“എന്താ ജോലി?”
നാട്ടിൻപുറത്തെ ശുദ്ധാത്മാവായ കാർന്നോപ്പാടു് എതു ചെറുപ്പക്കാരനെ കണ്ടാലും ചോദിക്കും. ആത്മാർത്ഥമായ ചോദ്യമാണു്. ഭേദപ്പെട്ട ജോലിയാണെങ്കിൽ തന്റെ പേരക്കുട്ടിയേയോ മരുമകളേയോ കെട്ടിച്ചുകളയാമെന്ന സ്വാർത്ഥവിചാരമൊന്നും ആ ചോദ്യത്തിനില്ല. ചെറുപ്പക്കാർ വെറുതെ തെക്കുവടക്കു നടന്നു കേടുവരരുതല്ലോ. എവിടെയങ്കിലും പറ്റിപ്പിടിച്ചുനിന്നു നന്നാവണ്ടതല്ലേ? അങ്ങനെയൊരു വിചാരം മാത്രമേ കാർന്നോപ്പാടിന്റെ ചോദ്യത്തിനു പിറകിലുള്ളു. എന്നാൽ, അങ്ങ് എന്റെ ഗ്രാമത്തിൽ ഏതു കാണാപ്പാടിന്റെ മുന്നിലും ചൂളാതെ നിവർന്നു നിന്നു പറയാവുന്നൊരു മറുപടി ചെറുപ്പക്കാർക്കുണ്ടായിരുന്നു.
“മാഷ്.”
“എന്താ ശമ്പളം?”
കാർന്നോപ്പാടിന്റെ അടുത്ത ചോദ്യം. അവിടെ വശക്കേടുവരുന്നു. എന്താണു ശമ്പളമെന്നു് അതു കൈനീട്ടി വാങ്ങുന്ന അധ്യാപകനോ എണ്ണിപ്പെറുക്കി അധ്യാപകനെ ഏല്പിക്കുന്ന മാനേജർക്കോ മാനേജരുടെ പേരിൽ ബില്ലെഴുതിക്കൊടുക്കുന്ന വിദ്യാഭ്യാസവകുപ്പിനോ അറിഞ്ഞുകൂടായിരുന്നു. കൂട്ടലും കിഴിക്കലും കഴിഞ്ഞു കൊല്ലത്തിലൊരിക്കൽ, പ്രതിഫലമായി ഗ്രാന്റ് എന്ന പേരിലതു പെറ്റുവീഴുന്നു. അത്രതന്നെ. അതുകൊണ്ടുതന്നെ ശമ്പളത്തുക ഇന്നതെന്നു പറയാൻ ദൈവം പോലും വിചാരിച്ചാൽ കഴിയുയിരുന്നില്ല.
നിജസ്ഥിതി, ഇതൊക്കെയായിരുന്നാലും ഒരു ജോലിയുണ്ടല്ലോ, നാലാളോടതു പറഞ്ഞു നടക്കാമല്ലോ. അതു ധാരാളം എന്ന വിചാരമായിരുന്നു ചെറുപ്പക്കാർക്കു്. അല്പം വൃത്തിയുള്ളാരു ഷർട്ടും നെറ്റിയിലൊരു ചന്ദനപ്പൊട്ടും കണ്ടാൽ ഗ്രാമവിദ്യാലയത്തിലെ അധ്യാപകനാണതെന്നു് ആർക്കുമങ്ങു പറയാൻ കഴിയുമായിരുന്നു. അധ്യാപക വൃത്തി നേടിയെടുക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. ശിപാർശയെ കോഴയോ ആവശ്യമില്ലായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാവണം എനിക്കും അധ്യാപകനാവാൻ കഴിഞ്ഞതു്.
