കുട്ടികളെ പഠിപ്പിക്കലും എങ്ങാനും നാടകമുണ്ടെങ്കിൽ മുടങ്ങാതെ ചെന്നു കാണലും കൂട്ടുകാരൊത്തു കവിത വായിക്കലും സ്ഥിരം തൊഴിലാക്കിയ ഞാൻ ഇപ്പോൾ ഒരു യുവകവിയാണു്. ‘ഇതാരു പറഞ്ഞു’ എന്നാണു ചോദ്യമെങ്കിൽ, ആളെ തേടി വിഷമിക്കേണ്ടതില്ല; ഞാൻ തന്നെയാണു പറഞ്ഞതു്. എനിക്കങ്ങനെ പറയാതിരിക്കാൻ വയ്യാത്തതുകൊണ്ടു പറഞ്ഞതാണു്. പിന്നെ, ചുമ്മാ അങ്ങു പറഞ്ഞതല്ല, നല്ല പിൻബലത്തോടെ തന്നെ. അന്നു ഞാൻ ഒട്ടേറെ കവിതകളെഴുതുകയുണ്ടായി. മാത്രമല്ല, ഈ യുവകവിക്ക് അന്നു സ്വന്തമായൊരു പേരുപോലും ഉണ്ടായിരുന്നു: പി. കുഞ്ഞനന്തൻനായർ തിക്കോടി. പേരിന്റെ അവസാനം വ്യക്തമായും ദേശപ്പേരെഴുതിച്ചേർത്തില്ലെങ്കിൽ കവിതയുടെ ഉടമ ഞാനാണന്നു നാലാളെങ്ങനെ അറിയും? എന്റെ ദേശത്തും സമീപപ്രദേശത്തുമെല്ലാം അന്ന് കുഞ്ഞനന്തൻനായരെന്ന പേരുകാർ പലരുണ്ടായിരുന്നു ഞാൻ ക്ലേശിച്ചു കവിതയെഴുതുക, എന്നിട്ടതിന്റെ ഉടമാവകാശം മറ്റൊരെങ്കിലും തട്ടിയെടുക്കുക.
പാതിരാവിലും കപ്പ മോഷണം.
എന്നു് എന്നെപ്പോലൊരു കവി എവിടെയോ പണ്ടു സഹിക്കാൻ വയ്യാത്തതുകൊണ്ടു് എഴുതിപ്പോയിട്ടുണ്ടു്. പാതിരാവിലും കപ്പമോഷണം നടത്തുന്ന ലോകമാണിതു്.
കവിതയെഴുത്തിന്റെ ക്ലേശത്തെക്കുറിച്ചു പറഞ്ഞല്ലോ. അതൊരു വല്ലാത്ത ക്ലേശം തന്നെയാണ്. നല്ലൊരാശയം, പദങ്ങൾക്കർത്ഥം, അലങ്കാരഭംഗി ഇതൊക്കെ വേണം കവിതയ്ക്കെന്നു ശഠിക്കുന്നവർ ശരിക്കും ആ ക്ലേശം മനസ്സിലാക്കിയവരാണു്. കവിതയിൽ ചെന്നുകേറാനും അവിടെ ചടഞ്ഞുകൂടാനും മോഹിക്കുന്നവർക്ക് അന്നു കുറുക്കുവഴികളില്ല. പരമമായ ക്ലേശം സഹിച്ചേപറ്റൂ. പള്ളിക്കര ഗ്രാമീണ വായനശാലയുടെ ഓർമ്മയ്ക്കുമുമ്പിൽ തലകുനിച്ചുകൊണ്ടു പറയട്ടെ. മാക് മില്ലൻ സായ്പിന്റേതല്ലാത്ത പുസ്തകങ്ങൾ വേറെ ചിലതു് ഈ ലോകത്തുണ്ടെന്നു കാട്ടിത്തന്നത് ആ വായനശാലയാണ്. അവിടെനിന്നു വീട്ടിലെത്തുന്ന പുസ്തകങ്ങൾ, മലർത്തിവെച്ച് പ്രയാസപ്പെട്ട് അക്ഷരങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണു കൊച്ചുന്നാളിൽ വായന തുടങ്ങിയതു്. അർത്ഥമറിയില്ല, പൊരുളറിയില്ല. എന്നാലും വായനതന്നെ. പിന്നെപ്പിന്നെ പ്രായം കൂടിക്കൂടിവന്നപ്പോൾ വായനയിൽ രസം പിടിച്ചു. അക്കാലത്തു്. സമാരാധ്യനായ രാമൻനായരു മാഷ് സഹായത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശവും നിയന്ത്രണവും ജന്മവാസനയ്ക്കു വളവും വെള്ളവുമായിത്തീർന്നു. അദ്ദേഹം കൈ പിടിച്ചു നടത്തിച്ചു. മഹാകാവ്യങ്ങളുടെ ശില്പഭംഗി പരിചയപ്പെടുത്തി. വ്യാഖ്യാനത്തിന്റെ കോൽപ്പന്തവും തെളിയിച്ച് ഇരുണ്ട ഇടനാഴികളിലെ ഭിത്തിയിലമർന്ന ദേവാസുരരൂപങ്ങളെ കാട്ടിത്തന്നു; കറുത്തിരുണ്ട പാറക്കെട്ടുകളുടച്ചു് തെളിനീരുറവകൾ ഒഴുക്കിത്തന്നു.
