images/hugo-20.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.4.4
മുസെങ് കാപ്പിപ്പീടികയുടെ പിന്നിലെ മുറി

മരിയുസ്സുള്ളപ്പോഴും അയാൾ കൂടിച്ചേർന്നും നടന്നിരുന്ന ആ ചെരുപ്പക്കാരുടെ സംഭാഷണങ്ങളിൽ ഒന്നു് അയാളെ പിടിച്ച് ഒരു വല്ലാത്ത കുലുക്കൽ കുലുക്കി.

മുസെങ് കാപ്പിപ്പീടികയുടെ പിൻവശത്തെ മുറിയിൽവെച്ചാണു് ഈ സംസാരമുണ്ടായതു്. എബിസി സുഹൃത്തുക്കൾ മിക്കപേരും അന്നത്തെ യോഗത്തിൽ ഹാജരുണ്ടായിരുന്നു. വെള്ളിവിളക്കു സഗൗരവമായി കത്തുന്നു. ക്ഷോഭം കൂടാതെയും ഒച്ചയോടുകൂടിയും അവർ അന്യോന്യം സംസാരിക്കുന്നു. മിണ്ടാതിരുന്ന ആൻഷൊൽരായും മരിയുസ്സും ഒഴിച്ച്, മറ്റെല്ലാവരും ഇടയ്ക്കിടയ്ക്ക് ഓരോ പ്രസംഗം പ്രസംഗിക്കുന്നുണ്ടു്. ചങ്ങാതിമാർ തമ്മിലുള്ള സംഭാഷണങ്ങൾ ചിലപ്പോൾ ഇത്തരം സമാധാനപരങ്ങളായ ലഹളകളുണ്ടാക്കും. അതൊരു സംഭാഷണമെന്നപോലെ ഒരു ചൂതുകളിയും ഒരു ലഹളയുമാണു്. അവർ വാക്കുകളെ അന്യോന്യം എറിഞ്ഞുകൊടുക്കുകയും മാറി മാറി പിടിച്ചെടുക്കുകയും ചെയ്യും. അവർ എല്ലായിടത്തുമിരുന്നു വെടി പറകയാണു്.

ഈ മുറിയിൽ സ്ത്രീകളെ കടക്കാൻ സമ്മതിച്ചിരുന്നില്ല; എന്നുവെച്ചാൽ കാപ്പിപ്പീടികയിലെ പാത്രങ്ങൾ മോറുന്ന ല്വാസൊ മാത്രം ‘ഓവറ’യിലേക്കു പാത്രങ്ങളും കൊണ്ടു് ഇടയ്ക്കിടയ്ക്ക് ആ വഴിയെ പോകും.

തികച്ചും കുടിച്ചു മത്തനായ ഗ്രന്തേർ, താൻ ചെന്നു കൈവശപ്പെടുത്തിയിരുന്ന മൂല മുഴുവനും യുക്തിവാദങ്ങളെക്കൊണ്ടും കഴിയുന്നതും ഉച്ചത്തിലുള്ള എതിർവാദങ്ങളെക്കൊണ്ടും ഒച്ചയിടൽകൊണ്ടും ഇട്ടു മുഴുക്കുകയായിരുന്നു

