images/vnn-kavithayude-dna-cover.jpg
Two nudes, two women, an oil on canvas painting by Jean Metzinger (1883–1956).
കലാകാരന്റെ സ്വാതന്ത്ര്യം

ചട്ടക്കൂടുകളിൽനിന്നുള്ള മോചനമാണു് കലാസൃഷ്ടി. മനുഷ്യൻ എന്ന നിലയ്ക്കുള്ള എല്ലാ പരിമിതികളിൽനിന്നും—കാലം, പ്രപഞ്ചം, ശരീരം, ആചാരസംഹിതകൾ, മൂല്യങ്ങൾ മുതലായ സകലതിൽനിന്നും—രചനാനിമിഷത്തിൽ കലാകാരൻ സ്വാതന്ത്ര്യം നേടുന്നു. മനുഷ്യൻ മനുഷ്യാതീതത്തെ അഭിമുഖീകരിക്കുന്നു എന്നു് ഭാഷമാറ്റിപ്പറയാം. ആ നിലയ്ക്കു നോക്കിയാൽ എല്ലാക്കലയും എല്ലാസാഹിത്യവും സ്വാതന്ത്ര്യത്തിന്റെര പ്രകടനപത്രികകൾ ആണെന്നുകാണാം. സ്വാതന്ത്ര്യഗീതമല്ലാതെ ഒന്നും ഒരു കവിക്കും പാടുക വയ്യ.

ഇപ്പറഞ്ഞതിനോടു് താത്ത്വികമായി ആർക്കും എതിർപ്പുകാല്ല. ചർച്ചയുടെ ആവശ്യമേ വേണ്ടിവരില്ല, കാര്യം ഇവിടം കൊണ്ടു് അവസാനിച്ചിരുന്നുവെങ്കിൽ. പക്ഷേ, കലാകാരൻ നിത്യജീവിതത്തിലേക്കു് ഇറങ്ങിവരുകയും, സമൂഹത്തിലെ മറ്റേതൊരാളേയുംപോലെ ആവശ്യങ്ങൾക്കായി നീണ്ട ക്യവിൽ നില്ക്കേണ്ടവരുകയും, കോപതാപ നൈരാശ്യാദി സമ്മർദ്ദങ്ങളോടൂ് പൊരുതേണ്ടിവരുകയും ചെയ്യുന്നതോടെ കഥ മാറുന്നു. താൻ ചില ‘പ്രിവിലെജ്’ ഒക്കെയുള്ള വർഗ്ഗത്തിന്റെ ആളാണെന്ന മേനി കലാകാരനെ വിടാതെ പിന്തുടരുന്നു. വാസ്തവത്തിൽ അയാളുടെ സൃഷ്ടിക്കെല്ലാം ആദിമർമ്മമായി വർത്തിക്കുന്നതു് സൗവർണ്ണുമായ ഈ അഹന്തതന്നെയാണു്. എങ്കിലും, സ്വജീവിതത്തിലെ ദുർല്ലഭം അനുഗൃഹീതനിമിഷങ്ങളിൽമാത്രമാണു് അയാൾ കലാകാരനാകുന്നതു് എന്നതു് വിസ്മരിച്ചു കൂടാ. ബാക്കി സമയമെല്ലാം അയാൾ സമുഹത്തിലെ ഒരു സാധാരണ അംഗം മാത്രം. ശ്രേയസ്സും, കഷ്ടപ്പാടും സഹജാതരോടൊപ്പം അയാളും പങ്കിട്ടേ പറ്റു. തന്നെ തീറ്റിപ്പോറ്റുന്ന സമുദായത്തിന്റെ പരിമിതികളാൽ തന്റെ സ്വാതന്ത്ര്യബോധം സീമിതമായിത്തീരുന്നു; കലാകാരൻ പ്രതിഷേധിക്കുന്നു.

