images/rnp-2-cover.jpg
The forest distant views, an oil on canvas painting by Ivan Shishkin (1831–1898).
സംസ്കൃതപ്രഭാവകാലസാഹിത്യം
(തുടർച്ച)
നീലകണ്ഠകവി

പത്താം അദ്ധ്യായത്തിൽ ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് പുനം അല്ലെന്നു ഖണ്ഡിതമായും, ഏതോ ഒരു നാരായണകവി ആയിരിക്കാമെന്നു് സംശയരൂപത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈയിടെ എന്റെ കൈവശം വന്നുചേർന്ന “തെങ്കൈലാസനാഥോദയം” ചമ്പുവിൽ നിന്നു് ആ ഗ്രന്ഥങ്ങളുടെ കർത്താവിനെപ്പറ്റി ചില വിവരങ്ങൾ ലഭിച്ചിരിക്കുന്നു.

“സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം,
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൌ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാനമ്യ രാമേശ്വരാൽ.
അനന്തരമനന്തരായരമണീയനാനാഗുണ-
പ്രഭാവജിതരാഘവോഹിതലാഘവോ വൈരിണാം;
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയ-
ന്യാശോ ജഗതി വീരകേരള ഇതി പ്രതീതോനൃപഃ.
സോയം നിശ്ശേഷവിദ്യാനിപുണമതിരുപാലിംഗിതോ വീരലക്ഷ്മ്യാ
മായം കൂടാതെ മാനാംബുധിവിമതഭടൈര്യുദ്ധബദ്ധാഭിയോഗൈഃ;
… പടയ്ക്കായ് വൃഷപുരിയിലെഴുന്നള്ളുമക്കാലമുച്ചൈ-
രാബദ്ധാഡംബരം മേന്മയൊടൊരുശിവരാത്ര്യുത്സവം പ്രാദുരാസീൽ
വാർമേവീടുന്ന വിദ്വജ്ജനനിഗദിതതെങ്കെലനാഥപ്രഭാവ-
ശ്രീമാഹാത്മ്യങ്ങൾകേട്ടും പ്രകടിതരുചികണ്ടും പ്രസന്നാന്തരാത്മാ;
ധീമാനല്പസ്മിതംചെയ്തഖിലസദസി ചെല്ലൂരപൂർണ്ണത്രയീശ
ശ്രീമൽ കാരുണ്യപാത്രംകവിമഴകിനൊടാടിഷ്ടവാൻ പദ്യവാചാ.”

ഇവിടെ കവി, തന്നെപ്പറ്റി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രമായി’ പറഞ്ഞിരിക്കുന്നതിൽനിന്നു് കവിയെപ്പറ്റിയും കവിയുടെ കാലത്തേപ്പറ്റിയും ചിലതൊക്കെ ഊഹിക്കാൻ വഴിയുണ്ടു്. ‘സാമ്രാജ്യേ’തിപദ്യത്തിൽ നിന്നു് വീരകേരളവർമ്മരാജാവിന്റെ പൂർവഗാമി ‘അഭിനവേ വയസി സാമ്രാജ്യാധികൃതനാ’യശേഷം ‘ദ്വിഷാംവർഗ്ഗ’ത്തെആക്രമിച്ചു വിജയശ്രീയാൽ ലാളിതനായി ഏറെക്കാലം രാജ്യം ഭരിക്കയും ഒടുവിൽ തുലാപുരുഷദാനം നടത്തിയിട്ടു് കാശിയിൽ പോയി അവിടെവച്ചു് ശിവലോകം പ്രാപിക്കയും ചെയ്ത ‘ശ്രീരാമവർമ്മ’ എന്ന കൊച്ചീരാജാവായിരുന്നു എന്നു തീർച്ചപ്പെടുത്താം. ഈ വിവരണം കാശിയ്ക്കു് എഴുന്നള്ളിയ തമ്പുരാനു വളരെ യോജിക്കുന്നുണ്ടു്. ആ തമ്പുരാൻ തീപ്പെടുന്നതിനു മുമ്പു് തുലാഭാരം കഴിച്ചതായും അതിനല്പം മുമ്പു അതായതു് 775 മകരത്തിൽ സാമൂതിരിപ്പാടുമായി യുദ്ധം നടത്തിയതായും ആ യുദ്ധത്തിൽ സാമൂതിരിപ്പാടു് വെടികൊണ്ടു മരിച്ചതായും കൊച്ചീരാജ്യചരിത്രത്തിൽ പറഞ്ഞിരിക്കുന്നതും ഈ പദ്യത്തിൽ വിവരിച്ചിട്ടുള്ളതിനോടു് യോജിക്കുന്നു. ഈ രാമവർമ്മതമ്പുരാനെ പിന്തുടർന്നു രാജ്യം ഭരിച്ചതു് വീരകേരളവർമ്മ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചക്കാലം 776 മുതൽ 790 വരേ ആയിരുന്നതിനാൽ നമ്മുടെ കവി തെങ്കൈലാസനാഥോദയം രചിച്ചതു് അക്കാലത്തിനിടക്കായിരുന്നുവെന്നുഊഹിക്കാം. എന്നാൽ അതിന്റെ അവസാനത്തിൽ കാണുന്ന ‘പപ്രഥേ തൽപൃഥിവ്യാം’ എന്ന ഭാഗം കലിസംഖ്യയാണെന്നു ചിലർ പറയുന്നു. അങ്ങനെ ആണെങ്കിൽ അതു കറതീർന്നതു് 773 മകരത്തിൽ ആണെന്നു വരും. എന്നാൽ അന്നു് വീരകേരളവർമ്മ രാജ്യഭാരം തുടങ്ങീട്ടില്ലായിരുന്നു എന്നൊരു അസാമഞ്ജസ്യം ഉണ്ടു്. അതുകൊണ്ടു് ഒന്നുകിൽ രാമവർമ്മതമ്പുരാൻ നാടുനീങ്ങിയതു 776-ൽ അല്ലെന്നു വരണം, അല്ലങ്കിൽ “പപ്രഥേ തൽപൃഥിവ്യാം” എന്നതു കലിദിനം അല്ലാതിരിക്കണം. അതു കലിദിനത്തെ കുറിക്കുന്നില്ലെന്നുള്ളതിനു് ഈ ഗ്രന്ഥം തന്നെ സാക്ഷ്യം വഹിക്കുന്നു. എന്തു കൊണ്ടെന്നാൽ: ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയിരുന്ന അവസരത്തിലാണല്ലോ കൊച്ചിതമ്പുരാൻ കവിയോടു് പ്രസ്തുതഗ്രന്ഥം നിർമ്മിക്കാൻ ആവശ്യപ്പെട്ടതു്. അതുകൊണ്ടു് ഗ്രന്ഥം പൂർത്തിയായതു് കുംഭത്തിലോ അതിനു ശേഷമോ ആയിരിക്കണം. മകരത്തിലായിരിക്കയില്ല. അതിനും പുറമേ ‘പപ്രഥേ തൽപൃഥിവ്യാം’ എന്നു നാരായണീയത്തിലും കാണുന്നുണ്ടു്. കവിയുടെ പേരു് നീലകണ്ഠൻ എന്നായിരുന്നു എന്നു് അടുത്ത ശ്ലോകത്തിൽ നിന്നു ഗ്രഹിക്കാം.

“വിദ്യാവല്ലഭ! നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യം പണ്ടുകൃതം പുനശ്ച രചിതം നാരായണീയം ത്വയാ,
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയം
പ്രത്യഗ്രാഖ്യകലർന്നു ബന്ധുരഗുണം ബന്ധുപ്രബന്ധോത്തമം.”

ഈ നീലകണ്ഠകവിയേപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ അദ്ദേഹം ചെല്ലൂർ ഗ്രാമവാസിയും കൊച്ചിത്തമ്പുരാന്റെ ആശ്രിതനും വിദ്യാവല്ലഭനും ആയിരുന്നു എന്നുമാത്രം അറിയാം.

നീലകണ്ഠകവിയും നാരായണ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഒരിക്കൽ ഒരു വിദ്വാൻ ചെമ്പകശ്ശേരി മഹാരാജാവിനെ കാണാനായി ചെന്നപ്പോൾ, വാതുക്കൽ നിന്നിരുന്ന ഭട്ടതിരിയെ കണ്ടു് ‘മുഖം കാണിക്കാൻ നല്ല സമയമാണോ?’ എന്നു ചോദിച്ചതായും ഭട്ടതിരി,

“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ;
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ.”

എന്നു ശ്ലോകരൂപത്തിൽ മറുപടിപറഞ്ഞതായും ഒരു ഐതിഹ്യം, ഉണ്ടു്. ഈ നീലകണ്ഠകവിതന്നെ ആയിരിക്കാം നാരായണീയം, ചെല്ലൂരനാഥോദയം, തെങ്കൈലാസനാഥോദയം ഇത്യാദികൃതികൾ രചിച്ചതു്.

ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾതന്നെ ആയിരിക്കണമെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

തെങ്കൈലാസനാഥോദയം തൃശ്ശിവപേരൂർ പ്രതിഷ്ഠയെ വർണ്ണിക്കുന്ന ഒരു ഉത്തമകാവ്യമാകുന്നു. അതിൽനിന്നു് അക്കാലത്തെ ജനസമുദായത്തിന്റെ സ്ഥിതികളേപ്പറ്റി പലതും ഗ്രഹിക്കാം. അന്നത്തേ യോദ്ധാക്കളുടെ വേഷഭൂഷാദികളും യുദ്ധസംപ്രദായവും ആയുധവിശേഷങ്ങളും, അതിൽ വർണ്ണിച്ചിട്ടുണ്ടു്. വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം കാണാൻവന്ന ജനങ്ങളെ കവി സരസമായി വർണ്ണിച്ചിട്ടുള്ളതിനാൽ, ഈ പ്രബന്ധം ദേശചരിത്രകാരനു് അത്യന്തം പ്രയോജകീഭവിക്കുന്നു.

രാജരത്നാവലീയം

ഈ ഗ്രന്ഥത്തിന്റെ ആവിർഭാവം 776-നു മുമ്പായിരിക്കണം. ഗ്രന്ഥകർത്താവു് നീലകണ്ഠകവിതന്നെ ആയിരിക്കുമോ എന്നു സംശയമുണ്ടു്. നായകനായ രാമവർമ്മ വലിയതമ്പുരാൻ കാശിയ്ക്കു എഴുന്നള്ളിയ തമ്പുരാനെന്നു പ്രസിദ്ധനായ കൊച്ചീരാജാവാണെന്നു തോന്നുന്നു. ആ തമ്പുരാന്റെ പ്രിയ ജനനിയുടെ വിദ്യാസമ്പത്തി, അദ്ദേഹത്തിന്റെ ബാല്യകാലവും വിദ്യാഭ്യാസവും, ദിനചര്യ, പ്രഭാവം മുതലായവയെ ഈ കൃതിയിൽ വിവരിച്ചിട്ടുണ്ടു്.

കോടിവിരഹം

കവി ആരെന്നു നിശ്ചയമില്ല. തെങ്കൈലാസനാഥോദയം മുതലായ കൃതികളുടെ കർത്തൃത്വം നിർണ്ണയിക്കാൻ സാധിച്ചതുപോലെ ഈ പ്രബന്ധത്തിന്റെ കർത്താവിനേയും അചിരേണ കണ്ടുപിടിക്കാൻ സാധിക്കുമെന്നു ആശിക്കുന്നു. മേല്പത്തൂർ നാരായണഭട്ടതിരി സംസ്കൃതത്തിൽ ഒരു “കോടിവിരഹം” [1] രചിച്ചിട്ടുണ്ടു്. അതിനെ കാവ്യമാലയുടെ നാലാംഭാഗമായി നിർണ്ണയസാഗര പ്രസ്സുകാർ അച്ചടിച്ചിരിക്കുന്നു. നമ്മുടെ കവി അതിൽനിന്നാണു് ഇതിവൃത്തത്തേ സ്വീകരിച്ചിരുന്നതു്. മിസ്റ്റർ കെ. ശങ്കരമേനോൻ “കൊടിയവിരഹം” എന്ന പേരിൽ ഈ ഗ്രന്ഥത്തെ പ്രസാധനം ചെയ്തിട്ടുണ്ടു്. ‘കോടിവിരഹം’ എന്ന പേരുമാറ്റി കൊടിയവിരഹം എന്നാക്കിയതു അദ്ദേഹമാണു്. അദ്ദേഹം പറഞ്ഞിട്ടുള്ള യുക്തികൾ മതിയാവാത്തതുകൊണ്ടു് ഇവിടെ പ്രസിദ്ധമായ പഴേപേരു തന്നെ ചേർത്തിരിക്കുന്നു. തൽകർതൃത്വത്തെപറ്റി അദ്ദേഹം അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളെ വേറൊരിടത്തു് അദ്ദേഹം സ്വയം ഖണ്ഡിച്ചിട്ടുള്ളതുകൊണ്ടു്, പ്രസാധകനു് ഇപ്പോഴും ഈ വിഷയത്തിൽ സന്ദേഹനിവൃത്തി വന്നിട്ടില്ലെന്നു തോന്നുന്നു.

“ഭാഷാകവിയായ പുനത്തിനു സംസ്കൃത പദ്യങ്ങൾ എഴുതാൻ പാടവമില്ലായിരുന്നല്ലോ. അതുകൊണ്ടു് പുനത്തിന്റെ മേൽ ഈ ഗ്രന്ഥത്തിന്റെ കർതൃത്വം ആരോപിയ്ക്കാവുന്നതല്ല” എന്നു ഒരിടത്തുപുനത്തിനെ സംസ്കൃതാനഭിജ്ഞനാക്കിപ്പറഞ്ഞ മി. മേനോൻ രാമായണ ചമ്പുവിന്റെ അവതാരികയിൽ ആ മഹാപാപത്തിനു പ്രതിവിധിയായി സകല ചമ്പുക്കളും അദ്ദേഹത്തിന്റെ കൃതികളായിരിക്കണം എന്നു് അഭിപ്രായപ്പെട്ടതായിരിക്കാം.

ഈ ഗ്രന്ഥത്തിന്റെ കർത്താവു് ഒരു നല്ല പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. ചില സ്ഥലങ്ങളിൽ ആ പാണ്ഡിത്യം മുഴച്ചു നില്ക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. “മഴമംഗലത്തിന്റെ ഭാഷയേക്കാൾ നല്ലഭാഷയിലാണു് കൊടിയവിരഹം എഴുതിയിരിക്കുന്നതു്” എന്നു് പ്രസാധകൻ പറയുന്നു. എന്നാൽ പ്രാചീന ചമ്പുക്കളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനം നൈഷധത്തിനുതന്നെ കൊടുക്കണമെന്നാണു് എനിക്കു തോന്നുന്നതു്. ഈ പ്രബന്ധത്തിലെ സംസ്കൃത പദ്യങ്ങളിൽ മിക്കവയും കാളിദാസകൃതികളിൽനിന്നും മറ്റും അവസരോചിതമായി എടുത്തു ചേർത്തിട്ടുള്ളതാണു്.

ഉ:

“ഗച്ഛതിപുരശ്ശരീരം ധാവതി പശ്ചാദസംസ്കൃതം ചേതഃ;
ചീനാംശുകമിവ കേതോഃ പ്രതിവാതം നീയമാനസ്യ”ശാകുന്തളം
“അസ്യാസ്സർഗ്ഗവിധൌ പ്രജാപതിരഭൂച്ചന്ദ്രോ നു കാന്തപ്രഭഃ
ശൃംഗാരൈകരസസ്സ്വയം നു മദനോ മാസോ നു പുഷ്പാകരഃ;
വേദാഭ്യാസജഡഃ കഥം സ വിഷയവ്യാവൃത്തകൌതൂഹലോ
നിർമ്മാതും പ്രഭവേന്മനോഹരമിദം രൂപം പുരാണോ മുനിഃ?”വിക്രമോർവശീയം

ഇങ്ങനെ സംസ്കൃത കവിതകളിൽനിന്നു് പദ്യങ്ങളെ പകർത്തുന്ന സംപ്രദായം ചമ്പൂകാരന്മാർക്കെല്ലാവർക്കും ഉണ്ടായിരുന്നു. ചാക്യാന്മാരും അവസരോചിതം സംസ്കൃതശ്ലോകങ്ങൾ ചേർത്തീട്ടുണ്ടു്.

ഒരിക്കൽ മംഗല്യരംഗഭൂമിയും മദനമഹാരാജഭാഗ്യപരിപാടിയും ആയ “ശൃംഗാരചന്ദ്രിക” എന്നൊരു യുവതി ജീവിച്ചിരുന്നു. അവളുടെ ക്രീഡാവിനോദങ്ങളേയും വിലാസങ്ങളേയും കവി മൂന്നുനാലു പദ്യങ്ങളെകൊണ്ടു മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

“സ്വർണ്ണോർമ്മികാകലിതകോമളകണ്ഠഭൂഷാ
ചീനാംശുകസ്ഫുരിതനൂതനരത്നകാഞ്ചീ,
സാർദ്ധം സഖീഭിരസിതാപ്രപദീനവേണീ
ചിക്രീഡ സാ ശശിമുഖീ വിഹഗൈർവിഹാരൈഃ”
“മിന്നീടും ഘർമ്മലേശം, മുഹുരിളകിനവാർകുന്തളം നീളമങ്ങും
കന്നൽക്കൺകോൺ, കുലുങ്ങും കുചമുകുളമഴിഞ്ഞം സസംസക്തകേശം
മന്ദം കൊഞ്ചുന്ന പൊന്നിന്തരിവളചിലനാളോമൽ പന്താടുമാറു-
ണ്ടന്നേരം കാൺകിലൈന്താർശരനുമെരിപൊരിക്കൊണ്ടുതണ്ടും പ്രമോഹം”

അക്കാലത്തുതന്നേ സംഗീതകേതു എന്ന ഒരു യുവാവു് ഒരു ധനപതി കുടുംബത്തിൽ വളർന്നുവന്നു.

“എന്നപ്പാ! യൌവനത്തിൻപ്രഥമകലികയായ്മെയ്യണഞ്ഞീടുവോര-
ക്കന്നൽക്കണ്ണാർമണിപ്പൂവിനു സരസമമിഴ്ത്താമിതെന്നോർത്തു ധാത്രാ;
അന്യത്ര ക്വാപി നാനാഗുണഗണനിപുണം മുമ്പിലേ കല്പിതംപോ-
ന്നുന്നിച്ചൂനൽ പണിക്കല്ലഭിനവരുചിസംഗീതകേതൂജ്ജ്വലാഖ്യം.”
“കാന്ത്യാ നിർജ്ജിതമന്മഥഃ കമലജാലീലാവിനോദാസ്പദം
കാംക്ഷാപൂരണകാമധേനുരതിഥിവ്രാതസ്യ, കാമീ യുവാ;
കാന്താകാർമ്മണശീലരഞ്ജിതജനഃ കാരുണ്യശീലഃ കവി
ക്ഷ്മാപാലശ്ച സുകാവ്യനാടകപടുഃ, കാസാം ഗിരാം ഗോചരഃ.”

ഗുണഗ്രാഹികളായ യുവജനങ്ങൾ സംഗതിവശാൽ പറഞ്ഞ വാക്കുകളിൽനിന്നു് ഇവർ പരസ്പരം കേട്ടറിഞ്ഞു്,

“ഏനംഞാൻനയനങ്ങൾകൊണ്ടിഹകദാപാസ്യാമിപാസ്യാമി ഞാ
നേനാമെന്നുമിവണ്ണമുള്ളഭിമതം ഗൂഢം വളർന്നൂ തയോഃ”

പരസ്പരം കാണുന്നതിനു മുമ്പുതന്നെ അവരുടെ അനുരാഗം തഴച്ചു വളർന്നുവന്നു. “ശൃംഗാരചന്ദ്രികാകഥാരസായനമൊഴിഞ്ഞു് മറ്റൊരുപജീവനവും” സംഗീതകേതുവിനു് ഇല്ലെന്നുള്ള മട്ടായി. നായികയുടെ സ്ഥിതിയോ?

“കളിപ്പാനുദ്യാനേ ചില സഖികളും താനുമലസം
മിളൽ പുഷ്പേ പോമ്പോളിടയിൽ വീർക്കുന്നു സുമുഖീ;
ചലന്നീവീബന്ധം ചകിതഹരിണീപോതനയനാ
ഗളല്ലജ്ജാലേശം കിമപി പറയും തോഴിയൊടിയം.”

ഇങ്ങനെ ഇവർ രണ്ടുപേരും ‘മെത്തുന്ന കാമക്കടൽ നടുവിലകപ്പെട്ടുഴന്നീടു’ന്നകാലത്തു് ഗൌരീക്ഷേത്രത്തിൽ പൂരോത്സവവും വന്നുകൂടി.

“ശിവശിവ പൂരമഹോത്സവഘോഷം ചെവിപൊടിയുമോരിടിനിടിനെന്നിടിപൊടിയാക്കും വെടികളൊരോരോ ദിശിദിശി പെരുകി ത്രിഭുവനമൊക്കെ മുഴങ്ങിനടുങ്ങും, ബാലവയോധിക കുഞ്ജരസംഘം, ഭഗവതിമാരോടൊപ്പം വന്നു ഞെരിച്ചീടും ചിലവാദ്യവിശേഷം, ബാലഭയംകരി വൃദ്ധവിമോഹിനി മത്തമദംഗജയാത്രാശാലിനി, ഭുവനമിളക്കികളെന്നു തുടങ്ങും ചെണ്ടകൾ തിമിലകളിടക്കയുടുക്കുകൾ, നിഷാണം തപ്പുമിഴാവും പെരിയ പെരുമ്പറ ചെല്ലരിവെമ്പറ മദ്ധ്യേ, പല വെടിനീർ വെടികയർ വെടി പൂവെടി കമ്പം പഴുതേ പായുന്നെലിവെടി, ച്ചെറുമികൾ വെന്തുപിടഞ്ഞും കൈയ്യർ തകർത്തും മമ്മാ ഘോഷം കുഹചന ഭാഗേ…”

ഈ പൂരമഹോത്സവം കാണുന്നതിനു് നമ്മുടെ നായികാനായകന്മാരും വന്നുചേർന്നു. ശൃംഗാരചന്ദ്രിക ദേവിയെ പ്രണമിച്ചിട്ടു് പുറത്തുവന്നു കേസരവേദികയിൽ സ്വൈരമായി നില്ക്കവേ, സംഗീതകേതു അവളെ കാണാനിടയായി.

ഇവിടെ കവി സ്വകീയവും പരകീയവുമായ ഏതാനും പദ്യങ്ങളെക്കൊണ്ടു് നായികയെ വർണ്ണിക്കാൻ ഉദ്യമിക്കുന്നു. ആ ഉദ്യമത്തിൽ അദ്ദേഹത്തിനു ആത്മവിസ്മൃതി കൂടി പറ്റിപ്പോയെന്നു തോന്നുന്നു. നോക്കുക:

“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമുഭേ കാമകോദണ്ഡവല്യൌ
ലോലേ നീലോൽപ്പലേ നിർമ്മലമണിമുകുരൌ മല്ലികാപല്ലവോപി.
പൂർണ്ണേന്ദുഃ സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതന്തു-
ർഭ്യംഗാളീസൈകതം കോമളകദളിയുഗം പംകജേ കിം കിമേതൽ.”

ഈ വർണ്ണനയുടെ അസാംഗത്യം പ്രകടമാണല്ലോ.

‘നിരവധിജനസമ്മർദ്ദം’ കൊണ്ടു് അവളെ അടുത്തുകാണാൻ കഴിയാഞ്ഞിട്ടു് നായകൻ അശോകത്തറയിൽ കയറിനിന്നു നോക്കിയത്രേ. ഈ നിലയിൽ അദ്ദേഹത്തിനെ നായികയ്ക്കും കാണാനിടയായി. അവളുടെ അപ്പോഴത്തെ മനോഭാവത്തെ കവി ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ആ പദ്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ മണിപ്രവാളരചനാപാടവം നല്ലപോലെ വെളിപ്പെടുന്നു.

“ഇന്നില്ക്കുന്നിവനാകിലോ ജനമനസ്സമ്മോഹനം കൈയിലു-
ണ്ടെന്നുന്നൂനമിവന്നൊരൌഷധമഹോ രമ്യം മുഖാംഭോരുഹം;
വർണ്ണിപ്പാനൊരു കാണിപോലുമൊരുന്നാവില്ല പാർത്താലിനി-
ക്കെന്നെക്കാണിൽ നുറുങ്ങുവേണമിവനെക്കിം ദൈവമേ കാരണം?
ആമോദം കൈവളർക്കുന്നിതു ശിവശിവ കണ്ടോളവും കണ്ണിനയ്യാ
പൂമൈ നിർമ്മായരമ്യംനവനവ വിലസദ്യൌവനശ്രീവിലാസം;
വാർമേവും തൂമരന്ദദ്രവമിടനിറയുമ്മാറുമമ്മാമണം പെ-
യ്താമൂലാഗ്രം തളിർത്തഞ്ചിതലളിതമിളംകല്പകപ്പൈതൽപോലെ.
ത്രൈലോക്യസുന്ദരമയം നരനായകം ക-
ണ്ടായോലമസ്തമിത ധൈര്യമുദൂഢരാഗം;
ചേലാർന്നെഴും കുളുർനിലാവിലൊരിന്ദുകാന്തം
പോലേ നിതാന്തമലിയുന്നിതു മാനസം മേ.
കാണാക്കാണക്കുളുർക്കുന്നിതു നയനപുടംപണ്ടനേകം പ്രകാരം
ഞാനിക്കേൾക്കുന്നൊരോരോ ഗുണഗണമിതിനോടൊന്നുനേർവന്നുകൂടാ
കാണാവൊന്നല്ലവല്ലാ നിലകൾ വരുമവസ്ഥാന്തരംദൈവമേ കാൺ
പ്രാണാലംബം മദീയം മനസി ബത പകുത്തൂനിബദ്ധാഭിലാഷം.”

രണ്ടുപേർക്കും പരസ്പരം വിട്ടുപോകുന്നതിനു മനസ്സില്ലാതെയായി. അടുത്ത ഏതാനും പദ്യങ്ങൾകൊണ്ടു് കവി നായികാനായകന്മാരുടെ അയോഗവിപ്രലംദേശയേ വർണ്ണിക്കുന്നു.

നായികയുടെ ദയനീയസ്ഥിതി കണ്ടു് ഒരുദിവസം അവളുടെ തോഴി ചോദിക്കുന്നു;

“ആരെത്തൊട്ടിത്രിലോക്യാമനുഗുണതകലർന്നൂ? മനോജ്ഞാംഗിദൈവ
ഞ്ചാരുത്വാസ്ഥാനമേവൻ മനസി നിഴലെടുത്തന്വഹം ധന്യജന്മാ?
സ്ത്രീരത്നപ്പൊന്നരിമ്പേ! തവ വിധുരദശാമീദൃശീം ചേർന്നതയ്യോ!
നേരത്തേന്നോടിദാനീം പ്രിയസഖി! നിഖിലംചൊല്ലടോവൈകിടാതെ-
ഭദ്രേ! നിൻകോപ്പിതെന്തെന്തരിയവർനിവഹം മൗലിമേൽവച്ചു ചാർത്തും
പുത്തന്മാണിക്യമാലേ! കഥയ കഥയകല്യാണി സന്താപമൂലം;
ഉൾത്തിങ്ങുംവ്രീളകൊണ്ടൻപ്രിയസഖിമതിമൂയായ്ക മുഗ്ദ്ധാംഗനാനാ-
മെത്തതൊന്നല്ലിതൈന്താർശരനിഗമപരബ്രഹ്മമേ ചിന്തയേഥാഃ.
ധന്യാ പുരാ ഗിരിസുതാ മഹിതോത്സവശ്രീ-
സന്ദർശനാൽ പ്രഭൃതി സുന്ദരി! സന്തതം നീ
അന്യാദൃശീ ബത ചമഞ്ഞിതുഘർമ്മകാല-
ത്തൊന്നേറവാടുമിളമല്ലികയെന്നപോലെ.
എല്ലാനാളും വിശേഷാലയി തവ സുഖദുഃഖങ്ങളെങ്കൽ പകർത്തീ-
ട്ടല്ലേ കീഴിൽ കഴിഞ്ഞൂ? ദൃഢമിനിയുമതവ്വണ്ണമേ കൈവരേണം.
ചൊല്ലീടെന്നോടിദാനീം വ്യസനമിതു രഹസ്യം തുലോമെങ്കിലും കേ-
ളൊല്ലാധന്യേ! സഖീവഞ്ചനമഖിലമനോജ്ഞാംഗികല്യാണിനീനാം.”

ഈ വാക്കുകൾ കേട്ടു് ശൃഗാരചന്ദ്രിക തന്റെ ദുഃഖഹേതുവിനെ തോഴിയോടു തുറന്നു പറയുന്നു. സഖി ചെയ്ത ശീതോപചാരങ്ങളൊന്നും അവളിൽ ഫലിക്കുന്നില്ല. ഈ അവസരത്തിൽ നായകന്റെ സ്ഥിതി കുറേക്കൂടി കഷ്ടതരമായിരുന്നെന്നുപറയാം. അങ്ങനെ ഇരിക്കെ,

“പ്രപാസു, കുല്യാസു, വനസ്ഥലീഷു
വിശ്രമ്യ വിശ്രമ്യ ഗതിം വിതന്വൻ,
വിഷാദശാലീ വിധിവൈഭവേന
നിജപ്രിയായാ നിലയം പ്രപേദേ.”

അനന്തരം കുറേക്കാലം അവർ പ്രേമസാഗരത്തിൽ മുഴുകി,അത്യന്തഹൃദ്യങ്ങളായ വിവിധക്രീഡകളെ ക്കൊണ്ടു് കാലം നയിച്ചു. ഇതിലെ സംഭോഗവർണ്ണന ഇക്കാലത്തുള്ളവർക്കു രുചിക്കുമോ എന്നു സംശയമാണു്. എന്നാൽ ഈ ഘട്ടത്തിലെ ഗദ്യവും പദ്യവും ഒരുപോലെ അകൃത്രിമരമണീയങ്ങളായിരിക്കുന്നു.

വളരെക്കാലം അവർക്കിങ്ങനെ സുഖമായി കഴിച്ചുകൂട്ടാൻ സാധിച്ചിട്ടില്ല. ചില ഏഷണിക്കാരുടെ വാക്കുകേട്ടു് നായിക സംഗീതകേതുവിനെ അകറ്റിക്കളഞ്ഞു. അതിനോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.

ഉത്തരഭാഗത്തിൽ നായികാനായകന്മാരുടെ വിരഹദുഃഖവും പുനസ്സമാഗമവും വിവരിച്ചിരിക്കുന്നു. എല്ലാവിധത്തിലും ഉത്തരഭാഗം പൂർവഭാഗത്തെ അതിശയിക്കുന്നുവെന്നു പറയാം. പദ്യങ്ങൾ മിക്കവാറും നല്ല ഭാഷയിലാണു്. കവിയുടെ വർണ്ണനാപാടവവും വശ്യ വാക്ത്വവും ഈ ഭാഗത്തിൽ പൂർവാധികം പ്രകടമായിരിക്കുന്നു. ഒരു പദ്യം മാത്രം താഴെ ഉദ്ധരിക്കുന്നു.

“ആകാശേ കാളമേഘദ്വിരദവരഘടാബന്ധുരേ ചന്തമേറും
നാകാധീശായുധം കൊണ്ടിനിയ കൊടിമരംനാട്ടി വർഷോത്സവാർത്ഥീ
കൂകും കേകാമണിക്കൊമ്പുകൾ നിവിര വിളിപ്പിച്ചു വിശ്വം മുഴക്കി
ച്ചാകമ്രം തൂകിനാൻ വന്നുദകഹവിരസൌഹന്ത പർജ്ജന്യദേവൻ.”
പാരിജാതഹരണം ചമ്പു

പുനപ്രഭൃതികൾ രാമായണത്തിലേയും ഭാരതത്തിലേയും പ്രധാന ഭാഗങ്ങളെ ചമ്പുക്കളായി രചിച്ചതുപോലെ ഭാഗവതകഥകളേയും രചിച്ചു കാണണമെന്നു തോന്നുന്നു. പാരിജാതഹരണം ഭാഗവതന്തർഗ്ഗതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കവി ആരെന്നു തൽക്കാലം നിർണ്ണയിക്കാൻ തരമില്ല. എന്നാൽ,

“ലോകാലോകാദിയേക്കാൾ വിപുലത തടവി-
പ്പൊങ്ങിനില്ക്കുന്നപൊന്നിൻ-
പ്രാകാരത്തോടിടഞ്ഞീടിന ജലധരപാ-
ളീപരോക്ഷാന്തരാളാ”

ഇത്യാദി പാരിജാതഹരണപദ്യത്തിന്നും,

“ലോകാലോകോല്ലസദ്ഗോപുരഘനപരിഘാലംകൃതാഭംഗികൈക്കൊ-
ണ്ടാകാശത്തോടുരുമ്മീടിന കനകമഹാസാലമാലാഭിരാമാ”

ഇത്യാദി രാമായണപദ്യത്തിന്നും കാണുന്ന സാദൃശ്യത്തേ അടിസ്ഥാനപ്പെടുത്തി, ഈ കൃതിയും പുനത്തിന്റെതാണെന്നു ചിലർ പറയുന്നുണ്ടു്. അങ്ങനെ വന്നുകൂടായ്കയില്ലെങ്കിലും, ചമ്പുക്കളെ സംബന്ധിച്ചിടത്തോളം ഈ മാതിരി സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒന്നും ഊഹിക്കാതിരിക്കയാണു് ഭേദം.

കഥാഗതിയിൽ കവി പുരാണത്തിൽനിന്നു വലിയ ഭേദഗതിയൊന്നുംവരുത്തീട്ടില്ല. ആദ്യമായിദ്വാരകാപുരിയെ വർണ്ണിച്ചിരിക്കുന്നു. ഈ വർണ്ണനയിൽ ഒന്നു രണ്ടു പദ്യമൊഴിച്ചാൽ ശേഷമൊക്കെ സംസ്കൃതമയമാണു്. അതുകഴിഞ്ഞാൽ പിന്നെ മിക്കവാറും നല്ല മണിപ്രവാളപദ്യങ്ങളേയും ഭാഷാഗദ്യങ്ങളേയും മാത്രമേ കാണ്മാനുള്ളു. ദേവകളുടെ ഭാഗ്യഭൂമാവായ ശ്രീകൃഷ്ണൻ ‘വാനോർ പുരത്തിൻ പെരുമയെ മുറിമാടമ്പിയാക്കുന്ന’ ദ്വാരവതിയിലേ കനകമണിമയമായ സത്യഭാമാനികേതനത്തിൽ സത്യഭാമയുടെ ഉപാസനയിൽ രമിച്ചു വസിക്കവേ, ഇന്ദ്രൻ അവിടെവന്നു് ഇങ്ങനെ സംകടമുണർത്തിച്ചു:

“കേൾക്കേണം തമ്പിരാനേ! ജയജയ! തൊഴുതേൻ
ദേവ! നീ വിശ്വരക്ഷാ-
ദീക്ഷാദാക്ഷിണ്യവാനാം പരമപുരുഷനാ-
കുന്നൊരം ഭോധിശായീ;
വായ്ക്കുന്നേൻ ഭൌമനാമാ ദനുജനവനട-
ക്കീടിനാൻ നാടിദാനീം
ഭൈക്ഷം പൂകെന്നു വന്നൂ സുരഗണമവനൌ
യാഗമെങ്ങും മുടങ്ങീ.
ആട്ടിപ്പായിച്ചകാണ്ഡേ കുട ഝടിതി പറിച്ചസ്മദീയം ദുരാത്മാ,
കൂട്ടത്തോടെ സുരസ്ത്രീകളെയുമപഹരിച്ചീടിനാനെന്നു വേണ്ടാ.
ഗോഷ്ഠിക്കാരൻതുലോമിന്നമരജനനിതൻ കുണ്ഡലംകൊണ്ടുപോയാൻ
ധാർഷ്ട്യത്താൽ കാതറുത്തപ്പരിഭവമിതു തൊട്ടെൻ കലൊട്ടേറുമല്ലോ.
പെരിക പ്പറയാവതല്ലപോറ്റീ!
പരമാർത്ഥത്തിനു നീ നിദാനമല്ലോ,
ശരണം മമ നീ യോഴിഞ്ഞുമറ്റി-
ല്ലൊരുനാളും പരിപാഹിമാം തൊഴുന്നേൻ”

ഇന്ദ്രന്റെ വാക്കുകേട്ടപ്പോൾ ഭഗവാന്റെ കണ്ണു ചുവന്നു. മധുരവാക്കുകളാൽ അദ്ദേഹം സുരാധിപതിയേ ആശ്വസിപ്പിച്ചു പറഞ്ഞയച്ച ശേഷം, വൈനതേയനെ സ്മരിച്ചമാത്രയിൽ,

“ദിക്കൂലത്തെക്കുലുക്കം കൊടിയ ചിറകടിക്കാറ്റു ചെന്നേറ്റുവന്യാ
വൃക്ഷവ്രാതമ്മുറിഞ്ഞും, മലപലവു മറിഞ്ഞും, കളിക്കും പ്രകാരം.
ഉഗ്രാടോപേന ചഞ്ചൂ പുടഝടഝടിതംകൊണ്ടഹീനാം ഭയം ചേ”

ർത്തുകൊണ്ടു് ഗരുഡൻ ആവിർഭവിച്ചു്, അദ്ദേഹത്തിന്റെ തൃക്കാൽക്കൽ പതിച്ചു. ഉടനെത്തന്നെ ഭഗവാൻ പത്നിയോടുംകൂടി ഗരുഡനിൽ ആരോഹണം ചെയ്തിട്ടു് നേരെ നരകാസുരൻ വാഴുന്ന ദിക്കിലേക്കു പുറപ്പെട്ടു. തൽക്ഷണം,

“സൌഖ്യം കൈക്കൊണ്ടു വാചംയമജയജയഘോ-
ഷങ്ങളെങ്ങും ദിഗന്തേ
വായ്ക്കുമ്മാറുമ്മുഴങ്ങീ വിബുധ നിവഹവാ-
ദ്യങ്ങൾ വാഴ്ത്തീടവല്ലേൻ”

ശ്രീകൃഷ്ണന്റെ വലത്തേക്കയ്യിൽ,

“വിശ്വദ്രോഹംവളർക്കും മനുജപടലിതൻ മുണ്ഡഷണ്ഡങ്ങളന്ന-
ന്നാച്ഛിദ്യോച്ഛിദ്യമെത്തുന്നവരുധിരകണശ്രേണിശോണീകൃതാംഗം,”

ആയ തൃച്ചക്രം

“ഉച്ചക്കാലത്തുദിക്കും ദിവസകരനൊടങ്കം പൊരുതൂമപെയ്യും”

മട്ട് വിളങ്ങി. മറ്റൊരു കൈയിൽ,

“ദർപ്പം ചേരുന്ന ദസ്യുൽക്കരഹൃദി സതതംനാലുപാടും കൊടുന്തീ
മുല്പാഃടേകുന്ന മാദ്യൽഘുമുഘുമിതരവാധ്മാതരോദഃകടാഹം”

ആയ പള്ളിശംഖം. ഉൽഫുല്ലമായ ശ്രീസരോജത്തിൽ നവനവമായ അരയന്നം എന്നപോലെ പ്രകാശിച്ചു. മൂന്നാമത്തെകൈയിൽ:

“ക്ഷോണിപ്പെൺപൈതൽ പെറ്റോരസുരവരവധം
കാണ്മതിന്നമ്പിലെത്തും
വീണക്കാരന്നു യോഗീന്ദ്രനു പരമസുഖം
നേത്രയോരാദധാന”

വും ഖലന്മാരുടെ പ്രാണാന്വേഷിയും വിബുധജന മനോനന്ദകവും ആയ നന്ദകം ഒരു തൂമിന്നൽ എന്നപോലെ കാണപ്പെട്ടു.

നാലാമത്തെ തൃക്കൈയിൽ:

“വിണ്ണോർവേതണ്ഡഷണ്ഡപ്രകടകടതടാ-
സ്ഫാലനേ തൽക്ഷണംകൊ-
ണ്ടുണ്ടാം തൂമുത്തുകല്ലും നിണവു മിടകല-
ർന്നുള്ള കൊള്ളീകലാപം
കൊണ്ടാടപ്പെട്ടണിഞ്ഞീടിന തനുഗരിമാ-
ഘോരഘോരാനുഭാവം
തണ്ടീടും മാറു് കൌമോദകീ”

നാമകമായ ഗദ ശോഭിച്ചു. യാത്രാസമയത്തു്,

“ചെന്താർമാതിന്മണാളന്നരികിലുപനതാഹന്തപാടിത്തുടങ്ങീ
ഗന്ധർവന്മാർ; കഴൽത്താർ തൊഴുതു സുരവധൂജാതമാടിത്തുടങ്ങി;
ചന്തന്നാവുന്ന വിണ്ണോർനികരമുടനുടൻ വന്നു ചിന്തീടുമന്ത-
സ്സന്തോഷാർദ്രം പുളച്ചും ഝടിതി പടകളിച്ചും വിളിച്ചും തുടങ്ങി.”

യുദ്ധവർണ്ണന ഗദ്യത്തിലാണു്. യുദ്ധം ഭയംകരമായി നടക്കവേ,


***


ധരണീസുതനാമസുരപ്രവരൻ
ഝടിതിപുറപ്പെട്ടഭിനവസമരവിഹാരവിശേഷേ,
സത്വരമെയ്തൊരു ശസ്ത്രം കൊണ്ടൊരു
മോഹവ്യാജനിമീലിതലോചന-
മന്തികസീമനി വീണതുകണ്ടു.
വിശൃംഖല കോപമശങ്കമെടുത്താ-
ക്കുലചിലയും ചില കൂരമ്പുകളും
കൈയ്യിലെടുത്തു തൊടുത്തു വലിച്ചൊരു
സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി പോരിന്നൊരുങ്ങി.”

ദേവിയുടെ ഈ ഭാവത്തെ അതിശയചമൽക്കാരത്തോടുകൂടി കവി വർണ്ണിച്ചിട്ടുണ്ടു്.

“സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി സമീകവിലാസിനി.
വില്ലുമുറിച്ചും ഞാൺപൊട്ടിച്ചും
ദളിതച്ഛത്രം ഭാരിതരഥ്യം,
ത്രുടിതപതാകം രടിതവിപാഠം,
പ്രകടിതവേഗം, പടപൊരുമപ്പൊടി
പ്രതിഭടനെയ്യും വിശിഖശ്രേണീം
നിജശരപംക്ത്യാ ഖണ്ഡംഖണ്ഡം
പർവതശൃംഗം ഭഞ്ജംഭഞ്ജം.
പരിഘമമോഘം മർദ്ദംമർദ്ദം
പെരുകിനരോഷാ നർദ്ദംനർദ്ദം.
ദുഷ്ടതതേടിന ധൃഷ്ടമഹാസുരനൊടു
രണോത്സവസീ മ്‍നി പുളച്ചുപൊരുന്നൊരു
കാലവിശേഷേ ചികുരമഴിഞ്ഞും
മിഴികൾകുഴഞ്ഞും, പ്രകടിതഘോഷ-
ഭ്രൂകുടിഭാസുര നിടിലതടത്തിൽ വിയർപ്പുമലിഞ്ഞും
ചെറുമാ നില്ക്കു തൊടണ്ടാ മാമിഹ
പെരുമാളായതു നീയോ ജഗതാം
നിന്തലകൊൾവാൻ ഞാനേപോരും
വിബുധസ്ത്രീണാം തലമുടി ചുറ്റി
പ്പിടിപെട്ടീടിന ദുഷ്ടാത്മാവിനെ
നിഷ്ഠൂരസായകവൃഷ്ടിഭിരധുനാ-
കാകക്രോഷ്ട്യപിശാചവധൂനാം
ആമദ്ധ്യഗളമുരുതരമൃഷ്ടികലാവിഭ്രമമാക്കുവനധുനാ
ശൂരമഹാഭടവാക്യഗഭീരിമ-
സരണി നടിക്കും ചില്ലിക്കൊടിമുന
ചെറ്റുകുലഞ്ഞും മദനമഹീപതി മണിമുകുരത്തിൽ
മധുരതതേടിന ഗണ്ഡസ്ഥലികളിൽ
മണിമയകുണ്ഡല യുഗളമുലഞ്ഞും, മുറുവൽമുറിഞ്ഞും,
ഭുജലതികായുഗമിളകിമറിഞ്ഞും
മുഹുരപി തുള്ളിത്തരുണിമതള്ളി-
ത്തുംഗതതങ്ങിന കൊങ്കകൾതിങ്ങിന
മൃദുലവിലഗ്നം പെരികമെലിഞ്ഞും
പെരുമാറുന്നതുകാണുന്നളവിൽ
കരുണാശേവധികമലാകാമുക
നുപഗതകപടമുണർന്നതി രോഷാ-
ലർക്കശതക്രതുധിക്ക്യതി ദക്ഷിണ
തേജോ മഹതാചക്രംകൊണ്ടു
ശതക്രതുശാത്രവകണ്ഠം ഛിത്വാ
ഭുവനവിപത്തിദ്ധ്വാന്ത വിവസ്വാൻ
കാന്തയെമധുരം പരിലാളിച്ചു
വിളിച്ചു സമീപേ തൃക്കൈകൊണ്ടു
വിയർപ്പുതുടച്ചു ചിരിച്ചു സഹേലം
ദാനവയോഷാ ഹാഹാകാരൈ-
രുലകുനടുങ്ങും പൊഴുതു സുരന്മാർ
മേദുരഹർഷം കൌസുമവർഷം ചെയ്തിതു മൌലൌ.”

അപ്പോൾ, ‘പുത്രക്ഷയരുദിതരയസ്തംഭിത’യായ ‘ഭൂതധാത്രീ’ സ്വപൌത്രനെയെങ്കിലും രക്ഷിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി അദിതിയുടെ കുണ്ഡലങ്ങളെ എടുത്തുകൊണ്ടു് ഭഗവാന്റെ തിരുമുമ്പിൽ വന്നു് സ്തോത്രപുഷ്പാഞ്ജലിചെയ്തു. ഈ സ്തോത്രത്താൽ പ്രീണിതനായ ശ്രീകൃഷ്ണൻ നരകാസുരപുത്രനായ ഭഗദത്തനെ കൊല്ലാതെ വിട്ടു. അനന്തരം അദ്ദേഹം നരകനാൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്ന “സഹസ്രസംഖ്യാതകമംഗനാവർഗ്ഗത്തെ” മോചിപ്പിച്ചു. പിന്നീടു് സത്യഭാമാസമേതം അദ്ദേഹം സുരേന്ദ്രഭവനത്തിൽ ചെന്നു് അദിതിയുടെ കുണ്ഡലങ്ങളേ തിരിച്ചേൽപ്പിച്ചിട്ടു് തിരിച്ചുപോകാൻ ഭാവിക്കവേ, ദേവിയുടെ അപേക്ഷപ്രകാരം പാരിജാതവൃക്ഷം പറിച്ചെടുക്കാൻ പോയപ്പോൾ “ഇതാമല്ലൊരുവനും” എന്നു് ഉദ്യാനപാലകന്മാർ തടുത്തു. എന്നാൽ അതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെന്നു കണ്ടപ്പോൾ, അവർ ചെന്നു് ‘ദേവേന്ദ്രന്നുപാന്തേ വിലസുമൊരുശചീദേവിയോ’ടിപ്രകാരം അറിവിച്ചു:

“ത്രൈലോക്യൈശ്വര്യ ധാരാപരിമളലഹരീപാത്രമേ! കേളിദാനീം പൌലോമിദേവി! സാക്ഷാൽക്കുലിശധരമണീ മാളികാതൂനിലാവേ! ബാലേ! നീനട്ടു നീതാൻ വിവശമൊടു നനച്ചുന്നതം പാരിജാതം ബാലൻ കപ്പാൻതുടങ്ങുന്നിതു കപടമഹാദേശികൻ കേശിഹന്താ. പൌലേമിക്കേ വരാവൂ ദൃഢമരികിലവൾക്കേ തൊടാവൂ നനപ്പാൻ പോലും; താൻ വേണമത്ര സതതമപി ജയന്താദസൌ ലോഭനീയഃ” മാലായൈ പൂവറുപ്പാൻ വരുമളവിലമുഷ്മാൽ പ്രസൂനങ്ങൾ മുന്നോ നാലോ മെല്ലെന്നറുക്കും പുനരവൾകരതാർകൊണ്ടു മന്ദം തലോടും.