ഇതെല്ലാമായിട്ടും കവിതയെഴുതാനുള്ള ധൈര്യം കൈവന്നില്ല. സംസ്കൃത വൃത്തത്തിലും ദ്രാവിഡ വൃത്തത്തിലുമായി മഹാകവികളുടെ കൃതികൾ പലതും ഹൃദിസ്ഥമാക്കിയിട്ടുണ്ടു്. അതൊക്കെ ആവർത്തിച്ചാവർത്തിച്ചു ചൊല്ലി രസിക്കുമ്പോൾ ഒരു കപടസൂത്രം പിടികിട്ടി. ഏതെങ്കിലും ഒരു ശ്ലോകം വൃത്തിയായി എഴുതുക. അതിൽ അവിടവിടെയായി ഏതാനും പദങ്ങൾ വെട്ടുക. വെട്ടിയ പദങ്ങൾക്കു പകരം എന്റേതായ പദങ്ങൾ ചേർക്കുക. അങ്ങനെ ചേർത്തിവെച്ചു വായിക്കുക. വായിച്ചു. രണ്ടുനാലു തവണ വായിച്ചു. ഒരു കുഴപ്പവുമില്ല. വൃത്തഭംഗം അശേഷമില്ല. മൂലശ്ലോകത്തിന്റെ ആശയം? അയ്യോ, അതു് പൊട്ടിത്തകർന്നുപോയിരിക്കുന്നു. എന്റെ പദങ്ങൾക്കർത്ഥമുണ്ടെങ്കിലും മൂലശ്ലോകത്തിലെ മറ്റു പദങ്ങളുമായി അതു പൊരുത്തപ്പെടുന്നില്ല. പോരടിച്ചുനിൽക്കുന്നു. സംഗതി അങ്ങനെയൊക്കെയാണെങ്കിലും അവനും ഒരു ശ്ലോകമാണല്ലോ. ഈ കപടസൂത്രം പലനാൾ പ്രയോഗിച്ചുകഴിഞ്ഞപ്പോൾ സ്വന്തം പദങ്ങൾ മാത്രമുപയോഗിച്ച് ഒരുവനെ സൃഷ്ടിക്കാൻ ശ്രമിച്ചു. ശ്രമം ഫലിച്ചു. അതിലൊരാശയമുണ്ടായിരുന്നു. പദങ്ങൾ പരസ്പരം ഇണങ്ങിച്ചേരുന്നവിധം അർത്ഥമുള്ളവയായിരുന്നു; ജയിച്ചു.
