images/hugo-23.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.1.3
ലൂയി ഫിലിപ്പ്

ഭരണപരിവർത്തനങ്ങൾക്ക് ഒരു ഭയങ്കരമായ കൈയും ഒരു ഭാഗ്യമേറിയ കൈപ്പടവുമുണ്ട്; അവ ശക്തിയോടുകൂടി തല്ലുകയും ശരിയായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അപൂർണ്ണങ്ങളാണെങ്കിലും, 1830-ലെ വിപ്ലവംപോലെ നികൃഷ്ടവും അധിക്ഷിപ്തവും ഒരു ചില്ലറ ഭരണപരിവർത്തനം എന്ന നിലയിലോളം ഇടുങ്ങിയതുമായിരുന്നാൽക്കൂടിയും, അബദ്ധത്തിൽ ചെന്നുചാടാതെ കഴിയാൻമാത്രം വേണ്ട ഒരനുഗൃഹീതമായ തന്റേടത്തെ അവ വിടുന്നില്ല. അവയുടെ മറയൽ ഒരിക്കലും ഒരു സ്ഥാനത്യാഗമല്ല.

എങ്കിലും, നമുക്കു വേണ്ടതിലധികം ഉച്ചത്തിൽ മേനി പറയാതിരിക്കുക; ഭരണപരിവർത്തനങ്ങൾക്കും ചതി പറ്റിപ്പോവാം; ഗൗരവമേറിയ അബദ്ധങ്ങൾ വന്നു കണ്ടിട്ടുണ്ട്.

ഞങ്ങൾ 1830-ലേക്കു മടങ്ങിച്ചെല്ലട്ടെ. വഴിതെറ്റലിലും 1830-നു ഭാഗ്യമുണ്ട്. ഭരണ പരിവർത്തനം ഇടയ്ക്കുവെച്ചു നിർത്തപ്പെട്ടതിനുശേഷം, സമാധാനരക്ഷ എന്നു സ്വയം സ്ഥാനപ്പേരിട്ടുകൊണ്ടുണ്ടായ വ്യവസ്ഥാപനത്തിലെ രാജാവിൽ രാജത്വം മാത്രമല്ല ഉണ്ടായിരുന്നുള്ളു. ലൂയി ഫിലിപ്പ് ഒരസാധാരണ മനുഷ്യനായിരുന്നില്ല.