“വൃത്രാരിതൻ കാന്ത തനിക്കു പാർത്താ
ലത്യന്തമമോനയെന്നവാണീം
ശ്രുത്വാസ്മദീയാമുടനേബഭാഷേ
സത്യാ തദീയാ മഹിഷീ ഹസന്തീ.
കേൾപ്പിൻ പൂങ്കാവുകാത്തീടിന ഭടജനമേ! സത്യഭാമാസഹായ–
ന്നായ് പോയീ പാരിരജാതംപുനരപിചഹൃതം ഞാനപേക്ഷിച്ചുതാനും
പൊയ്പ്പോമ്മുന്നേവലാരാതിയൊടി ദമറിയിപ്പാൻപുലോമാത്മജയ്ക്കെ
ന്നൂഷ്മാനിൽക്കെന്നിവണ്ണം വചനമിതുപൊറായിന്നിതസ്മാദൃശാനാം”

ഇപ്രകാരം ഭടജനങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ,

“സ്വർഗ്ഗ സ്ത്രീപാണിലീലാവിലു ളിതചമരീ ബാലമന്ദാനിലൻവ-
ന്നൊക്കെത്തക്ക ക്കളിച്ചങ്ങമരപരിവൃഢന്നംഗരംഗേവസന്തീ”

യായ പുലോമജയ്ക്കു് കോപം കലർന്നു. അവളുടെ അപ്പോഴത്തെ ഭാവം കവി എത്രഹൃദയംഗമമായിവർണ്ണിച്ചിരിക്കുന്നവെന്നുനോക്കുക:

“രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണിച്ചോരിവാ; ചില്ലിവല്ലീ
വേഷം മറ്റൊന്നു മറ്റൊന്നിതികടുമ തുടർന്നൊന്നു കോടിക്കുലഞ്ഞു;
ദ്വേഷം പീതാംബരപ്രേയസിയൊടിയലുമന്നേരമന്നാകയോഷാ-
ഭൂഷാമാലാകടാക്ഷം വലരിപുവദനംപാർത്തു ചേർത്തും ചുവന്നൂ.”

കൊപിഷ്ഠയായ ശചീദേവി ഇന്ദ്രനേ കണക്കിനു ശകാരിച്ചു അതുകൊണ്ടും തൃപ്തിയാകാതെ ‘നാനാ വിബുധനിവഹതന്വീഭിന്വീയമാനയായി’, സത്യഭാമ നില്ക്കുന്നിടത്തേക്കു മണ്ടിച്ചെന്നു.

“ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ കമ്പഘർമ്മാംബുപൂരം
തേടുന്നൂ; ചായൽ ചായിന്നിതു; മുഹുരഴിയുന്നൂ ബലാൽ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണിക്കുണ്ഡലദ്വന്ദ്വമുച്ചൈ-
രാടുന്നൂ; കാഞ്ചിപാടുന്നിതു; പഥി പൊഴിയുന്നൂ ശിഖാമാല്യജാലം”

സത്യഭാമയും പുലോമജയും തമ്മിലുണ്ടായ വാക്സമരം സ്ത്രീചാപല്യത്തെ സവിശേഷം ഉദാഹരിക്കുന്നു. സത്യഭാമയുടെ വാക്ശരത്തിനുള്ള നിശിതത്വം ഒന്നു വേറെതന്നെ. എന്തിനധികം പറയുന്നു.

“… … … പൂമാന്മാർക്കുമധ്യേ,
വൈരം നാരീനിമിത്തം പിണയുമതുതടഞ്ഞീടുവാൻ വേലയല്ലോ”

അതുകൊണ്ടു് വാസവനും ശ്രീകൃഷ്ണനും തമ്മിൽ ഈ സ്ത്രീകൾ നിമിത്തം പോരാടേണ്ടതായിവന്നു. നാരദനും ‘നഖവും ചുറുകിച്ചിരിച്ചുമെല്ലെയകമേ’ അവിടെ വന്നുചേർന്നു. സ്ത്രീകൾ രണ്ടുപേരും തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധംചെയ്യുന്നതു നോക്കിനിന്നു.

“താവും പ്രകോപേന സഹസ്രശോയം
ദേവേന്ദ്രനെയ്യും വിശിഖപ്രവാഹം;
പൂവായ്ച്ചമഞ്ഞൂ പുരുഷോത്തമന്ന-
ക്കൈവല്യമൂർത്തിക്കരികേ വരുമ്പോൾ.

എന്നാൽ ഇന്ദ്രന്റെ സ്ഥിതിയോ?

കാണക്കാണത്തഴയ്ക്കും മധുമഥനവിപാഠ-
ങ്ങളേറ്റേറ്റതീവ.
ക്ഷീണം ക്ഷീണാന്തരാത്മാവിനു ഝടിതി ശചീ,
കാന്തനാന്ധ്യൈകാബന്ധോഃ
ചേണെത്തും തേർത്തടത്തിൽ കുഹുരഭുവി ഭയം
പൂണ്ടു സൂതേ നിലീനേ,
ത്താണപ്പൂവിൽ മുറിഞ്ഞൂ; കൊടിമരവുമൊടി-
ഞ്ഞൂ; തുരംഗംപൊടിഞ്ഞൂ.”

ഭഗവാൻ–

“… നമുചി വിജയിതന്നായിരം കണ്ണിലുംപാ-
ർത്തേ കൈകസ്മിൻഭയംകൊണ്ടിളകി വിറപിടി-
യ്ക്കുന്നതാരാസനാഥേ

ഏകൈകം ബാണമെയ്താൻ” അതു കണ്ടു് ഓരോ ക്ഷണത്തിലും പുലോമജയിൽനിന്നു ഹാഹാകാരം പുറപ്പെട്ടുകൊണ്ടിരിക്കുന്നു.

ഒടുവിൽ അമരാധീശ്വരന്റെ അമരത്വം അസ്തമിക്കുമെന്ന മട്ടായി. അപ്പോൾ അദ്ദേഹം ഭഗവൽപാദങ്ങളിൽ വീണു ക്ഷമായാചനം ചെയ്തു. ദേവകളും ഭഗവാനെ പുകൾത്തി. അതുകൊണ്ടു് പരിതൂഷ്ടനായ കൃഷ്ണൻ ദേവന്ദ്രനു അഭയം നൽകിയശേഷം പാരിജാതവും കൊണ്ടു് ദ്വാരകയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നു്,

“സത്യാഗേഹാങ്കണേ നട്ടിതു മണിസുഷമാപൂരിതം പാരിജാതം.”

കവി നല്ല മനോധർമ്മമുള്ള ഒരു ഒന്നാന്തരം മണിപ്രവാള വ്യാപാരിയാണെന്നു ഇവിടെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളിൽനിന്നു തെളിയുന്നുണ്ടല്ലോ. കോടിവിരഹം തുടങ്ങിയ പ്രബന്ധങ്ങളിൽ, പേരിനു മാത്രം മലയാളപദങ്ങൾ ചേർത്തിട്ടുള്ള മണിപ്രവാളപദ്യങ്ങളാണധികം. നോക്കുക:

“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമഭേ കാമകോദണ്ഡവല്യൌ
ലോലേ നിലോൽപ്പലേ നിർമ്മലണിമുകുരേ മല്ലാകാപല്ലവോപി;
പൂർണ്ണേന്ദു സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതനൂർ
ഭൃംഗാളീ സൈകതം കോമളകദളിയുഗം പങ്കജം കിങ്കിമേതൽ?”

ഈ പദ്യത്തിൽ ‘ഉം’ എന്നൊരു മലയാളപദമേയുള്ളു. ഇത്തരം ‘വവ്വാൽ’ ജാതിയുള്ള പദ്യങ്ങൾ ഒന്നും ഈ പ്രബന്ധത്തിലില്ല. എന്നാൽ ഭാഷ കുറെ നന്നായിരിക്കുന്നതുകണ്ടു് ഇതിനു അർവാചീനത്വം കല്പിക്കാമോ? അങ്ങനെയൊരുമിഥ്യാബോധം പലരിലും കടന്നു കൂടീട്ടുണ്ടു്. ആദ്യകാലത്തെ മണിപ്രവാളത്തിന്റെ സ്വഭാവം ലീലാതിലകത്തിൽനിന്നും നമുക്കു ഗ്രഹിക്കാമല്ലോ. ഭാഷാസംസ്കൃതശബ്ദങ്ങൾ തിരിച്ചറിയാത്തവിധത്തിൽ ചേർക്കണമെന്നും ഭാഷയ്ക്കു പ്രാധാന്യം നൽകണമെന്നും ആയിരുന്നു അന്നത്തേ വ്യവസ്ഥ. കാലക്രമേണ മണിപ്രവാളരീതി ദുഷിച്ചു എന്നുവേണം പറയാൻ. അതുകൊണ്ടു മണിപ്രവാളശുദ്ധികണ്ടാലുടനെ ഒരു കവിത ആധുനികമാണെന്നു പറയുന്നതു ശരിയായിരിക്കയില്ല. നമ്മുടെ ഈ പ്രബന്ധത്തിൽ നാണിൻറ, കുശൽ, മേതു് മുതലായി കണ്ണശ്ശകൃതികളിലും, രാമചരിതത്തിലും മറ്റും ധാരാളം കാണുന്ന പ്രയോഗങ്ങൾ ഒട്ടുവളരെയുണ്ടു്.

ദക്ഷയാഗം

ഈ കൃതിയുടെ കർത്താവും തൽക്കാലം അജ്ഞാതനായിത്തന്നെ ഇരിക്കുന്നു. മണിപ്രവാളശുദ്ധിയുള്ള ഗദ്യപദ്യങ്ങളാണു് ഇതിൽ അധികമായി കാണപ്പെടുന്നതു്. മാതൃകക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.

“ശ്രീകൈലാസാദ്രിശൃംഗേ കനകമണിമയേ മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാമോദിതാശാന്തരാളേ,
നീൾകണ്ണാർ മൌലിദക്ഷാത്മജയെ മടിയിലാമ്മാറു വച്ചങ്ങൊരുന്നാ-
ളേകാന്തേ വാണിരുന്നൂ പുരഹരഭഗവാൻ പൂർണ്ണകാരുണ്യധാമാ.”

ഗദ്യം–

“ഭൃംഗിമഹാബല നന്ദീശ്വരമുഖ
ശങ്കരപാർഷദമണ്ഡലമിളകീ
പരമേശ്വരിതൻ പ്രാഭവചകിതം
ഭഗവദനുജ്ഞാം കൂടാതെ ക-
ണ്ടൊക്കയുമുടനേ ദാക്ഷായണിയൊടു കൂടെനടന്നു.
കേചന ചൂരക്കോലുമെടുത്തുട-
നഖിലോത്സാരണകലവിതുടങ്ങീ,
കേചന മുമ്പിലകമ്പടികൂടി
കേപി കരേറിയെഴുന്നള്ളുവതി
ന്നൃഷഭവുമായങ്ങരികെ നടന്നു.

***


വീണാപാണികളൊക്കെയണഞ്ഞൂ
ചീനക്കുഴൽ വിളിയും വിളയാടി
പൂവാളവുമൊരുബലഹരിമാളവി
നേർവാളവുമായ്പാടീ കേചന”

ഇത്യാദി.

കംസവധം ചമ്പു

കർത്താവാരെന്നു നിശ്ചയമില്ല. ഇതും ഒരു സരസമായ പ്രബന്ധമാണു്. ചമ്പുക്കളുടെ കൂട്ടത്തിൽ ഈ കാവ്യത്തിനും ഒരുത്തമസ്ഥാനം നൽകാം. കംസൻ അക്രൂരനെ അയക്കുന്നഘട്ടം മുതൽ കംസവധം വരെയുള്ള പുരാണകഥയെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യത്തെ മംഗളപദ്യം മാത്രം മാതൃകയ്ക്കായി ഇവിടെ ചേർക്കുന്നു.

“ഏണാങ്കാദിത്യാകോടിപ്രതിഭടസുഷുമാ-
ദീപ്തിമൂൽക്ഷിപ്തദോർഭ്യാം
വേണും വ്യാഖ്യാനമുദ്രാമധരകരതലേ
ദക്ഷിണേ ചാദധാനം;
സാനന്ദം ചേർത്തിടും തൃത്തുടയിലുദധിജാം
വാമദോഷ്ണാ കുചാഗ്രം
താനേ മോദാൽ സ്പൃശന്തം കരുതുക മനമേ
സ്വാവബോധം മുകുന്ദം.”
സ്യമന്തകം ചമ്പു

ഇതും ഭാഗവതാന്തർഗ്ഗതമായ സ്യമന്തകകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു ഉത്തമപ്രബന്ധമാണു്. കവി ആരെന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മാതൃകയ്ക്കായി ഒരു പദ്യം മാത്രം ചുവടേ ചേർത്തുകൊള്ളുന്നു.

“വണ്ടോർ പൂഞ്ചായലാർ വീടുകളിലനുദിനം
വെണ്ണകട്ടുണ്ടവൻതാൻ
കണ്ഠം മെല്ലേമുറിച്ചമ്മണിയുമപഹരി
ച്ചീടിനാനെന്നു മന്യേ
ചുണ്ടങ്ങാ കട്ടതെങ്കിൽ പുനരവനൊരു പൊ-
ന്നുങ്കുടം കക്കുമെന്നായ്
പണ്ടേ ചൊല്ലുണ്ടു് മിണ്ടായ്കൊരുവനൊടിഹ നാം
വന്നതോ നൂനമല്ലോ.”
കാമദഹനം

കവിതാരീതി നന്നു്. ഗ്രന്ഥകാരനാരെന്നു് നിർണ്ണയിക്കാൻ തരമില്ല. മണിപ്രവാള ശുദ്ധിയിലും കവിതാഗുണത്തിലും മിക്ക ചമ്പുക്കളും കാമദഹനത്തിനു് അടിമപ്പെടുകതന്നെ ചെയ്യുന്നു.

കാമദേവന്റെ മണിനഗരത്തിന്റെ വർണ്ണനനോക്കുക.

“കണ്ടോളം കൺകുളിർപ്പിച്ചരുളിനകനകദ്വീപമധ്യേ വിലാസം
തണ്ടും മാധുര്യശൃംഗാരിതനവനവസപ്താംഗഭംഗീസമേതാ
കൊണ്ടാടപ്പെട്ടുലാവീടിന ഗുണഗരിമാ പണ്ടെടോ കാമദേവ-
ന്നുണ്ടായീപോൽ മഹാരാരജനുമണിനഗരീ മാനനീയാനുഭാവാ.
കർപ്പൂരക്കളിമുറ്റമുൽപ്പലദലാസ്താരം നിലം മുറ്റമാ-
പ്പൊൽപ്പൂമണ്ഡപമങ്ങുനൽക്കളിനിലം സൌഭാഗ്യദീക്ഷാഗൃഹം;
ശില്പംചേർന്നു വിലാസശാലകലഹപ്പൊന്മാടമെന്നിങ്ങനേ
കല്പിച്ചെത്രമനോഹരം ഭവനവിന്യാസം മനോജാലയേ.
വാത്സ്യായനക്കളരി കോകിലഗീതിശാലാ
വാർത്താർശരങ്ങൾപണിചെയ്ത രഹസ്യരംഗം;
പേർത്തും മധുവ്രതകുലം മുരളും മണിക്കെ-
ട്ടാസ്ഥാനമണ്ഡപമഹോ നയനാഭിരാമം.
ഹേമാംഭോജവനീമനോഹരതരാ കുത്രാപി നീലോൽപ്പല-
ശ്യാമാ വാപി പരത്ര കുത്ര ചിദിളംപൂങ്കേതകീകാനനം;
സാമോദംനവമാലതീവിപിനമങ്ങേകത്ര ലോകത്രയം
കീഴ്മേലൊന്നിളകും പ്രസൂനമധുരാ കുത്രാപി ചേമന്തികാ.
മാകന്ദത്തോപ്പിളം ചമ്പകവനമണിമുല്ലക്കളിത്തോപ്പു പൈന്തേൻ
തൂകീടും ചന്ദനത്തോപ്പമരതരുവനം കേസരംധൂസരാഗ്രം;
ആക്രമം കുങ്കുമത്തോപ്പലർചിതറുമശോകങ്ങളീവണ്ണമോരോ
ഭാഗേ തസ്മിൻ പ്രദേശേ നിഖിലജനമനോഹൃദ്യമുദ്യാനജാതം.
നീലക്കരിമ്പിൻ കൊടിമേൽക്കലമ്പ-
ന്മാലക്കൊടിക്കൂറകൾ തൂകി മേന്മേൽ;
പീലിപ്പണിപ്പന്തലിലാത്തമുക്താ-
ജാലംവിതാനം വിതനോതി ശോഭം”

കാമദേവൻ ഇപ്രകാരം ശ്രീതാവുന്ന തന്റെ രാജധാനിയിൽ ഒരുദിവസം, ‘മലയജതരുഷണ്ഡങ്ങൾ ചൂഴും ചൂതോദ്യാന’ത്തിൽ വച്ചിരുന്ന ‘മണം മേവിന മരതകസിംഹാസനത്തിൽ’ ‘ജാതാനന്ദം നിജാങ്കേ മരുവിന രതിദേവീമുഖം പാർത്തു പാർത്തു’കൊണ്ടു ഇരിക്കവേ, ചില രസികക്കുട്ടന്മാർ വന്നു് ഇങ്ങനെ വാഴ്ത്തി.

“അംഭോജായുധ! നീ ജയിക്ക ജഗതാമാനന്ദമേ! മാനിനീ
സംഭോഗോത്സവ ദൈവമേ! ജയജഗന്നാഥാ ജയിച്ചീടു നീ;
വമ്പേറീടിന പാകശാസനപുരീസൌന്ദര്യമേ! സുഭ്രം വാം
വമ്പേ! നീ ജയ ജായമാനജനതാസങ്കല്പസൌഭാഗ്യമേ”

ഈ സ്തുതി കേട്ടപ്പോൾ, ശ്രീമാരക്ഷ്മാപതി ‘വാരസ്ത്രീജനവീജ്യമാനകനകശ്രീചാമരാലംകൃത’മായ ദിവ്യസിംഹാസനത്തിലിരുന്നു് ഒന്നു ഞെളിഞ്ഞു.

അവരിൽ ഓരോരുത്തരുടേയും സങ്കടങ്ങൾ കേട്ടു് അദ്ദേഹം,

“വ്യഗ്രിച്ചീടായ്ക്കാരും വെറുതേ
കാംക്ഷിതമൊക്കെ വരുത്തുണ്ടെന്നും
കലഹം മാറ്റിത്തരുന്നുണ്ടെന്നും
ഗാഢാലിംഗനമുണ്ടിന്നെന്നും
ഝടിതി വഴക്കായ് പോകായ്കെന്നും,
ചെല്ലിച്ചൊല്ലിച്ചടുതളർത്തിട്ടു”

അവരെപ്പറഞ്ഞയച്ചു. അങ്ങനെ ‘ഭുവനതലമശേഷം വെന്നൊരോകാമിനീനാമിളമുലകളിലാക്കിച്ചിത്തകാമ്പംഗഭാജാം’ തെളിനിനോടിരിക്കും കാലത്തു ‘പ്രഥിതകലഹകാമി’യായ നാരദൻ അവിടെ വന്നുചേർന്നു. അദ്ദേഹവും കാമദേവനെ ഒട്ടുവളരെപ്പുകഴ്ത്തിയിട്ടു് ഇങ്ങനെ പറഞ്ഞു.

“സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-
ഷം പുകണ്ണേൻ തദാനീ-
മഗ്രേ സർവാമരാണാം വലരിപുകലിതാ-
ക്ഷേപമേവം ബഭാഷേ;
ദക്ഷാരാതേരകക്കാമ്പചലമകളിലാ-
ക്കീടിലിച്ചൊന്നതെല്ലാ-
മൊക്കും മറ്റെന്തിവൾ പ്രാഭവമെളിയവന്നേ-
ടേവനും വമ്പനല്ലോ.”

ഈ വാക്കുകൾ കേട്ടപ്പോൾ ‘പൊങ്ങച്ചനായ’ കാമൻ ചില വീരവാദങ്ങളെല്ലാം പറഞ്ഞിട്ടു് ‘ശിവന്റെ തപോഭംഗം ഉടനേ ചെയ്യുന്നുണ്ടു്’ എന്നു ശപഥം ചെയ്തു.

കാമദേവൻ ‘വെന്നിക്കാളം’ വിളിപ്പിച്ചു് ഉദിതധൃതിയായി പുറപ്പെട്ടപ്പോൾ,

“അന്നേരം കോകിലാനാം നിലവിളി നിവിരെപ്പാരിലെങ്ങുംതുടങ്ങീ;
കന്നൽകണ്ണാർ ചമഞ്ഞും കലിതരുചികളിച്ചും ചിരിച്ചും തുടങ്ങീ”

ദണ്ഡകം–

“ദേവർഷിണോക്തമതികോപേന കേട്ടു പരിഭാവം നിജം പരമഭീമം
ദേവനഥരതിരമണനാവോളവൂമകമലരിൽ മേവിയിതു കലുഷതനികാമം;
ദരവേല്ലിതംപൂരികമധരം വിറച്ചിതുടനിരുൾകേശമംസഭുവി പാഞ്ഞൂ
ദളിതനവകുവളരുചിമിഴിമുനയിലരുണിമയൂമതു പൊഴുതു ശിവശിവ നിറഞ്ഞൂ;
ആഴം തകും മനസികാര്യങ്ങളാവൊളമശേഷം വിചിന്ത്യ നിരപായം
ആഴിനിരചുഴലുമവനിവലയപരിവൃഢനുമാരഭത നിയതകരണീയം;
അഴകോടു തേച്ചുനവ പുഴുകായ തൈലമുടൽ മുഴുവൻ കുളിക്കരമണീയം
അഴലകലെവിരചിതമിതിളമടവാർമുലയിൽ മെതുമെതമരുവുമമലഹിമതോയം.”
ഉല്ലാസിതാളിനവ ചവ്വാതു തേച്ചു തരിയില്ലാപ്പൊടിത്തരമനേകം
ഉല്ലളിതമൃദുസുരഭി പാകനിരതടവി മുഹുരുല്ലസിതമുടലിലഭിഷേകം;
ഉടലുന്നിലാവു നിറമരികുന്തലപ്പണിയുമണിവിദ്രുമദ്യുതിനിദാനം
ഉപരിചിതമരയിലൊരു കനമയതുകിൽ തടവി നിരതിശയമധുരിമനിധാനം;
ആകമ്രപൊൽക്കമലനൂൽകൊണ്ടുനെയ്തുനെറിപാകുന്നമേല്പുടവരമ്യം
ആക നവകളഭരസമാകലിതമുടൽ വടിവു മോഹനമിതുദയരവി പോലെ
അതുലോപഭംഗരസഭരിതം പ്രിയൈസ്സഹിതമശനം കഴിഞ്ഞു വഴിപോലെ
അധിസമിത കൃതവസതിമലർവിശിഖധരണിപതിമഖിലബലമഴകൊടു പുണർന്നൂ.
മുഗ്ദ്ധാക്ഷിമാർ,
“മുട്ടുപ്പിച്ചകമാലകൊണ്ടു തലയിൽക്കെട്ടിത്തനിക്കുങ്കുമ-
പ്പട്ടക്കോപ്പുമണിഞ്ഞു മുഗ്ദ്ധഹസിതശ്രീചാമരാലംകൃത”രായിട്ടു്,
“പുഷ്ടാഭോഗമെടുത്തിടുങ്കരതലേ താംബൂലമംഭോരുഹം മറ്റേക്കയ്യിലും”

എടുത്തുകൊണ്ടു് വന്നു തൊഴുതു നിന്നു.

“നക്ഷത്രങ്ങളെ മുന്നകമ്പടി നടത്തിക്കൊണ്ടു നൽച്ചന്ദ്രികാ
മഗ്രേ ചാരു നിധായ വിശ്വമലിയിച്ചാനന്ദപാഥോനിധൌ;
ഉൽക്കണ്ഠാമകമേ വളർത്തതരുണീയൂനോരനൂനശ്രിയാ
വിഖ്യാതോദയമിന്ദു വന്നു തൊഴുതു രാജാജ്ഞയാ സാദരം.”

‘മലയപവനൻ’ എന്നു പ്രസിദ്ധനായ മാടമ്പി ‘കുല ചില’ ധരിച്ചുകൊണ്ടു് കാമന്റെ അടുത്തു വന്നു നിന്നിട്ടു് ‘മലയജ രസവാഹീ വല്ലരീമഞ്ജരീണാമിളകിന പൊടി’യെ അംബരത്തിൽ നാലുപാടും പരത്തി. വസന്തം ‘പൊൽപ്പുതുപ്പൂംപരിമളം’ അണിഞ്ഞു് ഉപാത്താനുഭാവനായി അളിപടലത്തെയെല്ലാം ഘോഷണം ചെയ്തുകൊണ്ടു നളിനവിശിഖന്റെ സമീപത്തെത്തി. സർവർത്തുകളും വിബുധാംഗനങ്ങളും കാമദേവന്റെ തുണയ്ക്കായി വന്നു ചേർന്നു.

ഇപ്രകാരം ഉദ്ധതാത്മാവായി ചാടിപ്പുറപ്പെട്ട മദനഭ്രപതിക്കു പറ്റിയ അപകടമാണു് ഈ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നതു്. പുരാണത്തിൽനിന്നു് കവി അവിടവിടെ വരുത്തിയിരിക്കുന്ന വ്യതിയാനങ്ങളെല്ലാം അവസരോചിതമായിട്ടുണ്ടു്. ശിവതപോവർണ്ണനെയും മറ്റും വളരെ ഹൃദയംഗമമായിരിക്കുന്നു.

ഈ പ്രബന്ധത്തിലെ പദ്യങ്ങൾ എല്ലാം ഭാഷാരസപ്രധാനങ്ങളാകയാൽ ഉത്തമമണിപ്രവാളകോടിയിൽ ഗണിക്കപ്പെടാവുന്നതാണു്. സംസ്കൃതപദ്യങ്ങൾ അതി വിരളങ്ങളാകുന്നു.

ഗൌരീശങ്കരം പ്രബന്ധം

ഈ പ്രബന്ധത്തെ ഈയിടെയ്ക്കു കൊച്ചീഭാഷാപരിഷ്ക്കരണക്കമ്മറ്റിക്കാർ അച്ചടിപ്പിച്ചിട്ടുണ്ടു്. ഇതിലെ ഇതിവൃത്തം ദേവീമാഹാത്മ്യത്തിൽനിന്നു് എടുത്തിട്ടുള്ളതാണു്. പണ്ടു്, “കണ്ടോളംപേടി ചേരും ബഹുവിധകുഹനാം ശക്തിശാലീസുരസ്ത്രീ വണ്ടാർ പൂങ്കൈശികാകർഷണസുരഭിലദുർവാരദോവീര്യ ഭൂമാ” വായിമഹിഷാസുരൻ എന്നൊരു അസുരചക്രവർത്തി, ഓരോ ലോകങ്ങളിൽചെന്നു് അവിടവിടെ മേവുന്ന നാനാജനൌഘങ്ങളെ ദൂരെത്താട്ടിക്കളഞ്ഞതിന്റെശേഷം തത്തൽ സ്ഥാനങ്ങളിൽ അഭിമൽ സചിവന്മാരെ വാഴിക്കയും സുരന്മാരെ തോല്പിച്ചു് അവരുടെ പദവികളെല്ലാം അപഹരിക്കയും ചെയ്തിട്ടു്, ഭൂരിഭാഗ്യോപഭോഗ്യമായ സ്വാരാജ്യൈശ്വര്യത്തെ അവ്യാഹതമായി അനുഭവിച്ചുകൊണ്ടു് വാണിരുന്നു. അക്കാലത്തു് അസുരന്മാർ നടത്തിയ ബ്രഹ്മഹത്യാദി പാപങ്ങൾക്കും ഹോമവിഘാതങ്ങൾക്കും കണക്കില്ലായിരുന്നു.

“ഊക്കേറും ചിക്ഷുരാദ്യൈർമ്മദമിളകിന സേ-
നാധിപൈർവ്വിശ്വചക്രം
കാൽ കീഴാക്കി പ്രകാമം പുകഴ്‍പെരുകിന കൈ-
ലാസശൈലേപി സോയം;
സാക്ഷാദ്വൈകുണ്ഠലോകത്തിലുമരിയ പരി-
ഭ്രാന്തിചേർത്തെന്നു വേണ്ടാ,
ദോർഗ്ഗവംകൊണ്ടു മൂർത്തിത്രയമപി വിദധേ
പേർത്തുമാതങ്കപാത്രം.”

അങ്ങനെ ഇരിക്കേ, ഒരിക്കൽ അഖില ജഗൽപതിയായ മഹാവിഷ്ണു പാലാഴിയിൽനിന്നു് ഝടിതി പുറപ്പെട്ടു്, ‘കൈലാസാചലമുകളിൽ’ എഴുന്നള്ളിയിരുന്ന പരമശിവനെക്കണ്ടു്, അദ്ദേഹവുമായി “മഹിഷവധത്തിന്നെന്തൊരു കഴിവെന്നൊക്കെക്കൂടി നിരൂപണ കലകൾ പലതും ചെയ്തു.” ആ അവസരത്തിൽ ഇന്ദ്രാദ്യമരകൾ ‘നാടും വീടും, പാടെ കൈവിട്ടു്’ അംബുജയോനിയെ മുമ്പിൽ നടത്തിക്കൊണ്ടു് അവിടെച്ചെന്നു്, ‘ജഗത്ത്രയരക്ഷണദീക്ഷിതരായ മഹേശ’ന്മാരോടു് തങ്ങളുടെ ദുഃഖങ്ങളെ ഉണർത്തിച്ചു. ദേവന്മാരുടെ അർത്തഗീരുകൾ കേട്ടപ്പോൾ,

“പ്രകടിതഘോരഭൂകുടീഭീമേ തിരുമുഖകമലേ
വിശ്വാധീശന്മാർക്കു തദാനീമച്ചോ! കിമപി പകർന്നൂ ഭാവം.
തിരുനയനങ്ങൾ കലങ്ങിമറിഞ്ഞൂ; ശിവ ശിവ ചിത്രം തലമൂടേറിന
കോപത്തോടും പരമശിവാച്യുതനിർഗ്ഗതമായൊരു
തേജോ വിഭവംകൊണ്ടു വിഭാവിതവദനഭുജങ്ങളുമബ്ജഭവാദി
സുരോത്തമമഹസാ കല്പിതപാദാദ്യവയവഭേദവുമൊക്കെപ്പൂണ്ടു്”

അവിടെ ആവിർഭൂതയായകാർത്ത്യായനി ഹരിയാൽ സംഭാവിതമായ ചക്രത്തോടും, സമുദ്രത്താൽ ദത്തമായ ശംഖപത്മാദികളോടും, ശിവൻ നൽകിയ ശൂലത്തോടും, അനില വിതീർണ്ണമായ പോർവില്ലിനോടും, അക്ഷയസായകതൂണീയുഗത്തോടും, അഗ്നികൊടുത്ത ശക്ത്യായുധത്തോടും, വലമഥനാർപ്പിതമായ വജ്രത്തോടും, കാലൻ നൽകിയ വാൾ, പരിച മുതലായവകളോടുംകൂടി ‘ചടുല സടാവലി ഭാസുരഘോരേ കേസരിവിരേ ഝടിതികരേറി’ ‘ത്രിഭുവനമൊക്കെ വിറക്കുംപരിച’ ഭയങ്കരമായി ഒന്നു അട്ടഹസിച്ചു. അപ്പോൾ ദർപ്പാന്ധനായ മഹിഷൻ, ആ ‘സിംഹപ്രണാദം പുലമ്പും’ ദിഗ്ഭാഗം, നോക്കി “കല്പാന്താം ഭോധിപോലേ ദിശിദിശി പടരും വാഹിനീഭിസ്സമേതം” തിരിച്ചു. ദേവി ആ ദുഷ്ടനെ നിഗ്രഹിച്ചതിനുശേഷം ഗണസമൂഹത്തോടുകൂടി തുഹിനഗിര’തടകാനനത്തിലേക്കു മന്ദമന്ദം യാത്രയായി. ശ്രീഗൌരി അവിടെ തന്റെ തോഴിമാരോടുംകൂടി ക്രീഡിച്ചുകൊണ്ടിരിക്കവേ, ഗവിഷ്ഠന്മാരും ലോകകണ്ടകരുമായ സുംഭനിസുംഭന്മാരുടെ ദൂതന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയെ കാണുകയും വിവരങ്ങൾ തങ്ങളുടെ യജമാനനെ അറിവിക്കയും ചെയ്തു. അസുരന്മാർ ആ ദൂതന്മാർമുഖേന അംബികയെ വശീകരിക്കാൻ നോക്കി. ആ ശ്രമം ഫലിച്ചില്ലെന്നു കണ്ടപ്പോൾ അവർ യുദ്ധത്തിനു ഒരുമ്പെട്ടു. ദേവി സപ്തമാതാക്കളെയും വീരഭദ്രാദികളെയും സൃഷ്ടിച്ചു് അസുരനിഗ്രഹം നിഷ്പ്രയാസം സാധിച്ചു. അനന്തരം സുംഭനിസുംഭന്മാരുടെ ഭാഗനേയനായ രക്തബീജൻ യുദ്ധത്തിനണഞ്ഞു. അവനും യുദ്ധത്തിൽ മരിച്ചു. ദേവന്മാരുടെ സ്തുതിയോടും ആപൽക്കാലത്തു ലോകരക്ഷാർത്ഥം ഇനിയും അവതരിക്കുമെന്നുള്ള ദേവിയുടെ വാഗ്ദാനത്തോടുകൂടി കഥ അവസാനിക്കുന്നു.

കവിതാരീതി സാമാന്യം നന്നായിട്ടുണ്ടു്. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിവാൻ തരമില്ല.

രാമാർജ്ജുനീയം പ്രബന്ധം

ഈ കൃതി അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. കവിത വലിയ തരക്കേടില്ല. പരശുരാമനും കാർത്തവീര്യാർജ്ജുനനും തമ്മിൽ നടന്ന യുദ്ധത്തെ വിഷയീകരിച്ചു രചിക്കപ്പെട്ടിരിക്കന്നതിനാലാണു് രാമാർജ്ജുനീയം എന്നു പേർ നൽകിയിരിക്കന്നതു്. കവി ആരെന്നു നിശ്ചയമില്ല. മാതൃകയ്ക്കായി രണ്ടു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കുന്നു.

“നാളികോൽഭൂതജായേ! ജയജയ! നളിനാദ്രീന്ദ്രകന്യാസ്വരൂപേ!
ത്രൈലോക്യാനന്ദശീലെ! ജയജയ! നിതരാം മുഗ്ദ്ധചന്ദ്രാർദ്ധമൌ
ചേലെത്തും പാണി പത്മോജ്ജ്വലജപപടികാപുസ്തകാഭീഷ്ടരമ്യേ!
മേലേ വാഗീശ്വരി! നീ ജയജയ! നടമാടീടു ജിഹ്വഗ്രരംഗേ.”
“അന്നേരം തെങ്ങുംകൊണ്ടും കൊടിയ കുശകൾകൊ-
ണ്ടും കുമച്ചാർത്തഭാരോ-
ത്സന്നാനോടിച്ചു ശിഷ്യൻ ഗളഭുവി സുരഭേ-
ഗ്ഗാഢബദ്ധാഗ്രപാണിം
നന്നേ തച്ചും കുമച്ചും വപുഷി ഞെടുഞെടെ-
ക്കുത്തിയും മുഷ്ടികൊണ്ടേ- നിന്നത്ര വേർപെടുപ്പാൻ പലവഴി പലരും
വ്യാപരിച്ചാരനേകം.”
ഗദ്യം:“തസ്മിൻകാലേ വിസ്മയനീയ-
പരാക്രമശക്ത്യാ നിഹതസമസ്ത-
ക്ഷത്രിയസേനാ ചോരപ്പുഴകളിൽ
മുങ്ങിപ്പൊങ്ങിയുമോളമെടുത്തും
കുളിച്ചുകളിച്ചും പാഞ്ഞ നിണത്തെ
നിറച്ചുകുടിച്ചും പച്ചയിറച്ചി
തലച്ചോറെന്നിവ പാടേ തിന്നും
വികൃതഭയങ്കരചെകിതം കാട്ടി
ക്കൈയുംകൊട്ടിക്കിമപി ചിരിച്ചും
കൂത്തുംപാട്ടും പലവു തുടർന്നും
മേളം കോലിന കൂളീഭൂത-
പിശാചഗണാനാം
കേളീകലവികൾ കണ്ടു രസിച്ചു
… … … ”
ശ്രീമതീസ്വയംവരം

ഈ കൃതിയ്ക്കു് മറ്റു ചമ്പുക്കളോളം പഴക്കം തോന്നുന്നില്ല. ഗ്രന്ഥകർത്താവു് ആരെന്നു നിശ്ചയമില്ല. സ്വയംവരത്തിനു് ആളുകൾ തിക്കിത്തിരക്കി വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.

“തട്ടക്കച്ചമുഷിഞ്ഞപട്ടുമരയിൽക്കെട്ടിക്കരക്കത്തിയും
കട്ടാരം വടിയും പിടിച്ചു പുടവക്കെട്ടും ചുമന്നങ്ങനെ;
ഇഷ്ടത്തിൽ ചില വാക്കുകൊണ്ടുചെകിടും പൊട്ടിച്ചു പൃത്ഥീജൂഷാം
പട്ടന്മാർ പലർ കൂട്ടമായ് പ്രവിവിശുർഗ്ഗേഹേ നരാണാം പതേഃ
ഉടലുമറയ്ക്കും കുടയും കക്ഷേ വച്ചിട്ടു വട്ടിപുസ്കതവും;
വടിവൊടുവന്നാരേവം വായുംപൊത്തീട്ടു വാരിയപ്രവരാഃ
രോമവിഹീനശിരസ്കാ മഹദുദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജന്മാശ്രോത്രിയാസ്തൂർണ്ണം”

ശ്രീമതി വിവാഹമണ്ഡപത്തിൽ വന്നപ്പോൾ ഓരോരുത്തർക്കുണ്ടായ അവസ്ഥകളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“നാരീകുലശിഖാരത്നം നേരേപോന്നുവരുംവിധൌ
മാരാവേശവശാദ്യൂനാമോരോ ഭാവാസ്തദാഭവൻ.
ഒരുവൻക്രമുകൈസ്സാർദ്ധം വിരൽകൂട്ടി നുറുക്കിനാൻ
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന.
നൂറുതിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ
തമ്പലം കളവാൻതൂർണ്ണ…വെച്ചിരുന്നഥ”

ഒരു ഗദ്യശകലം കൂടി മാതൃകയ്ക്കായി ചേർക്കുന്നു.

“തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും;
അളകാവലിയൊടു തോറ്റിട്ടപ്പൊഴു-
മളിനികരം മുരളുന്നിതുപോലെ
അളികതലത്തൊടു തോറ്റോരുഡുപതി-
ശകലം പശുപതി ജടയിലൊളിച്ചു.
ചില്ലിയുഗത്തൊടു തോറ്റോരലർശര
വില്ലിനു നിയതം ചെപ്പുവിരുന്നു.”

ഈ കൃതിക്കു പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ഒരു നല്ല സ്ഥാനം കല്പിക്കാൻ നിവൃത്തിയില്ല.

ഇനിയും അസംഖ്യം ചമ്പുക്കൾ ഭാഷയിൽ ഇക്കാലത്തുതന്നെ ഉണ്ടായിട്ടുണ്ടു്. അവയെല്ലാം ഒരു കാലത്തു പുറത്തു വരുമെന്നു് നമുക്കു് പ്രത്യാശിക്കാം. എന്നാൽ അക്കാലത്തുവായിച്ചു രസിക്കാൻ ആളുകളുണ്ടാകുമോ എന്നേ സംശയമുള്ളു. ഇപ്പോൾതന്നെ ചമ്പുക്കളോടു കണ്ണുരുട്ടുന്ന പണ്ഡിതന്മാർ വേണ്ടുവോളമുണ്ടു്. സംസ്കൃതപദം എന്നു കേട്ടാൽതന്നെ കണ്ണു ചുവപ്പിക്കുന്ന ഭാഷാഭിമാനികളുടെ സംഖ്യ വർദ്ധിച്ചുവരുന്നതു കാണുമ്പോൾ സന്തോഷമോ സന്താപമോ ഉണ്ടാകേണ്ടതെന്നു അറിയുന്നില്ല. മുഖനഖാദിപദങ്ങൾ മലയാളമാണെന്നു ഈ ഭാഷാഭിമാനികൾ പറയുമായിരിക്കാം. അല്ലാതെന്തുനിവൃത്തി? സാമുദായികജീവിതത്തിനു് മുഖവും നഖവും വേണ്ടേ? മുഖമുണ്ടെങ്കിൽ പഞ്ചാരവാക്കു് പറഞ്ഞു് ആളുകളെ വശപ്പെടുത്താം. നഖം ആയുധമില്ലാത്ത കാലത്തു് ശത്രുസംഹാരത്തിനു ഉപകരിക്കയും ചെയ്യും. ഇവ രണ്ടും മലയാളികൾക്കു ഇല്ലെന്നു ആരെങ്കിലും പറയുമോ? പക്ഷേ ചമ്പുക്കളിൽ കാണുന്നനല്ല ഭാഷാപ്രയോഗങ്ങളെ ഇക്കൂട്ടർ സ്വീകരിക്കുമോ എന്തോ? ഇന്നത്തെ നിലയ്ക്കു് സംസ്കൃതം കൂടാതെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെയാണു് തീർന്നിരിക്കുന്നതു്. ഭാഷാപദങ്ങൾ മിക്കവാറും പ്രചാരലുപ്തങ്ങളായ് ഭവിച്ചിരിക്കുന്നു. ഭാഷാശുദ്ധിയിൽ എഴുത്തച്ഛകൃതികളെപ്പോലും അതിശയിക്കുന്ന കൃഷ്ണഗാഥ ഇന്നുള്ളവർ വായിക്കുന്നുണ്ടോ? ഇല്ലെന്നുതന്നേ പറയാം. അതിൽ തമിഴുപദങ്ങൾ അധികമാണുപോലും. അഹോ! എന്തൊരു ദയനീയസ്ഥിതി? നമ്മുടെ സ്വന്തവാക്കുകളെയെല്ലാം തമിഴാണെന്നു പറഞ്ഞു തള്ളിക്കളയുന്നു. സംസ്കൃതമോ പാടില്ലതാനും. എന്നാൽ സംസ്കൃതത്തെപ്പഴിച്ചു് ഭാഷാഭിമാനികൾ എഴുതുന്ന ലേഖനങ്ങളിൽപോലും തൊണ്ണൂറു ശതമാനം സംസ്കൃതപദങ്ങൾ കാണുന്നതാണു് ആശ്ചര്യം. യഥാർത്ഥ ഭാഷാഭിമാനം ഉണ്ടെങ്കിൽ ചമ്പുഗ്രന്ഥങ്ങൾ പാരായണം ചെയ്കയും അതിലുള്ള നല്ല ഭാഷാപദങ്ങളേയും ഭാഷാപ്രയോഗങ്ങളേയും പുനർജീവിപ്പിക്കയും ചെയ്യേണ്ടതാണു്. അല്ലെങ്കിൽ നമ്മുടെ പദദാരിദ്ര്യം വർദ്ധിച്ചുവരികയും നാം വിദേശീയപദങ്ങളെ തേടിപ്പോക്കേണ്ടതായി വരികയും ചെയ്യും‘ഏഴ’ ‘കോഴ’ ഈ രണ്ടു പദങ്ങൾതന്നെ നോക്കുക. ഇവ തമ്മിലുള്ള അർത്ഥവ്യത്യാസം ഇന്നുള്ളവരിൽ പലർക്കു അറിഞ്ഞുകൂടെന്നു തീർച്ചയായും പറയാം. മുറുവൽ എന്നു കേട്ടാൽ മുറുമുറുക്കുന്നവരും മന്ദഹാസം തൂകുന്നവരും ധാരാളം ഉണ്ടു്. സത്യവാദികളാണെന്നു അഭിമാനിക്കുന്നവരും പട്ടാങ്ങുപറയാറില്ല. സംസ്കൃതത്തോടു വെറുപ്പുള്ളവരും വെറും ഭാഷാപദങ്ങളോടു് സംസ്കൃതപ്രത്യയം ചേർത്തുവരുന്നു. ‘മണ്ടത്തി’ എന്നു പ്രാചീന മണിപ്രവാളക്കാരന്മാർ പ്രയോഗിച്ചതു ആക്ഷേപമായിപ്പോയെന്നു പറയുന്ന ശ്വാസത്തിൽതന്നെ തങ്ങളുടെ ‘ബുദ്ധികൂർമ്മത’യെപ്പറ്റി പുകഴ്ത്തുന്നവർ അനവധിയുണ്ടു്. ബുദ്ധിക്കു കൂർമ്മ ആവശ്യം വേണ്ടതുതന്നെ. കൂർമ്മത നിന്ദ്യവും ആണു്. കൂർമ്മം മന്ദഗാമി ആണെന്നു പ്രസിദ്ധമാണല്ലോ? ആ സ്ഥിതിയ്ക്കു് അതിന്റെ അവസ്ഥ ബുദ്ധിക്കു വരുന്നതു എങ്ങനെ പ്രശംസാർഹമാകും? പണ്ഡിതരാജരാജനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭിമാനവിജൃംഭണത്താൽ ഭാഷാപദങ്ങളെ കഴിയുന്നതും പുനർജ്ജീവിപ്പിക്കാൻ “മേഘസന്ദേശാദി” കാവ്യങ്ങളുടെ തർജ്ജിമവഴിയ്ക്കു് ശ്രമിച്ചു. എന്നാൽ അവയെ ദേശ്യപദ പ്രചുരങ്ങളെന്നു പറഞ്ഞു് പരിഹസിക്കാൻ നമ്മുടെ സംസ്കൃത വിദ്വേഷികൾതന്നേ ഒരുമ്പെടുന്നു. ശാകുന്തളത്തെ ആവുന്നത്ര അർത്ഥം കളയാതെ അദ്ദേഹം ഭാഷയിലേക്കു് വിവർത്തനം ചെയ്തു. എന്നാൽ “തർജ്ജിമയ്ക്കു മാധുര്യമില്ല; ഒഴുക്കില്ല” എന്നൊക്കെ പറഞ്ഞു അപഹസിക്കുന്നവരും ഈ ഭാഷാഭിമാനികളാണു്. ആധുനിക ഗദ്യത്തിൽ സംസ്കൃതം കൂടിപ്പോയെന്നു നിലവിളിക്ക മാത്രമല്ല; ആ വിഷയത്തെപ്പറ്റി ഒരു ചെറിയ ഗ്രന്ഥം പ്രസിദ്ധീകരിക്കകൂടി ചെയ്ത ഒരു പണ്ഡിതൻ ഈയിടെ എഴുതിയ ഒരു ഗദ്യത്തിന്റെ ഒരു ഭാഗം കൂടി ചേർത്തു് ഈ പ്രകൃതത്തെ ഉപസംഹരിച്ചുകൊള്ളുന്നു.

“ആ മഹാറാണിറീജന്റു് തിരുമനസ്സിലെ സംഗതിയിൽ നാം ഉത്തരോത്തരം അനുഗൃഹീതരായിരിക്കുന്നു. തിരുമനസ്സിലെ പാടവം സൌശീല്യം, സുജ്ഞാനം, സർവാശ്ലേഷകമായ അനുഭാവം എന്നിവയെല്ലാം ദൈനന്ദിനം കരതലാമലകമാക്കപ്പെടുന്നു. ആ തിരുമനസ്സിലെ നേർക്കു പ്രവഹിക്കുന്ന കൃതജ്ഞതയാൽ ഹല്ലോലകല്ലോലിതമാകാത്ത ഹൃദയം നമ്മളിൽ ഏതു വ്യക്തിക്കെങ്കിലും ഉണ്ടോ?”

“വിവിധ കാലാവസ്ഥകളിലും ശാന്തജലസുരക്ഷിതനൌകാശയമാകത്തക്കവണ്ണം പ്രസ്തുതനൌകാശായം ചിരകാലാനന്തരം പ്രത്യാഗമിച്ച അഹേതുകപ്രകൃതിവിധാനമായ ചെളിക്കരയാൽ പരിവൃതമായതാണു് ഈ ഭാഗ്യോദയത്തിനു കാരണം.”

