പാലയ്ക്കൽ വീടു്
പ്രഭാകരന്റെ അമ്മയുടെ—മരിച്ചുപോയ ജാനകി അമ്മയുടെ—മീനാക്ഷി അമ്മയുടെ അനുജത്തിയുടെ ശയനമുറി. ഒരു കാൽ നൂറ്റാണ്ടിലധികമായി ജാനകി അമ്മ മരിച്ചിട്ടെങ്കിലും ആ ശയനമുറി കണ്ടാൽ അന്നും അതു് ആരോ ഉപയോഗിക്കുന്നപോലെ തോന്നും. ജാനകി അമ്മ മരിക്കുമ്പോഴുള്ള നിലയിൽ നിന്നു് അല്പം പോലും അതിനൊരു മാറ്റം വരുത്തീട്ടില്ല. അതേ മട്ടിൽ നിലനിർത്തിപ്പോരുകയാണു്. വിരിയിട്ടൊരുക്കിയ ഒരു കട്ടിൽ, കട്ടിലിനടുത്തു് മരുന്നുകുപ്പികളും മറ്റും നിരത്തിവെച്ച ഒരു ചെറിയ വട്ടമേശ. ഒരു ശയനമുറിയിൽ വേണ്ട മറ്റു് അത്യാവശ്യം ഉപകരണങ്ങൾ, ഭിത്തിയിൽ ഏതാനും ചിത്രങ്ങൾ ഇവയെല്ലാം ഉണ്ടു്.
കർട്ടൻ നീങ്ങുമ്പോൾ മീനാക്ഷി അമ്മ മേശപ്പുറത്തും കട്ടിലിലും മറ്റുമുള്ള പൊടി തട്ടുകയാണു്. മേശപ്പുറത്തുള്ള കുപ്പികൾ ഓരോന്നെടുത്തു് പ്രത്യേകം പ്രത്യേകം തുടയ്ക്കുന്നുണ്ടു്. ഓരോന്നും തുടയ്ക്കുമ്പോൾ കുപ്പിയുടെ പുറത്തു് എഴുതിപ്പറ്റിച്ചതു് സൂക്ഷ്മമായി വായിക്കും. ഒരു നെടുവീർപ്പിടും. എന്നിട്ടു വീണ്ടും ഒന്നെടുക്കും. പഴയ പല സ്മരണകളും ആ മുഖത്തു നിഴലിക്കുന്നുണ്ടു്. പെട്ടെന്നു കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞുനോക്കുന്നു.
- മീനാക്ഷി അമ്മ:
- (തിരിഞ്ഞുനോക്കി) ഇങ്ങട്ടു കൊണ്ടുവരൂ.
നാണിക്കുട്ടി കൈയിൽ ഒരു വെളുത്ത തുണിക്കഷണവുമായി അടുത്തേക്കു വരുന്നു.
- മീനാക്ഷി അമ്മ:
- അവിടെ ഇരുന്നു് ആ മേശയുടെ കാലൊക്കെ നല്ലപോലെ തുടയ്ക്കൂ.
നാണിക്കുട്ടി മേശയുടെ അടുത്തു് ചെന്നിരുന്നു് ശീലകൊണ്ടു് തുടയ്ക്കുന്നു.
- മീനാക്ഷി അമ്മ:
- (കട്ടിലിലുള്ള വിരി പതുക്കെ തട്ടി പൊടി കളയുന്നു.) നാണീ, വേലായുധനവിടെ ഇല്ലേ?
- നാണിക്കുട്ടി:
- (തുടച്ചുകൊണ്ടിരിക്കുമ്പോൾ) ഇല്ല, വല്യമ്മേ.
- മീനാക്ഷി അമ്മ:
- ഉ്? എവിടെപ്പോയി?
- നാണിക്കുട്ടി:
- കുതിരവണ്ടി വിളിക്കാൻ പോയതാ.
- മീനാക്ഷി അമ്മ:
- എന്തിനാ പെണ്ണേ, കുതിരവണ്ടി?
- നാണിക്കുട്ടി:
- (എഴുന്നേറ്റു കൊഞ്ചിക്കൊണ്ടു്) അതോ വല്യമ്മേ…
- മീനാക്ഷി അമ്മ:
- വേണ്ട വേണ്ട. ആ പണി ചെയ്തുകൊണ്ടുതന്നെ പറഞ്ഞാൽ മതി.
- നാണിക്കുട്ടി:
- (അല്പം ഇളിഭ്യതയോടെ വീണ്ടും മേശ തുടയ്ക്കാൻ ചെന്നിരിക്കുന്നു.) കുതിരവണ്ടി, സിനിമയ്ക്കു പോകാനാ.
- മീനാക്ഷി അമ്മ:
- പ്രഭ ഇന്നു സിനിമയ്ക്കു പോകുന്നുണ്ടോ?
- നാണിക്കുട്ടി:
- ചെറിയമ്മേം പോകുന്നുണ്ടു്. ഇന്നെന്തോ നല്ലൊരു സിനിമയാത്രെ. ഇംഗ്ലീഷ്.
- മീനാക്ഷി അമ്മ:
- ഉം. (മൂളിക്കൊണ്ടു് വിചാരമഗ്നയാവുന്നു.)
- നാണിക്കുട്ടി:
- (വീണ്ടും എഴുന്നേറ്റു് മീനാക്ഷി അമ്മയെ സമീപിച്ചു്) ഞാനും പോട്ടെ വല്യമ്മേ, ഇന്നു സിനിമ കാണാൻ?