ഇതിന്നൊരു മറുവശം ഉണ്ടു്. നിലവിലുള്ള വ്യവസ്ഥയെ അംഗീകരിച്ചുകൊള്ളാം എന്നു് ആരോടും ഏറ്റിട്ടില്ലാത്ത ഒരു വ്യക്തിയാണു് കലാകാരൻ. സമൂഹത്തിന്റെ ഭാവിയെക്കുറിച്ചു്, വ്യക്തിബന്ധങ്ങളെക്കുറിച്ചു് ആചാര്യമൂലങ്ങളെക്കുറിച്ചു് എല്ലാം സ്വന്തമായ ഒരു കാഴ്ചപ്പാടു് അയാൾക്കുണ്ടു്. ഏറ്റവും സുഖസമൃദ്ധമായ ഒരു സമ്പന്ന സമുദായത്തിൽ പോലും അസംതൃപ്തനായി കഴിയാനും, തന്നോടുതന്നെ പൊരുത്തപ്പെടാതിരിക്കാനും, പ്രതിഷേധിക്കാനും കലാകാരൻ നിർബ്ബുദ്ധനായേക്കാം. ഒരു വേള നാളത്തെ സമുദായം ഇദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽനിന്നാണു് വീര്യമാർജ്ജിച്ചു വളരുന്നതെന്നും വരാം.

മർത്യസൗന്ദര്യബോധങ്ങൾ പെറ്റ
മക്കളല്ലീ പുരോഗമനമങ്ങൾ?

എന്നു് കവി ചോദിക്കുന്നതിൽ ആഴമേറിയ ഈ രഹസ്യം അടങ്ങിയിട്ടുണ്ടു്.

ഏതു നിലയ്ക്കും നിലവിലുള്ള വ്യവസ്ഥയുമായി രാജിയാകാതെ കലാകാരൻ സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുമ്പോൾ കുഴപ്പം ആരംഭിക്കുന്നു. ഒരു നീഗ്രോഗായകൻ അമേരിക്കവിട്ടു പുറത്തുപോകാൻ അനുവാദമില്ലാതെ കുഴങ്ങുന്നു. ഒരു ആധുനിക കവി റഷ്യിൽനിന്നു വെളിയിൽപ്പോയി സമ്മാനം വാങ്ങാൻ വിഷമിക്കുന്നു. ഒരു ഇന്ത്യൻ സിനിമാസംവിധായകന്റെ മൗലികപ്രതിഭയ്ക്കു് അവാർഡു നല്ക്കണമെങ്കിൽ അത്യുന്നതങ്ങളിൽനിന്നു് നേരിട്ടുള്ള നിർദ്ദേശം വേണ്ടിവരുന്നു. കൽക്കത്തയിലിരുന്നു് ആനന്ദ് എഴുതുന്നു: ഒന്നും നമുക്കു തുറന്നു പറയാൻ വയ്യാത്തവിധം ഇരുട്ടിന്റെ ശക്തികൾ നാവടച്ചുകളയുകയാണെന്നു്.

സമൂഹത്തിനു് സ്വന്തം ന്യായവാദങ്ങൾ കലാകാരന്നെതിരെ നിരത്താനില്ലെന്നു കരുതേണ്ട. അമ്പുപോലുള്ള ന്യായങ്ങൾ അവിടെ കാണാം. തന്റെ കാലത്തോടും ചുറ്റുപാടുകളോടും മുഷ്ടി ചുരുട്ടാനല്ല, കാലത്തേയും ചുറ്റുപാടുകളേയും സ്വാധീനപ്പെടുത്തി നിയതരൂപം നല്കാനാണു് കലാകാരൻ പിറന്നിരിക്കുന്നതു്. സമൂഹത്തിന്റെ നവീകരണത്തിൽ, പുനഃസൃഷ്ടിയിൽ തന്റേതായ വരി നൽകാൻ അയാൾ കടപ്പെട്ടിരിക്കുന്നു. വിമർശിച്ചു മാറിനില്ക്കയല്ല, ഒപ്പം നടന്നു് നേർവഴി തെളിക്കയാണു് അയാളടെ ധർമ്മം. അയാൾ ശത്രുവല്ല, രക്ഷകനാണ്—അഥവാ അങ്ങനെ ആകണം.

