അത്യാധുനികകവിത, പരീക്ഷണകവിത, ദിഗംബരകവിത എന്നൊക്കെ സൗകര്യം പോലെ നാം വിളിക്കാറുള്ള പുതിയ കാവ്യശാഖയിലെ ഏറ്റവും വിവാദവിഷയമായിട്ടുള്ള ഒരു ഘടകമാണു് ഈ ലേഖനത്തിന്റെ വിഷയം. പുതിയ കവിതയുടെ ഏറ്റവും പ്രകടമായ സവിശേഷതമായ മുക്തച്ഛന്ദസ്സ് നമ്മിൽ പലർക്കും ചമ്പൂഗദ്യങ്ങളിലൂടെയും മറ്റും ഒട്ടൊക്കെ പരിചിതമായിരുന്നതാണു്? നിയതമായ താളക്രമത്തിനു പകരം കുറേക്കൂടി സ്വതന്ത്രമായ താളങ്ങൾ സംഗീതാത്മകമായി ഉപയോഗിക്കുന്നതിൽ ആർക്കും അപ്രിയത്തിനിടയില്ല. വിഷയത്തെക്കുറിച്ചാണെങ്കിൽ, നൂതനസംവേദനങ്ങളുൾകൊണ്ടുകൊണ്ടു് നാഗരികജീവിതത്തെ പ്രതിപാദിക്കുന്നതിൽ കവിയോടു് ആർക്കണ്ടു് എതിർപ്പു്? വായനക്കാരനെ അമ്പരമ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതു് ഈ മുക്തച്ഛന്ദസ്സോ വിഷയനൂതനത്വമോ അല്ല: പിന്നെയോ, ഈ പുതിയ സംവേദനങ്ങൾ പകർന്നുകൊടുക്കാൻ കവി ഉപയോഗിച്ച പ്രത്യേകമായ സാങ്കേതിക രീതിയാണു്. 1922-ൽ ആംഗല കവിയായ എലിയട്ട് സ്വന്തം കവിതയിലൊരിടത്തു് പ്രയോഗിച്ച ഒരു ശൈലി കടം വാങ്ങി, ആ സാങ്കേതികരീതിയെ Broken Images എന്നു വായനക്കാർ വിളിച്ചിരുന്നു. ഈ വാക്കിന്റെ ശരിത്തർജ്ജമ തകർന്ന ബിംബങ്ങൾ (ഭഗ്നബിംബങ്ങൾ) എന്നാണെങ്കിലും, അർത്ഥവൈശദ്യത്തെ ലാക്കാക്കി തല്ക്കാലം നമുക്കതിനെ അയഞ്ഞ ബന്ധമുള്ള ബിംബങ്ങളുടെ സന്നിപാതം എന്ന അർത്ഥത്തിൽ “ശ്ലഥബിംബാവലി” എന്നു വിളിക്കുക.
ഒരു കവി എന്തിനാണു് ഇമേജ് അഥവാ ബിംബം പ്രയോഗിക്കുന്നതു് എന്നു ചിന്തിക്കാതെ ഈ സാങ്കേതിക രീതി പൂർണ്ണമായും മനസ്സിലാക്കാൻ പറ്റില്ല. കവിത ഒരു വിനിമയം—കമ്മ്യൂണിക്കേഷൻ—ആണല്ലോ. കവിയുടെ അന്തർഗ്ഗതമായ ഭാവത്തെ തുല്യതീവ്രതയോടെ അനുവാചകനു് പകർന്നു് കൊടുക്കുന്നതിലാണു് അയാളുടെ ശ്രദ്ധ. നാണയങ്ങൾക്കു് ക്ലപ്തമായ മൂല്യം നിശ്ചയിച്ചിട്ടുള്ളതുപോലെ നിഘണ്ടുവിൽ നിശ്ചിതമായ അർത്ഥം കല്പിച്ചിട്ടുള്ള വാക്കുകളുടെ സർവ്വസാധാരണമായ വ്യവഹാരത്തിൽ, പലപ്പോഴും കവിയുടെ ഭാവപ്രപഞ്ചം മുഴുവനും ഒതുങ്ങാതെ ചോർന്നുപോകുന്നു. ഇവിടെയാണു്, സമർത്ഥവും, പൂർവ്വാനുഭവസ്ഥിതികളുണർത്തി ഉള്ളിനുള്ളിലൊരു ഭാവചലനം സൃഷ്ടിക്കാൻ പോന്നതുമായ ഒരൊറ്റബിംബത്തിന്റെ പ്രയോഗംകൊണ്ടു് കവി ഭാഷയുടെ പരിമിതിയെ വെല്ലൂന്നതു്. ഒരുദാഹരണം എടുക്കാം. നേരിട്ടു പറഞ്ഞാൽ വെറുമൊരു ചാപല്യമായി മാത്രം നാമെടുത്തേക്കാവുന്ന കാര്യത്തെപ്പറ്റി,
നെൻകരളിൽക്കയറിനിന്നോളേ!”