- മീനാക്ഷി അമ്മ:
- പോടീ സിനിമ കാണുന്നു! അവിടെച്ചെന്നിരുന്നു് അതൊക്കെ തുടച്ചു വൃത്തിയാക്കൂ. ഇന്നെനിക്കു കുഴമ്പുതേച്ചു കുളിക്കണം. എന്തോ, ശരീരം മുഴുവനും വേദനിക്കുന്നു. ചുടുവെള്ളം വേണം. ഇത്തിരി ചെറുപയറെടുത്തു് അരച്ചു വെയ്ക്കാൻ മറക്കരുതു്. കേട്ടോ…
- നാണിക്കുട്ടി:
- ഇല്ല. (വീണ്ടും മേശക്കുരികിൽ ചെന്നിരുന്നു് തുടയ്ക്കുന്നു.)
- മീനാക്ഷി അമ്മ:
- (കട്ടിലിനടിയിലേക്കു താണു നോക്കുന്നു.) എടീ, നാണിക്കുട്ടീ, ഇവിടെ വാ.
- നാണിക്കുട്ടി:
- (അടുത്തു വന്നു്) എന്താ വല്യമ്മേ?
- മീനാക്ഷി അമ്മ:
- ആ കട്ടിലിന്നടിയിൽ എന്താ കാണുന്നതു്?
- നാണിക്കുട്ടി:
- അതൊരു കടലാസ്സാ വല്യമ്മേ.
- മീനാക്ഷി അമ്മ:
- ഇങ്ങെടുക്കൂ.
നാണിക്കുട്ടി കുനിഞ്ഞു കട്ടിലിനടിയിലേക്കു നീങ്ങി ഒരു കടലാസ്സുകഷണം എടുക്കുന്നു. എന്നിട്ടതു മീനാക്ഷി അമ്മയുടെ കൈയിൽ കൊടുക്കുന്നു. മീനാക്ഷി അമ്മ നാലാക്കി മടക്കിയ ആ കടലാസ്സു വാങ്ങി നിവർത്തിനോക്കുന്നു.
- നാണിക്കുട്ടി:
- എന്താ വല്യമ്മേ അതു്?
- മീനാക്ഷി അമ്മ:
- (ഒന്നും മിണ്ടാതെ കടലാസ്സിലേക്കു കണ്ണോടിക്കുന്നു.) നീ ചെന്നു് എന്റെ കണ്ണട എടുത്തു് കൊണ്ടുവാ, വേഗം ചെല്ലൂ.
നാണിക്കുട്ടി ഓടിപ്പോകുന്നു. മീനാക്ഷി അമ്മ കടലാസ്സിൽത്തന്നെ നോക്കിക്കൊണ്ടു് നില്ക്കുന്നു. നാണിക്കുട്ടി കണ്ണട കൊണ്ടുവന്നു കൊടുക്കുന്നു. മീനാക്ഷി അമ്മ കണ്ണട വാങ്ങിവെച്ചു ആ കടലാസ്സു് മുഴുവനും വായിച്ചു തീർക്കുന്നു. നാണിക്കുട്ടി അടുത്തു് ഉത്കണ്ഠയോടെ നില്ക്കുന്നു. എന്താണു് താൻ കേൾക്കെ വായിക്കാത്തതെന്നൊരു ഭാവമുണ്ടു് മുഖത്തു്. മീനാക്ഷി അമ്മ കടലാസ്സു് വായിച്ചുതീർത്തു പഴയപടി മടക്കുന്നു.
- നാണിക്കുട്ടി:
- എന്താ വല്യമ്മേ, അതു്? ഏങ്.
- മീനാക്ഷി അമ്മ:
- ഞാനെപ്പഴും പറയാറില്ലെടീ, വേണ്ടാത്ത കാര്യം അന്വേഷിക്കരുതെന്നു്, ഏങ്? ഇല്ലേ? ഫോ, ചെന്നു നിന്റെ പണിയെടുക്കൂ. എന്തുകണ്ടാലും പെണ്ണിനന്വേഷിക്കണം.
നാണിക്കുട്ടി ഇളിഭ്യതയോടെ പോയിരുന്നു് ജോലി ചെയ്യുന്നു. മീനാക്ഷി അമ്മ ആ കടലാസ്സു് മേശപ്പുറത്തു വെക്കുന്നു. പ്രഭാകരനും മാലിനിയും കടന്നു വരുന്നു.
- പ്രഭാകരൻ:
- (ചിരിച്ചുകൊണ്ടു്) അമ്മേ, അമ്മയും മാലിനിയുംകൂടി ദുർലഭമായേ കാണാറുള്ളു; ഇല്ലേ?
- മീനാക്ഷി അമ്മ:
- എന്നില്ല.
മാലിനി മുറി ആകമാനം ഒന്നു സൂക്ഷ്മപരിശോധന നടത്തുന്നു.
- പ്രഭാകരൻ:
- അമ്മയ്ക്കു് ഉച്ചവരെ പൂജയാണു്. അതു് കഴിഞ്ഞാൽ വേറെ ജോലിയായി. വൈകുന്നേരമാണെങ്കിൽ ഞങ്ങൾ സിനിമയ്ക്കും പോകും. തിരിച്ചുവരുമ്പോഴേക്കു് അമ്മ കിടക്കും.
- മീനാക്ഷി അമ്മ:
- സദാ കാണാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളിന്നു് ഒരു വീട്ടുകാരല്ലേ, പ്രഭേ?
- പ്രഭാകരൻ:
- ഒരു വീട്ടുകാരെന്നു മാത്രമോ? അമ്മയും മകളും അല്ലെ അമ്മേ?
- മീനാക്ഷി അമ്മ:
- അതേ, നീയെന്താണിങ്ങിനെ സംശയിച്ചുകൊണ്ടു ചോദിക്കുന്നതു്?
- പ്രഭാകരൻ:
- ഒന്നുമില്ല; ഞാൻ ചോദിച്ചതാണു്.
- മീനാക്ഷി അമ്മ:
- നീ എന്റെ മകനല്ലേ?