‘എനിക്കു ദാഹം. ഹേ നശിച്ചുപോകുന്ന മനുഷ്യരേ, ഞാൻ സ്വപ്നം കാണുകയാണു്, ഹൈദെൽബർഗിലെ മദ്യത്തൊട്ടിക്കു രക്തമൂർച്ച; അതിൽ പിടിപ്പിച്ചുകൊടുക്കുന്ന പന്ത്രണ്ടു് അട്ടകളിൽ ഒന്നു ഞാനായിരിക്കും. എനിക്കൊരു കുടി വേണ്ടിയിരുന്നു. എനിക്കു ജീവിതം മറക്കണം. എനിക്ക്, ഇന്ന ആളെന്നറിഞ്ഞുകൂടാത്ത ഒരാളുടെ ഒരു പൈശാചികസൃഷ്ടിയാണു് ജീവിതം. അതു നിലനില്ക്കുന്നതേയില്ല, അതു സാരവുമില്ല. ജീവിച്ചിരിക്കലിൽ മനുഷ്യൻ കഴുത്തു പൊട്ടിക്കുന്നു. കടക്കാവുന്ന പഴുതുകൾ ഇല്ലെന്നുതന്നെ പറയാവുന്ന ഒരു നാടകശാലയാണു് ജീവിതം. സുഖം എന്നതു ഒരു ഭാഗത്തുമാത്രം ചിത്രമെഴുതിയിട്ടുള്ള ഒരു പഴയ പള്ളിപ്പെട്ടിയാണു്. സഭാപ്രസംഗഗ്രന്ഥം പറയുന്നു; ‘എല്ലാം മായയാണു്.’ ഒരു സമയം ജനിച്ചിട്ടേ ഇല്ലാത്ത ആ കൊള്ളാവുന്ന ഗ്രന്ഥകർത്താവോടു ഞാൻ യോജിക്കുന്നു. തീരെ നഗ്നനായി നടക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടു സുന്നം തന്നെത്താൻ മായയെകൊണ്ടു മൂടി. ഹാ മായ! എല്ലാറ്റിനേയും വലിയ വാക്കുകളെക്കൊണ്ടു കെട്ടിപ്പൊതിഞ്ഞു വെക്കൽ! ഒരടുക്കള ഒരു വിദ്യാപരിശോധനശാലയാണു്. ഒരു നൃത്തക്കാരൻ ഒരധ്യാപനാണു്; ഒരഭ്യാസി ഒരു ഗുരുക്കളാണു്; ഒരു തല്ലുകാരൻ ഗുസ്തിക്കാരനാണു്; ഒരു വൈദ്യൻ ഒരു ഔഷധജ്ഞനാണു്; ഒരു പാഴു് മുടിപ്പണിക്കാരൻ ഒരു കലാനി പുണനാണു്; ഒരു കുമ്മായപ്പണിക്കാരൻ ഒരു ശില്പിയാണു്; ഒരു കുതിരക്കച്ചവടക്കാരൻ ഒരു നായാട്ടുകാരനാണു്. മായയ്ക്ക് ഒരു നല്ല ഭാഗവും ഒരു ചീത്ത ഭാഗവുമുണ്ടു്. നല്ല ഭാഗം കഥയില്ലായ്മയാണ്-അതു പളങ്കുമണികളോടുകൂടിയ കാപ്പിരി; ചീത്തഭാഗം വങ്കത്തരമാണ്-അതു കീറത്തുണികളോടുകൂടിയ തത്ത്വജ്ഞാനി. ഒരാളെപ്പറ്റി ഞാൻ കരയുന്നു; മറ്റാളെപ്പറ്റി ഞാൻ ചിരിക്കുന്നു. സ്ഥാനങ്ങളെന്നും പദവികളെന്നും വിളിക്കപ്പെടുന്നവ എന്നില്ലതന്നെ. പദവിയും സ്ഥാനവും സാധാരണമായി ഓട്ടുപണിയാണു്. മനുഷ്യരുടെ അഭിമാനത്തെക്കൊണ്ടു രാജാക്കന്മാർ കളിക്കോപ്പുകളുണ്ടാക്കുന്നു. കാലിഗുല [1] ഒരു കുതിരയെപ്പിടിച്ച് ഒരു രാജപ്രതിനിധിയാക്കി; രണ്ടാമൻ ഷാർൽ ഒരു ഗോമാസക്കഷണത്തെക്കൊണ്ടു് ഒരു പ്രഭുവിനെ ഉണ്ടാക്കി. അപ്പോൾ ഇൻസിതാതുസു് (=കുതിര) രാജപ്രതിനിധിയുടേയും റോസ്റ്റു് ബീഫ് (=പൊരിച്ച ഗോമാംസം) പ്രഭുവിന്റേയും ഇടയ്ക്ക് നിങ്ങൾ പുതച്ചുമൂടുവിൻ. ജനസമുദായത്തിന്റെ ആന്തരമായ വിലയെപ്പറ്റിയാണെങ്കിൽ, അതിന്നിനി ഒരു ലേശമെങ്കിലും മാന്യതയില്ല. അയൽപക്കക്കാരൻ അയൽപക്കക്കരനെപ്പറ്റി ചെയ്യുന്ന സ്തുതിക്കു ചെവികൊടുക്കുക. വെള്ളയെപ്പറ്റി പറയുമ്പോൾ വെള്ളഭയങ്കരമാണു്; ആമ്പൽപ്പൂവിനു സംസാരിക്കാൻ കഴിയുമെങ്കിൽ, അതു പിറാവിനെ എന്തു കൊള്ളരുതാത്തതാക്കും. ഒരു മതഭ്രാന്തുകാരിയെപ്പറ്റി പുലമ്പുന്ന ഒരീശ്വരഭക്ത അണലിയെക്കാളും കരിമൂർഖനെക്കാളും വിഷമേറിയതാണു്. എനിക്കു പഠിച്ചറിവില്ലാത്തതു പോരായ്മയായി; അല്ലെങ്കിൽ ഒരുപടി എണ്ണങ്ങൾ ഞാൻ നിങ്ങൾക്കെടുത്തു കാട്ടിത്തന്നേനെ; പക്ഷേ, എനിക്കൊന്നും അറിവില്ല. പറയാം. ഞാൻ എന്നും ഫലിതക്കാരനാണു്; ഞാൻ ചിത്രമെഴുത്തു ഗ്രോവിന്റെ കീഴിൽ പഠിക്കുകയായിരുന്നപ്പോൾ, പൊട്ടച്ചെറുചിത്രങ്ങൾ കുത്തിക്കുറിക്കുന്നതിനു പകരം ആപ്പിൾപ്പഴങ്ങൾ മോഷ്ടിക്കുന്നതിലാണു് എന്റെ സമയം കളഞ്ഞതു്; റാപ്പിൻ (= ചിത്രകാരന്റെ ശിഷ്യനു കന്നഭാഷയിലുള്ള വാക്ക്) എന്നതു റാപ്പിനി (റാപ്പൈൻ=തട്ടിപ്പറ്റി) എന്നതിന്റെ പുല്ലിംഗമാണു്. എന്നെസ്സംബന്ധിച്ചേടത്തോളം ഇങ്ങനെ. നിങ്ങളെപ്പറ്റിയാണെങ്കിൽ, എന്നെക്കാളധികം വില നിങ്ങളെ വിറ്റാലും കിട്ടില്ല. നിങ്ങളുടെ പരിപൂർണതകളേയും മേന്മകളേയും മഹിമകളേയും പറ്റി എനിക്കു പുച്ഛമാണു്. ഓരോ ശീലഗുണവും ഓരോ വിഡ്ഢിത്തത്തിന്മേലേക്കാണു് ചെല്ലുന്നതു്. പണത്തിന്മേലുള്ള നോട്ടം ദുരയിന്മേൽ ചെന്നുമുട്ടുന്നു; ഉദാരശീലൻ ഒരു കാലെടുത്തുവെച്ചാൽ ധാരാളിയായി; ധീരമനുഷ്യൻ നില്ക്കുന്നതു തെമ്മാടിയുമായി മുട്ടിയുരുമ്മിക്കൊണ്ടാണു്; വലിയ ഈശ്വരഭക്തൻ എന്നു പറഞ്ഞാൽ ഏതാണ്ടു മതഭ്രാന്തൻ; ഡയോജിനിസ്സിന്റെ പുറംകുപ്പായത്തിൽ എത്ര ദ്വാരങ്ങളുണ്ടോ അത്ര ചീത്തത്തങ്ങളുണ്ടു് നന്മയിൽ, നിങ്ങൾക്കാരെയാണു് ബഹുമാനം, കൊന്നവനെയോ, കൊല്ലപ്പെട്ടവനെയോ?