പലരും കരുതുംപോലെ, സോവിയറ്റ് റഷ്യയിലെ സ്റ്റാലിനിസത്തിന്റെ പ്രഭാവകാലത്തു് ചില ശുദ്ധീകരണ നടപടികൾക്കു വിധേയരായ കലാകാരന്മാർക്കുവേണ്ടി ആഗോള ബുദ്ധിജീവികൾ എന്നു സ്വയം വിളിക്കുന്ന ചില പാശ്ചാത്യ പ്രൊഫസർമാർ ആരംഭിച്ചതല്ല ഈവക വാദവിവാദങ്ങൾ. സൂക്ഷ്മരൂപത്തിൽ ഇതു് പ്ലാറ്റോവിന്റെ കാലത്തേ തുടങ്ങിയിരിക്കുന്നു. പകർപ്പിന്റെ പകർപ്പായ കവിത എഴുതുന്ന ഈ പൗരനെ ആദർശ റിപ്പബ്ലിക്കിൽ നിന്നു് പുറന്തള്ളണമെന്നു് ആ യവന പിതാമഹൻ വിധിച്ചു. സത്യം—അതൊന്നേയുളളു. അതിവിടെയല്ലതാനും. അതിന്റെ പകർപ്പ് ഈ ലോകം. അതിന്റെയും പകർപ്പാണല്ലോ സാഹിത്യം—അപ്പോൾ അതെത്ര അകലെയാണു സത്യത്തിൽനിന്നു്! പ്ലാറ്റോവിന്റെ ചിന്ത അങ്ങനെ അത്യന്നതങ്ങളിൽ പാറി നടന്നു. ആധുനിക പ്ലാറ്റോണിസ്റ്റുകളാകട്ടെ, നഗ്നയാഥാർത്ഥ്യങ്ങളുടെ പേരിലാണു് കവിയെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും. സത്യം എന്നു വച്ചാൽ സമൂഹജീവിതത്തിലെ യാഥാർത്ഥ്യം. അതിനെ അംഗീകരിക്കയും അതിനോടു പൊരുത്തപ്പെടുകയും അതിനെ പരിഷ്കരിക്കാൻ ഉത്സാഹിക്കയും ചെയ്യാനാണു് ഇന്നത്തെ ആദർശവാദികൾ സാഹിത്യകാരനോടു് ആവശ്യപ്പെടുന്നതു്.

നമ്മുടെ നാട്ടിൽ ഒരു കാലത്തു് പുരോഗമനസാഹിത്യകാരന്മാരും ശുദ്ധകലാവാദികളും തമ്മിൽ നടന്നിരുന്ന വിവാദങ്ങളിൽ ഈ ചർച്ചയുടെ മൂലം കണ്ടെത്താം. പില്ക്കാലത്തു് പാസ്റ്റർനാക് സംഭവംപോലെ ചിലതുണ്ടായപ്പോഴും ഈവക ചർച്ചകൾ പൊന്തിവന്നിട്ടുണ്ട്. ഇവിടെയെല്ലാം കാതലായ പ്രശ്നം ഒന്നാണു്—എത്രത്തോളം സ്വാതന്ത്ര്യം കലാകാരനു് സമൂഹത്തിൽ ആവാം? ഈ പരിധി ആർ നിശ്ചയിക്കും സമുഹം അതു് അനുശാസിക്കണമോ, അതോ കലാകാരൻ സ്വയമറിഞ്ഞു് അനുവർത്തിക്കണമോ?