ചരിത്രം ചില വിലക്കുറവുകളെല്ലാം കല്പിച്ചുകൊടുക്കുന്ന ഒരച്ഛന്റെ മകൻ, എന്നാൽ അച്ഛൻ എത്രകണ്ടു നിന്ദയ്ക്കർഹനാണോ മകൻ അത്രകണ്ടും ബഹു മതിക്കർഹൻ,; കുടുംബജീവിതത്തിനുവേണ്ട പല ഗുണങ്ങളുമുള്ളാൾ; തന്റെ ആരോഗ്യത്തിലും, തന്റെ യോഗക്ഷേമത്തിലും, തന്റെ ദേഹസ്ഥിതിയിലും, തന്റെ കാര്യങ്ങളിലും ശ്രദ്ധാലു; ഒരു നിമിഷത്തിന്റെ വിലയറിയുന്നവനും ഒരു വർഷത്തിന്റെ വില എപ്പോഴും അറിഞ്ഞു എന്നുവരാത്തവനും; തന്റേടവും ഗൗരവവും ശാന്തതയും ക്ഷമയുമുള്ളാൾ; ഒരു കൊള്ളാവുന്ന മനുഷ്യനും, ഒരു കൊള്ളാവുന്ന രാജാവും; ഭാര്യയോടുകൂടി കിടന്നുറങ്ങുകയും സഭാര്യനായ തന്റെ കിടപ്പുമുറിയെ നാടുവാഴികൾക്കു കാണിച്ചുകൊടുക്കാൻ ചുമതലപ്പെട്ട ഭൃത്യന്മാരെ കൊട്ടാരത്തിൽ നിയമിക്കുകയും ചെയ്തിട്ടുള്ളാൾ—പൂർവ്വികരുടെ പണ്ടത്തെ അന്യായപ്രകടനങ്ങൾ നോക്കുമ്പോൾ പ്രയോജനകരമായ ഒരു ധാടി; യൂറോപ്പിലെ എല്ലാ ഭാഷകളും അറിയുന്നാൾ; എന്നല്ല, കുറെക്കൂടി അപൂർവം, എല്ലാ ആവശ്യങ്ങൾക്കുമുള്ള ഭാഷകൾ ധരിക്കുകയും അവയിലെല്ലാം സംസാരിക്കുകയും ചെയ്യാൻ കഴിവുള്ള ഒരാൾ; ‘ഇടത്തരക്കാരുടെ ഒരഭിനന്ദനീയ പ്രതിനിധി; പക്ഷേ, ആ നിലയിൽനിന്നു കടന്നവനും അവരിൽനിന്നെല്ലാം ഉയർന്നവനും; നല്ല തന്റേടമുള്ളാൾ; തന്റെ വംശോൽകൃഷ്ടത മനസ്സിലാക്കി തന്റെ ആന്തരഗുണത്തെത്തന്നെ സർവ്വോപരി ഗണിക്കുന്ന ഒരാൾ; സ്വന്തവംശത്തെപ്പറ്റിയാണെങ്കിൽ, താൻ ഓർലിയാങ് വംശക്കാരനെന്നല്ലാതെ ബൂർബൊണങ് വംശക്കാരനെന്ന് ഒരിക്കലും പറയാത്ത ആൾ; ഒരു ‘തിരുമേനി’മാത്രമായിരുന്ന കാലത്ത് ഒരൊന്നാന്തരം കുലീനരാജാവും, രാജപട്ടമെടുത്തതുമുതല്ക്ക് ഒരു നല്ല നാടുവാഴിയും; പൊതുജനകാര്യങ്ങളിലെല്ലാം വിസ്തരവും സ്വന്തം കാര്യങ്ങളിലെല്ലാം സംക്ഷേപവും പൂണ്ട ആൾ; പ്രസിദ്ധി അങ്ങനെയാണെങ്കിൽ, പിശുക്കനെന്നു തെളിഞ്ഞിട്ടില്ലാത്താൾ; വകഞ്ഞുനോക്കുമ്പോൾ, സ്വന്തം ആവശ്യമോ ചുമതലയോ അനുസരിച്ചു ക്ഷണത്തിൽ ധാരാളിയായിത്തീരുന്ന അത്തരം ചെലവുകണിശക്കാരിൽ ഒരാൾ; പണ്ഡിതൻ, എന്നാൽ പാണ്ഡിത്യത്തിൽ ഭ്രമമില്ലാത്താൾ; ഒരു മാന്യൻ, എന്നാൽ ഒരു യോഗ്യൻ എന്നില്ല; ശുദ്ധൻ, ശാന്തൻ, കുടുംബത്താലും കൂടെക്കഴിയുന്നവരാലും പൂജിക്കപ്പെടുന്നവൻ; മയക്കിക്കളയുന്ന ഒരുവാഗ്മി; ആന്തരമായി ഉറപ്പോടുകൂടി, തൽക്കാലത്തെ ആവശ്യത്തിൽ ആണ്ടുകൊണ്ട്, അടുത്തെത്തിയാൽ എന്തിനേയും എപ്പോഴും വശപ്പെടുത്തിക്കൊണ്ട്, പകയ്ക്കും നന്ദിക്കും കീഴടങ്ങാതെ, പ്രമാണിത്തത്തെ സാധുത്വത്തിന്മേൽ ദയയില്ലാതെ പ്രയോഗിച്ചുകൊണ്ട്, ജീവനില്ലാതെ സിംഹാസനത്തിനു ചുവട്ടിൽ കിടന്നു പിറുപിറുക്കുന്ന ആ നിഗൂഢൈകമത്യങ്ങളെ വിഡ്ഡിത്ത്വത്തിൽ ചാടിക്കാൻവേണ്ടി ഭരണാധികാരിസഭയിലെ ഭൂരിപക്ഷത്തെ കൈവശപ്പെടുത്താൻ സമർത്ഥനായി, ആരാലും വഞ്ചിക്കപ്പെടാത്ത ഒരു രാജ്യഭരണതന്ത്രജ്ഞൻ; ഉള്ളിൽ കലവറയില്ലാതെ ആ കലവറക്കുറവുകൊണ്ട് വകതിരിവുകേടുതന്നെ പറ്റിപ്പോകുമെങ്കിലും ആ വകതിരിവുകേടിൽപ്പോലും അത്ഭുതകരമായ സാമർത്ഥ്യമുള്ള ഒരാൾ; ഉപായങ്ങൾ, കള്ളമട്ടുകൾ, ഭാവമാറ്റങ്ങൾ, ധാരാളം തോന്നുന്നാൾ; ഫ്രാൻസിനെക്കൊണ്ട് യൂറോപ്പിനേയും യൂറോപ്പിനെക്കൊണ്ടു പ്രാൻസിനേയും പേടിപ്പിച്ചാൾ; സ്വരാജ്യത്തെ നിസ്തർക്കമായി സ്നേഹിച്ചിരുന്നുവെങ്കിലും, കുടുംബത്തിന്റെ മേൽ അതിലധികം പ്രതിപത്തിയുണ്ടായിരുന്നാൾ; അധികാരത്തെക്കാളധികം ആജ്ഞാശക്തിയും അന്തസ്സിലധികം അധികാരവും കാണിച്ചിരുന്നാൾ—ഈ ശീലത്തിന് ഇങ്ങനെയൊരു ഗ്രഹപ്പിഴപിടിച്ച വിശേഷതയുണ്ട്; എല്ലാം വിജയത്തിൽ കലാശിപ്പിക്കുന്നതോടുകൂടി വഞ്ചനയെ അതു സമ്മതിക്കുകയും നീചത്വത്തെ തീരെ കളയാതിരിക്കയും ചെയ്യുന്നു; എന്നാൽ ഈ വിലപിടിച്ച ഭാഗവും അതിലുണ്ട്; രാജ്യഭരണതന്ത്രത്തെ വലിയ ക്ഷോഭങ്ങളിൽനിന്നും രാജ്യത്തെ ഉടവുകളിൽനിന്നും സമുദായത്തെ കഷ്ടപ്പാടു കളിൽനിന്നും അതു കാക്കുന്നു; സൂക്ഷ്മതയോടും ഔചിത്യത്തോടും ശുഷ്കാന്തിയോടും സാമർത്ഥ്യത്തോടും അക്ഷീണതയോടുംകൂടിയ ആൾ; ചിലപ്പോൾ തന്നോടുതന്നെ തർക്കിച്ചു തന്നത്താൻ നുണയനാക്കുന്ന ഒരാൾ; ആൻകോണയിൽവെച്ച് ആസ്ത്രീയയുടെ മുൻപിൽ അതിധീരനും, സ്പെയിനിൽവെച്ച് ഇംഗ്ലണ്ടിന്റെ മുമ്പിൽ ദുശ്ലാഢ്യക്കാരനും; ആന്റ്വേർപ്പ് വളയുകയും പ്രിപ്പേർഡ് വിട്ടുകൊടുക്കുകയും ചെയ്ത ആൾ; ഉള്ളിൽക്കൊണ്ട് ഉത്തമരാഷ്ട്രീയഗാനം പാടുന്നാൾ; നിരാശതയ്ക്കും, അലസതതയ്ക്കും, കൗതുകകരവും ആദർശപരവുമായതിനോടുള്ള വാസനയ്ക്കും, ധീരോദാത്തമായ ഉദാരതയ്ക്കും, മനോരാജ്യസ്വർഗ്ഗത്തിനും, മിത്ഥ്യാഭ്രമങ്ങൾക്കും, ദേഷ്യത്തിനും, ഡംഭിനും, ഭയത്തിനും അപ്രാപ്യൻ; നിർഭയത്വത്തിന്റെ എല്ലാ രൂപഭേദങ്ങളും കൈവശമുള്ളാൾ; വാൽമിയിൽ [1] ഒരു സേനാപതി, ഴെമെയ്പ്പിൽ [2] ഒരു ഭടൻ; രാജഹന്താക്കളാൽ എട്ടു തവണ ആക്രമിക്കപ്പെട്ടവൻ; ആ എട്ടുതവണയും സ്മേരമുഖൻ; ഒരു പടയാളിയെപ്പോലെ ഉശിരനും ഒരു തത്ത്വജ്ഞാനിയെപ്പോലെ ധീരനും; യൂറോപ്പു മുഴുവനുംകൂടി കുലുങ്ങുന്ന ഘട്ടങ്ങളിൽ മാത്രം അസ്വസ്ഥനും മഹത്തരങ്ങളായ രാഷ്ട്രീയപരാക്രമങ്ങൾക്ക് അനർഹനും; തന്റെ ജീവനെ അപകടത്തിലാക്കാൻ എപ്പോഴും സന്നദ്ധൻ, എന്നാൽ തന്റെ പ്രവൃത്തിയെ അപകടത്തിലാക്കാൻ തീരെ അസന്നദ്ധൻ; ഒരു രാജാവെന്നതിലധികം ഒരു ബുദ്ധിമാൻ എന്ന നിലയിൽ അനുസരിക്കപ്പെടാൻവേണ്ടി അധികാരശക്തിക്കിടയിൽ തന്റെ ഇച്ഛയെ ഒളിപ്പിച്ചുവെച്ചിരിക്കുന്നാൾ; ദൈവജ്ഞതകൊണ്ടല്ല ലോകനിരീക്ഷണശക്തികൊണ്ട് അനുഗൃഹീതൻ; അധികം ഹൃദയത്തിലേക്കു ശ്രദ്ധിച്ചുനോക്കാതെയാണെങ്കിലും മനുഷ്യരെ മനസ്സിലാക്കുന്ന— അതായത്, കണ്ടതുകൊണ്ട് ആളെ അറിയുന്ന—ഒരാൾ; സമയോചിതവും സർവവ്യാപകവുമായ തന്റേടത്തോടും പ്രായോഗികമായ വിജ്ഞാനത്തോടും നിഷ്പ്രയാസമായ വാഗ്ധാടിയോടും മഹത്തായ ഓർമ്മശക്തിയോടും കൂടിയ മനുഷ്യൻ; ഈ ഓർമ്മയ്ക്കുള്ളിൽ സീസർ, അലെക്സാണ്ടർ, നെപ്പോളിയൻ എന്നിവരുമായി തനിക്കുള്ള സാദൃശ്യംമാത്രം ഇടവിടാതെ വരച്ചു നോക്കിക്കൊണ്ടുള്ളാൾ; പ്രവൃത്തികളും വാസ്തവാവസ്ഥകളും സൂക്ഷ്മവിവരങ്ങളും തിയതികളും പേരുകളും അറിഞ്ഞുകൊണ്ടു, മനോഗതികളും വികാരാവേഗങ്ങളും ജനക്കൂട്ടത്തിന്റെ വിഭിന്ന ബുദ്ധികളും ആന്തരങ്ങളായ ആഗ്രഹങ്ങളും ആത്മാക്കളുടെ നിഗൂഢങ്ങളും അവ്യക്തങ്ങളുമായ മത്സരങ്ങളും, ചുരുക്കിപ്പറഞ്ഞാൽ, അന്തഃകരണങ്ങളുടെ അദൃശ്യങ്ങളായ ഗതിതരംഗങ്ങളെന്ന് പറയപ്പെടാവുന്നവയിൽ യാതൊന്നും അറിഞ്ഞുകൂടാത്ത ആൾ; മുകൾഭാഗത്താൽ സമ്മതൻ, പക്ഷേ, ചുവട്ടിലെ ഫ്രാൻസുമായി തീരെ യോചിക്കാത്ത ആൾ; വിവേകത്തിന്റെ ബലംകൊണ്ട് അപകടങ്ങളിൽനിന്നും ജയിച്ചുപോരുന്നവൻ; അത്യധികം, എന്നാൽ വേണ്ടിടത്തോളമാവാത്ത, ഭരണശീലത്തോടുകൂടിയവൻ; അവനവന്റെതന്നെ പ്രധാനമന്ത്രി; വാസ്തവാവസ്ഥകളുടെ നിസ്സാരതയിൽനിന്നും ആലോചനകളുടെ അപാരതയ്ക്കു മുൻപിൽ ഒരു വിഘ്നം ഉണ്ടാക്കുവാൻ മിടുക്കൻ; പരിഷ്കാരത്തേയും സമാധാനരക്ഷയേയും സംഘശക്തിയേയും സൃഷ്ടിക്കുവാനുള്ള ഒരു യഥാർത്ഥ ത്രാണിയെ കാര്യങ്ങളും കള്ളത്തരങ്ങളും കൊണ്ടുനടക്കുവാനുള്ള ഒര നിർവാച്യധൈര്യത്തോടു കൂട്ടിയിണക്കുന്നാൾ; ഒരു രാജവംശത്തിന്റെ സ്ഥാപകനും അതിന്റെ വക്കീലും; ഷാർൽമാൻ ചക്രവർത്തിയുടെ ചില ഭാഗവും ഒരു വക്കീലിന്റെ ചില ഭാഗവും കൂടിക്കലർന്നിട്ടുള്ളാൾ; ചുരുക്കിപ്പറഞ്ഞാൽ, തികച്ചും പൊന്തിനില്ക്കുന്ന ഒരപൂർവ്വ പുരുഷൻ; ഫ്രാൻസിന്റെ അസ്വാസ്ഥ്യമിരുന്നാലും അധികാരബലത്തേയും യൂറോപ്പിന്റെ അസൂയയിലിരുന്നാലും ഭരണശക്തിയേയും ഉണ്ടാക്കിത്തീർക്കേണ്ടതെങ്ങനെ എന്നറിയുന്ന ഒരു രാജാവ്. പ്രശസ്തിയെ കുറച്ചെങ്കിലും ഇഷ്ടപ്പെടുകയും പ്രയോജനകരമായതിനോടുള്ളപോലെ മഹത്തരമായതിനോടു പ്രതിപത്തിയുണ്ടായിരിക്കയും ചെയ്തുവെങ്കിൽ, ലൂയി ഫിലിപ്പ് തന്റെ ശതാബ്ദത്തിലെ പ്രമുഖരുടെ ഇടയിൽ ഒരാളായി എണ്ണപ്പെടുകയും ചരിത്രത്തിലെ ഏറ്റവും ബഹുമാന്യന്മാരായ ഭരണകർത്താക്കന്മാരുടെ ഇടയിൽ തന്റെ പേർ ചേർക്കുകയും ചെയ്തേനേ.