ഏതു ജോലിക്കും അതിന്റേതായ ബാദ്ധ്യതകളും ക്ലേശങ്ങളുമുണ്ടാവുമല്ലോ. എന്നാൽ, അധ്യാപകവൃത്തിക്കു് ഏറിയകൂറും അതുണ്ടായിരുന്നില്ല. കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കണമെന്നു വിചാരമുള്ള രക്ഷാകർത്താക്കൾ വളരെ വിരളം. മുമ്പിൽ കുട്ടികളില്ലാത്ത അധ്യാപകനെങ്ങനെ ജോലിചെയ്യാൻ കഴിയും? അയാളെ നമുക്കു് അലസനെന്നു വിളിക്കാമോ? എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ എന്റെ ജോലി ഒരു പരിധിയോളം ഒപ്പുപട്ടികയിൽ ഒതുങ്ങിനിന്നു. ‘ചുര’മിറങ്ങുന്ന ബസ്സിലെ ഡ്രൈവറെപ്പോലെയായിരുന്നു അന്നു ഞാൻ. തടിയനങ്ങാതെ, പെട്രോൾ ചെലവഴിക്കാതെ, മനഃപ്രയാസം കൂടാതെ സാവകാശം മുമ്പോട്ടൊഴുകുക. ‘നിയന്ത്രണചക്രം’ ചൊവ്വെ പിടിച്ചു കൊടുത്താൽ മതി. എങ്ങും കൂട്ടിമുട്ടരുതല്ലോ. കൂട്ടിമുട്ടിയങ്കിൽ നിമിഷം കൊണ്ടു തകർത്തുകളയാൻ എതിരെ വരുന്ന മാനേജ്മെന്റുണ്ടു്. പിന്നെയും സൂക്ഷിക്കണം. ചിലപ്പോൾ ഹോണടിക്കാതെ, മുന്നറിയിപ്പില്ലാതെ ഡെപ്യൂട്ടി ഇൻസ്പെക്ടർ എന്ന ‘സ്റ്റീം റോളർ’ വരും. അതിന്റെ കാറ്റു മതി സർവ്വനാശം വിതയ്ക്കാൻ. മാനേജ്മെന്റിനെ ഒഴിഞ്ഞു മാറാനുള്ള സൂത്രം എനിക്കു നല്ല വശമായിരുന്നു. കൊല്ലാവസാനം ‘വിഷുക്കൈനേട്ട’ത്തിനു മാനേജരുടെ മുമ്പിൽ ചെല്ലുമ്പോൾ മുഖം ചുളിക്കരുതു്; കൈയിൽ കിട്ടുന്ന സംഖ്യ എണ്ണിനോക്കരുതു്. പിശകരുതു്. ഇത്രയേ വേണ്ടൂ. ഒരിക്കലും എനിക്കതു ചെയ്യേണ്ടിവന്നിട്ടില്ല. കാരണം, രണ്ടു നേരത്തെ ആഹാരം വീട്ടിൽനിന്നു സൗജന്യമായി കിട്ടും. പിന്നെ ചായകുടി. അതൃമാൻകുട്ടിയെന്ന അവതാരപുരുഷൻ ആശീർവാദത്തിനു വേണ്ടി കൈയുയർത്തി നില്ക്കുമ്പോൾ എന്തിനു പിശകലും പിണക്കവും. ഒന്നും വേണ്ട. ജീവിതം ശാന്തമായി സരളമായി ഒഴുകട്ടെ; അതു മതി.