കലാകാരന്മാരും ബുദ്ധിജീവികളും സാധാരണക്കാരുടെ ജീവിതത്തിൽ വേരൂന്നി വളരുകയും അവരുടെ പ്രശ്നങ്ങളിൽ ഭാഗഭാക്കായി അവരെ നയിക്കുകയും വേണം; അല്ലാത്തപക്ഷം അതു് അവരുടെ ഭാഗത്തു് ഒരു ധർമ്മച്യുതി ആണു് എന്നൊക്കെ സ്വാതന്ത്രസമരകാലത്തു ഗാന്ധിജി ഓർപ്പിച്ചു പോന്നു. അവകാശങ്ങളോടൊപ്പം കടമകളും കലാകാരന്റെ മനസ്സിനെ ഭരിക്കണം എന്നർത്ഥം. ഗാന്ധിജിയിൽനിന്നു ഭിന്നരാണെങ്കിലും, ഏതാണ്ടദ്ദേഹം ചെയ്യാനാഗ്രഹിച്ച മട്ടിൽ ഭൗതിക നാഗരികതയ്ക്കു് ആദ്ധ്യാത്മിക മൂല്യങ്ങൾ (spiritual values) നല്ക്കാൻ ശ്രമിച്ച അസ്തിത്വവാദികൾ ചെന്നെത്തുന്നതും ഇവിടെത്തന്നെയാണെന്നു കാണാം. തന്റേതുമാത്രമായ പ്രവൃത്തി താൻ ചെയ്യുമ്പോൾ മാത്രമേ ഒരുവൻ അസ്തിത്വം ആർജ്ജിക്കുന്നുള്ള എന്നു പറയുന്നിടത്തു് സ്വാതന്ത്ര്യത്തിന്റെ ഉച്ചസീമയിലാണ് അവർ മനുഷ്യനെ നിർത്തുന്നതു്. എന്നാൽ, സ്വന്തം പ്രവൃത്തികൾക്കുള്ള ഉത്തരവാദിത്വം കൂടി പുർണ്ണമായി സ്വയം ഏറെറടുക്കാൻ അവർ വ്യക്തിയോടാവശ്യപ്പെടുന്നു തന്റെ ഏറ്റവും ചെറിയ കർമ്മം പോലും ലോകത്തെ സാരമായി ബാധിക്കുന്നു എന്നതിനാൽ, സമുന്നതമായ ഗൗരവ ബോധത്തോടെ ലോകദുഃഖത്തിന്റെ കുരിശു് സ്വയം ചുമന്നു നില്ക്കുന്ന മനുഷ്യനാണു്, കർത്തവ്യബോധത്തിന്റെ മുർത്തിമദ്ഭാവമാണു്, അസ്തിത്വവാദികളുടെ ആദർശപുരുഷൻ. ഇയാൾക്കുമാത്രമേ ആദ്യം പറഞ്ഞ സർവതന്ത്രസ്വാതന്ത്ര്യത്തിന്നു് അഹർതയുള്ള എന്നോർക്കണം. യമനിയമങ്ങളാൽ സ്വയം ശിക്ഷിതനാകാത്തവൻ മുക്തിക്ക് അധികാരിയല്ല എന്നുസാരം. മനോവാക്കർമ്മങ്ങൾ ഈയൊരവസ്ഥയിൽ ചെന്നെത്തിയാൽ സ്വാതന്ത്ര്യവും കർത്തവ്യബോധവും ആശാസ്യമായ സമീകൃതാവസ്ഥയിലായി എന്നു പറയാം. അത്തരം വ്യക്തിസത്തകൾ സമൂഹത്തിനും, അവരെ ഉൾക്കൊള്ളുന്ന സമൂഹം വ്യക്തിക്കും അന്യോന്യം ശ്രേയസ്കരമാകാതെ വയ്യ.

അതായതു്, സ്വാതന്ത്ര്യത്തിന്നു് പരിമിതികൾ ഉണ്ടു്; വേണം സർവതന്ത്രസ്വാതന്ത്ര്യം കേവലം മിഥ്യയാണു്. പരസ്പരം ആശ്രിതമായിട്ടല്ലാതെ പ്രപഞ്ചത്തിൽ ഒന്നുമില്ല. ശുദ്ധമായ മനോരാജ്യം പോലും നമ്മുടെ പൂർവ്വാനുഭവങ്ങളായരതിവിരതികളോടു് ബന്ധപ്പെട്ടിരിക്കുന്നു. പരിതോവസ്ഥകളുടെ മൗലിക നിയമങ്ങൾക്കു് അധീനമായല്ലാതെ അസ്തിത്വമില്ല; സത്തയില്ല; മനുഷ്യനില്ല. അതിനാൽ മനുഷ്യനെ കേന്ദ്രമാക്കി ചിന്തിക്കുന്നിടത്തോളം സ്വാതന്ത്ര്യം പരിമിതികളുടെ അംഗീകാരവും, അതേസമയം ആ പരിമിതികളെ രക്ഷാകവചങ്ങളാക്കിമാറ്റാനുള്ള മഹായജഞവുമാകുന്നു. ചെടിക്കു് ചുറ്റുമുള്ള വേലി ഒരുതരം സ്വാതന്ത്ര്യഭംഗമാണെന്നു പറയാം: പക്ഷേ, ആ പരിമിതിയെത്തന്നെ സമർതഥമായി സ്വന്തം രക്ഷയ്ക്കു് ഉപയുക്തമാക്കിയാൽ ചെടിക്കു് വളർന്നുയരാനും സ്വതന്ത്രാകാശത്തിൽ പുഷ്പിക്കുവാനും സാധിക്കുമല്ലോ.

അസ്തിത്വവാദികളുടെ ദാർശനിക ശൈലിയിലല്ല സ്വാഭാവികമായും മാർക്സിസ്റ്റ് ചിന്തകന്മാർ ഈ പ്രശ്നം ചർച്ചചെയ്യുന്നതൂ്. വ്യക്തമായ ധാരണകൾ മുന്നിൽവച്ചുകൊണ്ടു് പ്ലാൻചെയ്യകയാണു് അർത്ഥവാദികളായ അവരുടെരീതി. സ്റ്റാലിനിസ്റ്റ് യുഗത്തിലെ പ്രവർത്തനരീതികളും അന്നത്തെ താത്വികാചാര്യയന്മാരുടെ ചിന്താസരണികളും എങ്ങനെയിരുന്നാലും ശരി; കലാകാരന്മാരുടെ വൈശിഷ്ട്യം കണ്ടറിഞ്ഞിരുന്ന മാർക്സിസ്റ്റ് ചിന്തകർ എല്ലാവരും, കർത്തവ്യബോധത്താൽ സീമിതമായ പ്രതിഭാസ്വാതന്ത്ര്യത്തെ ആദർശമായി അംഗീകരിച്ചിരുന്നവരത്രേ. പടപ്പാട്ടുകാർ ഒരാവശ്യമാണെന്നു് സമ്മതിച്ചിരുന്ന സാക്ഷാൽ ലെനിൻ, വിപ്ലവത്തോടു് നേരിട്ടുബന്ധപ്പെടാത്ത പല എഴത്തുകാരെയും കലാകാരന്മാർ എന്ന നിലയ്ക്കു് മാനിച്ചിരുന്നു. ‘യഥാർത്ഥ കലാകാരൻ ജനങ്ങളെ പിന്തുടരുന്നവനല്ല, അവരുടെ മുമ്പേ നടക്കേണ്ടവനാണു് എന്നു് ലെനിൻ പറയുമ്പോൾ കലാകാരന്റെ സ്വാതന്ത്ര്യത്തിലും ദീർഘദർശിത്വത്തിലും ധാർമ്മികബോധത്തിലും തനിക്കുള്ള ഉറച്ചവിശ്വാസമാണു് പ്രകടിപ്പിക്കുന്നതു്. എണ്‍നസ്റ്റഫിഷറെപ്പോലെയുള്ള ആധുനിക മാർക്സിസ്റ്റ് ചിന്തകന്മാരും, സമൂഹജീവിതത്തിന്റെ വളർച്ചയിൽ ധർമ്മബോധപ്രാണമായ സ്വതന്ത്രകലയുടെ അനിവാര്യമായ പങ്കിനെക്കുറിച്ചു് ബോധവാന്മാരത്രേ.