ലൂയി ഫിലിപ്പ് സുന്ദരനായിരുന്നു; വാർദ്ധക്യത്തിലും അദ്ദേഹം ആ അന്തസ്സുവിട്ടില്ല. രാജ്യത്താൽ എപ്പോഴും അഭിനന്ദിതനായിരുന്നില്ലെങ്കിലും, പൊതുജനങ്ങൾ അദ്ദേഹത്തെ എപ്പോഴും സ്നേഹിച്ചുപോന്നു; അദ്ദേഹം സന്തോഷിപ്പിച്ചിരുന്നു. ആളുകളെ വശത്താക്കാനുള്ള ഒരു സാമർത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനു പ്രതാപമില്ല; രാജാവാണെങ്കിലും അദ്ദേഹം കിരീടം ധരിച്ചിരുന്നില്ല; വൃദ്ധനാണെങ്കിലും വെളുത്ത തലമുടിയുള്ളാളല്ല; അദ്ദേഹത്തിന്റെ സമ്പ്രദായങ്ങൾ പഴയ കാലത്തേക്കു ചേർന്നവയായിരുന്നു; നടപടികൾ പുതിയ കാലത്തേക്കും. 1830-ലേക്കു പറ്റിയവിധം പ്രഭുവും നാടുവാഴിയും കൂടിച്ചേർന്നത്. അവസ്ഥാന്തരം നാടുവാഴുക എന്നതായിരുന്നു ലൂയി ഫിലിപ്പ്, പണ്ടത്തെ ഉച്ചാരണവും പണ്ടത്തെ അക്ഷരശുദ്ധിയും അദ്ദേഹം സൂക്ഷിച്ചുപോന്നു; രണ്ടും അദ്ദേഹം നൂതനാഭിപ്രായങ്ങളുടെ ചൊല്പടിയിൽ നിർത്തി. പത്താം ഷാർലിനെപ്പോലെ അദ്ദേഹം രാഷ്ട്രീയരക്ഷിഭടന്റെ ഉടുപ്പും നെപ്പോളിയനെപ്പോലെ ബഹുമതിചിഹ്നമായ പട്ടുനാടക്കെട്ടും ധരിച്ചിരുന്നു.

