പാലയ്ക്കൽ മീനാക്ഷി അമ്മയുടെ പൂജാമുറി. ഇടത്തേ കോണിൽ ഒരു ചെറിയ മേശയുണ്ടു്. മേശപ്പുറത്തു വലതുകൈയിൽ വെണ്ണയും ചുണ്ടിൽ പുഞ്ചിരിയും മൂർധാവിൽ മയിൽപ്പീലികളുമുള്ള ഒരു ഉണ്ണികൃഷ്ണൻ. പ്രതിമയ്ക്കു മുമ്പിൽ ഒരു ചെറിയ വിളക്കു കത്തുന്നുണ്ടു്. അവിടവിടെയായി പ്രതിമയ്ക്കുചുറ്റും ചന്ദനത്തിരികൾ എരിയുന്നു. പ്രതിമയുടെ കാല്ക്കൽ വെള്ളയും ചുകപ്പുമായ പൂക്കൾ കൂമ്പാരം കൂടിക്കിടപ്പുണ്ടു്.
യവനിക നീങ്ങുമ്പോൾ മീനാക്ഷി അമ്മ ഉണ്ണികൃഷ്ണന്റെ പ്രതിമയ്ക്കു മുൻപിൽ കർപ്പൂരം കത്തിച്ച തട്ടു് സാവകാശത്തിൽ ഉഴിയുകയാണു്. അല്പനിമിഷങ്ങൾക്കുശേഷം കർപ്പുരത്തട്ടു് താഴെ വെച്ചു് അതിൽനിന്നുയരുന്ന ധൂമം രണ്ടുകൈകൊണ്ടും ആവാഹിച്ചെടുത്തു് മുഖത്തോടടുപ്പിക്കുന്നു; അങ്ങനെ ഒരു മൂന്നു തവണ. അതു കഴിഞ്ഞു് നിവർന്നുനിന്നു കൈ കൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുന്നു. പ്രാർത്ഥനാരൂപത്തിൽ പുറപ്പെടുന്ന വാക്കുകൾ ഇടമുറിഞ്ഞു് അസ്പഷ്ടമായേ പറഞ്ഞു കേൾക്കുന്നുള്ളു.
- മീനാക്ഷി അമ്മ:
- ശ്രീകൃഷ്ണാ കൃഷ്ണാ… ജഗദീശ്വരാ… ഭക്തവത്സലാ… എന്റെ കുട്ടിക്കു്… എന്നും നല്ലതു… വരുത്തണേ… അവൻ… ഒരിക്കലും…
ഒരു വശത്തുകൂടി ശങ്കിച്ച കാൽവെപ്പുകളോടെ പ്രഭാകരൻ കടന്നുവരുന്നു. വിവാഹോചിതമായ വേഷം. കാൽപ്പെരുമാറ്റത്തിന്റെ ശബ്ദംകൊണ്ടു് ശല്യമുണ്ടാക്കാത്തവിധം പതുക്കെ മുമ്പോട്ടു നടന്നു മീനാക്ഷി അമ്മയുടെ കുറച്ചു പിന്നിലായി നിന്നുകണ്ണടച്ചു കൈകൂപ്പുന്നു.
മീനാക്ഷി അമ്മയുടെ ശബ്ദം വീണ്ടും അസ്പഷ്ടാക്ഷരങ്ങളിൽ പതുക്കെപ്പതുക്കെ പൊങ്ങി വരുന്നു.
- മീനാക്ഷി അമ്മ:
- ഭഗവാനേ… എന്റെ… എന്റെ പ്രഭ… (സ്വരം ഗദ്ഗദമാവുന്നു.) എന്റെ ഏകാശ്രയം… അവനാണു്. സുഖവും സന്തോഷവും… സ്വത്തും സമ്പാദ്യവും എല്ലാം അവനാണു്… അവൻ… (ഗദ്ഗദം നിലച്ചു് അല്പാല്പമായ തേങ്ങൽ പുറത്തു വരുന്നു.)
പ്രഭാകരൻ തേങ്ങൽ കേട്ടു് കണ്ണു തുറന്നു മീനാക്ഷി അമ്മയെ സൂക്ഷിച്ചു നോക്കുന്നു.
മീനാക്ഷി അമ്മ പ്രാർത്ഥന കഴിഞ്ഞു ദാവണിത്തുമ്പുകൊണ്ടു കണ്ണീരൊപ്പി മൂന്നു പ്രാവശ്യം ശ്രീകൃഷ്ണപാദം തൊട്ടു നെറുകയിൽ വെച്ചു തിരിയുമ്പോൾ പെട്ടെന്നു് പ്രഭാകരനെ കണ്ടു മുഖഭാവം മാറ്റാൻ ശ്രമിക്കുന്നു.
