു് ഈ പോകുന്നതു?’ അയാളുടെ വലിയമ്മ ചോദിച്ചിരുന്നു.

എപ്പോഴും കുറച്ചു ദിവസത്തേക്കുമാത്രം നീളുന്ന ഈവക യാത്രകളിലൊന്നിൽ അയാൾ അച്ഛൻ ഏല്പിച്ചിരുന്ന കാര്യം ശരിപ്പെടുത്തുവാൻവേണ്ടി മോങ് ഫെർമിയെയിലേക്കു പോയി; വാട്ടർലൂവിലെ പഴയ സർജ്ജന്റുദ്യോഗസ്ഥനായ ഹോട്ടൽക്കാരൻ തെനാർദിയെറെ അന്വേഷിച്ചു നോക്കി. തെനാർദിയെർ കച്ചവടത്തിൽ തോറ്റു; ഹോട്ടൽ പൂട്ടിയിരിക്കുന്നു; അയാൾ എവിടെപ്പോയിയെന്നു് ആർക്കും അറിഞ്ഞുകൂടാ. ഈ അന്വേഷണത്തിൽ മരിയുസ്സു് നാലു ദിവസത്തോളം വീട്ടിലില്ലായിരുന്നു.

‘അവന്നു ഭ്രാന്തുതന്നെയായി,’ മുത്തച്ഛൻ പറഞ്ഞു.

അയാൾ ഉൾക്കുപ്പായത്തിന്നുള്ളിൽ, മാറോടു ചേർത്തു, കഴുത്തിൽ, എന്തോ ഒരു സാധനം കറുപ്പുനാടകൊണ്ടു കെട്ടിത്തൂക്കിയിട്ടുള്ളതായി അവർ കണ്ടുപിടിച്ചുവത്രേ!

കുറിപ്പുകൾ

[1] ഒരു ഫ്രഞ്ച് പ്രാസംഗികൻ, ഭരണപരിവർത്തകൻ, പതിനാറാമൻ ലൂയിയ്ക്കു മരണശിക്ഷ വിധിച്ച പ്രതിനിധിയോഗത്തിന്റെ അധ്യക്ഷൻ; ഒടുവിൽ മരണശിക്ഷ വിധിക്കപ്പെട്ടു.

[2] രാജാവിനെ കൊന്നതിൽ ഏർപ്പെട്ടിരുന്ന മൂന്നു പ്രാധന ഭരണപരിവർത്തകന്മാരിൽ ഒരാൾ.

[3] ഫ്രാൻസിലെ ഒരെഴുത്തുകാരൻ; ഭരണപരിവർത്തകന്മാരിൽ ഒരു പ്രധാനൻ ദെന്തോങ്ങിന്റെ ഒരു കൂട്ടുകാരൻ; മരണശിക്ഷ വിധിക്കപ്പെട്ടു.

[4] വേദപുസ്തകത്തിൽ പറയുന്ന രണ്ടാമനായ റോ ചക്രവർത്തി.

[5] ഫ്രാൻസിലെ പ്രസിദ്ധനായ ദുഃഖപര്യവസായിനാടകകർത്താവ്.

[6] ഫ്രഞ്ച് ഭാഷയിലെ പല പ്രസിദ്ധ വിനോദനാടകങ്ങളിലും കാണപ്പെടുന്ന ഒരു സാധു വൃദ്ധൻ.

[7] ഗെഥെ എന്ന ജർമ്മൻ മഹാകവിയുടെ ഒരു സുപ്രസിദ്ധ കഥയിലെ നായകൻ, അനുരാഗഭ്രാന്തനും അസാധാരണമായവിധം കരളുറപ്പറ്റവനുമായ ആളെ ഈ പേർ വിളിയ്ക്കാറുണ്ട്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.