അടുത്തിടെ മൂന്ന് വിശാല മലയാളി ഗ്രൂപ്പുകളിൽ ചേർത്തപ്പെട്ടു. ആദ്യത്തേതിൽ അറിയാവുന്ന പലരും സ്വന്തം വിവരങ്ങളൊക്കെ പടം സഹിതം ഇടുന്നതു കണ്ടപ്പോൾ നമ്മടെ വകയും കിടക്കട്ടെ എന്നു കരുതി ഒരു ഇൻട്രൊ ഇട്ടു. ഗ്രൂപ്പിന്റെ സ്വഭാവത്തിൽ ഒരു പന്തികേടു തോന്നിയപ്പോൾ അതേ വേഗത്തിൽ അത് ഡിലറ്റ് ചെയ്ത് പുറത്തുചാടി. പിന്നെ ചേർക്കപ്പെട്ട ഒന്നിൽ രണ്ടു വരിയിൽ ഒരു സലാം പറഞ്ഞു. അത് പടവും മറ്റു വിവരങ്ങളും ഒന്നുമില്ലാതെ അവിടെ കിടപ്പുണ്ട്. മൂന്നാമതൊരു ഗ്രൂപ്പ് ഏറെ പ്രിയപ്പെട്ട പലരുമുള്ള, പത്തു വർഷത്തെ പഴക്കമുള്ള സമാനഹൃദയരുടെ ഒരെണ്ണം. അവിടെ ആ ഗ്രൂപ്പിനോടുള്ള സ്നേഹമറിയിച്ചു കൊണ്ട് ഒരു നാലു വരി ഇൻട്രൊ പടമൊന്നുമില്ലാതെ എഴുതിയിട്ടു. അപ്പോഴേക്കും ഏറെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് “നടന്ന് ഇൻട്രോ ഇടുകയാണല്ലോടാ” എന്ന മട്ടിൽ ഒന്ന് കളിയാക്കി. എനിക്കും ഒരു ചളിപ്പു തോന്നി അത് അപ്പോൾത്തന്നെ ഡിലറ്റ് ചെയ്തു. ആത്മരതിയും നാർസിസിസവുമൊക്കെ എളുപ്പത്തിൽ ആരോപിക്കപ്പെടാവുന്ന ഇടം കൂടിയാണല്ലോ സാമൂഹ്യമാദ്ധ്യമങ്ങൾ …
പിന്നെ നോക്കുമ്പോൾ അതിപ്രഗത്ഭരും കേരളത്തിലെ കൊച്ചു കുട്ടികൾ പോലും അറിയുന്നവരുമൊക്കെയാണ് അവിടെ ഇൻട്രൊ ഇടുന്നത്. ഗുരുവായൂരപ്പൻ തൊട്ടടുത്തുള്ള കുന്നംകുളം മുനിസിപ്പാലിറ്റിയിൽ പോയി “ഞാൻ കെ. ഗുരുവായൂരപ്പൻ. വനമാല ഓഡിറ്റോറിയത്തിനടുത്തുള്ള അമ്പലത്തിലാണ് താമസം. കലാസ്നേഹിയാണ്. കല്യാണങ്ങൾ നടത്തിക്കൊടുക്കലുണ്ട്” എന്നൊക്കെ പരിചയപ്പെടുത്തിയാൽ എങ്ങനെ ഇരിക്കും. ഏതാണ്ട് അതു മാതിരി രസമാണ് സെലിബ്രിറ്റികളുടെ ഇൻട്രൊ വായിക്കാൻ.
എന്തായാലും ഒരു തീരുമാനമെടുത്തു. ഗാന്ധിജിയെ കൂട്ടുപിടിക്കുന്നത് കടന്ന കൈയാണെന്ന് അറിയാഞ്ഞിട്ടല്ല. രാഷ്ട്രപിതാവല്ലേ. സഹിക്കുമായിരിക്കും.
എന്തായാലും ഇനി മുതൽ “My status is my intro” (ഫേസ്ബുക് പോസ്തിൽ നിന്നു്).