എന്നു് വൈലോപ്പള്ളി പാടുമ്പോൾ വികാരതരളമായൊരു അന്തരീക്ഷം തന്നെ നമ്മുടെ ഉള്ളിൽ വിടരുകയായി. ഈ വാചകം പരാവർത്തനം ചെയ്തുകഴിഞ്ഞാൽ, പിന്നെ അതിലൊന്നും ബാക്കികാണില്ല. ഉള്ളിൽവച്ചു നുണച്ചാലോ, അനുരാഗത്തിന്റെ തുടുപ്പുമായി നിങ്ങളുടെ മനംകവരുന്നൊരു ഗ്രാമീണ കന്യക ഭാവനയിലൊളിച്ചിരിക്കുന്നതു കണ്ടെത്താം. കവിതയെ അവശ്യവക്തവും കൊണ്ടു് ധ്വനിബന്ധുരമാക്കുക മാത്രമല്ല, അനുഭൂതിയുടെ തീവ്രതയും സൂക്ഷ്മതയും കൊണ്ടു് ശക്തവുമാക്കുന്നുണ്ടു് ഇത്തരം ബിംബങ്ങളെന്നു കാണാം.
കാലാകാലങ്ങളിൽ കവികളെടുത്തു പെരുമാറാറുള്ള ഇത്തരം ഇമേജുകളിൽനിന്നു് ഇന്നത്തെ ശ്ലഥബിംബങ്ങൾക്കു് എന്താണൊരു പ്രത്യേകത? കുറേക്കൂടി ബോധപൂർവ്വം ഉപയോഗിക്കുന്നുവെന്നതാണോ? അബോധപുർവ്വം എന്നു പറയുയന്നതാവില്ലേ കൂടുതൽ ശരി? ഇന്നത്തെ കവിതയിൽ സവിശേഷമായി കാണുന്നൊരു പുതുമ, സമുഹമനസ്സിന്റെ ആഴത്തിന്നുമാഴത്തിലുള്ള പ്രാക്തനസംസ്ക്കാരബിംബങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് ആണല്ലോ. ‘തുമ്പ’യുടെ റോക്കറ്റ് തുമ്പികളെ നോക്കി നില്ക്കെ അയ്യപ്പപ്പണിക്കർ, ‘ജാനകി തേങ്ങിമറഞ്ഞ ധരയുടെ ആഴത്തിൽനിന്നു്’ മുത്യൂപൂജയുടെ പ്രണവം കേൾക്കുന്നു: ഇവയെ തമ്മിൽച്ചേർക്കുന്ന ചരടിന്റെ തുമ്പു കാണാതെ അനുവാചകൻ കവിതയെ ശപിച്ചൊഴിയുന്നു. എന്താണിവിടെ സംഭിവിക്കുന്നതു്? കാണെക്കാണെ മാറിക്കൊണ്ടിരിക്കുന്ന ആധുനിക നാഗരികതയുടെ പരിഭ്രാന്തമായ പരക്കംപാച്ചിലിൽ, തന്റെ അസ്തിത്വത്തിലുള്ള വിശ്വാസം വീണ്ടെടുക്കുവാൻ വെമ്പുകയാണു് കവി. അനുഭൂതികൾക്കു് പൊരുത്തമില്ല. സങ്കലനം ചെയ്തുൾക്കൊള്ളാൻ വയ്യാത്തവിധം വിഷമവും സങ്കീർണ്ണവുമായ ബാഹ്യപ്രപഞ്ചജീവിതാനുഭൂതികൾക്ക് ഒരർത്ഥം കണ്ടെത്താനുള്ള ശ്രമത്തിൽ, കവിമനസ്സു് സ്വന്തം വേരു തിരഞ്ഞു പോകുകയാണു്. പലപ്പോഴും ആ ശ്രമത്തിൽ, കവിഞ്ഞൊരർത്ഥവും കവി കണ്ടെത്തുന്നില്ലെന്നും വരാം. എങ്കിലും ആ ശ്രമത്തിന്റെ ആത്മാർത്ഥതയെ നാം കാണാതിരുന്നുകൂടാ. കവിതയിൽ അതിന്റെ നൂലിഴ എത്ര നേർത്തതായാലും കാണുകയും ചെയ്യാം.