-ബ്രൂട്ടസ്സിനെയോ, സീസറെയോ? [2] സാധാരണമായി കൊന്നവരുടെ ഭാഗത്താണു് ആളുകൾ; ബ്രൂട്ടസു് ആയുഷ്മാനായിരിക്കട്ടെ, അയാളാണല്ലോ കൊന്നത്! അതാണു് ശീലഗുണം. ശീലഗുണം സമ്മതിച്ചു; പക്ഷേ, ഭ്രാന്തും. ആവക മഹാന്മാരുടെ ജീവിതത്തിൽ നേരമ്പോക്കുള്ള ചില പുള്ളിക്കുത്തുകളുമുണ്ടു്. സീസറെ കൊലപ്പെടുത്തിയ ബ്രൂട്ടസ്സിനു് ഒരാൺകുട്ടിയുടെ പ്രതിമയോടായിരുന്നു അനുരാഗം. ആ പ്രതിമ ഗ്രീക്കു കൊത്തുപണിക്കാരനായ സ്ത്രൊൻ ഗിലിയൊന്റെ കൈവേലയായിരുന്നു; ഇദ്ദേഹംതന്നെയാണു് ‘സൗന്ദര്യം തികഞ്ഞകാൽ’ എന്ന നിലയിൽ സുപ്രസിദ്ധവും നീറോ എവിടെ പോകുമ്പോഴും കൊണ്ടു നടന്നിരുന്നതുമായ യുക്നെമോസു് എന്ന ശൗര്യവതിയുടെ രൂപം കൊത്തിയതു്. ഈ സ്ത്രൊൻഗിലിയോൻ നീറോവിനേയും ബ്രൂട്ടസിനേയും കൂട്ടിയടുപ്പിച്ച രണ്ടു പ്രതിമകളെ ഇട്ടുംവെച്ചുപോയി. ഒന്നിനോടു ബ്രൂട്ടസ്സിനു് അനുരാഗമായി; മറ്റതിനോടു നീറോവിനും. ചരിത്രം മുഴുവൻ മടുപ്പുണ്ടാക്കുന്ന വെറും ആവർത്തിക്കലല്ലാതെ മറ്റൊന്നുമല്ല. ഒരു നൂറ്റാണ്ടു മറ്റൊരു നൂറ്റാണ്ടിന്റെ മോഷണക്കാരനാണു്. മാറെൻഗോയുദ്ധം പിഡ്ന യുദ്ധത്തെ പകർത്തുന്നു; ക്ലോവിസ്സിന്റെ [3] ടോൾബിയാക് യുദ്ധവും നെപ്പോളിയന്റെ ഓസെതർലിത്സു് യുദ്ധവും രണ്ടു വെള്ളത്തുള്ളികൾ പോലെ തമ്മിൽ സാമ്യമുള്ളവയാണു്. ജയത്തിനു ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കീഴടക്കുന്നതുപോലെ വിഡ്ഢിത്തം മറ്റൊന്നുമില്ല; ബോധപ്പെടുത്തുന്നതിലാണു് വാസ്തവത്തിലുള്ള മാഹാത്മ്യമിരിക്കുന്നതു്; ഒന്നിനെ തെളിയിക്കുവാൻ ശ്രമിക്കൂ! ജയംകൊണ്ടു നിങ്ങൾക്കു തൃപ്തിയാകുന്നപക്ഷം, എന്തു നിസ്സാരം! കീഴടക്കിയതുകൊണ്ടു് മതിയാവുമെങ്കിൽ, എന്തു മോശം! കഷ്ടം, ഡംഭും ഭീരുത്വവും മാത്രമേ ഉള്ളൂ എവിടെയും. എന്തൊന്നും ജയത്തെ ഓച്ഛാനിച്ചു നില്ക്കുന്നു-വ്യാകരണം കൂടി. ആചാരം സമ്മതിച്ചാൽ?’ ഹോറസ്സു് പറയുന്നു. അതുകൊണ്ടു് മനുഷ്യവർഗത്തെ എനിക്കു പുച്ഛമാണു്. നമ്മൾ ആ കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലണമോ? ജനസമുദായത്തെ ഞാൻ ബഹുമാനിക്കാൻ തുടങ്ങണമെന്നു നിങ്ങൾ പറയുന്നുവോ? എവിടെയുള്ള ജനസമുദായം? പറഞ്ഞുകേൾക്കാമോ? ഗ്രീസ്സോ? ഏതെൻസു് കാർ-അതായതു് പണ്ടത്തെ പാരിസ്സുകാർ-ഫോഷിയൊനെ [4] -അവരുടെ കൊലിഞിയെ [5] എന്നു പറയട്ടെ-വധിച്ചുകളഞ്ഞു; അവർ ദുഷ്ടന്മാരുടെ സേവ പിടിച്ചിരുന്നു; അതാണു് അനസെഫൊരസ് [6] പിസിസ്ത്രാതുസ്സിനെ [7] പ്പറ്റി ഇങ്ങനെ പറഞ്ഞതു്: അയാളുടെ മൂത്രം ഈച്ചകളെ ആകർഷിക്കുന്നു. അമ്പതുകൊല്ലത്തേക്കുഗ്രീസ്സിലുള്ളവരിൽ വെച്ചു പ്രമുഖൻ ഫിലെതാസ് [8] എന്ന വൈയാകരണനാണു്, കാറ്റത്തു പറന്നുപോകാതിരിപ്പാൻ ബൂട്ടുസിനുള്ളിൽ ഈയം നിറച്ചിട്ടു നടക്കത്തക്കവിധം ആ മനുഷ്യൻ അത്രമേൽ ചെറിയവനും മെലിഞ്ഞവനുമായിരുന്നു. കോറിനിലെ പ്രധാനവഴിസ്ഥലത്തു സിലനിയൊൻ കൊത്തിയുണ്ടാക്കിയ ഒരു പ്രതിമ നില്ക്കുന്നുണ്ടു്; ആ പ്രതിമ എപ്പിസ്താതെസ്സിന്റേതാണു്. എപ്പിസ്താതെസു് എന്തു ചെയ്തു? അയാൾ ഒരു തെറിച്ച നടത്തം കണ്ടുപിടിച്ചു. അതു ഗ്രീസ്സിന്റേയും മാഹാത്മ്യത്തിന്റേയും ആകെത്തുകയാണു്. നമുക്കു മറ്റു പ്രദേശങ്ങളിലേക്കു കടക്കുക. ഞാൻ ഇംഗ്ലണ്ടിനെ ബഹുമാനിക്കണമോ? ഞാൻ ഫ്രാൻസിനെ ബഹുമാനിക്കേണമോ, ഫ്രാൻസിനെ? എന്തിനു്? പാരിസ്സു് കാരണം? അതെൻസിനെപ്പറ്റി എനിക്കുള്ള അഭിപ്രായം ഇപ്പോൾത്തന്നെ പറഞ്ഞു. ഇംഗ്ലണ്ടോ? എന്തിനു്? ലണ്ടൻ കാരണം? എനിക്കു കാർത്തേജ് പട്ടണത്തോടു ബഹു വെറുപ്പാണു്. പിന്നീടു, ലണ്ടൻ, വിഷയസുഖസമൃദ്ധിയുടെ ആസ്ഥാനനഗരമായ ലണ്ടൻ, കഷ്ടപ്പാടിന്റെ തലസ്ഥാനമാണു്. ചാറിങ്-ക്രോസ്സു് എന്ന അംശത്തിൽ മാത്രം നോക്കിയാൽ പട്ടിണികൊണ്ടു് ഒരു