സഹൃദയരായ രണ്ടു സഹപ്രവർത്തകർ അന്നവിടെയുണ്ടായിരുന്നു: ഗോവിന്ദൻ നായരും കൃഷ്ണൻനായരും, രണ്ടുപേർക്കും സാഹിത്യത്തിൽ വലിയ കമ്പം. കൃഷ്ണൻനായർ ഏകസന്ധഗ്രാഹിയായിരുന്നു. ഒരു പദ്യം ഒരുതവണ കേട്ടാൽ ഉടനെ ഹൃദിസ്ഥമാക്കും. വള്ളത്തോളും ഉള്ളൂരുമൊക്കെ നാത്തുമ്പിലാണ്. ഗോവിന്ദൻനായർ മികച്ച ആസ്വാദകൻ. കാണാതെ പഠിക്കാൻ വൈഭവമുണ്ടായിരുന്നില്ലാ; എന്നെപ്പോലെ ഞങ്ങൾ മൂന്നുപേരും ചേർന്നു നിരന്തരമായ സാഹിത്യസല്ലാപം നടത്തി. മഹാകവിത്രയം, അന്നു ഞങ്ങളുടെ വിദ്യാലയത്തിലെ നിത്യസന്ദശകരായിരുന്നു.
കൃഷ്ണൻനായർ ഇന്ന് ഒരോർമ്മ മാത്രമാണ്. ”ഇഷ്ടന്മാർ വെടിയുന്നു ഹാ! ഇവിടമാണധ്യാത്മവിദ്യാലയം” എന്നു് അവസാനശ്വാസത്തിൽപ്പോലും അദ്ദേഹം ഉരുവിട്ടിരിക്കണം. കവിതയോടത്രയ്ക്കു കമ്പമായിരുന്നു.. അവിടെ ചെലവഴിച്ച ദിവസങ്ങൾ, മാസങ്ങൾ, സാക്ഷരതാപ്രചാരണത്തിൽ വലിയ മുതൽക്കൂട്ടുണ്ടാക്കിയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഏറെ നേട്ടങ്ങൾക്കു കളമൊരുക്കിത്തന്നു.
പകൽ അധ്യാപനത്തിന്റെ പേരിൽ സാഹിത്യസല്ലാപം. രാത്രി, അടുത്ത പ്രദേശത്തെവിടെയെങ്കിലും കഥകളിയോ നാടകമോ ഉണ്ടെങ്കിൽ ചെന്നു കാണൽ. ജീവിതം ഒരു ലളിതസംഗീതം പോലെ എന്നു വേണമെങ്കിൽ പറയാം.
അക്കാലത്താരു, ദിവസം കേട്ടൂ വടകരയിൽ പി. എസ്. വി. നാട്യസംഘത്തിന്റെ നാടകമുണ്ടെന്നു്. വൈദ്യരത്നം പി. എസ്. വാരിയർ, പ്രഗല്ഭനായ ഒരു ഭിഷഗ്വരനാണെന്നു കേട്ടിട്ടുണ്ടു്; സമൂഹനന്മയ്ക്കു വേണ്ടി നല്ല കാര്യങ്ങൾ പലതും ചെയ്തുകൊണ്ടിരിക്കുന്ന വലിയൊരു മനുഷ്യസ്നേഹിയാണെന്നും. അദ്ദേഹം ഒരു നാടകസമിതിക്കു രൂപം നല്കിയെന്നും, സ്വന്തമായി നാടക രചന നടത്തിയിട്ടുണ്ടെന്നും പരമശിവവിലാസം നാടകക്കമ്പനി, മലയാള നാടകവേദിക്കു പുതിയ രൂപവും ഭാവവും പ്രദാനം ചെയ്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞറിഞ്ഞപ്പോൾ എന്തു ക്ലേശം സഹിച്ചും ഒരു നാടകം കാണണമെന്നു തീരുമാനിച്ചു.