- പ്രഭാകരൻ:
- (വികാരഭരിതനായി വിളിക്കുന്നു.) അമ്മേ…
- മീനാക്ഷി അമ്മ:
- (മഴയത്തു വെയിൽപോലെ സർവശക്തിയുമുപയോഗിച്ചു് ഒന്നു് ചിരിക്കാൻ ശ്രമിച്ചു്) എന്താ പ്രഭേ, അമ്മ നേരം താമസിപ്പിച്ചോ?
- പ്രഭാകരൻ:
- (മറ്റെന്തോ ചോദിച്ചറിയാനുള്ള വെമ്പലോടെ) ഇല്ലമ്മെ, അതല്ല കാര്യം.
- മീനാക്ഷി അമ്മ:
- (ഭാവം മാറ്റി) പിന്നെ എന്താ? എന്താ വേണ്ടതു്?
- പ്രഭാകരൻ:
- ഒന്നും വേണ്ടമ്മേ… എനിക്കൊന്നും വേണ്ട… എല്ലാം എന്റെ അമ്മ എനിക്കു തന്നിട്ടുണ്ടു്; തരുന്നുമുണ്ടു്. അതല്ലമ്മേ… ഞാൻ… ഞാനിന്നു് അമ്മയുടെ പേരിൽ നടാടെ ഒരു സ്വാതന്ത്ര്യം എടുക്കുന്നു.
- മീനാക്ഷി അമ്മ:
- എന്താ പ്രഭേ ഇതു്? നിനക്കെന്റെ പേരിൽ എല്ലാ സ്വാതന്ത്ര്യവുമുണ്ടു്. എനിക്കുള്ളതത്രയും നിനക്കധീനമാണു് കുട്ടീ.
- പ്രഭാകരൻ:
- എന്നോടമ്മ തുറന്നു പറയൂ. അമ്മ എന്തിനാണു് കരഞ്ഞതു്?
- മീനാക്ഷി അമ്മ:
- (പ്രയാസപ്പെട്ടു ചിരിച്ചു്) ഇതാണോ ഇത്ര വലിയ മുഖവുരയോടെ പറയാൻ തുടങ്ങിയതു്! പ്രഭേ… നീയൊരു വിഡ്ഢിയാണു്… (കുറച്ചടുത്തേക്കു ചെല്ലുന്നു.) നീ എന്റെ മുഖത്തു നോക്കൂ;
- പ്രഭാകരൻ:
- (മീനാക്ഷി അമ്മയുടെ മുഖത്തു നോക്കിക്കൊണ്ടു്) എന്താണമ്മേ?
- മീനാക്ഷി അമ്മ:
- നീ ഒരു ചെറുപ്പക്കാരനല്ലേ? ജീവിതം കൈയിലെടുത്തു് അമ്മാനമാടാൻ തുടങ്ങുന്ന കരുത്തുള്ളൊരു ചെറുപ്പക്കാരനല്ലേ?
- പ്രഭാകരൻ:
- അമ്മ എന്നോടു പറയൂ, എന്തിനാണു് കരഞ്ഞതു്?
- മീനാക്ഷി അമ്മ:
- ഞാനതു് നിന്നോടു് ഒളിച്ചുവെക്കാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാം പറഞ്ഞുതരാം. അതിന്നുമുമ്പ് ഞാൻ പറയുന്നതു കേൾക്കൂ. നിന്നെപ്പോലെ ഒരു യുവാവു് ഒരു തുള്ളി കണ്ണുനീരിന്റെ മുമ്പിൽ ഇങ്ങിനെ തളർന്നുപോവരുതു്.
- പ്രഭാകരൻ:
- അമ്മേ, അമ്മയുടെ ഒരു തുള്ളി കണ്ണുനീർ എനിക്കൊരു മഹാസമുദ്രമാണു്.
- മീനാക്ഷി അമ്മ:
- ആയിരിയ്ക്കാം. പക്ഷേ അങ്ങിനെ ആവാൻ പാടില്ലെന്നാണു് ഞാൻ പറയുന്നതു്. നീ ദുർബലനാവരുതു്… നിന്റെ അമ്മയെ നോക്കൂ, ഈ കൺപുരികങ്ങൾകൂടി ഇങ്ങിനെ കഴുകി വെളുപ്പിച്ചുകളഞ്ഞതു കണ്ണീരാണു്.
- പ്രഭാകരൻ:
- അമ്മേ, അമ്മ അങ്ങിനെ സൂത്രമൊന്നും പറഞ്ഞൊഴിയരുതു്. എനിക്കു് അമ്മ കരഞ്ഞതെന്തിനാണെന്നറിയണം.