കൊല്ലത്തിൽ നൂറു മരണമുണ്ടു്. ഇതാണു് ഇംഗ്ലണ്ടു്. ഞാൻ അങ്ങേ അറ്റം പറയട്ടെ, ഒരിംഗ്ലീഷു സ്ത്രീ പനിനീർപ്പൂമാലയണിഞ്ഞു നീലകണ്ണടയും വെച്ചു നൃത്തമാടുന്നതു ഞാൻ കണ്ടിട്ടുണ്ടു്. അപ്പോൾ ഇംഗ്ലണ്ടു്, മണ്ണാങ്കട്ട! ഇംഗ്ലണ്ടുകാരനെ എനിക്കു ബഹുമാനം പോരെങ്കിൽ, അമേരിക്കക്കാരനെ? അടിമകളെ വെച്ചുകൊണ്ടിരിക്കുന്ന ആ സഹോദരനെ എനിക്കൊട്ടും പറ്റിയിട്ടില്ല. ‘സമയം പണമാണു്’ എന്നതെടുത്തുകളയുക-ഇംഗ്ലണ്ടിൽ പിന്നെ എന്തുണ്ടു്? ‘പരുത്തി രാജാവാണു്’ ഇതു് അമേരിക്കയിൽനിന്നും നീക്കിക്കളക-അമേരിക്കയിൽ പിന്നെ എന്തുണ്ടു്? ജർമനി നീരാണു്; ഇറ്റലി പിത്തവും. റഷ്യയെപ്പറ്റിയാണു് നമുക്ക് കമ്പം പിടിക്കേണ്ടതെന്നുണ്ടോ? വൊൾത്തെയർക്കു റഷ്യയെ ബഹുമാനമായിരുന്നു. അദ്ദേഹത്തിനു ചൈനയെപ്പറ്റിയും ബഹുമാനംതന്നെയാണു്. റഷ്യയ്ക്കും സ്വന്തമായി ചില ഗുണങ്ങളുണ്ട്-പലതിന്റേയും കൂട്ടത്തിൽ, ഒരുറപ്പുള്ള സ്വേച്ഛാധിപത്യം; എന്നാൽ പ്രജാദ്രോഹികളോടു് എനിക്കനുകമ്പയാണു്. അവരുടെ ആരോഗ്യത്തിനു ശക്തിയില്ല, തല കൊയ്യപ്പെട്ട ഒരു അലെക്സിസു്, കട്ടാരം കുത്തിയിറക്കപ്പെട്ട ഒരു പീറ്റർ, കഴുത്തു പിടിച്ചു ഞെരിക്കപ്പെട്ട ഒരു പോൾ, മുട്ടൻവടികൊണ്ടു കുത്തിച്ചതയ്ക്കപ്പെട്ട മറ്റൊരു പോൾ, ഞെരിച്ചു കഴുത്തറക്കപ്പെട്ട പല ഐവാൻമാർ, വിഷം കുടിപ്പിച്ചു കൊല്ലപ്പെട്ട അനവധി നിക്കോളസ്സ്മാരും, ബസിൽമാരും-ഇതെല്ലാം റഷ്യൻ ചക്രവർത്തിമാരുടെ കൊട്ടാരം വെളിവിൽത്തന്നെ ആരോഗ്യനാശകമായ ഒരു നിലയിലാണു് നില്ക്കുന്നതെന്നു സൂചിപ്പിക്കുന്നു. ആലോചനാ ശീലമുള്ളവരുടെ ബഹുമാനത്തിനു് ഇതൊക്കെയാണു് എല്ലാ പരിഷ്കൃതജനസമുദായങ്ങളും മുൻപിൽ കൊണ്ടുനിർത്തുന്നതു്; യുദ്ധം; എന്നാൽ യുദ്ധം, പരിഷ്കൃതരീതിയിലുള്ള യുദ്ധം, എല്ലാത്തരം ഘാതകത്വത്തേയും ആകെത്തുകയിടുകയും ചെയ്തവസാനിപ്പിക്കുകയും ചെയ്യുന്നു. ‘ആ!’ നിങ്ങൾ എന്നോടു പറയും, ‘എന്നാൽ യൂറോപ്പു് എന്തുകൊണ്ടും ഏഷ്യയേക്കാൾ ഭേദമാണു്?’ ഏഷ്യ ഒരു പൊറാട്ടുകളിയാണെന്നു ഞാൻ സമ്മതിക്കുന്നു; എന്നാൽ രാജത്വത്തിന്റെ എല്ലാ വൃത്തികേടുകളേയും-ഇസാബെലാരാജ്ഞിയുടെ ചളിപിടിച്ച ഉള്ളങ്കി മുതൽ ദോഫിൻരാജകുമാരന്റെ മണിയറക്കസാലവരെയുള്ള സർവവും-എടുത്തു നിങ്ങളുടെ പരിഷ്കാരങ്ങളോടും അന്തസ്സുകളോടും കൂട്ടിക്കലർത്തിയിരിക്കുന്ന നിങ്ങൾ, പാശ്ചാത്യരാജ്യക്കാരായ നിങ്ങൾ, ഗ്രാൻഡ്ലാമയിൽ [9] പരിഹസിക്കത്തക്കതായി എന്താണു് കണ്ടെത്തുന്നതെന്നു് എനിക്കു മനസ്സിലാകുന്നില്ല. മനുഷ്യ ജാതിയിൽപ്പെട്ട മാന്യരേ, ഞാൻ പറയുന്നു, ഒരു വസ്തുവുമില്ല! ബ്രൂസ്സൽസിലാണു് അധികം ബീർ ചെലവാവുന്നതു്; സ്റ്റോക്ക് ഹോമിലാണു് ബ്രാണ്ടി; മേഡ്രിലാണു് കൊക്കോസത്തു്; ആംസ്റ്റർഡാമിലാണു് റാക്ക്; ലണ്ടനിലാണു് വീഞ്ഞ്; കോൺസ്റ്റാന്റിനോപ്പിളിലാണു് കാപ്പി; പാരിസ്സിലാണു് ‘ആബ്സിന്തു്’ മദ്യം, ഉപയോഗമുള്ള എല്ലാ പാനീയങ്ങളുമായി. ചുരുക്കത്തിൽ, മെച്ചമെടുത്തതു് പാരിസ്സാണു്. പാരിസ്സിൽ കീറത്തുണിപ്പെറുക്കികൾകൂടി വിഷയലമ്പടന്മാരാണു്; പിറൊ എന്ന പ്രദേശത്തു് ഒരു തത്ത്വജ്ഞാനിയായിക്കഴിയുന്നതിനേക്കാൾ പ്ലാസു് മോബേറിൽ ഒരു കീറത്തുണിപ്പെറുക്കിയാവുന്നതായിരിക്കും ഡയോജിനിസ്സിനു് അധികം ഇഷ്ടം. ഇതുകൂടി മനസ്സിലാക്കിക്കൊള്ളൂ; കീറത്തുണിപ്പെറുക്കികളുടെ വീഞ്ഞുഷാപ്പുകൾക്കു കള്ളുഷാപ്പുകൾ എന്നാണു് പേർ; ‘ചട്ടി’ എന്നും ‘കശാപ്പുവീടു്’ എന്നും പേരുള്ള രണ്ടെണ്ണമാണു് അവയിൽവെച്ചു സുപ്രസിദ്ധങ്ങൾ. ഇങ്ങനെ ഓരോ കൂട്ടർക്കും വെവ്വേറെ കുടിസ്ഥലങ്ങളും അവയ്ക്കു വെവ്വേറെ പേരുകളുമുണ്ടു്. ഞാൻ ഏറ്റുപറയുന്നു, ഞാനൊരു വിഷയലമ്പടനാണു്; ഒരു ഭക്ഷണത്തിനു നാല്പതു സൂ കൊടുത്തു റിഷെറിന്റെ ഭക്ഷണശാലയിലേ ഞാൻ ഭക്ഷണം കഴിക്കൂ. നഗ്നയായ ക്ലിയോപ്പാറ്റ്റയ്ക്ക് കിടന്നുരുളാവുന്ന പേർഷ്യൻ പരവതാനികൾ തന്നെ എനിക്കും കിട്ടണം. ഈ ക്ലിയോപ്പാറ്റ്റ എവിടെ? ഹാ അപ്പോൾ ഇതു നിങ്ങളാണു്, ല്വാസൊ? വന്ദനം.’