രാഷ്ട്രീയമായി നിറംമങ്ങിയിട്ടുണ്ടെങ്കിലും ട്രോട്സ്കിയുടെ ആശയങ്ങൾ സാഹിത്യകലാരംഗത്തു് ഇന്നും പ്രസക്തങ്ങളാണു്. കലാകാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആദ്യംതൊട്ടു ഇത്രമേൽ ദൃഢമായി വാദിച്ചുപോന്ന മാർക്സിസ്റ്റുകാർ ചുരുങ്ങും. ആർത്ഥിക രാഷട്രീയസിദ്ധാന്തങ്ങളെല്ലാം മാറ്റിവച്ചിട്ടു് കലയെ അതിന്റേതായ നിയമങ്ങൾകൊണ്ടുവേണം അളന്നുമതിക്കാൻ എന്നു് അദ്ദേഹം തുടക്കത്തിലെ അനുശാസിക്കുന്നു. തികച്ചും താത്വികമാണു് അദ്ദേഹത്തിന്റെ നിലപാടു്. ശുദ്ധകലയെയും ജനകീയകലയെയും നിഷേധിച്ചുകൊണ്ടു്, വീക്ഷണപ്രധാനമാണ് ഉത്തമകലയെന്നദ്ദേഹം സിദ്ധാന്തിക്കുന്നു. ചരിത്രദൃഷ്ട്യാ നാടുവാഴി വർഗ്ഗത്തിനും മുതലാളിവർഗ്ലത്തിനും ലഭിച്ചിരുന്നതിൽ കുറഞ്ഞസമയമേ തൊഴിലാളിവർഗ്ഗത്തിന്നു് സ്വന്തം സംസ്ക്കാരം പണിതുയർത്താൻ ലഭിക്കുന്നുള്ളു;—അതും അഭൂതപൂർവ്വമായ പ്രാതികൂല്യങ്ങൾക്കെതിരേ. ആകയാൽ “ഒരു പുവിനെക്കുറിച്ചുള്ള ഗാനം പോലും പുതിയകലയിൽ പ്രസക്തമാണു്”—കാരണം, പുതിയവർഗ്ഗത്തിന്റെ പുതിയ ആദ്ധ്യാത്മികത (spirituality of the new class) മെനഞ്ഞെടുക്കാൻ അതു് ഉപകരിക്കുന്നു. എന്നാൽ ഈ പുതിയ ജീവിതമൂല്യശില്പം—ആദ്ധ്യാത്മികത—മെനഞ്ഞെടുക്കണമെങ്കിൽ കലാകാരൻ പുതിയ ലോകത്തെ പുതിയൊരു രീതിയിൽ അനുഭവിച്ചറിയണം; അതായതു് സമ്യക്കായവീക്ഷണം അയാളുടെ രക്തത്തിൽ സ്വഭാവമായി അലിഞ്ഞുചേരണം. ഈ വീക്ഷണം, ആത്യന്തികമായ വർഗ്ഗരഹിതസമൂഹത്തെക്കൂടി ഉൾക്കൊള്ളുന്ന വിധം വിശാലമായിരിക്കണം. ഇങ്ങനെ ശരിയായ കാഴ്ചപ്പാടും ഉത്തരവാദിത്വബോധവും ഉണ്ടെങ്കിൽ ആ കലാകാരൻ സ്വാതന്ത്ര്യത്തിന്നു അധികാരിയായിത്തീരുന്നു. ചക്രങ്ങളെല്ലാം ഭേദിച്ചു കുഴിഞ്ഞ ശക്തിക്കു് ഏതു ചക്രത്തിലും നൃത്തം ആവാമെന്നാണല്ലോ വിധി.

ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ: പാസ്റ്റർനാക്ക് അത്രയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടൊരു കവി വേറെ ഉണ്ടോ എന്നു സംശയം. അല്ലെങ്കിൽ ആ മനുഷ്യൻ എഴുതിയതൊക്കെ ഒന്നു മറിച്ചുനോക്കാനെങ്കിലും, അദ്ദേഹത്തെച്ചൊല്ലി അഹോരാത്രം അലമുറയിട്ടവർ തയ്യാറായിട്ടുണ്ടോ? “എല്ലാറ്റിലും ഞാൻ അന്വേഷിക്കുന്നതു് അടിസ്ഥാനമായതെന്തോ, അതിനെയത്രേ!” എന്നു് ഉറപ്പിച്ചുപാടിയ ആ കവിയെ സ്വന്തം നാട്ടിലെ അന്ധവിമർശമെന്നപോലെ മറുനാടുകളിലെ അന്ധപ്രശംസയും വഴിതെറ്റിച്ചിട്ടില്ല എന്നു കാണാം. സമുന്നതമായ കർത്തവ്യബോധത്തിന്റെ പ്രക്ടനഭേദം മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വതന്ത്രകവിതാസപര്യ എന്നു് പില്ക്കാലസംഭവങ്ങൾ തെളിയിച്ചു. താൻ പിറന്ന സമുഹത്തിനെതല്ലാൻ തന്നെ ഒരു വടിയാക്കുകയാണു് ഉണ്ടായതെന്നു് വൈകിമനസ്സിലാക്കിയ ആ കവി നോബൽസമ്മാനം നിരസിച്ചു. ക്രൂഷ്ചേവിന്നു് അദ്ദേഹമെഴുതിയ പ്രഖ്യാതമായ കത്തിൽ സ്വന്തം മണ്ണിനെക്കുറിച്ചും അതിൽ അലിഞ്ഞുചേർന്ന സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സൂചിപ്പിച്ചിട്ടുള്ള ഭാഗങ്ങൾ കർത്തവ്യസീമിതമായ സമുന്നത സ്വതന്ത്ര്യബോധത്തിന്റെ സവർണ്ണ സാക്ഷ്യമായി നിലകൊള്ളുന്നു.

ചുരുക്കത്തിൽ, സമൂഹചേതനയുമായി അഭേദമാർജ്ജിക്കുന്ന വ്യക്തിസത്തയുടെ സ്വാതന്ത്ര്യം ഉദാത്തമായ സ്വാതന്ത്ര്യമാകുന്നു. ആ വ്യക്തിയുടെ പ്രതിഷേധംപോലും തേജോമയമായിരിക്കും. ഇത്തരമൊരു നിയന്ത്രണത്തിനു് വഴങ്ങാത്ത മനസ്സു് യഥാർത്ഥ സ്വാതന്ത്രത്തിനു് അധികാരിയാകുന്നതല്ല. ദമം ശീലിക്കാതെ മോക്ഷം ഇല്ല. സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരംതന്നെ അതിന്റെ പരിമിതികളുടെ അംഗീകാരത്തോടെ ആരംഭിക്കുന്നു എന്നിടത്തു്, അതിന്റെ വൈരുദ്ധ്യാത്മകമായ മൂല്യം പുർണ്ണമാകുന്നു.

—1974

Colophon

Title: Kavithayude DNA (ml: കവിതയുടെ ഡിഎൻഎ).

Author(s): Vishunarayanan Namboothiri.

First publication details: Sayahna Foudation; Trivandrum, Kerala;; 2021.

Deafult language: ml, Malayalam.

Keywords: Poetics, Kavithayude DNA, Vishnunarayanan Namboodiri, കവിതയുടെ ഡിഎൻഎ, വിഷ്ണുനാരായണൻ നമ്പൂതിരി, ലേഖനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 14, 2021.

Credits: The text of the original item is copyrighted to N. Adithi, Trivandrum and N. Aparna, Trivandrum. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holders and Sayahna Foundation and must be shared under the same terms.

Cover: Two nudes, two women, an oil on canvas painting by Jean Metzinger (1883–1956). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.