അഗാധാമായൊരു ചുഴിയുടെ ഉപരിതലത്തിലുള്ള കഷണങ്ങൾക്കും അവയുടെ ചലനങ്ങൾക്കും ഒരു ബന്ധവുമില്ലെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാലും സൂക്ഷിച്ചുനോക്കിയാൽ, അവയെല്ലാം അടിയിലുള്ളൊരു ബിന്ദുവിനെ കേന്ദ്രീകരിക്കുന്നതു കാണാമല്ലോ. എലിയട്ട് ഉപയോഗിച്ച ശ്ലഥബിംബങ്ങൾ ഈ ഉഡുപഖണ്ഡങ്ങളെപ്പോലെയുള്ളവ ആയിരുന്നു. പ്രത്യക്ഷത്തിൽ അവയ്ക്കു തമ്മിൽ ഒരു ബന്ധവുമില്ല ചുഴിഞ്ഞിറങ്ങിച്ചെന്നാലോ, ഒരൊറ്റ ഭാവചിത്രത്തിന്റെ (ദാരുണവും വന്ധ്യവുമായ തരിശുഭൂമിയുടെ) വിശദാംശങ്ങളിലാണു് ഓരോ ബിംബവും നമ്മെക്കൊണ്ടെത്തിക്കുന്നതെന്നു് മനസ്സിലാകും. അത്രയേറെ കോലാഹലമുണ്ടാക്കിത്തീർത്ത ശ്രീ കക്കാടിന്റെ 1963 എന്ന കവിത പരിശോധിച്ചുനോക്കൂ. അതു് കക്കാടിന്റെ ഏറ്റവും നല്ല കവിതയാണെന്നോ, ആധുനികകവിതയിൽ മറെറല്ലാം അതിന്നു് കീഴെയാണെന്നോ ധരിച്ചിട്ടല്ല; നമ്മുടെ മുമ്പിലുള്ള ശ്ലഥബിംബങ്ങൾക്കു് ഉദാഹരിക്കാമെന്നതുകൊണ്ടാണു് ഞാൻ അതിനെ സ്വീകരിക്കുന്നതെന്നു് വിശദമാക്കിക്കൊള്ളട്ടെ. ഇന്ത്യ പൊതുജീവിതത്തിലുണ്ടായ നൈതികാധഃപതനവും, മാനസികദാസ്യവും ചൈനീസാക്രമണം നമുക്കേല്പിച്ച ആഘാതത്തിന്റെ കരിനിഴലിൽനിന്നുകൊണ്ടു നോക്കിക്കാണുകയാണു് കവി. പുതുവർഷാത്തിലേക്കുള്ള സംക്രമം കവിയെ ആശാഭരിതനും ഉത്സാഹിയുമാക്കുന്നില്ല പുരസ്തലം നിറയെ ഭൂതകാലജഡങ്ങളാണു്. ആശങ്കയും ഭീഷണിയും നിറഞ്ഞ ഭാവി. നിമ്നമായ ദോഷവാസനകളും, സംഹാരശക്തികളും, ചവുട്ടിമെതിക്കപ്പെട്ട മഹാമൂല്യങ്ങളും. ജീവിതത്തിന്റെ ആത്യന്തികദുരന്തവും കവിമനസ്സിൽ നടത്തുന്ന പരേഡാണു് കവിതയിൽ ഉടനീളം. ഇവ കവിമനസ്സിൽ ഉടലെടുക്കുന്ന രീതികളും, അവയുടെ രൂപവൈചിത്യ്രങ്ങളുമാണ് ശ്രദ്ധേമായിട്ടുളളതു്, യഥാക്രമം കണ്ടപ്പനും, ഇരാവാനും, സൈരന്ധ്രിയും, രക്ഷസ്സകളും ആദിപുരാണസ്തുതി തലങ്ങളിൽനിന്നു് എഴുന്നേറ്റുവന്നു് സമുചിതബിംബങ്ങളായീത്തീർന്നിരിക്കുന്നു. ആദ്യന്തം പ്രതിപാദ്യം ആധുനികനാഗരികതയടെ കെടുതികളാണെന്നിരുന്നാലും, ഇതിലെവിടെ ശ്രദ്ധിച്ചാലും മഹാഭാരതകാലത്തെ ധർമ്മാധർമ്മവിചീന്തനങ്ങളുടെ മാറ്റൊലി കേൾക്കാൻ പ്രയാസമില്ല. അന്നു് ഉദങ്കൻ കണ്ട സംവത്സരചക്രഭ്രമണത്തിനു് ആസ്പദവും അർത്ഥവും ഉണ്ടായിരുന്നു. ഇന്നു് വർഷസംക്രമം കവിയിലുണർത്തുന്നതു് നിരർത്ഥകമോ അനർത്ഥകരമോ ആയ അനുഭൂതികളുടെ വിഷമപടലങ്ങളാണു്. എങ്കിലും, തന്റെ തായ്വേരായ പാരമ്പര്യത്തിലുറച്ചുനിന്നുകൊണ്ടു്. ഭാവിയിലേക്കുറ്റു നോക്കി ഒരർത്ഥം കണ്ടെത്താൻ കവി ആത്മാർത്ഥമായ ശ്രമം നടത്തുന്നു. ഇങ്ങനെ നോക്കുമ്പോൾ, പരസ്പരം ബന്ധം കമ്മിയായ കണ്ടപ്പനും തക്ഷകനും ചുമലിൽ ഗ്ലോബുപുകയ്ക്കുന്ന അസുരനും എല്ലാം ഒരേ ഭാവമണ്ഡലത്തിലേക്കുള്ള പ്രക്ഷേപകങ്ങളാണെന്നു കാണാം.
അല്ല, ഇത്ര പാടുപെട്ടു് ഓടക്കായ് ചതച്ചു് എണ്ണയെടുക്കുന്നതുപോലെ വേണോ കവിത ആസ്വദിക്കാൻ? ലളിതമായിപ്പോയാൽ കവിത ആവില്ലെന്നുണ്ടോ? എന്നു് ചിലർ ചോദിച്ചുകേട്ടിട്ടുണ്ടു്. ഇതിനെനിക്കു മറുപടി ഇല്ല. ഓടലെണ്ണയെ ഞാൻ വിലമതിക്കുന്നു. അതു് മുറിവുണക്കാൻ നന്നായതുകൊണ്ടു്. കവിതയെ അതിന്റെ തനിമയിലേക്കു് കൊണ്ടുവരാനുളള ഏതു് ഉദ്യമവും സ്വാഗതാർഹമാണു്. പിന്നെ, ഉദാരമായ കാവ്യക്ഷേത്രത്തിൽ ഒരൊറ്റ മൂർത്തിയുടെ പ്രതിഷ്ഠുകളേ പാടുള്ളു എന്നു് എനിക്കു തീരെ അഭിപ്രായം ഇല്ല. കലാകാരന്മാരെ ഒരേ നുകത്തിൽക്കട്ടുന്നുവെന്നു് പരക്കേ ആക്ഷേപമുള്ള റഷ്യയിൽപ്പോലും, ആധുനികകവിതയുടെ സമൃദ്ധമായ സ്വരവൈവിദ്ധ്യത്തിൽ ഊറ്റം കൊള്ളുന്നവരാണു് അനുവാചകർ എന്നു് ഇയ്യിടെയിറങ്ങിയ ഒരു റഷ്യൻ സമാഹാരത്തിന്റെ മുഖവുരയിൽ പ്രസ്താവിച്ചുകണ്ടതു് ഓർത്തുപോകുന്നു.
—1967
കലയിലെ സാമൂഹ്യാംശത്തെ സംബന്ധിച്ചും എഴുത്തുകാരനു് സമൂഹത്തോടു് ഉണ്ടായിരിക്കേണ്ട കടമയെക്കുറിച്ചും ഗൗരവപ്പെട്ട ചർച്ചകളും ഉദ്ബോധനങ്ങളും വീണ്ടും ഉയർന്നുവന്നിരിക്കുന്നു. അസ്വസ്ഥവും പ്രശ്നജടിലുമായ ഈ കാലഘട്ടത്തിലെ എഴത്തുകാരന്നു് തന്റേതായൊരു ഉത്തരവാദിത്വം ഏറെറടുക്കാനും നിറവേറ്റാനും ഉണ്ടെന്ന ബോധം പ്രകടിതമായ അഭിപ്രായഗതികളിൽ പൊതുവേ നിഴലിച്ചൂ കാണുന്നു. അതിനാൽ ഓരോ എഴുത്തുകാരനും സ്വയം ചോദ്യങ്ങൾ ചോദിക്കുകയും തനതായൊരു നിലപാടു് എടുക്കുകയും ചെയ്യേണ്ടതാണു്, എഴുത്തിനെ വെറുമൊരു നേരമ്പോക്കായി അയാൾ ഗണിച്ചിട്ടില്ലെങ്കിൽ.