പാടുള്ളതിലധികം ലഹരി പിടിച്ച ഗ്രന്തേറാകട്ടെ കാപ്പിപ്പീടികയുടെ പിൻമുറിയിലെ സ്വന്തം മുക്കിലിരുന്നു് അതിലേ പോകുന്ന പാത്രംതേപ്പുകാരിയെ പിടികൂടിക്കൊണ്ടു പ്രസംഗിക്കയായി.

ബൊസ്വെ കൈ നീട്ടി അയാളോടു മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു നോക്കി; ഗ്രന്തേർ മുൻപത്തേക്കാളധികം ലഹളകൂടികൊണ്ടു വീണ്ടും തുടങ്ങി

‘നഖം വിരുത്താതെ കൈയെടുക്കു. അർതക്സെർകെസ്സിന്നു [10] കൗതുകവസ്തു കൊടുക്കില്ലെന്നു കാണിച്ചുകൊണ്ടുള്ള ഹിപ്പോക്രാറ്റിസ്സിന്റെ മട്ടിലുള്ള നിങ്ങളുടെ കൈയാംഗ്യംകൊണ്ടു് എന്നെസംബന്ധിച്ചേടത്തോളം വലിയ ഫലമൊന്നുമില്ല. എന്നെ സമാധാനപ്പെടുത്തുന്ന പണിയിൽനിന്നു നിങ്ങളെ ഞാൻ ഒഴിവാക്കിത്തരുന്നു; എന്നല്ല, എനിക്കു സുഖമില്ല. ഞാൻ നിങ്ങളോടു് എന്തു പറയണമെന്നാണു് നിങ്ങൾക്കാഗ്രഹം? മനുഷ്യൻ ദുഷ്ടനാണു്, മനുഷ്യൻ വികൃതനാണു്; തേനീച്ച ഒരു വിജയമാണു്, മനുഷ്യൻ ഒരു പരാജയവും. ആ ജന്തുവിനെ സംബന്ധിച്ചേടത്തോളം ഈശ്വരന്നു് ഒരബദ്ധം പിണഞ്ഞു. വൈരൂപ്യത്തെ നോക്കി തിരഞ്ഞെടുക്കാമെന്നത്രേ ഒരു ജനക്കൂട്ടം പറയുന്നതു്. ആദ്യം വന്നതു് ഒരു നികൃഷ്ടനാണു്. ഫെം (=സ്ത്രീ) എന്നതു് ഇൻഫേം (=നികൃഷ്ടം) എന്നതിനോടു ചേർത്താൽ അന്ത്യപ്രാസമുണ്ടു്. അതേ, എനിക്കു മനസ്സുഖമില്ല; അതോടുകൂടി ചിന്താശീലവും; പിന്നെ, കുടുംബത്തെക്കുറിച്ചുള്ള വിചാരം; പോരാത്തതിനു്, ആധിയും. എനിക്കു ശുണ്ഠിവരുന്നു; ദ്വേഷ്യം തോന്നുന്നു; കോട്ടുവായയിടാൻ തോന്നുന്നു. ഒരു രസവുമില്ല; എനിക്കു ചത്താൽമതി; ഞാനൊരു മന്തനാണു്. ഈശ്വരൻ ചെന്നു കഴുവേറട്ടെ!’

‘എന്നാൽ മിണ്ടാതിരിക്കൂ, ആനക്കള്ള.’ ബൊസ്വെ തുടർന്നു; അയാൾ ഇടയ്ക്കുവെച്ചു നിയമസംബന്ധിയായ ഒരു വാദം വാദിക്കയായിരുന്നു; കോടതിയെ സംബന്ധിച്ചുള്ള കന്നഭാഷയിൽ അയാൾ അരവരെ ആണ്ടിരുന്നു; അതിന്റെ അവസാന ഭാഗം ഇതാണു്: ‘എന്നെപ്പറ്റി പറകയാണെങ്കിൽ, ഞാൻ ഒട്ടും ഒരു നിയമജ്ഞനല്ലെങ്കിലും ഏറിയാൽ ഒരു ചില്ലറ വക്കീൽ മാത്രമാണെങ്കിലും, ഈയൊരു കാര്യം ഏറ്റു പറയാം: നോർമൻദിയിലെ പുരാതനാചാരപ്രകാരം സാങ്മികേൽ എന്ന ദിക്കിൽ ഒരു കൊല്ലത്തേക്കു, ജന്മിക്കുള്ള ആദായത്തിന്റെ ഒരു സമഭാഗം എല്ലാവരും, ഉടമസ്ഥന്മാരും പാരമ്പര്യവഴിക്കു കൈവശം വന്നവരും എല്ലാം, കൊടുക്കണമെന്നും, എല്ലാം പാട്ടം അനുഭവം കൈവശം പണയം ചൂണ്ടിപ്പണയം’

‘ആവലാതിയുള്ള വനദേവതമാരേ, ഏറ്റുപാടുവിൻ.’ ഗ്രന്തേർ മൂളി.

ഗ്രന്തേരുടെ അടുത്തു് ഏതാണ്ടു് നിശ്ശബ്ദമായിക്കിടക്കുന്ന ഒരു മേശയും ഒരു കടലാസ്സുചുരുളും രണ്ടു മദ്യഗ്ലാസ്സുകൾക്കിടയിലുള്ള ഒരു മഷിക്കുപ്പിയും തൂവലും കൂടി, ഒരു പരിഹാസനാടകം കുത്തിക്കുറിക്കേണ്ടതുണ്ടെന്നു സൂചിപ്പിച്ചിരുന്നു.

ഈ മഹത്തായ വിഷയത്തെപ്പറ്റി ഒരു താന്ന സ്വരത്തിൽ ആലോചന നടന്നു; അതിൽ പ്രവർത്തിച്ചിരുന്ന രണ്ടു തലയും ഇങ്ങനെ തമ്മിൽത്തൊട്ടു: ‘നമുക്കാദ്യം പേരുകൾ കണ്ടുപിടിക്കുക. പേരുകൾ കൈയിലായാൽ വിഷയം കിട്ടിക്കഴിഞ്ഞു’

‘അതു ശരിയാണു്. പറഞ്ഞോളൂ. ഞാനെഴുതാം.’

‘മൊസ്സ്യു ദൊരിമോങ്.’

‘ഒരു പ്രമാണി?’

‘തീർച്ചയായും.’

‘മകൾ, സെലെസ്താങ്.’

‘-താങ്. പിന്നെ?’

‘കേർണൽ സെങ് വാൽ.’

‘സെങ് വാൽ പഴകിപ്പോയി. ഞാൻ പറയുക വൽസെങ് എന്നാണു്.’