അദ്ദേഹം അല്പാല്പമൊക്കെ പള്ളിയിൽ പോവും; നായാട്ടിനു പോവുകയുണ്ടായിട്ടില്ല; സംഗീതനാടകശാലയിലേക്ക് ഒരിക്കലുമില്ല. പള്ളിക്കാവല്ക്കാരെക്കൊണ്ടും നായാട്ടുമുപ്പന്മാരെക്കൊണ്ടും ആട്ടക്കാരികളെക്കൊണ്ടും അദ്ദേഹം ചീത്തപ്പെട്ടിട്ടില്ല; പ്രമാണികൾക്കിടയിൽ അദ്ദേഹത്തെപ്പറ്റി ഒരു സമ്മതം വീണതിൽ ഒരു ഭാഗം ഇതുകാരണമാണ്. അദ്ദേഹത്തിനു ഹൃദയമില്ലായിരുന്നു. കക്ഷത്തിൽ കുടയുമായി അദ്ദേഹം പുറത്തേക്കിറങ്ങും; ഈ കുട അദ്ദേഹത്തിന്റെ തേജഃ പരിധിയുടെ ഒരു ഭാഗമായി. അദ്ദേഹത്തിനു കുറച്ചാശാരിപ്പണിയറിയാം; കുറച്ചു തോട്ടക്കാരന്റെ പണിയറിയാം; ഏതാണ്ടൊക്കെ വൈദ്യവും; കുതിരപ്പുറത്തു നിന്നുരുണ്ടുവീണ ഒരു വണ്ടിക്കാരന്ന് അദ്ദേഹം മുറികെട്ടി; നാലാമൻ ആങ്തന്റെ കട്ടാരം കൂടാതെ എത്രകണ്ടു പുറത്തിറങ്ങിയിട്ടുണ്ടോ, അതിലും കുറച്ചേ ലൂയി ഫിലിപ്പ് തന്റെ ശസ്ത്രമെടുക്കാതെ പുറത്തിറങ്ങുകയുണ്ടായിട്ടുള്ളൂ. രാജകക്ഷിക്കാർ ഈ കൊള്ളരുതാത്ത രാജാവിനെ, മുറി ഭേദപ്പെടുത്തുവാൻവേണ്ടി ചോര വരുത്തിയിരുന്ന ഈ ഒന്നാമത്തെ രാജാവിനെ, കളിയാക്കി.

ലൂയി ഫിലിപ്പിനെപ്പറ്റിയുള്ള ആവലാതികളെസ്സംബന്ധിച്ചേടത്തോളം, ഒന്നു കുറയ്ക്കേണ്ടാതായിട്ടുണ്ട്, രാജത്വത്തെ കുറ്റപ്പെടുത്തുന്നതെന്തുകൊണ്ടോ അത്, രാജവാഴ്ചയെ കുറ്റപ്പെടുത്തുന്നതെന്തുകൊണ്ടോ അത്, രാജാവിനെ കുറ്റപ്പെടുത്തുന്നതുകൊണ്ടോ അതു വെവ്വേറെ തുക കൊടുക്കുന്ന മൂന്നു വരികൾ. പൊതുജനാവകാശങ്ങളെ പിടിച്ചടക്കുക, അഭിവൃദ്ധി ഒരപ്രധാനകാര്യമാക്കിത്തീർക്കുക, തെരുവീഥിയിൽനിന്നുള്ള എതിരഭിപ്രായത്തെ ബലാൽക്കാരേണ പിടിച്ചുനിർത്തുക. ലഹളക്കാരെ പട്ടാളത്തെക്കൊണ്ടു വെടിവെപ്പിക്കുക, ആക്രമണത്തെ ആയുധപ്രയോഗംകൊണ്ട് ഇല്ലാതാക്കുക, യുദ്ധകാര്യാലോചനസഭ കൂട്ടുക, വാസ്തവത്തിലുള്ള രാജ്യത്തെ നിയമസംബന്ധിയായ രാജ്യത്തെക്കൊണ്ടു വിഴുങ്ങിക്കുക—ഇതൊക്കെയാണ് രാജത്വത്തിന്റെ പ്രവൃത്തികൾ. ബെൽജിയത്തിന്റെ അവകാശത്തെ നിരസിക്കുക, അത്യധികം നിഷ്ഠുരതയോടുകൂടിയും ഇന്ത്യയിൽ ഇംഗ്ലണ്ടു കാണിക്കുന്നപോലെ, പരിഷ്കൃതമട്ടിനെക്കാളധികം കാടമട്ടോടുകൂടിയും ആൽജീറിയാ [3] രാജ്യം കീഴടക്കുക. അബ്ദുൽകാതരോടു [4] വിശ്വാസപാതകം പ്രവർത്തിക്കുക—ഇതൊക്കെ രാജവാഴ്ചയുടെ വിദ്യകളാണ്; രാജസംബന്ധിയാവുന്നതിലധികം, കൂടുംബസംബന്ധിയായ ഭരണനയം രാജാവു പറ്റിക്കുന്നതാണ്.

നോക്കിയാൽ കാണാവുന്നവിധം, വേണ്ടിടത്തോളം കുറവുചെയ്തു വരുമ്പോൾ, രാജാവിനുള്ള കുറ്റം കുറച്ചേ ഉള്ളൂ.

ഇതാണ് ലൂയി ഫിലിപ്പിന്റെ വലിയ കുറ്റം: ഫ്രാൻസിന്റെ പേർ പറഞ്ഞ അദ്ദേഹം ഒതുങ്ങിനിന്നു.