മലയാളസാഹിത്യപരിമാണത്തിന്റെ ഈ ദശാസന്ധിയിൽ ഈ ചർച്ചുകൾക്കു് വിശേഷിച്ചൊരു അർത്ഥവും സ്വാരസ്യവും ഉണ്ടെന്നു തോന്നുന്നു. സ്വാതന്ത്രയസമ്പാദനത്തിന്നു തൊട്ടു മുമ്പും പിമ്പും അന്നത്തെ തലമുറയെ പിടിച്ചുനിറുത്തി ഉത്തരം പറയിച്ചിരുന്ന ഒരു ചോദ്യം ആയിരുന്നു,“പേനയോ വാളോ?” എന്നതു്. അന്നു് പലരും പേനകളഞ്ഞു് വാൾ എടുത്തിരുന്നു. ചിലർ പേന വാളാക്കി മാറ്റിയിട്ടുണ്ടു്. വാൾപ്പയറ്റിൽ മനം മടുത്തു് ഒടുക്കം ചിലർ വാൾ “ഒരു മണിപ്പൊൻവീണ” വാങ്ങുകയും ചെയ്തു. പിന്നീടു്, വാളിൽനിന്നു് വീണയിലേക്കുള്ള ഈ മാറ്റം സാഹിത്യചരിത്രത്തിൽ അനിവാര്യമായ ഒരു പ്രതിക്രിയ—റിയാക്ഷൻ—ആയിരുന്നിരിക്കാം. വിപ്ലവാവേശത്തിൽനിന്നും മുദ്രാവാക്യജപത്തിൽനിന്നും സ്വന്തം അനുഭൂതികളുടെ മണിയറയിലേക്കുള്ള അന്തർമ്മുഖമായ ഈ പ്രയാണം സ്വാഭാവികമായും എഴുത്തുകാരനെ ഒരുതരം “മനംനോക്കി” ആക്കിയിട്ടില്ലേ? എന്നു് ചിലർ ന്യായമായും ശങ്കിക്കുന്നു. രൂപമാതൃകകളിലും ശുദ്ധസൗന്ദര്യത്തിലും കണ്ണൂന്നിനിൽക്കുന്ന ഇന്നത്തെ എഴുത്തുകാരൻ ജീവിതത്തിന്റെ യഥാർത്ഥപ്രശ്നങ്ങളിൽനിന്നു് ബഹുദൂരം ഒളിച്ചോടിപ്പോയിരിക്കുന്നു എന്നാണു് അവരുടെ പരാതി.
ഈ പരാതിക്കു് ഇടമുണ്ടോ ഇല്ലയോ എന്നന്വേഷിക്കും മുമ്പു് ഒന്നു സൂചിപ്പിക്കാതെ വയ്യ: അതായതു്, സ്വാനുഭൂതികളിലേക്കു് ഒരു മനം നോക്കിപ്പാച്ചിൽ നടത്താൻ എഴുത്തുകാരനെ പ്രേരിപ്പിച്ച വസ്തുതകളിൽ, ഒന്നു് തീർച്ചയായും, അതീവബാഹ്യവും അന്ധവുമായ മുദ്രാവാക്യസാഹിത്യത്തിലുള്ള അസംതൃപ്തിയും വിരക്തിയും ആയിരുന്നു. മനം നോക്കിപ്പാച്ചിൽകൊണ്ടു ഉണ്ടായിട്ടുള്ള ഒരു നേട്ടമാകട്ടെ, അതു് എഴുത്തുകാരനെ കലാസൃഷ്ടിയുടെ അനുപേക്ഷണീയഘടകമായ ആന്തരതപസ്യയ്ക്കു് പ്രേരിപ്പിക്കുകയും അതുവഴി സാഹിത്യത്തെ അതിന്റെ തനിമയിലേക്കു് ഒരിക്കൽക്കൂടി ആവാഹിക്കുകയും ചെയ്തു എന്നതും ആയിരുന്നു.
