കെ. സുകുമാരൻ കാമ്പിൽ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോർമൻ സ്ക്കൂൾ, മുൻസിപ്പൽ സ്ക്കൂൾ, ബാസൽ മിഷൻ സ്ക്കൂൾ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റർമീഡിയറ്റു് പഠനം തലശ്ശേരി ബ്രണ്ണൻ കോളേജിലും പാലക്കാടു് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡൻസി കോളേജിൽ നിന്നും 1894-ൽ ബിരുദം നേടി. തുടർന്നു് സിവിൽ കോടതി ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചു. 1915-ൽ സിവിൽ ജുഡീഷ്യറി ടെസ്റ്റു് പാസായി. 1931-ൽ കോഴിക്കോട്ടു് അസിസ്റ്റന്റു് സെഷൻസ് കോർട്ടിൽ നിന്നും പെൻഷൻ പറ്റി. കൗസല്യയെ ആണു് സുകുമാരൻ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാർച്ച് 11-നു് മരിച്ചു. ചെറുകഥ, നോവൽ, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികൾ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകൾ എന്നീ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ കഥകൾ ലഭ്യമാണു്.
കൃതികൾ: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമൻ.
സായാഹ്ന പ്രസിദ്ധീകരിച്ച സുകുമാരന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.