ഇതിലെന്തു ക്ലേശമെന്നു ശങ്കിക്കുന്നവരുണ്ടാവും പറയാം. എന്റെ ഗ്രാമത്തിൽനിന്നു വടകരയ്ക്കുള്ള ദൂരം ഒൻപതു നാഴിക. ബസ്സില്ല. തീവണ്ടി മാത്രം ശരണം—രാത്രി എട്ടര മണിക്കു ശേഷം ഓടുന്ന തീവണ്ടികളൊന്നും അന്നുണ്ടായിരുന്നില്ല. ഒൻപതരയ്ക്കു തുടങ്ങി മൂന്നു മണിക്കൂർ നീണ്ടുനില്ക്കുന്ന നാടകം കണ്ടു തിരിച്ചുപോരേണമെങ്കിൽ നടക്കണം. നടന്നേ പറ്റൂ. അവിടെയും കുഴപ്പമുണ്ടു്. തിക്കോടിക്കും വടകരയ്ക്കുമിടയിൽ കിടക്കുന്ന ’മൂവരാട്ട്’ കടവിന്നു് അന്നു പാലമില്ല. കടത്തു തോണി മാത്രമാണു് ആശ്രയം. പത്തുമണിക്കുശേഷം കടത്തുതോണി കിട്ടുമോ എന്നും നിശ്ചയമില്ല. ക്ലേശത്തിനിത്രയും കാരണങ്ങൾ മതിയല്ലോ. പക്ഷേ, ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വടകരയ്ക്കു പോകുന്നതു തീവണ്ടിയിലാവാം. വണ്ടിക്കൂലി അന്നത്തെ കണക്കിനു 2 ണ 3 പൈ. അതു കൈക്കലാക്കണമെങ്കിൽ, പതിനൊന്നു നാളികേരം വേണം. ആയിരം നാളികേരത്തിനു പതിനഞ്ചു രൂപ മാത്രം വില കിട്ടുന്ന കാലം. അതെന്തെങ്കിലുമാവട്ടെ; പതിനൊന്നു നാളികേരമെവിടെ കിട്ടും? വല്യമ്മാവന്റെ കണ്ണുവെട്ടിക്കണം. കക്കണം. ഈ പ്രതിബന്ധങ്ങളത്രയും മുമ്പിലുണ്ട്. എനിക്കും പരമശിവവിലാസം നാടകക്കമ്പനിക്കുമിടയിൽ. പാലമില്ലാത്ത ഒരു പുഴ, പതിനൊന്നു നാളികേരം, പോരാ, തറടിക്കറ്റിന്റെ വിലയായ ഒരു രൂപയ്ക്കു വീണ്ടും അറുപത്തിനാലു നാളികേരം. നാളികേരത്തിനും എനിക്കുമിടയിൽ സിംഹം പോലുള്ള വല്യമ്മാവൻ, പിന്നെ പാതിരാപ്പുറത്തുള്ള നടത്തം. ഇതെല്ലാം തരണം ചെയ്യാൻ പണ്ടു തച്ചോളിക്കുറുപ്പ് പൊന്നാപുരം കോട്ട പിടിക്കാൻ പുറപ്പെട്ട പോലെ ധീരതയോടെ ഞാനും പുറപ്പെട്ടു.
കൈപിടിച്ചു നടത്തിക്കുന്ന കാലം കഴിഞ്ഞു പോയതുകൊണ്ട് ഗോവിന്ദേട്ടന്റെ സഹായമുണ്ടായില്ല. പകരം ചില കൂട്ടുകാരുണ്ടായിരുന്നു. തീവണ്ടിയിലായിരുന്നു യാത്ര. വടകര എത്തിയപ്പോൾ നാടകം തുടങ്ങാൻ ഏറെ സമയം ബാക്കി കിടക്കുന്നു. ചൊവ്വാഴ്ച ചന്തയ്ക്കു വരുന്നവർ വടകരയുടെ വിശേഷം പറഞ്ഞു കേൾക്കാറുണ്ട്. ഒന്നു ചുറ്റിക്കറങ്ങി