പരിഹാസനാടകമെഴുതാൻ കൊണ്ടുപിടിക്കുന്നവരുടെ അടുത്തുതന്നെ. അവിടെത്തെ ലഹളകൊണ്ടു പതുക്കെ സംസാരിക്കാൻ തഞ്ചം കണ്ടു മറ്റൊരു കൂട്ടർ, ഒരു ദ്വന്ദ്വയുദ്ധത്തെപ്പറ്റി ആലോചിച്ചിരുന്നു. മുപ്പതു വയസ്സുള്ള ഒരു കിഴവൻ ചങ്ങാതി പതിനെട്ടു വയസ്സുള്ള ഒരു ചെറുപ്പക്കാരനോടുപദേശിക്കുകയാണു്. എന്തൊരുതരം എതിരാളിയോടാണു് കൂട്ടിമുട്ടേണ്ടിയിരിക്കുന്നതെന്നു് അയാൾ മറ്റാൾക്കു പറഞ്ഞുകൊടുക്കുന്നു.

‘തേങ്ങ! നിങ്ങൾതന്നെ ആലോചിച്ചുനോക്കൂ. അയാൾ ഒരൊന്നാന്തരം വാൾപ്പയറ്റുകാരനാണു്. അയാളുടെ പണിക്കു വൃത്തിയുണ്ടു്. അയാൾക്കു ചുണയുണ്ടു് അനാവശ്യമായ ഓങ്ങലുകളില്ല, പിടുത്തത്തിനുറപ്പുണ്ടു്, തള്ളിച്ചയുണ്ടു്, വേഗമുണ്ടു്, ഒന്നാന്തരം അഭ്യാസമുണ്ടു്, കണിശത്തോടുകൂടിയ ചുവടുകളുണ്ടു്; ഇടവൻ കൈയാണു്.’

ഗ്രന്തേറുടെ എതിർഭാഗത്തെ മുക്കിൽ ഴൊലിയും ബയോരെലും കൂടിയിരുന്നു പേച്ചുകളി കളിക്കുകയാണു്; കൂട്ടത്തിൽ അവർ അനുരാഗത്തെപ്പറ്റി സംസാരിക്കുന്നുണ്ടു്.

‘നിങ്ങൾക്കു ഭാഗ്യമുണ്ടു്, ഉണ്ടു്,’ ഴൊലി പറയുകയാണു് ‘എപ്പോഴും ചിരിക്കുന്ന ഒരു പത്നി നിങ്ങൾക്കുണ്ടല്ലോ.’

‘അതവളുടെ ഒരു കുറ്റമാണു്.’ ബയോരെൽ മറുപടി പറഞ്ഞു. ‘ഒരു രഹസ്യക്കാരി ചിരിക്കുന്നതു തെറ്റാണു്. അപ്പോൾ അവളെ ചതിക്കാൻ തോന്നിക്കളയും അവളുടെ ആഹ്ലാദം നിങ്ങളുടെ പശ്ചാത്താപത്തെ നീക്കിക്കളയുന്നു; അവൾ വ്യസനിക്കുന്നതായിക്കണ്ടാൽ, മനസ്സാക്ഷി നിങ്ങളെ കുത്തിത്തുടങ്ങും.’

‘നന്ദികെട്ട മനുഷ്യ!; ചിരിക്കുന്ന ഒരു സ്ത്രീ എന്തു രസമുള്ളതാണ്! പിന്നെ, നിങ്ങൾ ശണ്ഠകൂടാറില്ല.’

‘അതു ഞങ്ങൾ ചെയ്തുവെച്ചിട്ടുള്ള ഒരുടമ്പടികൊണ്ടാണു്. ഞങ്ങളുടെ ചുരുങ്ങിയ സ്വയംവരം നടത്തുമ്പോൾ, ഓരോരുത്തരുടേയും അതിർത്തിവരമ്പു് ഇന്നിന്നതെന്നു ഞങ്ങൾ അന്യോന്യം തീർച്ചപ്പെടുത്തി; ആ അതിർത്തിയെ ഞങ്ങൾ ആക്രമിക്കാറില്ല, മഴക്കാലത്തിന്റെ ഭാഗത്തേക്കു ചേർന്നതൊക്കെ സ്ത്രീക്ക്; കാറ്റിന്റെ ഭാഗത്തേക്കുള്ളതൊക്കെ പുരുഷന്ന്. ഇതുകൊണ്ടാണു് സമാധാനം.’

‘സുഖം ദഹിച്ചു. ദേഹത്തിൽ പിടിക്കുന്നതാണു് സമാധാനം.’

‘അപ്പോൾ, നിങ്ങൾ ഴൊല്ലി നിങ്ങളും മാംസെലുമായുള്ള-ആളെ നിങ്ങൾക്കു മനസ്സിലായല്ലോ-കെട്ടിമറിച്ചൽ എവിടെ എത്തിയിരിക്കുന്നു?’

‘ഒരു ദയയില്ലാത്ത ക്ഷമയോടുകൂടി അവൾ എന്നെ കൊഞ്ഞനം കാട്ടുന്നു.’

‘എങ്കിലും ധൈര്യപൂർവം മനസ്സു പതംവരുത്തുന്ന ഒരു കാമുകനാണല്ലോ നിങ്ങൾ.’

‘കഷ്ടം!’

‘ഞാനാണു് നിങ്ങളുടെ സ്ഥാനത്തെങ്കിൽ, ഞാനവളെ ഇഷ്ടംപോലെ നടന്നു കൊള്ളാൻ വിടും.’

‘അതു പറയാൻ എളുപ്പമാണു്.’

‘ചെയ്യാനും. അവരുടെ പേർ മുസിക്കെത്ത എന്നല്ലേ?’

‘അതേ. ഹാ! എന്റെ സാധു ബയോരെൽ, അവൾ നല്ല പഠിപ്പും ഭംഗിയുമുള്ള കാലടികളും ചെറിയ കൈകളുമുള്ള ഒരന്തസ്സുകൂടിയ പെൺകുട്ടിയാണു്; അവൾ ചന്തത്തിൽ ഉടുപ്പിടും; വെളുത്ത, കവിൾക്കുഴികളോടും ഒരു ലക്ഷണം പറയുന്നവരുടെ കണ്ണുകളോടും കൂടിയ അവളെപ്പറ്റി വാസ്തവത്തിൽ എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു.’

‘എന്റെ പൊന്നുചങ്ങാതി, എന്നാൽ അവളെ സന്തോഷിപ്പിക്കാൻ നിങ്ങളും ഒരന്തസ്സുകാരനാവണം; കാൽമുട്ടുകളെക്കൊണ്ടു ഭ്രമിപ്പിക്കണം. സ്തൗബിന്റെ പീടികയിൽപ്പോയി കഞ്ഞിപ്പശകൂടിയ തുണികൊണ്ടുള്ള ഒരു കൂട്ടു കാലുറ വാങ്ങിക്കൂ. അതുകൊണ്ടു ഗുണമുണ്ടാകും.’