“സംസ്കൃതത്തിന്റെ സമ്മർദ്ദംകൊണ്ടു് മലയാളഭാഷയ്ക്കു് ആശാസ്യമല്ലാത്ത ഒരു പരിണാമം സംഭവിച്ചിരിക്കുന്നു. കേവലം പ്രൌഢിക്കും പ്രതാപത്തിനുമായി വേണ്ടിടത്തും വേണ്ടാത്തിടത്തും അപ്രസിദ്ധങ്ങളായ സംസ്കൃത ശബ്ദങ്ങൾ കുത്തിത്തിരുകിവയ്ക്കാത്ത കൃതികൾ ഇന്നും പ്രായേണ ദുർല്ലഭമാണെന്നു തന്നെ പറയാം” എന്നും,

“ഭാഷാന്തരീകരണത്തിനായി പുറപ്പെടുന്നവർ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഒന്നാമതു് ഉഭയഭാഷകളിലും നല്ല പാണ്ഡിത്യം ഉണ്ടായിരിക്കണം. മലയാളഭാഷയുടെ മർമ്മം ഗ്രഹിക്കാതെ നിഘണ്ടു നിവർത്തിവച്ചു ഭാഷാന്തരപ്പെടുത്തിയാൽ മൂലഭാഷയുടെ ജീവൻ തർജ്ജമയിൽ കണികാണുകപോലും ഇല്ല.” എന്നും ഉപന്യസിച്ചിരിക്കുന്ന വിദ്വാനാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ഗദ്യഭാഗം എഴുതീട്ടുള്ളതു്. പറയാൻ ഒരു പ്രയാസവുമില്ല; പറയുന്നതുപോലെ പ്രവർത്തിക്കുന്ന കാര്യമേ വിഷമമായിട്ടുള്ളു.

പാട്ടുകൾ

സംസ്കൃതപ്രഭാവകാലത്തിന്റെ ഉത്തരഭാഗത്തിലും പലേ പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. അവയിൽ, ഭൂരിഭാഗവും ഗ്രന്ഥപ്പുരകളിൽ ചിതലിന്റെ മുതലായി കിടക്കുന്നതേയുള്ളു. ഈ പാട്ടുകളെല്ലാം സാഹിത്യരസപ്രചുരങ്ങളാണെന്നു പറയാവുന്നതല്ലെങ്കിലും ചരിത്രകാരന്നു അത്യന്തം ഉപയോഗപ്രദങ്ങളാകുന്നു.

പരശുരാമചരിതം

ഈ കൃതി ഈയിടയ്ക്കു് എന്റെ മാന്യസുഹൃത്തയാ മഹോപാധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ള കണ്ടു പിടിച്ച ഒരു പഴയ പാട്ടാകുന്നു. രാമചരിതത്തിലേയും കണ്ണശ്ശകൃതികളിലേയും വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ടു്. കവി ‘മുമ്മുനിയൂർ അമരിന ശങ്കര’നാണെന്നു

“അവനിയിൽ നന്മമികും മുമ്മുനിയൂ-
രമരിനശങ്കരനാം കൈലാസൻ (?)
വിവിധം ഭാഷാമിശ്രിതമാകിന
ബ്രഹ്മാണ്ഡം ദശിച്ചു ചമച്ചിതു.”

എന്ന ഭാഗത്തിൽ നിന്നു് അറിയാം. ഇരുന്നൂറ്റി ഇരുപത്തി അഞ്ചു പാട്ടുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കവിതയ്ക്കു കണ്ണശ്ശൻ പാട്ടുകളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. പദ്യങ്ങൾക്കു നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. രണ്ടു പാട്ടുകൾ താഴെ ഉദ്ധരിക്കുന്നു. കവിത കൊ. വ. ഏഴാം ശതകത്തിലുണ്ടായതാണെന്നു തോന്നുന്നു.

“ശ്രീമദീശനഖിലാധിപനന്തസുഖദൻ,
ശ്രീമൃഡൻ വിഭുരുമാപതിരതീവ ശുഭദൻ
ശ്രീമുകുന്ദഹൃദയസ്ഥലഗൃഹസ്ഥനധികൻ,
ശ്രീമഹാശിവനനുത്തമമഹത്ത്വവദാന്യൻ
ശ്രീമൃഗാരവദയായുതനുദാരവരദൻ,
ശ്രീമഹീധരധനുർദ്ധരവിദഗ്ധപുരുഷൻ,
ശ്രീമതംഗമുഖസജ്ജനകനഞ്ജനഗളൻ,
ശ്രീമദീയഹൃദി സംഭവതു ശംഭുരതിനു-
ഞാനമീടിന കവീന്ദ്ര തുണയാക സതതം
നാന്മുഖൻ മുതലെറുമ്പളവുലോകരുമെല്ലാം
ഊനമറ്റു ഗുരഗവവുമെനിക്കു തുണയാ-
യൂഴിതന്നിൽ വിളയാടുക മദീയശരണായ്
ഞാനുവന്നിനിയ ശ്രീപരശുരാമചരിതം
ഞായമോടുരചെയ്യിൻറതതുകേൾക്കുമവരും
തേനുറുന്നമൊഴികൊണ്ടുരചെയ്യിൻറവർകളും
ദിവ്യരാക പലകാലവുമിരുന്നു സുഖമേ.”
പടപ്പാട്ടു്

കേരളത്തിൽ പല കാലങ്ങളിലായി ഒട്ടുവളരെ പടപ്പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. “ഹര്യക്ഷ സമരോത്സവം” ഈ ഇനത്തിൽപെട്ട ഒരു പാട്ടാണു്. അതിനു മറ്റംപാട്ടെന്നുകൂടി പേരു പറഞ്ഞുവരുന്നു. അതിൽനിന്നു് കേരളത്തിൽ അക്കാലത്തു നടന്നിരുന്ന ഓണത്തല്ലിനേപ്പറ്റി പലതും നമുക്കു ഗ്രഹിക്കാം.

ഈ ഗ്രന്ഥം ഇതേവരെ അച്ചടിപ്പിച്ചിട്ടില്ല. ഒരു പകർപ്പു മലയാളം ക്യുറേറ്റർ ആഫീസിലും മറ്റൊന്നു കൊട്ടാരം ഗ്രന്ഥപ്പുരയിലും ഇരിപ്പുള്ളതായി അറിയാം. ഗ്രന്ഥകർത്താവും ചെപ്പുകാട്ടിലെ ഒരു തിരുനീലകണ്ഠൻ ആയിരുന്നു. ചെപ്പുകാട് എന്നു് പറഞ്ഞിരിക്കുന്നതു ചേപ്പാടായിരിക്കുമെന്നു തോന്നുന്നു. പേരിന്റെ മുമ്പിൽ തിരു എന്നു കൂട്ടിചേർത്തിരിക്കുന്നതിനാലും, താൻ മടപതിമാരിൽ ഒരാളാണെന്നു് കവി തന്നേ പറഞ്ഞിട്ടുള്ളതിനാലും, അദ്ദേഹം ചേപ്പാട്ടു താമസിച്ചിരുന്ന ഒരു നായർ നാടുവാഴി ആയിരുന്നു എന്നൂഹിക്കാം.

“ചമച്ചതോ ചെപ്പുകാടമർന്നിടും
കേടില്ലാ മടപതിമാർ പലരുള
രതിൽ ഉണ്ടു തിരുനീലകണ്ഠനെന്നൊരു
ദേഹമുണ്ടാക്കിയിതു തന്നെ;
കണ്ടിയൂർ മററം പടപ്പാട്ടിതു
പടിപ്പോരും കേൾപ്പോർ നാമും വാഴ്ക.”

ചിങ്ങമാസത്തിൽ തിരുവോണത്തിനു കണ്ടിയൂരിനു സമീപത്തുള്ള കരക്കാർ രണ്ടു ചേരികളായി പിരിഞ്ഞു നടത്താറുണ്ടായിരുന്ന സമരമാണു് ഇതിലെ പ്രതിപാദ്യവിഷയം. രാജാക്കന്മാർപോലും ഈ സമരം കാണുന്നതിനു് എഴുന്നള്ളിയിരിക്ക പതിവായിരുന്നു.

“നീലവട്ടക്കുട നേരെ പിടിപ്പിച്ചു,
നിന്നങ്ങരുളീ സമസ്ത ജനത്തൊടും
നിന്നരുളുന്നേരം മന്നൻ ചിറവായി
നീതിയോടേ മൂപ്പുവാഴുന്ന മന്നനും
ഒന്നൊഴിയാതിളം കൂറുവാഴ്–മന്നരു-
മൊക്കവേ തംകളമാത്യജനത്തൊടും.”

എഴുന്നള്ളിയിരുന്നത്രേ.

ഈ സമരം കാണ്മാൻ വന്നിരുന്നവരുടെ കൂട്ടത്തിൽ

“… നത്ത്രാണിയും ചോനകർ,
നാഗർ മരുവും മണിഗ്രാമവും ബ്രഹ്മരും
തുള്ളുവർ പരദേശി സന്യാസിയും ദൂതന്മാർ”

എന്നു തുടങ്ങി പലരും ഉൾപ്പെട്ടിരുന്നു.

ഈ കൃതിക്കു പറയത്തക്ക കവിതാ ഗുണമൊന്നുമില്ല.

മറ്റത്തിനു സമീപമുള്ള ദേശങ്ങളിലേ നാട്ടുകാർ രണ്ടു ചേരികളായി പിരിഞ്ഞു് മത്സരിച്ചു നടത്തിയ ഒരു ഓണത്തല്ലാണു് ഈ പാട്ടിലെ വിഷയം എന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക നാടുവാഴികളും ഓണക്കാലത്തു ഈ മാതിരി തല്ലു നടത്തിക്കൊണ്ടിരുന്നു. തിരുവോണമൂണുകഴിഞ്ഞു് ഉടുത്തൊരുങ്ങി ഉത്സാഹപൂർവ്വം നായന്മാർ തല്ലിനു പോകുന്നപോക്കു് കാണേണ്ട ഒരു കാഴ്ചയായിരുന്നു. ഹര്യക്ഷസമരത്തിന്റെ സ്ഥാനത്തു് ഇന്നു അക്ഷസമരമാണു് നടക്കുന്നതു്. പന്തുകളിയിൽപോലും ഇപ്പോഴത്തെ ചെറുപ്പക്കാർ അത്ര ഉത്സാഹം പ്രദർശിപ്പിക്കാറില്ല. മറ്റത്തു പടയ്ക്കു് ഉത്തരദക്ഷിണ ദേശങ്ങളിലെ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കളും സന്നിഹിതരായിരുന്നു് പടയാളികളെ യഥോചിതം പ്രോത്സാഹിപ്പിക്ക പതിവായിരുന്നു.

രുക്മാംഗദചരിതം ഗാഥ

ഈ കൃതിയെ എന്റെ മാന്യമിത്രമായ മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപിള്ള അഭിനവകല്പഗ്രന്ഥമാലയിൽ തൊടുത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു നല്ല പഴക്കംതോന്നുന്നു. ചമ്പുകാലത്തു് പ്രചുരമായും എഴുത്തച്ഛന്റെ കാലശേഷം വിരളമായും പ്രയോഗിച്ചുവന്ന അനേകം പദങ്ങൾ ഇതിൽ കാണുന്നുണ്ടു്. രുക്മാംഗദനെ മയക്കി, അദ്ദേഹത്തിന്റെ വ്രതഭംഗം ചെയ്‍വാനായി വിരിഞ്ചനാൽ നിയുക്തയായ മോഹിനി, ആ രാജർഷിയുടെ മുമ്പിൽ വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.

“അങ്ങനെ മേവുന്ന കാലത്തുമോഹിനി,
മംഗലമോടു നടന്നുചെന്നാൾ.
മന്ദരമായഗിരിതൻ മുകളേറി
നന്ദിതമോടു വസിച്ചാളപ്പോൾ
അമ്മാനവീണക്കുഴൽ സംഗീതാദികൾ
ചെമ്മെയോരോന്നേ പ്രയോഗിക്കുമ്പോൾ,
മാനുഷാധീശനായുള്ള രുക്മാംഗദൻ
സേനയോടുംകൂടി നായാട്ടിന്നായ്
നീളെനടക്കുന്ന നേരത്തു കേൾക്കായി
നാളീകാക്ഷിതന്റെ വിദ്യകളേ.
ഓരോന്നേ നാദങ്ങൾ കേട്ടുരസിച്ചുനി-
ന്നാരുപോലെന്നുള്ള ശങ്കയാലെ
നേരെ നമുക്കുണ്ടു കാണേണമെന്നിട്ടു
പാരമുഴറിച്ചെന്നീടുന്നേരം
കൊകിലവാണിമാർ മൌലിയായുള്ളോരു
മോഹിനിതന്നേയും കാണായപ്പോൾ.
തിങ്ങിയിരുണ്ടു നീണ്ടുള്ള കാർകൂന്തലും
ഭംഗി തിങ്ങീടും കുറുനിരയും,
ഇന്ദുകലാവടിവായുള്ള നെറ്റിമേൽ
ചന്ദനംകൊണ്ടു തൊടുകുറിയും,
അംഭാജബാണൻ കുടികൊണ്ടിരുപ്പോരു
കമ്രമായുള്ളൊരു കണ്ണിണയും,
കിഞ്ചന നോക്കുമ്പോളഞ്ചലർബാണങ്ങൾ
നെഞ്ചിൽ തറയ്ക്കുന്ന ഭാവങ്ങളും,
നാസികയും വിളങ്ങീടും കപോലവും,
കാതിണയും, മുത്തുത്തോടകളും,
സിന്ദൂരവായ്മലർ മന്ദദഹാസത്തുമ്മേൽ
കണ്മിന്നും ദന്തവും തേൻമൊഴിയും,
ഏറ്റം മനോഹരമെന്നേ പറയാവൂ
ഇമ്മുഖകാന്തി നിനച്ചു കണ്ടാൽ.
കുങ്കുമരേഖ പൂണ്ടുള്ള കഴുത്തതിൽ,
തങ്കുന്ന മാലയും താലികളും,
മാർത്താണ്ഡമണ്ഡലം കൂപ്പുന്ന മാറതിൽ
ചേർത്തുള്ള പോർമുല പാർത്തുകണ്ടാൽ
മാന്താരിൽ ബാണന്റെ കീർത്തിതകും ചെപ്പു-
മാർത്തി പെട്ടീടുമിതെന്നു ചൊല്ലാം.
പാണിയിൽ കോമളമായ വളകളും
ചേണുറ്റ മോതിരം കൈവിരലിൽ,
പൂഞ്ചേലയും ഞൊറിഞമ്പിലുടുത്തിട്ടു്
കാഞ്ചനകാഞ്ചിയും മീതെപ്പൂണ്ടു്,
ഉന്നതമായുരുണ്ടുള്ള തുടകളും,
അന്നനടയും, കടാക്ഷങ്ങളും,
പൊന്നിൻ നിറമാർന്നു മിന്നുന്ന കാന്തിയു-
മൊന്നൊന്നേയിങ്ങനെ കണ്ടു കണ്ടു്
കന്ദർപ്പബാണമാൽ പൂണ്ടു നരാധിപൻ”

കവി സാമാന്യം നല്ല മനോധർമ്മമുള്ള ഒരാളായിരുന്നുവെന്നു്,

“ചാലവേയിങ്ങനെ നീളെ നടക്കുന്നു,
ചീല പുക്കീടും പണം കണക്കേ
ഇക്കണ്ടലോകവുമെന്നെയും നിന്നെയു-
മൊക്കെയുടയനായുണ്ടൊരുത്തൻ.
സൂക്ഷ്മമായിങ്ങനെ നോക്കിനിന്നീടുന്നു,
തൂക്കും തുലാത്തിൽ നാരായം പോലെ”

ഇത്യാദിയായ ഉപമകളിൽനിന്നു കാണാം.

വിഷ്ണുവിന്റെ കേശാദിപാദവർണ്ണനയും ഒരു വിധം നന്നായിട്ടുണ്ടു്. അതു വായിച്ചു നോക്കിയാൽ കവി ഭക്താഗ്രണിയായ പൂന്താനം നമ്പൂതിരിയായിരിക്കുമോ എന്നൊരു പ്രബലമായ സംശയം ആർക്കും ഉണ്ടാകാതിരിക്കയില്ല.

“അർക്കായുതപ്രഭ കൈക്കൊണ്ടിരിപ്പൊരു
പൊൽകിരീടമെന്നിൽ തോന്നേണമേ.
പഞ്ചമിച്ചന്ദ്രനുമഞ്ചും തിരുനെറ്റി
ചഞ്ചലം പോമ്മാറു തോന്നേണമേ.
മാരന്മണിവില്ലിനൊത്ത കുനുചില്ലി
നേരേ മനക്കാമ്പിൽ തോന്നേണമേ.
താമര നാണുന്ന കോമളനേത്രവും
ആമോദമോടെന്നിൽ തോന്നേണമേ.
കാറ്റിലങ്ങാടുന്ന പൊന്നൂയൽ കൈതൊഴും
കർണ്ണവും കുണ്ഡലം തോന്നേണമേ.
ദർപ്പണം പോലെ വിളങ്ങും കപോലവും
ഉൾക്കമലത്തിങ്കൽ തോന്നേണമേ.
ശംഖുമ്മണികൂപ്പിക്കൈതൊഴും കണ്ഠവും
സങ്കടം പോമ്മാറുതോന്നേണമേ.
എത്രയും കൌതുകമായ ശ്രീ കൌസ്തുഭ-
രത്നവുമെന്നുള്ളിൽ തോന്നേണമേ.
ആലോലമാർന്നു ശോഭിച്ചുമേവും വന-
മാലയുമെന്നുള്ളിൽ തോന്നേണമേ.
ഓളംകണക്കേ വളർന്നു വിളങ്ങുന്ന
തോളിണയുമെന്നിൽ തോന്നേണമേ.
ശിക്ഷാജഗത്തിങ്കലൊക്കെവരുത്തുന്ന
തൃക്കരങ്ങൾ നാലും തോന്നേണമേ.
പത്മം ഗദാ ശംഖു ചക്രമിത്യാദിയു-
മെപ്പൊഴുമെന്നുള്ളിൽ തോന്നേണമേ.
താർമകൾ പുല്കും തിരുമാർവിടംതന്നിൽ
താവും ശ്രീവത്സവും തോന്നേണമേ.
നാഭീസരോജവും നാന്മുഖലോകവും
ശോഭിതമാംപാദം തോന്നേണമേ.
മന്മഥത്തേരുരുളൊത്ത ജഘനവു-
മെന്മനക്കാമ്പിങ്കൽ തോന്നേണമേ.
കൈതമലർതൊഴുതീടും കണങ്കഴൽ
കൈതവംകൂടാതെ തോന്നേണമേ.
പല്ലവമായിപ്പതുത്തുള്ളോരുള്ളംകാ-
ലല്ലൽ പോമ്മാറെന്നിൽ തോന്നേണമേ.
കേശം തുടങ്ങിമലരടിയോടിട
കേശവ! കേവലം തോന്നേണമേ.”
ഏകാദശി മാഹാത്മ്യം വരിവണ്ടിൻപാട്ടു്

കിളിപ്പാട്ടു വൃത്തം കണ്ടു പിടിച്ചതു് എഴുത്തച്ഛനാണെന്നാണു് പരക്കെയുള്ള വിശ്വാസം. എന്നാൽ മഹാകവികൾ വൃത്തങ്ങൾ കണ്ടു പിടിക്കുന്നതിനുവേണ്ടി സാധാരണ ബുദ്ധിമുട്ടാറില്ല. ഇതിവൃത്തങ്ങൾപോലും അവർ നിർമ്മിക്ക പതിവില്ലാതിരിക്കേ, ഈ വിശ്വാസം തീരെ അസംഗതമാകുന്നു. രാമായണാദി കൃതികളിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ എല്ലാം മുമ്പു തന്നെ നടപ്പിലിരുന്നവയാണു്. എഴുത്തച്ഛന്റെ യശസ്സു് കിളിപ്പാട്ടു വൃത്തത്തെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. എന്നാൽ ആ വൃത്തങ്ങൾക്കു പ്രചാരം നല്കിയതു് എഴുത്തച്ഛനാകുന്നു. പരമാർത്ഥം പറയുന്നതായാൽ കിളിപ്പാട്ടു വൃത്തം എന്നൊരു വൃത്തമേ ഇല്ല. ഹംസപ്പാട്ടിലും, വരിവണ്ടിൻ പാട്ടിലും, കുയിൽപാട്ടിലും, ഒക്കെ ഉപയോഗിച്ചിരിക്കുന്ന വൃത്തം രാമായണാദി കൃതികളിൽ ഉപയോഗിച്ചിട്ടുള്ള ഒരു വൃത്തം തന്നെയാകുന്നു. ഒരു കവി കുയിലിനേക്കൊണ്ടു പാടിക്കുമ്പോൾ മറ്റൊരുവൻ അന്നത്തിനെക്കൊണ്ടും, മൂന്നാമതൊരുവൻ കിളിയേക്കൊണ്ടും, വേറൊരുത്തൻ വണ്ടിനെക്കൊണ്ടും പാടിക്കുന്നു. എന്നല്ലാതെ വൃത്തത്തിനു ഭേദമൊന്നും ഇല്ല. ഏകാദശീമാഹാത്മ്യം വരിവണ്ടിൻ പാട്ടിൽ നാലു പാദങ്ങളുള്ളവയിൽ ഒന്നാംപാദത്തെ വരിവണ്ടിനേക്കൊണ്ടും, രണ്ടാംപാദത്തെ കുയിലിനേക്കൊണ്ടും, മൂന്നാമത്തേതിനേ കിളിയെക്കൊണ്ടും, അവസാനപാദത്തെ അന്നത്തേക്കൊണ്ടുമാണു് പാടിച്ചിട്ടുള്ളതു്. ഈ കൃതി എഴുത്തച്ഛനു മുമ്പോ പിമ്പോ ഉണ്ടായിട്ടുള്ളതെന്നു ഖണ്ടിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പ്രാചീനമാണെന്നു നിസ്സംശയം പറയാം. ഈ ഗ്രന്ഥത്തേ അഭിജ്ഞോത്തമരായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ളയുടേയും, മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ളയുടേയും പ്രസാധകത്വത്തിൽ അഭിനവകല്പമാലയുടെ നാലാം ലക്കമായി അച്ചടിപ്പിച്ചിട്ടുണ്ടു്. വൃത്തങ്ങൾ ഒന്നു തന്നെ എന്നുകാണിപ്പാനായി നാലു പാദങ്ങളിൽ നിന്നും ഒന്നു രണ്ടു വരികൾവീതം ഉദ്ധരിക്കുന്നു.

“മല്ലികമലർക്കാവിൽ നിന്നു മത്സമീപത്തിൽ
മെല്ലവേ പറന്നീടും നല്ലകാർവരിവണ്ടേ!
നില്ലുനീയുഴറാതെ വന്നിരി പറകെടോ
വല്ലഭമോടു തേനും നല്ല നൽക്കനികളും
ഉല്ലാസം കലരും പൂമധുവും താമസംചെ
റ്റില്ലാതെ നുകർന്നാലുമാനന്ദം വരുമാറു
നേരേ നിൻകഥയിപ്പോളേതാനും പറയണം.”൧.

ഒന്നാംപാദം.

“ചന്ദനക്കുളുർക്കാവിൽ മന്ദമായ് വരുന്നോരു
തെന്നൽ കൊണ്ടനുദിനം കൂവുന്ന കുയിൽപ്പെണ്ണേ
എന്നു നീ വരുമെന്നു ഇങ്ങു പാർത്തിരുന്നു ഞാൻ.”൨.

രണ്ടാംപാദം.

“പൈന്തേനിൻമൊഴിയാളെ പൈങ്കിളി വരികനീ
ചന്തമായിരുന്നാലും ചിന്തമറ്റോർത്തിടാതെ;
സന്തതം നിന്നെക്കാണ്മാൻ ചിന്തയെന്മനതാരിൽ
സന്താപം തീർന്നു മമ നിന്നെക്കണ്ടതിനാലേ.”൩.

മൂന്നാംപാദം.

“കോമളരൂപേ, ഗുണശീലമാലികേ ബാലേ
താമസിയാതെയരികത്തു വാ മനോഹരേ!
ഭൂമിയിൽ പാലും വെള്ളമൊന്നിച്ചു നൽകീടിനാൽ
പൊന്മയരൂപി വെള്ളം ഭുജിപ്പാൻ തെളിക്കുംപോൽ.”൪.

നാലാംപാദം.

ഏകാദശി മാഹാത്മ്യം നാലുവൃത്തം

കവിയേപ്പറ്റിയോ കാലത്തേപ്പറ്റിയോ ഒന്നും അറിഞ്ഞുകൂടാ.

മുകളിൽപറഞ്ഞ കഥയേത്തന്നെ നാലു വൃത്തമായി മറ്റൊരു കവിയോ അതേ കവിതന്നെയോ രചിച്ചിട്ടുണ്ടു്. അതിനേയും അഭിനവഗ്രന്ഥമാലയുടെ അഞ്ചാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കന്നു. കവി മറ്റൊരാളായിരിക്കാനാണു് അധികസാംഗത്യം. അക്ഷരമാലാക്രമത്തിലാണു് ഈ കൃതി രചിച്ചിരിക്കുന്നതു്.

“കണ്ടാലെത്ര മനോഹരനായൊരു
തണ്ടാർ ബാണസമാനൻ ഭുവനേ,
പണ്ടൊരു രാജൻ രുക്മാംഗദനെ
ന്നുണ്ടായീപോൽ നാരായണ ജയ.
കാന്തികലമ്പുമയോധ്യാപുരിയിൽ
മന്ത്രിജനത്തോടൊന്നിച്ചവനും
സന്തോഷാകുലമാനസനായീ
ഹന്തവസിച്ചു നാരായണജയ.” ഒന്നാംവൃത്തം

ഇങ്ങനെ ‘ക’യിയൽ തുടങ്ങി, കാ, കീ എന്നീ മുറയ്ക്കു് ഒടുവിൽ ‘ക’യിൽ അവസാനിക്കുന്നു.

അമ്മലർ മാനിനീ തൻമുല ചേർന്നിടും
നിർമ്മലരൂപനാം കേശവന്റെ
നന്മവരും തിരുവേകാദേശീവ്രതം
ചെമ്മേ തുടങ്ങിനാൻ നാരായണ.
ആനന്ദമേകീടുമേകാദശീതന്നേ
മാനിച്ചുമാലോകരെല്ലാവരും
താനേ വിളിച്ചു പറഞ്ഞു തുടങ്ങിനാൻ
മാനവവീരനും നാരായണ. രണ്ടാം വൃത്തം

എന്നിങ്ങനെ രണ്ടാംവൃത്തം ‘അ’യിൽത്തുടങ്ങി ‘ആ, ഇ, ഈ’ എന്നീ അക്ഷരക്രമത്തിൽ ‘അ’യിൽത്തന്നെ അവസാനിക്കുന്നു. ഇതു് ഗാഥാവൃത്തം തന്നെയാകുന്നു.

“അംഭോജ സംഭവനുമമ്പോടു കാലനുടെ
ഗംഭീരമായ വചനം കേട്ട ശേഷമഥ,
ചെമ്മേ വിലാസരസശൃംഗാരഭംഗിയൊടു
നിർമ്മിച്ചു മോഹിനിയെ നാരായണായ നമഃ”മൂന്നാംവൃത്തം

മൂന്നാംവൃത്തത്തിലെ അക്ഷരക്രമം രണ്ടാമത്തേതിലെപ്പോലെത്തന്നെ.

“മംഗലം പെരുകീടും മഹീപതി
തിങ്കൾ നേർമുഖി മോഹിനിതന്നുടെ
കൊങ്കചേർന്നു വസിക്കുന്ന വൃശ്ചിക-
ത്തിങ്കളും വന്നു നാരായണാ ഹരേ.”
‘മാനവേന്ദ്രനും വൃശ്ചികമാസത്തിൽ
ചേണേലും തിരുവേകാദശിതന്നെ
മാനിച്ചമ്പോടു നോല്ക്കാനൊരുമ്പെട്ടു
മാനിനിയോടും നാരായണാഹരേ.’ നാലാംവൃത്തം

നാലാംവൃത്തം ഇങ്ങനെ മ, മാ, മി എന്നീ ക്രമത്തിലാകുന്നു. ഇതു പാനവൃത്തമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുചേലവൃത്തം വഞ്ചിപ്പാട്ടു് (നാലുവൃത്തം)

ഈ നാലുവൃത്തം വളരെ പ്രാചീനമാകുന്നു. എല്ലാം ദ്രാവിഡവൃത്തങ്ങളിലാണു് എഴുതപ്പെട്ടിരിക്കുന്നതു്. കവിത സാമാന്യം നന്നായിട്ടുണ്ടു്. കുചേലപത്നിയുടെ വിലാപത്തേയും ശ്രീഷ്ണാനുഗ്രഹത്താൽ കുചേലഗൃഹത്തിനു സംഭവിച്ച വലുതായ മാറ്റത്തേയും പ്രതിപാദിക്കുന്ന ഘട്ടങ്ങളെ താഴെ ഉദ്ധരിക്കുന്നു.

“എത്രനാളുണ്ടഹോ ശങ്കാദിനാ ദേവി
യാത്രയും ചെയ്തു വസിച്ചിടുന്നു
മൂലഫലങ്ങളെത്തന്നേ ഭുജിച്ചിനി-
ക്കാലം കളകയസാധ്യമത്രേ.
കണ്ടകമാർഗ്ഗത്തിൽ കന്ദമൂലാർത്ഥമായ്
മണ്ടിനടപ്പാനുമരുതാതായി
കണ്ടജനങ്ങളുടെ വീടുതോറും ഭിക്ഷ
തെണ്ടി നടപ്പാനുമവ്വണ്ണമേ.
രണ്ടനാലുപവാസം കഴിഞ്ഞുമേ
മിണ്ടുവാൻപോലും കുറഞ്ഞുശക്തി
പണ്ടത്തെപ്പോലെ നമുക്കില്ല പാടവം
കണ്ടാലറിയാം പറയേണമോ.”

ഇതു പാനവൃത്തം തന്നെ.

“അറ്റംകൂടാതരത്നം ചുറ്റും പതിച്ചിണക്കി
ക്കുറ്റംകൂടാതെ നടുമുറ്റങ്ങളിൽ
അല്പോതരാഭകളാം കല്പകവൃക്ഷങ്ങളാൽ
കല്പിതയായുള്ളതരു ഛായകളിൽ
പാലോലും മൊഴിമാരാമാലോലനയനമാർ
ചാലവേ പലർകൂടി ച്ചെന്നു ചെമ്മേ
കുന്തളമഴിഞ്ഞുലഞ്ഞിട്ടന്തരാന്തരാ സുമ-
സന്തതിയവിടമെങ്ങും ചിന്തിച്ചിന്തി,
സഞ്ചിതരസഭരചഞ്ചലതരനയ-
നാഞ്ചലമങ്ങോടിങ്ങോടോടിയോടി,
നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ-
പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,
കേടറ്റമണിശോഭകൂടിക്കലർന്നതങ്ക-
ത്താടങ്കയുഗളങ്ങളാടിയാടി,
തിങ്കളോടനുദിനമങ്കം തുടരുമ്മുഖ
പങ്കജത്തിങ്കൽ വിയർപ്പേറിയേറി,

***


തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന
തുംഗമുലകൾകാന്തിപൊങ്ങിപ്പൊങ്ങി,
കിഞ്ചന ശിഥിലകാഞ്ചനകാഞ്ചീബദ്ധ-
പൂഞ്ചേലയൊരു കൈയിൽ താങ്ങിത്താങ്ങി,
മഞ്ജുരണിതമണിമഞ്ജീരശോഭിപാദ
കഞ്ജതലങ്ങളേറ്റം വാടി വാടി,
ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും,
സന്തോഷവാരിധിയിൽ നീന്തുകയും,
ഇങ്ങനെ പല വിധമംഗലലീല കോലു-
മംഗനാജനങ്ങൾക്കു സംഖ്യയില്ല.”

ഈ വർണ്ണന ചെറുശേരി നമ്പൂരിപ്പാടിനെ അനുസ്മരിപ്പിക്കുന്നു. വൃത്തം വഞ്ചിപ്പാട്ടു വൃത്തത്തോടു ഏതാണ്ടു സദൃശമാണെന്നു പറയേണ്ടതില്ലല്ലോ.

കവിയേപ്പറ്റി ഒന്നും അറിവാൻ തരമില്ല. അദ്ദേഹം എഴുത്തച്ഛനു മുമ്പോ പിമ്പോ ജീവിച്ചിരുന്നതെന്നു് നിർണ്ണയിക്കുന്ന കാര്യവും പ്രയാസമാണു്. കവിതയ്ക്കു നല്ല പഴക്കം ഉണ്ടെന്നുമാത്രം തൽക്കാലം പറയാം.

ശാസ്താംപാട്ടു്, അംബരീക്ഷചരിതം പന്ത്രണ്ടുവൃത്തം, ദശാവതാരം ഹംസപ്പാട്ടു്, വിഷ്ണുമായാചരിതം പാന, കുചേലവൃത്തംപാട്ടു്, ബാണയുദ്ധംപാട്ടു്, യാത്രകളിപ്പാട്ടു്, ഭാരതംപാട്ടു്, ഭദ്രകാളിപ്പാട്ടു്, കീചകവധംപാട്ടു്, ഭസ്മയോഗിമാഹാത്മ്യംപാട്ടു്, മൂകാംബികാമാഹാത്മ്യം, സേതുബന്ധം, ചിത്രഗുപ്തചരിതം, എന്നിങ്ങനെ അസംഖ്യം പാട്ടുകൾ ഇക്കാലത്തും അതിനോടടുത്തും, ഉണ്ടായിട്ടുണ്ടു്. ഇവയിൽ മിക്ക കൃതികളും അച്ചടിച്ചിട്ടില്ല. സേതുബന്ധംമാത്രം എനിയ്ക്കു കാണ്മാൻ ഭാഗ്യമുണ്ടായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.

സേതുബന്ധംപാട്ടു്

ഈ കൃതിയിൽനിന്നും ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ഒരു ഭാഗത്തെ പദ്യമഞ്ജരി ഏഴാംഭാഗത്തിൽ ചേർത്തുകാണുന്നുണ്ടു്. കവിതയ്ക്കു നല്ല പഴക്കം തോന്നിക്കുന്നു.

ശ്രീരാമൻ വഴിയാചിച്ചിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും മൌനഭാവംപൂണ്ടിരുന്ന വരുണനോടു് ഭഗവാനുണ്ടായ കോപത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“എങ്ങുവെൻ വില്ലുമമ്പും? കൊണ്ടുവാ വിരവിനോ-
ടെന്നുടനരതിരുമുടിയും മുറുക്കീട്ടു
മന്നിടമുലയുമാറിട്ട ഞാണൊലിയോടും
മിന്നൽചേരിടിക്കിടർചേരിനമൊഴിയോടും
പൊങ്ങിന തിരമാലചേരും വാരിധിനാഥ-
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞുചെങ്കണകൾ കൂറുക്കീട്ടവൻവെള്ളം
പൊലിമചേരും ചളിയാക്കുവനിന്നുതന്നെ.
പൊരിഞ്ഞു ചത്തുനീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പെൻ.
പൊല്ലാതമരുഭൂമിയാക്കുവനിന്നുതന്നേ.
പൊടിപൊങ്ങിന പെരുമുറ്റമാക്കുവെൻ പിന്നെ
പ്പൊങ്ങിനകപികളെക്കാൽനടനടത്തിപ്പെൻ”

ഇപ്രകാരം പറഞ്ഞുകൊണ്ടു് അദ്ദേഹം, ‘പകഴിരത്നമെടുത്തഭിമന്ത്രിച്ചു മെല്ലെയെടുത്തുവലി’ച്ചപ്പോൾ,

“അനലജ്വാലാജാലം ചൊരിഞ്ഞു കടലില-
ങ്ങഴിച്ചു തിരമാല; കുറുകി ജലമേറ്റം
തിളച്ചു; ജല ജന്തു മരിച്ചുതുടങ്ങീതു,
മറിഞ്ഞുകടൽപന്നി മകരച്ചിറാകളും
കടൽവാരണം നാഗം കഴുനാ മനുഷ്യരും,
കരുത്തേറിനതിമിമുതലാം മീനങ്ങളും,
കടിയമുതലശംഖുകളുമോരോതരം
കടലിലുള്ള ജന്തു മരിച്ചു; ജലമേറ്റം
മറിഞ്ഞു തിളച്ചുടൻ കുഴഞ്ഞുകുറുകിയും
കുഴഞ്ഞു ചമഞ്ഞിതു വരുണാലയത്തോളം.”
രാസക്രീഡ

ഈ കൃതി വളരെ ചെറുതെങ്കിലും അതിമനോഹരമായിരിക്കുന്നു. കവി പരമഭക്തനായിരുന്നുവെന്നു് ഇതിലേ ഓരോ വരിയും വിളിച്ചുപറയുന്നു.

“ഉമ്പർപുരാനുമൊരുനാൾ വനങ്ങളെ
ക്കണ്ടുമലർ വിരിഞ്ഞുള്ള പൂവള്ളികൾ
മല്ലിക, നല്ലകുറുമൊഴി, ചേമന്തി
മുല്ലകൾ കാനകൈനാറികൾ, കൈതകൾ
ചെമ്പകം നല്ലോരിലഞ്ഞികൾ മറ്റുമീ
നന്മലർ നീളെ വിരിഞ്ഞു മണംപെയ്തും,
വൻപുകൾ പൂണ്ടുമുരണ്ടു വണ്ടിണ്ടകൾ
സംഭ്രമമാണ്ടുകളിക്കും കളികളും,
മോഹനമായ കുളുർമതിതൂനിലാ-
വാകെ വിതച്ചു നിറത്തിലുദിച്ചതും,
കണ്ടു മനോഹരൻ നന്ദകുമാരനു-
മന്നുകുഴലെടുത്തൊന്നുവിളിച്ചപ്പോൾ”

ഗോപസുന്ദരിമാരെല്ലാം,

“തങ്ങടെയുറ്റോരുടയോരറിയാതെ,
പെറ്റമ്മയച്ഛനവരുമറിയാതെ,
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ,
കുറ്റമിതിനുണ്ടെന്നമ്മചൊൽ കേളാതെ,
രാത്രിയിൽപേടിയാമെന്നതറിയാതെ”

വൃന്ദാവനത്തിലെത്തി, ശ്രീകൃഷ്ണനുമായിരമിക്കുന്നു. ആ ക്രീഡകളെ കവി മനശ്ചക്ഷസ്സുകൊണ്ടു കണ്ടു് ആനന്ദിക്കുന്നതുപോലെ തോന്നുന്നു.

“എന്തുപറവതു നന്ദസുതനുമാ-
സ്സുന്ദരിമാരുമായുള്ള കളികളെ
പേടിപൂണ്ടോടിയുഴലും മറിമാനിൻ–
പേടമിഴിയെപ്പഴിച്ചമിഴികളെ–
ത്തേടുംമധുമൊഴിമാരുമായ് കാർവർണ്ണൻ
പാടിക്കളിക്കുന്ന കോപ്പുകൾ തോന്നുന്നു.
ചാലേകളിക്കുന്നനേരം വളതള–
താലികൾ മാലകൾ പൊന്നുംചിലമ്പുകൾ
നാലഞ്ചുപൊന്നരഞ്ഞാണങ്ങൾ മോതിരം
തങ്ങളിൽതട്ടിയിട്ടങ്ങുള്ളൊരൊച്ചയും,
തിത്തത്തൈയെന്നൊത്തു കൈത്തളിർത്താളവു-
മൊത്തുകലാശങ്ങൾക്കൊത്തു കാൽത്താളവും,
വിസ്മയംനീളെ വിതച്ചു വിതച്ചവ-
രൊത്തിടകൂടീതു പാരിടമൊക്കവേ.
മത്തനാമാന പിടികൾ ചുഴലവേ,
മട്ടലർബാണനും നല്ലാർചുഴലവേ,
മധ്യേ മുഴുമതിതാരകൾ ചൂഴവേ,
മന്ദംകളിക്കുന്നപോലെ പരേശനും
സുന്ദരിമാരോടിടയിട്ടു കൂടിനാൻ.
എന്നതുമിപ്പോൾ ശിവശിവ! തോന്നുന്നു.
വിസ്മയം! വിസ്മയം! കേൾപ്പിൻമാലോകരേ.
കാർമുകിൽ മിന്നലിടകലരുംവണ്ണം
പൊന്മണിമാലയും നീലമണികളും
തമ്മിലിടയിടെ മിന്നുന്നപോലെയും,
ചെമ്മെവിടരുന്ന ചെങ്കമലങ്ങളിൽ
വെണ്മയിൽ നീലമലർനിരപോലെയും,
ഒണ്മയായ്‍നില്ക്കും പുരാനുമങ്ങാനായ-
പ്പെണ്മണിയൊന്നിടയിട്ടും ശിവശിവ!
മമ്മാകളിക്കും കളികളോരോതര-
മെന്മനതാരിലുടനുടൻതോന്നുന്നു.”

ഇങ്ങനെ ശ്രീകൃഷ്ണനോടു രമിച്ചുകൊണ്ടിരിക്കവേ, മങ്കമാരുടെ ഹൃദയങ്ങളിൽ അഹങ്കാരസ്ഫുരണമുണ്ടാകയാൽ,അദ്ദേഹം‘കാനലി’ൽ മറഞ്ഞുകളഞ്ഞു. തത്സമയം ഗോപികമാരിൽനിന്നു പൊങ്ങിയ വിലാപം അത്യന്തം കരുണരസനിർഭരമായിരിക്കുന്നു.

“കണ്ണനേയുണ്ടോതോഴീ! കണ്ടുനീ കുയിൽപെണ്ണേ?
കണ്ണിലേതോന്നുന്നിതു കാർവർണ്ണൻ പൂവലംഗം
കണ്ടാവൂ! പുണർന്നാവൂ! പിന്നെയും മുകർന്നാവൂ”

എന്നിങ്ങനെ ഓരോതരം വിലപിച്ചുകൊണ്ടു് അവർ കാടുതോറും അന്വേഷിച്ചുനടന്നു. ഒടുവിൽ അവർ മനമഴിഞ്ഞു്, ഭഗവാനെ സ്തുതിച്ചപ്പോൾ, അദ്ദേഹം വീണ്ടും അവിടെ ആവിർഭവിച്ചു. അവരുടെ സന്താപങ്ങളെ എല്ലാം അകറ്റി അവർക്കെല്ലാവർക്കും ഭഗവാൻ. “എന്നുടെയരികിലു മെന്നുടെയരികിലും” ഉണ്ടെന്നു തോന്നി.

“മട്ടലർ ബാണൻകോടിമട്ടോലും വാണിമാരും
ചട്ടറ്റകളികളിൽ വട്ടമിട്ടവർകൂടി,
കാർവർണ്ണനവരുടെ യൊന്നിടയിട്ടുകൂടി,
വാർതകും കളികളിൽ ഗീതങ്ങളുടൻപാടീ,
ശങ്കരാഭരണത്തിൽ പാദങ്ങളെടുത്തപ്പോൾ,
ശങ്കരാ! ശിവ യെന്നേചൊല്ലീടാവതുമുള്ളു.
തോടിയും പാടിക്കൊണ്ടു കളിക്കുമൊരുനേരം;
നാടകരീതികളിൽ നടിക്കുമൊരുനേരം;
കൈത്തളിർ താളമൊത്തുനടക്കുമൊരുനേരം;
കാൽച്ചിലമ്പൊലികളിൽ ക്കലാശമൊരുനേരം;
മുത്തണിമാലകളും പോർമണികുണ്ഡലങ്ങ-
ളിത്തൊഴിൽ കൂടെയാടിക്കൊണ്ടാടുന്നതുപോലെ,
പൂഞ്ചായലഴിഞ്ഞു പൂമാലകൾപൊഴിയവേ,
പങ്കജം വെല്ലും മിഴികൾ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,
കഞ്ജത്തെവെല്ലും തിരുമുഖങ്ങൾ തെളിയവേ,
ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകൾ കിലുങ്ങവേ,
അണിമെയ്യുലഞ്ഞുപോർമുലകൾ കുലുങ്ങവേ,
മിന്നൽപോൽമിന്നും കൊടിനടുവു കുലയവേ,
പൊന്മണിയുടഞാണു മിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊന്നിറം മിന്നീടവേ,
താഴ്ചയിൽ ക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,
മുഗ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,
ഭക്തന്മാരിതുകണ്ടു നൃത്തങ്ങൾ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പല പല കാലങ്ങൾ കളിച്ചിതു
കാർവർണ്ണൻ താനു ഗോപസുന്ദരിമാരുംകൂടെ.”

കവി ഇവിടെ ശ്രീകൃഷ്ണനേ കേവലം ഒരു രസികനായിട്ടും ഗോപിമാരെ, വെറും സ്ത്രീകളായിട്ടും അല്ല കാണുന്നതു്. “ഉപനിഷത്തുകളാം ഗോപസ്ത്രീകൾ” എന്നു് അദ്ദേഹം ഒരിടത്തു രൂപണം ചെയ്തിരിക്കുന്നതു നോക്കുക.

“കണ്ണാടിതന്നിൽ നിഴലെടുത്തു മുഖം ജീവ-
നെന്നതു ധരിക്കണം നോക്കുന്ന മുഖം കൃഷ്ണൻ,
കണ്ണാടിതന്നിൽകണ്ട മുഖത്തിനലങ്കാരം
വേണമെന്നാകിൽ നോക്കും മുഖത്തിലണിയിട്ടേ ശോഭയുണ്ടാവൂ”

എന്നും അദ്ദേഹം പറഞ്ഞിരിക്കന്നു. ഈ കൃതിക്കു നാലു പാദങ്ങളുണ്ടു്. അവയിൽ ഒന്നും മൂന്നും നാലും പാദങ്ങൾ.

“അമ്മതന്മടിയിൽവച്ചാലോലിച്ചീടുംനേര-
‘മമ്മമ്മാ’ വിതുമ്പിപ്പുഞ്ചിരിയും കാണാകേണം.
കൊഞ്ചിക്കൊണ്ടെടുത്തമ്മ ചാഞ്ചാടിച്ചീടുന്നേരം
പുഞ്ചിരിതൂകി ക്കളിക്കുന്നതും കാണാകേണം.
നാലുമൂന്നടിവച്ചു വിയച്ചുനടന്നീടും
കാലത്തെ ബ്ബാലഭാവമോക്കവേ കാണാകേണം.
അംബുജക്കുരുന്നു കൈക്കൊണ്ടയ്യോ മെല്ലെമെല്ലെ
അമ്പിളിയമ്മാവാ വായെന്നതും കാണാകേണം.”

എന്നിങ്ങനെ കേകാ വൃത്തത്തിലും രണ്ടാംവൃത്തം കാകളിയിലും എഴുതപ്പെട്ടിരിക്കുന്നു.

ഈ കൃതി പൂന്താനത്തിന്റേതായിരിക്കുമോ എന്നു സംശയിക്കുന്നു.

പൂന്താനം നമ്പൂരി

‘പൂന്തേനാം പല കാവ്യംകണ്ണനു നിവേദിച്ച’ ഒരു പരമ ഭാഗവതനായിരുന്നു പൂന്താനം നമ്പൂതിരി. അദ്ദേഹം എഴുനൂറ്റി മുപ്പതാമാണ്ടിടയ്ക്കു് വള്ളുവനാടുതാലൂക്കിൽ നെന്മേനി അംശത്തിൽ ജനിച്ചു. “തെങ്കൈലനാഥോദയം” മുതലായ കൃതികളുടെ കർത്താവായ ശ്രീ നീലകണ്ഠകവിയായിരിക്കുമോ? അദ്ദേഹത്തിന്റെ ഗുരു.

“ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ
ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചോന്നേൻ”

എന്നു് ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന ശ്രീ നീലകണ്ഠനും എഴുത്തച്ഛനാൽ ഹരിനാമകീർത്തനത്തിൽ സംസ്കൃതനായ ശ്രീ നീലകണ്ഠഗുരുവും ഒരാൾതന്നെ ആയിരിക്കാൻ ഇടയുണ്ടു്. പൂന്താനവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നുവെന്നുള്ളതിനു സംശയമില്ല.

ഇക്കാലത്തുതന്നേ ഉണ്ടായ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന സംസ്കൃത ഗ്രന്ഥത്തിലേ.

‘ശ്രീമംഗലാസ്പദസദാശ്രയ നീലകണ്ഠ
പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യ!’

എന്ന പദ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു് തിരുമംഗലത്തു നീലകണ്ഠൻ മൂസ്സതാണെന്നു് പ്രസ്തുതഗ്രന്ഥത്തിന്റെ ഒരു വ്യാഖ്യാതാവു പറയുന്നു. തിരുമംഗലം തൃപ്രങ്ങോട്ടുക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നുവത്രേ. ഇദ്ദേഹം പൂന്താനത്തിന്റെ ഗുരുവായിരുന്നിരിക്കാൻ അധികം സാംഗത്യമുണ്ടു്.