വരാമെന്നുവെച്ചു. അവിടവിടെ മുനിഞ്ഞു കത്തുന്ന പഞ്ചായത്തു വിളക്കുകൾ ഇരുട്ടിനോടു പടവെട്ടി തളരുകയായിരുന്നു. തപ്പിയും തടഞ്ഞും ചെമ്മണ്ണു നിരത്തിന്റെ നീളമളന്നു. അഞ്ചു വിളക്കും അടയ്ക്കാത്തെരുവും പരോന്തലയും കാണണം. പക്ഷേ, അഞ്ചു വിളക്കിനടുത്തുവച്ച് ആഗ്രഹമുപേക്ഷിച്ചു. അഞ്ചുവിളക്കും പഞ്ചായത്തുവിളക്കാണ്. അതിന്റെ പ്രഭയിൽ വിളക്കു തന്നെ കാണാനില്ല. മതി. അടയ്ക്കാത്തെരുവും പരോന്തലയും കാണണ്ട. മടങ്ങി കൊട്ടകയുടെ അടുത്തെത്തി. റെയിൽവെ സ്റ്റേഷനടുത്താണ് കൊട്ടക. ഒറ്റയും തെറ്റയുമായി ജനം വരാൻ തുടങ്ങിയിരിക്കുന്നു. മാടോള്ളയിൽ കണ്ണന്റെ പ്രസിദ്ധപ്പെട്ട ചായക്കട അടുത്തു തന്നെയുണ്ട്. അവിടെ കയറി ചായകുടിച്ചു തിരിച്ചുവരുമ്പോഴേക്കു് ടക്കറ്റിനുവേണ്ടിയുള്ള യുദ്ധം ആരംഭിച്ചിരിക്കുന്നു. അന്നു ‘ക്യൂ’ സമ്പ്രദായം നിലവിലില്ലാത്തതുകൊണ്ടു് തിരക്കുള്ളേടത്തൊക്കെ യുദ്ധം തന്നെയാണു്. ഏറെ മൽപ്പിടുത്തത്തിനുശേഷം ടിക്കറ്റ് വാങ്ങി അകത്തു കടന്നു. വലിയ കൊട്ടകയാണ്. രംഗവേദി അങ്ങകലെ. തറയിൽ, പൂഴികൊണ്ടു കൂമ്പാരമുണ്ടാക്കി ഞങ്ങളിരുന്നു. കഥ സമ്പൂർണ്ണ രാമായണമായിരുന്നു. കർട്ടൻ ആദ്യമായി തുറന്നപ്പോൾ വിസ്മയം. രംഗങ്ങളോരോന്നും കഴിയുമ്പോൾ വിസ്മയം കൂടിക്കൂടിവന്നു. ഇലക്ട്രിക് സീനാണന്നു പറഞ്ഞു. ഇലക്ട്രിസിറ്റി എന്ന വസ്തു എന്താന്നു പോലും അറിഞ്ഞു കൂടാത്ത ഗ്രാമീണരായ ഞങ്ങൾ വിസ്മയം കൊണ്ടു ക്ഷീണിച്ചുപോയെന്നു പറഞ്ഞാൽ മാത്രം എല്ലാമാവുമോ? സംശയമാണ്. ശേഖരപ്പണിക്കരുടെ ഹനുമാൻ! അതാ സമുദ്രം! സമുദ്രമെന്നു പറഞ്ഞാൽ അലയടിച്ചിളകിമറിയുന്ന സമുദ്രം. ഹനുമാൻ ധ്യാനനിരതൻ. ലങ്കയിലേക്കു ചാടാനുള്ള ഒരുക്കം. അമർന്നു പൊങ്ങിയ ശേഖരപ്പണിക്കർ ആകാശത്തിലൂടെ ലങ്കയെ ലക്ഷ്യം വെച്ച് കുതിക്കുന്നു. ഈശ്വരാ, ഇതു് നാടകമാണോ? ഇതു് ശേഖരപ്പണിക്കരോ അതോ സാക്ഷാൽ ഹനുമാനോ? ആരും സംശയിച്ചു പോകും. ഏതാനും അടി നീളവും വീതിയും മാത്രമുള്ള സ്റ്റേജിൽ എങ്ങനെ ഈ മഹാസമുദ്രം സൃഷ്ടിച്ചു? ശേഖരപ്പണിക്കരെപ്പോലൊരു