- പ്രഭാകരൻ:
- ഇതെന്തു് ചോദ്യമാണമ്മേ?
- മീനാക്ഷി അമ്മ:
- എങ്കിൽ പ്രഭേ, ഇവളെന്റെ മകളുമാണു്. അതിലാർക്കും സംശയം വേണ്ട.
- മാലിനി:
- (മുറിയുടെ ഓരോ മുക്കും മുലയും പരിശോധിച്ചു വന്നു പ്രഭാകരനോടെന്ന മട്ടിൽ) നല്ല ഒന്നാന്തരം മുറി.
- പ്രഭാകരൻ:
- അതെ.
- മാലിനി:
- കണ്ടാലിതു് പതിവായിട്ടു് ഉപയോഗിക്കുന്നില്ലെന്നു തോന്നും.
- മീനാക്ഷി അമ്മ:
- ഇതു് ആരും ഉപയോഗിക്കാറില്ല.
- മാലിനി:
- കഷ്ടം തന്നെ (കട്ടിലിനടുത്തേക്കു നീങ്ങി, അതിനപ്പുറത്തേക്കു വിരൽ ചൂണ്ടി) ഈ ജാലകം തുറക്കാറില്ലേ.
- മീനാക്ഷി അമ്മ:
- ആവശ്യം നേരിടാറില്ല.
- മാലിനി:
- ഈ ജാലകം തുറന്നാൽ അപ്പുറത്തെന്താണു്?
- പ്രഭാകരൻ:
- പൂന്തോട്ടം.
- മാലിനി:
- സർവ സൗകര്യങ്ങളും നിറഞ്ഞ മുറി (കട്ടിലിൽ ഇരിക്കാൻ തുടങ്ങുന്നു.)
- മീനാക്ഷി അമ്മ:
- (പരിഭ്രമിച്ചു) വരട്ടെ, ഇരിക്കാൻ വരട്ടെ. (മാലിനി അസ്വസ്ഥതയോടെ പുറകോട്ടു മാറുന്നു.) ഈ കട്ടിലിൽ ഇവിടെയാരും ഇരിക്കാറില്ല; വളരെക്കാലമായി ഒരാളും ഇരിക്കാറില്ല; എന്നല്ല, ഈ മുറിയിൽത്തന്നെ ആരും കടക്കാറില്ല.
മാലിനി അല്പം പരിഭ്രമിക്കുന്നു.
- പ്രഭാകരൻ:
- ഒന്നും പരിഭ്രമിക്കാനില്ല മാലിനീ.
- മീനാക്ഷി അമ്മ:
- (നാണിക്കുട്ടിയോടു്) എടീ, ഇനി മതി, പോയി വെള്ളം ചൂടാക്കൂ.
നാണിക്കുട്ടി എഴുന്നേറ്റു പോകുന്നു.
- മീനാക്ഷി അമ്മ:
- എന്താ, മാലിനിക്കു ഞാൻ പറഞ്ഞതു് അസുഖമായോ?
- മാലിനി:
- ഇല്ല.
- പ്രഭാകരൻ:
- മാലിനിക്കു് അമ്മയോടസുഖമോ? ഇതിലപ്പുറവും പറഞ്ഞാലും അതുണ്ടാവില്ല.
- മീനാക്ഷി അമ്മ:
- ഉണ്ടാവില്ലെന്നെനിക്കറിയാം. മാലിനീ, നിന്നോടെനിക്കു ചിലതു പറയാനുണ്ടു്. ഇതുവരെ അതിനു സൗകര്യം കിട്ടിയില്ല. അഥവാ അതു പറയേണ്ടതു് ഇവിടെ ഈ മുറിയിൽ വെച്ചുതന്നെ വേണമെന്നുണ്ടായിരിക്കാം. അതാണു് നമ്മളൊരുമിച്ചിന്നിവിടെ ഇങ്ങനെ വന്നുചേർന്നതു്.
- പ്രഭാകരൻ:
- അമ്മ പറഞ്ഞോളൂ. മാലിനിയോടെന്തു പറയാനും അമ്മയ്ക്കു സ്വാതന്ത്ര്യമുണ്ടു്.
- മീനാക്ഷി അമ്മ:
- നീയാ കട്ടിലിലിരിക്കാൻ തുടങ്ങുമ്പോൾ ഞാനുപയോഗിച്ച ഭാഷ കുറച്ചു പരുഷമായോ?
- മാലിനി:
- ഇല്ല.
- പ്രഭാകരൻ:
- എന്താണമ്മേ ഇതു്, ഒരന്യയോടു സംസാരിക്കുംപോലെ? ഇത്തിരി പരുഷമായാൽത്തന്നെ എന്താണു്?
- മീനാക്ഷി അമ്മ:
- (മാലിനിയോടു്) നീ അറിയാതെ അബദ്ധം ചെയ്തെങ്കിലോ എന്നു വിചാരിച്ചു് ഞാൻ ബദ്ധപ്പെട്ടു് പറഞ്ഞതാണു്; കേട്ടോ മാലിനി? ആ കട്ടിൽ പ്രഭയുടെ അമ്മ കിടന്നതാണു്. ഇതാ, ഈ വിരിയിൽ, ഈ കിടക്കയിൽ കിടന്നാണു് അവൾ കണ്ണടച്ചതു്. ഈ മുറിയും അതിലുള്ള സമസ്തവസ്തുക്കളും അന്നത്തെ മട്ടിൽത്തന്നെ ഞാൻ സൂക്ഷിച്ചുവരുന്നുണ്ടു്; അവളുടെ ദിവ്യസ്മരണ നിലനിർത്താൻ. എനിക്കൊരൊറ്റ അനിയത്തിയേ ഉണ്ടായിരുന്നുള്ളൂ. (ഇടറിയ സ്വരത്തിൽ) അവളെന്റെ പ്രാണനായിരുന്നു. പ്രഭയുടെ പെറ്റമ്മ ഞാനല്ല… അതു നീ ഒരുപക്ഷേ അറിഞ്ഞിരിക്കും… ഞാൻ പ്രസവിച്ചിട്ടില്ല മാലിനീ… എങ്കിലും എനിക്കൊരു മകനെ കിട്ടി!