‘ശ്രീമൻ മുകുന്ദ ജയ വാമപുരാധിനാഥാ!’ എന്നു് ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ പറഞ്ഞിരിക്കുന്ന വാമപുരാധിനാഥൻ പുനത്തിന്റെ ഗൃഹത്തിനടുത്തുള്ള ‘എടത്തുപുറം’ ക്ഷേത്രത്തിലേ വിഷ്ണുമൂർത്തിയാണു്. ഈ മൂർത്തിയായിരുന്നു പൂന്താനത്തിന്റെ ഇഷ്ടദേവത.

പൂന്താനത്തേപ്പറ്റി ഒട്ടുവളരെ ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം സന്താനഗോപാലം പാന നിർമ്മിച്ചശേഷം, അതിനെ നാരായണ ഭട്ടതിരിയേക്കാണിച്ചുവത്രേ. എന്നാൽ ഭാഷാകവിതയിൽ എന്തു നോക്കാനിരിക്കുന്നുവെന്നു് അദ്ദേഹം പുച്ഛിച്ചുകളകയാൽ, ഭക്താഗ്രണിയായ നമ്പൂരി തീവ്രമായ ദുഃഖത്തോടുകൂടി തിരിച്ചുപോയി. അന്നുരാത്രി ഭട്ടതിരി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ തട്ടിയുണർത്തീട്ടു്, ആ ഭക്തൻ നിദ്രാഭംഗദുഃഖം അനുഭവിച്ചുകൊണ്ടിരിക്കേ “നീ സുഖമായി ഉറങ്ങുന്നോ? ഭട്ടതിരിയുടെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയ്ക്കു മാറ്റുകൂടും. വേഗംചെന്നു് അയാളെ സമാധാനപ്പെടുത്തൂ” എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഭട്ടതിരി ഉടൻതന്നെ എഴുന്നേറ്റു് പൂന്താനത്തിന്റെ അടുത്തുചെന്നു്, പാന വാങ്ങി വായിച്ചുനോക്കി പ്രശംസിക്കയാൽ, നമ്പൂതിരിക്കു വലിയ സമാധാനമായി.

നമ്പൂരി സന്താനഗോപാലം എഴുതിക്കൊണ്ടിരിക്കവേ, വൈകുണ്ഠത്തെ എങ്ങനെ വർണ്ണിക്കേണ്ടു എന്നറിയാതെ വിഷമിച്ചരിക്കുമ്പോൾ നിദ്രാധീനനായി ഭവിക്കയും മഹാവിഷ്ണു സ്വപ്നത്തിൽ വൈകുണ്ഠം കാണിച്ചുകൊടുക്കയും ചെയ്തതായി വേറൊരു ഐതിഹ്യവും ഉണ്ടു്. സന്താനഗോപാലത്തിലെ വൈകുണ്ഠവർണ്ണന വളരെ നന്നായിട്ടുണ്ടുതാനും.

വേറൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്. ഒരിക്കൽ ഈ നമ്പൂരി ഗുരുവായൂർ ക്ഷേത്രത്തിൽവച്ചു്, ‘പത്മനാഭോ മരപ്രഭുഃ’ എന്നുള്ള സ്തോത്രത്തെ തെറ്റി ഉച്ചരിച്ചതു കേട്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ ‘വിഡ്ഢി! മരപ്രഭുവല്ല; അമരപ്രഭുവാണു്’ എന്നു ആക്ഷേപിച്ചപ്പോൾ, ‘പിന്നെ മരപ്രഭുവാരാണു്? മരപ്രഭുവും ഞാൻതന്നെ’ എന്നൊരു അശരീരി കോവിലിനുള്ളിൽ നിന്നുണ്ടായിപോൽ. അതുകേട്ടു് ആ വിദ്വാൻ വല്ലാതെ ലജ്ജിച്ചുപോയത്രേ.

അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തേയും തജ്ജന്യമായ നിർഭയത്വത്തേയും ഉദാഹരിക്കുന്ന അസംഖ്യം ഐതിഹ്യങ്ങൾ ഉണ്ടു്. ഒരിക്കൽ അദ്ദേഹത്തിനെ കോഴിക്കോട്ടുസാമൂതിരിപ്പാടു കോവിലകത്തേക്കു ക്ഷണിച്ചതനുസരിച്ചു്, അവിടെച്ചെന്നു് ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്കു് സാമൂതിരിപ്പാടു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ പൂർണ്ണമായി ഗ്രഹിച്ചു്, ഒട്ടുവളരെ ധനം ദാനംചെയ്തു. നമ്പൂരി ആ പണവും കൊണ്ട് ഏകാകിയായി ഗുരുവായൂരേക്കു തിരിച്ചു. മാപ്പിളമാരുടെ കേന്ദ്രമായ കുണ്ടുകെട്ടിഅങ്ങാടിയിൽ എത്തിയപ്പോൾ, ഏതാനും രാക്ഷസോപമന്മാരായ പരിഷകളുടെ കൈയിൽ അകപ്പെട്ടുവത്രേ. കൈയിൽ ഉണ്ടായിരുന്ന പണക്കിഴി താഴെവെച്ചിട്ടു എവിടെ എങ്കിലും ഓടിപ്പൊയ്ക്കൊള്ളാൻ മാപ്പിളമാർ പറഞ്ഞപ്പോൾ അദ്ദേഹം പണത്തെ താഴത്തുവെച്ചിട്ടു്, “വേണമെന്നുണ്ടെങ്കിൽ ഈ പണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ ഒരിക്കലും നിങ്ങളെപ്പേടിച്ചു ഓടിപ്പോകുന്നതല്ല. ദൈവത്തെ അല്ലാതെ മറ്റാരെയും ഞാൻ ഭയപ്പെടാറില്ല” എന്നു ശാന്തമായ സ്വരത്തിൽ പറഞ്ഞു. ആ മൂഷ്കരന്മാർ ഇതു കേട്ടു് അദ്ദേഹത്തിനെ നിഗ്രഹിക്കാൻ ഒരുങ്ങി. അപ്പോൾ ആ ഭക്തശിരോമണി, നിലംപതിച്ചു്

“യാ ത്വരാ ദ്രൌപദീത്രാണേ, യാ ത്വരാ ഗജരക്ഷണേ;
മയ്യാർത്തേ കരുണാമൂർത്തേ! സാ ത്വരാ ക്വ ഗതാ ഹരേ!”

എന്ന ഒരു ശ്ലോകം നിർമ്മിച്ചു് ഭക്തദാസനായ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ടു തലപൊക്കി നോക്കിയപ്പോൾ, പന്തം കൊളുത്തിപ്പിടിച്ച അനേകം സൈനികന്മാരാൽ അനുഗതനായ ഒരു സൈന്യാധിപൻ താൻ നിൽക്കുന്ന സ്ഥലത്തേയ്ക്കു വരുന്നതു കണ്ടു്, ശ്രീകൃഷ്ണന്റെ കാരുണ്യാതിശയത്തെ സംസ്മരിച്ചു്, അശ്രുക്കൾ തൂകി. മാപ്പിളമാരുടെ നിഴൽപോലും കാണാനില്ലാതായി. കരുണാകരമേനോൻ എന്ന സേനാപതി നമ്പൂരിയെ തിരിച്ചു കോവിലകത്താക്കുകയും മാപ്പിളമാരെ തേടിപ്പിടിച്ചു വേണ്ടവിധം ശിക്ഷിക്കുകയുംചെയ്തു.

കൂടല്ലൂർമനയ്ക്കൽവെച്ചുണ്ടായ ഒരു സഹസ്രനാമകാലത്തു ആ മനയ്ക്കലേ വിദ്വാനായ മൂസ്സു് ഓത്തില്ലാത്ത പൂന്താനത്തേയും ക്ഷണിച്ചുവരുത്തി കാൽകഴുകിച്ചൂട്ടു നടത്തിയതിനെപ്പറ്റി മറ്റു നമ്പൂരിമാർക്കു ഈർഷ്യതോന്നി. ബുദ്ധിമാനായ നമ്പൂരി അവരെ ഒരു പാഠം പഠിപ്പിക്കാനായി അന്നുച്ചയ്ക്കു് ഒരു ഭാഗവതം വായന നടത്തി. വായനക്കാരൻ പൂന്താനമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. ഭഗവാന്റെ അനന്തകല്യാണഗുണഗണങ്ങളെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു്, ഭക്തിസാഗരത്തിൽ നിമഗ്നനായ നമ്പൂരിയുടെ ഹൃദയത്തിൽനിന്നു് അമൃതഝരിപോലെ പ്രവഹിച്ച വചഃപ്രസരം ശ്രോതാക്കളെ പരമാനന്ദത്തിൽ ലയിപ്പിച്ചു. വായന തീർന്നതോടുകൂടി ആഢ്യൻനമ്പൂരിമാരുടെ അസൂയയും ദൂരെത്തെറിച്ചുപോയി.

വേറൊരിക്കൽ ഏതാനുംപേരോടുകൂടി നമ്മുടെ നമ്പൂരിയും മറ്റു ചിലരും തൃപ്രക്കുന്നത്തു് ഉത്സവത്തിനു പോയിരുന്നത്രേ. മിഥുനമാസംമുതൽക്കു് ആറു മാസംവരെ ആ ക്ഷേത്രത്തിൽ ആർക്കും പോകാൻ സാധിക്കയില്ല. കുന്നിൻപുറത്തു സ്ഥിതിചെയ്യുന്ന ആ ക്ഷേത്രത്തിലേക്കുള്ള വഴി ദുർഗ്ഗമവും ‘ഝില്ലിഝംകാരനാദമണ്ഡിതസിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതവും’ ആയ ഒരു വനത്തിൽ കൂടെ ആയിരുന്നു. നമ്പൂരിയും കൂട്ടരും ഉത്സവം കഴിഞ്ഞുവീട്ടിലേക്കു തിരിച്ചപ്പോൾ രാത്രി അധികം ഇരുട്ടി. ഏതാനും വഴി നടന്നുപോന്ന ശേഷം ആണു് നമ്പൂരി തന്റെ ഭാഗവതത്തെപ്പറ്റി ഓർത്തതു്. അതിനെ പിരിഞ്ഞിരിക്കുന്നകാര്യം നമ്പൂരിക്കു വിഷമമായിരുന്നു. ഇനി എന്താണു് ചെയ്ക! നമ്പൂരി തിരിച്ചു പോവാൻ തന്നെ തീർച്ചപ്പെടുത്തി. കൂട്ടുകാർ വളരെ തടസ്സംപറഞ്ഞുനോക്കി. “എനിക്കു് ഒരാപത്തും സംഭവിക്കയില്ല. അഥവാ മരിച്ചുപോയാൽതന്നെ, ഭാഗവതവായന മുടക്കുന്നതിനെക്കാൾ ഭേദമല്ലേ?” എന്നു പറഞ്ഞു അദ്ദേഹം ക്ഷേത്രത്തിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. വാതിൽ അല്പം തുറന്നുകിടന്നു. നമ്പൂരി അകത്തുകടന്നപ്പോൾ കണ്ടകാഴ്ച ‘അത്ഭുതമത്ഭുതമത്ഭുതമേ’ എന്നു പറയേണ്ടു. ‘മന്മഥകോടിസുഷമ’ കലരുന്ന ഒരു യുവാവു് സൌന്ദര്യക്കടൽ കടഞ്ഞെടുത്തതോ എന്നു് ആരും ശങ്കിച്ചുപോകുന്ന ഒരു യുവതീരത്നത്തിനെ ഭാഗവതം വായിച്ചു കേൾപ്പിച്ചു കൊണ്ടിരുന്നു. നമ്പൂരി സാലഭഞ്ജികപോലെ നിന്നു പോയി. അവർ വായന നിർത്തിയപ്പോൾ, നമ്പൂരി മുമ്പോട്ടുചെന്നു താണുവണങ്ങിക്കൊണ്ടു ‘അടിയന്റെ ഭാഗവതം തരണെ’ എന്നു പ്രാർത്ഥിച്ചു. ‘നിന്റെ ഭാഗവതഗ്രന്ഥം വടക്കുന്നാഥക്ഷേത്രത്തിന്റെ തൃപ്പടിയിൽ ഇരിപ്പുണ്ടു്. നിനക്കു മംഗളം ഭവിക്കട്ടെ’ എന്നു അനുഗ്രഹിച്ചിട്ടു് ലോകപിതാക്കളായ പാർവതീപരമേശ്വരന്മാർ അന്തർദ്ധാനംചെയ്തു. പൂന്താനം നമ്പൂരി തന്റെ ഭാഗ്യപരിപാകത്തെ ഓർത്തു് ആനന്ദതുന്ദിലനായി സ്വഗൃഹത്തിലേക്കു തിരിച്ചു. ആ വനപ്രദേശം സർവർത്തുരമണീയമായി തോന്നി. മാർഗ്ഗം തെളിഞ്ഞുകിടന്നു. ഇതുപോലെ വേറെയും പല ഐതിഹ്യങ്ങൾ കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.

പൂന്താനത്തിന്റെ കൃതികൾ ശ്രീകൃഷ്ണാകർണ്ണാമൃതം ജ്ഞാനപ്പാന, സന്താനഗോപാലം പാന, ഘനസംഘസ്തോത്രം, പാർത്ഥസാരഥിസ്തവം, ആനന്ദനൃത്തം ഇവയാകുന്നു.

ശ്രീകൃഷ്ണകർണ്ണാമൃതം

ഈ കൃതി കൃഷ്ണാവതാരകഥയെ സ്തോത്രരൂപേണ വർണ്ണിക്കുന്നു. അക്ലിഷ്ടരചനാസൌകുമാര്യംകൊണ്ടും ഭക്തിരസപ്രചുരിമകൊണ്ടും ഈ കവിത അത്യുത്തമമാകുന്നു. ഒന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.

“ചാഞ്ചേറീടുന്ന പിച്ചക്കളികവിണുകിടന്നോമനക്കൈയുയർത്തി-
ട്ടഞ്ചുംവെവ്വേറെതൃക്കൈവിരലുകൾമലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ,
കുഞ്ചിപ്പൂമൈമറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും
കുഞ്ചിക്കൈരണ്ടുമായ്ക്കാട്ടിനഭുവനപതേനിന്നെഞാൻകൈതൊഴുന്നേൻ
മാനത്തമ്മാമനെക്കണ്ടമൃതുപൊഴിയുമക്കണ്ണനുണ്ണിക്കുചിത്തേ
മാനത്തെക്കൈവളർപ്പാനമൃതകിരണനും മെല്ലെമേലിന്നിറങ്ങീ;
മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടുകൈകൊണ്ടുമന്ദം
മാനത്തേക്കണ്ടയച്ചീടിന തൊഴിലൊരുനാളാസ്ഥയാകാണ്മനോഞാൻ.
കുഞ്ചിക്കാലും കരത്താർകുളുർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും
കിഞ്ചിൽപ്പോന്നങ്കുരിക്കും ദശനമുകുളവും കൃഷ്ണ! ചെഞ്ചോരിവായും;
പഞ്ചത്വംവന്നടുക്കുമ്പൊഴുതുമതിമറന്നങ്ങു വീണിടുമപ്പോ-
ളെഞ്ചിത്തേപോന്നുദിച്ചീടുക തവതിരുമെയ്ക്കുള്ളകോപ്പുംമുരാരേ!
പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽ പല്ലവംമെല്ലെമെല്ലേ
വെച്ചീടുമ്പോൾ വിയച്ചീടിനമധുരിമയും പിച്ചയുംവിശ്വമൂർത്തേ!
മച്ചിത്തേപോന്നുദിച്ചീടണമതിനുവിശേഷിച്ചു വിജ്ഞാപയേഹം
സച്ചിൽകല്ലോലമേനീ കൃപതരിക സദാ കൃഷ്ണ കാരുണ്യസിന്ധോ!
ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി-
ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടുവീണുംനടന്നും;
ഉണ്ണക്കൃഷ്ണൻവരുമ്പോൾതിരുവയർനിറയേപ്പാലുമുണ്ടാപ്രസാദം
കണ്ണിൽക്കാണായ്‍വരേണംരഹസിമമകിനാവെങ്കിലും പങ്കജാക്ഷ!”

ജ്ഞാനപ്പാന

പൂന്താനത്തിന്റെ ശിശു കിടന്നിരുന്ന പര്യങ്കത്തിന്മീതെ, അദ്ദേഹത്തിന്റെ പത്നി അറിയാതെ തന്റെ പുടക ഇട്ടുംവെച്ചു് അടുക്കളജോലിക്കു പോകയാൽ, അതു ശ്വാസമ്മുട്ടി മരിച്ചുപോയത്രേ. തന്മൂലമുണ്ടായ ദുഃഖനിവൃത്തിക്കായി രചിച്ച കൃതിയാണു് “ജ്ഞാനപ്പാന.”

“മാളികമുകളേറിയമന്നന്റെ
തോളിൽമാറാപ്പുകേറ്റുന്നതുംഭവാൻ
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ
ക്കണ്ടില്ലെന്നുവരുത്തുന്നതുംഭവാൻ
എണ്ണിഎണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നുമോഹവും”

ഇത്യാദി പ്രസിദ്ധമായ ഉപദേശങ്ങളെല്ലാം ജ്ഞാനപ്പാനയിലുള്ളവയാണു്.

പാർത്ഥസാരഥിസ്തവം

ഇതു് പൂന്താനത്തിന്റെ ഒരു ഖണ്ഡകൃതിയാകുന്നു. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.

“കെട്ടിവാർകുഴൽ വകഞ്ഞുപിന്നിലളകേഷുപീലികൾ തൊടുത്തുപൂ-
മ്പട്ടുകൊണ്ടുവടിവോടുടുത്തുരസി ഹാരമിട്ടുവനമാലയും;
പൊട്ടണിഞ്ഞുനിടിലത്തടത്തിലടൽപാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടിമുഷ്ടിയിൽമുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയതാരകേശകലതോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റുപാറിന ഘനാളകാം;
ഏറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദനിലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.”
ആനന്ദനൃത്തം
“ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ”

ഇത്യാദി പ്രസിദ്ധമായ കീർത്തനമാണു് ആനന്ദനൃത്തം!

സന്താനഗോപാലം പാന

ഇതു സാമാന്യം ഒരു നല്ല കൃതിയാണു്. ഈ കൃതിയ്ക്കു നാലു പാദങ്ങൾ ഉണ്ടു്. ഇതിന്റെ പ്രാരംഭത്തിലും കവി തന്റെ ഗുരുവായ ശ്രീ നീലകണ്ഠനെ സ്തുതിച്ചുകാണുന്നു. ഒന്നാംപാദത്തിൽ, ഒരു ബ്രാഹ്മണൻ, തന്റെ പത്നി പ്രസവിച്ച ഒമ്പതുകുട്ടികളും മരിച്ചുപോയതു നിമിത്തം ദുഃഖിതനായിട്ടു് ദ്വാരകയിൽചെന്നു് ഭഗവാനെ,

“ദുഷ്ടരായ മഹീപാലന്മാരുടെ
ദുഷ്ടതകൊണ്ടിവണ്ണമോരോതരം
നിഷ്ഠൂരമായ ബാലമരണങ്ങൾ
കഷ്ടമായിട്ടനുഭവിച്ചീടുന്നു.
ശിഷ്ടപാലനെന്നമ്പോടുഭാവിച്ചു,
കൃഷ്ണനെന്തിനിരുന്നുഞെളിയുന്നു?
പതിനാറുസഹസ്രം മടവാർക്കു
വിടുവേലക്കു നന്നിവനെത്രയും”

എന്നിങ്ങനെ അധിക്ഷേപിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടാതിരുന്നതിനാൽ അതു കേട്ടുകൊണ്ടിരുന്ന ദുഷ്ടദാവാനലനായ അർജ്ജുനൻ,

“ദൃഷ്ടിവാൾമുനയൊന്നുകലങ്ങവേ
പുഷ്ടരോഷമവിടന്നെഴുനേറ്റു
ഗാണ്ഡീവത്തെയെടുത്തു വിരവോടെ
ചണ്ഡവേഗം ചെറുഞാണൊലിയിട്ടു”

കൊണ്ടു് അവിടെ കൂടിയിരുന്ന ജനങ്ങളോടു്,

“നാടു രക്ഷിപ്പാനല്ലയോ ഭൂതലേ
നാടുവാഴികളായിട്ടിരിക്കുന്നു?
നാട്ടിലുള്ള പ്രജകളെ രക്ഷിപ്പാൻ
ശക്തിപോരായിതെന്നു വരികിലും
വിപ്രജാതിയെ രക്ഷിക്കയെന്നതു
ക്ഷത്രിയർക്കു കുലധർമ്മമായതു്
ഒന്നിനുംമതി പോരാതെയുള്ളവർ
പെണ്ണുങ്ങൾക്കു സമരെന്നറിഞ്ഞാലും.
എന്നിരിക്കെയീ യാദവന്മാരിലൊ-
രെണ്ണമില്ല നിരൂപിച്ചുകാണുമ്പോൾ
എന്നവരിലൊരുത്തനും തോന്നുന്നി-
ല്ലിന്നീവൃത്താന്തം കഷ്ടമെന്നുള്ളതും
ഭംഗിക്കോപ്പും ചമയവും വെണ്മയും
നന്നുനന്നുടനെന്നേ പറയാവൂ.”

എന്നു് സഗർവം പറഞ്ഞു്, അടുത്ത പ്രസവത്തിലുണ്ടാകുന്ന കുട്ടിയേ താൻ രക്ഷിച്ചുകൊടുക്കുന്നതാണെന്നു ശപഥം ചെയ്യുന്നതും ആ വാക്കു കേട്ട ബ്രാഹ്മണൻ,

“എന്തു ഭോഷ! പറയുന്നതിങ്ങനെ
കുലയാനത്തലവനിരിക്കവെ
കുഴിയാനമദിക്ക കണക്കിനേ”

എന്നു പുച്ഛിച്ചപ്പോൾ അദ്ദേഹം കുറേയൊക്കെ ആത്മപ്രശംസ ചെയ്തശേഷം,

“പ്രേതനാഥനെത്തന്നെയും വെന്നുഞാ-
നായുധത്താണെ കാത്തുതരുന്നുണ്ടു്.
ഇത്ഥമിന്നു പറഞ്ഞതുചെയ്യാകി-
ലത്രയല്ല മഹീസുരാ കേട്ടാലും.
ശക്തിയേറുന്ന ഗാണ്ഡിവത്തോടു വീ-
ണഗ്നിതന്നിൽ മരിക്കുന്നതുണ്ടുഞാൻ”

എന്നു വീണ്ടും വാഗ്ദാനം ചെയ്യുന്നതും അടങ്ങിയിരിക്കുന്നു.

രണ്ടാംപാദം വിപ്രപത്നി ഈറ്റില്ലം പ്രാപിക്കുന്നതിനോടുകൂടി ആരംഭിക്കുന്നു. പ്രസവം അടുത്തപ്പോൾ അവളുടെ ദുഃഖം അതിരു കവിഞ്ഞു.

“മധ്യേ മധ്യേ യെഴുന്നേറ്റിരിക്കയം-
മൊച്ചയില്ലാഞ്ഞു മാറത്തുതാഡിച്ചും
കത്തിക്കാളുന്ന കാട്ടുതീയിൽവീണു
ബദ്ധപ്പെട്ടൊരുമാൻപൈതലെന്നപോൽ”

‘വാട്ടംചേരുന്ന തന്റെ പ്രിയപത്നിയേ’ ആ ബ്രാഹ്മണൻ അർജ്ജുനന്റെ ശപഥത്തെ അനുസ്മരിപ്പിച്ചു സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ ശ്രീകൃഷ്ണനോ ബലഭദ്രനോ പ്രദ്യുമ്‍നാദികളോ അർജ്ജുനനെ സഹായിക്കാൻ ഒരുമ്പെട്ടു കാണാത്തതുകൊണ്ടു് അവൾക്കു ധൈര്യമുണ്ടായില്ല.

“ആഴിവർണ്ണൻ തിരുമനക്കാമ്പിങ്കൽ
വൈഷമ്യം ചെറുതുണ്ടെന്നു നിർണ്ണയം
ഭക്തവത്സലനല്ലായ്കിലെന്നുമേ
യിത്തൊഴില്ക്കുശ്രമിക്കുമോ ഭർത്താവേ”

എന്നു അവൾ സസന്ദേഹം പറഞ്ഞപ്പോൾ,

“പരമാർത്ഥം നിരൂപിക്കാൻ കൃഷ്ണനും
ജിഷ്ണുവുമൊരുഭേദമില്ലേതുമേ”

എന്നു പറഞ്ഞു ബ്രാഹ്മണൻ അവളെ സമാശ്വസിപ്പിച്ചു. എങ്കിലും അദ്ദേഹം നേർച്ചകൾ പലതും ചെയ്യാതിരുന്നില്ല. വിപ്രപത്നിക്കു പ്രസവവേദന തുടങ്ങിയപ്പോൾ അർജ്ജുനൻ,

“ഗാണ്ഡീവം വില്ലുമാശുകുലയേറ്റീ
പ്പാവകഭഗവാൻ കൊടുത്തീടിനോ-
രാവനാഴികയും മുറുക്കീടിനാൻ;
സ്വർണ്ണപുഷ്പങ്ങളാം ചില ബാണങ്ങ
ളോർണ്ണോജാക്ഷനെ ധ്യാനിച്ചെടുത്തുടൻ
ബാണമെയ്തു വലംവെച്ചു ഭൂമിയിൽ
താണുകൂപ്പിത്തൊഴുതുവിശേഷിച്ചും
ബാണം മൂന്നുമെടുത്തുതൊടുത്തെയ്തു
ദ്രോണാചാര്യനേയും കരുതീടിനാൻ”

എന്നിട്ടു് ഒരു ബാണകൂടം നിർമ്മിച്ചു ഈറ്റില്ലത്തെ രക്ഷിക്കുന്നതിനായി,

“മന്ദിരത്തിൻപുറത്തൊരുഭാഗത്തു
സിന്ധുരേന്ദ്രനെപ്പോലെ നിന്നീടിനാൻ”

എന്നാൽ ഇത്തവണ പ്രസവിച്ച ശിശുവിന്റെ ശരീരംപോലും ബ്രാഹ്മണനു കിട്ടിയില്ല. അതുകൊണ്ടു ദുഃഖിതനായ അഗ്നിഹോത്രി ‘അഗ്നിപോലെ ജ്വലിച്ചോരു കാന്തിപൂണ്ടു്’

“തീയ്യിൽ ചെല്ലു നിൻ ഗാണ്ഡീവവും നീയും
ദുര്യശസ്സിനു പാത്രൻ നീയർജ്ജുനാ
ആനപോലെ മദിച്ചുപറഞ്ഞുനീ
നാണംകെട്ടതു നേരെന്നു കല്പിച്ച”

താൻ ഒരു ഭോഷൻതന്നെയാണെന്നും മറ്റും പരുഷമായി ഒട്ടുവളരെ അധിക്ഷേപിച്ചു. അതു കേട്ടു വർദ്ധിതപൌരുഷനായ അർജ്ജുനൻ നേരെ അന്തകപുരിയിലേക്കു പുറപ്പെടുന്നതോടുകൂടി രണ്ടാംപാദം അവസാനിക്കുന്നു. അന്തകപുരിയിൽ ചെന്നന്വേഷിച്ചതിൽ,

“എന്റെ കിങ്കരന്മാരുമീബാലനെ
ക്കൊണ്ടുപോന്നീലനിർണ്ണയം നിർണ്ണയം
ശങ്കയുണ്ടു മനസ്സിലെന്നാകിലോ
ശങ്കിക്കേണ്ട നരകങ്ങളൊക്കെയും”

നോക്കുക എന്നു് പിതൃപതി ചൊന്നതനുസരിച്ചു് അർജ്ജുനൻ എല്ലായിടത്തും നോക്കി; എന്നാൽ ഒരിടത്തും വിപ്രബാലനെക്കണ്ടില്ല. അതുകൊണ്ടു് അദ്ദേഹം അവിടെനിന്നു് സ്വർഗ്ഗത്തിലും പാതാളത്തിലും ഒക്കെച്ചെന്നു അന്വേഷണം നടത്തി. ശ്രമങ്ങളെല്ലാം വന്ധ്യമായി പരിണമിക്കയാൽ ഇനി തീയിൽചാടി മരിക്കയേ നിർവാഹമുള്ളു എന്നുറച്ചുകൊണ്ടു് അഗ്നികുണ്ഡം നിർമ്മിച്ചു.

‘അർജ്ജുനന്റെ വിശേഷത്തെ വൈകാതെ അച്ഛനോടറിയിക്കേണമെന്നിട്ടു സ്വർഗ്ഗലോകത്തേക്കെന്ന കണക്കിനെ’ അഗ്നിജ്വാലകൾ നിർഗ്ഗമിച്ചു.

“ബ്രഹ്മജ്ഞാനമുദിക്കുന്നനേരത്ത-
ക്കർമ്മവാസനനീങ്ങും കണക്കിനേ
അംബരത്തോടൊരുമിച്ചു കത്തുമ്പോൾ
ധൂമമൊക്കയും നീങ്ങിക്രമത്താലേ”

അഗ്നിയിൽ ചാടാനൊരുമ്പെട്ട അർജ്ജുനന്റെ അപ്പോഴത്തെ ഭാവം കവി ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.

“അഴകോടൊരു പൊയ്കയിൽചെന്നുടൻ
മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.
വിലസീടുന്ന പാണിതലങ്ങളിൽ
തുളസീദളംകൊണ്ടു നിറച്ചുതേ
കുലവില്ലും ചുമലിലെടുത്തുനി-
ർമ്മലമായൊരു മാറ്റുമുടുത്തുടൻ,
കിഴിഞ്ഞീടിനവാർകുഴൽതന്നില-
ങ്ങൊഴുകീടുന്ന വാരികണങ്ങളും,
ഹർഷാശ്രു വഴിഞ്ഞു നിറഞ്ഞൊരു
വരിനീണ്ടവിലോചനഭംഗിയും,
കൃഷ്ണനാമം ജപിക്കുന്നനേരത്ത-
ങ്ങൊട്ടൊട്ടുകാണും ദന്തദ്യുതികളും”

കവി പറഞ്ഞിട്ടുള്ളതുപോലെ ‘അതിമോഹനമെന്നേ പറയാവൂ’ അല്പനേരം അദ്ദേഹം ധ്യാനത്തിൽ മുഴുകി നിന്നു. തത്സമയം,

“ഇക്കാണാകിയ വിശ്വമശേഷവും
ഉൾക്കരളിലുദിച്ചൊരു തത്വവും
അക്ഷീണമായ ഭാസ്ക്കരബിംബവു-
മഗ്രേ കാണുന്നോരഗ്നിഭഗവാനും,
മൂർത്തി മൂന്നിന്നുമൂന്നായ വേദവും,
സത്യവാസിയാം ശ്രീ ഗുരുനാഥനും,
താനുമേതുമേ ഭേദമില്ലെന്നൊരു”

ജ്ഞാനം ധനഞ്ജയന്റെ ഉള്ളിൽ ഉറച്ചു.

‘അന്നേരം ജഗദാശ്രയനാം മുകിൽ വർണ്ണൻ,’ ‘വാജിമേധമഹാമഖശാലയിൽ’ നിന്നു് ഞെട്ടിയെഴുന്നേറ്റു്, ‘കണ്ണീർ നിറഞ്ഞുടനിടനെഞ്ഞു വിറച്ചു’ കൊണ്ടു് ആ സ്ഥലത്തേയ്ക്കു എഴുന്നരുളിയിട്ടു് അർജ്ജുനനെ ഈ സാഹസകർമ്മത്തിൽനിന്നു് വിരമിപ്പിച്ചു. അനന്തരം അദ്ദേഹം വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവരാനായി വൈകുണ്ഠത്തിലേക്കു പുറപ്പെടുന്നതിനോടുകൂടി മൂന്നാംപാദവും അവസാനിക്കുന്നു.

അവർ അത്ഭുതകരമായ പലേ കാഴ്ചകൾ കണ്ടു കണ്ടു്, ഒടുവിൽ വൈകുണ്ഠത്തിലെത്തി.

“അന്നേരത്തൊരു നൂറുനൂറായിരം
പൂർണ്ണചന്ദ്രന്മാർ വന്നുദിക്കുംപോലെ,
ദൂരത്താമ്മാറു കാണായിതന്നുടെ
കാരണമായൊരാനന്ദതേജസ്സും

***


വിശ്വസാക്ഷിയായ് സത്യമായ് നിത്യമായ്
സച്ചിദാനന്ദമായ പരബ്രഹ്മം
കണ്ടുകണ്ടങ്ങിരിക്കവേ കൃഷ്ണന്മാർ
കണ്ടുവൈകുണ്ഠലോകമതിൽ തന്നേ
പത്തുനൂറു സഹസ്ര കിരണന്മാർ
ബദ്ധമോദമുദിക്കും കണക്കിനേ,
നിരക്കവേ വിളങ്ങീടും താഴിക-
ക്കുടങ്ങളതി ദൂരത്തു കാണായി.” (ഇത്യാദി)

ശ്രീകൃഷ്ണൻ വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവന്നു് കൊടുത്തു് അർജ്ജുനന്റെ സത്യത്തെ നിറവേറ്റിയതു വരെയാണു് കഥ.

കിരാതം ഹംസപ്പാട്ടു്

അച്ചടിച്ചിട്ടില്ലെന്നു തോന്നുന്ന കവിത സാമാന്യം നന്നു്. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.

പ്രഹ്ളാദചരിതം ഹംസപ്പാട്ടു്

ഈ കൃതി വക്ഷ്യമാണമായ വിഷ്ണുഗീതഹംസപ്പാട്ടിന്റെ ഒരു ഭാഗമാകുന്നു. തൽകർത്താവു് ചേന്നമംഗലത്തുകാരനായിരിക്കാമെന്നു്,

‘നരനികരനരകഹരനരവവരശായിയാം
നാരസിംഹാത്മാ ജയന്താലയേശ്വരനെ’

പ്രഹ്ളാദചരിതാരംഭത്തിലും, വിഷ്ണുഗീതാരംഭത്തിലും പ്രശംസിച്ചിരിക്കുന്നതിൽ നിന്നൂഹിക്കാം. അതിനുംപുറമെ കവി, ശ്രീകുബേരനെന്ന പാലിയത്തച്ഛന്റെ ഒരു ആശ്രിതനായിരുന്നുവെന്നു്,

‘ശ്രീകുബേരാഖ്യനാം പാലിയാധീശനെ’ വാഴ്ത്തീട്ടുള്ളതിൽ നിന്നു ഗ്രഹിക്കാവുന്നതാണു്. പത്താം ശതകത്തിൽ ചേന്നമംഗലത്തുകാരനായ ഒരു രാമപാണിവാദൻ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ചേന്നമംഗലത്തെ വിഷ്ണുമൂർത്തിയേപ്പറ്റി ഒരു സ്തോത്രവും രാഘവീയം എന്നൊരു കാവ്യവും രചിച്ചിട്ടുണ്ടെന്നും പ്രഹ്ളാദചരിതം അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നും തൽപ്രസാധകനായ ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ശങ്കിക്കുന്നു.

രാഘവീയകർത്താവു് ആരെന്നു നമുക്കു അറിവാൻ യാതൊരു പ്രയാസവുമില്ല. ആ കാവ്യത്തിൽ, ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ എന്നു പ്രസ്താവിച്ചു കാണുന്നതു കൊണ്ടു് കവി ഒരു നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു തീർച്ചയാണല്ലൊ. ഈ കവിതന്നേ അംബരനദീശവിഷ്ണുസ്തോത്രം എന്നൊരു ശതകവും സീതാരാഘവാദിനാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയിലും നാരായണഭട്ടപാദസ്തുതി കാണുന്നു.

“ഭൂതേഷു സർവേഷ്വപിനിർവിശേഷംഭൂയസ്തരാമാഹിത കാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമാഃ”

എന്ന പദ്യം അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമാണല്ലോ. പ്രസ്തുത സ്തോത്രതല്ലജത്തിന്റെ അവസാനത്തിൽ

ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേ-
ർഗ്ഗാർഭാദുത്ഭവിഭിശ്ശുഭൈമധുരി പുസ്തോത്രക്ഷരൈമൌക്തിതൈ
രാമണേ ഗ്രഥിതാമിമാമവിരതയേഃ ശ്ലോകസ്വാരസ്രജം
കണ്ഠേ ലോയേതി പ്രയാസിതികൃതീമർത്ത്യസ്സവിഷ്ണോഃ പദം

‘രാമപാണിവാദവിരചിതം അംബരനദീശസ്തോത്രം സമാപ്തം’ എന്നും കാണുന്നുണ്ടു്. ഇനി നമുക്കു സീതാരാഘവീയം നാടകം നോക്കുക. അതിന്റെ പ്രസ്താവനയിൽ,

“ശ്രീനാരായണഭട്ടപാദകരുണാ പീയുഷ ഗണ്ഡൂഷണാ
ദിഷ്ടാംപുഷ്ടി മുപൈതി യസ്യകവിതാ കല്പദ്രുബീജാങ്കുരഃ
രാമോ നാമ സ പാണിവാദകുലജ സ്തസ്യപ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമൽ”

എന്നും,

“അധിസ്യാനന്ദൂരം ജയതിജഗതീപാലനപരാ
പരം ജ്യോതിശ്ശീതദ്യുതിധവളശേഷാഹിശയനം
യദന്തസ്സന്തസ്തദഖില നൃപതീനാന്നതുപരം
സുരാണാമപ്യുച്ചൈരധിവസതിമാർത്താണ്ഡനൃപതിഃ”

എന്നും കാണുന്നതുകൊണ്ടു് ഈ രാമപാണിവാദൻ കുഞ്ചൻനമ്പ്യാരു തന്നെ എന്നൊരൂഹത്തിനു വഴി കിട്ടുന്നു. മാർത്താണ്ഡവർമ്മ രാജാവിനെ ‘പത്മനാഭസമർപ്പിതസമസ്തനിജവിഭവ’നായി പ്രസ്താവിച്ചിട്ടുമുണ്ടല്ലോ. ചെമ്പകശേരി രാജാവിനേയും പിന്നീടു മാർത്താണ്ഡവർമ്മ രാജാവിനേയും ആശ്രയിച്ചു ജീവിച്ചതായ ഒരു രാമൻനമ്പ്യാരെ മാത്രമേ നാം അറിയുന്നുള്ളു. നമ്പ്യാരുടെ ഗുരുവായി ഒരു തെക്കേടത്തു ഭട്ടതിരി ഉണ്ടായിരുന്നതായി ഒരു ഐത്യഹ്യവുമുണ്ടല്ലോ. ആ ഭട്ടതിരി ആയിരിക്കണം ഇതിൽ സംസ്കൃതനായ നാരായണഭട്ടപാദൻ.

കുഞ്ചൻനമ്പ്യാരുടെ പേരു ‘രാമൻ’ എന്നായിരുന്നു എന്നുള്ളതിനേപ്പറ്റി സംശയിപ്പാനൊന്നുമില്ല. ഒരു പഞ്ചതന്ത്രഗ്രന്ഥത്തിന്റെ അവസാനത്തിൽ,

‘പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം
രാമേന പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബര വാഹിന്യാം ധാമനിസ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവിതു നഃ’

എന്നു കാണുന്നുണ്ട്. അതിനുംപുറമേ വഞ്ചിമഹാരാജാവു് ഏതെങ്കിലും സ്ഥാവരമായ വസ്തുവിൽ ഉറപ്പിക്കണം എന്നു അരുളിച്ചെയ്തിട നമ്പ്യാർക്കു നല്കിയ പണക്കിഴികൊണ്ടു് ആ വിരക്തകവി കിള്ളിക്കുറിശ്ശിമംഗലത്തു ഒരു ബലിക്കല്പുര തീർപ്പിക്കയും അതിൽ,

“ശ്രീബലിപ്രസ്തരശ്ശംഭോ ശ്ശ്രീശുകാലയ വാസിനഃ
രാമേണപാണിവാദേന കാരിതോ ഭുതയേ ധ്രുവം.”

എന്നു കൊത്തിക്കയും ചെയ്തിട്ടുണ്ടു്.

പ്രഹ്ളാദചരിതത്തിന്റെ കർത്താവു് കുഞ്ചൻനമ്പ്യാരായിരിക്കാൻ ഇടയില്ല. അദ്ദേഹം പാലിയത്തച്ഛനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഒരു തെളിവുമില്ലല്ലോ. വിഷ്ണുഗീതയിൽ നമ്പ്യാരുടെ ശൈലി കണികാണ്മാനില്ലെന്നും നമുക്കു കാണാം. ശ്രീകൃഷ്ണവിലാസകാവ്യത്തിന്റെ വ്യാഖ്യാതാവായി ഒരു രാമൻനമ്പ്യാരുള്ളതായി നമുക്കു് അറിയാം. അദ്ദേഹവും ഒരു ശ്രീനാരായണഭൂസുരന്റെ ശിഷ്യനായിരുന്നുവെങ്കിലും കുഞ്ചൻനമ്പ്യാരിൽ നിന്നു ഭിന്നനാണെന്നു തോന്നുന്നു. ചേന്നമംഗലത്തുകാരനായിരുന്നെന്നും തോന്നുന്നില്ല. വേറൊരു രാമപാതിവാദനുള്ളതുരാമപഞ്ചശതിയുടെവ്യാഖ്യാതാവാണു്. അദ്ദേഹമായിരിക്കുമോ പ്രഹ്ളാദചരിതത്തിന്റെ കർത്താവെന്നു നിശ്ചയമില്ല. എഴുത്തച്ഛനാകുന്ന കവി ഭാസ്കരന്റെ പ്രചണ്ഡജ്യോതിസ്സിനാൽ വിലുപ്മഭാസ്സായി തീർന്ന ഏതോ ഒരു കവിതാരം രചിച്ചതാണു് ഈ കൃതി എന്നു മാത്രമേ തല്ക്കാലം പറവാൻ നിവൃത്തിയുള്ളു.

പ്രഹ്ളാദചരിതം ഒരു മനോഹരമായ ചെറുകാവ്യമാകുന്നു. അദിതിയുടെ ‘സുതനനുജനതി കഠിനമാനസനായ’ ഹിരണ്യകശിപു എന്ന അസുരൻ ‘അഗ്രജാപായം ഗ്രഹിച്ച’ ഉടനെ വിശ്വം മുഴുവനും ആക്രമിച്ചു കീഴടക്കുന്നതിനായി നിശ്ചയിച്ചു. ഉദ്ദേശം നിർവഹിക്കുന്നതിനു വേണ്ടി ‘ഗോകർണ്ണമെന്നുള്ള പുണ്യദേവാലയം’ പ്രാപിച്ചു് അയാൾ തപസ്സുചെയ്തു തുടങ്ങി.

“മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ
മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ.
കുളിനിയമമനുദിനവുമവനു കുറവില്ലഹോ
കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.
അശനമപി ശയനമഹി നഹി, കൃശശരീരനാ-
യർച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.
കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം
കാറ്റും മഴയും വെയിലുമേറ്റീടിനാൻ.
മരവിരിയുമഥജടയുമതിവിമല ഭസ്മവും
മാറാതലങ്കാരമാക്കിവാണീടിനാൻ.
അവനുടയ ജടയിലുടനനവധിലതാജാല-
മാകവേ ചുറ്റിപ്പടർന്നു പതുക്കവേ
പലവകയിലവനുടയ ശിരസി പരിചോടുടൻ
പക്ഷികൾ കൂടു ചമച്ചു കൂടീടിനാർ.
പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-
പ്പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.
അരവകുലമവനുടയ മുടിയിലിടകൂടിനി-
ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.
കതിരവനിലധികതരമവനുടെയ തേജസാ
കാളുന്നു കത്തിജ്വലിച്ചു ദിഗന്തരം.”

ഇങ്ങനെ തീവ്രമായ തപം ചെയ്തുകൊണ്ടിരിക്കവേ, ബ്രഹ്മാവു് പ്രത്യക്ഷപ്പെട്ടിട്ടു്,

‘ഇരവുമഥ പകലുമുടനടിയനേ’ ആരുംതന്നേ വധിക്കരുതെന്നു മാത്രമല്ല ‘അസിമുസലശരപരിഘ പരശു ഗദയാദിയാമായുധ’ങ്ങളാൽ താൻ അവധ്യനായിരിക്കണമെന്നും അയാൾ പ്രാർത്ഥിച്ചതനുസരിച്ചു് ആ വരം നൽകിയതിനുശേഷം അദ്ദേഹം തിരോധാനം ചെയ്തു. അനന്തരം ഈ അസുരന്റെ പരാക്രമം നിമിത്തം ദേവകൾ എല്ലാവരും സ്ഥാനഭ്രഷ്ടരായ് ചമഞ്ഞു. അവൻ ദുർമ്മദാന്ധ്യം നിമിത്തം ‘ഉരഗവരശയനനുടെ പുരവരമണഞ്ഞുടൻ’ തിരക്കിത്തുടങ്ങിയപ്പോൾ സർവജ്ഞനായ ഭഗവാൻ അവന്റെ മനസ്സിൽ ആവേശിച്ചു് ഒളിച്ചുകളയുകയാൽ,

“അജിതനിഹ വിജിതനീതികലുഷമതിനിശ്ചയി-
ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ

***


തൽപുരംപൂക്കു സുഖിച്ചു വാണീടിനാൻ.”

അങ്ങനെ ഇരിക്കെ അയാളുടെ പത്നികളിൽവെച്ചു മൂത്തവൾ ഗർഭം ധരിക്കയും, ‘നരകരിപു ചരണതല കമലമധുഭൃംഗമാം’ നാരദൻ അവിടെചെന്നു് സൂത്രത്തിൽ ഗർഭസ്ഥമായ ശിശുവിനു് ജ്ഞാനോപദേശങ്ങൾ ചെയ്കയും ചെയ്തു. തന്നിമിത്തം ആ കുട്ടി ജനിച്ച അന്നുമുതല്ക്കേ വിഷ്ണുഭക്തനായിത്തീർന്നു. ആ ശിശുവത്രേ വിഷ്ണുഭക്താഗ്രണിയായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ ശൈശവത്തെ കവി ഇങ്ങനെവർണ്ണിക്കുന്നു.

“മധുമഥനനുടെ മകുടകടകമണികുണ്ഡലം
മഞ്ജീരഹാരം വനമാലകൌസ്തുഭം
ശരദമലശശിസദൃശവദനമൃദുഹാസവും
ശംഖു ചക്രം ഗദാ പങ്കേരുഹങ്ങളും,
കനകരുചിവസനമതുമനഘമണികാഞ്ചിയും.
കാളമേഘാഭം കളേബരാഭോഗവും,
അടികമല വടിവുമവനനവരതമാദരാ-
ലാശയം തന്നിലുറപ്പിച്ചു മേവിനാൻ”

ഹിരണ്യകശിപു ഈ കുട്ടിയേ അഞ്ചുവയസ്സു തികഞ്ഞ ഉടനേ തന്നെ ദൈത്യധർമ്മം ഗ്രഹിപ്പിക്കുന്നതീനായി ഗുരുവിനേ ഏൾപ്പിച്ചു. എന്നാൽ അവൻ,

“അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-
നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.”

നേരെമറിച്ചു്,

“നരകരിപുചരണയുഗ ഭജനസുഖമെന്നിയേ
നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.”

ഒരുദിവസം അസുരാധിപതി തന്റെ പുത്രനേ അരികിൽ വിളിച്ചു്,

“ഓമൽക്കുമാരക! ചൊല്ലെടോ നന്ദന
സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ
സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?”

എന്നു ചോദിച്ചു. ‘സാരംഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം’ എന്നുള്ള മറുപടി കേട്ടപ്പോൾ, അവൻ, രണ്ടുകൈകൊണ്ടും ശ്രോത്രങ്ങൾ പൊത്തിയിട്ടു്, പുത്രനേ തലമുടിക്കു പിടിച്ചു നിലത്തിടുകയും തെരുതെരെത്താഡിക്കയും ചെയ്തുവെങ്കിലും,

നരകമുരമധുമഥന! വരദ കരുണാനിധേ!
നാരായണാനന്ത ഗോവിന്ദ മാധവ!

എന്നുള്ള തിരുനാമങ്ങളെ ആ ബാലകന്റെ നാവിൽനിന്നും പൊങ്ങിയുള്ളു. പിന്നീടു് ആ ദുഷ്ടനായ അസുരൻ പ്രഹ്ളാദനെ അപായപ്പെടുത്തുന്നതിനു കഴിയുന്ന ശ്രമങ്ങൾ എല്ലാംചെയ്തു. എന്നാൽ ഒന്നും ഫലിച്ചില്ല. പ്രഹ്ലാദന്റെ ഭക്തി ഉത്തരോത്തരം വർദ്ധിച്ചുവന്നതേയുള്ളു. ഒടുവിൽ ഒരു ദിവസം ഹിരണ്യകശിപു ആചാര്യമന്ദിരത്തിൽചെന്നു് അസിലത ഉയർത്തിക്കൊണ്ടു് ‘ഇപ്പോൾ നിനക്കു് ആരാണു് തുണ കാണട്ടേ’ എന്നു പ്രഹ്ളാദനോടു പറഞ്ഞപ്പോൾ, അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.