വെറും മനുഷ്യനു് എങ്ങനെ ആകാശസഞ്ചാരത്തിനു കഴിയുന്നു? കേവലം ഗ്രാമീണരായ ഞങ്ങളുടെ അനുമാനത്തിനും അപ്പുറമായിരുന്നു അവിടെ പ്രദർശിപ്പിച്ച അദ്ഭുതങ്ങളോരോന്നും. അച്യുതൻ നായരുടെ രാവണൻ! കാഴ്ചയിൽ പരമഗംഭീരൻ. അഭിനയത്തിലും അതുല്യൻ. പക്ഷേ, ശബ്ദം. അതിനു വേണ്ടത്ര ഗാംഭീര്യമില്ല. അദ്ദേഹം സംഭാഷണത്തിന്നു മുതിരുമ്പോൾ ആസ്വാദകരുടെ ഇടയിൽ നേരിയ പിറുപിറുപ്പുണ്ടാവുന്നു. എങ്കിലും അതൊന്നും നാടകത്തിന്റെ അതിശയകരമായ മേന്മയെ ബാധിക്കുന്നില്ല. ശബ്ദത്തിന്റെ ന്യൂനത ആകാരത്തിന്റെ മഹിമ ലഘൂകരിക്കുന്നു. സമയം പോയതറിഞ്ഞില്ല. മൂന്നു മണിക്കൂർ മൂന്നു നിമിഷമായി ചുരുങ്ങി. ലങ്കാദഹനം. ബന്ധനസ്ഥനായി രാവണന്റെ മുമ്പിൽ ഹനുമാൻ. രാവണൻ സിംഹാസനത്തിലിരുന്നു തന്റെ മുമ്പിൽ നിന്ന കുരങ്ങനെ പുച്ഛത്തോടെ നോക്കുന്നു. ഹനുമാൻ അക്ഷോഭ്യൻ. ഓ! തന്റെ കനകസിംഹാസനം എനിക്കെന്തെന്നമട്ടിൽ ഹനുമാൻ രാവണനേയും നോക്കുന്നു. ഉടനെ രംഗവേദി ഇന്ദ്രജാലവേദിയാകുന്നു. ചുറ്റിച്ചറ്റി പൊക്കുന്ന ഹനുമാന്റെ വാൽ ഒരു ഭദ്രാസനമാവുന്നു. അതു സിംഹാസനത്തെ അധഃകരിച്ചു് ഉയരുന്നു. ഹനുമാൻ അതിലിരുന്നുകൊണ്ട്. രാവണനുമായി സംഭാഷണം നടത്തുന്നു. ആസ്വാദകരുടെ ഹസ്തതാഡനം ഇരമ്പിയുയരുന്നു.
നാടകം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ മുമ്പിൽ നീണ്ടു പരന്നു കിടക്കുന്ന നിരത്തു്. അതിന്റെ ഏതോ ഒരറ്റം എന്റെ ഗ്രാമപ്രദേശത്തു് അരുകുചേർന്നു പോകുന്നു എന്നോർത്തപ്പോൾ അല്പമൊരാശ്വാസം. ഇരുട്ടാണു്. എങ്ങും ഒരു തീപ്പൊരിയുടെ പ്രകാശം പോലുമില്ല. നാടകം കണ്ട ആവേശം കൊണ്ടായിരിക്കണം, ഇരുട്ടും നീണ്ടുകിടക്കുന്ന വഴിയും പ്രശ്നമുണ്ടാക്കിയില്ല. ഇരുട്ടിൽ തപ്പിത്തടഞ്ഞു നടക്കുന്നതു് വടകരയിലാണെങ്കിലും മനസ്സ് ത്രേതായുഗത്തിലായിരുന്നു. ത്രേതായുഗത്തിലെ മനുഷ്യരും കുരങ്ങുകളും കാണിക്കുന്ന അദ്ഭുതകൃത്യങ്ങൾ വേണ്ടിവന്നാൽ എടുത്തു പ്രയോഗിക്കാൻ കഴിയുമെന്നാരു തോന്നൽ ഉള്ളിലെവിടെയോ. ആ നാടകം അത്ര വലിയ സ്വാധീനം ചെലുത്തിയിരുന്നു.