- മീനാക്ഷി അമ്മ:
- (പടങ്ങളുടെ സമീപത്തേക്കു നീങ്ങി കളഭത്തട്ടു കൈയിലെടുത്തു്) ഇങ്ങടുത്തുവരൂ പ്രഭേ.
- പ്രഭാകരൻ:
- (അടുത്തേക്കു ചെന്നു്) എന്താണമ്മേ?
- മീനാക്ഷി അമ്മ:
- (അല്പം മുൻപോട്ടു നീങ്ങി) നീയൊരു മംഗല്യകർമത്തിനു പോകാനൊരുങ്ങിയതാണു്; വിവാഹത്തിനു്! ജീവിതസമരത്തിൽ നീയൊരു നിത്യസഖിയെ തേടിക്കൊണ്ടുവരാൻ പുറപ്പെട്ടതാണു്. (നിറയെ പുഞ്ചിരിച്ചു്) ഈ ഘട്ടത്തിൽ വേണ്ടാത്തത്തതൊന്നും നീ വിചാരിക്കരുതു്. ഹൃദയം നിറച്ചു് സന്തോഷവും ചുണ്ടു നിറയെ മധുരസ്മിതവുമായിട്ടുവേണം നവവധു നിന്നെ കാണാൻ… വരൂ, അമ്മ നിന്നെത്തിലകം ചാർത്തിക്കട്ടെ.
പ്രഭാകരൻ മുഖം കുനിച്ചു നടു വളച്ചു നില്ക്കുന്നു. മീനാക്ഷി അമ്മ കളഭത്തട്ടിൽനിന്നു് നടുവിരലിൽ കുറച്ചു കളഭം തൊട്ടു പ്രഭാകരന്റെ നെറ്റിത്തടത്തിൽ ചാർത്തിക്കുന്നു. പ്രഭാകരൻ അകലത്തു് എന്തോ ശ്രദ്ധിച്ചുകൊണ്ടെന്നപോലെ നിർവികാരനായി നില്ക്കുന്നു.
- മീനാക്ഷി അമ്മ:
- (പ്രഭാകരന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടു്) പ്രഭേ, പ്രഭേ…
- പ്രഭാകരൻ:
- (നിർവികാരം) അമ്മേ.
- മീനാക്ഷി അമ്മ:
- എന്താണു് കുട്ടീ ഇതു്? സന്തോഷിക്കേണ്ട നിമിഷത്തിൽ ഇങ്ങനെ ദുഃഖിച്ചാലോ… നീ ഒന്നു ചിരിക്കൂ.
- പ്രഭാകരൻ:
- എനിക്കു ചിരിക്കാൻ കഴിയുന്നില്ലമ്മേ.
- മീനാക്ഷി അമ്മ:
- എന്തു് നീ വളരെയധികം കൊതിച്ചുകൊണ്ടിരുന്നൊരു കാര്യമല്ലേ ഇതു്? മാലിനിയെ നീ പ്രാണനുതുല്യം സ്നേഹിക്കുന്നു. അവൾ നിന്റേതാവൻ പോവുകയാണു്. എന്നിട്ടും നിനക്കു ചിരിക്കാൻ കഴിയുന്നില്ലേ?
- പ്രഭാകരൻ:
- അമ്മേ, അമ്മയ്ക്കു് ചിരിക്കാൻ കഴിയാത്തപ്പോൾ ഞാനെങ്ങനെ ചിരിക്കും?
- മീനാക്ഷി അമ്മ:
- നല്ല കാര്യം! ഇതിൽ കൂടുതലായി നിന്റെ അമ്മയ്ക്കു എങ്ങനെ ചിരിക്കാൻ കഴിയും?
- പ്രഭാകരൻ:
- അതു് ചുണ്ടിൽമാത്രം വിരിയുന്ന ചിരിയാണു്. അമ്മയുടെ ഹൃദയം കരയുന്നുണ്ടെനിക്കറിയാം. എന്തിനാണമ്മേ അതു്?
- മീനാക്ഷി അമ്മ:
- (സ്വരം താഴ്ത്തി) അതേ, കുട്ടീ. നീ സത്യമാണു് പറഞ്ഞതു്. നിന്റെ അമ്മയുടെ ഹൃദയം നീറുന്നുണ്ടു്, വിങ്ങി വിങ്ങി കരയുന്നുണ്ടു്. ഈ മുഹൂർത്തത്തിൽ അതു് പാടില്ലാത്തതാണു്. പക്ഷേ…
- പ്രഭാകരൻ:
- പക്ഷേ?
- മീനാക്ഷി അമ്മ:
- പക്ഷേ, എനിക്കതു തടയാൻ കഴിഞ്ഞില്ല. എന്നത്തെക്കാളുമധികം ശക്തിയോടെ അതെന്നെ കീഴടക്കാൻ വന്നിരിക്കയാണു്…
- പ്രഭാകരൻ:
- എന്താണമ്മേ അതു്?
- മീനാക്ഷി അമ്മ:
- പ്രഭോ, ഞാനൊന്നു തിരിഞ്ഞുനോക്കി; എന്റെ ജീവിതത്തിലേക്കു്; ഈ തറവാടിന്റെ പഴയ ചരിത്രത്തിലേക്കു്, നിനക്കറിയില്ല കുട്ടീ, ഞാനെന്തൊക്കെയാണു് കണ്ടതെന്നു്… (ഗദ്ഗദം) എല്ലാം പോട്ടെ. ഇന്നു് ഈ ശുഭമുഹൂർത്തത്തിൽ എനിക്കു പകരം ഇവിടെ നില്ക്കേണ്ടതും നിന്നെ അനുഗ്രഹിക്കേണ്ടതും ആരാണെന്നു നിനക്കറിയാമോ?
- പ്രഭാകരൻ:
- അറിയാം; അമ്മയുടെ അനുജത്തി.
- മീനാക്ഷി അമ്മ:
- (അന്തംവിട്ടു നോക്കിക്കൊണ്ടു്) നിന്റെ അമ്മയെന്നു പറയൂ.
- പ്രഭാകരൻ:
- ഒരമ്മയെ മാത്രം ഞാനറിയും ആ അമ്മ ഇതാണു്. (ചേർന്നു നിന്നുകൊണ്ടു്) വേറിട്ടെനിക്കൊരമ്മയില്ല.
മീനാക്ഷി അമ്മ മിണ്ടാതെ മിഴിച്ചു നോക്കുന്നു.
- പ്രഭാകരൻ:
- അമ്മ കഴിഞ്ഞതിനെച്ചൊല്ലി ദുഃഖിക്കാൻ തുടങ്ങരുതു്. അമ്മ പറഞ്ഞിട്ടാണു് എനിക്കു വേറിട്ടൊരമ്മയുണ്ടായിരുന്ന കഥ ഞാൻ മനസ്സിലാക്കിയതു്. എന്തിനമ്മെ എന്നോടതു് പറഞ്ഞു? മരണത്തിന്റെ പിടിയിൽപ്പെട്ടു മാഞ്ഞുപോയ ആ സത്യം എന്തിനെന്നെ അറിയിച്ചു? അതു വേണ്ടീരുന്നില്ല.
- മീനാക്ഷി അമ്മ:
- (വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ടു്) മതി കുട്ടീ, മതി. നിന്റെ സ്നേഹിതന്മാരൊക്കെ വന്നു കഴിഞ്ഞില്ലേ?
- പ്രഭാകരൻ:
- എല്ലാവരും വന്നു.
- മീനാക്ഷി അമ്മ:
- അച്ഛൻ വന്നില്ലേ?
- പ്രഭാകരൻ:
- എത്തിക്കണ്ടില്ല.
- മീനാക്ഷി അമ്മ:
- പത്തു നാഴികയ്ക്കല്ലേ പുറപ്പെടേണ്ട മുഹൂർത്തം?
- പ്രഭാകരൻ:
- അതെ.
- മീനാക്ഷി അമ്മ:
- എന്നാൽ സമയം ഏതാണ്ടടുത്തുതുടങ്ങി. നമുക്കുങ്ങട്ടു പോകാം.
- പ്രഭാകരൻ:
- (അകലെ നോക്കി) ഓ! അച്ഛൻ വന്നു! ഇതാ ഇങ്ങോട്ടു വരുന്നുണ്ടു്.
മീനാക്ഷി അമ്മ പിന്തിരിഞ്ഞു പടങ്ങളുടെ സമീപത്തേക്കു നീങ്ങുന്നു. തന്റെ ശ്രദ്ധ വേർതിരിക്കാനെന്ന മട്ടിൽ അവിടെ അതുമിതും ചെയ്യുന്നു.
കൃഷ്ണമേനോൻ വാതില്ക്കൽ അല്പം സംശയിച്ചു നില്ക്കുന്നു. പ്രഭാകരൻ ബദ്ധപ്പെട്ടു അടുത്തേക്കു ചെല്ലുന്നു.
- പ്രഭാകരൻ:
- അച്ഛനിത്ര വൈകിയതെന്താ?
- കൃഷ്ണമേനോൻ:
- എനിക്കു വണ്ടി തെറ്റി.