“ഇന്ദിരാനാഥൻ ജഗന്നാഥനാശ്രയം
അറിക മമ ജനക പുനരഖിലജനങ്ങൾക്കു-
മങ്ങിന്നമുക്കുമസ്സ്വാമിതാനാശ്രയം”

അതു കേട്ടപ്പോൾ

“പറക തവ മുരമഥനനെവിടെയങ്ങുണ്ടുപോൽ”

എന്നായി അസുരാധിപതിയുടെ ചോദ്യം.

“മമ വപുഷി തവ വപുഷി സുരവരവപുസ്സിലും
മറ്റും പദാർത്ഥങ്ങളിലൊക്കെയുണ്ടീശ്വരൻ”

എന്നു പുത്രൻ മറുപടി പറഞ്ഞു.

“സ്തുതിവചനമിദമഖില ഭജിതനവനെങ്കിലി-
ത്തൂണിന്മേലുണ്ടോ? പറക നീ നന്ദന!”

എന്നു പിതാവു് ഗർജ്ജച്ചു.

“തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു
തൂണായതും സ്വാമിതാനെന്നു പുത്രൻ” സധൈര്യം പറയവേ,
“തവഭജനപതിയുടയശിരസി വിരവോടു ഞാൻ
താഡനം ചെയ്യുന്നു കണ്ടാലുമാശു നീ”

എന്നു പറഞ്ഞിട്ടു് അസുരൻ തൂണിനേ ഒന്നു വെട്ടി. അപ്പൊഴത്തെ അവസ്ഥ കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നു.

“തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-
സ്തംഭത്തിനുള്ളിൽനിന്നുണ്ടായി തൽക്ഷണം.
അസുരപടുപടകളതികിടുകിട വിറച്ചുപോ-
യാകാശരംഗം നിറഞ്ഞു കവിഞ്ഞിതു.
കുലഗിരകളുടെ ശിഖരമിടി പൊടിതകർന്നുപോയ്
കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ.
മുനികളുടെ നടുവിലഥ മരുവിനവിരിഞ്ചനും
മോഹിച്ചു താഴത്തു വീണുപോയഞ്ജസാ
നിരതിശയപരുഷമതി ദിതിജകുലചുംഗവൻ
നീളവേനോക്കിത്രസിച്ചു നില്ക്കുംവിധൌ,
തരുണതരതുഹിനഗിരി വിപുലമൊരുവിഗ്രഹം സ്തംഭംപിളർന്നു കിളർന്നു കാണായ്‍വവന്നു.
വലിയ ഗിരിശിഖരസമമതിവികടവക്ത്രവും,
വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും,
വികടതര സടകളുടെ പടലമൊടു താടിയും,
വിസ്തീർണ്ണമാകുന്നവക്ഷഃപ്രദേശവും
വലികളിടകലരുമതിപൃഥുല തരകണ്ഠവും,
വജ്രഘോരങ്ങളാം ദംഷ്ട്രാങ്കുരങ്ങളും,
നിശിതലസദസിസദൃശതരളതരജിഹ്വയും
നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും,
കുലിശസമ കുടിലതരപരുഷനഖജാലവും,
കുണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും,
സകലശശികിരണഗണസദൃശതനുരോമവും,
സംഹാരരുദ്രോതുസിംഹാരവങ്ങളും,
അചലവരസമകഠിന ദൃഢതരശരീരവു-
മത്യുൽക്കടങ്ങളാം നാനായുധങ്ങളും,
അരുണരുചികലരുമതിപൃഥുനയനരശ്മിയാ-
ലഗ്നിസ്ഫുലിംഗപ്ര ചണ്ഡപ്രകാരവും,
മധുമഥനഘടിതമിതി ഭുവനഭയകാരണം
മർത്യസിംഹാകാരമത്യന്തഭീഷണം”

ഈ നാരസിംഹം ചണ്ഡപരാക്രമിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന ഘട്ടവും പ്രഹ്ളാദസ്തുതിയും മനോഹരമായിരിക്കുന്നു.

ഈ കൃതിക്കു ഒരു വിശേഷണം കാണുന്നു. കവി ദ്വിതീയാക്ഷരപ്രാസം ഉപയോഗിച്ചിട്ടില്ലെന്നും തന്നേ പറയാം. എന്നാൽ ആദ്യാക്ഷരപ്രാസം നിയമേന പ്രയോഗിച്ചു കാണുന്നുമുണ്ടു്. അവിടവിടെ ആംഗലപ്രാസവും കാണുന്നു. ആശയങ്ങൾക്കു വലിയ ഗാംഭീര്യമൊന്നുമില്ലെങ്കിലും, കവിയുടെ പദസ്വാധീനത പ്രശംസാർഹമാണു്. വിഷ്ണുഗീതയിലാകട്ടെ ആദ്യക്ഷരപ്രാസമെന്നപോലെ ദ്വിതീയാക്ഷരപ്രാസവും പ്രയോഗിച്ചിട്ടുണ്ടെന്നുവരികിലും, അതിനു പ്രഹ്ളാദചരിതത്തോടു സാഹോദര്യം പ്രകടമായിരിക്കുന്നു. [2]

വിഷ്ണുഗീത (അച്ചടിച്ചിട്ടില്ല)

ഈ കൃതിയുടെ ആദിയും അവസാനവും താഴെ ചേർക്കുന്നു.

“ചൂർണ്ണീതടാന്തേ ജയന്താലയേശൻ,
പൂർണ്ണീകൃതാശേഷദേവതാമണ്ഡലൻ,
പൂർണ്ണമാമാനന്ദപീയുഷവാരിധി,
പൂർണ്ണാമൃതാംശുപ്രകാശൻപുരാതനൻ,
നാരസിംഹാകൃതിനാരായണൻപരൻ,
നാരദസേവിതൻ നാകേശവന്ദിതൻ” ഇത്യാദി.

അവസാനത്തിലേ ഫലശ്രുതി ഇങ്ങനെയാണു്.

“വിശ്വനായകൻ വിഷ്ണു വിശ്വസമ്പത്തിനായ്
വിശ്വമങ്ങപഹരിച്ചിന്ദ്രനു ദാനംചെയ്തു്
ക്ഷീരവാരിധിതന്നിൽ യോഗിപര്യങ്കേ ശുഭം
സ്വൈരമാംവണ്ണം ശയിച്ചീടിനാൻ മോദത്തോടും
ഇക്കഥകഥിക്കുന്നോർക്കീശ്വരൻപ്രസാദിക്കും
നൽക്കുലം ബലം ധനം മോക്ഷവും സാധിച്ചീടും.”
രാമായണ ഗാഥ

ഇതു കൃഷ്ണഗാഥയെ അനുകരിച്ചു് രചിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ കൃതിയാകുന്നു. എന്നാൽ സാഹിത്യഗുണങ്ങളേ സംബന്ധിച്ചിടത്തോളം ഇവയ്ക്കുതമ്മിൽ അജഗജാന്തരമുണ്ടു്. രാമായണകഥയെ ആറു കാണ്ഡങ്ങളായി വിഭജിച്ചു് ഇതിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കവി ആരെന്നു നിർണ്ണയിക്കാൻ തരമില്ല. ഈ ഗാഥയെ ഇതേവരെ അച്ചടിപ്പിച്ചിട്ടുള്ളതായി അറിയുന്നില്ല. ബാലകാണ്ഡംമാത്രം ക്യുറേറ്റർ ആഫീസിൽ പകർത്തിവെച്ചിട്ടുണ്ടു്. ഏകദേശം സമ്പൂർണ്ണമായി ഒരു പ്രതി, കൈരളിയുടേയും അസ്മാദൃശന്മാരായ സുഹൃന്മിത്രാദികളുടേയും ഭാഗ്യദോഷംകൊണ്ടു ഈയിടയ്ക്കു ഇഹലോകജീവിതം വെടിഞ്ഞ നിരന്തരസാഹിത്യവ്യവസായിയും അഭിജ്ഞകുലോത്തംസവും ആയ മി. കെ. പി. ശിവശങ്കരപ്പിള്ളയുടെ കൈവശം വന്നുചേർന്നിരുന്നു. അതിനെ വിദ്വൽക്കുല ഭൂഷണമായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ള അചിരേണ പ്രസിദ്ധീകരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം. ഈ കൃതിയിലും ദ്വിതീയാക്ഷര പ്രാസത്തിനു പകരം ആദ്യക്ഷര പ്രാസംമാത്രം ഉപയോഗിച്ചിരിക്കുന്നു.

“മോനൈക്കിനമേ അ ആ ഐ ഔവും
ഇ ഈ എ ഏവും ഉ ഊ ഒ ഔവും
ചതവും ഞനവു മെനവേ”

എന്നു തൊന്നൂൽവിളക്കത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു നോക്കിയാൽ മോന, സാർവത്രികമായി പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.

“മന്നവന്മാർക്കൊക്കെ മന്നവനായോരു
മാർത്താണ്ഡഗോത്രജൻ മാനശീലൻ
മുനിദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും
മോഹിച്ചതൊക്കയും നൽകീടുന്ന
ആനന്ദമൂർത്തിയതാകും ശ്രീരാമനു-
മംഗനയോടുംമനുജനോടും
നന്നായയോദ്ധ്യാനഗരിയിലും വാണു
നല്ലോരോടുമാനന്ദിച്ചക്കാലം.”
കിരാതം എട്ടുവൃത്തം

ഇതു ചമ്പൂകാലത്തുണ്ടായ ഒരു സാമാന്യം നല്ല കൃതിയാണു്. ഓരോ വൃത്തത്തിൽനിന്നു ഒരു പദ്യംവീതം ഉദ്ധരിക്കുന്നു.

  1. ഗണപതിഭഗവാൻ തന്തിരുവടിയും കവിമകൾതാനും തുണചെയ്തിടുക; തുണചെയ്തിടുക ഗുരുജനവും മമ; കഴലിണപണിവേൻ ഹരശങ്കര ജയ.
  2. അമ്‍ലാനകാന്തി തടവീടും ധനഞ്ജയനെ മുന്നേതിലും പെരികെ ലാളിച്ചുകൊണ്ടിനിയ ധർമ്മാത്മജൻ തദനു മമ്മാ! തെളിഞ്ഞുബത! ചോന്നാനിവണ്ണമര ഹരചന്ദ്രചൂഡ ജയ.
  3. അംഗരാരജരൻതന്റെ ഗുണങ്ങളുംവായ്പും മഹിമയുംകണ്ടു തൊഴുന്നേരം ഭഗവാനേക്കണ്ടു തൊഴുതോളംതന്നേ സുഖംവന്നുപാർത്ഥ ഹരശംഭോ!
  4. വൃത്രാരിപുത്രങ്കലീവണ്ണമേറ്റം വർദ്ധിച്ചതേജസ്സുകണ്ടോരുനേരം വൃത്രാരിമുമ്പായ വിണ്ണോർക്കുമപ്പോ- ളുൽത്താപമെത്തീ മഹാദേവശംഭോ
  5. കാട്ടാളവേഷംപൂണ്ട കാന്തനെക്കണ്ടപ്പോൾ പാർവതീദേവിതാനുമമ്പിലന്നേരമൊരു കാട്ടാളസ്ത്രീയെപ്പോലെ നന്നായിച്ചമഞ്ഞാൾപോൽ വാട്ടമെന്നിയേ ഹര ശങ്കര ശിവ ശിവ.
  6. ആരെടോ ഞാനെയ്ത പന്നിയേക്കൂടെവ- ന്നെയ്തനീകള്ളനോ കാടനോ മൂഢനോ? നേരുചൊല്ലീടതല്ലായ്കിൽ നന്നായ്‍വരാ കാരിയം താവകം ചന്ദ്രചൂഡവിഭോ!
  7. പരമേശ്വരനും പാർത്ഥനും തങ്ങളിലുള്ള സമരംകണ്ടുനില്ക്കും മലമാതിന്നൊരു തൃക്കണ്ണുചുവന്നതു കണ്ടകതാരി- ലധികം ഭയംവന്നു ഹര ശംഭോ.
  8. ഇന്ദുശേഖരാ പാഹിരമാവരൻ സന്തതംകരുതും കരുണാനിധേ കുന്നിന്മാതുകനിഞ്ഞു പുണർന്നീടും പുണ്യപൂരമേ ശങ്കര ഹരേ ജയ.
ഭാഗവതം നാലുവൃത്തം

ഈ കൃതി വളരെ ചെറുതെങ്കിലും ഗംഭീരമായിരിക്കുന്നു. എഴുത്തച്ഛന്റേതായിരിക്കുമോ എന്നുപോലും ചിലർ സംശയിക്കുന്നുണ്ടു്. ഇതു അക്ഷരമാലാക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു സ്തോത്രമാണു്. ഓരോ പാദത്തിൽനിന്നും ഏതാനുംഭാഗം വീതം ഉദ്ധരിക്കാം.

“കരളിൽവിവേകം കൂടാതെ ക-
ണ്ടരനിമിഷം ബത കളയരുതാരും
മരണംവരുമിനിയെന്നുനിനച്ചിഹ
കരുതുകസതതം നാരായണജയ.
കാണുന്നൂചിലർ പലതുമുപായം
കാണുന്നില്ല മരിക്കുവതെന്നും
കാണുകിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലേന്നേകാണൂ നാരായണജയ.”

ഇങ്ങനെ പ്രഥമപാദം–ക കാ–കീ എന്ന അക്ഷരക്രമത്തിൽ നിർമ്മിച്ചിരിക്കുന്നു.

ദ്വിതീയപാദം
“അച്യുതന്റെഗുണം കേട്ടുകേട്ടാവോള-
മിച്ഛമറ്റൊന്നിലും കൈവരാനിർണ്ണയം
വിശ്വനാഥോദയം കേൾപ്പതിന്നും മഹാ-
പാപികൾക്കെത്തുമോ? കൃഷ്ണരാമാഹരേ.
ആഭിമുഖ്യംവരും പുണ്യപൂരത്തിനാ
ലാദിനാഥൻകൃപാ ലേശമുള്ളോർക്കുടൻ
ശാപമുണ്ടായശേഷം പരീക്ഷിത്തിന-
ങ്ങേതുപോൽ പണ്ടതു കൃഷ്ണരാമാഹരേ.”
തൃതീയപാദം
“അന്നേരംഭക്ത്യാ വന്ദിച്ചിരുത്തിനാൻ
നന്നായ് വിഷ്ണുരാതൻ ബ്രഹ്മരാതനെ
ജന്മസാഫല്യമെന്തെന്നറിവാനായ്
നന്മചോദിച്ചാൻ കൃഷ്ണഹരേജയ.
ആദിത്യനുദയേ തിമിരംപോലെ
ദൂരനീങ്ങുന്നു മോഹംനമുക്കിപ്പോൾ
ആതുരാണാമനുഗ്രഹം നിങ്ങളിൽ
താനേ കൈവരും കൃഷ്ണഹരേജയ.”

ഈ രണ്ടുപാദങ്ങളും അകാരാദിക്രമത്തിലാണു്.

തുരീയപാദം
“കല്യാണമാർന്നഹരിലീലാമൃതം നൃവര!
ചൊല്ലാം പറഞ്ഞതു ചെവികൊൾക പാപഹരം
എല്ലാംപറഞ്ഞിടുവതില്ലാരുമെന്നറിക
നല്ലോരുവിഷ്ണുകഥ നാരായണായനമഃ.”

ഇതു പ്രഥമപാദംപോലെ ക. കാ. കീക്രമത്തിലത്രേ.

കാളീയമർദ്ദനം ഗജേന്ദ്രമോക്ഷം എന്നു രണ്ടു ചമ്പുക്കൾകൂടി ഈയിടയ്ക്കു കാണുകയുണ്ടായി. അവയ്ക്കു മറ്റു ചമ്പുക്കളോളം പഴക്കം തോന്നിക്കുന്നില്ല. കാളീയമർദ്ദനത്തിൽനിന്നു ഏതാനും ഭാഗം ഉദ്ധരിക്കുന്നു.

കാളീയമർദ്ദനം ചമ്പു
“നാലാമ്‍നായാംബുജത്തിൻപരിമളവിഭവം നർമ്മസഞ്ജാതഘർമ്മ-
പ്രാലേയാലംകൃതശ്രീമുഖതുഹിനകരം മഞ്ജുവംശീനിനാദം;
നീലാംഭോദാഭിരാമം കരുതുകമനമേ കന്മഷം കൈവരായ്‍വാൻ
ലീലാഗോപാലബാലം ഭജത നരസുരാഹീശപാദാരവിന്ദം.
വിശ്വമെല്ലാം ക്ഷയിച്ചിത്രിലോകീപുരീ-
ശില്പിയാം പത്മജന്മാവുതാനും
ലയിച്ചൊക്കവേകാരണാംഭോമയം
തന്നെയാക്കുന്ന കാലത്തുമാപത്തു
കൂടുന്നവണ്ണം വടത്തിൻ ദലത്തിൽ
കിടന്നംഘ്രിപാനം കൊടുക്കും പരൻ” ഇത്യാദി.
കൃഷിപ്പാട്ടു്

ഇതു കേരളത്തിലെ കൃഷിസമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു കൃതിയാകുന്നു. ഒന്നാംപാദത്തിൽ നെല്ലു, പലമാതിരി കാകനികൾ, സസ്യാദികൾ മുതലായവയുടെ വിത്തുകളേ വിവരിച്ചിരിക്കുന്നു. ‘കൃഷികർമ്മങ്ങൾ ചെയ്യുംപ്രകാര’ങ്ങളാണു് ദ്വിതീയപാദത്തിലെ വിഷയം. എന്നാൽ കൃഷിയ്ക്കുപകരിക്കുന്ന കാലാവസ്ഥകളേപ്പറ്റിയും അതിൽ വിസ്തരമായി പറഞ്ഞിട്ടുണ്ടു്.

കൃഷിചെയ്താൽ വേണ്ടപോലെ ഫലിക്കണമെങ്കിൽ, കർഷകന്മാർ ധർമ്മ്യജീവിതം നയിക്കണമെന്നു് മൂന്നാംപാദത്തിൽ പറയുന്നു.

“സത്യമുണ്ടാകകാരണം വിത്തുകൾ
സത്യമായി വിളയുന്നു ഭൂമിയിൽ
സത്യമെല്ലാർക്കും കാരണമോർത്താലും
സത്യമല്ലോ ജഗത്തിങ്കലീശ്വരൻ”

കേരളത്തിൽ ആറുമാസം വർഷമുണ്ടാകുന്നതുതന്നേ ധർമ്മാനുഷ്ഠാനം കൊണ്ടാണത്രേ.

“ധർമ്മബുദ്ധികളായിട്ടിരുന്നിട്ടു
ധർമ്മംചെയ്തു വസിക്കുന്നകാലത്തും
ധർമ്മിഷ്ഠന്മാരെ രക്ഷിയ്ക്കുന്നകാലത്തും
നിങ്ങളുമങ്ങനന്തരം ഭൂപരും
ഇങ്ങനെവസിച്ചീടുന്നകാലത്തു
വാസവ വാക്യത്തിന്നിളക്കംവരാ
വാസുദേവൻ തൃക്കാലിണ നിർണ്ണയം.”

മാഷാദിവിത്തുകൾ വിതയ്ക്കുക, പറിച്ചുനടുക, മുതലായ സംഗതികളേപ്പറ്റിയും, തെങ്ങു പ്ലാവു മുതലായവയേ വയ്ക്കേണ്ട ക്രമങ്ങളേപ്പറ്റിയും ഈവകവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളേ പറ്റിയും ഈ അദ്ധ്യായത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ടു്.

നാലാംപാദത്തിൽ കൃഷി ആരംഭിക്കേണ്ട കാലത്തേയും മറ്റുമാണു് വർണ്ണിച്ചിരിക്കുന്നതു്. ഈ ഗ്രന്ഥം വായിച്ചാൽ കേരളീയരുടെ കൃഷിസംപ്രദായങ്ങളെക്കുറിച്ചു വിപുലമായ ജ്ഞാനം ഉണ്ടാകുന്നതാണു്.

നടക്കാവുകൾ, പൂന്തോട്ടങ്ങൾ മുതലായവ നിർമ്മിക്കുന്നതു ഉത്തമമായ മനുഷ്യധർമ്മമാണെന്നു് അന്നത്തേ മലയാളികൾ വിചാരിച്ചിരുന്നു.

‘ദേവന്മാർക്കങ്ങലങ്കരിച്ചീടുവാൻ
ദേവസന്നിധൌ പൂന്തോട്ടംതീർക്കണം
പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ
നീന്തീടുന്നില്ല സംസാരസാഗരേ,
നടക്കാവങ്ങു വയ്ക്കുന്നവർക്കുട-
നൊടുക്കം ഗതിയുണ്ടെന്നുനിർണ്ണയം.’

ഇത്യാദിഭാഗങ്ങൾ നോക്കുക.

പ്രകൃതകൃതി പോർത്തുഗീസുകാരുടെ വരവിനുശേഷവും എഴുത്തച്ഛന്റെ കാലത്തിനോടടുത്തും നിർമ്മിക്കപ്പെട്ടതായിരിക്കണം.

രാമാശ്വമേധം കിളിപ്പാട്ടു്

ഈ ചെറുകാവ്യം ‘ശ്രീ ചിത്രാവലി’യിൽ ഒന്നാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഉത്തരരാമായണാന്തർഗ്ഗതമായ ശ്രീരാമാശ്വമേധമാണു് ഇതിലേ പ്രതിപാദ്യവിഷയം. ഭാഷാരീതി ലളിതവും സുഗമവുമായിരിക്കുന്നു. ഗ്രന്ഥകാരനാരെന്നു നിർണ്ണയിക്കാൻ തരമില്ല. ചിത്തിരതിരുനാൾ വായനശാലക്കാർക്കു കിട്ടിയ ആദർശഗ്രന്ഥം എഴുതിത്തീർത്തതു ൮൦൬-മാണ്ടിടയിലായതുകൊണ്ടു് അതിന്റെ നിർമ്മാണകാലം അതിനു മുമ്പാണെന്നു തീർച്ചയാണു്. എഴുത്തച്ഛന്റെ കൃതിയിലേ,

“താന്താന്നിരന്തരം ചെയ്യുന്നകർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേവരൂ”

എന്ന വരികളെ അല്പം മാറ്റിയിട്ടു്,

‘താന്താൻനടേചെയ്ത പുണ്യപാപങ്ങളെ
ത്താന്താനനുഭവിച്ചീടുകെന്നേവരൂ.’

എന്നിങ്ങനെ പ്രകൃതകൃതിയിൽ പ്രയോഗിച്ചിട്ടുള്ളതിനാൽ, ഇതു രാമാനുജന്റെ കാലത്തിനുശേഷം ഉണ്ടായതായിരിക്കണം.

രാമായണഗാഥയുടേയും ഈ കൃതിയുടേയും ഭാഷ പരിശോധിച്ചു നോക്കിയതിൽ അത്ഭുതാവഹമായ സാദൃശ്യം കാണുന്നു. പല സ്ഥലങ്ങളിൽ ആശയസാമ്യവും കാണുന്നുണ്ടു്. അതുകൊ​ണ്ടു് രണ്ടും ഒരാളുടെ കൃതി ആയിരിക്കണമെന്നു തോന്നുന്നു. കവി വടക്കനാണെന്നുള്ളതിന്റെ സംശയമില്ല.

വർണ്ണനകൾക്കു നല്ല ജീവനുണ്ടു്.

“നിത്യനാം മാധവൻ മാർത്താണ്ഡവംശത്തി-
നുത്തമനായ ദശരഥനന്ദനൻ
ഘോരനായുള്ള ദശഗ്രീവനെക്കൊന്നു
പാരിടത്തിന്നു പരിതാപവുംതീർത്തു
ഭൂരിഭാരത്തെക്കുറച്ചു ഭൂമണ്ഡലേ
വാരുലാവീടിന്നൊരുത്തര കോസലേ
വാരിധി ചൂഴുമൂഴിക്കേകനാഥനായ്
ചാരുസിംഹാസനേവാഴുന്നകാലത്തു”

അശ്വമേധം നടത്തുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തിയിട്ടു് വൈദികന്മാരെ പല ദിക്കുകളിൽനിന്നു വരുത്തി. രാജാക്കന്മാരും നാനാദിക്കുകളിൽനിന്നു്, ‘കളത്ര സന്താനസൈന്യങ്ങളോടുകൂടി’ വന്നുചേർന്നു.

“നാകമുനിവാസികളും ദേവരാജനും
നീളേക്കുമാപത്തൊഴിഞ്ഞു നമുക്കെന്നു
കോളോടുകൂടെത്തിറയുംകൊടുത്തവർ
മേളിച്ചു യാഗംഭരിക്കുന്നതുമവർ;
ആളൊത്തുഭോഗംഭുജിക്കുന്നതുമവർ;
കേളിയുണ്ടോ പണ്ടൊരുത്തനുമീവണ്ണം
കേവലമാചാരമില്ലാത്ത വാനരൻ
ദേവകളെപ്പോലെ ശുദ്ധഭാവത്തോടും
സാവധാനം വിഭവങ്ങൾ ഭരിക്കുന്നു.
ഈവണ്ണമെന്നുപറഞ്ഞുകൊൾവാനഹോ
നാവുകളേതും മതിയല്ലനന്തനും”
“കുക്ഷിനിറപ്പാനജസ്രം മുനികളെ
ഭക്ഷിച്ചൊടുക്കുന്ന രാക്ഷസരുംനൃപ-
ശിക്ഷയാവിഘ്നംവരാതെ കണ്ടെപ്പൊഴും
രക്ഷിച്ചു ഗോപുരം നാലിലുംനില്ക്കുന്നു.”

കുക്ഷി നിറപ്പാൻ ഇത്യാദി വരികളിൽ കാളിദാസന്റെ ‘ആസൻ യത്ര ക്രിയാവിഘ്നാ രാക്ഷസാ ഏവ രക്ഷിണഃ’ എന്ന രഘുവംശത്തിന്റെ ഛായകാണുന്നു.

രാമൻ സഹധർമ്മിണിയോടുകൂടാതെ എങ്ങനെ യാഗം നടത്തും? അതുകൊണ്ടു് അദ്ദേഹം സ്വർണ്ണത്തിൽ ഒരു സീതാവിഗ്രഹം നിർമ്മിച്ചു് മുറയ്ക്കു് വ്രതങ്ങൾ തുടങ്ങി. അങ്ങനെ ഇരിക്കെ, വാല്മീകിയും ‘ഭൂരിതപോധനന്മാരോടു’ കൂടി അവിടെ എത്തി.

അപ്പോൾ,

‘ബാലാർക്കകോടികളൊന്നിച്ചുദിച്ചപോ-
ലാലോലശോഭതേടീടുമ്മനോഹര
ബാലനിറംകണ്ടു സന്തോഷഭാരണേ’

മാലോകരെല്ലാവരും വണങ്ങിനിന്നു. ശ്രീരാമനാകട്ടെ, അദ്ദേഹത്തിന്റെ അർഘ്യപാദ്യാദികളാൽ പൂജിക്കയും മധുരോപാചാരവാക്കുകളാൽ പ്രീണിപ്പിക്കയും ചെയ്തിട്ടു് ആസനത്തിൽ ഉപവേശിപ്പിച്ചു. അനന്തരം വാല്മീകി തന്റെകൂടെയുണ്ടായിരുന്ന കുശലവന്മാരോടു്,

‘നാമങ്ങുപണ്ടുചമച്ചരാമായണ-
മാമെന്നിരിക്കിലോ ചൊല്ലുവിനൊട്ടിഹ’

എന്നു് ആജ്ഞാപിച്ചതനുസരിച്ചു്, അവർ അതിനെ ഗാനം ചെയ്തുതുടങ്ങി. ശ്രോതാക്കളുടെ അപ്പൊഴത്തെ അവസ്ഥ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“പാടിത്തുടങ്ങിനാരക്കഥാസാരത്തെ
യാടിത്തുടങ്ങീശിരസ്സുകളേവർക്കും;
കൂടിത്തുടങ്ങി കരംകൊണ്ടുമേളവും;
മൂടീതു നല്ലവർക്കുള്ളിലേവേദന;
ഓടുന്നു ദുഷ്ടരെരിയുന്ന ചേതസാ;
മേടമേലേറി നോക്കുന്നിതു മങ്കമാർ;
കൂടെസ്വരം പിടിക്കുന്നിതു നാരദൻ;
പാടേ തിരിഞ്ഞെടുക്കുന്നിതു ലോകരും;
നാടെങ്ങുമിങ്ങനെ കേട്ടിട്ടുമില്ലെന്നു
നീതിയിൽവന്നുചുഴന്നു മഹാജനം;
ഗീതികൾകേട്ടു നിൽക്കുന്നജന്തുക്കളും
ജാതിസ്വഭാവം മറന്നു നിന്നീടിനാർ;
മാതൃമുലമറന്നു ചെറുപ്പൈതലും;
മാനിനിമാരും മറന്നു കിടാങ്ങളെ;
മാനസപത്മം മറന്നു ഹംസങ്ങളും;
തീനുംമറന്നു നിൽക്കുന്നിതു കാലികൾ;
മാനസതാരുകുളുർത്തു സമസ്തരും
മാരിപോലാനന്ദവാരി പൊഴിയുന്നു.”

കാണികളിൽ ചിലർ ഈ ബാലന്മാരിൽ രാമചന്ദ്രന്റെ ലക്ഷണങ്ങൾ പൂർണ്ണമായിക്കണ്ടിട്ടു്, പലതും പറഞ്ഞുതുടങ്ങി. ബന്ധുജനങ്ങൾ ഈ വർത്തമാനം അറിഞ്ഞു്, രാമചന്ദ്രനെ അറിവിച്ചപ്പോൾ അദ്ദേഹം,

“ദണ്ഡുകൊണ്ടഹോഹതനെന്നപോലെ നവ-
ദണ്ഡമത്രേയെന്നു കാതുപൊത്തീടിനാൻ”

ശ്രീരാമൻ സാക്ഷാൽ പരമാത്മാവായിരുന്നിട്ടും,

“പൂർവജന്മത്തെമറന്നു മായാംബുധൌ
സാർവഭൌമത്വേന വീണുരുണ്ടീടുന്നു
ചാർവാംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു്
കാർമുകിൽ കൊണ്ടലം മൂടിക്കിടക്കുന്ന
വാർതിങ്കൾ പോലെ”

മ്ലാനവദനനായി ഭവിച്ചു.

“ആർകലിയിൽ ചിറകെട്ടി ക്കടന്നിട്ടു
പോർചെയ്തു രാവണനെക്കൊന്നവീര്യവും”

ക്ഷണനേരത്തേക്കു് അദ്ദേഹത്തിനെ വേർവിട്ടു. എന്നാൽ ഉള്ളിലുണ്ടായ വിഷാദത്തെ ഒട്ടൊക്കെ അടക്കിക്കൊണ്ടു് അദ്ദേഹം ആ ബാലന്മാരുടെ അടുത്തു ചെന്നു് “ഈ കൃതി ആരുടേതാണു്? നിങ്ങൾ ആരു്?”

“ചാരത്തുനിൽക്കുന്നവർപറഞ്ഞീടുന്നു
മാരൻമരിച്ചാറെ രണ്ടായ് പിറന്നെന്നും;
ദൂരത്തുനിന്നുകേൾക്കുന്നമാലോകരോ
പാരാതെകിന്നരന്മാരെന്നുചൊല്ലുന്നു;
ചാരണന്മാരെന്നു ചൊല്ലുന്നിതുചിലർ”

പരമാർത്ഥം അറിവാൻ ഞങ്ങൾക്കു വളരെ കൊതുകമുണ്ടു്. തേജസ്സു കണ്ടിട്ടു് നിങ്ങൾ രണ്ടു ഭാസ്ക്കരന്മാരായിരിക്കണമെന്നാണു് എനിക്കു തോന്നുന്നതു് എന്നുപറഞ്ഞു. രാമചന്ദ്രന്റെ ഈ വാക്കുകൾ കേട്ടിട്ടു് ആ കുമാരന്മാർ,

“മാർത്താണ്ഡവംശത്തിനാദിസമ്പത്തായ
കീർത്തിക്കിരപ്പാനുദിച്ചോരു പാത്രമേ,
കേളിയേറീടുന്ന വാല്മീകിയാംമുനി
മേളിച്ചുപണ്ടു ചമച്ചകഥയിതു.
നീളെക്കുമപ്പാദദാസരാം ഞങ്ങളെ
ലാളിച്ചുകൊണ്ടു പഠിപ്പിച്ചതമ്മുനി.
മുപ്പാരിനീശനായ്‍ത്തന്നെ വാണീടിലു
മപ്പൊഴേ വന്നരകത്തിൽ വീണീടിലും
അപ്പാദപങ്കേരുഹത്തിങ്കലേ ഭക്തി
യെപ്പോഴുമെന്നുള്ളിലേപുലമ്പീടണം.”

എന്നിപ്രകാരം വാല്മീകിയേപ്പറ്റിയല്ലാതെ തങ്ങളാരെന്നു വ്യക്തമാക്കിയില്ല. അതുകൊണ്ടു് രാമചന്ദ്രൻ നേരെ വാല്മീകിയോടുതന്നെ ചോദിച്ചു. അതിനു മറുപടിയായി,

“നിന്മനതാരിൽ വിഷാദം മതിമതി
നിന്മക്കളായതിവരെന്നറിഞ്ഞാലും.
അമ്മറിവെന്തെന്നതും പറഞ്ഞീടുവൻ.
ജാനകിപ്പെണ്ണായ വള്ളിമേൽക്കാച്ചൊരു
മാനുഷപ്പൈതങ്ങളായ ഫലമിതു
കാനലിൽ കൊണ്ടു കളഞ്ഞാറെയുമവൾ
ഞാനിരിക്കുന്നാശ്രമത്തിലിരിക്കുന്നു.
ലക്ഷ്മണൻ പോയ പെരുവഴിയും നോക്കി
ലക്ഷ്മീസമാനയാം ജാനകി നില്ക്കുന്നു.
തൽക്ഷണം ഞാനവിടേക്കു ചെന്നാൻ ബലാ-
ലക്ഷികളും തുടച്ചപ്പോൾ വൈദേഹിയും
അഗ്രേ വണങ്ങി നമസ്ക്കരിച്ചാദരാൽ
വ്ര്യഗ്രിച്ചൊരേടത്തൊതുങ്ങി നിന്നീടിനാൾ.
ഉഗ്രങ്ങളായ മൃഗങ്ങളെത്തിക്കൊണ്ടു
നിഗ്രഹിച്ചീടുമെന്നുള്ളൊരു പേടിയും
നിർമ്മലമായ പാതിവ്രത്യഭാവവും
കർമ്മദോഷം ഭവിച്ചെന്നോരുപീഡയും
ചെമ്മേനിനച്ചു നിനച്ചവൾ നിൽക്കയാൽ
കന്മാഷിതമായ് മയങ്ങിയെന്മാനസം.
നില്ലാതെ കണ്ണുനീരും തൂകിനിൽക്കുന്ന
മല്ലാക്ഷിയെ ക്കൊണ്ടുപോയി ഞാനാശ്രമേ
വല്ലായ്മയേതും നിനച്ചുകൊണ്ടീടാതെ
വല്ലഭയ്ക്കില്ലൊരു ദൂഷണം മന്നവ!”

എന്നു വാല്മീകി സീതാപരിത്യാഗാനന്തരം ദേവിയ്ക്കുണ്ടായ അവസ്ഥകളേയും മറ്റും വിവരിച്ചു കേൾപ്പിച്ചിട്ടു് ആ സാധ്വിയെ വീണ്ടുകൊള്ളണമെന്നു പറയുന്നു. ഈ വരികളിൽ കവി ഭൂതകാലത്തിനു പകരം ഇരിക്കുന്നു, നിൽക്കുന്നു ഇത്യാദി വർത്തമാനക്രിയകൾ പ്രയോഗിച്ചിരിക്കുന്നതു് വർണ്ണനയ്ക്കു സ്ഫുടതവരുത്താൻ വേണ്ടിയാണു്.

ഇക്കഥകേട്ടപ്പോൾ തത്രസ്ഥരായ എല്ലാജനങ്ങളും,

“ചിത്രത്തിലേ രൂപമെന്നപോൽ നിന്നിതു
ചിത്തപത്മത്തിങ്കലെത്തുന്നൊരാനന്ദ
മുത്തുവളർന്നു കണ്ണൂടെ പുറപ്പെട്ടു
ഉത്തുംഗമായിട്ടു കണ്ണടയാഞ്ഞപോ-
ലുത്തമന്മാരിവണ്ണം പറഞ്ഞീടുന്നു.
ഉള്ളിലും കണ്ണിലും കൊള്ളാഞ്ഞുസന്തോഷം
വെള്ളമായ് കണ്ണിലൂടെ പൊഴിഞ്ഞീടുന്നു.
കള്ളമല്ലേ പറഞ്ഞീടുന്നു മാലോക-
രുള്ളപോലെ ബാലരെക്കണ്ടുകൊള്ളുവാൻ
ഒട്ടുതുടച്ചു സൂക്ഷിച്ചു നോക്കീടുന്നു;
പെട്ടെന്നു കണ്ണുനീർകൊണ്ടുമറയുന്നു;
ഇഷ്ടമായ് കണ്ടുകൊൾവാൻ മഹാലോകരും
പെട്ടപാടെന്തന്നിനിക്കാവതോ ചൊല്ലുവാൻ?
പത്തുരൂകൂടിവണ്ണം പേർത്തുകാൺകവേ
പുത്തനായ്‍ത്തന്നേ ചമഞ്ഞിതാലോകവും.”

ഈ വർണ്ണന വളരെ ചമൽകാരജനകമായിരിക്കുന്നു.

രാമഭദ്രൻ വാല്മീകിയുടെ ഉപദേശാനുസൃതം സീതയെ കൈക്കൊള്ളാമെന്നു സമ്മതിച്ചു. എന്നാൽ തനിക്കു് സീതയെപ്പറ്റിയുണ്ടായിരുന്ന സംശയം ദേവിയുടെ അഗ്നിപ്രവേശത്തോടുകൂടി നീങ്ങിയെങ്കിലും ലോകാപവാദത്തെ ഭയപ്പടേണ്ടിയിരിക്കുന്നതിനാൽ, അതിനെ തീർത്തു തരേണമെന്നും അദ്ദേഹം അരുളിച്ചെയ്തു. ഇവിടെ രാമന്റെ സ്വഭാവത്തിനു് ഒരു വലിയ ന്യൂനത കവിവരുത്തിയിരിക്കുന്നു. വാല്മീകിയുടെ രാമനു് സീതയുടെ പാതിവ്രത്യത്തേപ്പറ്റി ശങ്കയേ ഉണ്ടായിരുന്നില്ല. നേരെമറിച്ചു് പ്രസ്തുത കവിയുടെ വാക്കുകളിൽ നിന്നു് അദ്ദേഹത്തിനു് സാക്ഷാൽ യജനസംഭവയും സകലലോകനാരീകുലഭൂഷാമണിയും ആയ ശ്രീജാനകീദേവിയിൽ ‘ചിത്തചഞ്ചലം’ ഉണ്ടായിരുന്നതായി ഒരു പ്രതീതിജനിക്കുന്നു.

പിറ്റേദിവസം പ്രാതഃകാലത്തിൽ രാമചന്ദ്രൻ ഉറ്റവരേയും മാലോകരേയും ഒക്കെ സഭയിൽ വരുത്തീട്ടു് വാലമീകിമുഖാന്തിരം ആ സ്ത്രീ രത്നത്തെ അവിടെ ആനയിച്ചു. ദേവിയാകട്ടേ,

“ഭാനുവംശോത്ഭവനായ ശ്രീരാമനേ
മാനസതാരുകൊണ്ടാലിംഗനം ചെയ്തു
കാനലിൽ പോയനാളിൽത്തുടങ്ങീട്ടുള്ള
ദീനതയൊക്കെയൊഴിച്ചു വൈദേഹിയും
ആനന്ദവൻകടലിൽ കുളിച്ചങ്ങനെ
താനേരമിച്ചു നിന്നീടുന്നു കാൽക്ഷണം”

എന്നാൽ വീണ്ടും പരീക്ഷനടത്താനുള്ള ഭാവം ഉണ്ടെന്നറിഞ്ഞപ്പോൾ ആ സ്ത്രീരത്നം,

“പണ്ടേതിലും മനഃഖേദമുൾക്കൊണ്ടുടൻ
കുണ്ഠഭാവത്തോടു കണ്ണുനീരുംതൂകി
കണ്ഠം കുനിച്ചതി സംഭ്രമം പൂണ്ടുതൻ
ഗണ്ഡങ്ങളും കരംകൊണ്ടു മറച്ചുടൻ”

രംഗാങ്കണത്തിലേക്കു നോക്കി ദുഃഖസാഗരനിമഗ്നയായിട്ടു്,

‘കാൽവിരൽ കൊണ്ടു വരച്ചു നീന്നീടിനാൾ’

അതുകണ്ടപ്പോൾ അവിടെനിന്ന മഹാലോകർക്കും കുണ്ഠിതമുണ്ടായി. ഇവിടെ കവി.

“ജനസ്തദാ ലോകപഥാൽ പ്രതിസംഹൃതചക്ഷുഷഃ;
തസ്ഥുസ്തേ വാങ്മുഖാസ്സർവേ ഫലിതാ ഇവ ശാലയഃ”

എന്ന രഘുവംശപദ്യത്തെ ഇങ്ങനെ വികസിപ്പിച്ചു ചേർത്തിരിക്കുന്നു.

“കണ്ടുനില്ക്കും ജനങ്ങൾക്കുമോരോതര-
മുണ്ടായ്‍ത്തുടങ്ങീ വിഷാദമതുനേരം;
തണ്ടുപറിഞ്ഞു വിളഞ്ഞ കതിർപോലെ-
യിണ്ടലോടും തല കുമ്പിട്ടുപോയിതേ

***


മല്ലാക്ഷിയേക്കൊണ്ടു വല്ലാതെ ദൂഷണം
വല്ലായ്മകൊണ്ടു പറഞ്ഞുപോയല്ലോ നാം
നല്ലതുമേലിൽ വരികയില്ലെന്നുമ-
ങ്ങല്ലലോടും തല കുമ്പിട്ടിതേവരും.”

‘വിശ്വത്തിനേകവിദ്വാനായ വാല്മീകി’ മഹാലോകരുടെ ശങ്ക നീങ്ങാതിരുന്നതു കണ്ടു് വിസ്മയത്തോടുകൂടി സീതയോടു് ഇങ്ങനെ പറഞ്ഞു.

“സീതേ! സതീജനം ചൂടുന്ന മാലികേ!
ഭൂതലം പെറ്റു പണ്ടുണ്ടായ പുണ്യമേ!
ഏതുമൊന്നും പിഴച്ചീല നീയെങ്കിലും
നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.

***


കാരുണ്യമില്ലായ്കകൊണ്ടു നാനാജനം
കാടുതന്നേ പറഞ്ഞീടുന്നതിങ്ങനേ
കാമിനീരത്നമേ കേട്ടാലുമിന്നിയും
കാന്തനു നിന്നെക്കുറിച്ചില്ല സംശയം.
കാംക്ഷയില്ലായ്കകൊണ്ടല്ലുപേക്ഷിച്ചതു
പാവകനും വിപ്രയോഗവും തങ്ങളിൽ
പാർത്താലൊരു ഭേദമില്ലെടോ സുന്ദരീ
പാവനമാമിസ്സഭാന്തരേ നില്ക്കുന്ന
പാർത്ഥിവന്മാരും മഹാമുനി ജാലവും.
പാരിൽ മറ്റുള്ള വർണ്ണങ്ങളും കേൾക്കവേ
പാൽ മൊഴിനീ പരമാർത്ഥം പറകടോ”

ഈ വാക്കുകൾ കേട്ടു് സീതാദേവി പറഞ്ഞ വാക്കുകൾ അത്യന്തകരുണവും വായനക്കാരുടെ നേത്രങ്ങളെ അശ്രുക്ലിന്നമാക്കുന്നതിനു പര്യാപ്തവുമാകുന്നു.

“മായാമയേ മാധവന്റെ ജായേ ദേവി
തായേ! ധരിത്രീ കേൾക്കേണമെൻവാചകം
നീയൊഴിഞ്ഞാരെനിക്കിന്നിമേലാശ്രയം?
ന്യായത്തിനൊത്തവണ്ണം തുണച്ചീടണം.
ബാല്യകാലത്തിങ്കലുണ്ടായൊരാപത്തു
മാലയിട്ടന്നു തീർന്നെന്നു ചിന്തിച്ചു ഞാൻ
മാലതുകൊണ്ടു മൊഴിഞ്ഞില്ല പിന്നെയും
കാലക്രമംകൊണ്ടു വർദ്ധിച്ചതേയുള്ളു.
തീയിൽ കുളിച്ചാറെ തീർന്നെന്നിരുന്നു ഞാൻ
തീയതു പിന്നെയും തീർന്നില്ല ദൈവമേ.
ശ്രേയസ്സിനേതുമേ പാത്രമല്ലായ്കമേ
കായത്തിനോടുകൂട്ടുണ്ടായ ദൂഷണം.
കത്തുന്ന തീക്കനൽ കട്ടയിൽ ചുട്ടാറെ
പത്തുപത്തിൽ പത്തിരട്ടിച്ചു പിന്നെയും.
ഭർതൃശുശ്രൂഷയും ചെയ്തു നാനാസുഖം
പൃത്ഥ്വിയും രക്ഷിച്ചു കൊണ്ടിരുന്നീടുവാൻ.
ദുർഭഗയാം നമുക്കെത്തില്ലൊരിക്കലും
കല്പനയ്ക്കുല്പവും നീക്കമുണ്ടായ്‍വരാ.
ഗർഭമുണ്ടെന്നു സന്ദേഹിച്ചിരുന്നനാൾ
കള്ളക്കൊടുങ്കാടു തന്നിൽ ക്കളഞ്ഞെന്നേ.
വെള്ളവും കായും തളിരുകളും തിന്നു
മുള്ളിലും കല്ലിലും സഞ്ചരിച്ചിത്രനാ-
ളുള്ളനാളും സ്വൈരമെന്തെന്നറഞ്ഞീല.

***


നാരികൾക്കുത്തമഭൂഷണമായതു
ചാരിത്രമെന്നല്ലോ കേൾക്കുമാറാകുന്നു
ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു
പുരുഷന്മാരെയും കാമിച്ചതില്ല, തൽ-
പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു
കോമളമെന്നു തോന്നീലൊരു വിഗ്രഹം.
എന്നാലുമിന്നിമ്മഹാലോകരൊക്കെയു-
മെന്നെക്കുറിച്ചൊന്നു ശങ്കിച്ചുകൊണ്ടതും;
ഇന്നിമേലൊന്നുമുണ്ടാകാതിരിക്കണ-
മെന്നതിനൊന്നുണ്ടു വേണ്ടുന്നതിന്നു നീ.
ഏവരും കണ്ടുനില്ക്കുന്ന നേരെത്തന്നെ
നീ വന്നുകൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ.
ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ
ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.”

‘ചുട്ടെഴുന്നുള്ളൊടുകൂടി’ സീതാദേവി ഇങ്ങനെ ‘പട്ടാങ്ങുതന്നെ പറഞ്ഞ’ടങ്ങിയപ്പോൾ,

“എട്ടുദിക്കും മുഴങ്ങീടുമാറങ്ങനെ
പൊട്ടിപ്പിളർന്നു കാണായി മഹീതലം
പോൽചിലംപൊച്ചകേൾക്കായ് ഗുഹാന്തരേ
പിച്ചകപ്പൂവിന്റ വാടപൊങ്ങീ തദാ.
അച്യുതാനന്ത ഗോവിന്ദേതിനാമങ്ങ-
ളുച്ചരിക്കുന്ന ഘോഷങ്ങൾ കേൾക്കായിതേ.
ഊഴി കുഴിഞ്ഞന്ധകാരം വളർന്നെയ്തി
യാഴി കലങ്ങവേ വാദ്യഘോഷത്തൊടും
ഘോഷിച്ച ഗീതങ്ങളും കേട്ടു സർവരും.”