… എങ്കിലും കഴിഞ്ഞ ഏഴു മാസമായി കരയിൽ ഒരു തവണ പോലും കാൽ തൊടാതെ ഉരുക്കുകൊണ്ടുണ്ടാക്കിയ ഒരു ദ്വീപിൽ ജീവിക്കുന്ന ഒരാൾ എഴുതിയിടുന്നത് സത്യത്തിൽ ആരെങ്കിലും വായിച്ചേക്കും എന്നുപോലും ഉദ്ദേശിച്ചല്ല എന്നതാണ് സത്യം. മറ്റേതൊരു ദ്വീപിലും അകപ്പെട്ടുപോവുന്ന മനുഷ്യർ നടത്തിയേക്കാവുന്ന ആത്മഭാഷണങ്ങൾ പോലെയാണ് ഈ എഴുത്തും. കൂടുതലും അത് രണ്ട് മഹാസമുദ്രങ്ങൾക്കപ്പുറമുള്ള സ്വന്തം നാടിനെക്കുറിച്ചാവുന്നത് സ്വാഭാവികവും.
പ്രിയപ്പെട്ടവരേ,
കടലിലുള്ള ഞങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കരുതലോടെ വന്ന സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾക്കെല്ലാം നന്ദി. എല്ലാവർക്കും പ്രത്യേകമായി മറുപടി അയക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് തൽക്കാലം ഇത്രയും അറിയിക്കട്ടെ. തീരത്ത് അടുക്കാൻ പറ്റുന്നില്ല എന്ന വാർത്ത ശരിയല്ല. വളരെ മുൻകരുതലുകളോടെ തുറമുഖങ്ങൾ അധികവും പ്രവർത്തിക്കുന്നുണ്ട്. ചൈനയിൽ നിന്ന് പോരുമ്പോൾ അവിടെ കാര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്നു എന്നതുകൊണ്ട് അധിക പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും ഞങ്ങൾ വിധേയരാവേണ്ടതുണ്ട് എന്നത് സത്യമാണ്. Crew change നടക്കുന്നില്ല എന്നതും ജോലിയുടെ സാധാരണ കാലാവധി കഴിഞ്ഞ് എന്നെപ്പോലെ കുറേ പേർ ലോകത്തിന്റെ പലയിടങ്ങളിലെ കപ്പലുകളിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നതും സത്യമാണ്. എങ്കിലും മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾ ഉള്ളവർ പരിഭ്രമിക്കത്തക്കതായി ഒന്നും ഇല്ല. നാട്ടിലെത്താൻ പറ്റുന്നില്ല, പലയിടത്തും കരയിൽ ഇറങ്ങാൻ കഴിയില്ല എന്നൊക്കെയുള്ള സങ്കടമൊഴിച്ചാൽ. എല്ലാവർക്കും സ്നേഹം.
— നിരഞ്ജൻ 22.03.20
പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
സായാഹ്ന പ്രസിദ്ധീകരിച്ച നിരഞ്ജന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ കുക്ക് ആൻഡ് സെർവ് —pdf ⦾ xml ⦾ html
⦾ ജനുവരി 26 നോടു് ജനുവരി 30 ഉച്ചത്തിൽ പറയുന്നതു് —pdf ⦾ xml ⦾ html
⦾ കൂട്ടിനു് തരുന്ന വാക്കു് —pdf ⦾ xml ⦾ html
⦾ പുലികളി @ ഓണം വിഷൻ —pdf ⦾ xml ⦾ html
⦾ പ്രകൃതിവിരുദ്ധം/സദാചാരവിരുദ്ധം —pdf ⦾ xml ⦾ html
⦾ പ്രവർത്തിക്കാത്ത എടിയെം മെഷീനെപ്പറ്റി —pdf ⦾ xml ⦾ html
⦾ ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തൻ സ്വപ്നം —pdf ⦾ xml ⦾ html
⦾ തലക്കെട്ടു് ഇല്ലാതായ കവിത —pdf ⦾ xml ⦾ html
⦾ തിരക്കിനിടയിൽ —pdf ⦾ xml ⦾ html
⦾ മേഘസന്ദേശം (എസ്. എം. എസ്.) —pdf ⦾ xml ⦾ html