- പ്രഭാകരൻ:
- ഇന്നലെ പുറപ്പെടായിരുന്നില്ലേ അച്ഛാ? ഇല്ലെങ്കിൽ…
- കൃഷ്ണമേനോൻ:
- ഞാൻ മിന്നിഞ്ഞാന്നേ പുറപ്പെട്ടു.
- പ്രഭാകരൻ:
- എന്നിട്ടു്?
- കൃഷ്ണമേനോൻ:
- വണ്ടി തെറ്റിക്കയറി.
മീനാക്ഷി അമ്മ പെട്ടെന്നു തിരിഞ്ഞുനോക്കുന്നു. കൃഷ്ണമേനോനും മീനാക്ഷി അമ്മയും അന്യോന്യം കാണുന്നു. നോട്ടം ഇടയുന്നു. രണ്ടുപേരും ഒപ്പം തലതിരിക്കുന്നു.
- പ്രഭാകരൻ:
- അച്ഛൻ വണ്ടി തെറ്റിക്കയറി എന്നാണോ പറഞ്ഞതു്? (കൃഷ്ണമേനോൻ മിണ്ടാതെ അകലത്തു നോക്കി നില്ക്കുന്നു.) ഏങ്? അച്ഛാ; എന്നാണോ പറഞ്ഞതു്?
- കൃഷ്ണമേനോൻ:
- ഏങ്? ഏങ്?… അ് അ. അതെ, വണ്ടി തെറ്റിക്കയറി. കയറിയ വണ്ടി എത്തേണ്ടിടത്തെത്തിയതുമില്ല.
- പ്രഭാകരൻ:
- (അല്പം ചിരിയോടെ) അച്ഛനു പുറത്തിറങ്ങിയാൽ ഇത്തരം വിഡ്ഢിത്തങ്ങൾ ഓരോന്നു പറ്റും. ചിലപ്പോൾ പേഴ്സ് കളയും. വേറെ ചിലപ്പോൾ കുട വെച്ചു മറക്കും. ഇതു നടാടെയാണു് വണ്ടിതെറ്റിക്കയറുന്നതു്. (മീനാക്ഷി അമ്മയെ നോക്കി) അമ്മെ, അമ്മെ.
- മീനാക്ഷി അമ്മ:
- (ഉറക്കത്തിൽനിന്നു ഉണർന്നപോലെ) ഏങ്, എന്താ പ്രഭേ?
- പ്രഭാകരൻ:
- അച്ഛൻ വണ്ടി തെറ്റിക്കയറിയത്രെ. (അല്പം ചിരിയോടെ) എന്നിട്ടു് തെക്കോട്ടു വരേണ്ടതിനു പകരം വടക്കോട്ടു പോയി.
- മീനാക്ഷി അമ്മ:
- (നിർവികാരതയോടെ ആരോടെന്നില്ലാതെ) വണ്ടി തെറ്റിക്കയറിയോ?
- പ്രഭാകരൻ:
- അതെ, അമ്മേ. അച്ഛന്റെ മറവി പ്രസിദ്ധമല്ലെ! ഇവിടേക്കു പുറപ്പെട്ടാൽ ഇങ്ങനെ എന്തെങ്കിലും ചില കുഴപ്പത്തിൽ ചാടിയിട്ടേ അച്ഛൻ എത്തുകയുള്ളു.
- കൃഷ്ണമേനോൻ:
- (അടുത്തുള്ള ഒരു കസേരയിൽ ഇരിക്കുന്നു.) ഞാൻ രണ്ടു ദിവസം കാലേക്കൂട്ടി വരണമെന്നു വിചാരിച്ചതാണു്. പക്ഷേ; കഴിഞ്ഞില്ല; ഒടുവിൽ പുറപ്പട്ടപ്പോൾ അബദ്ധവും പറ്റി ആട്ടെ, മുഹൂർത്തത്തിന്നു മുമ്പെങ്കിലും ഞാനവിടെ എത്തിച്ചേർന്നല്ലോ. (മീനാക്ഷി അമ്മയെ പ്രത്യേകിച്ചു നോക്കി) ഒരുക്കങ്ങളൊക്കെ പുർത്തിയായില്ലേ?
- മീനാക്ഷി അമ്മ:
- പൂർത്തിയായെന്നു വിചാരിക്കുന്നു. എല്ലാം വേലായുധനാണു് ചെയ്തതു്. (ചുറ്റുപുറവും നോക്കി) മുഹൂർത്തത്തിനുള്ള സമയമായെന്നാ തോന്നുന്നതു്.
- കൃഷ്ണമേനോൻ:
- ശരി. ആരൊക്കെയാണു് വന്നതെന്നു ഞാൻ കണ്ടില്ല. ഒന്നു ചെന്നു നോക്കിക്കളയാം. വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചിട്ടില്ലേ?