‘എന്തുവില വരും?’ ഗ്രന്തേർ ഉച്ചത്തിൽ ചോദിച്ചു.

മൂന്നാമത്തെ മൂലകവിതാസംബന്ധിയായ വാദപ്രതിവാദത്തിനു നീക്കിയിട്ടിരിക്കയാണു്. വിഗ്രഹാരാധകന്മാരുടെ ദേവതാകഥ ക്രിസ്ത്യാനികളുടെ ദേവതാകഥയുമായി മല്ലിടുന്നു. ഒലിംപസ്സിനെപ്പറ്റിയാണു് തർക്കം; അസാധാരണത്വത്തോടുള്ള വെറും പ്രതിപത്തികൊണ്ടുമാത്രം, ആ ഭാഗം പിടിച്ചിരുന്നതു ഴാങ് പ്രുവെറാണു്.

ഉറക്കത്തിൽ മാത്രമേ ഴാങ്പ്രുവെർ ഭീരുവായിരുന്നുള്ളു. ഒരിക്കൽ ക്ഷോഭിച്ചു കഴിഞ്ഞാൽ പിന്നെ ലഹളയായി, ഒരുതരം ആഹ്ലാദം അയാളുടെ ഉന്മേഷത്തെ ശക്തി പിടിപ്പിക്കും; പിന്നെ അയാൾ പൊട്ടിച്ചിരിയും കീർത്തനകവിതയും രണ്ടും കൂടിയായി.

‘നമുക്ക് ദേവന്മാരെ അവമാനിക്കാതിരിക്കുക. ദേവന്മാർ ഒരുസമയം പോയിക്കഴിഞ്ഞിട്ടില്ലായിരിക്കും. വ്യാഴദേവൻ മരിച്ചതായിട്ടു് എനിക്കു തോന്നുന്നില്ല. ദേവന്മാർ സ്വപ്നങ്ങളാണെന്നു നിങ്ങൾ പറയുന്നു. ശരി, ഇന്നുകാണുന്നവിധം. പ്രകൃതിയിൽകൂടിയും, ഈവക സ്വപ്നങ്ങൾ നീങ്ങിപ്പോയതിന്നുശേഷം പിന്നെയും, പണ്ടത്തെ വിഗ്രഹാരാധകന്മാരുടെ മഹത്തരമായ ദേവതാകഥകൾ മുഴുവനും നാം കണ്ടെത്തുന്നുണ്ടു്. ഒരു കോട്ടയുടെ മുഖാകൃതിയോടുകൂടി ഇന്നയോരൂ മല-ഉദാഹരണത്തിനു വിഞ്മാൽ-ഇപ്പോഴും എനിക്കു സിബെലിന്റെ [11] ശിരോലങ്കാരമായിത്തോന്നുന്നു; രാത്രിയിൽ പാൻ [12] ഇറങ്ങിവന്നു് അലരിവൃക്ഷത്തിന്റെ പൊള്ളത്തടിയിലേക്കു, ദ്വാരങ്ങളെയെല്ലാം കൈവിരലുകൾ കൊണ്ടു മാറി മാറി അടച്ചുകൊണ്ടു്, ഊതി നിറയ്ക്കുന്നില്ലെന്നു് എനിക്കാരും തെളിവു തന്നിട്ടില്ല. എന്നല്ല പിസു് വാക്കിലെ വെള്ളച്ചാട്ടത്തിന്റെ കാര്യത്തിൽ അയോവിനു [13] എന്തോ ഒരു കൈയുണ്ടെന്നാണു് എന്റെ എന്നതേയും വിശ്വാസം.’

ഒടുവിലത്തെ മുക്കിൽ രാഷ്ട്രീയവിഷയത്തെപ്പറ്റിയായിരുന്നു സംസാരം. നാട്ടുകാർക്കു കല്പിച്ചുകിട്ടിയ അവകാശപത്രത്തെ അവർ എടുത്തു ഞെക്കിക്കശക്കുകയാണു്. കൊംബ്ഫെർ അതിനെ പതുക്കെ പിന്താങ്ങുന്നുണ്ടു്. കർഫെരാക് ഉന്മേഷത്തോടുകൂടി അതിനെ ചീന്തിനോക്കുന്നു. ആ സുപ്രസിദ്ധമായ തുകെ അവകാശപത്രത്തിന്റെ ഒരു ഭാഗ്യംകെട്ട പ്രതി മേശപ്പുറത്തു കിടക്കുന്നു. കുർഫെരാക് അതു കടന്നെടുത്തു്, ആ കടലാസ്സുപായയുടെ കിരുകിരുക്കലോടു തന്റെ വാദമുഖങ്ങളെ കൂട്ടിക്കലർത്തിക്കൊണ്ടു്, അതിനെ ചുഴറ്റുന്നു.