ജയം സ്വന്തം നോട്ടുപുസ്തകത്തിൽ ഒതുങ്ങിക്കൂടി. വെളിച്ചം കാണാൻ വഴിയില്ല. പിന്നെ ഞാനൊരു കവിതക്കാരനാണെന്നു് ഉറ്റ സുഹൃത്തുക്കളോടുപോലും പറയാൻ നാണം. സംസ്കൃതവൃത്തത്തിൽ കുറേ എഴുതിക്കഴിഞ്ഞപ്പോൾ ദ്രാവിഡവൃത്തത്തിലേക്കു കടന്നു. ‘പാടിനീട്ടാമിച്ഛപോലെ’യെന്നാണല്ലോ അവിടത്തെ നിയമം. അതുകൊണ്ടു് വായനക്കാരൻ നീട്ടിയും കുറുക്കിയും ചൊല്ലട്ടേയെന്നു തീരുമാനിച്ചുകൊണ്ടു് എഴുതി. ധാരാളമെഴുതി. ഇനിയോ? ഇതൊക്ക ആർക്കു കൊടുക്കും? ആരിതു സ്വീകരിക്കും?
ആലോചിച്ചാലോചിച്ചു വിഷമിക്കുമ്പോൾ ഒരു വഴി കണ്ടെത്തി. മാതൃഭൂമി പത്രാധിപസമിതിയിലംഗമായിരുന്ന ശ്രീ ടി. പി. സി. കിടാവിനെ അറിയും. അദ്ദേഹം എന്നും രാവിലെ തിക്കോടിയിൽനിന്നു കോഴിക്കോട്ടേക്കു പോകും. വൈകീട്ടു തിരിച്ചുവരികയും ചെയ്യും. സീസൺ ടിക്കറ്റിൽ യാത്രചെയ്യുന്നതുകൊണ്ടു് റെയിൽവെ സ്റ്റേഷനിൽ വെച്ചു പലപ്പോഴും കണ്ടിട്ടുണ്ടു്. അല്ലാതെയും അറിയാം. ഒരേ ദേശക്കാരാണല്ലോ. അദ്ദേഹത്തെ ഉപയോഗപ്പെടുത്താമെന്നു തീരുമാനിച്ചു. പക്ഷേ, എന്തു പറയും? കവിത എഴുതിയിട്ടുണ്ടെന്നു പറയാൻ വലിയ
സങ്കോചം. മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്താനാണെന്നു പറഞ്ഞു് കൊടുത്താലോ? അദ്ദേഹമതു വായിച്ചുനോക്കി “ഓ, ഇതു കൊള്ളി”ല്ലെന്നു പാഞ്ഞു് തിരിച്ചു തന്നാൽ നിന്നനില്പിൽ അവിടെ മരിച്ചുവീഴില്ലേ? മതി. ഒന്നും വേണ്ട. ഒരു സുഖത്തിനല്ലേ കവിതയെഴുതുന്നതു്. ആ സുഖം അനുഭവിച്ചു തൃപ്തിപ്പെട്ടുകൊള്ളാം. മനസ്സുണ്ടോ സമ്മതിക്കുന്നു. ഏതു വഴിക്കെങ്കിലും ഒരു കവിത അച്ചടിച്ചുവരണം. വന്നേ കഴിയൂവെന്നു മനസ്സ് ശാഠ്യം പിടിക്കുന്നു. മനസ്സിന്റെ പ്രേരണയ്ക്കു വഴങ്ങി ഒടുവിൽ ഒരു ദിവസം, നല്ല വെള്ളക്കടലാസിൽ, കഴിയുന്നതും വൃത്തിയായി ഒരു കവിത പകർത്തിയെഴുതി. കവറിൽവെച്ച് ഒട്ടിച്ചു. പുറത്തു വിലാസമെഴുതി: ‘പത്രാധിപർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്’. കാലത്തെ റെയിൽവേ സ്റ്റേഷനിലെത്തി ശങ്കിച്ചുശങ്കിച്ചു് മി. കിടാവിനെ സമീപിച്ചു. കവർ വെച്ചുനീട്ടി. അദ്ദേഹമതു വാങ്ങി ഒന്നും പറയാതെ ജുബ്ബയുടെ പോക്കറ്റിൽ തള്ളി. നെഞ്ചിടിപ്പുണ്ടായിരുന്നു; നെറ്റിയിൽ വിയർപ്പു് പൊടിയുന്നുണ്ടായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും ചിരിച്ചപോലെ തോന്നി. അതെ ചിരിച്ചതുതന്നെ. എന്നോടു തന്നെയാവണം. അപ്പോൾ അവിടെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. ആശ്വാസം.