- മീനാക്ഷി അമ്മ:
- എല്ലാവർക്കും കത്തയയ്ക്കുകയാണു് ചെയ്തതു്. ചെന്നു ക്ഷണിക്കാൻ ഇവിടെ പ്രഭയല്ലാതെ പുരുഷന്മാരാരും ഇല്ലല്ലോ.
- കൃഷ്ണമേനോൻ:
- (അല്പം പരുങ്ങലോടെ) അതും കാര്യമാണു്. അല്ലെങ്കിൽ ഇപ്പഴ് കണ്ടുക്ഷണിക്കുന്ന പതിവില്ല. കത്തയയ്ക്ക്യാണ് പരിഷ്കാരം. അതുമതി… ഞാനെല്ലാവരേയും ചെന്നുകണ്ടു കുശലം പറഞ്ഞു വരാം. (പ്രഭയെനോക്കി) നീ വരുന്നില്ലേ പ്രഭേ? instr(എഴുന്നേൽക്കുന്നു. പ്രഭാകരൻ മീനാക്ഷി അമ്മയെ നോക്കുന്നു)
- മീനാക്ഷി അമ്മ:
- പ്രഭേ, അച്ഛൻ പോകുന്നതിനുമുമ്പു് ഇതങ്ങു കഴിച്ചേയ്ക്കൂ… (കുറച്ചു വെറ്റിലയും അടയ്ക്കയും എടുത്തു കൊടുക്കുന്നു.)
കൃഷ്ണമേനോൻ തിരിഞ്ഞു നില്ക്കുന്നു.
- മീനാക്ഷി അമ്മ:
- (പ്രഭാകരനോടു്) അച്ഛന്റെ കാലിൽ വെച്ചു് അനുഗ്രഹം വാങ്ങൂ. ഒക്കെ പഴയ സമ്പ്രദായമാണു്.
പ്രഭാകരൻ വെറ്റിലയും അടയ്ക്കയും വാങ്ങി അച്ഛന്റെ കാല്ക്കൽ വെച്ചുകാലു തൊട്ടു തലയിൽ വെക്കുന്നു. കൃഷ്ണമേനോൻ പ്രഭാകരന്റെ മൂർധാവിൽ കൈവെച്ചനുഗ്രഹിക്കുന്നു. അസ്വസ്ഥതയോടെ അകലെ നോക്കുന്നു. പ്രഭാകരൻ അല്പം മാറി നില്ക്കുന്നു. മീനാക്ഷി അമ്മ തന്റെ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കുന്ന മുഖഭാവത്തോടെ നില്ക്കുന്നു. തെല്ലിട നിശ്ശബ്ദത.
- കൃഷ്ണമേനോൻ:
- മോനേ പ്രഭേ, വരൂ; നമുക്കങ്ങട്ടു പോകാം.
- പ്രഭാകരൻ:
- അച്ഛൻ നടക്കൂ… (മീനാക്ഷി അമ്മയെ നോക്കി അച്ഛന്റെ പിന്നാലെ പോകുന്നു. പെട്ടെന്നു തിരിച്ചുവന്നു്) അമ്മേ, അമ്മ വരുന്നില്ലേ?
- മീനാക്ഷി അമ്മ:
- ഇതാ ഞാൻ പിന്നാലെ വരുന്നു. നാണിക്കുട്ടിയെ വിളിച്ചു് ഇവിടെ നിർത്തണം. ഈ വിളക്കിങ്ങനെ കത്തുമ്പോൾ ആരും ഇല്ലാതെ വരാൻ പറ്റില്ല… ഇതാ, പ്രഭേ, വേണ്ടാത്തതൊന്നും വിചാരിച്ചു മനസ്സു പുണ്ണാക്കരുതു്. സന്തോഷിച്ചു പോകണം.
- പ്രഭാകരൻ:
- എന്തോ, എനിക്കു മനസ്സിനൊരു സുഖവുമില്ല. അറിയാൻ പാടില്ലാത്തൊരു വേദന.
- മീനാക്ഷി അമ്മ:
- ഛീ, വിഡ്ഢിത്തം പറയുന്നോ? ഞാൻ കരഞ്ഞതിനെപ്പറ്റിയാണു് വീണ്ടും നീ വിചാരിക്കുന്നതു്. പ്രഭേ, ഈ നല്ലദിവസം ഞാൻ നിന്റെ അമ്മയെക്കുറിച്ചു വിചാരിച്ചുപോയതൊരു തെറ്റാണോ? ഞാനും എന്റെ അനിയത്തിയും എങ്ങനെ വളർന്നതാണെന്നോ? അതൊക്കെ വിചാരിച്ചപ്പോൾ തനിയെ കണ്ണീരുപൊട്ടി. സാരമില്ല; അമ്മയ്ക്കതൊക്കെ മാറി. ഇനി എന്റെ കുട്ടി സന്തോഷത്തോടെ പോവൂ. ഞാനിതാ പിന്നാലെ വരുന്നു. (വിളിക്കുന്നു) നാണിക്കുട്ടീ, നാണിക്കുട്ടീ!