ഈ കുറ്റം എവിടെനിന്നുണ്ടായി?

ഞങ്ങൾ പറയാം.

വേണ്ടതിലധികം പിതൃവാത്സല്യത്തോടുകൂടിയ ഒരു രാജാവായിരുന്നു ലൂയിഫിലിപ്പ്; ഒരു രാജവംശം സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള ഒരു കുടുംബം ‘വിരിപ്പിക്കൽ’ സർവ്വത്തേയുംപറ്റി ശങ്കിക്കുന്നു; ഒരു ലേശമെങ്കിലും സ്വാസ്ഥ്യഭംഗം അതിന്നിഷ്ടമല്ല; അതിൽനിന്ന് അതിയായ ഭീരുത്വമുണ്ടാകുന്നു; രാജ്യഭരണ സംബന്ധിയായ പഴങ്കഥയിൽ ജൂലായ് 14-ാംനുയും യുദ്ധസംബന്ധിയായ ഇതിഹാസത്തിൽ ഓസ്തെർലിത്സും തനതായിട്ടുള്ള രാജ്യക്കാർക്ക് ഇതു രസിക്കുകയില്ല.

എന്നല്ല, ഒന്നാമതായി നിറവേറ്റേണ്ടുന്ന പൊതുകാര്യങ്ങളെ കിഴിച്ചാൽ, ലൂയിഫിലിപ്പിനു തന്റെ കുടുംബത്തോടുണ്ടായിരുന്ന ഹൃദയപുർവ്വമായ വാത്സല്യം ആ കുടുംബം അർഹിച്ചിരുന്നുതാനും. ആ കുടുംബം അഭിനന്ദിക്കത്തക്കതായിരുന്നു. സാമർത്ഥ്യത്തോടു മുട്ടിയുരുമ്മിക്കൊണ്ടുതന്നെ സൗശീല്യം അതിൽ താമസിച്ചുപോന്നു. ഷാർൽദോർലീയാണ് തന്റെ വംശത്തെ കവികളുടെ ഇടയിൽ പെടുത്തിയതുപോലെ, ലൂയി ഫിലിപ്പിന്റെ ഒരു മകൾ തന്റെ വംശത്തെ കലാനിപുണവർഗ്ഗത്തിലേക്ക് ഉയർത്തിവെച്ചു. ആ മാന്യ തന്റെ ആത്മാവിനെക്കൊണ്ട് ഒരു വെണ്ണക്കല്ലു കൊത്തിയുണ്ടാക്കി; അതിനു ഴാന്ന്ദാർക്ക് എന്നു പേരിട്ടു. ലൂയി ഫിലിപ്പിന്റെ രണ്ടു പെൺമക്കൾ മെതെർനിക്കിൽനിന്ന് ഈ സ്തുതി പുറപ്പെടുവിച്ചു: ‘കണ്ടെത്താൻ ഞെരുക്കമുള്ള രണ്ടു യുവതികളാണവർ,; ഒരിക്കലും കണ്ടെത്താൻ കഴിയാത്ത രണ്ടു രാജകുമാരിമാർ.’

യാതൊരു കളവും കൂടാതെയും യാതൊരതിശയോക്തിയുമില്ലാതെയുമുള്ള ലൂയി ഫിലിപ്പിന്റെ ഒരു വിവരണമാണിത്.