എന്താണീ സാഹിത്യത്തിന്റെ തനിമ? സുന്ദരമായ ആവിഷ്ക്കരണശൈലിയും രൂപപ്പൊലിമയും ആണോ? അവ മാത്രം അല്ല. മാത്രകളെണ്ണി മുറിച്ചളന്നു് അച്ചടിച്ച സാമൂഹ്യവിമർശനവും തത്വജ്ഞാനവും ആണോ? അവയും അല്ല. സാഹിത്യത്തിന്നു മാത്രം സാദ്ധ്യമാകുന്നൊരു രീതിയിൽ, ഏകകാലത്തിൽ ആനന്ദവും ധർമ്മോദ്ബോധനവും അനുവാചകനു നൽകാനുള്ള പ്രാഭവമാണു് ഈ തനിമ എന്നു തോന്നുന്നു. അവിടെ ജീവിതവിമർശത്തിനും രൂപസാമഞ്ജസ്യത്തിനും തുല്യസ്ഥാനമാണുള്ളതു്.
കലാസൗന്ദര്യയമില്ലാത്ത ജീവിതവിമർശമോ, ജീവിതഭാവം സ്പർശിക്കാത്ത കലാസൗന്ദര്യമോ—അവ എത്രമാത്രം മുന്തിയവ ആയിരുന്നാലും ശരി—സാഹിത്യത്തെ അതിന്റെ തനിമയിലേക്കു് ആകർഷിക്കുന്നില്ല. അതുകൊണ്ടത്രേ മുദ്രാവാക്യമുഖരിതമായ ഒരന്തീരക്ഷത്തിൽ സാഹിത്യത്തിനു് അതിന്റെ തനിമ നഷ്ടപ്പെട്ടതിന്റെ ഫലമായി അന്തർമുഖയിലേക്കും രൂപപരീക്ഷണങ്ങളിലേക്കും ഇപ്പോൾ ഒരു പെൻഡുല ഭൂമണം ഉണ്ടായിരിക്കുന്നതു്.
അതുകൊണ്ടുതന്നെ സാഹിത്യം രൂപമാത്രനിഷ്ഠവും ജീവിതനിഷേധിയും ആവുക എന്നു വന്നാൽ അതും ഒരു നിലയ്ക്കു് സാഹിത്യത്തിന്റെ തനിമയെ ഇല്ലായ്മ ചെയ്യലാകും എന്നു വന്നു കൂടന്നു. സാഹിത്യസൃഷ്ടിതന്നെ വാസ്തവത്തിൽ, പ്രപഞ്ചസത്തയും വ്യക്തിസത്തയും തമ്മിലുള്ള—ബാഹ്യവും ആന്തരികവും തമ്മിലുള്ള—ഒരു അനുരഞ്ജനം അല്ലേ? എന്നിരിക്കെ സാഹിത്യത്തിൽ അന്തർമുഖ തപസ്യയ്ക്കും ബാഹ്യജീവിതദർശനത്തിന്നും പൊരുത്തപ്പെടാൻ വയ്യെന്നുവരുമോ? ആവും ഏന്നു് ഉറപ്പിച്ചുപറയാൻ എനിക്കു തോന്നുന്നു.
പ്രതിക്ഷണപരിണാമശീലമായ ആധുനികജീവിതത്തിന്റെ ജലവായുവിലേക്കു് പഞ്ചേന്ദ്രിയങ്ങളും തുറന്നുവച്ചു് ജീവിക്കുന്ന ഇന്നത്തെ എഴുത്തുകാരനു് ജീവിതത്തെക്കുറിച്ചു് ബോധവും ദർശനവും ഉണ്ടാകണം; എഴുത്തുകാരനാണെങ്കിൽ അതുണ്ടാകാതെ തരമില്ല. എന്നുവെച്ചു്, സാഹിത്യസൃഷ്ടിക്കു് തപസ്യ വേണ്ടെന്നു വരുന്നില്ല. സത്യത്തിൽ, ജീവിതാനുഭൂതികളുടെ ചുടലതയും തീവ്രതയും അനുസരിച്ചു് തപസ്യുടെ സ്വഭാവവും കാഠിന്യവും ഏറുകയാണു് ചെയ്യുക. രചനയുടെ നിമിഷത്തിൽ ഒരു കവിയുടെ ഹൃദയത്തിൽ സൗന്ദര്യത്തോടും ഔചിത്യത്തോടും ഉള്ള അനുസരണം നാമ്പിടുന്നില്ലെങ്കിൽ അയാൾ മറെറന്തോ തൊഴിലിന്നു് പിറന്നവനാണു്, കാരണം, തന്റെ ജീവിതബോധവും ദർശനവും മറ്റുളളവരിലേക്കു് തുല്യതീവ്രതയോടെ പകരണമെന്നു് ആത്മാർത്ഥമായ ഉദ്ദേശമുള്ളപക്ഷം അയാൾക്കു അതിന്നുതകുന്ന രൂപവും ശൈലിയും കണ്ടെത്താതെ വയ്യല്ലോ!
ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം ഉണ്ടു്, എഴുത്തുകാരൻ സമൂഹജീവിയായ തന്റെ നിലനിൽപ്പിൽനിന്നു് നേടിയെടുക്കുന്ന അനുഭവങ്ങൾ സ്വാംശീകരിക്കയും വിശകലനം ചെയ്ക്കയും ചെയ്തിട്ടു്, തനിക്കു് ആശാസ്യമെന്നു് തോന്നുന്ന ഒരു കാഴ്ചപ്പാടിൽ അവതരിപ്പിക്കയാണു് ചെയ്യുന്നതും ചെയ്യേണ്ടതും. പുതിയ വിജ്ഞാനത്തിന്റെ ദ്രഷ്ടാവാണു് കവി എന്നു പറയുന്നതു് അതിരുകടന്ന ഒരു അവകാശവാദമേ ആക്കൂ. ജനജീവിതസമസ്യയ്ക്കു് പുതിയൊരു ദർശനം—തത്ത്വം—കൊണ്ടു് പരിഹാരം നൽകാൻ കവി പാടുപെടേണ്ടതില്ലെന്നു തോന്നുന്നു. കവിയുടെ ദർശനം രൂപപ്പെടുന്നതു് രണ്ടു് ഘടകങ്ങളിലുടെയാണു്; ഒന്നു് സാമൂഹ്യജീവിതത്തിന്റെ നൂലാമാലകളിലൂടെ കടന്നുപോകുന്ന കവിചേതന ആർജ്ജിക്കുന്ന സവിശേഷമായ അനുഭൂതികൾ; രണ്ടു് ഈ അനുഭൂതികളെ കൂട്ടിച്ചേർത്തു് അർത്ഥവത്തായ ഒരു ചിത്രശിൽപ്പം (പാറ്റേണ്‍) മെനഞ്ഞുണ്ടാക്കുന്ന മൂല്യബോധം. കവിയുടെ ഈ മൂല്യബോധം സനാതനമായ നന്മതിനമകളെക്കുറിച്ചുള്ള വിവേചനമാകാം, സത്യധർമ്മങ്ങളിലുള്ള വിശ്വാസമാകാം; ഗാന്ധിസമോ മാർക്സിസമോ രണ്ടും കൂടിയോ സമ്മാനിക്കുന്ന നവീനബോധവും ആകാം. ഇന്നതുവേണമെന്നു ശഠിക്കുന്നതിൽ അർത്ഥമില്ല. കാരണം, അതു് അയാളടെ വ്യക്തിസത്തയുടെ ഭാഗമാകുന്നു. നമുക്കു് അയാളിൽ വേണമെന്നാവശ്യപ്പെടാനുള്ളതു് സ്വാനുഭൂതികളെ തനതായൊരു കാഴ്ചപ്പാടിലവതരിപ്പിക്കാൻ സഹായിക്കുന്ന മൂല്യബോധമാണു്; കാവ്യാനുഭൂതികളെ ലളിതമായ ആശയങ്ങളാക്കി തരംതാഴ്ത്തുന്ന മുദ്രാവാക്യങ്ങളല്ല. മൂല്യബോധത്തിനേ കാവ്യാനൂഭൂതികളെ പുടപാകം ചെയ്തെടുക്കാനുള്ള കെല്പുളള. മുദ്രാവാക്യങ്ങൾ ആ അനുഭൂതികളെ നിർജ്ജീവമായ ആശയങ്ങളാക്കി കെടുത്തുകയേ ഉള്ളൂ.