സർവജനങ്ങളും ഈ ഘോഷം കേട്ടു് കീഴ്പോട്ടു നോക്കിയ സമയത്തു,

“ആദിത്യകോടികളൊന്നിച്ചുദിച്ചപോ-
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താൽ വളർന്നുട-
നാഖണ്ഡലൻ തന്നെ കോദണ്ഡമെന്നപോ-
ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടുതലയുള്ള പാമ്പിന്റെ
യാദിമൂർദ്ധാവിന്റെ മദ്ധ്യഭാഗത്തിങ്ക-
ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ-
നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.”

സകല മുനിജനങ്ങളും ഭൂദേവിയെ വന്ദിച്ചു നിന്നു. ദേവിയാകട്ടെ അവരുടെ,

“ആലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിനേടീടും മനോഹര-
മന്ദസ്മിതംതൂകി മൂടുന്നു ലോകരേ.”

തത്സമയം ഇന്ദ്രലോകത്തിൽനിന്നു്,

“ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ
മന്ദാകിനീജലം വീഴുന്നതുപോലെ”

മന്ദാരപുഷ്പം പൊഴിഞ്ഞു. വിശ്വംഭരയാകട്ടെ, തന്റെ പ്രിയപുത്രിയെ മെല്ലെന്നെടുത്തു് മടിയിൽവെച്ചുലാളിച്ചിട്ടു്,

“ഉത്തരീയംകൊണ്ടു കണ്ണുനീരും തൂത്തു
പത്തുരുവൂടെ മാറത്തു ചേർത്തീടിനാൾ.”

അനന്തരം ദേവിപവി ത്രിതാശേഷലോകയായ ശ്രീജാനകിയെ എടുത്തുകൊണ്ടുപോകാൻ ഭാവിച്ചപ്പോൾ, ശ്രീരാമന്റെ ഹൃദയം ‘ചെറ്റു വിറച്ചു’പോയി. അദ്ദേഹം തടുത്തിട്ടും ഭൂദേവി ‘കല്യാണകാന്തികലരുന്ന സീത’യേയുംകൊണ്ടു മറഞ്ഞുകളഞ്ഞു. അപ്പോൾ, ശ്രീരാമനുണ്ടായ ഭാവഭേദത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു.

“താപവും രോഷവും പൂണ്ടുശ്രീരാമനു-
മാപാദചൂഡം വിറച്ചുതിരുമേനി.
കോപാതിരേകേണ കണ്ണുചുവത്തീട്ടു്
ഭൂപാലചൂഡാമണി പറഞ്ഞീടുന്നു:-
‘പാപേ! വസുന്ധരേ! യെങ്ങുപോകുന്നു നീ?
പാതാളലോകമറിയുമെന്റേശരം.
പാരേഴിലെങ്ങാനു മുണ്ടെങ്കിൽനിന്നസു
പാടേയൊരുപിടി ഭസ്മമാക്കീടുവൻ.
പേടമാൻകണ്ണിയേക്കൊണ്ടുപോകായ്ക്കെടോ-
പേർത്തുപേർത്തും ഞാൻ പറഞ്ഞതുകേളാതെ
പേടികൂടാതെന്നെയും ധിക്കരിച്ച നിൻ-
പേരുമങ്ങീടുമാറരയ്ക്കാൽക്ഷണേ
പാലാഴിനാഥനും പാർവതീകാന്തനും
പാലിപ്പതിന്നപ്പുറംവരുന്നാകിലും
പാവകാസ്ത്രംകൊണ്ടു നിന്നെദുഃഖിപ്പിച്ചു
പാഥോനിധിക്കുള്ളിലെ കലക്കീടുവൻ”

എന്നുപറഞ്ഞിട്ടു് അദ്ദേഹം വില്ലും അമ്പുമെടുത്തുകൊണ്ടു് എഴുന്നേറ്റു ‘കോദണ്ഡവും പൂട്ടി ഞാണൊലിചെയ്ത’ മാത്രയിൽ ആഖണ്ഡലാലയംപോലും ഒന്നുകുലുങ്ങി.

“മാർത്താണ്ഡവംശസന്താനസമ്പത്തിന്റെ
ദോർദ്ദണ്ഡവീര്യം ജ്വലിക്കുന്നതുകണ്ട”പ്പോൾ,
“ബ്രഹ്മാണ്ഡമൊക്കെ ദഹിച്ചുപോമെന്നിട്ടു്
ബ്രഹ്മാദിദേവകളൊക്കേഭയപ്പെട്ടു.
ശ്രീകണ്ഠദേവനും ദേവകളും മറ്റു-
വൈഭണ്ഡകാദികളായ മുനികളും,
വൈകുണ്ഠവാസിനാരായണൻതന്നുടെ
വൈഭവംകണ്ടു വണങ്ങിസ്തുതിക്കുന്നു
ബാണമെടുത്തു വൈരത്തൊടുരാമനും
ഞാണിൽ തൊടുത്തു ജപിക്കുന്ന നേരത്തു,
പ്രാണികൾവെന്തെരിഞ്ഞോടുമാറങ്ങനെ,
കാണായിതസ്ത്രത്തിനഗ്രത്തിലഗ്നിയെ.
കാലാനലൽതന്റെ ഘോരകോലാഹല-
ജ്വാലകൾതട്ടി പ്രപഞ്ചം വിറയ്ക്കുന്നു.
മൂലപ്രകൃതികൾ സേവിച്ചുനില്ക്കവേ
ശൂലവുമാണ്ടു പല്ലും കഴറ്റിക്കൊണ്ടു
കണ്ണിൽക്കനൽകട്ട ചിന്തുമാറങ്ങനെ
വിണ്ണവനാട്ടിന്നെരിഞ്ഞുപൊങ്ങീടുന്നു.”

‘മണ്ണിലും വിണ്ണിലും’ ഉള്ള മഹാജനങ്ങൾ ഓരോ വഴിയ്ക്കു ഓടിത്തുടങ്ങി. “നാനാജനങ്ങടെ സങ്കടം കണ്ടിട്ടു്” വാല്മീകിമഹർഷി രാമചന്ദ്രന്റെ കോപമടക്കാനായി അജന്റെയും ഇന്ദുമതിയുടെയും കഥ പറഞ്ഞുകേൾപ്പിക്കയും, ഒട്ടുവളരെ സദുപദേശങ്ങൾ ചെയ്കയും ചെയ്തിട്ടു്, കുശലവന്മാരെ അദ്ദേഹത്തിന്റെ കൈയിൽ ഏൾപ്പിച്ചു. അജോപാഖ്യാനം വളരെ ഹൃദയംഗമമായിരിക്കുന്നു.

“അപ്രമാദന്മാരിൽ മുമ്പനാം രാഘവ-
നുൾപ്രസാദേന വാങ്ങിച്ചതൻപുത്രരേ
ഊഢപ്രമോദം ഖരാംശുവംശോത്തമൻ
ഗാഢമാശ്ലേഷവും ചെയ്തു സർവാത്മനാ.
പ്രശ്രയമോടെ വണങ്ങിനിന്നീടുന്ന
വിശ്രുതവിക്രമന്മാരായബാലരേ
അശ്രുബിന്ദുക്കൾ ചൊരിഞ്ഞുകൂടെക്കൂടെ
യശ്രമത്താലഭിഷേകവും ചെയ്യുന്നു.
സീതാവിയോഗാഗ്നിയാൽ ചൂടുപെട്ടാലും
പോതകാലോകേന ശീതളമാകയാൽ,
[3] ശീതോഷ്ണമായുള്ള രാമാശ്രുബിന്ദുക്കൾ
ഭൂതലംതന്നിൽ വീണീടുന്നനേരത്തു,
പാതി സൌഖ്യംപാതി ഖേദമെന്നിങ്ങനെ
ഭീതിയുമൊട്ടുകുറഞ്ഞുധരിത്രിക്കും.”

ശ്രീരാമചന്ദ്രന്റെ ഹൃദയത്തിൽ ക്രമേണ ‘പൂർവപക്ഷത്തിലെ വെണ്ണിലാവെന്നപോലെ’ മോദം വളരുകയും അന്ധകാരം ചുരുങ്ങുകയും ചെയ്തു.

“സന്തതിദാരിദ്ര്യപീഡിതന്മാർക്കഹോ
സന്താനമെന്നവർ ചിന്താമണിയല്ലോ.
ചിന്തിച്ചിരിയാതെകിട്ടിയസന്തതി
ചിന്താമണിപ്രൌഢ ചിന്താമണിയല്ലീ?”

അതുകൊണ്ടു് അദ്ദേഹം,

“ഭാർഗ്ഗവനോടും ബുധനോടുമൊന്നിച്ചു,
ഭാസ്കരൻതാനുദിച്ചീടുന്നപോലെയും
ഷൺമുഖനോടും ഗണേശനോടുംകൂടെ
വെണ്മഴുവേന്തും പുരാനെന്നപോലെയും”

വിളങ്ങി. സകലജനങ്ങളും രാമചന്ദ്രന്റെ സൌഭാഗ്യാതിശയത്തെ മുക്തകണ്ഠം പുകൾത്തി.

“വിണ്ണോർപുരത്തിലടിച്ചുപെരുമ്പറ,
തിണ്ണം മലർനിര തൂകിത്തുടങ്ങിനാർ.”

‘അന്നേരമുണ്ടായ വിസ്മയമോർക്കുമ്പോൾ’ കവിയുടെ ഹൃദയത്തിലും ‘ആമോദഭാരം പുലമ്പു’മാറായത്രേ.

അനന്തരം രാമചന്ദ്രൻ ‘പുത്രമിത്രഭ്രാതൃ’ജനങ്ങളോടുകൂടി സത്രശേഷത്തെനിർവഹിച്ചു. തദവസരത്തിൽ അർത്ഥിജനങ്ങൾക്കു് ഇച്ഛിച്ചതെല്ലാം അദ്ദേഹം നൽകയാൽ,

“പാരിടത്തിങ്കൽ വസിക്കും ജനങ്ങൾക്കു
ദാരിദ്ര്യകേളിക്കു ദാരിദ്ര്യമായ് വന്നു, [4] പോൽ”

യാഗസമാപ്തിക്കുശേഷം മന്നവർ രാമപാദങ്ങളിൽ കുമ്പിട്ടസമയത്തു

“പൊന്നുംകിരീടങ്ങൾ തമ്മിലിടഞ്ഞുട-
നുന്നതമായൊരു ശബ്ദമുണ്ടായ് വന്നു.
കല്പാന്തകാലത്തു കാർമേഖപംക്തികൾ
കെല്പുറ്റുതമ്മിൽ മുട്ടുന്ന രവംപോലെ
സ്വാമീ! ജയിക്കെന്നു ചൊല്ലുന്ന ശബ്ദവും,
വ്യോമത്തിൽ മുട്ടിപ്രതിധ്വനി കേൾക്കയാൽ
ഗോത്രഭിദാദിദേവപ്രൌഢരുംകൂടെ
യാത്രചൊല്ലീടുകത്രേയെന്നു തോന്നു ന്നുമേ.
ആജന്മശുദ്ധനായുള്ളശ്രീരാമന്റെ
പൂജനീയങ്ങളായുള്ളതൃക്കാലുകൾ
രാജയോഗത്തിൽ കിരീടരത്നങ്ങളിൽ
യോജിച്ചുവെവ്വേറെ കാണുന്നനേരത്തു,
സ്വാമിഭക്ത്യാ മൌലി ഭൂഷണത്തിങ്കലും
രാമപദാംഭോരുഹം പണിചെയ്തവർ.
നാമിപ്പദത്തിനു ദാസരെന്നിങ്ങനെ,
നേമിച്ചണിഞ്ഞീടുകെന്നതേ തോന്നുന്നൂ.”

ഈ ഭാഗങ്ങളിൽനിന്നു് കവി നല്ല മനോധർമ്മമുള്ള ഒരാളാണെന്നു ഗ്രഹിക്കാം.

ഒടുവിൽ ഭഗവാൻ രാക്ഷസന്മാരേയും വാനരന്മാരേയും സമ്മാനിച്ചയക്കുന്നതോടുകൂടി കഥ അവസാനിക്കുന്നു.

ഈ കവിതയിൽ അവിടവിടെ ‘എയ്തി’ ‘അസ്തമിച്ചായ്’ ഇത്യാദി ചില തമിഴുപയോഗങ്ങളും ചമ്പുക്കളിൽ സാധാരണ കാണാറുള്ള അനേക പ്രാചീനശബ്ദങ്ങളും കാണുന്നു. ഈ കൃതിയും സേതുബന്ധവും ഒരാളുടേതായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. കവിക്കു ശബ്ദഭംഗിയിൽ വളരെ നിഷ്ഠയുണ്ടു്. ദ്വിതീയാക്ഷരപ്രാസം ഇല്ലാത്തിടത്തൊക്കെ ആദ്യക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നു. മിക്കസ്ഥലങ്ങളിലും ഈ രണ്ടുതരം പ്രാസങ്ങളും മറ്റനുപ്രാസങ്ങളും പ്രയോഗിച്ചിട്ടുണ്ടു്. അവിടവിടെ കാണുന്ന അർത്ഥാലങ്കാരങ്ങളും സഹൃദയഹൃദയ ചമൽക്കരണചണയമായിരിക്കുന്നു.

കിരാതർജ്ജുനീയം കിളിപ്പാട്ടു്

ഈ കൃതിയ്ക്കു വളരെപ്പഴക്കം തോന്നിക്കുന്നു. നുറുങ്ങു, ചിനത്തു മുതിർന്തു, തോറ്റി, കൊറ്റവറു, മടന്തയർ, മകിഴ്‌ന്തു, ഉവന്നു, ഇത്യാദി ചില പ്രാചീനപ്രയോഗങ്ങൾ ഇതിൽ സുലഭമാണു്. കവിയേപ്പറ്റി, വെള്ളൂരുറ്റമർന്ന ദേവനെപ്പണിഞ്ഞു വസിക്കുന്ന ഒരു ഭൂസുരനാണെന്നുമാത്രമേ, അറിയാവൂ.

‘ബാലപ്രബോധനം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ‘നവാരണ്യ മഹാദേവനായിരിക്കുമോ പ്രകൃതകൃതിയുടെയും കർത്താവെന്നു സംശയിക്കുന്നു. അദ്ദേഹവും വെള്ളൂരമർന്ന ഗൌരീശനെ സ്തുതിച്ചുകാണുന്നുണ്ടു്. ഈ സംശയം സംഗതമാണെങ്കിൽ പ്രകൃതകൃതിയുടെ കർത്താവു് കോട്ടയം താലൂക്കിനു സമീപത്തു് പുതുമന എന്ന ഗൃഹത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു. പുതുമന എന്ന പേരിൽ രണ്ടുമൂന്നില്ലങ്ങൾ ഉണ്ടെങ്കിലും, കോട്ടയത്തെ പുതുമനയ്ക്കു സമീപം വെള്ളൂരെന്നു് ഒരു ക്ഷേത്രംകൂടി ഉള്ളതുകൊണ്ടു് അതായിരിക്കാനാണു് ഇടയുള്ളതു്. [5]

കിരാതർജ്ജുനീയത്തിനു അഞ്ചു പാദങ്ങൾ ഉണ്ടു്. ഒന്നാമത്തെ പാദം ഇങ്ങനെ ആരംഭിക്കുന്നു.

“പൂമണംകലർന്നോരു പൂങ്കാവിൻനടുവതിൽ
കോമളത്തണലൂടെ മന്ദമാം കാറ്റുമേറ്റു്
കാമരംപാടിവരും പൈങ്കിളിമകളേ നീ
ഏതൊരുദിക്കിൽനിന്നു മെല്ലവേവരുന്നിപ്പോൾ?
ചേതസിസുഖമുണ്ടു, ചൊല്ലുക വിശേഷങ്ങൾ
പാലോടുപഴങ്ങളും പഞ്ചതാരയുംനടേ
ചേലോടു തരുവേൻ ഞാൻ; വാർത്തകൾ പറകനീ.”

കവിയാൽ സംബുദ്ധമായ കിളി ‘കരുനാട്ടിൽനിന്നങ്ങുവന്നു്’ അവിടെയുള്ള ഒരു വന ഭൂമിയിൽ,

“ചന്തമോടോരോതരം ചെന്തളിൽനിറംചേരും
വമ്പെഴുമരയാലിൽ കൊമ്പത്തുകൂടുംവച്ചു്
കായ്ക്കനികളുംതിന്നു മെത്തിനസുഖമോടേ”

വസിക്ക ആയിരുന്നതുകൊണ്ടു്, നടന്ന സംഭവങ്ങൾ നല്ലപോലെ അറിഞ്ഞിരുന്നത്രേ.

പാണ്ഡവന്മാർ ചൂതിൽത്തോറ്റു് വനത്തിൽ വസിക്കവേ ഒരു ദിവസം, പാഞ്ചാലി,

“കൊറ്റവരാകുന്നൊരു നൂറ്റുവരോരോതരം
കുറ്റങ്ങൾ ചെയ്തതെല്ലാം”

ഓർത്തു ‘മുറ്റുന്ന കോപമുഖത്തോടുകൂടി’ ധർമ്മപുത്രരോടു്,

“രാജാവിന്നാറുഗുണം ശക്തികളൊരു മൂന്നും
മറ്റിനിയാറുജാതിയുള്ളൊരു ബലങ്ങളു-
മുറ്റിട്ടുമാർഗ്ഗമേഴും പറ്റിയേ കൈക്കൊണ്ടുടൻ
മാറ്റാനേവെല്ലുന്നോനെ രാജാവെന്നറിഞ്ഞാലും.
ഇന്നു നീ പടയോടു ചെന്നങ്ങുമടിയാതെ
മന്നവ! നൂറ്റവരെക്കൊല്ലുക വിരവോടെ.
ദുഷ്ടരാമവർചെയ്ത ദുഷ്ടതമറന്നിതോ?”

എന്നു് ഉൽബോധിപ്പിച്ചു. പാഞ്ചാലിയുടെ ദുഃഖാതിരേകം കണ്ടപ്പോൾ ഭീമസേനന്റെ ഭാവം പകർന്നു. അദ്ദേഹവും യുദ്ധം ചെയ്തു കൌരവന്മാരെ ഒടുക്കേണ്ടതാണെന്നും ജ്യേഷ്ഠനോടു പറഞ്ഞു. ഇവിടെ ഭീമന്റെ രൌദ്രഭാവത്തെ വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് കവി അസമർത്ഥനായി കാണപ്പെടുന്നു.

അഹങ്കാരം നന്നല്ലെന്നും സീതാദേവി അനുഭവിച്ച ദുഃഖത്തോടു സാദൃശ്യപ്പെടുത്തി നോക്കുമ്പോൾ “ദ്രൌപദിയ്ക്കെന്തുപിന്നെ ദുഃഖങ്ങളു”ണ്ടായതെന്നും മറ്റും പറഞ്ഞു്, ധർമ്മപുത്രർ അവരെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കവെ അവിടെ വ്യാസനും വന്നുചേർന്നു അർജ്ജുനൻ ശത്രുനിഗ്രഹത്തിനായി ശിവനെ സേവിച്ചു് പാശുപതാസ്ത്രം വാങ്ങേണമെന്നുപദേശിച്ചിട്ടു് അദ്ദേഹം മറഞ്ഞു. അതിനോടു കൂടി ഒന്നാം പാദവും അവസാനിക്കുന്നു. ഈ പാദത്തിലെ വൃത്തം കേകയാണെന്നു പറയേണ്ടതില്ലല്ലോ.

രണ്ടാംപാദത്തിൽ, ധർമ്മസൂനു അർജ്ജുനനെ വിളിച്ചു് തപസ്സിനായി പറഞ്ഞയക്കുന്നു. അർജ്ജുനന്റെ പുറപ്പാടു കണ്ടപ്പോൾ പാഞ്ചാലിക്കു്,

“ഭാവവുമൊന്നുപകർന്നു ചമഞ്ഞിതു
ദുഃഖംമനസ്സിൽ മുഴുത്തവൾക്കെത്രയും.
മാരതാപത്തോടു സങ്കടംകൊണ്ടവ-
ളാരുമല്ലാത്തൊരു ഭാഗത്തുചെന്നു തൻ-
കാന്തനോടുള്ള വിയോഗം പൊറാഞ്ഞവൾ
വ്യഗ്രം മുഴുത്തുടൻ കാൽകൊണ്ടു ഭൂമിയിൽ
മെല്ലേവരച്ചു കുമ്പിട്ടു നിന്നീടിനാൾ.”

‘ഏടലർ വന്നു വണങ്ങുന്ന’തായ ധനഞ്ജയൻ അവളേക്കാണ്മാനായി അങ്ങോട്ടു ചെന്ന സമയത്തു്,

“ചൂടുപൊങ്ങീമനക്കാമ്പിൽ മുന്നേതിലും
ചാടുന്നുകണ്ണുനീർ വാടീമനംതള-
ർന്നാടലോടുംമുഖം മാഴ്കിപ്പുരികുഴൽ
മെല്ലെന്നഴിഞ്ഞു പുതുമലർതാഴത്തു
ചേർത്താകുലം നെടുവീർപ്പുമിട്ടങ്ങനെ”

സ്വപത്നി നിൽക്കുന്നതു കാൺകയാൽ, ദുഃഖിതനായിട്ടു്,

“എന്താണിതോമലേ നിന്നെവേർപെട്ടുഞാ-
നിങ്ങനെപോകയിൽ ചാകയല്ലേഗുണം?
വട്ടവാർകൊങ്കയുമിട്ടും കളഞ്ഞുഞാ-
നൊട്ടല്ലകഷ്ടം നടക്കുന്നതേതുമേ.
ഒട്ടുംപൊറുക്കവല്ലായെനിക്കെങ്കിലും
ദുഷ്ടജനങ്ങളാം നൂറ്റുവർതമ്മുടെ
കൂട്ടംമുടിപ്പതിന്നഗ്രജൻ ചൊല്കയാൽ
മട്ടലർബാണനെച്ചുട്ടവൻ തന്നെഞാ-
നിഷ്ടംവരുമാറു സേവിച്ചുദിവ്യമാ-
മസ്ത്രവുംവാങ്ങി”

വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്നു് പറഞ്ഞു് അവളെ ആശ്വസിപ്പിച്ചു. ഈ വാക്കുകൾ കേട്ടു് അവൾ,

“ശങ്കരൻ തൻപദം കൈപണിഞ്ഞസ്ത്രവും
വാങ്ങിവൈകാതെ വന്നീടുകിങ്ങനെ
നിന്നെഞാനെന്നിനിക്കാണുന്നുവല്ലഭ!
ജീവനാഥ! മറക്കായ്കനീയെന്നെയും”

എന്നു ഉള്ളമഴിഞ്ഞു പറഞ്ഞ വാക്കുകേട്ടു്, അർജ്ജുനൻ,

“ബാലേമണമെഴും സുന്ദരപ്പെൺകൊടി
നീയെന്തിവണ്ണം പറഞ്ഞതിന്നോമലേ?
പൊൽപൂവിൻമാതിനോടൊത്ത ഗുണങ്ങളും,
മുല്ലപ്പൂതുമലർ ചൂടുന്നകേശവും,
ചേലൊത്ത ചില്ലിയും, നല്ലവാർകൊങ്കയും,
പുഞ്ചിരിക്കൊഞ്ചലും ഭാവവും ഭംഗിയും
വാണീഗുണങ്ങളും സാരസ്യരീതിയും
നല്ലകളികളും സംഗമാനന്ദവും
സ്നേഹവുംമോഹവും കാമരസങ്ങളം
ബാലേമറക്കാവതല്ലെനിക്കെങ്കിലും,
അഗ്രജന്മാരോടുമൊന്നിച്ചിരിക്കനീ
ഖേദിയായ്ക”

എന്നു ചൊല്ലീട്ടു് അവിടെനിന്നു നടകൊണ്ടു. പാഞ്ചാലി “അർജ്ജുനൻ പോയ്മറഞ്ഞീടുവോളം’ നോക്കിനിന്നു. അദ്ദേഹത്തിനോടുകൂടി അവളുടെ മനവും പൊയ്ക്കളഞ്ഞു.

ഈ ഭാഗങ്ങളിൽ കവി അർജ്ജുനന്റെയും പാഞ്ചാലിയുടേയും സ്വഭാവങ്ങൾക്കു തെല്ലും അപകർഷം വരുത്തീട്ടുണ്ടു്. ഒരു വീരപത്നിയുടെ നില പാഞ്ചാലിക്കു കാണുന്നതേ ഇല്ല അർജ്ജുനൻ കേവലം സ്ത്രീലോലൻ എന്നപോലെയും കാണപ്പെടുന്നു. ശൃംഗാരരസത്തോടാണു് കവിയ്ക്കു പ്രതിപത്തി. മറ്റു സ്ഥലങ്ങളിൽ കവിതയ്ക്കു ഒഴുക്കപോലും കുറവായിരിക്കുന്നു.

അർജ്ജുനൻ പോയ വഴിക്കുള്ള കാഴ്ചകളേയും കവി ദീർഘമായി വർണ്ണിച്ചിട്ടുണ്ടു്.

അർജ്ജുന തപോവർണ്ണന വളരെ ബാലിശമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഉഗ്രതപസ്സുകണ്ടു ദേവകൾ പേടിച്ചു് ശ്രീപാർവതിയോടു് വിവരമറിയിച്ചതനുസരിച്ചു് ദേവി പരമേശ്വരസന്നിധി പ്രാപിച്ച്,

“വല്ലഭികേൾക്കനീയിമ്മലതന്നടി-
പ്പാട്ടിലിന്നുണ്ടൊരു മാനുഷനെത്രയും
ഘോരമായുള്ള തപസ്സുചെയ്യുന്നുപോൽ.
വീര്യവുംശൌര്യവുമുള്ളവൻപോലവൻ
ഇന്നിവനൊത്ത വരങ്ങൾകൊടായ്കിലോ
ലോകംദഹിക്കും തപസ്സിനാലേറ്റവും”

എന്നു അറിവിച്ചു.

മൂന്നാം പാദത്തിൽ പരമശിവൻ പാണ്ഡവന്മാരുടെ പാഞ്ചാലീസ്വയംവരംവരെയുള്ള കഥയെ ‘മാമലകന്നി’യോടു പറഞ്ഞു കേൾപ്പിക്കുന്നു.

പാഞ്ചാലീസ്വയംവരകഥാവിവരത്തോടുകൂടി നാലാംപാദം ആരംഭിക്കുന്നു.

“നളിനമടന്തയർ നടന്നുകളിച്ചുടൻ
ദ്രുപദപുരംതന്നിൽപെരികേവിളങ്ങുന്നു.
പുരുഷവരന്മാരും തരുണീജനങ്ങളും
ചമഞ്ഞുസ്വയംവരം ഭരിച്ചുതുടങ്ങിനാർ

***


വിരിഞ്ഞകുസുമങ്ങൾ വിതറിമരമെങ്ങും;
പരിചിൽപരിമളമിളകും മലർമാല
തെളിഞ്ഞുമണിഗണമണിഞ്ഞവിതാനങ്ങ-
ളിണഞ്ഞു മരങ്ങളൊരുങ്ങിവിളങ്ങുന്നു
അഴകിൽ നറുന്തേനങ്ങൊഴുകിവരുന്നോരു
കുസുമഗണമതിൽ പെരിയമണംകേട്ടു
പരിചിലണിവണ്ടും പെരികെനിറഞ്ഞിതു.
മണക്കുമകിൽധൂമം നിറഞ്ഞുപുരംതന്നിൽ.
നെടിയകൊടിമരം വടിവിൽനിറുത്തിയും
തടുത്തുകൊടിക്കൂര നിവിർത്തുചിതത്തൊടു
വളർന്നുകുലവാഴ, നിറഞ്ഞനിറകുടം
ചമച്ചുവിളക്കുകൾ കൊളുത്തിച്ചുഴലവും
ചെറിയതരുണികൾ കുളിച്ചുകുറിയിട്ടു
വെളുത്തപുടവകളുടുത്തു നിറത്തോടു
ചിരിച്ചുകളിച്ചെങ്ങും സുഖിച്ചുനടക്കുന്നു.

***


കൊടിയമുടിമന്നർ വരവുംതുടങ്ങീതു
കടലുമുടനടിയടിമപ്പെടുന്നോരു
ചെകിടുപൊടിയുമാറങ്ങലറും പടയുടെ
നടുവിലിടയിടെ നടന്നകുതിരകൾ
കുളമ്പുകിളറിയങ്ങിളകും പൊടികൊണ്ടു
നിറഞ്ഞഭുവനവുമധികമതിശയം.”

ഈ വർണ്ണനയിൽ കവിത്വസ്ഫുരണം നല്ലപോലെ കാണുന്നുണ്ടു്. സന്ദർഭാനുരോധേന രീതി മാറ്റിയിരിക്കുന്നതു നോക്കുക. ഓരോരോ രാജാക്കന്മാർ വില്ലെടുത്തു കുലപ്പാനായി ഭാവിച്ചപ്പോൾ,

“തളർന്നുകരങ്ങളുമൊടിഞ്ഞു; തലകളു-
മുടഞ്ഞു; വിവശതപിണഞ്ഞുപലജാതി.”

അർജ്ജുനനാകട്ടേ ശരമെയ്തുലക്ഷ്യം ഭേദിക്കായാൽ, അതു കണ്ടുകൊണ്ടിരുന്ന ദ്രൌപതി,

“പെരികേമണിഗണമണിഞ്ഞകരന്തന്നിൽ
മണക്കും മലർമാലയെടുത്തു ചിതത്തോട-
ങ്ങുഴലും മിഴിമുനയിളകി, നൃപന്മാരെ
ഭ്രമിപ്പിച്ചിളക്കിന വളകളണികുഴ-
ലലഞ്ഞു, കുളിർമുലകുലുങ്ങും നടയോടു-
മടുത്തു വിജയന്റെ കഴുത്തിൽ”

ചേർത്തപ്പോൾ “രാജാക്കന്മാർ എഴുന്നേറ്റു്, ബ്രാഹ്മണനിവിടെ കാര്യമന്തു്” എന്നു ചോദിച്ചുകൊണ്ടു് എതിർത്തു. വിജയനും ഭീമനും കൂടി അവരെ ഒക്കെ തോല്പിച്ചുവിട്ടു.

ശ്രീപരമേശ്വരൻ കഥ മുഴുവനും പറഞ്ഞുതീർന്നിട്ടു്, അവൻ വലിയ അഭിമാനിയാണെന്നും, ആ അഭിമാനം നശിപ്പിക്കേണ്ടതാണെന്നും അരുളിചെയ്തുകൊണ്ടു് ഒരു വേടന്റെ വേഷംധരിച്ചു.

“ചെറിയലതകൊണ്ടു മുറുക്കിത്തലമുടി
വളർന്ന മീശകളും വിരിച്ചുചിതത്തോടെ
തെളിഞ്ഞപളുങ്കുകളണിഞ്ഞു കുഴൽതന്നിൽ
മണക്കും മലർമാല പലതുമണിഞ്ഞുടൻ
വിരിച്ചുമയിൽപീലിയെടുത്തുമുളവില്ലു-
തൊടുത്തുമവർപൂണി മുറുക്കിശ്ശരങ്ങളും
പിടിച്ചുനടകൊൾവാനൊരുമ്പെട്ടതുനേരം”

മലമകളും ശബരിവടിവുചമഞ്ഞു കൂടെ പുറപ്പെട്ടു. അവർ മറ്റു വേടന്മാരോടുകൂടി അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തുചെന്നപ്പോൾ, അദ്ദേഹത്തിനെ നിഗ്രഹിക്കുന്നതിനായി ദുര്യോധനനാൽ അയയ്ക്കപ്പെട്ടിരുന്ന മൂകാസുരൻ പന്നിയുടെ വേഷത്തിൽ പതുങ്ങിയിരിക്കുന്നതുകണ്ടു് ഒരു വേടൻ അവന്റെനേർക്കു് ശരം അയച്ചു.

ആ വേടൻനിലത്തുവീണു പിടച്ച പന്നിയുടെ അടുത്തുചെന്നു്

“മൂകാസുരവര! നീയും
പെരിയ മുനിശാപമതിൽനിന്നകന്നുപോം
വിജയനടുത്തുപോയഭയം കിടക്കനീ”

എന്നു പറഞ്ഞതനുസരിച്ചു്, അവൻ അർജ്ജുനസന്നിധിയിൽ ചെന്നു് അഭയം പ്രാപിക്കുന്നതിനോടുകൂടി നാലാംവൃത്തവും അവസാനിക്കുന്നു. കഥാശേഷം മുഴുവനും അഞ്ചാംപാദത്തിലാണു വിവരിച്ചിരിക്കുന്നതു്. കിരാതനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിന്റെ വർണ്ണന വലിയ തരക്കേടില്ല.

ഈ കൃതിയുടെ നിർമ്മാണകാലം എഴുത്തച്ഛനു് അല്പം മുമ്പായിരിക്കാനാണു് ഇടയുള്ളതു്. ഇതിനുമുമ്പു് അച്ചടിപ്പിച്ചുട്ടുള്ളതായി അറിവില്ല. ഈയിടയ്ക്കു് എന്റെ സുഹൃദ്വരനായ മഹോപാധ്യായ കേ. പി. ശിവശങ്കരപ്പിള്ള ഒരു ഗ്രന്ഥം എവിടെനിന്നോ സമ്പാദിച്ചു് അച്ചടിപ്പിച്ചുവന്നതായി എനിക്കറിയാം. എന്നാൽ അവതാരിക പൂർത്തിയായോ എന്നു നിശ്ചയമില്ല. അതിനുമുമ്പു് ഹതവിധി അദ്ദേഹത്തിനെ അപഹരിച്ചുകളഞ്ഞു.

നാഗാനന്ദം കിളിപ്പാട്ടു്

ഇതു് ശ്രീഹർഷകൃതിയായ നാഗാനന്ദം നാടകത്തെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ള ഒരു സരസകൃതിയാണു്. അഭിനവകല്പഗ്രന്ഥമാലയിൽ മൂന്നാമത്തെ നമ്പരായിചേർത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവിന്റെ ഊരും പേരുമൊന്നും നിശ്ചയമില്ല.

നാഗാനന്ദം നാടകം അതിപുരാതനകാലം മുതല്ക്കേ കേരളത്തിലെ ക്ഷേത്രോപാസനയ്ക്കുള്ള ഒരു സാധനമായിരുന്നു. പറക്കുകൂത്തു മുതലായ അഭിനയ സമ്പ്രദായങ്ങൾ നാഗാനന്ദത്തെ അടിസ്ഥാനപ്പെടുത്തി നടപ്പിൽ വരുത്തിയിരിക്കുന്നവയാണു്. അതുകൊണ്ടു് ഈ കൃതിയെ ഇങ്ങനെ ഭാഷാഗാനമായി ഒരു കവി വിവർത്തനം ചെയ്തിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽ ഈ പാട്ടിന്റെ കൈയ്യെഴുത്തു പ്രതികൾ കാണുന്നതുകൊണ്ടുതന്നെ ഇതിന്റെ പ്രചാരപ്രാചുര്യം വ്യക്തമാകുന്നു. പദഘടനാസുന്ദരവും അക്ലിഷ്ടാർത്ഥരമണീയവും ആയ പ്രകൃതകൃതിയെ പ്രൌഢമായ ഒരു അവതാരികയോടുകൂടി ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ച മി. കെ. പി. ശിവശങ്കരപിള്ളയോടു മലയാളികൾ എന്നെന്നേയ്ക്കും കൃതജ്ഞതയുള്ളവരായിരിക്കും.

സ്വർല്ലോകജനപരിസേവ്യവും ദിവ്യാനന്ദപ്രദവും ഭാരതഖണ്ഡത്തിനു് സേതുപർവതവും ആയ ഹിമവാന്റെ പാർശ്വഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാധരപ്രവരാശ്രമത്തിൽ ജീമൂതകേതു എന്ന ധർമ്മപരായണനായ രാജാവു് ധർമ്മചാരിണിയും മഹാപുണ്യവതിയും ആയ സ്വപത്നിയോടുംകൂടി വാണിരുന്നു. ആ വിശിഷ്ടദമ്പതിമാർക്കു ജീമൂതവാഹനൻ എന്നൊരു പൂത്രനുണ്ടായി. അവൻ ‘ശ്വേതപക്ഷത്തിൽ ശീതദീധിതിയെന്നപോലെ’ വളർന്നുവന്നു. അവനു പ്രായപൂർത്തിവന്നപ്പോൾ മലയവതി എന്നൊരു കന്യകയെ പിതാവു വധുവായി നിശ്ചയിച്ചു. അനന്തരം പുത്രേച്ഛയനുസരിച്ചു് ജീമുതകേതു മലയപാർശ്വത്തിലേക്കു വാസം മാറ്റിയിട്ടു് അവിടെവച്ചു വിവാഹം ഭംഗിയായി നടത്തി.

അങ്ങനെയിരിക്കേ ഒരുദിവസം ജീമൂതവാഹനൻ സമുദ്രം കാണുന്നതിനായി പോകയും,

“മത്സ്യകച്ഛപദരാദ്യങ്ങളും ജലചര-
മത്സ്യജാതികൾ ഗജസൂകരാദികളും
ഉത്തുംഗതരംഗാഗ്രേമറിയുന്നതുകണ്ടു്”

പരമാനന്ദ സാഗരത്തിൽ നിമഗ്നനാവുകയുംചെയ്തു. അപ്പോൾ അവിടെ കുറെ പാന്ഥന്മാർ വന്നുചേർന്നു. അവരോടുകൂടിചേർന്നു നമ്മുടെ ജീമൂതവാഹനൻ മലയപാർശ്വത്തിൽ കയറി. തത്സമയം അവിടെ ശ്വേതമയമായ ഒരു ദിക്കുകണ്ടിട്ടു്, ഇതെന്താണെന്നു അദ്ദേഹം തന്റെ സഹചാരനമാരോടു ചോദിച്ചു. അവർ ഇങ്ങനെ അറിവിച്ചു:

“ശാന്തമാനസ! കേട്ടുകൊണ്ടാലും വിദ്യാധര-
ദർപ്പമുൾക്കൊണ്ടു വൈരംപൂണ്ടൊരുഖഗേശ്വരൻ
സർപ്പവൃന്ദത്തേ ഭക്ഷിച്ചീടുന്നു ദിനംപ്രതി
ആമിഷമൊടുവോളം ഭുജിച്ചസ്ഥിയായാൽ
സാമർഷമെടുത്തു താഴത്തെറിഞ്ഞീടുന്നതും
നിത്യമായതു വീണുവളർന്നു വളർന്നുള്ളോ-
രസ്ഥിയൂഥങ്ങളതെന്നറിക വിദ്യാധര!”

ഈ വാക്കുകേട്ടപ്പോൾ ജീമൂതവാഹനന്റെ ഹൃദയം അലിഞ്ഞു. ഗരുഡനിങ്ങനെ ഒരു കഠിനക്കൈ ചെയ്യുന്നതിനു കാരണമെന്താണെന്നു് അദ്ദേഹം വീണ്ടും ചോദിച്ചു. അവർ പറഞ്ഞുതുടങ്ങി.

“ഭദ്ര ഹേ! ശൃണുസഖേ! വാസ്തവംചൊല്ലാമല്ലോ
മാതാവേ ദാസിയാക്കിച്ചതിച്ചുനാഗമാതാ
ഖേദമുൾക്കൊണ്ടു താർഷ്യനതിനേയറിഞ്ഞിട്ടു
നാകത്തിലകംപൂക്കു ഘോരസംഗരംചെയ്തു.
പാകശാസനാദികളെ ജയിച്ചമൃതവും
ദീർഘബാഹുനാ ധരിച്ചാർത്തിതീർത്തുടൻവന്നു
ദീർഘപൃഷ്ഠാധിപന്മാർമുമ്പിൽ നൽകിനാൻ ശീഘ്രം
ദാസ്യഭാവവുംതീർത്തു രക്ഷിച്ചുതന്മാതരം;
ഹാസ്വഭാവവുംപൂണ്ടു മേവിനാൾ വിനതയും.
പത്രിനായകൻ വൈരമുൾക്കൊണ്ടു മധ്യേമാർഗ്ഗം
ഗോത്രാരിയോടു വരംവാങ്ങിനാൻ നാഗാശനും.
ഏവമീദൃശനാഗഘാതകനായാൻ താർഷ്യ-
നാവതില്ലെന്നു നാഗരാജനും ദുഃഖംപൂണ്ടാൻ.
സേവയാ ചെന്നു ഖഗേശ്വരനോടുരചെയ്തു.”
“നീവന്നു മുടിയ്ക്കായ്കിൽഞാനൊന്നു ചെയ്തിടുവൻ
ഓരോരോദിനംപ്രതി, നീ വാഴും വാനന്തരേ
യോരോരോ നാഗങ്ങളെ ഞാനയച്ചീടുന്നുണ്ടു്,
എന്നു സത്യവുംചെയ്തുപോയിതുനാഗപ്രഭു-
വെന്നതുമൂലം പന്നഗാശനൻ ഭക്ഷിക്കുന്നു.”

ഈ വാക്കുകൾ വിദ്യാധരന്റെ ഹൃദയത്തിൽ തീവ്രമായ സഹതാപം ജനിപ്പിച്ചു.

“ജന്മമുണ്ടായാൽ മരണംവരുമെന്നുദൃഢം
ജന്മമെന്നുള്ളവാക്യം സത്യമെന്നതു നൂനം
എങ്കിലെന്തൊരുത്തനെ രക്ഷിച്ചുമരിക്കിലോ
സങ്കടമില്ലഗതി വന്നീടുമെന്നു നൂനം”

എന്നുറച്ചുകൊണ്ടു്, അദ്ദേഹം അവിടെനിന്നു സ്വഗൃഹത്തിലേക്കു പോയി. ഇതിനോടുകൂടി ഒന്നാംപാദം അവസാനിക്കുന്നു.

പിന്നൊരിക്കൽ ജീമുതവാഹനൻ ലീലാരതനായി ചോലകൾ കണ്ടുകൊണ്ടുനടക്കുന്ന സമയത്തു് എവിടെനിന്നോ ഒരു ആർത്തനാദം അദ്ദേഹത്തിന്റെ ശ്രവണപുടത്തിൽ പതിച്ചു. ആ ആർത്തനാദം പുറപ്പെട്ട സ്ഥലത്തേക്കു ചെന്നപ്പോൾ, അദ്ദേഹം, ‘പുത്രമൃതിനിനച്ചത്യാകുലംപൂണ്ടു’

വിത്രസ്തയായിരിക്കുന്ന ഒരുത്തിയേകണ്ടു. അവൾ അദ്ദേഹത്തിനെ പത്രീശ്വരനാണെന്നു തെറ്റിദ്ധരിക്കയാൽ കരഞ്ഞുരുണ്ടുകൊണ്ടു,

“… ഭവാൻ വധിച്ചെന്നെബ്ഭുജിച്ചാലും,
കൊന്നീടരുതുമൽപുത്രനെപ്പക്ഷീന്ദ്ര!”

എന്നു പ്രാർത്ഥിച്ചു. ഈ കാഴ്ചകണ്ടു് കാരുണ്യഭാവേന,

“ഹസ്താംഗുലീം നാസികാഗ്രേഷു ചേർത്തുടൻ
വിദ്യാധരനും–അഹോ! പുത്രവാത്സല്യ-
മിത്യേവം”

എന്നു പുറകോട്ടുമാറി.

തത്സമയം ആ വൃദ്ധയുടെ പുത്രനായ ശംഖചൂഡൻ വന്നു്,

“പുത്രീശ്വരനല്ലിതുമമ മാതാവേ!
വക്ത്രാംബുജം കാൺകടർപ്പകസന്നിഭം;
ചന്ദ്രനിഭംമുഖം; ചന്ദ്രികാതുല്യമാം
മന്ദസ്മിതാഭയും കാൺക ദുഃഖാപഹം.
ചാരുകിരീടമണി കനകോജ്ജ്വലം
താരാപഥാന്തം വിളങ്ങുന്നതും കാൺക.
ഹാരകേയൂരാങ്ഗദാങ്ഗുലീയങ്ങളും
മാരസമാനലാവണ്യവുമത്ഭുതം
വിദ്യാധരപ്രവരോത്തമനത്രേയി-
ന്നത്തലൊഴിഞ്ഞീടുക മാതാവേ.”

എന്നു പറഞ്ഞിട്ടു പത്രീശ്വരപ്രഭാവത്തെ ഇങ്ങനെ വർണ്ണിച്ചു കേൾപ്പിക്കുന്നു.

“രക്തകിരീടവും രക്താന്തനേത്രവും
രക്തേക്ഷണമാം ചണ്ഡതുണ്ഡാഭയും
ഘോരമായുള്ള പക്ഷങ്ങൾ ഭയപ്രദം
ക്രൂരമായുള്ള നഖങ്ങൾ വജ്രോപമം”

വൃദ്ധയ്ക്കു അല്പം ആശ്വാസമായി. അവളോടായിട്ടു്; വിദ്യാധരൻ

“…ത്വൽ
പ്പുത്രരക്ഷാർത്ഥമിവിടെ വന്നീടിനേൻ
വിദ്യാധരനഹം,”

എന്നു പറഞ്ഞതോടുകൂടി അവൾക്കുണ്ടായ സന്തോഷത്തിനു് അളവില്ലായിരുന്നു.

ഇവിടെ കവി നാഗാനന്ദം നാടകത്തിലെ,

“മഹാഹിമസ്തിഷ്കവിഭേദമുക്ത-
രക്തച്ഛടാചർവിതചണ്ഡചഞ്ചുഃ;
ക്വാസൌ ഗരുത്മാൻ? ക്വ ച നാമസോമ
സൌമ്യസ്വഭാവാകൃതിരേഷ സാധുഃ?”

എന്ന പദ്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.

ജീമുതവാഹനൻ ശംഖചൂഡന്നു പകരം വദ്ധ്യശിലയിൽ പോയിക്കിടന്നുകൊള്ളാമെന്നു സമ്മതിച്ചപ്പോൾ, ആ വൃദ്ധയുടെ മാതൃഹൃദയം അത്യന്തം തപിച്ചു.

“പുത്രന്മാർ നിങ്ങൾ ജീവിച്ചിരുന്നീടുവിൻ
പുത്രമൃത്യുകണ്ടിരിക്കുന്നതിനേക്കാൾ
വൃദ്ധയാം ഞാൻ പോയ്മരിക്കുന്നേനല്ലൂ”

എന്നത്രേ അവൾ പറഞ്ഞതു്. ശംഖചൂഡനും മഹാമനസ്കനായിരുന്നു. തനിക്കുവേണ്ടി മറ്റൊരാൾ മരണംപ്രാപിക്കാൻ അനുവദിക്കുന്നതിനു് അയാൾക്കു മനസ്സില്ലായിരുന്നു.

“മൽപ്രഭുകല്പിതം ലംഘിക്കരുതമ്മേ”

എന്നുപറഞ്ഞുകൊണ്ടു് അയാൾ പോവാൻഭാവിച്ചപ്പോൾ വദ്ധ്യചിഹ്നവുംകൊണ്ടു് രാജഭൃത്യനും വന്നുചേർന്നു, വിദ്യാധരൻ അടുത്തു ചെന്നു് “വദ്ധ്യചിഹ്നം തരികെന്നു’ യാചിക്കവേ, ശംഖചൂഡൻ,

“മത്സ്വാമികല്പിതം ലംഘിക്കരുതെന്നാ-
ലസ്മാകമൈഹികം സൌഖ്യഹീനം സഖേ!
ദുസ്സാധമർത്രേ ഭവാനിനി വൈകാതെ
ത്വത്സദനം പ്രതി പോക യഥാസുഖം.
ആസന്നമൃത്യുവായുള്ളോരു ഞാനനി
നാഥനാം മൃത്യുഞ്ജയനെ വണങ്ങണം”

എന്നു പറഞ്ഞിട്ടു് ശിവദർശനത്തിനായി പൊയ്ക്കളഞ്ഞു. മാതാവു് അതു കണ്ടു് അത്യന്തം ദുഃഖിച്ചു. എന്തു പ്രയോജനം? ജീമൂതവാഹനനാകട്ടെ തന്റെ ശ്രമം വ്യർത്ഥമായ്പോയല്ലോ എന്നുവിചാരിച്ചു് ഖേദത്തോടുകൂടി സ്വഗൃഹത്തിലേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശുഭലക്ഷണങ്ങൾ ഓരോന്നായി കണ്ടുതുടങ്ങി. അന്നു് കന്യാഗൃഹത്തിൽ നിന്നു് വസ്ത്രാദികളുമായി ഒരു ദൂതൻ ചെന്നു് ‘ഉണ്ണി എവിടെ?’ എന്നു ചോദിച്ചപ്പോൾ,

‘അവൻ കടൽകാണാൻ പോയിരിക്കുന്നു’ എന്നു ജീമൂതകേതു പറകയാൽ ആ ദൂതൻ നേരേ സമുദ്രതീരത്തിലേക്കു നടക്കവേ, മദ്ധ്യേമാർഗ്ഗം അദ്ദേഹത്തിനേ കണ്ടെത്തുകയും മാതുലദത്തമായ വസ്ത്രത്തെ ഏൽപ്പിക്കയും ചെയ്തു.