സമത്വരാജാവായിരിക്കുക, രാജവാഴ്ചയുടേയും ഭരണപരിവർത്തനത്തിന്റേയും പരസ്പരവിരുദ്ധതയെ ആത്മാവിൽ കൊണ്ടുനടക്കുക, ഭരണാധികാരിയിലാവുമ്പോൾ വിശ്വാസജനകമായിച്ചമയുന്ന ഭരണപരിവർത്തകനിലെ ആ അസ്ധാസ്ഥ്യകരത്വഭാഗം ഉണ്ടായിരിക്കുക - ഇതിലാണ് ലൂയി ഫിലിപ്പിന്റെ 1830-ലെ ഭാഗ്യം കിടക്കുന്നത്; ഒരു സംഭവത്തോട് ഇതിലധികം ഒരു മനുഷ്യൻ യോജിക്കുക എന്നതുണ്ടായിട്ടില്ല; ഒന്നു മറ്റൊന്നിലേക്കു കടന്നു, ഒരവതാരമായി. ലൂയി ഫിലിപ്പ് 1830-ന്റെ മനുഷ്യാവതാരമാണ്. എന്നല്ല, സിംഹാസനത്തിലേക്കുള്ള ഈ മഹത്തായ ശിപാർശിഗുണവും അദ്ദേഹത്തിനുണ്ടായിരുന്നു—രാജ്യഭ്രഷ്ടൻ. അദ്ദേഹം രാജ്യത്തു കടക്കാൻ പാടില്ലാത്തവനായിരുന്നു. ഒരു തെണ്ടി, ഇരപ്പാളി, സ്വന്തം പ്രയത്നം കൊണ്ടാണ് അദ്ദേഹം കഴിഞ്ഞുകൂടിയിരുന്നത്. ഫ്രാൻസിലെ ഏറ്റവുമധികം സമ്പന്നമായ രാജകുടുംബത്തിന് ഒന്നാം അവകാശിയായ അദ്ദേഹം സ്വിറ്റ്സർലാണ്ടിൽവെച്ച് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കിളവൻകുതിരയെവിറ്റുകളഞ്ഞു. റെക്നോവിൽ [5] വെച്ച് അദ്ദേഹം കണക്കുശാസ്ത്രം പഠിപ്പിക്കുകയുണ്ടായി; അദ്ദേഹത്തിന്റെ സഹോദരി രോമച്ചരടുണ്ടാക്കുകയും തുന്നൽപ്പണി ചെയ്യുകയുമായിരുന്നു. പതിനൊന്നാമൻ ലൂയി ഉണ്ടാക്കിച്ചതും പതിനഞ്ചാമൻ ലൂയി ഉപയോഗിച്ചിരുന്നതുമായ മോങ്-സാങ്-മിഷേലിലെ ഇരിമ്പുകൂട് അദ്ദേഹം തന്റെ കൈകൊണ്ട് അടിച്ചു തകർത്തു. അദ്ദേഹം ദ്യു മുരിയെയുടെ [6] കൂട്ടുകാരനും, ലഫയേത്തിന്റെ സ്നേഹിതനുമായിരുന്നു; അദ്ദേഹം ജെക്കോബിൻ സംഘത്തിലെ ഒരംഗമായിരുന്നു; മിറബോ അദ്ദേഹത്തിന്റെ ചുമലിൽ താളം പിടിച്ചിട്ടുണ്ട്; ദാന്തോ അദ്ദേഹത്തെ ‘ഹേ ചെറുപ്പക്കാരൻ’ എന്നു വിളിച്ചിട്ടുണ്ട്. ഇരുപത്തിനാലാമത്തെ വയസ്സിൽ, 1793-ൽ, അന്നു മൊസ്യു ദ് ഷാർതൃ ആയിരുന്ന അദ്ദേഹം സാധുജനദ്രോഹി എന്നു യഥാർത്ഥമായി വിളിക്കപ്പെട്ടിരുന്ന പതിനാറാമൻ ലൂയിയുടെ വിചാരണ ഒരു പെട്ടിയുടെ ഉള്ളിൽനിന്നു നോക്കിക്കണ്ടിട്ടുണ്ട്. രാജാവിലുള്ള രാജത്വത്തെയും രാജത്വത്തോടുകുടി രാജാവിനെയും ഇല്ലാതാക്കിക്കൊണ്ടു ഭരണപരിവർത്തനത്തിന്റെ അന്ധമായ ദൂരദൃഷ്ടി ആലോചനയെ നിഷ്ഠുരമായി അരച്ചുകളയുന്നതിൽ മനുഷ്യനേയും, വിചാരണസഭയിലെങ്ങും പരന്നുപിടിച്ച ക്ഷോഭത്തെയും, ചോദ്യംചെയ്യുന്ന പൊതുജനക്രോധത്തെയും, ഉത്തരം പറയേണ്ടതെന്നറിഞ്ഞുകുടാത്ത രാജവംശത്തേയും, ആ അപായകരമായ ശ്വാസഗകതിക്ക് കിഴിൽനിന്നുള്ള രാജശിരസ്സിന്റെ ഭയങ്കരവും സംഭ്രാന്തവുമായ അനക്കത്തേയും, ആ കഷ്ടസംഭവത്തിൽപ്പെട്ട സകലരുടേയും— ശിക്ഷിച്ചവരുടെയെന്നപോലെ ശിക്ഷിക്കപ്പെട്ടവരുടെയും—നിരപരാധിത്വത്തെയും, ഏതാണ്ടു നോക്കാതെയാണ് അപ്രകാരം പ്രവർത്തിച്ചത് - ഇവയെല്ലാം അദ്ദേഹം നോക്കിക്കണ്ടു; ആ തലചുറ്റലിനെപ്പറ്റി അദ്ദേഹം ആലോചിച്ചു; ആ വിചാരണസഭയുടെ കൂട്ടിനു മുൻപിൽ ശതാബ്ദങ്ങൾ വന്നു നില്ക്കുന്നത് അദ്ദേഹം കണ്ടിരുന്നു; പതിനാറാമൻ ലൂയിയുടെ—ഉത്തരവാദിയാക്കിത്തീർത്ത ആ ഭാഗ്യംകെട്ട വഴിപോക്കന്റെ—പിന്നിൽ ആ ഭയങ്കരനായ കുറ്റക്കാരൻ—രാജവാഴ്ച—നിഴല്പാടുകളിലൂടെ പൊന്തിവന്നത് അദ്ദേഹം നോക്കിക്കണ്ടിരുന്നു; എന്നല്ല, ഈശ്വരന്റെ നീതിന്യായംപോലെ ഏതാണ്ടു വ്യക്തിരഹിതമായ പൊതുജനസംഘത്തിന്റെ നീതിന്യായമഹിമയെപ്പറ്റി ബഹുമാനപൂർവ്വമായ ഭയം അദ്ദേഹത്തിന്റെ ആത്മാവിൽ തങ്ങിനില്ക്കുകയും ചെയ്തു.

ഭരണപരിവർത്തനം അദ്ദേഹം ഇട്ടുംവെച്ചുപോയ വടു വലുതായിരുന്നു. നിമിഷം നിമിഷമായി നീണ്ട ആ വർഷങ്ങളുടെ ഒരു ജീവത്തായ മുദ്രപോലെയായിരുന്നു അതിന്റെ സ്മരണ. ഒരു ദിവസം ഞങ്ങൾക്ക് അവിശ്വസിക്കുവാൻ നിർവാഹമില്ലാത്ത ഒരു സാക്ഷിയുടെ മുൻപിൽവെച്ചു വിചാരണസഭയുടെ അക്ഷരക്രമത്തിലുള്ള പേരുവിവരപ്പട്ടികയിൽ ‘എ’ എന്ന അക്ഷരത്തിലുള്ളതും മുഴുവനും അദ്ദേഹം ഓർമ്മയിൽനിന്നു ശരിക്ക് ഉരുവിടുകയുണ്ടായി.

പച്ചപ്പകലത്തെ ഒരു രാജാവായിരുന്നു ലൂയി ഫിലിപ്പ്. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് പത്രലോകം സ്വതന്ത്രമായിരുന്നു; പ്രസംഗപീഠം സ്വതന്ത്രമായിരുന്നു; അന്തഃകരണം സ്വതന്ത്രമായിരുന്നു. സെപ്തേംമ്പറിലെ [7] നിയമങ്ങൾ വെളിച്ചത്തുള്ളവയാണ്. സവിശേഷാവകാശങ്ങളെ കടിച്ചുകാരുന്നതിൽ വെളിച്ചത്തിന്നുള്ള ശക്തി നല്ലവണ്ണം അറിയാമായിരുന്നെങ്കിലും, അദ്ദേഹം തന്റെ സിംഹാസനത്തെ വെളിച്ചത്തുതന്നെ വെച്ചു. ഈ വിശ്വസ്തതയ്ക്കു ചരിത്രം അദ്ദേഹത്തെ ബഹുമാനിക്കും.