പ്രഭാകരനെ പതുക്കെ പറഞ്ഞയയ്ക്കുന്നു. പിന്നാലെ കുറച്ചുദൂരം നടന്നു പ്രഭാകരൻ പോയ വഴിതന്നെനോക്കി നിശ്ചലയായി നില്ക്കുന്നു. പെട്ടെന്നു് വേലായുധൻ നായർ കടന്നുവരുന്നു. രണ്ടാം മുണ്ടുകൊണ്ടു് തലയിലൊരു കെട്ടു്. നെറ്റിയിലും നെഞ്ചിലും ചന്ദനക്കുറി. അങ്ങട്ടുമിങ്ങട്ടും ഓടിനടന്നു വിയർത്ത ശരീരം.
- മീനാക്ഷി അമ്മ:
- (വേലായുധൻനായരെ നോക്കി) ഉം? എന്താ വേലായുധാ?
- വേലായുധൻ നായർ:
- മുഹൂർത്തം അടുത്തുതുടങ്ങി.
- മീനാക്ഷി അമ്മ:
- വന്നവർക്കൊക്കെ ചായ കൊടുത്തില്ലേ?
- വേലായുധൻ നായർ:
- കൊടുത്തു.
- മീനാക്ഷി അമ്മ:
- എല്ലാംകൂടി എത്ര പേരുണ്ടു്?
- വേലായുധൻ നായർ:
- നുറ്റമ്പതു പേരോളം ഉണ്ടാകും.
- മീനാക്ഷി അമ്മ:
- അതു നന്നായി. അവന്റെ സ്ഥിതിക്കും ഈ തറവാടിന്റെ സ്ഥിതിക്കും അതധികമല്ല.
- വേലായുധൻ നായർ:
- അല്ല.
- മീനാക്ഷി അമ്മ:
- കൈലാസത്തിൽനിന്നും കദളീവനത്തിൽനിന്നും കൃഷ്ണ വിലാസത്തിൽനിന്നും ഒക്കെ വന്നിട്ടില്ലേ?
- വേലായുധൻ നായർ:
- കൃഷ്ണവിലാസത്തിൽനിന്നു് വലിയ മൂപ്പരുതന്നെ വന്നിരിക്കുന്നു.
- മീനാക്ഷി അമ്മ:
- (അല്പമൊരു ചിരിയോടെ) അതു ഞാൻ വിചാരിച്ചതാ. അദ്ദേഹത്തിനു് ഈ വീട്ടുകാരോടു് പണ്ടേ ഒരു പ്രത്യേകതയുണ്ടു്.
- വേലായുധൻ നായർ:
- എന്നാലും മക്കളെ വല്ലവരേയും പറഞ്ഞയയ്ക്കും എന്നല്ലാതെ അദ്ദേഹം വരുംന്നു് ഞാൻ വിചാരിച്ചതല്ല.
- മീനാക്ഷി അമ്മ:
- നോക്കൂ, പ്രഭ ഈ തറവാട്ടിലെ ഏകസന്താനമാണു്. ഇനി ഇങ്ങനെ ഒരാഘോഷം ഇവിടെ നടക്കാനില്ല. എല്ലാം വേണ്ടപോലെ ചെയ്യണം. ഒന്നിനും പിശുക്കരുതു്; കേട്ടോ?
- വേലായുധൻ നായർ:
- ഈവക കാര്യങ്ങളൊന്നും എന്നെ പഠിപ്പിക്കേണ്ട. പന്ത്രണ്ടു വയസ്സുമുതൽ ഇവിടത്തെ ചോറുണ്ണാൻ തുടങ്ങിയതാണു്. ഇന്നും ഇന്നലേയുമല്ല. ഈ തറവാട്ടിന്റെ മാനംപോലെ സകലതും ചെയ്യാൻ എനിക്കറിയാം.
- മീനാക്ഷി അമ്മ:
- അതു മതി.
- വേലായുധൻ നായർ:
- ഒക്കെ വേണ്ടപോലെ ചെയ്തിട്ടുമുണ്ടു്; പക്ഷേ…
- മീനാക്ഷി അമ്മ:
- എന്താ?
- വേലായുധൻ നായർ:
- ഒരൊറ്റ വ്യസനം മാത്രം.