- പ്രഭാകരൻ:
- ഈ മകനു വേണ്ടിയാണു് അമ്മയുടെ തപസ്സു മുഴുവനും. കേട്ടോ മാലിനി. ഈ വേദനകളൊക്കെ അമ്മ അനുഭവിച്ചതു് എനിക്കുവേണ്ടിയാണു്. അമ്മ പ്രസവിക്കാഞ്ഞതും പ്രസവിക്കാൻ കൊതിക്കാഞ്ഞതും എന്റെ സുഖത്തെ ചൊല്ലിയായിരിക്കണം. അമ്മയോടുള്ള കടപ്പാടു് ഞാനെങ്ങനെ വീട്ടും?
- മീനാക്ഷി അമ്മ:
- ഒരമ്മയില്ലാത്ത മകനെ വളർത്തിക്കൊണ്ടുവരേണ്ട ഭാരം ചില്ലറയല്ല. ഞാനതിൽ തികച്ചും വിജയിച്ചിട്ടുണ്ടെന്നു പറഞ്ഞുകൂടാ. പ്രഭയുടെ സ്വഭാവത്തിൽ വല്ല കൊള്ളരുതായ്മയും വന്നിട്ടുണ്ടെങ്കിൽ അതു് എന്റെ കുറ്റംകൊണ്ടാണു്. അവനിലുള്ള സ്വഭാവശുദ്ധി മുഴുവനും അവന്റെ പെറ്റമ്മയുടേതാണു്. അവളത്രയും നിർമ്മലയായിരുന്നു.
- പ്രഭാകരൻ:
- അമ്മേ, അമ്മയുടെ അതിവിനയം എന്നെ വേദനിച്ചിക്കുന്നു. എനിക്കുള്ള സകലതും ഈ അമ്മയുടേതാണു്; കേട്ടോ മാലിനീ…
മാലിനി തലകുലുക്കുന്നു.
- മീനാക്ഷി അമ്മ:
- മാലിനി ഞാൻ പറയുന്നതു കേൾക്കുന്നില്ലേ?
- മാലിനി:
- ഉണ്ടു്.
- മീനാക്ഷി അമ്മ:
- എന്റെ മനസ്സിൽനിന്നു് പകുതി ഭാരം ചുരുങ്ങി. ഉള്ളഴിഞ്ഞു സ്നേഹിക്കാൻ കഴിയുന്നൊരു ഭാര്യയുടെ കൈയിൽ അവനെ ഏല്പിക്കണമെന്നുള്ള എന്റെ മോഹം സാധിച്ചു. ഉത്തരവാദിത്വം ഇനി നമുക്കു പപ്പാതിയാണു്.
- മാലിനി:
- (ഒന്നും കേൾക്കാതെ ആ മുറിയുടെ സൗകര്യവും ഭംഗിയും നോക്കി നില്ക്കുകയാണു്. പെട്ടെന്നു പ്രഭയുടെ നേർക്കു തിരിഞ്ഞു്) എന്തൊന്നാന്തരം മുറി! അപ്പുറത്തുമിപ്പുറത്തും രണ്ടു വലിയ ജാലകങ്ങൾ. പടിഞ്ഞാറുഭാഗത്തു് ജാലകത്തിനടുത്തു് പൂന്തോട്ടം.
മീനാക്ഷി അമ്മ മിണ്ടാതെ നില്ക്കുന്നു.
- മാലിനി:
- (പ്രഭാകരന്റെ നേരെ തിരിഞ്ഞു) എനിക്കു വലിയ ജാലകങ്ങളുള്ള മുറി ഇഷ്ടമാണു്; ജാലകത്തിനടുത്തു പുന്തോട്ടമുണ്ടായാൽ പറയുകയും വേണ്ട. ഞങ്ങളുടെ വീട്ടിൽ അതിനു സൗകര്യമില്ല.
പ്രഭാകരൻ മീനാക്ഷി അമ്മയുടെ മുഖത്തെ വികാരം എന്തെന്നറിയാൻ ഉറ്റു നോക്കുന്നു.
- മാലിനി:
- (തുടരുന്നു) എന്റെ കിടപ്പുമുറിക്കുതൊട്ടു് ഒരു തോട്ടമുണ്ടാക്കിത്തരാൻ ഞാനച്ഛനോടു പറഞ്ഞു. പക്ഷേ, എന്തു കാര്യം? മുറ്റം മുഴുവൻ വലിയ തെങ്ങുകളാണു്. അതിന്റെ തണലിൽ ഒന്നും നട്ടാൽ പൊടിക്കില്ല.
- മീനാക്ഷി അമ്മ:
- (സ്വപ്നത്തിലെന്നപോലെ) ശരിയാണു്, തണലിൽ നട്ടിട്ടു കാര്യമില്ല.
- പ്രഭാകരൻ:
- (വിഷയം മാറ്റാൻ ശ്രമിക്കുന്നു) മാലിനീ; ഈ മുറിയിൽ കടന്നുവന്നാൽ അമ്മയുടെ പ്രകൃതം പാടേ മാറും. പഴയ വിചാരങ്ങൾകൊണ്ടു് അമ്മ തളർന്നു പോകും.