രംഗത്തുനിന്നു മറഞ്ഞുകഴിഞ്ഞ എല്ലാ ചരിത്രപുരുഷന്മാരേയുംപോലെ ലൂയിഫിലിപ്പ് മനുഷ്യാന്തഃകരണത്താൽ ഇന്നു വിചാരണചെയ്യപ്പെട്ടു വരുന്നു. ഇതുവരെക്കും അദ്ദേഹത്തിന്റെ കാര്യം കീഴ്ക്കോടതിയിൽ മാത്രമേ ആയിട്ടുള്ളൂ. ചരിത്രം തന്റെ സ്വതന്ത്രവും ബഹുമാനപരവുമായ ഉച്ചാരണവിശേഷത്തോടു കൂടി സംസാരിച്ചുതുടങ്ങുന്ന ഘട്ടം അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ഇതുവരെ എത്തിക്കഴിഞ്ഞിട്ടില്ല. ഈ രാജാവിനെക്കുറിച്ച് ഒരു തീർച്ചവിധി കല്പിക്കാനുള്ള സമയമായിട്ടില്ല; സഗൗരവനും സുപ്രസിദ്ധനുമായ ചരിത്രകാരൻ ലുയ്ബ്ലാങ് [8] തന്നെ തന്റെ ഒന്നാമത്തെ വിധിയെ ഇയ്യിടെവെച്ച് ഒന്നു മയപ്പെടുത്തിയിരിക്കുന്നു. 221 എന്നും 1830 എന്നും പേരുള്ള ആ രണ്ട് ഏകദേശങ്ങളാൽ, എന്നുവെച്ചാൽ ഒരർദ്ധപ്രജാസഭയാലും ഒരർദ്ധഭരണപരിവർത്തനത്താലുമാണ് ലൂയി ഫിലിപ്പ് രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്; അതെന്തായാലും, തത്ത്വജ്ഞാനം ചെന്നു നില്ക്കേണ്ടതായ ആ ഉത്കൃഷ്ടസ്ഥിതിയിൽനിന്നു നോക്കുമ്പോൾ, വായനക്കാർ കണ്ടുകഴിഞ്ഞിട്ടുള്ളവിധം, പൊതുജനഭരണത്തിന്റെ കേവലതത്ത്വത്തെ മുൻനിർത്തി ചില വിട്ടൊഴിച്ചലുകളോടുകൂടിയല്ലാതെ അദ്ദേഹത്തെ ഇവിടെ വെച്ചു നമുക്കു വിചാരണ ചെയ്വാൻ പാടില്ല; കേവലത്വത്തിന്റെ ദൃഷ്ടിയിൽ, ഒന്നാമതു മനുഷ്യനുള്ള അവകാശം; രണ്ടാമതു പൊതുജനങ്ങൾക്കുള്ള അവകാശം എന്നീ രണ്ടവകാശങ്ങൾക്കു പുറമെ ഉള്ളതെല്ലാം അപഹരണമാണ്, എന്നാൽ ഈ വിട്ടൊഴിച്ചലുകളെല്ലാം ചെയ്തതിന്നുശേഷം ഇക്കാലത്തുകൂടിയും ഞങ്ങൾക്കു പറയാവുന്നതെന്തെന്നാൽ, ആകപ്പാടെ ഏതുവിധമാലോചിച്ചാലും, ലൂയി ഫിലിപ്പ്, ലൂയി ഫിലിപ്പ് എന്ന നിലയ്ക്ക്, മാനുഷികസൗശീല്യത്തെ മുൻനിർത്തി നോക്കുമ്പോൾ, പണ്ടത്തെ ചരിത്രത്തിന്റെ പുരാതനഭാഷയിൽ പറകയാണെങ്കിൽ, ഇതുവരെ സിംഹാസനാരോഹണം ചെയ്തിട്ടുള്ള ഏറ്റവും മേലേക്കിടയിലുള്ള രാജാക്കന്മാരിൽ ഒരാളായി എന്നെന്നേക്കും നിലനില്ക്കും.

അദ്ദേഹത്തിന്നെതിരെന്താണ്? ആ സിംഹാസനം, ലൂയി ഫിലിപ്പ് രാജാവിനെ എടുത്തുകളയുക, ആ ആൾ ബാക്കിനില്ക്കുന്നു. ആ ആൾ നന്നുതാനും. അഭിനന്ദനീയനായിത്തീരത്തക്കവണ്ണം ചിലപ്പോൾ അദ്ദേഹം അത്രയും നന്നാവും. അദ്ദേഹത്തെക്കുറിച്ചുള്ള അത്യധികം സഗൗരവങ്ങളായ സ്മാരകചിഹ്നങ്ങൾക്കിടയിൽ ഇതുണ്ട്; ഭൂഖണ്ഡത്തിന്റെ നയോപായം മുഴുവനോടും ഒരു പകൽ മുഴുവൻ യുദ്ധം വെട്ടിയതിനുശേഷം, രാത്രിയിൽ തന്റെ മുറികളിലേക്കു മടങ്ങിച്ചെന്ന്, അവിടെക്ഷീണംകൊണ്ടു തളർന്ന് ഉറക്കംകൊണ്ടു കുഴങ്ങിയിരിക്കുന്ന അദ്ദേഹം പലപ്പോഴും എന്തു ചെയ്തിരുന്നു? ഒരു മരണശിക്ഷാവിധി കൈയിലെടുത്തു, യൂറോപ്പിനോടു മുഴുവനും മല്ലിട്ടുനില്ക്കുന്നത് ഒരു കാര്യംതന്നെയാണെങ്കിലും, മരണശിക്ഷാവിധി നടത്തുന്നവനിൽനിന്ന് ഒരു മനുഷ്യനെ രക്ഷപ്പെടുത്തുന്നത് അതിലും വലിയ കാര്യമാണെന്നു കരുതി, ഒരു ക്രിമിനൽ വ്യവഹാരത്തിന്റെ രേഖകൾ പരീക്ഷിച്ചുകൊണ്ട് അദ്ദേഹം രാത്രിമുഴുവൻ കഴിക്കും. അദ്ദേഹം തന്റെ നീതിന്യായ നടത്തിപ്പുകാരന്നെതിരായി സ്വാഭിപ്രായത്തെ സിദ്ധാന്തപൂർവ്വം സ്ഥാപിക്കും; ഗവൺമേണ്ടുവക്കീലന്മാക്ക്, അദ്ദേഹം വിളിക്കാറുള്ള വിധം ആ നിയമത്തിന്റെ വായാടികൾക്കു, തുക്കുമരത്തിലേക്കുള്ള വഴി വിട്ടുകൊടുക്കാതെ അദ്ദേഹം അടിയടിയായി എതിർത്തുനോക്കും. ചിലപ്പോൾ കോടതിവിധികൾ അദ്ദേഹത്തിന്റെ മേശപ്പുറത്തു കുന്നുകൂടിക്കിടക്കും; അവയെല്ലാം അദ്ദേഹം പരിശോധിക്കും. ആ ശിക്ഷിക്കപ്പെട്ട പാവങ്ങളെ കൈവിടുന്നത് അദ്ദേഹത്തിനു പ്രാണസങ്കടമായിരുന്നു. ഞങ്ങൾ ഇതിന്നടുത്തു മുൻപു സൂചിപ്പിക്കുകയുണ്ടായ അതേ സാക്ഷിയോട് അദ്ദേഹം ഒരു ദിവസം പറഞ്ഞു: ‘ഞാൻ ഇന്നലെ ഏഴു ‘മേശ’ സമ്പാദിച്ചു.’ അദ്ദേഹത്തിന്റെ വാഴ്ച തുടങ്ങിയ ആദ്യകാലത്തു മരണശിക്ഷ ഏതാണ്ടു വേണ്ടെന്നുവെച്ചതുപോലെത്തന്നെയായിരുന്നു; ഒരു തുക്കുമരം നാട്ടുക എന്നതു രാജാവോടു ചെയുന്ന ഒരക്രമംപോലെയായിരുന്നു. പൂർവ്വികരോടുകൂടി ഗ്രീവ് എന്ന പൊതുജനങ്ങൾക്കുള്ള കൊലസ്ഥലം ഇല്ലാതായപ്പോൾ ബരിയേർ സാങ്ഴാക്ക് എന്ന പേരിൽ പ്രമാണികൾക്കുള്ള ഒരു വധഭുമി ഏർപ്പെടുത്തപ്പെട്ടു; കാര്യപരിചയമുള്ള ആളുകൾക്ക് ഒരർദ്ധനിയമാനുസാരിയായ തൂക്കുമരത്തിന്റെ ആവശ്യകത ബോധപ്പെട്ടു; നാടുവാഴികളുടെ സങ്കുചിതഭാഗങ്ങളെ ഉദാഹരിച്ചിരുന്ന കാസിമിപെറിയെ [9] അവരുടെ ഹൃദയവിശാലതയെ കാണിച്ചിരുന്ന ലൂയി ഫിലിപ്പിന്റെ മേൽ സമ്പാദിച്ച ജയങ്ങളിൽ ഒന്നായിരുന്നു ഇത്. ലൂയി ഫിലിപ്പ് സ്വഹസ്താക്ഷരത്തിൽ ബിക്കാറിയയുടെ കൃതി വ്യാഖ്യാനിച്ചു. മറ്റൊരു സന്ദർഭത്തിൽ, തന്റെ മന്ത്രിസംഘം എതിർനില്ക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, അക്കാലത്തെ ഏറ്റവും വലിയ മര്യാദക്കാരിൽ ഒരാളായ ഒരു രാഷ്ട്രീയത്തടവുപുള്ളിയെസ്സംബന്ധിച്ച് അദ്ദേഹം എഴുതുകയുണ്ടായി: അയാൾക്കു മാപ്പു കൊടുത്തു; ഇനി എനിക്കു മാപ്പുകിട്ടുകമാത്രമേ വേണ്ടു.’ ലൂയി ഫിലിപ്പ് ഒമ്പതാമൻ ലൂയിയെപ്പോലെ സൗമ്യനും നാലാമൻ ആങ്റിയെപ്പോലെ ദയാലുവുമായിരുന്നു.