ധർമ്മസങ്കടങ്ങളുടേതായ ഈ യുഗത്തിൽ കാണെക്കാണെ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാഗരികതയെ അളക്കുവാനും പതിരും മണിയും വേർതിരിച്ചുൾക്കൊള്ളാനും സഹായിക്കുന്ന മൂല്യബോധം ഇന്നത്തെ എഴുത്തുകാരൻ ആർജജിക്കേണ്ടിയിരിക്കുന്നു. എങ്ങനെ ആർജ്ജിക്കണം? ഇതു് ഓരോ എഴുത്തുകാരനും തന്നോടുതന്നെ ചോദിച്ചു് സ്വയം തീരുമാനിക്കേണ്ടതാണ്. പൂർവ്വനിശ്ചിതങ്ങളായ അപോദ്ധാരണശൈലികളും ഉത്തരങ്ങളും അയാളെ തൃപ്തിപ്പെടുത്തി എന്നു വരില്ല. എങ്കിലും അയാൾക്കു് അവയെ നിഷേധിക്കുക വയ്യ. ഭൂമുഖത്തിന്നേവരെ ഉയർന്നിട്ടുള്ള ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഉദാത്തമായ പാരമ്പര്യം അയാൾക്കു് അവകാശപ്പെട്ടതാണു്. അയാൾ ആ പാരമ്പര്യത്തിന്റെ പുത്രനാണു് അതിലുറച്ചുനിന്നും, അതിന്റെ സത്ത ഉൾക്കൊണ്ടു് വളർന്നും, അതിലും വിശാലമായൊരു തലത്തിലേക്കു് ആ പാരമ്പര്യത്തെ നയിക്കുകയാണു് അയാൾക്കു് കരണീയം. അതിനു് അയളുടെ നോട്ടം മാത്രം ഇന്നിൽ ഒതുങ്ങിനിന്നാൽ പോരാ; ഇന്നലെയിൽനിന്നു് നാളെയോളം അതിന്നു് വ്യാപ്തിയും ഉയർച്ചയും ഉണ്ടായിരിക്കണം. കണ്ണിന്നു് കൈയിനോടോ, കൈയിന്നു് കണ്ണിനോടോ ഉത്തരവാദിത്വം ഇല്ല. കണ്ണിന്നും കൈയിന്നും ചേതനയോടു് ആണു് ഉത്തരവാദിത്വം ഉള്ളതു്. കവിക്കു് രാഷ്ട്രീയത്തോടു് അല്ല, സമൂഹചേതനയോട് ആണു് ബാധ്യതയും കർത്തവ്യവും. സ്വന്തം വ്യക്തിത്വത്തിന്റെ സ്ഫുടതയിലൂടെയും വികാസത്തിലൂുടെയും മാത്രമേ ഈ ധർമ്മനിർവ്വഹണം അയാൾക്കു സാധ്യമാകൂ. കവി സ്വന്തം വ്യക്തിത്വത്തെ നിർദ്ധാരണം ച്ചെയ്യുന്നതുപോലും ഈ ഉദാത്തവത്കരണത്തിലൂടെ ആണെന്നു് ഞാൻ പറയും.
ഫുട്പാത്തിൽ അന്നന്നു് ചില്ലറയ്ക്കു വില്ക്കുന്ന ഒറ്റമൂലിതത്ത്വങ്ങളും കൊടിയിലെ നിറത്തെക്കാൾ വേഗം ഒലിച്ചു പോകുന്ന ആവേശനൈരാശ്യങ്ങളും അയാളെ തൂണയ്ക്കകയില്ല. കാലികതയെ ശാശ്വതികതയുടെ ജീവൽഖണ്ഡമായി കണ്ടുകൊണ്ടു്, സാമൂഹ്യവും വൈയക്തികവുമായ ജീവിതത്തിന്റെ അന്തസ്സത്ത തിരയാനും കണ്ടെത്താനും അയാൾ പ്രാപ്തനാകണം. ബോൾഷേവിക്ക് വിപ്ലവത്തിന്റെ ആർപ്പും ആരകവും അങ്ങനെതന്നേ പകർത്തിയ ദെ മ്യാൻ ബെദ്നയുടെ “വലിയങ്ങാടി” എന്ന കവിത വായിച്ചിട്ടു്, യുഗദ്രഷ്ടാവായ ലെനിൻ സാക്ഷാൽ മാക്സിംഗോർക്കിയോടു് ഇങ്ങനെ പറഞ്ഞുവത്രേ: “ഇദ്ദേഹം വായനക്കാരന്റെ പുറകേ പോകുകയാണ്; എന്നാൽ ഒരു യഥാർത്ഥ കവി വായനക്കാരന്റെ മുമ്പേ നടക്കുന്നവനാണു്!
—1968