രക്താംബരം കൈവശം വന്നുചേർന്നതിനാൽ വിദ്യാധരവത്സൻ സന്തുഷ്ടനായിച്ചമഞ്ഞു. അതും ധരിച്ചുകൊണ്ടു് അദ്ദേഹം, ശംഖചൂഡൻ ചെന്നെത്തുന്നതിനു മുമ്പുതന്നേ, വദ്ധ്യശിലയെ പ്രാപിച്ചിട്ടു വദ്ധ്യചിഹ്നംകൊണ്ടു മൂടിക്കിടന്നു. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.

ഗരുഡന്റെ വരവിനോടുകൂടിയാണു് മൂന്നാംപാദം ആരംഭിക്കുന്നതു്.

“കനൽ ചിതറുമണിമിഴികളനലകണപെയ്തുടൻ,
കായംകുലുക്കിക്കുതിച്ചുപൊങ്ങീടിനാൻ.
ചിറകടിയിലിളകിനൊരുപവനബലവേഗത്താൽ,
ചിന്തിപ്പലവഴിപാഞ്ഞു ഘനങ്ങളും.”

അദ്ദേഹം “ഉദരമതിൽ മരുവിനൊരുഹുതവഹവിരോധത്താൽ” “ഉണ്ടോ മമഭക്ഷണം?” എന്നു ചോദിച്ചുകൊണ്ടു, വദ്ധ്യശിലയിൽ നോക്കിയപ്പോൾ, അവിടെ ഒരു പുരുഷൻ ‘അതികരുണപൂണ്ടുടൻ ആനന്ദനിദ്രയിൽ മുഴുകി’യവനെന്നപോലെ കിടക്കുന്നതുകണ്ടു്, നേരേ കീഴ്പോട്ടുപറന്നു.

തത്സമയം,

“വിടപികളുമഖിലലതഗണവുമിളകിത്തത്ര
പോർത്തും ഞെരിഞ്ഞുവീണൂചിലവൃക്ഷങ്ങൾ.
വിഹഗകുലമതുപൊഴുതിലധികഭയമോടുടൻ
വിത്രസ്തരായൊളിച്ചാരന്യകാനനേ.
മൃഗതതികളതുപൊഴു തിലലറിയതിഭീതരായ്
മാഴ്കിത്തളർന്നന്യകാന്താരമുൾപ്പുക്കാർ
വൃഥയൊടപിവനചരരുമതിഭയമൊടന്നേരം
വിദ്രമിച്ചോടിയൊളിച്ചാർ ഗുഹകളിൽ”

ലോകമാസകലം വിത്രസ്തമായിരുന്നിട്ടും, ഈ വധ്യപുരുഷൻ ആർത്തിയൊഴിഞ്ഞുകിടപ്പതു് കാൺകയാൽ,

“എന്തിദം? അരുതരുതിതു രഗകുലമതിലൊരുവനല്ലിവൻ ആഹാരമിന്നുവേണ്ട” എന്നുറച്ചു. അനന്തരം വ്യഥയോടുകൂടി മലമുകളിൽ പറന്നിരുന്നുകൊണ്ടു്, അദ്ദേഹം പല ചിന്തകളിൽ മുഴുകി.

വൃത്തത്തിനുവേണ്ടി ഇവിടെ കവി ‘ലതാഗണം’ എന്നതിനുപകരം ലതഗണം എന്നു പ്രയോഗിച്ചിരിക്കുന്നു.

“മമചിറകിലിളകിനൊരുപവനബലമേൽക്കവേ
മാഴ്കിക്കരഞ്ഞുരുണ്ടോടുമഹിഗണം.
ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ-
മില്ലഭുജംഗമന്മാർക്കിത്രധൈര്യം ദൃഢം
മരണഭയമിവനു നഹികിമിദമതി വിസ്മയം!
മറ്റൊരുജാതികൾവന്നു മരിക്കുമോ?
അഹികളിലുമതികഠിനഹൃദയമുടയോർ ചില-
രല്ലാതൊരുവൻ വരാമരിച്ചീടുവാൻ”

ഈവിധം പലതും ചിന്തിച്ചുചിന്തിച്ചു് ‘വിശ്വാന്തരകോപന’വീണ്ടും വദ്ധ്യശിലയിലേക്കു പറന്നടുത്തു; പിന്നെയും ശങ്കിച്ചു പിൻവാങ്ങിക്കളഞ്ഞു. വിശപ്പു ദുസ്സഹമായിരുന്നതിനാൽ,

“മരണമതുവരുവതിനുകരുതിയൊരുവൻവന്നാൽ
മാറ്റലരെപ്പോലെ കൊൽകെന്നതേയുള്ളു.”

എന്നു കരുതികൊണ്ടു് അദ്ദേഹം മൂന്നാമതും വദ്ധ്യശിലയിലേക്കിറങ്ങിയിട്ടു്, വിദ്യാധരനെയും കൊത്തികൊണ്ടു് പറക്കവേ,

“വിദ്യാധരന്തലതാണതിനാലുടൻ
ചികുരഭരമതിൽ മരുവുമഴകുടയരത്നമാം
ചൂഡാമണിയും തെറിച്ചുവീണൂതഥാ.”

അതു ദൈവേച്ഛയാ വിദ്യാധരാങ്കണത്തിലാണു് പതിച്ചതു്. ജീമൂതകേതു ആരത്നത്തേ കണ്ടിട്ടു്, അതിനെ എടുത്തുകൊണ്ടുവരുന്നതിനു് മലയവതിയോടു പറഞ്ഞു. അതു സ്വഭർത്താവിന്റെ ചൂഡാരത്നമാണെന്നു് ഒരു നോട്ടത്തിൽ അവൾ മനസ്സിലാക്കി.

ഗരുഡനാകട്ടെ വിദ്യാധരനെ മലയശിരസ്സിൽ കൊണ്ടുചെന്നു വെച്ചിട്ടു ഭക്ഷിച്ചുതുടങ്ങി.

“ഉദരതലമുരപലലമുടനുടനശിച്ചുടൻ
ഉദ്ഗാള ്യരക്തപാനം ചെയ്തതുനേരം
അവനുദരമതിൽ മരുവുമുതവഹനദീപ്തിയും
തെല്ലുശമിച്ചതിനാൽ”

അദ്ദേഹം തന്റെ ഭക്ഷ്യപുരുഷനെ ഒന്നു നോക്കി. ഉരഃപലലത്തെ ഇവിടെ വൃത്തത്തിനു വേണ്ടി ഉരപലലമാക്കിയിരികുന്നു.

എന്തൊരു വിസ്മയം! അവന്റെ മുഖത്തു് മന്ദഹാസം കളിയാടിക്കൊണ്ടിരുന്നു. ഗരുഡൻ ചിന്തിച്ചു തുടങ്ങി;

“ഉരഗപരിവൃഢരിലൊരുപുരുഷനുമിതല്ലഹോ!
യുക്തമല്ലിന്നുഞാൻ ഭക്ഷിച്ചതും കഷ്ടം!
ഇവനുടയകുലമഹിമയറിയരുതു ചിന്തിച്ചാ-
ലിന്നവനെന്നറിഞ്ഞേഭുജിച്ചീടാവൂ”

എന്നുറച്ചുകൊണ്ടു് അദ്ദേഹം മാറിയിരുന്നപ്പോൾ. ജീമൂതവാഹനൻ ഇപ്രകാരം പറഞ്ഞു:

“വിനതസുത, ഗരുഡ, പുനരുഴറിനോക്കൊന്നുനീ
വിഭ്രരമോ? കാണൊഴുകുന്നുരക്തവും.
അരിയമമതനുപിശിതമറികിനിയു മുണ്ടെടോ.
ആത്മതൃപ്തിനിനക്കുണ്ടായിലേതുമേ.
ഇതുസമയമിഹ വിരതിമതി തവ ഭവിച്ചതെ-
ന്തിച്ഛാനുരൂപേണ ഭക്ഷിച്ചുകൊൾകെടോ”

ഈ ‘സ്മിതമൃദുലമധുരതരവചനം’ കേട്ടു് ഗരുഡൻ,

‘അറിവുടയതവചരിതമഖിലമറിവുറ്റല്ലാ
ലാശുഭുജിക്കുന്നതില്ല’

എന്നു പറകയാൽ; വിദ്യാധരൻ വീണ്ടും നിർബന്ധിച്ചു. ഇങ്ങനെ അവർതമ്മിൽ തർക്കിച്ചുകൊണ്ടിരിക്കവേ ശംഖചൂഡനും വദ്ധ്യശിലയിൽ വന്നുചേർന്നു. വിദ്യാധരൻ തന്നെ ചതിച്ചുകളഞ്ഞു എന്നു അപ്പോഴാണു് അദ്ദേഹത്തിനു മനസ്സിലായതു്. ശംഖചൂഡന്റെ അപ്പോഴത്തെ അവസ്ഥ എങ്ങനെ വർണ്ണിയ്ക്കേണ്ടു? അദ്ദേഹം രക്തപങ്കിലമായ ശിലകണ്ടു്,

“ഹര! വരദ! പുരമഥന! ശിവകരുണവാരിധേ
ഹാഹാ! വൃഥാ ഫലമായ് മമ ജന്മവും”

എന്നു ദീനദീനം വിലപിച്ചു. ഇവിടെയും വൃത്തത്തിനുവേണ്ടി കവി കരുണവാരിധേ എന്നു പ്രയോഗിച്ചിരിക്കുന്നു. ഒടുവിൽ ശംഖചൂഡന്നു, ഒരു യുക്തിതോന്നി.

“രുധിരകണമനുസരനിമലയമുകളേറി ഞാൻ
രൂക്ഷതയേറും ഗരുഡാന്തികേപുക്കു
പരുഷതരപല വചനമവനൊടുരചെയ്യുമ്പോൾ
പക്ഷീശ്വരൻ കൊലചെയ്തീടുമെന്നെയും”

എന്നു കരുതിക്കൊണ്ടു ആ യുവാവു് മലമുകളിലേക്കു കയറുംവഴിക്ക് താഴത്തായി ഒരു ആശ്രമംകണ്ടു. അതു ജീമൂതകേതുവിന്റെ ഗൃഹമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. ശംഖചൂഡനെകണ്ടു്, ആ വൃദ്ധൻ,

“ഉരഗവരമകുടമണിമഹൃതകിം?” എന്നു ചോദിച്ചു. അതിനു മറുപടിയായി ആ യുവാവു്,

‘ത്രിഭുവനമണിയുമൊരുമണിമകുടരത്നമേ!
ദിക്പാലകോപമ! ഹാ! മുഷിതോസ്മി ഭോ!’

എന്നു പ്രതിവചിച്ചു.

‘ആവേദയ തവ ദുഃഖൈകകാരണം’ എന്നു വൃദ്ധൻ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ജീമൂതവാഹനന്റെ കഥയെ വിസ്തരിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ, വൃദ്ധനും പത്നിയും പുത്രഭാര്യയും മോഹിച്ചു നിലംപതിച്ചുപോയി. അതുകണ്ടു ശംഖചൂഡൻ ഇങ്ങനെ വിലപിച്ചു.

“ഹര! ഗിരിശ, പുരമഥന, ദുരിതഹര, ശങ്കര,
ഹാഹാ! ഹതോഹമപവാദഭാജനം.
ധരണിതലമതിൽ മരുവുമഖിലജനമേവരു-
മത്രനിന്ദിച്ചുരചെയ്തീടുമെന്നെയും.
വിശദമതിവിമലതരഗുണഗണവിരാജിതൻ
വിദ്യാധരോത്തമൻ രക്ഷിച്ചതാശ്ചര്യം!
അവനുനഹിനരകമിനിയമരുലകിൽ വാഴുവോ
നാശുഗുണമുടജീമൂതവാഹനൻ
ഉരഗമവനൊടുപകരമെന്തൊന്നുചെയ്‍വതു്?”

ഇവിടെ കവി, “അഹോ! പ്രാണപ്രദസ്യസദൃശം പ്രത്യു പകൃതം ശംഖചൂഡാമണേഃ” എന്ന നാടകവാക്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.

“ഉരഗമവനൊടു പകരമെന്തിഹചെയ്വതു
മുറ്റതുചൊല്ലുവേനേവരും കേൾക്കണം.
മരണമതു പരിചിനൊടൊഴിച്ചരക്ഷിച്ചൊരു
മംഗലജീമൂതവാഹനൻ തന്നുടെ
ജനകജനനിയെയു മവനുടെ ഗൃഹിണിതന്നെയും
ജീവിതഹാനിവരുത്തിനാൻ കശ്മലൻ.
ഇവനുഗതിവരുവതിനൊരുദിനവുമെളുതല്ല–
യില്ലനിർഭാഗ്യവാന്മാർ ശംഖചൂഡോപമർ”

ശംഖചൂഡന്റെ ഈ വിലാപം ശിലയുമലിയുമാറുകുരുണമായിരിക്കുന്നു.

ഇങ്ങനെ വിലപിച്ചിട്ടു് അദ്ദേഹം, “ഹിമസലിലസമജലവുമിതമൊടു തളിച്ചുടൻ” ‘ഹേമന്തഭൂതസമാനം’ തണുപ്പിച്ചു അവരെ പുനർജീവിപ്പിച്ചു. അപ്പോൾ വൃദ്ധൻ,

“വ്യളോത്തമ! ചിതകൂട്ടുക വൈകാതെ
മമതനയമരണമതുകണ്ടു ദുഃഖത്തിനായ്
മാനുഷലോകേ വസിക്കുന്നതില്ല ഞാൻ.
സുതനമരുമമരുലകു സുഖമിനിയെനിക്കഹോ!
ദുഃഖമൊഴിഞ്ഞു ചിത ചമച്ചീടുക.”

എന്നു അപേക്ഷിക്കവേ, ശംഖചൂഡൻ, ‘അങ്ങയുടെ പുത്രൻ മരിച്ചുകാണുകയില്ല’ എന്നും മറ്റും പറഞ്ഞു് സമാധാനപ്പെടുത്തിയിട്ടു് മലയശിരസ്സിലേക്കു കയറി.

കഥാശേഷത്തെ നാലാംപാദത്തിൽ വിവരിച്ചിരിക്കുന്നു.

പർവതശൃംഗങ്ങൾ നോക്കിക്കൊണ്ടു് ആ യുവാവു് പോകുമ്പോൾ ‘തോണിപോൽ രണ്ടിടത്തു്’ കുഴിഞ്ഞിരിക്കുന്നതു കണ്ടുവത്രേ. അതു്,

“ദർപ്പമുൾക്കൊണ്ടു വൈനതേയനും കോപത്തോടെ
സർപ്പവൃന്ദത്തെ ക്കൊത്തി ബ്ഭക്ഷിച്ചീടുന്നനേരം
രക്തവും മാംസവും കൂടുണങ്ങിത്തടിക്കുമ്പോ-
ളുഗ്രതുണ്ഡാഗ്രം തേച്ചു കുഴിഞ്ഞ”

തായിരിക്കമമെന്നു ശംഖചൂഡൻ ഊഹിച്ചു.

പർവതശിരോഭാഗത്തിലുള്ള വൃക്ഷവൃന്ദങ്ങളെല്ലാം പക്ഷീന്ദ്രനേത്രാഗ്നിയാൽ ദഗ്ദ്ധമായിട്ടു് വറണ്ടു കാണപ്പെട്ടു.

“പർവതശിരോഭാഗേ സമഭൂതലം കണ്ടാൻ
ഗർവമുൾക്കൊണ്ടേർ പൂട്ടിയുഴുതു മറിച്ചപോൽ.
കിമിദം? നാഗങ്ങളെഗ്ഗരുത്മാൻ കൊത്തുന്നേര-
മമിണ്ണനഖങ്ങളാൽ പിളർന്നതിതെന്നോർത്താൻ”

പത്രീശനെക്കണ്ടമാത്രയിൽ ശംഖചൂഡൻ അടുത്തുചെന്നു്

“ന ഖലു നഖലുനിൻ സാഹസമനുഷ്ഠേയം
നാഗമല്ലിവൻ നാഗം ഞാൻ”

എന്നും, “എന്നെ നീ ഭുജിക്കവൻ തന്നെ നീയുപേക്ഷിക്ക” എന്നും പറഞ്ഞുകൊണ്ടു് തന്റെ വക്ഷസ്ഥലത്തെ ‘തുണ്ഡാഗ്രത്തിൽ’ ചേർത്തു. എന്നാൽ ഗരുഡൻ ലജ്ജിച്ചു പിൻവാങ്ങിക്കളഞ്ഞു. ഇതുകണ്ടു് ശംഖചൂഡന്റെ കോപം സീമയെ അതിലംഘിച്ചു.

“രേരേ! ജളപ്രഭോ! രക്തപ കുണ്ഡോദര
നേരറിയാതെ ഭക്ഷിച്ചീടിന ദുരാത്മാവേ!
ഭോഷ്കല്ലിവനെയുമെന്നെയും സൂക്ഷിച്ചു കാൺ
വാക്കമികൃതികളും നോക്കു നീ! സൂക്ഷിച്ചുകൊൾ.”

ഈ ഭർത്സനം കേട്ടിട്ടു് “വദ്ധ്യചിഹ്നമുണ്ടിരുവർക്കും” എന്നു ഗരുഡൻസമാധാനം പറഞ്ഞുനോക്കി. അപ്പോൾ “വദ്ധ്യചിഹ്നത്തേ നോക്കിയല്ലയോ ഭുജിച്ചു നീ” എന്നായി ചോദ്യം? അദ്ദേഹം ശംഖചൂഡന്റെകോപത്തെ ശമിപ്പിക്കാൻ കഴിയുന്നത്ര നോക്കിയിട്ടും ഫലിച്ചില്ല.

“പക്ഷീന്ദ്രജളപ്രഭോ! കേൾക്കണമിന്നും ചൊൽവേ-
നീക്ഷ്യതേ വിദ്യാധരമകുടമണിപ്രഭാ
സാക്ഷാൽ ശർവരീശ്വരസന്നിഭം, മനോഹരം.
മൽക്കിരീടം കാൺക നീ ധൂമ്രവർണ്ണമല്ലയോ?
മച്ഛിരോബ്രഹ്മരന്ധ്രേ കാൺക നീ ഫണമെന്നാൽ
തച്ഛിരോഭാഗേ ഫണമുണ്ടോ? ചൊൽ ബുഭുക്ഷിതം
ഭൂഷിതസ്വർണ്ണവർണ്ണ ഭൂഷണപ്രഭേദവും
വേഷവർണ്ണവുമറിയാതെ ഹാ കഷ്ടം കഷ്ടം!
കേട്ടാലും ജീമൂതവാഹനനെന്നിവൻ നാമം
ഗോഷ്ഠിയാകിന തവ കീർത്തിയും നശിച്ചു കേൾ.”

ഇപ്പോഴാണു് ഗരുഡനു കഥ മനസ്സിലായതു്. ജീമൂതവാഹനനേപ്പറ്റി അദ്ദേഹവും കേട്ടിരുന്നു.

“രത്നസാനുവിൽനിന്നും കൈലാസഗിരിയീന്നും
യക്ഷകിന്നരസിദ്ധഗന്ധർവാദികളെല്ലാം
ശിക്ഷയായ് ഗീതം പാടുമിവനേക്കൊണ്ടുമോദാൽ.
ഇത്ര മാഹാത്മ്യമുള്ള ജീമൂതവാഹനനേ
ക്ഷുത്തൃഡാദികളാലേ ഭുജിച്ചേനല്ലോ കഷ്ടം!
യശസ്സാം ജ്യോൽസ്നാമധ്യേ വിഹരിച്ചിരുന്ന ഞാൻ
ആയിരംപങ്കംതന്നിൽ നിമഗ്നനായേനല്ലൊ.
ഭക്ഷണാഗ്രഹവുമൈഹികവുമിനിവേണ്ടാ;
ശിക്ഷയായ്ദേഹത്യാഗം ചെയ്യുന്നേനതേ നല്ലൂ.”

എന്നു അദ്ദേഹം വിചാരിച്ചു. എന്നാൽ എങ്ങനെ മരിക്കും?

“ഗരളംകൊണ്ടു മമ മരണം വരായല്ലോ
ഗിരിമൂർദ്ധ്നിനിന്നു കീഴ്പോട്ടങ്ങുരുണ്ടാലും
മരിക്കയില്ല; പക്ഷംതന്നുടെ പതുപ്പിനാൽ
സമുദ്രംതന്നിൽച്ചാടിമരിപ്പാനുദ്യോഗിച്ചു
ശ്രമിച്ചാലെളുതല്ല; വിരയേ വരാമൃത്യു”

വഹ്നിയിൽച്ചാടി മരിക്കാമെന്നുവച്ചാൽ അതു അടുത്തെങ്ങുമില്ലതാനും. ഇപ്രകാരം വിചാരിച്ചുകൊണ്ടുനില്ക്കവേ,

“വഹ്നിതേജസാതുല്യം കാണായ്വന്നിതുദൂരേ
വഹ്നിയുണ്ടെങ്കിൽ, പിറകേവരുമവർ കൈയിൽ.”

എന്നിങ്ങനെ കൌതുകംപൂണ്ടു ഗരുഡൻ അവരെ പ്രതീക്ഷിച്ചു നില്പായി.

അതുകണ്ടു് അവർ വിദ്യാധരപിതാക്കന്മാരും ഗൃഹിണിയുമാണെന്നും അവർ പ്രാണത്യാഗാർത്ഥം ചിതയുണ്ടാക്കാനായി കൊണ്ടുവരുന്ന അഗ്നി അദ്ദേഹത്തിനു നൽകിയില്ലെന്നും ശംഖചൂഡൻ പറകയാൽ ‘പത്രീശൻ ത്രസ്താകുലനായതിതാപത്തോടും’ കൂടി ഇങ്ങനെ നിരൂപിച്ചു.

“വിദ്യാധ്രപിത്രാദികൾ പുത്രാർത്തികൈകൊണ്ടുട-
നദ്യുർമേ ദുർഭാഷണം ചെയ്വതുകേളാതിനി,
വഹ്നിയില്ലാഞ്ഞു പരിതാപമെന്തിനുമമ?
വഹ്നിയുണ്ടല്ലോ ബഡവാനലൻ മഹാസാരൻ
പക്ഷമാരുതവേഗാലേറ്റവുംജ്വലിപ്പിച്ചു
ശിക്ഷയായ് വീണു ഭൂതിയാക്കുവൻ മദ്ദേഹവും”

ഗരുഡന്റെ ഈ ഉദ്യമത്തെ പരമകാരുണികനായ വിദ്യാധരൻ കണ്ടു്, ‘പശ്ചാത്താപം എന്ന മന്ത്രത്തെ അഹിംസാവ്രതപൂർവം അനുഷ്ഠിക്കാൻ ഉപദേശിച്ചിട്ടു്’ സമാധാനപ്പെടുത്തി അയച്ചു. അന്നുമുതല്ക്കു സർപ്പങ്ങൾക്കു നിർഭയം ജീവിക്കാൻ സാധിച്ചുവെന്നേ പറയേണ്ടു. ഇങ്ങനെ ജീമൂതവാഹനന്റെ ഉപദേശം സഫലമായി.

ജീമൂതകേതു ‘ദുഃഖാർണ്ണവനിമഗ്നഹൃദയനായ് ബാഷ്പപൂർണ്ണാക്ഷനായേ” വാവിട്ടു നിലവിളിച്ചു. അദ്ദേഹത്തിന്റെ പത്നിയായ മഹാപുണ്യയാകട്ടെ, വിഗതധൈര്യയാവാതേ, വൃത്രാരാതിയെ വിളിച്ചു്,

“വൃത്രാരേ! ലോകത്ത്രയകർത്താവേ! പുരന്ദര!
സൂത്രാമൻ! ദിവസ്പതേ! പാലയ മമാത്മജം
ഗോത്രാരേ! സഹസ്രാക്ഷ! താവകം സുധയാലേ
യാർത്തിതീർത്താത്മജനെപ്പാലിക്ക ശചീപതെ!”

എന്നിങ്ങനെ പ്രാർത്ഥിച്ചപ്പോഴാണു് ഗരുഡനു് അമൃതത്തിന്റെ കഥയോർമ്മവന്നതു്. അതുകൊണ്ടു് അമൃതാഹരണാർത്ഥം അദ്ദേഹം ഉടൻതന്നെ തിരിച്ചു.

ജീമൂതകേതുവിനു് ഒരു സമാധാനവും ഉണ്ടായില്ല: ഒരു ചിത തയ്യാറാക്കാനായി അദ്ദേഹം ശംഖചൂഡനോടപേക്ഷിച്ചു. ഇങ്ങനെ എല്ലാവരും ദുഃഖിതരായി, ‘താർണ്ണ്യപല്യങ്കസ്ഥല’ത്തിൽ വീണുമോഹിക്കവേ ശൈത്യസൌരഭ്യത്തോടുകൂടി മന്ദമാരുതൻ ഒന്നു വീശി. ഊർദ്ധ്വഭാഗത്തു് ഒരു ‘ഹൃദ്യാരവം’ കേൾക്കായി. ഇതെന്താണു്? എന്നു് എല്ലാവരും മേല്പോട്ടു നോക്കിയപ്പോൾ,

“ചന്ദ്രബിംബാഭയോടെ കാണായി ദിവ്യയാനം
വെൺകറ്റക്കുടതഴ വെൺചാമരകളോടും
ഭംഗ്യാകണ്ടിതു സുരസുന്ദരിമാരെ മുമ്പിൽ
തന്മധ്യേ സ്വർണ്ണപീഠേ സംസ്ഥിതയായ് മോഹന
ചിന്മയീ മായാമയീ സന്മയീ ഗൌരിതന്നേ.”

എല്ലാവരും ദേവിയേ സാഷ്ടാംഗം പ്രണമിച്ചു. ഭക്തവത്സലായജഗദംബിക ജീമൂതവാഹനനെ ജീവിപ്പിച്ചു്, ചക്രവർത്തിയായി അഭിഷേകം ചെയ്തു. ഗരുഡൻ ചെയ്ത പീയുഷവർഷം പതിച്ചപ്പോൾ അവിടെ കിടന്നിരുന്ന സർപ്പാസ്ഥികൾപോയും പുനർജീവിച്ചു. ഇങ്ങനെ എല്ലാം മംഗളമായി കലാശിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.

ഈ കവിയുടെ പ്രതിഭാശക്തി പ്രകൃതകൃതിയുടെ എല്ലാഭാഗങ്ങളിലും തെളിഞ്ഞുകാണാം. ഇതു നാഗാനന്ദം നാടകത്തിന്റെ ഒരു തർജമയാണെന്നു വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. പല സ്ഥലങ്ങളിൽ കവി സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുണ്ടു്. അപൂർവം ചില ഭാഗങ്ങളിൽ മാത്രമേ പദാനുപദതർജ്ജിമ ചെയ്തിട്ടുള്ളു.

കവിയുടെ കാലം എട്ടാംശതകത്തിന്റെ അവസാനത്തിലോ ഒൻപതാംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കണം. പ്രാചീനപദപ്രയോഗങ്ങൾ ഇതിൽ സുലഭങ്ങളാണെങ്കിലും, എഴുത്തച്ഛന്റെ രീതിയോടാണു് ഇതിനു് അധികം സാദൃശ്യം.

ഭദ്രാചരിതം പാട്ടു്

കവിയേപ്പറ്റിയൊ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേപ്പറ്റിയോ അറിവില്ല. വളരെ പ്രാചീനമാണെന്നുള്ളതിനു സംശയമില്ല. അച്ചടിച്ചിട്ടില്ലെന്നു തോന്നുന്നു. മഹിഷമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു. അതിന്റെ പ്രാരംഭം ഇങ്ങനെയാണു്.

“ഹരഹര! ശിവശിവ! തിരുമകൾചരിതം
തിറമൊടുപുകൾവതിനരുൾതരവേണം.
ദുരിതവിനാശം തെരുതെരെവന്നി-
ട്ടുരുസുഖമെങ്കൽ വരുത്തേണഹ്നീ.
വിശ്വവിമോഹിനി വേദിയർകുമ്പിടു-
മീശമനോഹരി ഭൈരവിശാംഭവി
ഉജ്ജ്വലകാന്തി കലർന്നരുളീടിന
സജ്ജനസഞ്ചയ വന്ദിതചരണാ

***


കറ്റജടാമുടി കെട്ടിപ്പനിമതി
ചുറ്റിപ്ഫണിഗണമണിയുമരന്തൻ
നെറ്റിത്തടമതിലുദ്യൽകനൽമിഴി
പെറ്റിട്ടൊരു ഭഗവതിചരിതം

***


… പുകഴ്‌വതിനരുൾതരവേണം”
ശാസ്താംപാട്ടു്
“ശ്രീമഹാദേവനൊരുദിവസം
മാമലമാതുമൊരുമിച്ചിട്ടു്
കൈലാസമാമലതന്നിലങ്ങു
ചെമ്മേസുഖിച്ചുതൽക്കാന്തനോടും.”

ഇത്യാദി.

ഈ വൃത്തം ഒരു കാലത്തു വളരെ പ്രസിദ്ധമായിരുന്നു. രാമചരിതത്തിലും ഇതിനോടു സദൃശമായ ഒരു വൃത്തം കാണുന്നുണ്ടു്.

സംസാരോപാലംഭം ഭാഷാഗാനം

ഈ കൃതി എട്ടാംശതകത്തിൽ ഉണ്ടായതായിരിക്കണം. ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതീയിൽ എഴുതപ്പെട്ടിരിക്കുന്നു. ഗർഭോല്പാദനം മുതൽ മരണംവരെ മനുഷ്യൻ അനുഭവിക്കുന്ന സങ്കടങ്ങളെ സരസമായി വർണ്ണിച്ചിട്ടുണ്ടു്, അതിൽനിന്നു വിമോചനം സമ്പാദിക്കാനുള്ള വഴിയേ കവി ചൂണ്ടിക്കാണിക്കുന്നു.

യൌവന കാലത്തംഗജവശനാ-
യംഗനമാരെക്കാണാഞ്ഞിട്ടും,
കണ്ടാൽ വിരവൊടു പൂണാഞ്ഞിട്ടും,
പുനരപിതരുണീംപിരിയരുതാഞ്ഞും,
കണ്ടും വച്ചും കണ്ടതു വിറ്റും,
പണ്ടാരത്തെയെടുത്തുകൊടുത്തും,

***


തണ്ടാർ ബാണശരാർത്തിമുഴുത്തു
വണ്ടാർകുഴലികൾ വീട്ടിലഹർന്നിശ-
മുണ്ടാകേണ്ടുവതുണ്ടാകാഞ്ഞും,
കണ്ടുംവെച്ചും കണ്ടതു വിറ്റും
കണ്ടവരോടു പടയ്ക്കു മുതിർന്നും,
പത്തായങ്ങൾ തുറന്നു കൊടുത്തും,
പാക്കഞ്ഞിക്കു നിലങ്ങൾ കൊടുത്തും,

***


പിച്ചകമാല പണത്തിനു കൊണ്ടും,
പീച്ചാംകത്തിക്കു വെള്ളിപതിച്ചും,
വെണ്മഴുവിൻതലപൊന്നു പതിച്ചും,
പച്ചപ്പൊന്നികൾ പലവു ചമച്ചും,

***


തൊപ്പിപ്പൂമൈമുത്തു പതിച്ചും,
കച്ചകൾ കൊണ്ടും പച്ച പിഴിഞ്ഞും,
കാതരിയിച്ചും താടി ചിരച്ചും,
പന്നപറിച്ചും മീശചമച്ചും,
നോവു സഹിച്ചു ഭംഗിനടിച്ചും,

***


നിത്യമടുക്കള പുക്കുപുകഞ്ഞും,
പുസ്തകമെഴുതി വിലക്കു കൊടുത്തും,
പട്ടിണിയിട്ടു മുറക്കമിളച്ചും,
കട്ടുമുയർച്ച പറഞ്ഞുംകൊന്നും,
വെട്ടും കൊട്ടും കൊണ്ടു മുഴുന്നും,
ഇരുട്ടും മഴയും കാറ്റും വെയിലും,
കൊണ്ടു നടന്നും, ദണ്ഡിച്ചദ്ധന-
മുണ്ടായാലുമതുണ്ടാകാഞ്ഞും

***


വായ്പകൊടുത്തതു കിട്ടാഞ്ഞിട്ടും
പാടു കിടന്നും

***


മറ്റും യൌവന ദശയിൽ മനുഷ്യർ ‘പുത്രാലയപശുഭൃത്യർ’ നിമിത്തമായി അത്യന്തം ദുഃഖിക്കുന്നുവത്രേ!

പാർവതീസ്വയംവരം പാട്ടു്

പാർവതീസ്വയംവരംപാട്ടു് ആരുടെതാണെന്നു നിശ്ചയമില്ല. കവിതാഗുണവും വിരളമായിരിക്കുന്നു. നല്ല പഴക്കംതോന്നിക്കുന്നുണ്ടു്.

“ശ്രീഗുരുതാനും ഗണേശ്വരനും,
ശ്രീകാന്തൻ താനും സരസ്വതിയും,
ശ്രീമഹാദേവനും പാർവതിയും,
ശ്രീഭൂമിദേവമുനീന്ദ്രന്മാരും,
മാറ്റിത്തം പറ്റാതനുഗ്രഹിപ്പാ-
നേറ്റം വണങ്ങുന്നേനേവരേയും!
ചിന്തിച്ചതെല്ലാം കൊടുത്തരുളും
ജന്തുക്കളുള്ളിൽ വിളങ്ങുമമ്മ
യോഗേശ്വരിയായ ദേവിപണ്ടു
യോഗാഗ്നിതന്നിൽ ദഹിച്ചശേഷം
മാനിയാം ശൈലാധിരാജൻതന്റെ
മാനിനിയായിട്ടു മേവിടുന്ന
മേനകാദേവിതൻ ഗർഭംതന്നിൽ
മീനാക്ഷിവന്നു പിറന്നാളല്ലോ.”
രാമായണം വഞ്ചിപ്പാട്ടു്

കവിതാരീതി വളരെ ഹൃദ്യമായിരിക്കുന്നു. കവി എഴുത്തച്ഛന്റെ കാലത്തിനോടു അടുത്തു് മുമ്പോ പിമ്പോ ജീവിച്ചിരുന്നുവെന്നു തോന്നുന്നു. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടേ.

“ഷഡ്ഭാവഷഡൂർമ്മികളായ്കാണും ചരാചരൌഘങ്ങൾ
ഷട്കോശമാത്രമായ് കാണാം സ്വപ്നാകാരമായ്
കണ്ടുകോലാഹലത്തോടു കൊണ്ടുമേളിച്ചിരിക്കുമ്പോൾ
കണ്ടില്ലെന്നുവരുന്നതും വിസ്മയമല്ലീ?
വന്നതെവിടെ നിന്നുപോൽ? പോയതെവിടേക്കെന്നതും
ഒന്നുമറിയാൻവയ്യാതായെത്ര വിസ്മയം!
മൂത്രാമേധ്യപാത്രമാകുംഗാത്രം താനെന്നുള്ളഭാവ-
മെത്രയുംവിചാരിച്ചെന്നാലെത്രവിസ്മയം!
ദൃഗ്ദൃശ്യചഞ്ചലത്താകുമിന്ദ്രിയംതാനെന്നഭാവം
ദൃശ്യരൂപമാകകൊണ്ടിങ്ങെത്രവിസ്മയം!”
രണ്ടു മിശ്രഭാഷാഗാനങ്ങൾ

ഇവിടെ വിവരിക്കാൻപോകുന്നതു് രാമകഥപ്പാട്ടു്, ‘ഇരവിക്കുട്ടിപ്പോർ’ എന്നീ രണ്ടു കൃതികളേപ്പറ്റിയാണു്. ഈ രണ്ടു കൃതികളും മലയാളമാണെന്നു പറയുന്നതു എങ്ങനെ എന്നു അറിയുന്നില്ല. എന്നാൽ തമിഴാണോ? ശുദ്ധ തമിഴുമല്ല. മലയാളഭാഷാസമ്പർക്കം കൊണ്ടു ദുഷിച്ചതമിഴാണെന്നു പറഞ്ഞാൽ വലിയപിശകില്ല. ഇത്തരം ചില ഗദ്യഗ്രന്ഥങ്ങളും കാണ്മാനുണ്ടു്. ‘തത്വമസി’ എന്നൊരു ഗദ്യഗ്രന്ഥം തെക്കൻതിരുവിതാംകൂറിൽ പല ദിക്കുകളിലിരുപ്പുള്ളതായി അറിയാം. ഒരു പകർപ്പു ചിത്തിരതിരുനാൾ വായനശാലയിലും മറ്റൊന്നു മലയാളം ക്യൂറേറ്റർ ആഫീസിലും ഉണ്ടു്.

രാമകഥപ്പാട്ടു്

ഔവാടുതുറ അയ്യപ്പിള്ളആശാനാണു് രാമകഥപ്പാട്ടിന്റെ കർത്താവു്. ഔവാടുതുറ നെയ്യാറ്റിൻകരത്താലൂക്കിൽ തിരുവല്ലം എന്ന സ്ഥലത്താണു്. കവിയുടെ ജീവിതകാലം കൊല്ലവർഷം അഞ്ചാംശതകത്തിലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. കണ്ണശ്ശപ്പണിക്കരുടെ രാമായണം കണ്ടിട്ടാണു് ഈ രാമകഥപ്പാട്ടു രചിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നുവെന്നും അതു ശരിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരുന്ന ഒരു പാട്ടുകാണുന്നു. അതു് ഇങ്ങനെയാണു്.

‘അയനരുളാൽനാരതരും പുററിനു-
ള്ളരുൾമുനിവൻ വാഴ്ത്തിയുരത്തതാക.
പരൻകഥയെക്കമ്പർ പന്തീരായിരത്താൽ
പകർത്തകഥകണ്ണശ്ശനിൽ പാതിയാം.
തരന്തരമായി വിളങ്ങുമൊഴിയതനിൽപാതി,
തനാവിനയാലവ്വാടുതുറയിലയ്യൻ
വിരന്തുടനിരാമനാമം ചൊന്നേചൊല്ലൈ
മികന്തപൈതനടിയേൻ വിള്ളിന്റേനേ’

ഈ ഗാനത്തിന്റെ വേറൊരുപാഠം ഉള്ളൂർ. മി. എസു്. പരമേശ്വരയ്യർ പ്രാചീനമലയാളമാതൃകകൾ എന്ന കൃതിയുടെ അവതാരികയിലും ചേർത്തിട്ടുണ്ടു്. ഈ പാട്ടിനെ വിശ്വസിക്കാമെങ്കിൽ കവിയുടെ കാലം കണ്ണശ്ശന്റെ കാലത്തിനുശേഷം ആയിരിക്കണം. എന്നാൽ അങ്ങനെ വിശ്വസിക്കുന്നകാര്യം കുറെ പ്രയാസമായിട്ടാണിരിക്കുന്നതു്. പ്രസ്തുതഗാനത്തിനു് മുഖവുരയായി പാടിവരുന്ന മറ്റുചില ഗാനങ്ങൾകൂടിയുള്ളതായി അറിയുന്നു. ഏതോ ഒരാൾ ഏതോകാലത്തു എഴുതിയ ഒരു പാട്ടിനെ ആധാരമാക്കി ഒന്നും ഊഹിക്കാവുന്നതല്ല. എന്നാൽ മി. ഗോവിന്ദപ്പിള്ള പറയുന്നിടത്തോളം ഈ കൃതിയ്ക്കു പഴക്കമുണ്ടോ എന്നുള്ള കാര്യവും സംശയമാണു്. ഈ വിഷയത്തേപ്പറ്റി ഞാൻ ശേഖരിച്ചിട്ടുള്ള തെളിവുകളേ ഗ്രന്ഥാവസാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. ഇപ്പോൾതന്നെ ഈ അധ്യായം വളരെ ദീർഘമായിപ്പോയതുകൊണ്ടു് ഇവിടെ വിവരിക്കുന്നതിനു് തരമില്ല.

‘പഴംതിന്നു’ കവിയായിത്തീർന്ന ഒരാളാണത്രേ ഔവ്വാടുതുറആശാൻ. മികച്ചകവിതാവാസനയും സാമാന്യം നല്ലപഠിപ്പും ഉണ്ടായിരുന്ന ഇക്കവിയ്ക്കു പ്രസ്തുതകാവ്യം രചിയ്ക്കുന്നതിനു് പഴത്തിന്റെ അപേക്ഷയൊന്നുമുണ്ടായിരുന്നില്ല. രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം രാമകഥ രാമചരിതത്തെ അതിശയിക്കുന്നു. രാമചരിതം വാല്മീകിരാമായണത്തിന്റെ ഏകദേശ വിവർത്തനം മാത്രമാണു്. രാമകഥയിലാകട്ടേ കവിയുടെ മനോധർമ്മം കൂടുതൽ വ്യാപരിച്ചുകാണുന്നു.

ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനു രാമകഥപ്പാട്ടുകാർക്കും പടിത്തരം പതിച്ചുകൊടുത്തിട്ടുണ്ടു്. അവർ ഇന്നും ചന്ദ്രവളയം കൊട്ടി, താളമേളാദ്യവയവങ്ങളോടുകൂടി പ്രസ്തുതഗാനം പാടിവരുന്നു.

ഭാഷ ശുദ്ധതമിഴല്ലെന്നു വാദിക്കുന്നതിനു ബാധകമായി ഒന്നു രണ്ടു സംഗതികൾ മാത്രമേയുള്ളു. പുരുഷപ്രത്യയം പല ദിക്കുകളിലും വിട്ടിരിക്കുന്നു. രണ്ടാമതായി സംസ്കൃതപദങ്ങളെ പല ദിക്കുകളിൽ തത്സമങ്ങളായിട്ടുതന്നെ ഉപയോഗിച്ചുകാണുന്നുണ്ടു്. ഈ ലക്ഷങ്ങളേമാത്രം ആധാരമാക്കി, പ്രകൃത കൃതിയെ ഭാഷാകാവ്യമെന്നു വ്യവഹരിക്കാമോ എന്നു് ഭാഷാഭിമാനികൾതന്നെ തീർച്ചപ്പെടുത്തട്ടെ. ഒരുഭാഗം മാത്രം മാതൃകയ്ക്കു ഉദ്ധരിച്ചുകൊള്ളുന്നു.

“താളിൽ ചതതളനയനൻ പണിയ-
ത്തചരതനരപതിതിരുവുളമാനാർ.
വേളൽതന്നരുൾകോണ്ടുസുമന്ത്രരും
വിതയാൽ മൈന്തനുമരുകുപുകുന്താർ.
വേളൽജനകനു തരതലമാഴ്‌വാൻ
വിതിവഴിയുള്ളന മുറമകളെല്ലാ-
നാളും ചുപദിവസങ്കളറിന്തു
നടുത്തുകയെൻറു നരേന്തിരനരുളാ-
ലരുളൊടുതചരതനൃപമണിതിരുവുള-
മറിന്തുമണ്ടകമോടുചാലകളും,
നരപതിയരുളതിനാലനവോരും
നൻറിയുടൻ ചാലയിൽ നളിനമൊടും
കിരച്ചെമ്പൊന്നാലെയഴുത്തിനർ
കുറുവിതവളവാവടയുത്തരങ്കൾ
മുരുകലവോർ തൂണുകൾ ചിത്രങ്കൾ
മുത്തുത്താവട മഴകാൽപൊതികൈ
ഉരുകിനതാഴികക്കുടങ്കളിരുത്തിനർ
ഉചന്തമണ്ടകമുലകിനുതിലകം
കരുമുകിൽ നൃപമണിയുലകാൾവതിനായ്
കരുതിയെ പല പല ചാലമുകിത്തനർ.
മുകിത്തചാലകൾ മുഴുകിനകോമള
മുല്ലസുഗന്തപ്പരിമളനീരുകൾ
അകത്തുപുണ്ണിയതീർത്ഥജലങ്കൾ
അപിഷേകനറുമലർ ചെമ്പകതുളമം
ചുകത്തിനുള്ള ചെമ്പരുന്തിമലരുകൾ
ദൂരിതമറക്കും തെറ്റികൾ പിച്ചികൾ
നകത്തിലച്ചുടുകളററുപറിത്തനർ
നലമുളമഞ്ചതകട്ടിവിതാനം
താനവിതാനമണിന്തനചാലയിൽ”

***


ഇത്യാദി.

രാമചരിതം അന്നത്തെ രാജഭാഷയിലും രാമകഥ ദേശ്യഭാഷയിലും രചിക്കപ്പെട്ടിരിക്കുന്നുവെന്നു് മി. പരമേശ്വരയ്യർ പറയുന്നതിനോടു യോജിക്കാൻ തരമില്ല. രണ്ടു കൃതികളും അക്കാലത്തു് തെക്കൻ തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു മിശ്രഭാഷയിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. അവയേപ്പറ്റി മലയാളികൾക്കുള്ളതിലധികം അവകാശവാദം പുറപ്പെടുവിക്കാൻ തമിഴർക്കു ന്യായമുണ്ടു്. ഈ അവകാശവാദത്തിൽ സാഹിത്യ സദിർക്കോടതി തമിഴിനു അനുകൂലമായ വിധി പ്രസ്താവിച്ചുപോയാൽ, അതുകൊണ്ടു മലയാളഭാഷയ്ക്കു വലിയ നഷ്ടമൊന്നും വരാനുമില്ല.

ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു് (കണിയാകുളം പോര്)

ഈ കൃതിയും മിശ്രഭാഷയിൽതന്നെ രചിക്കപ്പെട്ടിരിക്കുന്നു. ചരിത്രവിഷയകമായി വളരെ പ്രാധാന്യമുള്ള ഒരു പാട്ടായതുകൊണ്ടു്, അതിനേപ്പറ്റി അല്പം കൂടുതലായി ഇവിടെ പറയേണ്ടിയിരിക്കുന്നു. തെക്കൻതിരുവിതാംകൂർ പാണ്ഡ്യചോള രാജാക്കന്മാരുടേയും മധുരനായ്ക്കന്മാരുടേയും ആക്രമണത്തിനു് കൂടെകൂടെ വശംവദമായിരുന്നു. അതിപുരാതനകാലം മുതല്ക്കു അടുത്തകാലം വരെ ദക്ഷിണതിരുവിതാംകൂറിൽ അവർ ഏറെക്കുറെ അധികാരം നടത്തിവന്നിരുന്നു എന്നുള്ളതിനു് അസംഖ്യംരേഖകൾ കാണുന്നുണ്ടു്. പ്രസ്തുതകഥ നടന്നകാലത്തു് ‘വഞ്ചിവേന്തൻ’ കല്ക്കുളത്തു് പുലിയൂർക്കുറിച്ചിയിൽ എഴുന്നള്ളിത്താമസിക്കയായിരുന്നു. അപ്പോൾ തിരുമലനായ്കന്റെ സേനാപതിയായ രാമപ്പയ്യൻ ആരുവാമൊഴിയ്ക്കപ്പുറത്തു സ്ഥിതിചെയ്യുന്ന പണക്കുടി എന്ന സ്ഥലത്തുവന്നു പാളയമടിച്ചു, വഞ്ചിരാജ്യത്തെ ആക്രമിയ്ക്കാൻ തരം നോക്കിക്കൊണ്ടിരുന്നു. ഇതിനുമുമ്പിൽ വേലയ്യൻ മലയാളത്തെ ഉപരോധിച്ചുവെങ്കിലും അയാളുടെ സൈന്യത്തെ ‘വീരനായർ പടൈകൂട്ടിയൊരു നൊടിതന്നിലേതുണ്ടതുണ്ടാക്കവേ’

“ചെയ്യും തിറവീരൻ പടൈവേലയ്യൻ
തിട്ടനവേവെട്ടുപട്ടും പോനാൻ”

കത്തുമൂലം ഈ വിവരം അറിഞ്ഞപ്പോൾ തിരുമലേന്തിരൻ,

“ആനവായ്ക്കരുമ്പുപോലകമെല്ലാം നടുനടുക്കി,
മാലൈപോൽ കണ്ണീരോടി മലങ്കിയേകലങ്കിയുള്ളം
വേലയിൽ തുരുവുപോല വിശനമുററിരുന്തുപോലും.”

അനന്തരം മധുരനായിക്കൻ അയച്ച സൈന്യമാണു് ഇപ്പോൾ പണകുടിയിൽ സ്ഥാനമുറപ്പിച്ചതു്. അവ പതുക്കേ അവിടെനിന്നും തിരുവിതാംകോട്ടിൽ പ്രവേശിച്ചു് കൊള്ളയടിച്ചുതുടങ്ങി.