- മീനാക്ഷി അമ്മ:
- എങ്ങനെ കുട്ടീ, തളരാതിരിക്കും? ഇതിലെ ഓരോ ചെറിയ വസ്തുവും എന്നോടെന്തൊക്കെ കഥകളാണു് പറയുന്നതു്! (മേശയുടെ അടുത്തേക്കു നീങ്ങി) ഇതാ, ഈ മരുന്നുകുപ്പികൾ പടക്കളത്തിൽ ചിന്തിവീണ ആയുധങ്ങളാണു്. എന്റെ അനുജത്തിയുടെ പ്രാണനെ രക്ഷിക്കാൻ ഒരു കിണഞ്ഞ യുദ്ധംതന്നെ നടത്തി. പക്ഷേ; ഫലിച്ചില്ല. മരുന്നും മന്ത്രവും മനുഷ്യനും തോറ്റു പിന്മാറി. മരണം ജയിച്ചു. അല്ലെങ്കിൽ ഞാനെന്തിനിതൊക്കെ വിസ്തരിച്ചു നിങ്ങളെക്കൂടി വേദനിപ്പിക്കുന്നു… പ്രഭേ നിങ്ങളെന്തിനിങ്ങോട്ടു വന്നു…
- പ്രഭാകരൻ:
- മാലിനി വന്നിട്ടെത്ര ദിവസമായമ്മേ, ഒരു ദിവസമെങ്കിലും ഒന്നിച്ചിരുന്നു കുറച്ചു വർത്തമാനം പറയാൻ കഴിഞ്ഞോ? ഞങ്ങൾ അമ്മയെ അന്വേഷിച്ചു പുറപ്പെട്ടതാണു്.
- മീനാക്ഷി അമ്മ:
- (മാലിനിയെ നോക്കി) കണ്ടുകിട്ടിയ സ്ഥലം പറ്റിയില്ല; അല്ലേ ആട്ടെ, ഈ സ്ഥലം ഒന്നും പറയാനും പറ്റില്ല നടക്കൂ, ഞാൻ പിന്നാലെ വരാം.
- പ്രഭാകരൻ:
- മതി അമ്മെ മതി. ഇവിടെ നിന്നിങ്ങിനെ വേദനിക്കുന്നതു് മതി. വരൂ, നമുക്കങ്ങോട്ടു പോകാം.
- മീനാക്ഷി അമ്മ:
- നിങ്ങൾ നടക്കൂ. ഞാൻ പിന്നാലെ വരാം. കുറച്ചുകൂടി ജോലിയുണ്ടിവിടെ. അതു് ക്ഷണത്തിൽ കഴിച്ചേക്കാം.
മാലിനി മുൻപിൽ നടക്കുന്നു.
- പ്രഭാകരൻ:
- (നടന്നുകൊണ്ടു്) അമ്മേ, വേഗം വരണേ… (പോകുന്നു.)
മീനാക്ഷി അമ്മ തലയാട്ടുന്നു. വീണ്ടും കട്ടിലിനടുത്തേക്കു നീങ്ങി കട്ടിലിലെ വിരിയുടെ ചുളിവുകൾ നീക്കുന്നു. കൃഷ്ണമേനോൻ മുറിയുടെ ഒരറ്റത്തു് പ്രത്യഷപ്പെട്ടു നിശ്ചലനായി നില്ക്കുന്നു. മീനാക്ഷി അമ്മ കട്ടിലിലെ വിരി ചുളിവു നിർത്തി വിരിച്ചു ചുമരിലെ ചിത്രങ്ങൾ ഓരോന്നായി നോക്കിത്തുടങ്ങുന്നു. പെട്ടെന്നു കൃഷ്ണമേനോനെ കാണുന്നു. കൃഷ്ണമേനോൻ നിർവികാരനായി ആ രംഗം നോക്കിനില്ക്കുന്നു. കൃഷ്ണമേനോനെ കണ്ടിട്ടും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ ഗൗനിക്കാതെ വീണ്ടും എന്തൊക്കെയോ ചെയ്യാൻ തുടങ്ങുന്നു. ഇത്തവണ കുറച്ചു പരിഭ്രമത്തോടെയാണു്. എന്താണു് ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതെ മേശപ്പുറത്തുള്ള മരുന്നുകൂപ്പികൾ ഒന്നുരണ്ടെണ്ണമെടുത്തു് കിടക്കയിൽ വെക്കുന്നു. കൃഷ്ണമേനോൻ പതുക്കെ മുന്നോട്ടുനടന്നു മേശയ്ക്കരികിലുള്ള കസേരയിൽ ചെന്നിരിക്കുന്നു. മീനാക്ഷി അമ്മ അല്പം മാറി നില്ക്കുന്നു.
- കൃഷ്ണമേനോൻ:
- (ശബ്ദം ശരിപ്പെടുത്തി) ഈ കുപ്പികളെന്തിനാ കിടക്കയിൽ എടുത്തുവെച്ചതു്?
- മീനാക്ഷി അമ്മ:
- (പെട്ടെന്നു കാര്യം ധരിച്ചു് തന്റെ ജാള ്യത മൂടിവെയ്ക്കാൻ ശ്രമിച്ചുകൊണ്ടു്) ആ മേശയൊന്നു തുടച്ചു വൃത്തിയാക്കാൻ ഉദ്ദേശിച്ചതായിരുന്നു.
- കൃഷ്ണമേനോൻ:
- ഞാൻ പോകാൻ പുറപ്പെട്ടു് യാത്ര ചോദിക്കാൻ ഇങ്ങട്ടു വന്നതാണു്.
- മീനാക്ഷി അമ്മ:
- (മറ്റെവിടെയോ നോക്കി) ഇന്നുതന്നെ പോണോ?
- കൃഷ്ണമേനോൻ:
- പോണം.
- മീനാക്ഷി അമ്മ:
- പ്രഭയെ കണ്ടില്ലേ?
- കൃഷ്ണമേനോൻ:
- കണ്ടു.