പിന്നെ കാത്തിരിപ്പാണ്. ആഴ്ചപ്പതിപ്പു് വന്നു. വാങ്ങി. ആരുടെ ശ്രദ്ധയിലും പെടാതെ ധൃതിയിൽ പേജുകൾ മറിച്ചുനോക്കി. ‘പി. കുഞ്ഞനന്തൻനായർ തിക്കോടി’ ഉണ്ടോ? ഇല്ല. കുഞ്ഞനന്തൻനായർ മാത്രമല്ല, തിക്കോടിക്കാരാരും ഇല്ല. അരിശമാണോ? ആശാഭംഗമാണോ? അതോ ദുഃഖമാ? ഇതു മൂന്നും ഒരുമിച്ചാണെന്നു പറഞ്ഞാലും അധികമാവില്ല.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും പൊഴിഞ്ഞുവീഴുമ്പോൾ അതാ വരുന്നു അവൻ. അതെ; അവൻ തന്നെ. തലക്കെട്ട് നോക്കി. അതിനു ചുവടെ പേരു നോക്കി. കറക്ട്, വള്ളിപുള്ളി വ്യത്യാസമില്ല. രണ്ടിനും കീഴെ അവൻ കിടക്കുന്നു. കുഞ്ഞനന്തൻനായരുടെ ആദ്യത്തെ കവിത: ‘വീണ്ടും കരയട്ടെ.’ ശകുനപ്പിഴ. തലക്കെട്ടതു വേണ്ടായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? അച്ചടിച്ചുവന്നില്ലേ?
രാമൻ നായര് മാഷെ കാണാതെ നടന്നു. അദ്ദേഹം എന്തു പറയുമോ ആവോ! എന്തും പറയട്ടെ. കവിതയുള്ള ആഴ്ചപ്പതിപ്പും കക്ഷത്തു വെച്ചു് അന്നും പിറ്റേന്നും വണ്ടിവരുന്ന നേരത്താക്കെ റയിൽവെ സ്റ്റേഷനിൽ ചെന്നു. പ്ലാറ്റ്ഫോറത്തിലൂടെ തലങ്ങും വിലങ്ങും നടന്നു. പരിചയക്കാരെ കാണുമ്പോൾ, ആഴ്ചപ്പതിപ്പെടുത്തു വീശി. ചൂടു സഹിക്കാത്തപോലെ. ഇവർക്കൊക്കെ എന്തുപറ്റിയോ, ആവോ? ഒരുത്തനെങ്കിലും ചോദിക്കണ്ടേ കക്ഷത്തെന്താണെന്നു്. ഇല്ലെങ്കിൽ ഒന്നു കാണട്ടെടോ എന്നു പറഞ്ഞു് വാങ്ങി നോക്കിക്കൂടേ? ഒരു കവിത എഴുതിപ്പോയ അപരാധത്തിനു പരിചയക്കാരെ മുഴുവനും തേടിപ്പിടിച്ചു ഇതു കാണിച്ചുകൊടുക്കാനും ഭേദ്യംചെയ്തു വായിപ്പിക്കാനും കഴിയുമോ? ഛേ, എന്തൊരു ലോകം?
അധികനാൾ ഒളിച്ചുനടക്കാൻ പറ്റിയില്ല. രാമൻനായരുമാഷെ കാണുന്നു. പതിവില്ലാത്ത മട്ടിൽ അദ്ദേഹം അകമറിഞ്ഞു ചിരിക്കുന്നു. പരിഹസിക്കയാണോ? ആവില്ല. തെറ്റു കണ്ടാൽ ശകാരിക്കയല്ലാതെ പരിഹസിക്കുന്ന പതിവു് അദ്ദേഹത്തിനില്ല. ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു:
“നിന്റെ കൃതി വായിച്ചു.”
ഞാൻ തലകുനിച്ച് കാൽ നഖംകൊണ്ടു പൂഴിയിൽ ചിത്രം വരച്ചു നിന്നു.
”നിനക്കെവിടെ നിന്നീ തലക്കെട്ട് കിട്ടി? ഇടപ്പള്ളിക്കവികളിൽ നിന്നാണോ? അറംപറ്റും, സൂക്ഷിച്ചോ.”