അക്കാലത്തു നാടുവാണിരുന്നതു് ഉണ്ണിക്കേരളവർമ്മ എന്ന ഭക്തനായിരുന്നു. ഈ രാജാവിനെയാണു് കോട്ടാരക്കരതമ്പുരാൻ തന്റെ ആട്ടക്കഥയിൽ വാഴ്ത്തീട്ടുള്ളതു്. മധുരപ്പട വന്നിരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മഹാരാജാവു് ദ്രുതഗതിയിൽ സൈന്യശേഖരം ചെയ്തുതുടങ്ങി. പത്മനാഭപുരത്തിനുസമീപം ആറേഴുമൈൽ കിഴക്കുമാറി സ്ഥിതിചെയ്യുന്ന കണിയാകുളം എന്നദിക്കായിരുന്നു യുദ്ധരംഗം. യുദ്ധമാരംഭിക്കുന്നതിനു തലേദിവസം, മഹാരാജാവിന്റെ മന്ത്രിമാരിൽ ഏഴുപേർചേർന്നു ഒരു ഗൂഢാലോചന നടന്നു.

“നാളെപ്പോരുണ്ടതുക്കിനിയെപ്പടി
നാമളേഴുപേരൊൻറാകെ കൂടിയേ
നാണയക്കേടുവരാമൽ നിരുപിത്തു
പേശിയൊരു മൊഴിശൊല്ലിക്കൊള്ളുവോം”

എന്നു ‘ചങ്കുക്കൊടിവീരൻ കേശവൻ അഭിപ്രായപ്പെട്ടു.

“ഏറ്റവീട്ടിതിലെല്ലോരുംകൂടിയേ
വെറ്റിയാന തിരുമലനായിക്കൻ
വേലയ്യൻപോലൊരു തുരതന്നെയും
കൊൻറല്ലാമലേ രാമപ്പയ്യൻ നമ്മേ
കോട്ടക്കുള്ളേ ഇരുക്കവു മാട്ടാനേ.
കോട്ടതന്നെ അടൈത്തിരുന്താലും
കൂൻറുദേശത്തെനിർദ്ധൂളിയാക്കുവൻ.
വാട്ടമില്ല വടുകപ്പടയോടെ
മന്തിരിമാരെ നീങ്കളെല്ലാം നാളെ
ചേട്ടമാകവേ കെട്ടിച്ചമഞ്ചുടൻ
ചെല്ലുവേണ്ടുമിടങ്കൈ വലങ്കൈക്കു”

എന്നായിരുന്നു കേശവന്റെ ഉപദേശം. മന്ത്രിമാർക്കു മഹാരാജാവിന്റെ സവിശേഷമായ പ്രീതിയ്ക്കു പാത്രീഭവിച്ചിരുന്ന ഇരവിക്കുട്ടിപ്പിള്ളയോടു അസൂയ വർദ്ധിച്ചിരുന്നതുകൊണ്ടു മാത്രമാണു്, അവർ ഇങ്ങനെ എലിയെ തോല്പിച്ചു് ഇല്ലംചുടുന്നതിന്നു നിശ്ചയിച്ചതു്.

മഹാരാജാവു് അവരെ വിളിച്ചുവരുത്തി യുദ്ധസന്നാഹത്തോടുകൂടി അടുത്ത ദിവസം പടയ്ക്കു പുറപ്പെട്ടുകൊള്ളണം എന്നു ആജ്ഞാപിച്ചപ്പോൾ,

‘നാണയത്തിലിടങ്കൈ വാലങ്കൈക്കു–
നാങ്കൾ ചൊല്ലുവോം’

എന്നാൽ ‘നെറ്റിക്കൈക്കാളില്ലല്ലോ’ എന്നു് അവർ പറയവേ, അവിടെ ഉണ്ടായിരുന്ന ഇരവിക്കുട്ടിപ്പിള്ള ‘നാൻ പോറേൻ ഇങ്ക വഞ്ചിക്കരശനെ’ എന്നു അറിവിച്ചു. ‘എന്നാൽ അങ്ങനെയാവട്ടേ’ എന്നു ആ ദുർമ്മന്ത്രികൾ ‘ചേരമാനെത്തൊഴുവിടൈ വാങ്ങി’ക്കൊണ്ടു് തിരിച്ചുപോയി. ഇരവിക്കുട്ടിപ്പള്ളയെ നശിപ്പിക്കാൻ ഇതുതന്നെ നല്ല തരം എന്നു വിചാരിച്ചു അവർ അത്യന്തം സന്തോഷിച്ചു.

മന്ത്രിവർഗ്ഗത്തിൽപ്പെട്ടു ‘വീരശൂരനിടത്തറത്തേവനും, വെങ്കലക്കൊടികുളത്തുരു രാമനും, പേരിളമ്പയിൽ മാർത്താണ്ഡവർമ്മരും’ മറ്റും ഇങ്ങനെ തീർച്ചപ്പെടുത്തി. ഇരവിക്കുട്ടിപ്പിള്ളയെ പോരിലിറക്കിവിട്ടിട്ടു്,

‘നില്ലാമലപ്പിന്നണിവിട്ടുവാങ്കിയേ–
നില്ക്കും പൊഴുതിലെ കുതിരപ്പടൈ–
ശല്യമാകവളൈന്തുകൊണ്ടു പിള്ളയിടെ–
തലയും കൊണ്ടുപോനാപ്പിന്നെപ്പടൈയില്ലൈ’–

ഇങ്ങനെ തീർച്ചപ്പെടുത്തിയിട്ടു് അവർ വിവരത്തിനൊക്കെ ഒരു കത്തെഴുതി ദൂതൻവഴിക്കു് രാമപ്പയ്യനു അയച്ചുകൊടുത്തു.

“…നാളൈനാങ്കളുദിക്കുമ്മുൻ പടൈക്കുവാറോം
പൊരുത്തമായ്നെറ്റിക്കൈക്കു പോറവാറുതുരയേ നീങ്കൾ–
വിരുലമായ് വളൈന്തുവെട്ടി വരൈവുടൻചതിയ്ക്കു–
തിരുത്തമായ് തലയും കൊണ്ടു ശീക്കിരംപോവീർ–”

എന്നായിരുന്നു പ്രസ്തുതകത്തിലെ സാരം

ഈ കത്തുകണ്ടപ്പോൾ രാമപ്പയ്യന്റെ ‘മനം മകിഴ്‌ന്തു’ രാജ്യഭക്തനായ ഇരവിക്കുട്ടിപ്പിള്ള ഇതൊന്നും അറിഞ്ഞിരുന്നില്ല.

അന്നു രാത്രി ഇരവിക്കുട്ടിപ്പിള്ളയുടെ മാതാവു് ഒരു ദുസ്വപ്നം കണ്ടു. തന്നിമിത്തം അവർ,

“എന്മകനേ എന്നിരവി
യിൻറുപടൈ പോകാതെ
കർമ്മവിനൈ പൊല്ലാതു!
കേളുമെടാ എന്മകനേ
കിനാവുകണ്ട പലങ്കളെല്ലാം
കേളുമേടാ എന്മകനേ!
കേളടാനീ കണ്മണിയേ!
കണ്മണിയെ കേളുമെടാ!
പൊന്നുനിറമെത്തിയിലേ
പുകയെഴുമ്പിക്കണ്ടേനേ
തിരളാന കൂട്ടുമിട്ടു
ചിങ്കംപററിക്കൊല്ലക്കണ്ടേൻ.
കൊത്തളരുമിലങ്കമതിൽ
കൂവെയിരുന്തളവുംകണ്ടേൻ
അരുമയുടനേവളർത്ത
ആൾവീര! പോകാതെ
പോകാതെയെന്മകനേ
പുകൾവീരായിപ്പടയ്ക്കു”

എന്നുതടുത്തു. ഇരവി അതുകേട്ടു

“തായാരേ! കേളുമമ്മാ!
തടുത്തുമൊഴി ചൊല്ലാതെ,
എഴുകടലപ്പുറത്തിൽ
ഇരുമ്പറയ്ക്കുള്ളിരുന്താലും
യമനുടയ ആളുവന്താൽ
ഇല്ലൈയെൻറാൽ പോവർകളൊ?
കല്ലറയും കെട്ടിവൈത്തു
കല്ലറക്കുള്ളിരുന്താലും,
കാലനുട ആളുവന്താൽ
കണ്ടില്ലെൻറാൽ വിടുവാർകളോ?”

എന്നു മാതാവിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, ഫലിച്ചില്ല. അവർ പിള്ളയുടെ പത്നിയെക്കൊണ്ടും പ്രേരിപ്പിച്ചുനോക്കി. ഇരവിയുടെ പത്നിയാകട്ടേ,

“പഞ്ചരത്നച്ചേലൈതന്നെ
പെൺകൊടിയാൾ കൊയ്തുടുത്തു
മെല്ലനല്ലാൾ പുറപ്പെട്ടു്”

ഭർത്താവിന്റെ സമീപം പ്രാപിച്ചിട്ടു്,

“എങ്കാണും ഭർത്തവേ നീ-
രിൻറുപടൈ പോകവേണ്ടാം
കർമ്മവിനൈപൊല്ലാതു”

എന്നു തടുത്തു. ഈ സാധ്വിയും താൻ കണ്ട ദുസ്സ്വപ്നങ്ങളെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിക്കുന്നുണ്ടു്.

“നേത്തിരവു പഞ്ചണൈമേൽ
നിത്തിരൈയാണ്ടിരിക്കയിലേ
പാർത്തിരിക്കച്ചനിയൻവന്തു
പർത്താവേക്കൊണ്ടുപോനാൻ.
ആലുമരം മൂടോടെ
അടിതകർന്തു വിഴവുംകണ്ടേൻ.
നാൻവളർത്ത കിളിയെന്നത്തൈ
നല്ലരവം തീണ്ടക്കണ്ടേൻ.
പൂണരിയ കളമുടൈന്തു
മതയാനൈ ചായകണ്ടേൻ.
പൊന്നിൻനിറ മെത്തയിലെ
പുതയെഴുമ്പക്കണ്ടേനയ്യാ.
നരിയുംവന്തു കോഴിയെത്താൻ
നടുപ്പറ്റിപ്പിടിക്കക്കണ്ടേൻ.
മുൻവായിൽ മുത്തുയർന്തു
മുന്തിയിലേ മുടിയക്കണ്ടേൻ.
വെള്ളരിക്കാകൊണ്ടുവന്തു
വിടുതിയിലേ തരവുംകണ്ടേൻ.
കത്തിരിക്കാ കൊണ്ടുവന്തു,
കൈതനിലേ തരവുംകണ്ടേൻ.
മംഗലിയം ഇഴപെരുകി
മടിമേലെ വിഴവുംകണ്ടേൻ.”

ഇവയൊക്കെ കേട്ടിട്ടും ഇരവിക്കുട്ടിപ്പിള്ള തന്റെ ദൃഢനിശ്ചയത്തിൽനിന്നും വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

“വാറവിധി എങ്കിരുന്തും
വന്തിടുംകാൺ പെൺകൊടിയെ!
ഇട്ടപയിരഠുപ്പതുക്കു
കുറ്റമില്ലൈ പെൺകൊടിയെ!
വിളന്തപയിരറുപ്പതുക്കും
വിസനപ്പെട വേണ്ടാമേ
എന്തരത്തിൽ മന്തിരിമാ-
രെല്ലാരും പടൈപോക
ഇങ്കിരിക്ക താണുവമോ?
എന്നോടെ വിലക്കാതെ
എന്തിഴയേ പോവേനെൻറാർ”

ഇരവിപോയി കളികഴിഞ്ഞു കരയ്ക്കുകയറിയിട്ടു നീലകണ്ഠനെ ധ്യാനിച്ചുകൊണ്ടിരിക്കവേ, മരത്തിൽനിന്നു ഒരു പല്ലി വന്നു വലംതോളിൽ വീഴുകയാൽ വീണ്ടും ഒന്നുകൂടി സ്നാനംചെയ്തു. അനന്തരം ആ വീരപുരുഷൻ ‘മുടിയും പനൈന്തുകെട്ടി നെറ്റിതന്നിലേ നീറുമണിന്തുടൻ’ നീലകണ്ഠന്റെ പാദത്തെയും ധ്യാനിച്ചിട്ടു് കസ്തൂരിക്കുറിയുമിട്ടു് ഇടക്കെട്ടിലേയ്ക്കു കയറി.

“മങ്കനല്ലാൾ അമുതുകൊണ്ടുവക്ക
മുന്തെടുത്തൊരമുതു തന്നിലെ
മുല്ലപ്പൂമാല പോലെ തലനാരു”

കണ്ടിട്ടു് അദ്ദേഹത്തിന്റെ മാതാവു് ‘കാര്യമിന്റു നലമല്ല പാപിയനേ പടൈക്കിൻറു പോകാതെ’ എന്നു് ഒന്നുകൂടി തടസ്സം പറഞ്ഞുനോക്കി. എന്തായിരുന്നാലും യുദ്ധത്തിനു പോകതന്നെ ചെയ്യും എന്നു ഇരവി ഉപ്പായിപറഞ്ഞു.

യുദ്ധത്തിനുള്ള ഒരുക്കങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“നല്ലചല്ലടം മേൽക്കച്ചകട്ടിനാർ
പൂശിനാരെ പുഴുവോടുജവാതു
പൂന്തളിർക്കച്ചമീതിലണിവതാം
ആനരംതാർ ചന്തിരകാവിശം
ചന്ദ്രകാവിശം മീതോടുമീതീട്ടു
തട്ടിഴന്താല വിഴുന്തുവിടാമലേ
ഇന്തിരൻ പാവനിക്കിണപോലവേ
ചന്തിരൻവന്തുനിന്നതുപോലവേ
ചമൈന്താരാതിച്ചൻ വടിവാകവേ
യന്തിരങ്കൾ വരുവതറിയാമൽ
ആയുധംനാലുകൂട്ടം”

എടുത്തുകൊണ്ടു് അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരപ്രസു,

“കരുവേലംകയ്യിൽ കണ്ടുപൊഴുതിലെ
കയ്നകർത്താളെ മന്തിരിയേത്താനും
അന്തിരമൊൻറുംവാരാമൽ നീർചെൻറു
തന്തിരത്താൽ പടൈകണ്ടുവാരുമേ”

എന്നു അനുഗ്രഹിക്കമാത്രമേ ചെയ്തുള്ളു. ഇരവിക്കുട്ടിപ്പിള്ള വഴിയിൽ ഇറങ്ങിയ മാത്രയിൽ, ‘നല്ലവേതിയാനെതിർവുന്തു തോൻറിനാർ’

ആ ബ്രാഹ്മണന്റെ ഒരു കൈയിൽ ഉരുളിയും അരിയുംമറ്റേക്കയ്യിൽ തീയുമാണിരുന്നതു്. ഈ ദുശ്ശകുനത്തേയും വകവയ്ക്കാതെ അദ്ദേഹം പടക്കളത്തിലേക്കുതന്നെ തിരിച്ചു. ‘മന്നവർ പവനി’യെപ്പോലെ യുദ്ധരംഗത്തിലേക്കു തിരിച്ചു ‘മാർത്താണ്ഡ വാരിരവിതുരയെ’ കണ്ടു പുരസ്ത്രീകൾ ഓരോന്നു പറഞ്ഞുതുടങ്ങി.

‘വാരുലകിന്ത തുരയേ
പെറ്റതായും പെൺകൊടിയും
പടൈപ്പോകച്ചൊന്നാരോ?
ചൊന്നാർകളൊ യിന്തത്തുരയേ?
പെറ്റതായും തുയരം തീർത്തു
മനസ്സടങ്കയിരിപ്പാർകളോ?
എന്നപുത്തി ശൊന്നായി.’

മന്ത്രികുലോത്തമനും അത്ഭുതപാക്രമിയും ആയ ഇരവിക്കുട്ടിപ്പിള്ള പുലിയൂർക്കുറിച്ചിയിൽ, ‘കുരുമ്പാറയിൽ മാളികമീതിലേ കൊത്തളത്തിൽ’ എഴന്നള്ളിയിരുന്ന തമ്പുരാനെ മുഖം കാണിച്ചിട്ടു് യാത്ര പറഞ്ഞപ്പോൾ കരുണാശീതളസ്വാന്തനായ ആ പൊന്നുതിരുമേനി അരുളിച്ചെയ്ത വാക്കുകേൾക്കുമ്പോൾ ആർക്കും ഒരു തുള്ളിക്കണ്ണീരെങ്കിലും കണ്ണിൽനിന്നു് അറിയാതെ വീണുപോകാതിരിക്കില്ല.

“കാക്കവേണമനന്തയിൽ വാ-
ഴച്യുതൻ തിരുവരുളിനാലേ
കാവലുടൻ ചെൻറുപടൈപൊരുതാൽ
ചകിക്കിതില്ലൈയാനാൽ
ഊക്കമുള്ളഓട്ടനിങ്കൊയാടി
വരട്ടും വിരവാൽ വാറേൻ.
ഓടിച്ചെൻറുനീയും പിള്ളൈ
മോതിക്കൊണ്ടു ചെൻറിറങ്കവേണ്ട
ചരതിത്തുനിൻറുപിള്ളൈ
പൊരുതിത്തു വരവേണം.”

ഇരവിയാകട്ടേ, അടിയൻ ‘വിടകൊള്ളുന്നു, എന്തുവന്നാലും യുദ്ധം ചെയ്യുകതന്നെചെയ്യും. “പൊന്നുതിരുമേനിയുടെ തിരുവാശിസ്സും’ ഉടവാളും ലഭിച്ചാൽ മതി” എന്നു വിടചോദിച്ചു. വഞ്ചിവേന്തരുടെ പള്ളിവാളും ആശിസ്സും വാങ്ങികൊണ്ടു് ഇരവിയുദ്ധഭൂമിക്കഭിമുഖമായി സൈന്യസമേതം നടകോണ്ടപ്പോൾ വീരവനിതകൾ കുമ്മിയടിച്ചുപാടിയും മറ്റും സേനാപതിയേയും സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു.

“പടൈയ്ക്കുപോറാരിരവിപ്പിള്ളൈ,
പമ്പരമുത്തുക്കുടൈചേരുമാം
കുടൈയ്ക്കുകീഴേയിരവിപ്പിള്ളൈ
പോറകൊലുമൈപ്പാർതോഴിപ്പെണ്ണേ!
ആച്ചിമുത്തേയെടിപേച്ചിമുത്തേ
ആവിടപ്പെണ്ണേയീനാട്ടുപ്പെണ്ണേ!

***


തങ്കളിൽ തങ്കവളൈകിലുങ്ക
ത്തവിത്തുകുമ്മിയടിപ്പോമെടി.
കണ്ണനെൻപാർ ചിലർ മന്നനെൻപാർ;
കാമനോ സോമനോ വാറതെൻപാർ
മന്നർക്കുകണ്ണാനമന്തിരിയാനവർ,
വാറശിങ്കാരത്തെപ്പാരുങ്കടി.”

***

കുമ്മിയടിച്ച മടവാർജനങ്ങൾക്കു് മന്ത്രിസത്തമൻ, ഉടൻ തന്നെ കുങ്കുമചന്ദനങ്ങൾ നൽകിയിട്ടു്, ‘തങ്കയരേ! നീങ്കൾ നില്ലുമെൻറു്’ എന്നുപറഞ്ഞുകൊണ്ടു് പടയ്ക്കുനേരേ നടന്നുവത്രേ.

***

യുദ്ധം പൊടിപൂരമായി ആരംഭിച്ചു. വഞ്ചിസേന അതി സാമർത്ഥ്യത്തോടുകൂടി പോരാടി.

തുരിശപരിശകുന്തം കടത്തലഈട്ടിക്കാരർ
സിംഹംപോൽ ചിനന്തുവാറാർ സിംഹം. പോൽ ചിനന്തുവാറാർ.
കരുതും പടിചിനന്തു അങ്കവരും, ഇങ്കിവരുമാക
കതിത്തിലെതിർത്തുമുട്ടിജനത്തിടമടിവാർചിലർ;
മടിവാർവെടികൾകൊണ്ടു വെടികൾകൊണ്ടു
ചിലവർകൾ തലൈഉരുള
മറിന്തു വിഴുന്തുകന്നം ശിരങ്കൾ പൊടിപെടവേ
ഉടലിൽകണൈകൾകൊണ്ടു– കണൈകൾകൊണ്ടു
ഉടലിൽകരുതിചിന്ത;

ഒൻറുപോലെ അടന്തേറി ഉരത്തിൽ പൊരുതുന്നതുകണ്ടു് ‘വടുകപ്പട’ വളരെ പരുങ്ങി. ഇങ്ങനെ വിജയം അനതിദൂരവത്തിയായിത്തീർന്നപ്പോഴാണു് സ്വാമിദ്രോഹികളും കുലദ്രോഹികളുമായ ‘ഇടത്തറപ്പോറ്റിയും’ ‘ശങ്കരൻ കോതൻ മുരുകനും, വിന്തചേരും കലയപ്പെരുമാളും, വെങ്കലക്കോടികുളത്തൂർ രാമനും തൂയ്യ ശങ്കുക്കോടിക്കാരൻ കേശവനും, തെന്നിലം പുകൾ മാർത്താണ്ഡവർമ്മരും, ‘ശിങ്കംപോലെ മാർത്താണ്ഡൻ രാമനും’ മന്നർമെയ്ക്കും ചെറുവള്ളിപ്പിള്ളയും, ‘വലിയ വിള പനയറ രാമനും’ മുൻനിശ്ചയമനുസരിച്ചു് മുന്നണി ഭേദിച്ചിട്ടു് വീരപ്പടയോടുകൂടി പിൻവലിഞ്ഞുകളഞ്ഞതു്. ഇരവിപ്പിള്ള ഈ ചതിപ്രയോഗം ഗ്രഹിച്ചുവെങ്കിലും,

‘മന്തിരിയായിപ്പിറന്തോരുനാമിനി
മാറിപ്പോവതും ശരിയല്ലകാണുവോം’

എന്ന വിചാരത്തോടുകൂടി വിജൃംഭിതവീര്യനായി പോരാടി. അനേകം പേർ മരിച്ചുവീണു. തന്റെ കൂട്ടത്തിലും,

“അന്തനേരംപിള്ളയ്ക്കു കണ്ണാനദേവനാദിച്ചനും
അയ്യപ്പൻപള്ളിച്ചയോടെ അരനുടയാൻപട്ടേ.
ചന്തിരത്തിൽകേളുനായർ, മൂരിയൻ പരപ്പുക്കുട്ടി
തൊട്ടിയപടൈകളോടേ വെട്ടിയേപൊരുതുംപട്ടാർ.
കൊച്ചിരവിപ്പണിക്കരും കുഞ്ചുമാതുവീച്ചരനും
കോതച്ചൻമാർത്താണ്ഡപ്പിള്ള കുളത്തൂരിരയിമ്മനും
അറ്റമില്ലാപോർക്കളത്തിൽ വീണവരെല്ലാരും പട്ടേ.”

എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പതിനെട്ടടവും പ്രയോഗിച്ചു് ആ വീരകേസരി പൊരുതിക്കൊണ്ടിരിക്കവേ, ചതിയനായ കുതിരക്കാരൻ പുറകിൽനിന്നു ഒന്നു വെട്ടി. ആ വെട്ടുകൊണ്ടിട്ടും അദ്ദേഹം വകവയ്ക്കാതെ വെടിയേറ്റ പന്നിയെന്നപോലെ എതിരാളികളെയരിഞ്ഞു നിലത്തുപതിപ്പിച്ചു. ഒടുവിൽ നിലയില്ലാതാകയാൽ അദ്ദേഹഹം ശത്രുക്കളുടെ വെട്ടേറ്റു വീരസ്വർഗ്ഗം പ്രാപിക്കേണ്ടതായി വരികയും കുലദ്രോഹികളുടെ മനോഗതം സഫലമാവുകയും ചെയ്തു. രാമപ്പയ്യൻ ഈ പുരുഷകേസരിയുടെ ശിരസ്സിനെ പട്ടിൽപൊതിഞ്ഞു് മധുരനായ്ക്കനു കാഴ്ചവെച്ചു. അദ്ദേഹമാകട്ടേ,

“അയ്യോഇന്തതുരയേപ്പോലെ
അവനിതന്നിൽപാർത്താലൊരുവനുണ്ടോ?
വയ്യംപുകൾന്തിടും ഇവരുടയ
വൈരപണിയിട്ടകാതഴകോ
കോതിടുവന്ന മുടിയഴകോ
കൂൻറകസ്തൂരിപ്പൊട്ടഴകോ”

എന്നു വിലപിക്കയും ഈ പുരുഷരത്നത്തെ കൊന്നുകളഞ്ഞതു് അനുചിതമായിപ്പോയെന്നു രാമപ്പയ്യനെ ശാസിക്കയും ചെയ്തിട്ടു്, ആ ശിരസ്സിനെ പാളയത്തിലേക്കു അയച്ചുകൊടുപ്പാനേർപ്പാടുചെയ്തു.

ദൂതൻവഴിക്കു് സേനാപതിയുടെ മരണവൃത്താന്തമറിഞ്ഞു മഹാരാജാവു് ഒട്ടുവളരെ വിലപിക്കാതിരുന്നില്ല. ആ തിരുമേനിയുടെ ഉചിതജ്ഞതയും ആശ്രിതവാത്സല്യവും അത്യത്ഭുതം! പിള്ളയുടെ ‘തായാരെ’ എന്തു ചെയ്തിട്ടാണു് താനിനി സമാശ്വസിപ്പിക്കേണ്ടതു് എന്ന ഏകവിചാരമാണു് ആ രാജകേസരിക്കു് ആദ്യമായുണ്ടായതു്. ഇങ്ങനെയൊരു മകനെ എത്രകാലം തപസ്സുചെയ്താൽകിട്ടും? കഷ്ടിച്ചു മുപ്പത്തിരണ്ടു വയസ്സാകുന്നതിനു മുമ്പുതന്നെ പ്രധാന സചിവത്വം സമ്പാദിക്കത്തക്കവണ്മമുള്ള നയകോവിദത്വവും ബുദ്ധിശക്തിയും അത്ഭുതവീര്യ പരാക്രമത്തോടു യോജിച്ചപ്പോൾ സ്വർണ്ണത്തിനു സൌരഭ്യം കൂടി ഉണ്ടായാലുള്ള അവസ്ഥ പ്രാപിച്ചു.

മഹാരാജാവു് കാൽനടയായിട്ടുതന്നെ ആ സാദ്ധ്വിയെച്ചെന്നുകണ്ടു. ബുദ്ധിശാലിനിയായ ആ വീരപ്രസുവിനു പറയാതെതന്നെ കാര്യം മനസ്സിലായി. അവരുടെ ‘ശാലയും അലിഞ്ഞുപോക’ത്തക്കവണ്ണമുള്ള വിലാപം കേട്ടപ്പോൾ മഹാരാജാവു് ഇതികർത്തവ്യതാ മൂഢനായില്ല. അദ്ദേഹം അവരെ ഉചിതങ്ങളായ ഉപദേശങ്ങളാൽ സമാധാനപ്പെടുത്തീട്ടു്, ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു ശത്രുക്കളുടെ പാളയത്തിൽനിന്നു കൊണ്ടുവരാൻ മാർഗ്ഗമെന്തെന്നു ആലോചിച്ചു. പക്ഷെ പുലിക്കൂട്ടിൽ തലയിടാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? എന്നാൽ ‘കാളിനായർ’ എന്നൊരുവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ആശ്രിതവർഗ്ഗത്തിൽപ്പെട്ടിരുന്നു. അയാൾ മഹാരാജാവിനോടു് തന്റെ യജമാനന്റെ ശിരസ്സു കൊണ്ടുവരുന്നതിനു കല്പനകിട്ടണം എന്നു പ്രാർത്ഥിച്ചു. മഹാരാജാവു് സന്തോഷപൂർവം അനുമതിനൽകി. കാളിനായർ ശത്രുക്കളുടെ പാളയത്തിനു സമീപം എത്താറായപ്പോൾ വടുകപ്പടചെന്നു അയാളെ വളഞ്ഞു. കാളിനായർ പറഞ്ഞു:

“ഈവന്നപ്പുരവിയെക്കളയാമൽക്കൊടുവോങ്കോ
എൻറുചോല്ലിക്കാളിനായർ ഈട്ടിമുറുകെപ്പിടിത്തു
എന്നെതിരെ വാറകുതിരകളെ ഈടുചെയ്വേനൻറു
മന്നുപുകൾകൊണ്ട വഞ്ചിവേന്തർതിരുവാണെ
മാറിപ്പോവതില്ലൈ”

മലയാളി മനതുറപ്പും ചീറ്റവും തനക്കണ്ടു്’ ശത്രുക്കൾ ‘മനംമടിന്തു’ മാറിനിന്നു. അവരിൽ ഒരുവൻ രാമപ്പയ്യനെ വിവരമറിയിച്ചു് ഉടനേ അയാളെ തന്റെ മുമ്പിൽക്കൊണ്ടുവരുന്നതിനു അദ്ദേഹം ആജ്ഞാപിച്ചു. എന്തിനായിട്ടു വന്നു? എന്നും മറ്റും സേനാപതി ചോദിച്ചപ്പോൾ ‘ഞാൻ പാദകാണിക്കയ്ക്കു പോയി തിരിച്ചുവന്നപ്പോൾ ശത്രുക്കൾ എന്റെ യജമാനനെ ചതിച്ചു നിഗ്രഹിച്ചതായി അറിഞ്ഞു. അദ്ദേഹത്തിന്റെ ശിരസ്സു തന്നേക്കുക! അല്ലെങ്കിൽ നാം തമ്മിൽ വഴക്കിനിടവരും’ എന്നു സധൈര്യം മറുപടി പറഞ്ഞു.

“പത്തുനൂറുതലൈകിടക്കും പാളയത്തിൽതാനേ
ഇരവിപിള്ളൈ തലൈയൈ നീ എപ്പടികണ്ടെടുപ്പായ്?”

എന്നായി രാമപ്പയ്യന്റെ ചോദ്യം.

കണ്ടുപിടിച്ചുകൊള്ളാമെന്നു പറഞ്ഞതനുസരിച്ചു് കാളിനായരെ അവൻ പാളയത്തിലേക്കു കൂട്ടികൊണ്ടുപോയി. അവിടെങ്ങും തല കണ്ടില്ല. എന്തോ അപകടമുണ്ടെന്നു സംശയിച്ചു്,

‘വന്നമൊത്തപിള്ളയുടെ തലൈയേകണ്ടില്ലെങ്കിൽ
വെട്ടിടുവേനിവിടെയെൻറു കാളിനായർ ചൊന്നാൻ’

ഈ വീരന്റെ സ്വാമിഭക്തികണ്ടു, പ്രസന്നനായ രാമപ്പയ്യൻ പട്ടിൽപൊതിഞ്ഞ തലയെ അദ്ദേഹത്തിന്റെ കൈയ്യിൽകൊടുത്തു് അയാളുടെ ദുഃഖാതിരേകം കണ്ടപ്പോൾ വടുകന്മാർക്കുകൂടി മനസ്സലിഞ്ഞു.

“ഇപ്പടി ഉറപ്പതുള്ള മലയാളീ ഉന്തനുടെ ഊരേതുപേരേതു്”

എന്നു അവർ ചോദിച്ചതിനു്

“കോഴചെറ്റു മണുകാമൽ
കുഞ്ചുകാളിനായരെൻറും
ഊരുകുഞ്ചാകോടുദേശൻറും”

കാളി മറുപടി പറഞ്ഞു.

‘പ്രതിമാസം മൂന്നു പൊന്നുതരാം. ഞങ്ങളുടെ സൈന്യത്തിൽ സേവിക്കാമോ?’ എന്നു രാമപ്പയ്യൻ വീണ്ടും ചോദിച്ചു.

“ഉചിതമില്ലാച്ചോറുമുണ്ടു ഇങ്കെനാനും നിപ്പതില്ലൈ”

എന്നായിരുന്നു അതിനു മറുപടി. രാമപ്പയ്യൻ കാളിനായർക്കു് വിലയേറിയ ചില സമ്മാനങ്ങൾകൊടുത്തു പറഞ്ഞയച്ചു.

മഹാരാജാവു് എഴുന്നള്ളിയിരുന്നുതന്നേ ശവസംസ്കാരം മുറയ്ക്കു നടത്തി. ഈ അവസരത്തിൽ സൈന്യം അണിനിരന്നു ആചാരം ചെയ്തു.

“പതിനെട്ടുവാത്തിയധ്വനിമുഴങ്ക
പരിചിനുടൻ തലംകുറിത്തുപാടങ്കം.”

കാളിനായർക്കു മഹാരാജാവു് ‘കുഞ്ചികോടുദേശം പേരിൽ പതിച്ചുകൊടുത്തുവത്രേ. അദ്ദേഹത്തിന്റെ വംശക്കാർ ഇപ്പോഴും ഉണ്ടു്. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ കൃത്രിമഫലമായി നായരുടെ വംശജന്മാർക്കു് ആ വസ്തുക്കൾ അനുഭവിക്കാൻ സാധിച്ചില്ല. കുറേക്കാലം കഴിഞ്ഞു് വംശം അന്യം നിന്നു പോയെന്നു ഒരു രേഖ എങ്ങനെയൊ അവരുണ്ടാക്കിയിട്ടു് വസ്തുക്കൾ പാട്ടംകെട്ടിക്കളഞ്ഞു. ഇരവിക്കുട്ടിപ്പിള്ളയുടെ സ്മാരകമായ ഒരു ശിലാവിഗ്രഹം തലയറ്റു് ഇപ്പോഴും സ്ഥിതിചെയ്യുന്നു. ഉള്ള ചരിത്രേഖകളെ നശിപ്പിച്ചും ഇല്ലാത്തതിനെ ഉണ്ടാക്കിയും വരുന്ന ഇക്കാലത്തു് ആരു് ഇങ്ങനെയുള്ള സ്മാരകങ്ങളെ സംരക്ഷിക്കാൻ പോകുന്നു? അദ്ദേഹത്തിന്റെ ഗൃഹവും ഒന്നു രണ്ടു കൊല്ലങ്ങൾക്കു മുമ്പുവരെ നിലനിന്നിരുന്നു. അന്തഃപുരത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഛായയും എഴുതിവച്ചിരുന്നത്രേ. ഈ തറവാടുസംബന്ധിച്ച വസ്തുക്കളെല്ലാം ഇപ്പോൾ അരുമന അമ്മവീടുവകയായിരിക്കുന്നു. സർവരേഖകളും നശിച്ചാലും ഇരവിക്കുട്ടിയുടെ യശസ്സു ആചന്ദ്രതാരം നിലനില്ക്കാതിരിക്കയില്ല. ചരിത്രകഥകളും മറ്റും എഴുതി പ്രസിദ്ധപ്പെടുത്തുന്നവർ, ഈ മാതിരി മഹാപുരുഷന്മാരുടെ കഥകൾകൂടി അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, ബാലവിദ്യാർത്ഥികളുടെ ശാപം അവർക്കു സമ്പാദിക്കാതെ കഴിയുമായിരുന്നു.

ഈ സംഭവം നടന്നകാലത്തിനോടു അടുത്തുതന്നെ ആയിരിക്കണം ഈ കൃതിയും രചിക്കപ്പെട്ടതു്. ഭാഷാചരിത്രകാരൻ കണിയാകുളത്തിൽ പോർനടന്നതു് 670-ാമാണ്ടിടയ്ക്കാണെന്നു പറഞ്ഞുകാണുന്നു. മി. പരമേശ്വരയ്യരാകട്ടെ ‘ഇരവിക്കുട്ടിപ്പിള്ള എന്ന നായർ യോദ്ധാവു് അദ്ദേഹത്തിന്റെ (രാമപ്പയ്യന്റെ) സൈന്യത്തോടെതിർത്തു് യശശ്ശരീരനായിത്തീർന്നതു ക്രിസ്തുവർഷം 1635-ൽ ആയിരുന്നുവെന്നു്’ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുതഗാനത്തിൽതന്നെ,

‘വാട്ടമറ്റകൊല്ലം എണ്ണൂറ്റിരുപതാമാണ്ടുതനിൽ
ആനതോർ മിഥുനമാസം പതിനെട്ടാംതീയതി
തിങ്കൾപ്പടിപുണർതം തിങ്കളാഴ്ച വിടിയുംമുന്നേ’

യുദ്ധംതുടങ്ങിയതായി രേഖപ്പെടുത്തീട്ടുള്ളതുകൊണ്ടു സംശയത്തിനൊന്നും വഴിയില്ല.

ബൃഹസ്പതിവാക്യം

ധർമ്മബോധോദ്ദീപകമായ ഈ ചെറുകൃതി അച്ചടിച്ചിട്ടുണ്ടു് ഇക്കാലത്തെ കൃതികളിൽ സാധാരണ കാണാറുള്ളതുപോലെ എതുക, മോന എന്നീ രണ്ടുമാതിരി പ്രാസങ്ങളും ഇതിൽ പ്രയോഗിച്ചുകാണുന്നു. എതുകമാത്രം സാർവത്രികമായി പ്രയോഗിച്ചിട്ടില്ലെന്നേയുള്ളു. മാതൃകകാണിപ്പാനായി ഒരു ഭഗം ഉദ്ധരിച്ചുകൊള്ളുന്നു.

“തന്നുടെബലമറിയാതെ മത്സരിക്കൊല്ലേ,
തന്നാൽസാധിച്ചിടാത്തതാമെന്നു പറയൊല്ലേ.
ചോദിച്ചാൽ തരുന്നേടത്തെപ്പോഴും ചോദിക്കല്ലേ
ചോറുതന്നവർകളെച്ചതിപ്പാൻതുടങ്ങൊല്ലേ.

***


ഒരുത്തരോടും കണക്കല്ലാതെപിണങ്ങൊല്ലേ
ഒളിഞ്ഞുനിന്നുകൊണ്ടു മാറ്റാരെത്തോല്പിക്കൊല്ലേ
ദുരിതമുള്ളവഴിയുപദേശിച്ചിടൊല്ലേ
ദുഷ്ടന്മാരോടുകൂടി സംസർഗ്ഗമുണ്ടാകൊല്ലേ
സൂക്ഷ്മത്തെയറിയാതെ സാക്ഷിപോയ്പറയൊല്ലേ
സൂര്യനങ്ങുദിയ്ക്കുമ്പോൾ നിദ്രയ്ക്കു തുനിയൊല്ലേ.
തന്നോടുചോദിയാതെ താനേറെപ്പറയൊല്ലേ
തന്നുടെവിലജ്ഞാനം താൻപോയിക്കുറയ്ക്കല്ലേ.”

ഇത്യാദി.

ഈ വരികളിലെല്ലാം മോനപ്രയോഗിച്ചിരിക്കുന്നുവെങ്കിലും എതുക ചില ദിക്കിൽ മാത്രമേ കാണുന്നുള്ളു. കവി ആരെന്നു നിശ്ചയമില്ല.

ഭീമൻകഥ

ഇക്ക്യതിക്കു് ഇപ്പോൾ 35 പതിപ്പോളം കഴിഞ്ഞിരിക്കുന്നു. അതിൽനിന്നു് സ്ത്രീജനങ്ങളുടെ ഇടയിലും മറ്റും ഈ ലഘുകൃതിയ്ക്കു് എത്രത്തോളം പ്രചാരമുണ്ടെന്നു ഗ്രഹിക്കാം. കവി പണ്ഡിതനല്ലെങ്കിലും, സരസമായ ചില ഘട്ടങ്ങൾ അവിടവിടെ കാണുന്നുണ്ടു്.

അരക്കില്ലംവെന്തുകഴിഞ്ഞു് കുന്തിയും പുത്രരും ആയി ഒരു പുഴവക്കത്തുചെന്നുചേർന്നു, തോണികടപ്പാൻ മാർഗ്ഗം അന്വേഷിച്ചു. കൈയിൽ കാശില്ലാതിരുന്നതിനാൽ വലിയ ദുർഘടമായി.

“കൂലിക്കുപായമില്ലെങ്കിൽ–നിന്റെ
ബാലരിലൊന്നുതരേണം”

എന്നു തോണിക്കാരൻ ശഠിച്ചു. ഗത്യന്തരമില്ലായ്കയാൽ അങ്ങനെ ചെയ്തിട്ടു്, അവർ അക്കരകടന്നു. എന്നാൽ കുന്തിയ്ക്കു വലിയ ദുഃഖമായി. അങ്ങനെ ഇരിക്കെ, തോണിക്കാരൻ വായുതനയനെ നോക്കിയിട്ടു്, ‘ഭാര്യശുശ്രൂഷകൾ ഒക്കെ നീയും വാട്ടംവരാതെ ചെയ്യണം’ എന്നു ആജ്ഞാപിച്ചു. അങ്ങനെ ആകട്ടെ എന്നു പറഞ്ഞിട്ടു് ഭീമൻ അവൾക്കു കുളിപ്പാൻ വെള്ളം കാച്ചുവാൻ തുടങ്ങി.

“ഊറ്റമായുള്ളൊരുചെമ്പു–ഭീമ സേനന്റെ പക്കൽകൊടുത്തു.
ബാലകൻ ചെമ്പങ്ങെടുത്തു–മഠപ്പള്ളിക്കകമതിൽപുക്കു.
ചെമ്പുകിടാരമെടുത്തു–വെള്ളം കോരിച്ചൊരിഞ്ഞുനിറച്ചു.
അഗ്നിയുംകത്തിച്ചുനന്നായ്–വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.
പോരിക വേഗം കുളിപ്പാ–നിനി നാഴികതെറ്റരുതൊട്ടും.
എന്നുപറഞ്ഞുടൻ ഭീമൻ– വേഗം കാൽക്കരംകൂട്ടിപ്പിടിച്ചു.
മെല്ലെയവിടെന്നെടുത്തു–തിള വെള്ളത്തിലങ്ങുമറിച്ചു.
കാർകൂന്തൽചുറ്റിപ്പിടിച്ചു–തിള വെള്ളത്തിലിട്ടൊന്നുലച്ചു.
സന്ധിയുമൊക്കെമുറിഞ്ഞു–അവൾ മൃത്യുവശഗതയായി.
ചത്തെന്നുകണ്ടോരുനേരം–ഭീമൻ മറ്റൊരുചെമ്പങ്ങെടുത്തു.
ചിത്രത്തിൽ വെച്ചങ്ങുമൂടി–യോടിച്ചെന്നുകടവിലന്നേരം.
കുന്തീകുമാരനെക്കണ്ടു–വീരൻ വമ്പൻപുഴയുടയോനും
അമ്മയ്ക്കുനല്ലസുഖമോ–കുട്ടി യെന്തിനിങ്ങോട്ടിപ്പോൾ പോന്നു?
അമ്മകുളിച്ചുസുഖമായ്–സ്വാദു ഭക്തവുമങ്ങു ഭുജിച്ചു
സൌഖ്യമായമ്മയിരിപ്പു–ണ്ടൊരു നാളുംലയമവർക്കില്ലാ.
ഓടംകടത്തേണമിപ്പോ–ളെനിക്കാലസ്യം പാരം മകനേ.
എന്നുരചെയ്തോരു നേരം–ഭീമനൊന്നവനോടു പറഞ്ഞു.
അങ്ങുന്നുതോണിനടുവി–ലൊരു വാട്ടംവരാതെയിരിക്ക
അങ്ങോട്ടുമിങ്ങോട്ടുംവേഗം–പുഴ ഞാൻവലിച്ചങ്ങിറക്കീടാം.
എന്നുപറഞ്ഞവൻകേറി–പ്പാര മൂറ്റമായൊന്നു വലിച്ചു.
തോണിനടുപ്പുഴ തന്നിൽ–ചുഴന്നമ്മാറു കീഴ്പോട്ടുതാണു.
തോണിപ്പുഴയുടയോനും–മുങ്ങി നീന്തിത്തുടിച്ചു തുടങ്ങി.
കാലും കരവും തളർന്നി–ട്ടവൻ കണ്ണുമിഴിച്ചു തുടങ്ങി.
വല്ലാതെ കൊല്ലരുതെന്നു–ഭീമസേനനുമുള്ളിലുറച്ചു.
കാൽക്കരംകൂട്ടിപ്പിടച്ചു–നേരെ യക്കരതന്നിലെറിഞ്ഞു.”

കുന്തിദേവിക്കു് ആലസ്യം പിടിപെട്ടു. വെള്ളം കൊണ്ടുവരുന്നതിനായി ഭീമനെ അയച്ചു. അദ്ദേഹം ഹിഡംബവനത്തിലേക്കു കടന്നപ്പോൾ,

“കണ്ടിതിഡുംബവനത്തേ–വീരൻ വിസ്മയമെന്നകണക്കേ
ഗോപുരം നാലുദിക്കിലും–പൊങ്ങി വ്യോമമാർഗ്ഗത്തോളം കാണായ്
പശ്ചിമഗോപുരദ്വാരേ–ചാരു പുഞ്ചിറകണ്ടു തെളിഞ്ഞു.”

അവിടെ സ്നാനം ചെയ്തുകൊണ്ടിരുന്ന ഹിഡുംബി അദ്ദേഹത്തിനെ കണ്ടു് മോഹിച്ച് ചിലതൊക്കെ പറഞ്ഞപ്പോൾ,

“പോടീ നിശാചരിമൂഢേ–നിന്റെ ശാഠ്യങ്ങൾ ഞാനിന്നറിഞ്ഞു.
പോകായ്കിലിന്നുഞാൻ നിന്നെ–വേഗേന കാലപുരത്തിനയപ്പൻ”

എന്നു് അദ്ദേഹം ആട്ടിപ്പായിച്ചു. അവൾതന്നെ സഹോദരന്റെ സമീപം പ്രാപിച്ചു ചില കള്ളങ്ങൾ തട്ടിവിട്ടു. അപ്പോൾ ഹിഡുബനുണ്ടായ ഭാവം വർണ്ണിച്ചിരിക്കുന്നിടത്തും മറ്റും യഥാർത്ഥ കവിത്വത്തിന്റെ ഈഷൽസ്ഫുരണം കാണ്മാനുണ്ടു്.

സാമാന്യജനതയുടെ ആവശ്യത്തിലേക്കായി ഏതോ ഒരു കവി രചിച്ചിട്ടുള്ളതായിരിക്കണം ഈ ഭീമൻപാട്ടു്. ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരൂപകകേസരികളുടെ ഭീകരഗർജ്ജനങ്ങളൊന്നും അവയേ നാട്ടിൽനിന്നു് ഓടിക്കാൻ പര്യാപ്തമായിരിക്കുന്നില്ല.

കുറിപ്പുകൾ
[1]

സംസ്കൃതഗ്രന്ഥത്തിനു ഇങ്ങനെ പേരു നൽകിയതിനേപ്പറ്റി തൽപ്രസാധകൻ പറയുന്നു. “കേരളീയാഃ സദാശിവശാസ്ത്രിണസ്തു “കോഡിവിരഹം” ഇതിഗ്രന്ഥനാമ വദന്തി കോഡി ശബ്ദഃ കേരളഭാഷയാം നൂതനവാചകഇതി തദർത്ഥം ച” ഈ അഭിപ്രായം സ്വീകരിക്കുന്ന പക്ഷം നവവിരഹം എന്നർത്ഥം പറയാം.

[2]

ശ്രീകൃഷ്ണവിജയ വ്യാഖ്യാനത്തിൽ വ്യാഖ്യോതാവു് ശ്രീനാരായണഗുരുവരനേയും ചന്ദ്രശേഖരനേയും സ്തുതിച്ചുകാണുന്നുണ്ടു്. എന്നാൽ രാഘവീയകർത്താവായ രാമൻനമ്പ്യാരുടെ ഗുരുവരനായ നാരായണഭട്ടതിരിതന്നെയാണോ ഈ “ശ്രീനാരായണൻ” എന്നു ഇനിയും തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നതു്. ശ്രീകൃഷ്ണവിലാസവ്യാഖ്യാകാരൻ ജയന്താലയേനെ സ്തുതിച്ചിട്ടുമില്ല.

[3]

ആനന്ദജശ്ശോകജമശ്രുബാഷ്പസ്തയോരശീതം ശിശിരോ ബിഭേദ.(രഘുവംശം).

[4]

പ്രണീയ ദാരിദ്ര്യദരിദ്ര്യതാം നളഃ (നൈഷധം.).

[5]

കുടമാളൂരാണു് ഈ പുതുമന ഇല്ലം. ഈ സ്ഥലം ചെമ്പകശേരി രാജ്യത്തിലുൾപ്പെട്ടിരുന്നതുകൊണ്ടു് അമ്പലപ്പുഴയുള്ള പുതുമന ഇല്ലം കുടമാളൂർ പുതുമനയുടെ ഒരു ശാഖയാണെന്നു ഗ്രഹിക്കാം.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 2; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The forest distant views, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.