- മീനാക്ഷി അമ്മ:
- എന്തു പറഞ്ഞു?
- കൃഷ്ണമേനോൻ:
- എന്തു് പറയാൻ? ഞാൻ പോണെന്നു പറഞ്ഞു; അവൻ സമ്മതിച്ചു.
- മീനാക്ഷി അമ്മ:
- അത്ര വേഗത്തിൽ സമ്മതിക്കില്ല.
- കൃഷ്ണമേനോൻ:
- സമ്മതിക്കും; അല്ല, സമ്മതിച്ചു.
- മീനാക്ഷി അമ്മ:
- വെറുതേ പറയുന്നതാണു്.
- കൃഷ്ണമേനോൻ:
- ഞാനോ, പ്രഭയോ?
- മീനാക്ഷി അമ്മ:
- രണ്ടുപേരും. പറഞ്ഞാൽ കേൾക്കില്ലെന്നു തോന്നിയപ്പോൾ അവൻ വേഗത്തിൽ സമ്മതിച്ചിട്ടുണ്ടാവും.
- കൃഷ്ണമേനോൻ:
- ന്യായമായതെന്തു പറഞ്ഞാലും അവൻ സമ്മതിക്കും.
- കൃഷ്ണമേനോൻ:
- ഏതിൽ?
- മീനാക്ഷി അമ്മ:
- ഇങ്ങനെ പോവുന്നതിൽ.
- കൃഷ്ണമേനോൻ:
- ഇവിടെ ഇങ്ങനെ താമസിക്കുന്നതിലുള്ള ന്യായം എനിക്കു മനസ്സിലായില്ല.
- മീനാക്ഷി അമ്മ:
- അതു ഞാൻ പറഞ്ഞുതരാം.
- കൃഷ്ണമേനോൻ:
- ഇവിടെ ഇരിക്കൂ, എന്നിട്ടു പറഞ്ഞോളു.
- മീനാക്ഷി അമ്മ:
- വേണ്ട, നിന്നു പറഞ്ഞാൽ ഭാഷയ്ക്കു വ്യത്യാസം വരില്ല. ഇവിടെ താമസിക്കുന്നതിലുള്ള ന്യായം അവനവന്റെ മക്കളുടെ വീടാണെന്നുള്ളതുതന്നെ.
- കൃഷ്ണമേനോൻ:
- എന്നാരു പറയുന്നു?
- മീനാക്ഷി അമ്മ:
- പ്രഭയെന്താണു് പറഞ്ഞതു്?
- കൃഷ്ണമേനോൻ:
- കുറച്ചു ദിവസം കൂടി കഴിഞ്ഞു പോകാമെന്നു പറഞ്ഞു.
- മീനാക്ഷി അമ്മ:
- അത്രയേ പറഞ്ഞുള്ളു.
- കൃഷ്ണമേനോൻ:
- അതെ.
- മീനാക്ഷി അമ്മ:
- എന്നും അങ്ങിനെയാണോ പറഞ്ഞുവരാറു്?
- കൃഷ്ണമേനോൻ:
- മറ്റെന്തു പറയണം?
- മീനാക്ഷി അമ്മ:
- ഇവിടെത്തന്നെ പാർക്കണമെന്നും ഇവിടെനിന്നു പോകരുതെന്നും പറഞ്ഞില്ലേ?
- കൃഷ്ണമേനോൻ:
- പറഞ്ഞു.
- മീനാക്ഷി അമ്മ:
- എന്നിട്ടു്?
- കൃഷ്ണമേനോൻ:
- പറയാനധികാരമില്ലാത്തതു് ആരു പറഞ്ഞാലും ഞാൻ കേൾക്കാറില്ല.
- മീനാക്ഷി അമ്മ:
- പ്രഭയ്ക്കു പറയാൻ അധികാരമില്ലേ?
- കൃഷ്ണമേനോൻ:
- ഇല്ല.
- മീനാക്ഷി അമ്മ:
- പിന്നെ ആർക്കാണു് അധികാരം?
- കൃഷ്ണമേനോൻ:
- അധികാരം ആർക്കായാലും അതുള്ളവർ എന്നോടു് പറഞ്ഞിട്ടില്ല.
- മീനാക്ഷി അമ്മ:
- പ്രഭ ഇന്നും ഇന്നലെയും അല്ലല്ലോ ഇതു പറയാൻ തുടങ്ങിയതു്. അവൻ സംസാരിച്ചു പഠിച്ചമുതൽ പറയാൻ തുടങ്ങിയിരിക്കുന്നു; ഇല്ലേ? (കൃഷ്ണമേനോൻ അനുസരിച്ചു തല കുലുക്കുന്നു.) അവനു വിശേഷബുദ്ധിയില്ലാത്ത കാലത്തു് അവനതു പറഞ്ഞപ്പോൾ എന്തു ധരിച്ചു?
- കൃഷ്ണമേനോൻ:
- ഇവിടെ ആർക്കോ നാവില്ലെന്നും, അഥവാ അതുണ്ടെങ്കിൽ അതുകൊണ്ടു ചില പ്രത്യേക ആളുകളോടു സംസാരിക്കാൻ കഴിയില്ലെന്നും.
- മീനാക്ഷി അമ്മ:
- ഇത്ര വളഞ്ഞ വഴിക്കു ചിന്തിച്ചു മനസ്സിനെ ക്ഷീണിപ്പിച്ചതു നന്നായില്ല.
- കൃഷ്ണമേനോൻ:
- നന്നാവാത്തതു പലതും ഈ ഭുമിയിൽ സംഭവിക്കാറുണ്ടു്. ആട്ടെ, ഞാനൊന്നു ചോദിക്കട്ടെ?
- മീനാക്ഷി അമ്മ:
- എത്ര വേണമെങ്കിലും ചോദിച്ചോളൂ.