മറുപടിയെന്ന നിലയിൽ ഞാൻ മനസ്സിൽ പറഞ്ഞു:
”മാഷേ, അറംപറ്റിക്കഴിഞ്ഞില്ലേ? കൊച്ചുനാളിൽ അമ്മയച്ഛന്മാർ പിരിഞ്ഞു. താമസിയാതെ വാത്സല്യനിധിയായ മുത്തച്ഛനും പോയി. കണ്ണിൽ നനവില്ലെങ്കിലും എന്റെ മനസ്സുനിറയെ കണ്ണീരാണു മാഷേ.”
തുടർന്നു മാഷ് പലതും ഉപദേശിച്ചു. വിഷാദാത്മകത്വം കൊള്ളില്ലെന്നും ഏതു വേദനയും കരുത്തോടെ സഹിച്ചു ജീവിതം ഒരു പൊട്ടിച്ചിരിപോലെ മനോഹരമാക്കാൻ കഴിയണമെന്നും പറയുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു:
“നീ ഗീത വായിക്കാറില്ലേ?”
മാഷോടു കള്ളംപറയാൻ വയ്യാത്തതുകൊണ്ടു ഞാൻ മിണ്ടിയില്ല. കവിതയോടൊപ്പം പ്രേമവും ഉള്ളിൽ കടന്നുകൂടിയ സമയമാണു്. അപ്പോൾ പിന്നെ ഗീതയെപ്പറ്റിയും മറ്റും ചിന്തിക്കാനെവിടെ നേരം?
ഇന്നു്, ഇപ്പോൾ, ഇവിടെവെച്ച് പ്രേമത്തെപ്പറ്റി പറയാനിട വന്നതും ഞാനാരാശയക്കുഴപ്പത്തിൽ വഴുതിവീണിരിക്കുന്നു. കവിതയാണോ, പ്രേമമാണോ ഏതാണാദ്യം മനസ്സിൽ കടന്നുകൂടിയതു്? കണ്ടുപിടിക്കാൻ കഴിയുന്നില്ല. രണ്ടും ഒരേസമയത്തു ശക്തിമത്തായ നിലയിൽ കടന്നുകൂടിയതായിരിക്കണം. ഇന്നതു രണ്ടും അവിടെയില്ലാത്തതുകൊണ്ടു് ഈ അന്വേഷണം വ്യർത്ഥമാണു്. ഏതായാലും കവിതയ്ക്കു ശക്തമായ പ്രചോദനം നല്ലാൻ പ്രേമത്തിനു കഴിഞ്ഞു എന്നു തീർച്ച. തുടർന്നു് എന്റെ കവിതകൾ പലതും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ടു. ഏതോ സമർത്ഥമായ കൈകൾ വെട്ടിയും തിരുത്തിയും അതിനൊക്കെ അന്നു ചാരുത ചേർത്തിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു കവിത എന്റെ ജാതകം തിരുത്തിത്തരികയുണ്ടായി. അതുകൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ, എന്റെ ഓർമ്മകളിവിടെവെച്ചു മുട്ടിത്തിരിഞ്ഞു് വഴിമാറാൻ പലവട്ടമുഴറി നോക്കി. അങ്ങനെ വഴിമാറാൻ പറ്റാത്തവിധം ഇനി പറയാൻ പോകുന്ന സംഭവം ഒരു കരിങ്കൽ ഭിത്തിയായി ഇവിടെ നില്ക്കുന്നു. മിസ്റ്റർ കിടാവിന്റെ കൈയിൽ ഞാനേല്പിക്കുന്ന കവിതകളിൽ ചിലതു വെളിച്ചം കാണാറില്ല. കൊള്ളാത്ത ഉരുപ്പടിയാവുമെന്നു കരുതി. ഞാൻ സമാധാനിക്കും. അദ്ദേഹമാവട്ടെ തന്റെ യാത്രയിൽ വണ്ടി നില്ക്കുന്ന എല്ലാ സ്റ്റേഷനിൽ നിന്നും പല പല സുഹൃത്തുക്കളുമായി ഇടപെട്ടു് അവരേല്പിക്കുന്ന വാർത്തകളും മറ്റും വാങ്ങി തന്റെ ജുബ്ബയുടെ കീശയിൽ നിക്ഷേപിക്കുന്ന പതിവുണ്ടു്. കൂട്ടത്തിൽ ചിലപ്പോൾ എന്റെ കവിതയുണ്ടാവും. ആപ്പീസിലെത്തിയാൽ എല്ലാംകൂടി വാരി തന്റെ മേശവലിപ്പിലിടും. പിന്നെ, സാവകാശമതു തിരഞ്ഞെടുത്തു് അതതു ചെന്നുചേരേണ്ട സ്ഥലത്തെത്തിക്കും.