- മീനാക്ഷി അമ്മ:
- എന്താ പറയൂ.
- വേലായുധൻ നായർ:
- ചോദിക്കുന്നവരോടു മറുപടി പറഞ്ഞു തോറ്റു. അദ്ദേഹത്തിന്റെ അച്ഛനിനിയും വന്നില്ല.
- മീനാക്ഷി അമ്മ:
- വന്നു; വന്നു. ഇപ്പഴങ്ങട്ടു പോയതേ ഉള്ളു; പന്തലിലേക്കു്.
- വേലായുധൻ നായർ:
- ആവൂ! മഹാഭാഗ്യം. വന്നവരൊക്കെ ഒന്നും രണ്ടും തവണ ചോദിച്ചുകഴിഞ്ഞു… എന്നാൽ ഇനി അങ്ങട്ടു പോകാം. മുഹൂർത്തത്തിനു തന്നെ പുറപ്പെടണം.
- മീനാക്ഷി അമ്മ:
- തീർച്ചയായും. ഈ പെണ്ണെങ്ങട്ടുപോയി? നാണിക്കുട്ടീ, നാണിക്കുട്ടീ!
- വേലായുധൻ നായർ:
- (അകലേക്കു നേക്കി) അതാ, ഓടിക്കൊണ്ടു വരുന്നു.
നാണിക്കുട്ടി ബദ്ധപ്പെട്ടു് വന്നു എന്താ വേണ്ടതെന്ന ഭാവത്തിൽ മീനാക്ഷി അമ്മയെ നോക്കുന്നു.
- വേലായുധൻ നായർ:
- എവിട്യാ പെണ്ണേ, പോയിരിക്കുന്നതു്? വിളിച്ചാൽ കാണില്ല.
- മീനാക്ഷി അമ്മ:
- പെണ്ണേ, നീ ഇവിടെ നില്ക്കൂ. ആ വിളക്കിലെ തിരികെട്ടുപോകരുതു്…
- നാണിക്കുട്ടി:
- ആങ്.
- മീനാക്ഷി അമ്മ:
- (തിരിഞ്ഞുനിന്നു്) ഇപ്പഴ്ത്തന്നെ അങ്ങോട്ടോടി വരരുതു്.
- നാണിക്കുട്ടി:
- ഇല്ല.
- മീനാക്ഷി അമ്മ:
- പൂജാമുറിയിലെ വിളക്കു കെടുത്താൻ പറ്റില്ല. താനേ കെടണം. അല്ലെങ്കിൽ പ്രഭ പോയിട്ടു തിരിച്ചു വരുന്നതുവരെ ഇന്നു ആ വിളക്കു തെളിഞ്ഞുകത്തട്ടെ. പെണ്ണേ, അഞ്ചു് തിരിയിട്ടു് അങ്ങു തെളിയിച്ചു കത്തിക്കൂ. (മുൻപിൽ മീനാക്ഷി അമ്മയും, പിന്നാലെ വേലായുധൻ നായരും പോകുന്നു. നാണിക്കുട്ടി അവരെത്തന്നെ നോക്കിനില്ക്കുന്നു.)
- വേലായുധൻ നായർ:
- (കുറച്ചു നടന്നു തിരിഞ്ഞുനിന്നു) എന്താടീ മിഴിച്ചു നില്ക്കുന്നതു് രണ്ടുമൂന്നു തിരി കൂടി തിരിച്ചിട്ടു് വിളക്കു നല്ലോണം തെളിയിച്ചു കത്തിക്കൂ. (പോകുന്നു.)
വരനും സംഘവും പുറപ്പെടുമ്പോഴുള്ള നാഗസ്വരം കേൾക്കാൻ തുടങ്ങുന്നു. നാണിക്കുട്ടി പരിഭ്രമിച്ചു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. ദേവന്മാരുടെ പടത്തിനു് മുൻപിൽചെന്നു് നെഞ്ചിൽ കൈവെച്ചു പ്രാർത്ഥിക്കുന്നു.
- നാണിക്കുട്ടി:
- ഓ! എന്റെ ഈശ്വരന്മാരേ, എനിക്കിവരു പോകുന്നതു കാണാൻ കഴിഞ്ഞില്ലല്ലോ. (ചെവിടോർത്തു) അതാ, അതാ കേൾക്കുന്നു നാഗസ്വരം. വിളക്കേ, കെടല്ലേ വിളക്കേ, ഞാൻ ക്ഷണത്തിൽ എത്തിപ്പോയി (ധൃതിയിൽ ഓടിപ്പോകുന്നു)
നാഗസ്വരത്തിന്റെ ശബ്ദം കൂടുതൽ മുഴങ്ങിക്കേൾക്കുന്നു.
—യവനിക—