നടന്നുനടന്നു് മൂരാട്ടു് കടവിലെത്തി. ചത്ത പോലെ കിടക്കുന്ന പുഴ. അടരടരായി പുഴയിലേക്കു ഇറങ്ങിവരുന്ന ഇരുട്ടു്. “കടത്തുവള്ളം യാത്രയായി… യാത്രയായി”. ഇന്നാണെങ്കിൽ ആ ഇരുട്ടിൽ നിന്നുകൊണ്ടു് ഉറക്കെ പാടാമായിരുന്നു. ‘യാത്രയായി’ എന്നു രണ്ടുവട്ടമല്ല, പലവട്ടം. കടവത്തുവള്ളം കിട്ടാനുള്ള ഉപായം ഉറക്കെയുറക്കെ കൂവലാണു്. ഞങ്ങൾ കൂവി; കണ്ഠം പൊട്ടുമാറു പലവട്ടം. അക്കരെ പ്രതിധ്വനിമാത്രം.
“എന്തു വഴി?”
ഇരുട്ടിലാരോ ചോദിച്ചു.
”ശേഖരപ്പണിക്കരെ പ്രാർത്ഥിക്കാം.”
ആരോ മറുപടി പറയുകയും ചെയ്തു.
അപ്പോൾ ഒരു കാര്യം വ്യക്തമായി.
‘സമ്പൂർണ്ണരാമായണം’ കണ്ടു് ജനം ഹനുമാൻ സ്ഥാനത്തു ശേഖരപ്പണിക്കരെ കുടിവെച്ചിരിക്കുന്നു. തെക്കൻ സമുദ്രത്തിന്റെ തീരത്തു ഗതികെട്ടു നിന്ന കുരങ്ങന്മാരെപ്പോലെ ഞങ്ങൾ മൂവരാട്ടുകടവത്തു് നില്ക്കുകയാണു്. അക്കരെ ചെന്നുചേരാനുള്ള വഴിയാലോചിക്കുകയാണു്.
അപ്പോൾ വിദഗ്ദ്ധോപദേശം വരുന്നു:
”നമുക്കു റെയിൽപ്പാലം കടക്കാം.”
“കടക്കാം.”
“കടക്കാം.”
എല്ലാവരും ഒരുക്കം. ആരും വിരോധം പറഞ്ഞില്ല. മടിച്ചുനിന്നതുമില്ല. അങ്ങനെ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു ഞങ്ങൾ റയിലിലെത്തി. അവിടെയെത്തി, നോക്കിയപ്പോഴാണു പാലത്തിനു നീളം കൂടുതലുണ്ടെന്നു തോന്നിയതു്. മറ്റുള്ളവർക്കതു തോന്നിയോ എന്നറിഞ്ഞു കൂടാ. ഞാനും ഞാനും ഭീരുവല്ലെന്നു തെളിയിക്കാനുള്ള ഊഴമായിരുന്നു പിന്നെ. അതുകൊണ്ടുതന്നെ ആരും ഒന്നും മിണ്ടിയില്ല. പാലത്തിലേക്കു കയറിയതുമില്ല. നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം ഒരറിയിപ്പ്:
“എന്നാൽ നടക്കാം”
സൂക്ഷിച്ചു സൂക്ഷിച്ചാണു നടപ്പ്. എല്ലാവരും പാലത്തിൽ കയറി. ഒരു സ്ലീപ്പർ കഴിഞ്ഞു് മറ്റൊന്നിലേക്കുള്ള ദൂരം തിട്ടപ്പെടുത്താനുള്ള ശ്രമമായി. കാൽ നിരക്കിവെച്ച് ആദ്യത്തെ ടെസ്റ്റ് കഴിഞ്ഞു. പിന്നെ പുറപ്പാടാണ്. ഇടം വലം നോക്കാനോ പിൻതിരിയാനോ ആർക്കും ധൈര്യമില്ല. പതുക്കെപ്പതുക്കെ, കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഓർക്കാപ്പുറത്താരു വിപത്തു്, മഞ്ഞു വീണു നനഞ്ഞ സ്ലീപ്പറും പുഴവെള്ളവും തിരിച്ചറിയാൻ കഴിയുന്നില്ല. സ്ലീപ്പറുകൾ തമ്മിലുള്ള വിടവു തന്മൂലം കണ്ടുപിടിക്കാനും കഴിയുന്നില്ല. വിടവു കണ്ടുപിടിക്കാൻ കഴിയാതെ മുമ്പോട്ടു പോയാൽ, പോക്കിലൊരു ചുവടു പിഴച്ചാൽ കോട്ടപ്പുഴയ്ക്കാഹാരമാകും. എല്ലാവരും അതോർത്തോ എന്നറിഞ്ഞുകൂടാ. ഞാനോർത്തു. ഓർത്തപ്പോൾ എന്റെ മുട്ടു വിറച്ചു. സായ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്നവനെപ്പോലെ ഞാനന്ധാളിച്ചുനിന്നു. തിരിച്ചു നടന്നാലോ? അപ്പോഴും കുറേ സ്ലീപ്പറുകൾ പിന്നിടണം. മുമ്പോട്ടും പിമ്പോട്ടുമുള്ള ഗതി മുടങ്ങിയിരിക്കുന്നു. ഇനിയുള്ളതു് അധോഗതിമാത്രം. ഇതാണു പ്രാർത്ഥനയുടെ സമയം. മരണഭീതി കീഴടക്കിയ മനസ്സുണ്ടോ പ്രാർത്ഥിക്കാൻ കൂട്ടാക്കുന്നു? ചുരുക്കത്തിൽ എങ്ങനെയോ തപ്പിയും തടഞ്ഞും പാലം കടന്നു രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. ഹനുമാനാണോ ശേഖരപ്പണിക്കരാണോ ഇനി, സാക്ഷാൽ പടച്ച തമ്പുരാൻ തന്നെയാണോ അന്നു ഞങ്ങളെ രക്ഷിച്ചതെന്നു തീർത്തുപറയാൻ വയ്യ.
പരമശിവവിലാസം നാടകക്കമ്പനി മലയാളനാടകവേദിക്കു നല്കിയ മികവുറ്റ സംഭാവനയുടെ മഹത്ത്വം കണക്കിലെടുക്കുമ്പോൾ. ഞങ്ങളുടെ ക്ലേശം ഒരിക്കലും അസഹനീയമായി തോന്നിയിരുന്നില്ല. ഭാരിച്ച മറ്റനേകം ജോലികളുണ്ടായിട്ടും, തിരക്കിനിടയിൽ സമയം കണ്ടെത്തി, നാടകരചനയിൽ മുഴുകാനും ഒരു നാടകസമിതിക്കു രൂപം നല്കി മികച്ച നാടകങ്ങൾ പ്രദർശിപ്പിക്കാനും സന്മനസ്സുകാണിച്ച ആ മഹാപുരുഷന്റെ സ്മരണയ്ക്കു മുമ്പിൽ മലയാള നാടകവേദി എന്നും തലകുനിക്കേണ്ടതാണു്. നാടകവേദിയുടെ ചരിത്രമെഴുതുന്നവരോടു പറയട്ടെ, ഇതാ ഇവിടെ, ഇവിടെയൊരു സുവർണ്ണദശ. മറവിയിൽ മായാൻ തുടങ്ങുന്നു. അറിയുക, ആദരിക്കുക, ശാശ്വത പ്രതിഷ്ഠ നല്കുക.