- കൃഷ്ണമേനോൻ:
- ഈ വിശാലമായ മുറി എന്തിനു് കാറ്റും വെളിച്ചവും കടക്കാതെ ഇങ്ങിനെ അടച്ചുകെട്ടി സൂക്ഷിക്കണം?
- മീനാക്ഷി അമ്മ:
- (കൃഷ്ണമേനോനെ ചൂണ്ടി) ഈ ജീവിതം എന്തിനിങ്ങിനെ തുലച്ചുകളുഞ്ഞു? ആ ഹൃദയത്തിൽ മറ്റൊരാളെ കടക്കാനനുവദിക്കാതെ എന്തിനു വാതിലും ജാലകങ്ങളും കൊട്ടിയടച്ചു സൂക്ഷിച്ചു?
- കൃഷ്ണമേനോൻ:
- പറയാം.
- മീനാക്ഷി അമ്മ:
- ഒന്നും പറയാനില്ല. ഈ മുറി ഈ വീടിന്റെ ഹൃദയമാണു്. ഇതിലിനി മറ്റൊരാൾക്കു പ്രവേശനമില്ല.
- കൃഷ്ണമേനോൻ:
- അപ്പോൾ, മരിച്ചവരുടെ സ്മരണയ്ക്കുവേണ്ടി ഇതിങ്ങനെ നശിപ്പിച്ചു കളയുന്നു; ഉപയോഗശുന്യമാക്കിക്കളയുന്നു; ഇല്ലേ?
- മീനാക്ഷി അമ്മ:
- (കൃഷ്ണമേനോനെ ചൂണ്ടി) അതേ; ആ ജീവിതംപോലെ.
- കൃഷ്ണമേനോൻ:
- അല്ല.
- മീനാക്ഷി അമ്മ:
- അതെ.
- കൃഷ്ണമേനോൻ:
- തെറ്റാണു് പറഞ്ഞതു്. ഈ ജീവിതം മരിച്ചവരുടെ സ്മരണയ്ക്കുവേണ്ടി ഇങ്ങിനെ മരവിപ്പിച്ചതല്ല.
- മീനാക്ഷി അമ്മ:
- പിന്നെ? (പരുങ്ങുന്നു.)
- കൃഷ്ണമേനോൻ:
- ഇതു ജീവിക്കുന്നവർക്കു വേണ്ടി സ്മാരകം പണിഞ്ഞതാണു്.
- മീനാക്ഷി അമ്മ:
- (വീണ്ടും പരുങ്ങി) എന്തു്? ആർക്കു്?
- കൃഷ്ണമേനോൻ:
- (പതുക്കെ എഴുന്നേറ്റു കൈ മുൻപിൽ കെട്ടി പ്രാർത്ഥനയുടെ അവസാനത്തിൽ ‘ആമീൻ’ എന്നു പറയുന്ന ശബ്ദത്തിലും ഭാവത്തിലും) മീനാക്ഷിക്കുട്ടിക്കു്…
- മീനാക്ഷി അമ്മ:
- (ഞെട്ടിത്തിരിഞ്ഞു്, കോപവും വിഷാദവും അപമാനവും സ്ഫുരിക്കുന്ന നോട്ടത്തോടെ) എന്തു്? എന്തു പറഞ്ഞു? ഈ മുറിയിൽവെച്ചു അതു് പറയാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? ഉറക്കെപ്പറയൂ, ആർക്കുവേണ്ടിയാണു്?
- കൃഷ്ണമേനോൻ:
- (തലയുയർത്തി, മീനാക്ഷി അമ്മയുടെ മുഖത്തേക്കു നോക്കി) മീനാക്ഷിക്കുട്ടിക്കുവേണ്ടി.
- മീനാക്ഷി അമ്മ:
- (ചുണ്ടമർത്തി വിഷാദം ഒതുക്കുന്നു. കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു് കൃഷ്ണമേനോനെ തുറിച്ചു നോക്കുന്നു.) ഏറ്റവും അധികം ദുഷിച്ച വിചാരങ്ങളുള്ളപ്പോഴാവണം ഈശ്വരൻ പുരുഷന്മാരെ സൃഷ്ടിക്കുന്നതു്.
- കൃഷ്ണമേനോൻ:
- അതുപോലെ ഒരു ചിന്തയുമില്ലാതെ മനസ്സു ശുന്യമായിരിക്കുമ്പോഴാവണം ഈശ്വരൻ സ്ത്രീകളെ സൃഷ്ടിക്കുന്നതു്.
- മീനാക്ഷി അമ്മ:
- തൃപ്തിയാവോളം പറഞ്ഞോളൂ.
- കൃഷ്ണമേനോൻ:
- പറഞ്ഞു തൃപ്തിയടഞ്ഞോളൂ.
- മീനാക്ഷി അമ്മ:
- പറഞ്ഞാൽ കേൾക്കില്ലെന്നു് ഒരു വ്രതമാക്കിയിരിക്കയല്ലേ?
- കൃഷ്ണമേനോൻ:
- ആരു്?
- മീനാക്ഷി അമ്മ:
- പറഞ്ഞാൽ കേൾക്കാത്തവർ.
- കൃഷ്ണമേനോൻ:
- ഇനി ആരും ആരോടും ഒന്നും പറയേണ്ടതില്ല. പറയാനും കേൾക്കാനുമുള്ള അവസരം കഴിഞ്ഞുപോയി.
- മീനാക്ഷി അമ്മ:
- കുറച്ചുകൂടി ആലോചിച്ചു സംസാരിക്കൂ.