‘സഞ്ജയൻ’ മാസിക നടക്കുന്ന കാലമായിരുന്നു അതു്. സഞ്ജയനന്നു് മാതൃഭൂമിയിൽ നിത്യസന്ദർശകനായിരുന്നു. മി. കിടാവിന്റെ കസേരയിലാണിരിക്കുക. ഒരു ദിവസം അവിടെയിരുന്നു മേശവലിപ്പിലെ കടലാസുകൾ ചിലതെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ രണ്ടു കവിതകളദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നു. അതിലൊരെണ്ണം തനിക്കു വേണമെന്നു പറഞ്ഞു് അദ്ദേഹം കൊണ്ടുപോകുന്നു. ഇത്രയും മാതൃഭൂമി ആപ്പീസിൽ. ഇനി സംഭവത്തിന്റെ ചുരുളഴിയുന്നതു് തിക്കോടിയിലാണു്. അന്നു ഞാൻ സഞ്ജയൻമാസിക പതിവായി വാങ്ങിയിരുന്നു. പുതിയ ലക്കം കൈയിൽ വന്നു. വാങ്ങി വീട്ടിലെത്തി കമ്പോടുകമ്പു് വായിക്കാൻ തുടങ്ങി. പതിവുപോലെ വൈകിട്ട് എന്റെ സുഹൃത്തു വന്നു. സഞ്ജയൻ മാസിക രണ്ടാമതു വായിക്കുന്നതു് അദ്ദേഹമാണു്. മാസികയുംകൊണ്ടു് അദ്ദേഹം പോയി. പിറ്റേന്നു മാസിക തിരിച്ചുതരാൻ വേണ്ടി വന്ന അദ്ദേഹം എന്നോടൊരു ചോദ്യം:
”ആരാണീ തിക്കോടിക്കാരൻ?”
എനിക്കു ചോദ്യം മനസ്സിലായില്ല. സുഹൃത്തു തുടർന്നു:
“ഇതു നോക്കെടോ, ഒരു വിദ്വാൻ ഇതിലൊരു കവിതയെഴുതിയിരിക്കുന്നു. താനും ഞാനുമറിയാത്ത ഈ തിക്കോടിക്കാരൻ വങ്കനാരാണു്?”
ഞാൻ കവിത പേർത്തും പേർത്തും വായിച്ചു. ഒടുവിൽ എനിക്കു വെളിച്ചം കിട്ടി! ആ കവിതയിൽ എന്റേതായ നാലേനാലു വരിയുണ്ടു്. ആഗോള യുദ്ധത്തിനു തയ്യാറെടുക്കുന്ന ഹിറ്റ്ലറുടെ പേരിൽ കലശലായ ശുണ്ഠിവന്നു സഹിക്കാഞ്ഞിട്ട് വളരെ ഗൗരവമായി ഞാനൊരു കവിതയെഴുതി. ആ കവിതയാണ് സഞ്ജയനെടുത്തു വെട്ടിത്തിരുത്തി ഹാസ്യകവിതയാക്കി പ്രസിദ്ധീകരിച്ചതു്. കവിത മാറ്റിയതിനു പുറമേ പി. കുഞ്ഞനന്തൻനായർ തിക്കോടിയെ അദ്ദേഹം ‘തിക്കോടിയ’നാക്കുകയും ചെയ്തു. അങ്ങനെ ഞാൻ തിക്കോടിയനായി. എന്റെ മറ്റേ പേർ ഇന്നാർക്കുമറിയില്ല; എനിക്കും.