‘ഒന്നാമതായി എനിക്കൊരു രാജാവും ആവശ്യമില്ല; ചെലവിനെപ്പറ്റിമാത്രം നോക്കിയിട്ടാണെങ്കിൽ, എനിക്കൊരാളും വേണ്ടാ, ഒരു രാജാവു് കണ്ടവരുടെ ഒരു ‘കാൽതിരുമ്മി’യാണു്. ധർമമായി രാജാക്കന്മാരെ കിട്ടില്ല. ഇതു കേട്ടോളു: രാജാക്കന്മാർക്കുള്ള പ്രിയം ഒന്നാംഫ്രാങ്ക്സ്വാവിന്റെ മരണകാലത്തു മുപ്പതിനായിരം ലിവർ പലിശയുള്ള ഒരു സംഖ്യയോളം എത്തിയിരിക്കുന്നു; പതിന്നാലാമൻ ലൂയിയുടെ മരണകാലത്തു് മാർക്കിനു് ഇരുപത്തെട്ടു ലിവർപ്രകാരം അതു് ഇരുനൂറ്ററുപതുകോടിയായി; അതു 1760-ൽ ദെമാർതെയുടെ [14] അഭിപ്രായത്തിൽ നാനൂറ്റമ്പതു കോടിയോളം വരും; ഇന്നത്തെ നിലയ്ക്ക് നോക്കിയാൽ ആയിരത്തിരുനൂറു കോടിക്കു സമം. രണ്ടാമതു-ഞാൻ കൊംബ്ഫെറെ മുഷിപ്പിക്കുകയല്ല-കല്പിച്ചു കിട്ടുന്ന ഒരവകാശപത്രം പരിഷ്കാരത്തിന്റെ ഒരു നിസ്സാരയുക്തി മാത്രമാണു്. സ്ഥിതിമാറ്റത്തെ കൂടാതെ കഴിപ്പാൻ വഴിക്കുള്ള ബുദ്ധിമുട്ടു കുറയ്ക്കാൻ, പരിഭ്രമത്തെ മന്ദിപ്പിക്കാൻ, നിയമാനുസാരികളായ കെട്ടുകഥകളെക്കൊണ്ടു രാജവാഴ്ചയിൽനിന്നു പ്രജാവാഴ്ചയിലേക്കു ജനങ്ങൾ അറിയാതെ കടന്നുകൂടുന്നതിനു തരപ്പെടുത്താൻ-എന്തു നികൃഷ്ടങ്ങളായ കാരണങ്ങളാണു് ഇതെല്ലാം! പാടില്ല! പാടില്ല! കള്ളപ്പുലർക്കാലംകൊണ്ടു നമുക്കു ആളുകൾക്കു വെളിച്ചമുണ്ടാക്കിക്കൊടുത്തുകൂടാ. നിങ്ങളുടെ നിയമാനുസാരിയായ കുണ്ടറയ്ക്കുള്ളിൽ മൂലതത്ത്വങ്ങളെല്ലാം ചുങ്ങുകയും വിയർക്കുകയും ചെയ്യുന്നു. രാജാവിൽനിന്നു പ്രജകൾക്കു പ്രമാണവിരുദ്ധമായ യാതൊന്നും ആവശ്യമില്ല; ഒരു രാജിയും ഉണ്ടായിക്കിട്ടേണ്ടാ; ഒരവകാശദാനവും വേണ്ടതില്ല. ഈവക അവകാശദാനങ്ങളിലെല്ലാം അവയെ തിരിച്ചെടുക്കാവുന്ന അധികാരവും കിടപ്പുണ്ടു്. തരുന്ന കൈയിന്റെ അടുത്തുതന്നെ തട്ടിപ്പറിക്കുന്ന കഴുനഖങ്ങളുമുണ്ടു്. നിങ്ങളുടെ അവകാശപത്രത്തെ ഞാൻ മുഖത്തു നോക്കി വലിച്ചെറിയുന്നു. ഒരവകാശപത്രം ഒരു പേമുഖമാണു്, അസത്യം അതിന്നുള്ളിൽ പറ്റിക്കൂടിനില്ക്കുന്നു. ഒരവകാശപത്രത്തെ സ്വീകരിക്കുന്ന ജനസമുദായം തന്റെ വാഴ്ചയൊഴിയുകയാണു് ചെയ്യുന്നതു്. പരിപൂർണമായിട്ടുള്ളപ്പൊഴേ നിയമം നിയമമാകുന്നുള്ളൂ. വേണ്ടാ! അവകാശപത്രമേ വേണ്ടാ!’

മഴക്കാലമായിരുന്നു. അടുപ്പിൽക്കിടന്നു ചില വിറകിൻകഷ്ണങ്ങൾ കിരുകിരുക്കുന്നുണ്ടു്, അതൊരു രസം തോന്നിച്ചു; ഇങ്ങനെ ചെയ്യാതിരിക്കാൻ കുർഫെരാക്കിനെക്കൊണ്ടു കഴിഞ്ഞില്ല. ആ പാവമായ അവകാശപത്രത്തെ അയാൾ കൈയിലിട്ടു ചുരുട്ടിത്തിരുമ്മി തിയ്യിലേക്ക് ഒരേറു കൊടുത്തു. കടലാസു് ആളിക്കത്തി. പതിനെട്ടാമൻ ലൂയിയുടെ ആ പ്രധാനകൃതി കത്തിയെരിയുന്നതിനെ കുർഫെരാക് ഒരു തത്ത്വജ്ഞാനിയുടെ മട്ടിൽ നോക്കിക്കണ്ടു; ഇങ്ങനെ പറഞ്ഞ് അയാൾ തൃപ്തിപ്പെട്ടു:

‘അവകാശപത്രം തീജ്വാലയായി വേഷം മാറി.’

പരിഹാസവാക്കുകൾ, അസംബന്ധങ്ങൾ, നേരംപോക്കുകൾ, നല്ലതും ചീത്തയുമായ മനോവൃത്തികൾ, കൊള്ളാവുന്നതും കൊള്ളരുതാത്തതുമായ ആലോചനകൾ-സംഭാഷണത്തിന്റെ ഈവക കരിമരുന്നുപ്രയോഗങ്ങളെല്ലാം ആ മുറിയുടെ എല്ലാ ഭാഗത്തുനിന്നും പൊന്തിപ്പുറപ്പെട്ടു്, തമ്മിൽ കൂടിക്കലർന്നു്, അവരുടെ തലയ്ക്കുമീതെ ഒരുതരം ആഹ്ലാദകരമായ പീരങ്കിവെടിയുണ്ടാക്കി.

കുറിപ്പുകൾ

[1] റോമൻ ചക്രവർത്തി ‘റോമിലുള്ളവർക്കെല്ലാംകൂടി ഒരു തലയായിരുന്നുവെങ്കിൽ എത്ര നന്നു് എനിക്കതു ചെത്തിക്കളയാമല്ലോ’ എന്നു പറഞ്ഞുവെന്നു പ്രസിദ്ധിയുള്ളാൾ.

[2] റോമിലെ സീസർ ചക്രവർത്തിയെ ബ്രൂട്ടസു് എന്നയാൾ കൊലപ്പെടുത്തി.

[3] ഫ്രാൻസിനറെ സ്ഥാപകനെന്നു പറയപ്പെടുന്ന രാജാവ്.

[4] അതെൻസിലെ ഒരു പ്രസിദ്ധസേനാപതി, വലിയ സ്വരാജ്യസ്നേഹി.

[5] ഫ്രാൻസിലെ ഒരു പ്രസിദ്ധ യുദ്ധഭടൻ; ഒരു കൂട്ടക്കൊലയിൽവെച്ചു കൊല്ലപ്പെട്ടു.

[6] അത്ര പ്രസിദ്ധനല്ല.

[7] അതെൻസുകാരൻ ഒരു രാജ്യദ്രോഹി, രാജ്യതന്ത്രജ്ഞനും കലാകുശലനും.

[8] ഒരു പഴയ യവനകവിയും നിരൂപകനും.

[9] ബുദ്ധന്റെ ജീവൻ നിലനിന്നുവരുന്നതായി വിശ്വസിക്കപ്പെടുന്ന ബുദ്ധമത സന്ന്യാസി.

[10] ഈജിപ്തു് പിടിച്ചടക്കിയ പേർഷ്യൻ രാജാവ്.

[11] ദേവന്മാരുടെ അമ്മ.

[12] ആട്ടിടയന്മാരുടെ അധിദേവത.

[13] ജുപിറ്റർക്ക് ഇഷ്ടമുണ്ടെന്നു് കണ്ടതുകൊണ്ടു ഭാര്യ ഒരു പശുക്കുട്ടിയാക്കി വിട്ട സുന്ദരി.

[14] കൊർസിക്ക പിടിച്ചെടുത്ത ഒരു ഫ്രഞ്ച് സേനാപതി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.