എന്നാൽ ഞങ്ങളുടെ അഭിപ്രായത്തിൽ, ദയ ഏറ്റവുമധികം അപൂർവ്വമായ ഒരു വൈരക്കല്ലായി കാണുന്ന ചരിത്രത്തിൽ, മഹാനായ ആളെക്കാൾ ഏതാണ്ട് അധികം മേന്മ ദയാലുവായ ആൾക്കാണ്.

ചിലരാൽ സഗൗരവമായും മറ്റുചിലരാൽ നിഷ്ഠുരമായും വിചാരണ ചെയ്യപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ആ രാജാവിനെ നേരിട്ടറിയുന്ന ഒരാൾ—ഇന്ന് അയാൾ ഒരു പ്രേതംമാത്രമാണെങ്കിലുമാവട്ടെ—ചരിത്രത്തിന്റെ മുമ്പിൽ വന്ന് അദ്ദേഹത്തിനു ഗുണമായി മൊഴി കൊടുക്കുന്നത് ആവശ്യമായിരിക്കുന്നു; ഈ വാമൊഴി, അതു മറ്റെന്തുതന്നെയായാലും ശരി, പ്രത്യക്ഷത്തിൽ സർവ്വത്തിനും ഉപരിയായി, സർവ്വഥാ നിഷ്പക്ഷമായിട്ടുള്ളതാണ്; മരിച്ചുകഴിഞ്ഞ ഒരാൾ എഴുതിയിട്ടുള്ള ചരമം പരമാർത്ഥമായിരിക്കും; ഒരു നിഴൽ മറ്റേ നിഴലിനെ ആശ്വാസപ്പെടുത്തിയേക്കാം; ഒരേ നിഴലുകളെ പങ്കുകൊള്ളൽ സ്വയം പുകഴ്ത്തപ്പെടുവാനുള്ള അവകാശം തരുന്നു, നാടുകടത്തപ്പെട്ട രണ്ടു ശവകുടീരങ്ങളെപ്പറ്റി, ഇതു മറ്റതിനെ മേനികേറ്റി” എന്നൊരഭിപ്രായം പുറപ്പെട്ടേക്കുമെന്നു വളരെയൊന്നും ഭയപ്പെടാനില്ല.

കുറിപ്പുകൾ

[1] ഫ്രാൻസിലെ ഈയൊരു കുഗ്രാമത്തിൽവെച്ചാണ് ഫ്രാൻസ്കാർ പ്രുഷ്യക്കാരെ 1792-ൽ തോൽപിച്ചത്.

[2] ബെൽജിയത്തിലെ ഒരു പട്ടണം, ഇവിടെവച്ചാണ് ഫ്രാൻസ് ആസ്ത്രിയക്കാരെ 1792-ൽ തീരെ തോല്പിച്ചു.

[3] മൊറോക്കോവിന്നു കിഴക്കായിട്ടുളള ഫ്രാൻസിന്റെ ഒരു ചെറുരാജ്യം.

[4] ആൽജീറിയയിലെ രാജാക്കന്മാരിൽ ഒരാൾ.

[5] ജർമ്മനിയിലെ ഒരു ദ്വീപു്.

[6] ഒരു ഫ്രഞ്ച് സേനാപതിയും ഭരണശാസ്ത്രജ്ഞനും വാൽമിയിലും ഴെമെയ്പ്പിലും വിജയം നേടിയത് ഇദ്ദേഹമാണു്.

[7] ഭരണപരിവർത്തനകാലത്തു കൂട്ടക്കൊല നടന്ന മാസം.

[8] സമഷ്ടിവാദിയും പത്രപ്രവർത്തകനും ചരിത്രകാരനുമായ ഇദ്ദേഹത്തിന്റെ ഫ്രഞ്ച് ഭരണപരിവർത്തന ചരിത്രം മുതലായ പല ഗ്രന്ഥങ്ങളും സുപ്രസിദ്ധങ്ങളാണു്.

[9] ലൂയിഫിലിപ്പിന്റെ പ്രധാനമന്ത്രി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.