- കൃഷ്ണമേനോൻ:
- വളരെ ആലോചിച്ചാണിന്നു സംസാരിച്ചതു്. പക്ഷേ, തെറ്റിദ്ധരിക്കുന്നു. എന്നിട്ടു ആ അനുസരണക്കോടിന്റെ കുറ്റം ഇന്നു മറ്റുളളവരുടെ തലയിൽ കെട്ടിവെക്കാൻ ബദ്ധപ്പെടുന്നു.
- മീനാക്ഷി അമ്മ:
- വാർദ്ധക്യം കൂടിത്തുടങ്ങുകയാണു്.
- കൃഷ്ണമേനോൻ:
- ഇനിയതു കൂടാനൊന്നുമില്ല.
- മീനാക്ഷി അമ്മ:
- മറ്റുള്ളവരുടെ സാന്നിധ്യവും സഹായവും വേണ്ട സമയമാണിതു്.
- കൃഷ്ണമേനോൻ:
- ആ സമയം കഴിഞ്ഞുപോയി. സഹായവും സാന്നിധ്യവും വേണമെന്നു തോന്നിയപ്പോൾ… മതി, ഞാൻ പറയുന്നില്ല.
- മീനാക്ഷി അമ്മ:
- അന്നു, മകന്റെ വിവാഹത്തിനു് സമയം തെറ്റി വന്നു കേറിയപ്പോൾ എന്തായിരുന്നു പറഞ്ഞതു്?
- കൃഷ്ണമേനോൻ:
- ഞാനോർക്കുന്നില്ല.
- മീനാക്ഷി അമ്മ:
- ഞാൻ മറന്നിട്ടില്ല. വണ്ടി തെറ്റിക്കയറിയെന്നു പറഞ്ഞില്ലേ?
- കൃഷ്ണമേനോൻ:
- പറഞ്ഞു.
- മീനാക്ഷി അമ്മ:
- കയറിയ വണ്ടി എത്തേണ്ട സ്ഥലത്തു് എത്തിയില്ലെന്നും പറഞ്ഞില്ലേ? (കൃഷ്ണമേനോൻ തലകുലുക്കുന്നു.)
- മീനാക്ഷി അമ്മ:
- വണ്ടിമാറിക്കയറിയതു ശരിക്കുള്ള സ്ഥലത്തേക്കു ടിക്കറ്റു വാങ്ങി മനഃപുർവം ചെയ്തതല്ലേ? അബദ്ധം പറ്റിയപ്പോൾ ഭാവിയെ ശപിക്കാനും തുടങ്ങി.
- കൃഷ്ണമേനോൻ:
- എന്തൊക്കെയാണു് മീനാക്ഷിക്കുട്ടി പറയുന്നതു്.
- മീനാക്ഷി അമ്മ:
- എല്ലാം മനഃപൂർവം ചെയ്തതാണെന്നെനിക്കറിയാം. എന്റെ കൈയിൽ തെളിവുകളുണ്ടു്. നിങ്ങളല്ല, നിങ്ങളുടെ ജീവിതമാണു്, തെറ്റായ വണ്ടിയിൽ കയറിയതു്. അതും മനഃപൂർവം!
- കൃഷ്ണമേനോൻ:
- (അസ്വസ്ഥനായി എഴുന്നേല്ക്കുന്നു.) ഈ അധിക്ഷേപം കേൾക്കുന്നതിലെനിക്കു വിരോധമില്ല. പക്ഷ, ഈ വഞ്ചന കാണുന്നതാണു് എനിക്കു സഹിക്കാൻ വിഷമം.
- മീനാക്ഷി അമ്മ:
- ഏതു വഞ്ചന?
- കൃഷ്ണമേനോൻ:
- മീനാക്ഷിക്കുട്ടി, രണ്ടാളായി ജീവിക്കുന്ന വഞ്ചന. ഞാൻ ചോദിക്കട്ടെ-ഈ മുറിയും ഇതിലുള്ള സാധനങ്ങളും ഇങ്ങിനെ സൂക്ഷിച്ചുവെച്ചതു് അനുജത്തിയോടുള്ള സ്നേഹംകൊണ്ടാണോ?
- മീനാക്ഷി അമ്മ:
- പിന്നെ?
- കൃഷ്ണമേനോൻ:
- ഇതു് പകവീട്ടലല്ലേ? പ്രഭയുടെ മുമ്പിൽ വാത്സല്യനിധിയായൊരു പെറ്റമ്മയെപ്പോലെ പെരുമാറുന്നതു് അഭിനയമല്ലേ? ഇവയൊക്കെ പകവീട്ടലല്ലേ?
- മീനാക്ഷി അമ്മ:
- പരാജയപ്പെടുമ്പോൾ വിറളിപിടിക്കുന്നതു് മനുഷ്യസ്വഭാവമാണു്.
- കൃഷ്ണമേനോൻ:
- ഇതൊന്നും പരാജയമല്ല. ശരിക്കുള്ള പരാജയം വരുന്നതേയുള്ളു. ഈ അഭിനയങ്ങളൊക്കെ ഒരു ദിവസം തകരും. അന്നു പരാജയത്തിന്റെ വിശ്വരൂപം മീനാക്ഷിക്കുട്ടി ശരിക്കു കാണും. അതിനെ നേരിടാൻ ഒരുങ്ങിക്കോളു. എന്റെ പേരിൽ അനുകമ്പ തോന്നാഞ്ഞാൽ മതി… (പോകുന്നു.)
മീനാക്ഷി അമ്മ അസഹ്യമായ മുഖഭാവത്തോടെ പിന്നാലെ ഒന്നുരണ്ടടി വെച്ചു ചെല്ലുന്നു. അബദ്ധം മനസ്സിലായപോലെ തിരിച്ചുചെന്നു കട്ടിലിൽ ഇരിക്കുന്നു. അവശയെപ്പോലെ കുനിഞ്ഞിരുന്നു തേങ്ങുന്നു.
—യവനിക—